
റോക്കറ്റ് വിക്ഷേപണ പരാജയം
ഇന്ത്യയുടെ ചരിത്ര പ്രസിദ്ധമായ, രാജ്യത്തിന്റെ ബഹിരാകാശ ദൗത്യത്തിന്റെ നട്ടെല്ലായ ‘ജോലിക്കുതിര’ (workhorse) എന്നറിയപ്പെടുന്ന ISROയുടെ PSLV C61, PSLV C62 സീരീസ് റോക്കറ്റുകള്‍ വീണ്ടും വീണ്ടും ആകാശത്തു വെച്ച് ഇടറി വീഴുകയാണ്. ഒരു വര്‍ഷക്കാലയളവില്‍ മാത്രം രണ്ട് പരാജയമാണ് സംഭവിച്ചത്.
രാജ്യത്തെ അട്ടിമറിക്കുന്ന കോര്‍പ്പറേറ്റുകളുടെ രക്ഷകനായ, ശാസ്ത്ര ബോധമില്ലാത്ത, മിഥോമാനിയാക് (mythomaniac – a psychological condition involving an uncontrollable, habitual tendency to lie, exaggerate, or tell elaborate, imaginary stories as if they were true) ആയ സ്വയം പ്രഖ്യാപിത ‘വിശ്വ ഗുരു’ ഭരിക്കുമ്പോള്‍ ഇതെല്ലാം സ്വാഭാവികമായിരിക്കാം. പ്രധാനമന്ത്രിയുടെ ഓഫീസ് ബഹിരാകാശ ദൗത്യ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും കൂടി ചെയ്യുമ്പോള്‍, ഈ റോക്കറ്റ് തകര്‍ച്ചയിലും അതിന്റെ വസ്തുതകള്‍ മറച്ചുവെക്കുന്നതിലും ഒന്നും അത്ഭുതപ്പെടാനില്ല.
2025 മെയ് 18 ന് പിഎസ്എല്‍വി-സി 61, 2026 ജനുവരി 12 ന് പിഎസ്എല്‍വി-സി62 റോക്കറ്റുകളുടെ അഭൂതപൂര്‍വമായ, ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍, തകര്‍ന്നുവീഴല്‍ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒയ്ക്കും രാജ്യത്തിന്റെ ക്രമേണ വളരുന്ന ബഹിരാകാശ അധിഷ്ഠിത നിരീക്ഷണ ശേഷികള്‍ക്കും വലിയ തിരിച്ചടികളാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാല്‍ സംഭവിക്കാന്‍ പാടില്ലാത്ത പരാജയത്തിന്റെ ‘ഫെയ്‌ലിയര്‍ അനാലിസിസ് റിപ്പോര്‍ട്ട്’ (FAR -Failure Analysis Report) ഐഎസ്ആര്‍ഒ പ്രധാനമന്ത്രി ഓഫീസില്‍ ഓഗസ്റ്റ് 2025ല്‍ സമര്‍പ്പിച്ചിട്ടും അത് പുറത്തുവിടാന്‍ പ്രധാനമന്ത്രി ഓഫീസ് തയ്യാറായിട്ടില്ല എന്നത് പരാജയ കാരണങ്ങള്‍ നിഗൂഢമാക്കി വയ്ക്കാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ്. ഏതു ബഹിരാകാശ ദൗത്യം പരാജയപ്പെട്ടാലും പഠനത്തിനുശേഷം അതിന്റെ FAR ജനങ്ങള്‍ക്ക് ലഭ്യമാക്കണം എന്നാണ് നിഷ്‌കര്‍ഷിക്കുന്നത്. സ്വതന്ത്ര വ്യക്തികള്‍ക്കും ഏജന്‍സികള്‍ക്കും അത് പരിശോധിച്ച് പരാജയകാരണം വിലയിരുത്താനും, ISRO പ്രവര്‍ത്തനത്തിന്റെ സുതാര്യത ഉറപ്പുവരുത്താനുമാണ് ഇങ്ങനെയൊരു നയം നിലനില്‍ക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടും പ്രധാനമന്ത്രി ഓഫീസ് അത് നിഗൂഢമാക്കി വെച്ചിരിക്കുകയാണ്.
PSLV പോലെ പൂര്‍ണ്ണത (mature) വരുത്തിയ ഒരു റോക്കറ്റ് സാങ്കേതികവിദ്യ വീണ്ടും വീണ്ടും പരാജയപ്പെടുമ്പോള്‍ അതിന്റെ കാരണം എന്താണെന്ന് ജനങ്ങളും, സ്വതന്ത്ര ശാസ്ത്ര സമൂഹവും അറിഞ്ഞിരിക്കേണ്ടതുണ്ട്. പരാജയപ്പെട്ട റോക്കറ്റിന്റെ മൂന്നാംഘട്ടത്തില്‍ ഉപയോഗിച്ച ഘടക ഭാഗങ്ങള്‍ (components) ഗുണനിലവാരം ഇല്ലാത്തതാണോ, അത് എവിടെ നിര്‍മ്മിച്ചതാണ്, അഥവാ എവിടെ നിന്ന് ലഭിച്ചതാണ് തുടങ്ങിയ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയേണ്ടതുണ്ട്. അത് മറച്ചുവെക്കപ്പെടുന്നുണ്ടെങ്കില്‍, അതില്‍ നിഗൂഢത തീര്‍ച്ചയായും സംശയിക്കപ്പെടേണ്ടതാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ത്യയുടെ ഫാസിസ്റ്റ് ഭരണകൂടം FAR മറച്ചുവയ്ക്കുന്നത് ആദ്യത്തേതല്ല. ചന്ദ്രയാന്‍-2 മിഷന്‍ ഹാര്‍ഡ് ലാന്‍ഡിങ് നടന്ന് പരാജയപ്പെട്ടപ്പോള്‍, അതിന്റെ റിപ്പോര്‍ട്ടും ഇന്നുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ ഉണ്ടായ അഞ്ച് ദൗത്യ പരാജയങ്ങളില്‍ രാജ്യത്തിന് നൂറു ദശലക്ഷം ഡോളര്‍ എങ്കിലും ചുരുങ്ങിയത് നഷ്ടപ്പെട്ടിട്ടുണ്ട്! ഒമ്പത് വര്‍ഷത്തിനിടെ പരാജയപ്പെട്ട തന്ത്രപരമായ അഞ്ച് ഇന്ത്യന്‍ ബഹിരാകാശ ദൗത്യങ്ങളുടെ പട്ടിക ഇങ്ങനെയാണ് :
ജനുവരി 2026, PSLV-C62/EOS-N1,
മെയ് 2025, PSLV-C61/EOS-09,
ജനുവരി 2025, GSLV-F15/NVS-02,
ഓഗസ്റ്റ് 2021, GSLV-F10/EOS-03
ഓഗസ്റ്റ് 2017, PSLV-C39/IRNSS-1H
ഇനി ഈ ദൗത്യങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തിപഥത്തില്‍ എത്തിക്കണമെങ്കില്‍, വീണ്ടും അതേ തുക ചെലവഴിക്കേണ്ടിവരും എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ, നഷ്ടപ്പെട്ട അവസരങ്ങളുടെ വിലയും കണക്കിലെടുക്കണം. കാരണം, ഈ തദ്ദേശീയ നിര്‍മ്മിത, തന്ത്രപരമായ ഉപഗ്രഹങ്ങളുടെ അഭാവത്തില്‍, വിദേശ സ്ഥാപനങ്ങളില്‍ നിന്ന് സമാനമായ ഉപഗ്രഹ അധിഷ്ഠിത സേവനങ്ങള്‍ ഇന്ത്യ വാങ്ങേണ്ടിവരും. പരാജയപ്പെട്ട ദൗത്യങ്ങള്‍ വീണ്ടും നിര്‍വഹിക്കാന്‍ വിഭവങ്ങള്‍ ചെലവഴിക്കേണ്ടിവരുന്നത് ഇന്ത്യയുടെ ആസൂത്രിത റോക്കറ്റ് വിക്ഷേപണ ദൗത്യങ്ങളെയും ബഹിരാകാശ വിക്ഷേപണങ്ങള്‍ നടപ്പിലാക്കുന്നതിന്റെ മൊത്തത്തിലുള്ള വേഗതയേയും ഗണ്യമായി മന്ദഗതിയിലാക്കും.
പിഎസ്എല്‍വിയുടെ രണ്ട് പരാജയങ്ങളും തന്ത്രപരമായ ഉപയോഗത്തിനായി ഉദ്ദേശിച്ചിരുന്ന ദശലക്ഷം ഡോളര്‍ വിലവരുന്ന ‘ഭൂമി ഇമേജിംഗ് ‘ ഉപഗ്രഹങ്ങളുടെ നഷ്ടത്തിലേക്ക് ഇതിനകം നയിച്ചു കഴിഞ്ഞു. ഈ അഞ്ച് ദേശീയ സുരക്ഷാ ദൗത്യ പരാജയങ്ങളില്‍ മൂന്നെണ്ണം 2025 ജനുവരിക്കും 2026 ജനുവരിക്കും ഇടയിലാണ് സംഭവിച്ചത് എന്നത് വളരെ ഗൗരവമുള്ള പല ചോദ്യങ്ങളും ഉയര്‍ത്തുന്നുണ്ട്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യങ്ങളിലെ ആവര്‍ത്തിച്ചുള്ള പരാജയങ്ങള്‍ ഗുരുതരമായ ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്.
ഈ പരാജയങ്ങള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത നിരവധി പ്രധാന ബഹിരാകാശ അധിഷ്ഠിത ഉദ്യമങ്ങളെ കടുത്ത നിരാശയിലേക്ക് തള്ളിവിടുന്നതത്രേ. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ISROയും ചെയര്‍മാന്‍ ഉള്‍പ്പെടെ അതിന്റെ ഉന്നതന്മാരും സംശയത്തിന്റെ നിഴലില്‍ ആണെന്നും, കാര്യമായ പരിശോധനയ്ക്ക് വിധേയമാകണമെന്നും ദേശബോധമുള്ള പൗരന്മാര്‍ ചിന്തിച്ചാല്‍ അതില്‍ തെറ്റ് പറയാന്‍ കഴിയില്ല.
മുമ്പ് 63 ദൗത്യങ്ങളിലായി പിഎസ്എല്‍വി 90% ത്തിലധികം വിക്ഷേപണ വിജയം നേടിയിരുന്നു. തുടര്‍ച്ചയായ പരാജയങ്ങള്‍ ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ ആഗോള വിക്ഷേപണ സേവന ദാതാവ് എന്ന നിലയില്‍ ISROയുടെ പ്രശസ്തിക്ക് ഭീഷണി ഉയര്‍ത്തിക്കഴിഞ്ഞു. ഇത് ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL- New Space India Limited) വഴിയുള്ള ഭാവി വാണിജ്യ കരാറുകളെ ഇത് ബാധിച്ചേക്കാം. നഷ്ടപ്പെട്ട ഉപഗ്രഹങ്ങളില്‍ നിര്‍ണായകമായ പ്രതിരോധ, നാവിഗേഷന്‍ പേലോഡുകള്‍ ഉള്‍പ്പെടുന്നു. ഇത് ഇന്ത്യയുടെ നിരീക്ഷണ, നാവിഗേഷന്‍ ശേഷികളില്‍ കാര്യമായ വിടവുകള്‍ സൃഷ്ടിക്കും. ഒരു വ്യവസായം എന്ന നിലയില്‍ കൂടിയുള്ള ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ ഈ പരാജയം നിക്ഷേപകരുടെ ആത്മവിശ്വാസത്തെയും, അന്താരാഷ്ട്ര ക്ലയന്റുകളെ ആകര്‍ഷിക്കാനുള്ള സാധ്യതകളെയും, ഈ മേഖലയുടെ മൊത്തത്തിലുള്ള വളര്‍ച്ചയെയും തീര്‍ച്ചയായും ബാധിക്കും.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മറ്റൊരു പ്രധാന കാര്യം സൈനിക തന്ത്രപരവും പ്രതിരോധപരവുമായ ആശങ്കകള്‍ ആണ്. ഹൈപ്പര്‍ സ്‌പെക്ട്രല്‍ ഇമേജിംഗ് (HSI – Hyperspectral imaging)നു വേണ്ടി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഉപഗ്രഹ പേലോഡിന് കാര്യമായ പ്രതിരോധ ആപ്ലിക്കേഷനുകള്‍ ഉണ്ട്. അത്തരം ഉപഗ്രഹങ്ങള്‍ വിന്യസിക്കുന്നതില്‍ പരാജയപ്പെടുന്നത് ഇന്ത്യയുടെ നിരീക്ഷണം നടത്താനും രഹസ്യാന്വേഷണ വിവരങ്ങള്‍ ശേഖരിക്കാനും സുരക്ഷാ വെല്ലുവിളികളോട് പ്രതികരിക്കാനുമുള്ള കഴിവിനെ ബാധിച്ചേക്കാം. വളരെ രഹസ്യ സെന്‍സിറ്റീവ് സൈനിക ഉപയോഗത്തിനും കൂടിയുള്ളവയാണ് ഇവ. അതുകൊണ്ടുതന്നെ വിശ്വസനീയമായ വിക്ഷേപണങ്ങളെ ഇത് കൂടുതല്‍ നിര്‍ണായകമാക്കുന്നുണ്ട് എന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ 1979 മുതല്‍ നടത്തിയ വിക്ഷേപണങ്ങളില്‍ 84% വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് വന്‍ തിരിച്ചടിയാണ്. ഇന്ത്യയിലെ ജനങ്ങളെ സേവിക്കുക എന്ന ആശയങ്ങളോടെ സ്ഥാപിതമായ, നികുതിദായകര്‍ ഫണ്ട് ചെയ്യുന്ന സിവിലിയന്‍ ബഹിരാകാശ ഏജന്‍സി എന്ന നിലയില്‍, ISROയില്‍ എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എന്തുകൊണ്ട് ഭരണകൂടം വസ്തുതകള്‍ മറച്ചുവയ്ക്കുന്നു, റോക്കറ്റിന്റെ നിരന്തര പരാജയത്തിന് കാരണങ്ങള്‍ എന്തൊക്കെയാണ്, അതിലുപയോഗിച്ച ഘടകങ്ങളുടെ ഗുണനിലവാരം എന്നിങ്ങനെ നിലവിലെ ഈ നിഗൂഢതകള്‍ എല്ലാം പുറത്തുകൊണ്ടുവരാന്‍ ജനാധിപത്യ സമൂഹം ഇടപെടണം. നീതിന്യായ കോടതികള്‍ അസത്യ വ്യാപാരികളായി തീരുന്ന ഭരണകൂടത്തിന്റെ കാഴ്ചക്കാര്‍ മാത്രമാകുന്നത് ആശങ്കാജനകമാണ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
