ബ്രാഹ്മണ പ്രത്യയശാസ്ത്രത്തെ സമര്‍ത്ഥമായി മൂടിവെക്കുന്ന മിത്താണ് മെറിറ്റ്

കൈത്തൊഴിലിനേക്കാള്‍ എഴുത്തിനും വായനക്കും ഇംഗ്ലീഷ് പരിജ്ഞാനത്തിനും ഊന്നല്‍ നല്‍കിയതോടെയാണ് സവര്‍ണ്ണജാതികള്‍ എന്‍ജിനീയറിങ് മേഖലയിലേക്ക് കടന്നുവന്നത്. ഇന്ത്യയിലെ ശൂദ്രര്‍ അക്ഷരജ്ഞാനത്തിന് പുറത്തായിരുന്നതുകൊണ്ടുതന്നെ അവര്‍ക്ക് കൈത്തൊഴില്‍ വൈദഗ്ദ്ധ്യമുണ്ടായിട്ടും എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്റെ പുറത്തുനില്‍ക്കേണ്ടിവന്നു. എന്‍ജിനീയറിങ് ബിരുദം അധികാരസ്ഥാനത്തേക്കുള്ള ചവിട്ടുപടിയാണെന്ന കണ്ടെത്തലാണ് സവര്‍ണ്ണജാതികളെ അതിലേക്കാകര്‍ഷിച്ചത്. കൊളോണിയലിസം ഇന്ത്യന്‍ എന്‍ജിനീയറിങില്‍ വംശീയമായ ശുദ്ധി നിലനിര്‍ത്താന്‍ തുടക്കം മുതലേ ശ്രമിച്ചു. അജന്താ സുബ്രഹ്മണ്യന്‍ എഴുതിയ The Caste of Merit: Engineering Education in India എന്ന പുസ്തകത്തെ കുറിച്ച് അനില്‍ ചേലേമ്പ്ര എഴുതുന്നു

ഇന്ത്യ എന്തുകൊണ്ടാണ് വികസിക്കാത്തത് എന്ന ചോദ്യത്തിന് ചിലര്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ: ‘വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണത്തിന്റെ പേരും പറഞ്ഞ് മെറിറ്റുള്ളവരെ തഴയുന്നു. കഴിവുള്ളവര്‍ ഉന്നത സ്ഥാനങ്ങളിലെത്തുന്നില്ല. സംവരണം അവസാനിപ്പിച്ചാലേ ഇന്ത്യ പുരോഗതി നേടൂ.’ ഇന്ത്യയില്‍ മെറിറ്റിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠ ഏറ്റവും ഉയര്‍ന്നുകണ്ടത് മണ്ഡല്‍കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാലത്താണ്.

മണ്ഡല്‍കമ്മീഷന്റെ ചുവടുപിടിച്ച് തൊള്ളായിരത്തി എണ്‍പതുകളില്‍ ആന്ധ്രയിലുണ്ടായ മുരളീധര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെതിരെ സവര്‍ണ്ണ വിഭാഗങ്ങളിലെ ചെറുപ്പക്കാരില്‍നിന്ന് ഉയര്‍ന്നുവന്ന പ്രതിഷേധത്തെക്കുറിച്ച് പ്രസിദ്ധ മനുഷ്യാവകാശപ്രവര്‍ത്തകന്‍ കെ. ബാലഗോപാല്‍ തന്റെ പഠനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എന്‍.ടി.ആര്‍. ആണ് അക്കാലത്ത് ആന്ധ്രയിലെ മുഖ്യമന്ത്രി. ആന്ധ്രാപോലീസ് സമരങ്ങളോട് ഏറ്റവും സഹിഷ്ണുത പ്രകടിപ്പിച്ച ഘട്ടമായിരുന്നു അതെന്ന് ബാലഗോപാല്‍ നിരീക്ഷിക്കുന്നു. സംവരണത്തിനെതിരെ ഇംഗ്ലീഷില്‍ തയ്യാറാക്കിയ മുദ്രാവാക്യവുമായി പിക്‌നിക്കിനെന്നതുപോലെ തെരുവിലേക്കിറങ്ങിയ വരേണ്യവര്‍ഗ്ഗത്തെ ഒരുതരത്തിലും ഉപദ്രവിക്കരുതെന്ന് ഭരണകൂടം പോലീസിന് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നു. മെറിറ്റ് അട്ടിമറിക്കരുതെന്നതായിരുന്നു സമരക്കാരുടെ പ്രധാന ആവശ്യം.

മെറിറ്റിനെ സത്താപരമായാണ് പൊതുസമൂഹം സാധാരണ അവതരിപ്പിക്കാറുള്ളത്. അത് ഓരോ മനുഷ്യരുടേയും ഉള്ളില്‍ നൈസര്‍ഗ്ഗികമായി, വസ്തുരൂപത്തില്‍ നിലനില്‍ക്കുന്നു എന്ന പ്രതീതിയാണ് ഈ വാദഗതികള്‍ പങ്കുവെക്കുന്നത്. സംവരണത്തെ എതിര്‍ക്കുന്നതിനേക്കാള്‍ മെറിറ്റിലൂന്നി തങ്ങളുടെ പക്ഷത്തെ സാധൂകരിക്കാനാണ് സവര്‍ണ്ണലോബി ശ്രമിക്കാറുള്ളത്. വലിയ സ്വീകാര്യതയാണ് ഈ വാദഗതിക്ക് പൊതുസമൂഹത്തില്‍ ലഭിക്കുന്നത്. ‘മെറിറ്റ് അട്ടിമറിക്കപ്പെടുന്നതിലൂടെ’ ജോലി ലഭിക്കാതെപോയ ഉയര്‍ന്ന ജാതികളിലെ ദരിദ്ര വിഭാഗത്തിന്റെ കദനകഥകളാണ് മേല്‍പ്പറഞ്ഞതിന് ഉപോല്‍ബലകമായി നിരത്താറുള്ളത്. ഈ പൊതുബോധത്തെ പ്രീണിപ്പിക്കാനാണ് ഇന്ത്യയിലെ ഭരണകൂടങ്ങളും മാധ്യമങ്ങളും ശ്രമിക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം സംവരണരാഷ്ട്രീയത്തെ അട്ടിമറിക്കാന്‍ പ്രേരണ നല്‍കുന്ന പ്രത്യയശാസ്ത്ര യുക്തിയായി സമകാല ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്. ഈ പ്രത്യയശാസ്ത്ര യുക്തിക്ക് പുറത്തുകടക്കാന്‍ ശേഷിയുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനവും ഇന്ന് ഇന്ത്യയിലില്ല.

സംവരണത്തിനെതിരെയുള്ള ഈ വാദഗതികള്‍ പരിശോധിച്ചാല്‍ ‘പിന്നോക്ക ജാതിക്കാര്‍ക്കൊന്നും മെറിറ്റില്ല’ എന്ന ബോധ്യമാണ് അവയില്‍ മുഴച്ചുനില്‍ക്കുന്നതെന്ന് കാണാന്‍ കഴിയും. എത്രയോ നൂറ്റാണ്ടുകള്‍ക്കുമുമ്പ് മനു പറഞ്ഞുവെച്ചതില്‍നിന്ന് ഈ സംവരണ വിരുദ്ധര്‍ ഒരിഞ്ച് മുന്നോട്ട് പോയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ അധികമൊന്നും പ്രയാസപ്പെടേണ്ടിവരില്ല. ഒരു യോഗ്യതയുമില്ലാതെ ഉന്നതവിദ്യാഭ്യാസ മേഖലയിലേക്കും തൊഴിലുകളിലേക്കും അധികാര സ്ഥാനങ്ങളിലേക്കും വലിഞ്ഞുകയറി വരുന്നവരായി പിന്നോക്കജാതികളെ സംവരണവിരുദ്ധര്‍ ചിത്രീകരിക്കുന്നു. സംവരണത്തിലൂടെ മെഡിസിന് സീറ്റ് ലഭിച്ച ഒരു ബിരുദധാരി കണ്ണിനുപകരം പല്ല് സര്‍ജറിചെയ്യുന്നതായി ചിത്രീകരിക്കുന്ന പോസ്റ്റര്‍ ആന്ധ്രയിലെ മെഡിക്കല്‍കോളേജുകളില്‍ പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ഗോപാല്‍ തന്റെ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ‘മേല്‍ജാതിക്കാരനായി പിറന്നത് ഒരു കുറ്റമോ’എന്ന് ചോദിക്കുന്ന പോസ്റ്ററുകളും ചിരിയുണര്‍ത്തുമെന്ന് അദ്ദേഹം പറയുന്നുണ്ട്.

മെറിറ്റിനായി വാദിക്കുന്ന സംവരണവിരുദ്ധര്‍ ബ്രാഹ്മണപ്രത്യയശാസ്ത്രത്തെ പുനരാനയിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്ന ഏറ്റവും പുതിയ പഠനങ്ങളിലൊന്നാണ് അജന്താ സുബ്രഹ്മണ്യന്‍ എഴുതിയ The Caste of Merit: Engineering Education in India എന്ന പുസ്തകം. പ്രധാനമായും മദ്രാസ് ഐ. ഐ. ടി. യില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്. ഇന്ത്യയിലെ കമ്മാളന്‍മാര്‍ക്കിടയില്‍ നിലനിന്ന പലതരത്തിലുള്ള സാങ്കേതിക വിജ്ഞാനത്തെ ക്ലാസ്സ് മുറിയിലേക്ക് പറിച്ചുനട്ടത് കൊളോണിയല്‍ വിദ്യാഭ്യാസമാണ്. ഈ പറിച്ചുനടല്‍ ഇന്ത്യയിലെ താഴ്ത്തപ്പെട്ട ജാതികളെ എന്‍ജിനീയറിങ് വിദ്യാഭ്യാസത്തില്‍ നിന്ന് അകറ്റാന്‍ കാരണമായെന്ന് അജന്താ സുബ്രഹ്മണ്യന്‍ നിരീക്ഷിക്കുന്നു. ഔപചാരിക എന്‍ജിനീയറിങ് വിദ്യാഭ്യാസം ഇന്ത്യയിലെ കമ്മാളരെ കൂലിത്തൊഴിലാളികള്‍ എന്ന നിലയില്‍ അധഃപതിപ്പിച്ചു. അവരെ അറിവുള്ളവരായി പരിഗണിക്കാന്‍ സമൂഹം അതോടെ വിസമ്മതിച്ചു. എന്‍ജിനീയറിങ് ബിരുദമുള്ളവരുടെ അറിവ് മാത്രം അംഗീകരിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ഉന്നതജാതിക്കാര്‍ക്ക് ഇന്ത്യന്‍ ജാതിസമ്പ്രദായമനുസരിച്ച് ഒരുതരത്തിലുള്ള കൈത്തൊഴില്‍ വൈദഗ്ദ്ധ്യവും ഉണ്ടായിരുന്നില്ല. അവരെ ഉള്‍പ്പെടുത്തിയും താഴ്ത്തപ്പെട്ട ജാതികളെ തിരസ്‌ക്കരിച്ചും എന്‍ജിനീയറിങ് വിദ്യാഭ്യാസത്തെ പുനര്‍നിര്‍വ്വചിച്ചത് കൊളോണിയല്‍ വ്യവസ്ഥയായിരുന്നു. പൗരര്‍ക്ക് എന്‍ജിനീയറിങില്‍ പരിശീലനം നല്‍കാനുള്ള തീരുമാനം സ്വന്തം നാട്ടിലെ പരിഷ്‌ക്കാരങ്ങളുടെ ചുവടുപിടിച്ചാണ് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആരംഭിച്ചത്.

കൈത്തൊഴിലിനേക്കാള്‍ എഴുത്തിനും വായനക്കും ഇംഗ്ലീഷ് പരിജ്ഞാനത്തിനും ഊന്നല്‍ നല്‍കിയതോടെയാണ് സവര്‍ണ്ണജാതികള്‍ എന്‍ജിനീയറിങ് മേഖലയിലേക്ക് കടന്നുവന്നത്. ഇന്ത്യയിലെ ശൂദ്രര്‍ അക്ഷരജ്ഞാനത്തിന് പുറത്തായിരുന്നതുകൊണ്ടുതന്നെ അവര്‍ക്ക് കൈത്തൊഴില്‍ വൈദഗ്ദ്ധ്യമുണ്ടായിട്ടും എന്‍ജിനീയറിങ് വിദ്യാഭ്യാസത്തിന്റെ പുറത്തുനില്‍ക്കേണ്ടിവന്നു. എന്‍ജിനീയറിങ് ബിരുദം അധികാരസ്ഥാനത്തേക്കുള്ള ചവിട്ടുപടിയാണെന്ന കണ്ടെത്തലാണ് സവര്‍ണ്ണജാതികളെ അതിലേക്കാകര്‍ഷിച്ചത്. 1901ല്‍ സാങ്കേതിക വിദ്യാഭ്യാസത്തിനുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചപ്പോള്‍ അപേക്ഷകരില്‍ അധഃസ്ഥിത ജാതിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. പ്രസ്തുത അപേക്ഷാഫോറങ്ങള്‍ മുഴുവന്‍ പരിശോധിച്ചുകൊണ്ടാണ് അജന്ത സുബ്രഹ്മണ്യന്‍ തന്റെ നിഗമനത്തിലെത്തുന്നത്. കൊളോണിയലിസം ഇന്ത്യന്‍ എന്‍ജിനീയറിങില്‍ വംശീയമായ ശുദ്ധി നിലനിര്‍ത്താന്‍ തുടക്കം മുതലേ ശ്രമിച്ചു. ഇതിനായി ലണ്ടനില്‍ കൂപ്പെഴ്‌സ് ഹില്‍ എന്ന സ്ഥലത്ത് റോയല്‍ ഇന്ത്യന്‍ എന്‍ജിനീയറിങ് കോളേജ് എന്ന പേരില്‍ ഒരു സ്ഥാപനം ആരംഭിച്ചു. ഇന്ത്യയിലെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി കുലീനരായ എന്‍ജിനീയര്‍മാരെ വാര്‍ത്തെടുക്കുക എന്നതായിരുന്നു കോളേജിന്റെ നടത്തിപ്പ് ലക്ഷ്യം. എന്നാല്‍ ഉദ്ദേശിച്ചതുപോലെ എന്‍ജിനീയര്‍മാരുടെ ‘ജെന്റില്‍മാന്‍നസ്’ ഉറപ്പാക്കാന്‍ കോളേജിനു കഴിഞ്ഞില്ല. അപ്പോഴാണ് ഉന്നതകുലജാതരായ ഇന്ത്യക്കാരെ പരിശീലിപ്പിച്ച് ഇന്ത്യയിലെ പ്രവൃത്തികള്‍ക്കാവശ്യമായ എന്‍ജിനീയര്‍മാരെ സൃഷ്ടിക്കാനുള്ള തീരുമാനം ബ്രിട്ടിഷ് ഗവണ്‍മെന്റ് കൈക്കൊണ്ടത്. അതിനായി മേല്‍പ്പറഞ്ഞ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഇന്ത്യയിലേക്ക് മാറ്റി. ബ്രിട്ടീഷുകാരുടെ കാലത്ത് ആരംഭിച്ചത് സ്വാതന്ത്ര്യാനന്തരവും തുടര്‍ന്നു. മദ്രാസ് ഐ.ഐ.ടി.യെ മുന്‍നിര്‍ത്തിയാണ് ഗ്രന്ഥകാരി ഇക്കാര്യം തെളിയിച്ചിരിക്കുന്നത്.

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ജാതിവിവേചനം തെളിയിക്കാന്‍ മദ്രാസില്‍നിന്നുള്ള ഒരു സ്ഥാപനം തെരഞ്ഞെടുത്തതിന് സവിശേഷമായ യുക്തിയുണ്ട്. ഇന്ത്യയില്‍ ജാതിക്കെതിരെയുള്ള അതിശക്തമായ സാമൂഹ്യപ്രസ്ഥാനങ്ങള്‍ നിലനിന്ന പ്രദേശമാണിത്. പെരിയാറിന്റെ ദ്രാവിഡമുന്നേറ്റവും മറ്റുമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. വരേണ്യ ജാതിയില്‍പ്പെട്ടവര്‍ക്ക് സംവരണം ചെയ്തതാണെന്ന് തോന്നുംവിധമാണ് ഐ.ഐ.ടി. കളിലെ വിദ്യാര്‍ത്ഥിപ്രവേശനവും മറ്റും. ഉയര്‍ന്ന മെറിറ്റുള്ളവര്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ് ഐ.ഐ ടി. കള്‍. ഇവ്വിധം മെറിറ്റിലൂടെ പ്രവേശനം ലഭിച്ച കുട്ടികളുടെ ജാതി കൂടി നോക്കുമ്പോഴാണ് ജാതിയും മെറിറ്റും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിപ്പെടുക. മദ്രാസ് ഐ.ഐ.ടി.യില്‍ 1970നു ശേഷമുള്ള മുഴുവന്‍ ബാച്ചുകളേയും അജന്ത പഠനത്തിനായി വിശകലനം ചെയ്തിരിക്കുന്നു. ഉന്നത കുലജാതരാണ് ഇവിടെ പഠിച്ചവരും പഠിപ്പിക്കുന്നവരും. ഐ. ഐ.ടി.യില്‍ 1960ല്‍ പഠിച്ച 20 പൂര്‍വ്വ വിദ്യാര്‍ത്ഥികളുമായി ദീര്‍ഘ സംഭാഷണത്തിലേര്‍പ്പെട്ടാണ് അജന്ത തന്റെ പഠനത്തിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചത്.

‘റിഫ്‌ളക്ഷന്‍സ് ബൈ ഐ.ഐ.ടിയന്‍സ്’എന്ന പേരില്‍ 2008ല്‍ പ്രസിദ്ധീകരിച്ച സമാഹാരമാണ് മറ്റൊരു സ്രോതസ്സ്. അക്കാലത്ത് അവിടെ പഠിച്ചവരെല്ലാം ഉന്നത ജാതിയില്‍ പിറന്നവരും സാമ്പത്തികമായി ഭദ്രതയുള്ള കുടുംബങ്ങളില്‍ പിറന്നവരുമാണ്. അവരിലേറെപ്പേരും നഗരത്തില്‍നിന്ന് വരുന്നവരും ജാതി, മതം തുടങ്ങിയ സങ്കുചിതത്വങ്ങളില്‍നിന്ന് തങ്ങള്‍ മുക്തരാണെന്ന് അഭിമാനിക്കുന്നവരുമാണ്. തമിഴ്‌നാട്ടില്‍ ശക്തമായിരുന്ന ജാതി വിരുദ്ധ പ്രസ്ഥാനത്തിന്റെ ‘ശല്യ’ങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ തമിഴ് ബ്രാഹ്മണര്‍ കണ്ടെത്തിയ അഭയകേന്ദ്രം മദ്രാസ് ഐ.ഐ.ടി.യായിരുന്നുവെന്നും അജന്ത കണ്ടെത്തുന്നുണ്ട്. രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ തങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചും അവര്‍ അഭിമാനിച്ചിരുന്നു. ഐ.ഐ.ടി.കള്‍ നെഹ്രുവിന്റെ സ്വപ്‌നമാണെന്നും തങ്ങളിലൂടെയാണ് അത് സാക്ഷാല്‍ക്കരിക്കപ്പെടേണ്ടതെന്നും ‘ഐ.ഐ.ടി.യന്‍സ്’ സത്യമായും വിശ്വസിച്ചു.

ചിലരുടെ ജീവിതകഥയില്‍നിന്ന് അക്കാലത്തെ ഐ.ഐ.ടി. യുടെ ‘കാമ്പസ് ചേരുവ’യെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയും. 1969ല്‍ ദില്ലിയില്‍നിന്നെത്തി ഐ.ഐ. ടി.യില്‍ പഠിച്ച ത്യാഗരാജന്റെ കഥതന്നെ ഉദാഹരണം. അദ്ദേഹത്തിന്റെ മുത്തച്ഛന്‍ തമിഴ്‌നാട്ടിലെ വലിയ ഭൂപ്രഭുവായിരുന്നു. ത്യാഗരാജന്റെ അച്ഛനുള്‍പ്പെടെ നാലുമക്കള്‍ ദില്ലിയില്‍ പോയി പഠിച്ചു. ത്യാഗരാജന്റെ അച്ഛന്‍ ആദ്യം പോസ്റ്റല്‍ സര്‍വ്വീസിലും പിന്നീട് ഇന്ത്യന്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലും ജോലി ചെയ്തു. ദില്ലിയിലാണെങ്കിലും തമിഴ് ബ്രാഹ്മണ സംസ്‌ക്കാരത്തില്‍നിന്ന് തന്റെ കുടുംബം ഒട്ടും വ്യതിചലിച്ചില്ലെന്ന് ത്യാഗരാജന്‍ അഭിമാനത്തോടെ ഓര്‍ക്കുന്നു. ഭജനസംഘവും കര്‍ണ്ണാടിക് സംഗീതവും ബ്രാഹ്മണസഭയും എല്ലാം ചേര്‍ന്ന ഒരു അഗ്രഹാരം തന്നെ അവര്‍ ദില്ലിയില്‍ സൃഷ്ടിച്ചു. ത്യാഗരാജന്‍ പഠിച്ച സ്‌കൂളില്‍നിന്ന് പതിനാല് പേര്‍ക്ക് ആ വര്‍ഷം ഐ.ഐ.ടി. മദ്രാസില്‍ പ്രവേശനം ലഭിച്ചു.

തങ്ങള്‍ പഠിച്ചിരുന്ന മദ്രാസ് ഐ.ഐ.ടി.യില്‍ ഒരുതരത്തിലുള്ള വിവേചനവും നിലനിന്നിരുന്നില്ല എന്ന് ആണയിട്ടുറപ്പിക്കുന്നവരാണ് ഈ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ഉദാഹരണമായി അറുപതുകളില്‍ ഐ. ഐ.ടി.യില്‍ പഠിച്ച ബാലചന്ദ്രന്‍ 2000 ആകുമ്പോഴേക്കും ഐ.ഐ. ടി.യുടെ ഘടനയില്‍ വരുന്ന മാറ്റത്തെക്കുറിച്ച് ആകുലപ്പെടുന്നുണ്ട്. കാരണം അക്കാലമായപ്പോഴേക്കും ബാലചന്ദ്രന്റെ മകന്‍ ഐ.ഐ. ടി.യില്‍ ബിരുദവിദ്യാര്‍ത്ഥിയായി ചേര്‍ന്നിരുന്നു. മുമ്പ് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഓരോരുത്തര്‍ക്കും ഓരോ മുറിയായിരുന്നു. എന്നാല്‍ തന്റെ മകന്‍ വിദ്യാര്‍ത്ഥിയായിച്ചേര്‍ന്നപ്പോള്‍ ഹോസ്റ്റല്‍ മുറിയില്‍ ഒരു പങ്കാളി കൂടി ഉണ്ടെന്ന് കണ്ടു. ഒരിക്കല്‍ ഭാര്യയോടൊപ്പം മകന്റെ ഹോസ്റ്റലില്‍ പോയപ്പോള്‍ മകന്റെ റൂംമേറ്റിന്റെ രക്ഷിതാക്കളും വന്നിരുന്നു. തങ്ങളെ കണ്ടപ്പോള്‍ ആ രക്ഷിതാക്കള്‍ ആകെ അസ്വസ്ഥത പ്രകടിപ്പിച്ചു. തങ്ങള്‍ ഷെഡ്യൂള്‍ഡ് കാസ്റ്റില്‍ പെട്ടവരാണോ എന്ന് ആ കുട്ടിയുടെ അമ്മ പരസ്യമായി ചോദിച്ചു. തങ്ങള്‍ കൊച്ചിയിലെ രാജ കുടുംബത്തില്‍പ്പെട്ടവരാണെന്ന് പറഞ്ഞപ്പോഴാണ് അവര്‍ക്ക് സമാധാനമായത് (ഈ രണ്ട് കുടുംബവും മലയാളികളാണ്. ഗ്രന്ഥകാരി ഈ പഠനത്തിനായി അഭിമുഖം നടത്തിയ ഐ.ഐ.ടി.യന്‍സിലധികവും മലയാളികളാണെന്ന കാര്യം പ്രത്യേകം ഓര്‍ക്കണം).

ഈ അനുഭവത്തെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ജാതി രാഷ്ട്രീയത്തിന്റെ മൗലിക സ്വഭാവത്തെ തുറന്നുകാട്ടുന്നത്. ബാലചന്ദ്രന്‍ പറഞ്ഞു: ‘ഞങ്ങള്‍ പഠിച്ചിരുന്ന ഐ.ഐ.ടി.യില്‍ ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആരും ആകുലപ്പെട്ടിരുന്നില്ല. ഇപ്പോള്‍ ജാതി രാഷ്ട്രീയം ശക്തിപ്പെട്ടിരിക്കുന്നു.’ പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള ഭരണഘടനാനുസൃതമായ സംവരണം ഐ.ഐ.ടി. പ്രവേശനത്തിന് ബാധകമാക്കിയത് 2008ലാണ്. അതുവരെ ഐ.ഐ.ടി.യില്‍ ജാതി അദൃശ്യമായിരുന്നു എന്നാണര്‍ത്ഥം. തങ്ങളുടെ ജീവിതത്തില്‍ ജാതി ഇല്ലാത്തതുകൊണ്ട് ജാതി എന്ന യാഥാര്‍ത്ഥ്യം പൊയ്ക്കഴിഞ്ഞു എന്ന് വിശ്വസിക്കുന്നവരാണ് ഐ. ഐ.ടി.യിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍. ഇപ്പോള്‍ ഐ.ഐ.ടി.യില്‍ ജാതി പ്രത്യക്ഷപ്പെട്ടതിന് കാരണം അവര്‍ണ്ണരും അസ്പൃശ്യരുമായ കുട്ടികള്‍ ഐ.ഐ.ടി.യില്‍ പ്രവേശനം നേടിയതാണ്. ദളിതര്‍ തുടച്ചുനീക്കപ്പെട്ട കാമ്പസിനെയാണ് ബാലചന്ദ്രന്‍ ജാതിരഹിത-ദേശീയ കാമ്പസായി മനസ്സിലാക്കിയത്.

ഇത് കേരളത്തിലെ ഉപരിമധ്യവര്‍ഗ്ഗത്തിന്റെ സാമാന്യമായ സമീപനമാണ്. ഈ വര്‍ഗ്ഗമാണ് കേരളത്തിലെ സാംസ്‌ക്കാരികവും രാഷ്ട്രീയവുമായ പൊതുമണ്ഡലങ്ങളില്‍ ആശയ രൂപീകരണത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തിലെ ദളിത് രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി ഈ വര്‍ഗ്ഗത്തിന്റെ പ്രത്യയശാസ്ത്രപരമായ മേല്‍ക്കോയ്മയാണ്. സംവരണത്തിലൂടെ കുട്ടികള്‍ പ്രവേശനം നേടുമ്പോള്‍ മെറിറ്റിനെ ശല്യം ചെയ്യുന്ന ജാതി കടന്നുവരുന്നതായി ഇവര്‍ ആധിപ്പെടുന്നു. അതുകൊണ്ടാണ് മെറിറ്റോക്രസി എന്നത് സംവരണവിരുദ്ധ രാഷ്ട്രീയമാണെന്ന് പറയുന്നത്. 1960കളിലെ ഐ.ഐ.ടി.യന്‍സ് ‘സ്വാഭാവിക പ്രതിഭ’കളായിരുന്നുവെന്നും സിലബസ് പഠിക്കാന്‍ അവര്‍ക്ക് ബുദ്ധി മാത്രം മതിയായിരുവെന്നും ബാലചന്ദ്രന്‍ പറയുന്നു. ഈ സ്വാഭാവിക പ്രതിഭകളുടെ സാമൂഹ്യ പശ്ചാത്തലം പ്രസക്തമാണെന്ന് തങ്ങള്‍ക്ക് ഒരിക്കലും തോന്നിയിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്നുവെന്നും അത് വിവേചനത്തിന് കാരണമായിരുന്നില്ലെന്നും ബാലചന്ദ്രന്‍ പറയുന്നുണ്ട്. എന്നാല്‍ ദരിദ്രരായ ഉന്നത ജാതിക്കാരാണ് ഇവ്വിധം സ്‌കോളര്‍ഷിപ്പോടുകൂടി ഐ.ഐ.ടി.യില്‍ പഠിച്ചതെന്നും അജന്ത കണ്ടെത്തുന്നുണ്ട്.

സംവരണവും നാട്ടിലുടനീളം ആരംഭിച്ച കോച്ചിങ് സെന്ററുകളുമാണ് ദളിത് വിദ്യാര്‍ത്ഥികളെ ഐ. ഐ.ടി.യില്‍ എത്താന്‍ സഹായിച്ചത്. മദ്രാസ് ഐ.ഐ.ടിയില്‍നിന്ന് ഇപ്പോള്‍ ദളിത് വിദ്യാര്‍ത്ഥികള്‍ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. പുതിയ ഒരു രാഷ്ട്രീയ കര്‍തൃത്വത്തിന്റെ ആവിഷ്‌ക്കാരമാണത്. അത് ആരെയെങ്കിലും ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ബ്രാഹ്മണ്യത്തെയല്ലാതെ മറ്റൊന്നിനേയും ആയിക്കൂടാ. ഐ. ഐ.ടി.യില്‍നിന്ന് മെറിറ്റ് കുടിയിറങ്ങിപ്പോയെന്ന് വിലപിക്കുന്നവര്‍ കുടിയിറങ്ങിപ്പോകുന്ന സവര്‍ണ്ണതയെ ഓര്‍ത്താണ് കരയുന്നതെന്ന് തിരിച്ചറിയുന്നില്ല. ചുരുക്കത്തില്‍ ബ്രാഹ്മണ പ്രത്യയശാസ്ത്രത്തെ സമര്‍ത്ഥമായി മൂടിവെക്കുന്ന മിത്താണ് മെറിറ്റെന്ന് ഈ പുസ്തകം അര്‍ത്ഥശങ്കക്കിടയില്ലാതെ തെളിയിക്കുന്നു.

(കടപ്പാട് – പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Literature | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply