വര്‍ദ്ധിക്കുന്ന ആത്മഹത്യകളും കേരളവും

ആയുസ്സുകൂടി എന്നു പറയുമ്പോഴും വൃദ്ധരില്‍ വലിയൊരു ഭാഗം കിടപ്പിലാണെന്നതാണ് യാഥാര്‍ത്ഥ്യം. അത് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. സര്‍ക്കാര്‍ ജീവന്കാര്‍ക്കുമാത്രം വലിയതുക പെന്‍ഷന്‍ കൊടുക്കുന്നതിനാല്‍ ഭൂരിഭാഗം വൃദ്ധരും ഒട്ടുവരുമാനമില്ലാത്തതാണ്. അതിനാല്‍ ചികിത്സാചിലവ് സാമ്പത്തികമായി കുടംബങ്ങളെ തകര്‍ക്കുക മാത്രമല്ല, അതവിടെ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചെറുതുമല്ല.

കഴിഞ്ഞ വര്‍ഷത്തെ രാജ്യത്തെ ആത്മഹത്യാകണക്കുകള്‍ പുറത്തുവന്നപ്പോള്‍ കേരളം വളരെ മുന്നിലാണ്. നാലു സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ മുന്നിലാണെങ്കിലും അവിടങ്ങളിലെ ആത്മഹത്യകള്‍ക്കുള്ള പ്രധാന കാരണം കൊവിഡ് മൂലം ജീവിതോപാധികള്‍ തകര്‍ന്നതായിരുന്നു. കേരളത്തിലും ആ വിഷയം ഉണ്ടെങ്കിലും അതിനേക്കാള്‍ പ്രധാനം ശാരീരിക – മാനസികാരോഗ്യ പ്രശ്‌നങ്ങളാണെന്നു കാണാം. മാത്രമല്ല കൊവിഡ് വ്യാപനം കേരളത്തില്‍ ശക്തമായത് കഴിഞ്ഞ വര്‍ഷം പകുതിക്കുശേഷമായിരുന്നു. അതുമൂലമുള്ള ആത്മഹത്യകള്‍ കൂടുതല്‍ നടന്നത് ഈ വര്‍ഷമാണ്. അതേസമയം സാമ്പത്തികപ്രശ്‌നങ്ങള്‍ എക്കാലവും കേരളത്തിലെ ആത്മഹത്യകള്‍ക്ക് ഒരു പ്രധാന കാരണമായി തുടരുന്നുണ്ട്താനും.

സംസ്ഥാനത്തെ കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യകളുടെ വിശദാംശങ്ങള്‍ ഇങ്ങനെയാണ്. ആകെ ആത്മഹത്യകള്‍: 8,500. പുരുഷന്മാര്‍: 6,570. സ്ത്രീകള്‍: 1,930. ആത്മഹത്യാ നിരക്ക് – 24 ശതമാനം (ഒരു ലക്ഷം ജനസംഖ്യയില്‍), തൊഴിലില്ലാത്തവരുടെ ആത്മഹത്യ: 1,769, കേരളം ഇന്ത്യയില്‍ രണ്ടാമത്. കേരളത്തിലെ ആത്മഹത്യ കാരണങ്ങള്‍ കുടുംബ പ്രശ്‌നങ്ങള്‍: 3,575 രോഗം: 1,933 കടം: 180 തൊഴിലില്ലായ്മ: 122 പ്രണയബന്ധം: 238 വിവിധ രോഗങ്ങള്‍ മാനസിക രോഗം: 997 നീണ്ടുനില്‍ക്കുന്ന രോഗങ്ങള്‍: 688 മയക്കുമരുന്ന് ദുരുപയോഗം: 692 കാന്‍സര്‍: 213 പക്ഷാഘാതം: 31 പദവി വീട്ടമ്മമാര്‍: 908 ശമ്പളമുള്ളവര്‍: 803 സ്വകാര്യ ജീവനക്കാര്‍: 593 വിദ്യാര്‍ത്ഥികള്‍: 468 സര്‍ക്കാര്‍ ജീവനക്കാര്‍: 70 തൊഴിലില്ലാത്തവര്‍: 1,769 സ്വയം തൊഴില്‍ ചെയ്യുന്നവര്‍: 893 സ്വയം തൊഴില്‍ ചെയ്യുന്നവര്‍ (ബിസിനസ്): 448 കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍: 796 ദിവസ വേതനക്കാര്‍: 2,496. വരുമാന നില പ്രതിവര്‍ഷം ഒരു ലക്ഷം രൂപയില്‍ താഴെ: 5,116 ഒരു ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍: 3,074. 5 ലക്ഷം രൂപയും അതിനുമുകളിലും: 302 വിദ്യാഭ്യാസം പത്താം ക്ലാസ് വരെ – 3,150 പന്ത്രണ്ടാം ക്ലാസ് വരെ – 1,603 ബാച്ചിലേഴ്‌സ് ബിരുദവും അതിനുമുകളിലും – 262 പ്രൊഫഷണല്‍ ബിരുദം – 34.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇവിടെ നടക്കുന്ന ആത്മഹത്യകളില്‍ മാനസിക – ശാരീരികാരോഗ്യ പ്രശ്‌നങ്ങളുടെ പങ്ക് ഈ വാര്‍ത്തയില്‍ നിന്നുതന്നെ വ്യക്തമാണ്. പൊതുജനാരോഗ്യരംഗത്ത് വളരെ മുന്നിലാണ് കേരളം എന്ന് അഭിമാനിക്കുന്നവരാണ് നാം. പ്രാഥമികാരോഗ്യമേഖലയില്‍ മാത്രമാണ് അതുശരി. കൂടാതെ ശരാശരി ആയുസ്സ് കൂടിയിട്ടുമുണ്ട്. എന്നാല്‍ അതിനെയെല്ലാം മറികടക്കുന്ന മോശം അവസ്ഥയാണ് ഇന്ന് സംസ്ഥാനത്ത് നിലകൊള്ളുന്നത്. പരമ്പരാഗതമായ ഏറെ രോഗങ്ങളില്‍ നിന്നു നാം മുക്തരാണെങ്കിലും ജീവിതചര്യരോഗങ്ങളെന്നറിയപ്പെടുന്ന ആധുനികകാല രോഗങ്ങളില്‍ നാം ഏറെ മുന്നിലാണ്. മിക്കതിലും ഒന്നാം സ്ഥാനത്തുമാണ്. ഇവ മൂലമുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളും ചികിത്സക്കായുള്ള സാമ്പത്തിക പ്രശ്‌നങ്ങളുമാണ് വലിയൊരു ഭാഗം ആത്മഹത്യകള്‍ക്ക് കാരണം. ചികിത്സാരംഗത്താകട്ടെ രാജ്യത്തെങ്ങുമില്ലാത്തവിധം കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. ദീര്‍ഘകാല ചികിത്സമൂലം കടക്കെണിയിലാകുന്ന കുടുംബങ്ങളുടെ എണ്ണം ചെറുതല്ല. പലവിധരോഗങ്ങള്‍ ഉണ്ടാക്കുന്ന മാനസികപ്രശ്‌നങ്ങളാണ് കഴിഞ്ഞ വര്‍ഷത്തേയും ആത്മഹത്യകള്‍ക്കുള്ള ഒരു പ്രധാന കാരണം.

ആയുസ്സുകൂടി എന്നു പറയുമ്പോഴും വൃദ്ധരില്‍ വലിയൊരു ഭാഗം കിടപ്പിലാണെന്നതാണ് യാഥാര്‍ത്ഥ്യം. അത് കുടുംബങ്ങളില്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. സര്‍ക്കാര്‍ ജീവന്കാര്‍ക്കുമാത്രം വലിയതുക പെന്‍ഷന്‍ കൊടുക്കുന്നതിനാല്‍ ഭൂരിഭാഗം വൃദ്ധരും ഒട്ടുവരുമാനമില്ലാത്തതാണ്. അതിനാല്‍ ചികിത്സാചിലവ് സാമ്പത്തികമായി കുടംബങ്ങളെ തകര്‍ക്കുക മാത്രമല്ല, അതവിടെ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചെറുതുമല്ല. മറുവശത്ത് വൃദ്ധസദനങ്ങളെ മോശമായി കാണുന്നവരുമാണ് നാം. മരണം കാത്തു അനന്തമായ കിടക്കുന്നവരനുഭവിക്കുന്ന മാനസികപീഡനം ചെറുതൊന്നുമല്ലെന്നുറപ്പ്. അവസരം കിട്ടിയാല്‍ അവരില്‍ പലരും ആത്മഹത്യ ചെയ്യുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. വൃദ്ധരായവര്‍ കിടപ്പലായ തങ്ങളുടെ ജീവിതപങ്കാളിയെ കൊന്ന് ആത്മഹത്യ ചെയ്ത സംഭവങ്ങളും അടുത്തയിടെ റി്‌പ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഈ പോക്കുപോകുകയാണെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നുറപ്പ്. പാലിയേറ്റീവ് കെയര്‍ മേഖലയാകട്ടെ കേരളത്തില്‍ വേണ്ടത്ര വികസിക്കുന്നുമില്ല.

ഒരു പ്രധാന വി്ഷയം കൂടി പരിഗണിക്കേണ്ടതുണ്ട്. അത് ശാരീരികാരോഗ്യത്തിനു കൊടുക്കുന്നതിന്റെ ഒരംശം പ്രാധാന്യം പോലും നാം മാനസികാരോഗ്യത്തിനു നല്‍കുന്നില്ല എന്നതാണ്. ശാരീരികാരോഗ്യം ഉണ്ടെങ്കില്‍ മാനസികാരോഗ്യമുണ്ടാകുമെന്നൊക്കെ പൊതുവെ പറയാമെങ്കിലും അതൊക്കെ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് വളരെ അകലെയാണ്. മാനസികാരോഗ്യപ്രശ്‌നം എന്നു പറഞ്ഞാല്‍ പൊതുവില്‍ നാം കരുതുന്നത് ഭ്രാന്തിന്റെ തുടക്കമെന്നാണ്. അതാകട്ടെ അപമാനകരവും. ഭ്രാന്തൊക്കെ മാനസികാരോഗ്യമില്ലായ്മയുടെ അങ്ങേ അറ്റമാണ്. വര്‍ത്തമാനകാല ജീവിതത്തില്‍ നമ്മളെല്ലാം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള േെനരിടാനുള്ള മാനസികാരോഗ്യം മിക്കവര്‍ക്കും ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും അവരെത്തുന്നത് ആത്ഹത്യയില്‍ തന്നെ. ചിലര്‍ ലഹരിയുടെ ലോകത്തെത്തുന്നു. അവരിലും ഒരു വിഭാഗം ആത്മഹത്യയിലുമെത്തുന്നു. മാനസികാരോഗ്യപ്രശ്‌നങ്ങള്‍ ഇനിയെങ്കിലും പ്രധാനപ്പെട്ട വിഷയമായിതന്നെ കാണേണ്ടിയിരിക്കുന്നു. അതേസമയം അതിനേയും ഗുരുതരമായ രോഗമായി കണ്ട് ലക്ഷങ്ങള്‍ ചിലവഴിച്ച് പാപ്പരാകണമെന്നല്ല പറയുന്നത്. മനസ്സുതുറന്നുള്ള ആശയവിനിമയങ്ങളിലൂടെ പരിഹരിക്കാവുന്നവയാണ് അവയില്‍ ഭൂരിഭാഗവും. പക്ഷെ ഉയര്‍ന്ന വിദ്യാഭ്യാസമുള്ളവര്‍ക്കുപോലും അതിനാകുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുടംബപ്രശ്‌നങ്ങള്‍ ഇപ്പോഴും കേരളത്തിലെ ആത്മഹത്യകള്‍ക്കുള്ള മറ്റൊരു പ്രധാന കാരണം തന്നെ. ആരോഗ്യകരമായ കുടുംബബന്ധങ്ങളും സ്ത്രീപുരുഷ ബന്ധങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ നാമിപ്പോഴും വളരെ പുറകിലാണെന്നതാണ് അതിനുള്ള പ്രധാന കാരണം. അതു സൃഷ്ടിക്കുന്ന സംഘര്‍ഷങ്ങള്‍ തന്നെയാണ് ആത്മഹത്യകളിലെത്തുന്നത്. അതേസമയം തുടരാനാവാത്ത ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ കപടമായ അഭിമാനം മൂലം പലരും തയ്യാറുമല്ല. ഫലം ദുരന്തങ്ങള്‍ തന്നെ. പിരിഞ്ഞാല്‍ ജീവിതമാര്‍ഗ്ഗമില്ലാത്ത വലിയൊരു വിഭാഗം സ്ത്രീകളുടെ ദുരന്തം വേറെയുമുണ്ട്. ആരോഗ്യകരമല്ലാത്ത കുടുംബന്ധങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളും മറുവശത്ത് അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതിന്റെ സംഘര്‍ഷങ്ങളും മൂലം ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണവും വര്‍ദ്ധിക്കുന്നു. കൊവിഡ് കാലത്ത് അത് ഏറെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രണയബന്ധങ്ങളെ ഇപ്പോഴും അംഗീകരിക്കാത്ത, അക്കാര്യത്തില്‍ ജാതീയതയും സാമ്പത്തിക മാനദണ്ഡങ്ങളും മറ്റും കൊടികുത്തിവാഴുന്ന സാഹചര്യം തുടരുന്നതിനാല്‍ പ്രണയവുമായി ബന്ധപ്പെട്ട ആത്മഹത്യകളും തുടരുന്നു. ഒപ്പം സമീപകാല പ്രവണതയായി പ്രണയം നിരസിക്കുന്നവരെ കൊന്ന് ആത്മഹത്യ ചെയ്യലും.

തീര്‍ച്ചയായും സാമ്പത്തിക പ്രശ്‌നങ്ങള്‍ നമ്മുടെ ആത്മഹത്യകള്‍ക്ക് പ്രധാന കാരണമായി തന്നെ തുടരുന്നു എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതാകട്ടെ പലപ്പോഴും കൂട്ടആത്മഹത്യകളിലുമെത്തുന്നു. ബാങ്കുകളടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളാകട്ടെ കടക്കെണിയില്‍ പെടുന്നവരോട് യാതൊരു ദയാദാക്ഷിണ്യവും കാണിക്കുന്നില്ല. കൃത്യമായ വരുമാനമുള്ള സര്‍ക്കാര്‍ ജീവനക്കാരില്‍ ആത്മഹത്യാനിരക്ക് കുറവാണെന്നത് യാദൃച്ഛികമല്ല. കൃഷിയും സ്വയം സംരംഭങ്ങളും തകരുന്നതും തൊഴില്‍ നേടാനാവാത്തതും കിട്ടുന്ന വരുമാനം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റങ്ങളും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തതും ആത്മഹത്യക്കുള്ള കാരണങ്ങളാണ്. അതോടൊപ്പം വര്‍ഷങ്ങള്‍ക്കുമുമ്പ് ശാസ്ത്ര സാഹിത്യ പരിഷത്ത് സര്‍വ്വേയിലൂടെ കണ്ടെത്തിയ ഒരു കാരണം ഇപ്പോഴും പ്രസക്തമാണ്. ആഡംബരവീടും കാറും വിവാഹവും ചിലവേറിയ ചികിത്സയും വിദ്യാഭ്യാസവുമെല്ലാം അന്തസ്സിന്റെ പ്രതീകമായി മാറിയതിനാല്‍ അതിനായി കടംവാങ്ങി കെണിയില്‍ പെടുന്നവരുടെ ആത്മഹത്യകളും കൂടുതലാണ് എന്നതാണത്. ഇക്കാര്യത്തില്‍ മലയാളി മറ്റുള്ളവരേക്കാള്‍ ഏറെ മുന്നിലാണു താനും.

കേരളം നേരിടുന്ന ഒരുപാട് പ്രശ്‌നങ്ങള്‍ വിദഗ്ധരും രാഷ്ട്രീയക്കാരുമൊക്കെ ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും ഇത്തരം അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ കാര്യമായി ാരും പരിഗണിക്കാറില്ല. ഇത്തരം വാര്‍ത്തവരുമ്പോള്‍ പോലും അവയെ ഗൗരവമായി കണ്ട് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരുകളും തയ്യാറല്ല. ഇനിയെങ്കിലും അതിനുതയ്യാരാകുന്നില്ലെങ്കില്‍ വളരെ മോശപ്പെട്ട ഭാവിയെയായിരിക്കും നമ്മുടെ സാമൂഹ്യ – കുടുംബ – വ്യക്തി ജീവിതങ്ങള്‍ നേരിടാന്‍ പോകുന്നതെന്നതുറപ്പ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply