സംവരണമോ സമ്പത്തിന്റെ പുനര്‍ വിതരണമോ?

ഇനിയൊരു ഭൂപരിഷ്‌കരണം സാധ്യമാണോ? ഭൂപരിഷ്‌കരണത്തിന്റെ ബാക്കിപത്രം എന്തായിരുന്നു? നിലവിലുള്ള ഭൂപരിഷ്‌കരണം എങ്ങനെയാണ് അട്ടിമറിക്കപ്പെട്ടത്?

കൃഷിഭൂമിയുടെ പുനര്‍വിതരണവുമായി ബന്ധപ്പെട്ടുകൊണ്ട് ചര്‍ച്ച ചെയ്യുമ്പോള്‍ പ്രാഥമികമായി ഉയര്‍ന്നുവരുന്ന ചില ചോദ്യങ്ങളാണ് മുകളില്‍ പറഞ്ഞത്. EWS വിധി (സവര്‍ണ്ണസംവരണ വിധി) നടപ്പാക്കപ്പെട്ടപ്പോള്‍ അതുമായി ബന്ധപ്പെട്ട് (അസമത്വത്തിനുള്ള പരിഹാരം സംവരണമല്ല; സമ്പത്തിന്റെ പുനര്‍വിതരണമാണ് – എം. കുഞ്ഞാമന്‍. mathrubhumi.com) ഉയര്‍ത്തുന്ന ചര്‍ച്ചകളില്‍ ഭൂമി വിതരണവുമായി ബന്ധപ്പെട്ട വിഷയം പ്രധാനമായി ഉന്നയിക്കപ്പെട്ട ഒന്നായിരുന്നു. സവര്‍ണ്ണ ജാതി സംവരണ വിധിയുടെ ഭാഗമായി സാമൂഹ്യനീതി ഉള്‍പ്പെടെ അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ സംവരണമല്ല, സാമ്പത്തികമായ പുനര്‍വിതരണമാണ് അഥവാ ഭൂമിയുടെ പുനര്‍വിതരണമാണ് ഉണ്ടാവേണ്ടതെന്ന് വാദിക്കുന്നത് യാന്ത്രിക വാദവും, ബ്രാഹ്മണിക്കല്‍ തര്‍ക്കിക യുക്തിയുമാണ്.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഭൂപരിഷ്‌കരണമോ ഭൂമിയുടെ വിതരണമോ നടന്നിട്ടുണ്ടെങ്കിലും പലതും ഭാഗികമാണ്. ഭൂ അസമത്വങ്ങള്‍ പരിഹരിക്കുന്നതിലേക്കവ എത്തിയിട്ടില്ല. കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിലെ സ്ഥിതി അതില്‍ നിന്ന് വലിയ വ്യത്യാസമില്ലെന്ന് നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. ഭൂമിയില്‍നിന്ന് അകറ്റപ്പെട്ടവര്‍ക്ക് ജാതിയുണ്ട്. അതുകൊണ്ട് തന്നെ ഭൂമിയുടെ വിതരണത്തിലും അത് പ്രവത്തിക്കും. ഭൂമിയുടെ പുനര്‍വിതരണം ജാതി ബന്ധനങ്ങള്‍ക്ക് അകത്തു നിന്നുകൊണ്ട് വിലയിരുത്തപ്പെടണം അത്തരം ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

1957 ലെ ഭൂപരിഷ്‌കരണം അട്ടിമറിക്കപ്പെട്ടതില്‍ നിര്‍ണായകമായത് മുന്നോക്ക ജാതി സംഘടനകളുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്യപ്പെട്ട ‘വിമോചന സമരം’ എന്ന വര്‍ഗീയ കലാപമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭൂപരിഷ്‌കരണം അഥവ ഭൂമിയുടെ പുനര്‍വിതരണമെന്നത് വളരെ സങ്കീര്‍ണ്ണത നിറഞ്ഞ ഒന്നാണ്. അതേറ്റെടുക്കുകയെന്നത് ഒരര്‍ഥത്തില്‍ കേരള സമൂഹത്തിന്റെ അഥവാ കേരളത്തിന്റെ തന്നെയോ പുനസംഘടനയായിരിക്കും. അങ്ങനെയൊന്നാവമ്പോള്‍ അത് ഏറ്റെടുക്കപ്പെടാനും നേതൃത്വം നല്‍കാനും രാഷ്ട്രീയ പ്രകടനപത്രിക (political manifasto) ആവശ്യമുണ്ട്. അത്തരം രാഷ്ട്രീയ പരിപാടി ആര്‍ക്കുണ്ട്. അതിനു നേതൃത്വം കൊടുക്കുന്ന പ്രസ്ഥാനങ്ങള്‍ എവിടെ എന്ന ചോദ്യവും ഉന്നയിക്കപ്പെടും.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

1936 ല്‍ ഫൈസ്പൂര്‍ സമേളനത്തില്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ‘കൃഷിഭൂമി കര്‍ഷകന് ‘എന്ന മുദ്രാവാക്യം പിന്നീട് കമ്മ്യൂണിസ്റ്റുകള്‍ ഏറ്റെടുത്തതാണ് ചരിത്രം. എന്നാല്‍ തികച്ചും യാന്ത്രികമായ ഉള്ളടക്കമായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ അതിലൂടെ മുന്നോട്ടുവച്ചിരുന്നത്. വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി ഉള്‍പ്പെടെയുള്ള സവിശേഷമായ പ്രവണതയെയും ഗ്രേയ്ഡഡ് അണ്‍ ഈക്വാലിറ്റിയിലൂടെ കടന്നു പോകുന്ന സമൂഹത്തെയും രാഷ്ട്രീയമായി ഉടച്ചു വാര്‍ത്ത് കൊണ്ട് പുതിയൊരു സാമൂഹ്യ വ്യവസ്ഥ കെട്ടിപ്പൊക്കുന്നതിനും അതിനനുസരണമായി രാഷ്ട്രീയപ്രയോഗങ്ങള്‍ വികസിപ്പിക്കുന്നതിനും, ആ നേതൃത്വങ്ങള്‍ക്ക് കഴിയാതെ പോയതിന്റെ ചരിത്ര വസ്തുതയില്‍ നിന്നാണ് ഇന്നത്തെ അവസ്ഥയെ നോക്കികാണേണ്ടത്.

കൃഷി ഭൂമി കര്‍ഷകനെന്നും, കര്‍ഷകനെന്നാല്‍ മണ്ണില്‍ പണിയെടുക്കുന്നവരാണെന്നുുമുള്ള അമൂര്‍ത്തവല്‍ക്കരണമാണ് കമ്മ്യൂണിസ്റ്റുകാര്‍ വ്യാഖ്യാനിച്ചിട്ടുള്ളത്. യഥാര്‍ത്ഥത്തിലത് ജാതിയെ നിഷേധിക്കുന്നതും വര്‍ഗ്ഗപരമായ ഉള്ളടക്കത്തെ മാത്രം ഉയര്‍ത്തി കാണിക്കുന്നതുമാണ്. ഇതു പറയുന്നതിനര്‍ത്ഥം വര്‍ഗ്ഗ വിഭജനമില്ല എന്നോ സമൂഹത്തില്‍ വര്‍ഗ്ഗ പ്രശ്‌നങ്ങളില്ലെന്നുമല്ല, ഇന്ത്യനവസ്ഥയില്‍ ജാതി സവിശേഷമായി നിലവിലെ സാമൂഹ്യ അധികാരഘടനയെ നിര്‍ണയിക്കുന്നുണ്ടെന്ന സാമൂഹിക യാഥാര്‍ത്ഥ്യത്തെ പ്രാഥമികമായി അഭിസംബോധന ചെയ്യേണ്ടതുണ്ട്. ഈ രാഷ്ട്രീയമാണ് തമസ്‌ക്കരിക്കപ്പെട്ടത്. ഭൂപരിഷ്‌കരണം കേവല അരാഷ്ട്രീയ മുദ്രാവാക്യങ്ങളായി മാറിയതിന്റെ സാമൂഹ്യ പരിണാമത്തെ പരിശോധനക്ക് വിധേയമാക്കേണ്ടതും, പുനര്‍ നിര്‍മ്മിക്കേണ്ടതും ഈ ഒരു ദിശയില്‍ നിന്നാവണം.

ഭൂപരിഷ്‌കരണം (ഭൂമിയുടെ പുനര്‍വിതരണം, സമ്പത്തിന്റെ പുനര്‍ വിതരണം) സംവരണവുമായി ബന്ധിപ്പിക്കുന്നത് യുക്തിപരമായി തോന്നുമെങ്കിലും ഇവ രണ്ടും വ്യത്യസ്തമായ രാഷ്ടീയ സമീപനങ്ങളാണ്. ഒരേ തുലാസിലിട്ട് തൂക്കുക വഴി ജാതിയെ തന്നെയാണ് റദ്ദുചെയ്യുന്നത്. affirmative action പോലെയുള്ള സാമൂഹിക നീതിയായ സംവരണം, ജാതിയെന്ന സവിശേഷമായ അസമത്വത്തിന്റെ ഭാഗമായി തുടര്‍ന്ന വിവേചനങ്ങള്‍ക്കുള്ള നീതി ഉറപ്പുവരുത്തുന്നതിനും സവിശേഷമായ പ്രക്രിയ എന്ന നിലയിലാണ് രൂപപ്പെട്ടതെന്ന ചരിത്ര വസ്തുതയെക്കൂടിയാണ് നിഷേധിക്കപ്പെടുന്നത്.

സമ്പത്തിന്റെ പുനര്‍ വിതരണം സോഷ്യലിസ്റ്റ് / കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ പരിഹരിക്കുമെന്ന് കരുതുന്നവരുടെ ചിന്തകള്‍ തെറ്റായി കരുതേണ്ടതില്ലെങ്കിലും ആത്മനിഷ്ഠതക്കപ്പുറത്ത് വസ്തുനിഷ്ഠമായ സമൂഹ്യാവസ്ഥകളെക്കുറിച്ചുള്ള ശരിയായ വിശകലനമാണ് ഉണ്ടാവേണ്ടത്. നിലവിലെ ഇന്ത്യന്‍ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അഭിസംബോധന ചെയ്യാനും പ്രായോഗികമായി ഇടപെട്ടു കൊണ്ട് മാത്രമേ അത്തരം ശ്രമങ്ങള്‍ പോലും സാധ്യമാവുകയുള്ളൂ. അതുകൊണ്ട് തന്നെ ജാതി അടിച്ചമര്‍ത്തലിനെതിരെയും അസമത്വത്തിനെത്തിരെയും രാഷ്ട്രീയമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തിക്കൊണ്ടു മാത്രമാണത് സാധ്യമാവുക. അഥവാ ജാതിയെ കേന്ദ്ര പ്രശ്‌നമായി അഭിസംബോധന ചെയ്തു കൊണ്ടാണത് സാധ്യമാവുക.

നിലവില്‍ പാര്‍ലമെന്ററി ജനാധിപത്യ സംവിധാനത്തിനകത്ത് സമ്പത്തിന്റെ പുനര്‍ വിതരണം മറ്റേതെല്ലാം അര്‍ത്ഥത്തിലാണ് പ്രവര്‍ത്തികമാവുകയെന്നത്, ‘സമ്പത്തിന്റെ തുല്യ വിതരണക്കാര്‍’ വസ്തുതാപരമായി മുന്നോട്ടുവയ്ക്കാന്‍ തയ്യാറാവേണ്ടതുണ്ട്. നിലവിലുള്ള സമൂഹത്തില്‍ സാമൂഹ്യമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ഘട്ടം ഘട്ടമായി വളര്‍ച്ചയിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വിദ്യാഭ്യാസം ജോലി സാമൂഹ്യ പദവികള്‍ എന്നിവയിലുള്ള പ്രാതിനിധ്യം അടിസ്ഥാനപരമായ പങ്കാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. കേരളം പോലുള്ള ഒരു സംസ്ഥാനത്തിന്റെ അടിസ്ഥാനപരമായ സാമ്പത്തിക സ്രോതസ്സ് തന്നെ നികുതി ഉള്‍പ്പെടെയുള്ള സാമ്പത്തിക വിഹിതത്തിലൂടെയാണ്. അതിനെ ഇന്ന് മുന്നോട്ടു നയിക്കുന്നതില്‍ താങ്ങായി നല്‍കുന്നത് തൊഴില്‍, ഉപഭോക്ത നികുതി, ഗള്‍ഫ് ഉള്‍പ്പെടെയുള്ള മേഖലയില്‍നിന്നുള്ള വരുമാനവും ഇവിടുത്തെ മനുഷ്യവിഭവശേഷിയുമാണ്.

ഭൂപരിഷ്‌കരണത്തിന്റെയും കേരള മോഡല്‍ വികസനത്തിന്റെയും ബാക്കിപത്രം ലക്ഷക്കണക്കിന് ദളിത് കോളനികളും ചേരികളും ആണെന്നിരിക്കെ കാര്‍ഷികവൃത്തിയില്‍ നിന്ന് അന്യമാക്കപ്പെട്ട ഒരു സമൂഹത്തില്‍ കാര്‍ഷികവൃത്തിക്ക് ഉപരിയായിട്ട് ഭൂമിയുടെ പ്രായോഗികമായ വിതരണവും അതിനനുസരിച്ചുള്ള സാമൂഹിക ജനകീയ വികസനവും രൂപപ്പെടുത്തേണ്ടത്തുണ്ട്. അത്തരം ഗൗരവമായ അന്വേഷണങ്ങള്‍ സമ്പത്തിന്റെ പുനര്‍ വിതരണവുമായി, ഭൂമിയുടെ പുനര്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരേണ്ടതുണ്ട്. നിലവിലെ ലഭ്യമായ ഭൂമികളെന്ന് പറയുന്നത് അന്യാധീനപ്പെട്ട ഭൂമികള്‍, മിച്ചഭൂമികള്‍ എന്നിവയൊക്കെയാണ്. അണുകുടുംബത്തിലേക്കുള്ള മനുഷ്യന്റെ വളര്‍ച്ചയും അതുമായി ബന്ധപ്പെട്ടു കൊണ്ടുള്ള പാര്‍പ്പിടവും സ്വാഭാവികമായി കാര്‍ഷിക ബന്ധ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ പരിമിതമായ സാധ്യതകള്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തിലെത് തികച്ചും വ്യത്യസ്തമാണ്. ടാറ്റയും അദാനിയും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ കുത്തക കമ്പനികളുടെയും, ട്രസ്റ്റുകളുടെയും ഭൂമി പുനര്‍വിതരണം നിലവിലുള്ള ഭരണസംവിധാനത്തിനകത്ത് കൂടി നടപ്പാക്കപ്പെടുമെന്നത് പകല്‍ കിനാവ് മാത്രമാണ്. ഇത്തരം ഒരു സാമൂഹ്യ പശ്ചാത്തലത്തില്‍ സമ്പത്തിന്റെ പുനര്‍വിതരണമെന്നത് ഉട്ടോപ്പിയയാണ്. അതുകൊണ്ടുതന്നെ സംവരണമല്ല; സമ്പത്തിന്റെ പുനര്‍വിതരണമാണ് വേണ്ടതെന്ന വാദം സാമൂഹ്യ നീതിക്ക് എതിരാവുന്നത് കമ്മ്യൂണിസം ഉള്‍പ്പെടെയുള്ളവ മുന്നോട്ടുവെക്കുന്ന നൈതിക ബോധത്തിന് പോലും എതിരാവുന്നത്.

എല്ലാ തരത്തിലുമുള്ള സംവരണവും അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന വാദങ്ങള്‍ വിട്ടുവീഴ്ചയാണ്. സവര്‍ണ്ണാധിപത്യത്തോട് കീഴടങ്ങലാണ്. വിപ്ലവത്തെ എതിര്‍ക്കുന്നവര്‍ പോലും അഥവാ കമ്മ്യൂണിസ്റ്റ് പരിപാടികളെ അംഗീകരിക്കാത്തവര്‍ പോലും സാമ്പത്തിക അസമത്വം ഇല്ലാതാക്കണമെന്ന് മുറവിളിക്കുന്നുണ്ട്. ഇത്തരക്കാരുടെ കപടത സ്വയം വെളിവാക്കപ്പെടുന്നുണ്ട്. എന്നാല്‍ നിഷ്പക്ഷരെന്ന് നടിക്കുന്ന ചിലരുടെ വാദങ്ങള്‍ സാമ്പത്തിക സംവരണവും വേണ്ടതാണ് അഥവാ നിലവിലെ സാമ്പത്തിക അസമത്വം പരിഹരിക്കപ്പെടേണ്ടതല്ലേയെന്ന് ചോദ്യങ്ങളിലൂടെ ഉന്നയിക്കപ്പെടുന്നത്. ഇന്ത്യയിലെ ജാതിപരമായ സവിശേഷ അസമത്വത്തെക്കുറിച്ച് ഇവര്‍ക്ക് ഒരു കാലത്തും വേവലാതി ഉണ്ടായിരുന്നില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

EWS എന്ന പേരില്‍ ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത് സവര്‍ണ്ണ (മുന്നോക്ക ജാതി) സംവരണം മാത്രമാണ്. സംവരണം ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുന്നതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന മുന്നോക്ക ജാതി സംവരണം തന്നെയാണിത്. അതിനെ തിരിച്ചുകൊണ്ടുവരികയാണ് EWS ലൂടെ സാധിച്ചെടുത്തിട്ടുള്ളത്. നീതിയുടെ പക്ഷത്തു നിന്നുകൊണ്ട് അംബേദ്കറും ഭരണഘടനയും പ്രധിനിധ്യത്തെ മുന്നോട്ടുവച്ചുകൊണ്ടാണ് സംവരണം ഏര്‍പ്പെടുത്തിയിരുന്നതെങ്കില്‍ ഇപ്പോഴുള്ള സവര്‍ണ്ണ സംവരണം കൃത്യമായ മുന്നോക്ക ജാതി സംവരണമാണ്. പ്രത്യക്ഷത്തില്‍ തന്നെയത് സാമൂഹ്യ നീതിക്ക് എതിരായതും ജനായത്ത വിരുദ്ധവും, മനുഷ്യത്വ വിരുദ്ധ വിരുദ്ധമാണ്.

1787-ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന ഭരണഘടനയില്‍ എല്ലാവര്‍ക്കും വോട്ടവകാശം ഉണ്ടായിരുന്നില്ല, ഇന്ത്യയിലതല്ല എന്നൊക്കെ വാദിക്കുന്നവര്‍ ജര്‍മ്മനിയില്‍ ആധിപത്യം ഉണ്ടായിരുന്നത് വംശീയമായതും അങ്ങേയറ്റം പിന്തിരിപ്പനുമായ നാസി ഫാസിസമായിരുന്നുവെന്നും അതിനെ തൂത്തെറിയാന്‍ കഴിഞ്ഞു എന്നതും യാഥാര്‍ത്ഥ്യമാണ് എന്നു കൂടി അംഗീകരിക്കേണ്ടതായുണ്ട്. അതേസമയം എല്ലാവര്‍ക്കും വോട്ടവകാശം ഉള്ള ഇന്ത്യയില്‍ സവിശേഷമായ അസമത്വം (ജാതി) ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ പരിശോധിക്കാന്‍ ഇക്കൂട്ടര്‍ സവിനയം തയ്യാറാവേണ്ടതുണ്ട്. ജാതീയത പരിഹരിക്കാനുള്ള മാര്‍ഗം സംവരണമല്ലെന്ന് പറയുമ്പോള്‍ തന്നെ ജാതീയത വര്‍ദ്ധിപ്പിക്കുന്ന സവര്‍ണ്ണ സംവരണം നടപ്പാക്കപ്പെടുന്നു എന്നത് പരിശോധിക്കപ്പെടുന്നതേയില്ല.

ജാതീയത ഇല്ലാതാക്കുകയല്ല, ജാതീയത നിലനര്‍ത്തുകയാണ് പ്രധിനിധ്യ സംവരണം ചെയ്യുന്നതെന്ന് എക്കാലത്തും പ്രചരിപ്പിക്കപ്പെട്ട മിത്താണ്. സാമ്പത്തിക സമത്വത്തിലൂടെ മാത്രമേ ജാതീയത ഇല്ലാതാക്കാനാവുകയുള്ളുവെന്ന സൈദ്ധന്തീകരണം നിര്‍മ്മിച്ചെടുത്ത പുരാതന കാല കമ്മ്യൂണിസ്റ്റുകളും അതിന് അപവാദങ്ങളല്ല. ഇന്ത്യയിലെ സുപ്രീം കോടതിയില്‍ ഒരു ഈഴവ ജഡ്ജി പോലുമില്ലെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ് മോഹന്‍ ഗോപാല്‍ സ്ഥാപിക്കുകയുണ്ടായി. വര്‍ഷങ്ങളോളം സംവരണം നടപ്പാക്കപ്പെട്ട ഇന്ത്യയുടെ അവസ്ഥ ഇതാണ്. പ്രധാനപ്പെട്ട മേഖലകളിലെല്ലാം തന്നെ ഇപ്പോഴും ദളിത് പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രാധിനിധ്യം കുറവാണ്. ക്ലാസ് ഫോര്‍ തസ്തികകളില്‍ കുറേപേര്‍ക്ക് ജോലി ലഭിച്ചുവെന്നത് മാറ്റിനിര്‍ത്തിയാല്‍ ഭരണപരമായ ബിസിനസ്പരമായ, സൈനികപരമായ നമ്മുടെ രാജ്യത്തിന്റെ നിര്‍ണായകമായ മേഖലകളിലെല്ലാം തന്നെ സവര്‍ണ്ണ സംവരണം അനുസ്യൂതം തുടരുകയാണ്. വിദ്യാഭ്യാസ മേഖലയിലേക്കുള്ള ദളിത് മറ്റു പിന്നോക്ക വിഭാഗങ്ങളുടെ കഴിഞ്ഞ കുറച്ചു വര്‍ഷക്കാലത്തെ മുന്നോട്ടുപോക്ക് കൂടുതല്‍ അസ്വസ്ഥതയുള്ളവരാക്കി മാറ്റി എന്നതിന്റെകൂടി പരിണിതഫലം തന്നെയാണ് ഇപ്പോള്‍ പാസാക്കിയെടുത്ത EWS (സവര്‍ണ്ണ സംവരണം) എന്നാണ് തികിച്ചറിയേണ്ടത്.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply