ട്രാൻസ്‌ജെൻഡർ സമുദായാംഗങ്ങളുടെ ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കുക.

2021 ജൂലൈ 20നു എറണാകുളത്തെ ഫ്ളാറ്റില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റ് അനന്യ കുമാരി അലക്‌സിന് നീതി ലഭ്യമാക്കണമെന്നും ട്രാന്‍സ്ജെന്‍ഡര്‍ സമുദായാംഗങ്ങളുടെ ആരോഗ്യ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ജസ്റ്റിസ് ഫോര്‍ അനന്യ- സംസ്ഥാന ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്ന ജെന്‍ഡര്‍ അഫര്‍മേഷന്‍ ശസ്ത്രക്രിയിലെ പോരായ്മകളെ കുറിച്ചും, പ്രസ്തുത വിഷയത്തില്‍ തനിക്കു നേരിട്ട ഗുരുതരമായ ചികിത്സാ അലംഭാവത്തിനെതിരെയും അനീതിക്കെതിരെയും ശക്തമായ ചോദ്യങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തിയിരിക്കെയാണ് അനന്യ മരണപ്പെട്ടത്. അനന്യയുടെ അകാല മരണവുമായി ബന്ധപ്പെട്ടുള്ള ദുരൂഹതകള്‍ അന്വേഷിക്കുന്നതിനായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച വസ്തുതാന്വേഷണ സംഘം നടത്തിയ പഠന റിപ്പോര്‍ട്ട് ആലുവ YMCA യില്‍ നടന്ന ചടങ്ങില്‍ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തു. തുടര്‍ന്ന് ‘ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ആരോഗ്യം; സംവിധാനങ്ങളും നിയമങ്ങളും പരിമിതികളും’ എന്ന വിഷയത്തില്‍ ദേശീയസെമിനാറും നടന്നു. പഠനറിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍, നിര്‍ദ്ദേശങ്ങള്‍ എന്നീ ഭാഗങ്ങളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

കണ്ടെത്തലുകള്‍

1. ഇപ്പോള്‍ നടക്കുന്ന പല GASകളും WPATH മുന്നോട്ടുവെച്ചിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവയാണ്, അനന്യയുടെ കാര്യത്തിലും വേണ്ട രീതിയിലുള്ള കൗണ്‍സലിംഗോ സുതാര്യതയുള്ള ചികിത്സയോ ലഭിച്ചിട്ടില്ല എന്ന് വ്യക്തമാണ്. ഇത്തരം ശസ്ത്രക്രിയക്ക് ശേഷം ട്രാന്‍സ് വ്യക്തികളുടെ പലരുടെയും ജീവിതത്തിന്റെ ഗുണനിലവാരം കുറയുന്നതായി കാണുന്നുണ്ട്; വരുമാനമാര്‍ഗ്ഗമായ ജോലികള്‍ കൂടാതെ ദൈനംദിന പ്രക്രിയകള്‍ പോലും ദുര്‍ഘടമാകുന്നുണ്ട്.

2. തങ്ങള്‍ക്കു മുമ്പിലുള്ള പലതരം ചികിത്സാമാര്‍ഗ്ഗങ്ങളെ പറ്റിയുള്ള അറിവ് വ്യക്തവും ക്രമീകരിച്ച രീതിയിലും ട്രാന്‍സ് വ്യക്തികള്‍ക്ക് ലഭിക്കാന്‍ മാര്‍ഗ്ഗമില്ല. ശസ്ത്രക്രിയക്ക് ശേഷം എന്തൊക്കെ ശാരീരിക മാറ്റങ്ങള്‍ പ്രതീക്ഷിക്കാം, ഉയര്‍ന്നുവരാവുന്ന സങ്കീ ര്‍ണ്ണതകള്‍ എങ്ങിനെ പരിഹരിക്കാം എന്നിങ്ങനെയുള്ള വിശദാംശങ്ങള്‍ ഡോക്ടര്‍മാര്‍ പലപ്പോഴും നല്‍കുന്നില്ല. ഇത്തരം വിവരങ്ങള്‍ ഇപ്പോള്‍ ട്രാന്‍സ്വ്യക്തികള്‍ നേടുന്നത് അനൗദ്യോഗികമായി മാര്‍ഗ്ഗങ്ങളിലൂടെ ആയതുകൊണ്ട് തെറ്റായ ധാരണകള്‍ പ്രചരിക്കാന്‍ സാധ്യതയുണ്ട്. ഓരോ ശരീരവും ശസ്ത്രക്രിയയോട് ഓരോ രീതിയിലാണ് പ്രതികരിക്കുക, ഇലിയല്‍ വജൈനോപ്ലാസ്റ്റി (ileal vaginoplasty) എന്ന ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സാധാരണയായി ഉണ്ടാകുന്ന സങ്കീര്‍ണ്ണതകള്‍, ഇവയൊന്നും അനന്യ അറിഞ്ഞിരുന്നില്ല എന്ന് അനന്യയുടെ പ്രസ്താവനകളും അടുത്തുള്ളവരുടെ മൊഴികളും വ്യക്തമാക്കുന്നു.

3. അനന്യ യുടെ GAS വേണ്ടത്ര തെയ്യാറെടുപ്പുകള്‍ക്കു സമയം കൊടുക്കാതെ വളരെ തിരക്കിട്ടു നടത്തിയ ഒന്നാണ്. ശസ്ത്രക്രിയക്കു മുന്‍പ് തിരക്കിട്ടു നടത്തിയ മാനസികാരോഗ്യ വിലയിരുത്തലുകളും റെഫെറന്‍സിങ് മൂലം അനന്യ ശസ്ത്രക്രിയ അഭിമുഖീകരിക്കുന്നതിനു തയ്യാറാണോ എന്ന് ഫലപ്രദമായി വിലയിരുത്തുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്.

4. ശസ്ത്രക്രിയക്കു ശേഷം അനന്യ ശാരീരികമായ പലതരം പ്രശ്‌നങ്ങള്‍ നേരിട്ടിട്ടുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന പഴുത്തളിഞ്ഞ യോനി, സദാ സമയവും വേദന, നിത്യേന ചെയ്യുന്ന പ്രവര്‍ത്തികളായ നില്‍ക്കുക, ഇരിക്കുക, മലമൂത്ര വിസര്‍ജനം ചെയ്യുക തുടങ്ങിയ സാധാരണ പ്രക്രിയകള്‍ വരെ അനന്യക്ക് ബുദ്ധിമുട്ടായിരുന്നു. ശസ്ത്രക്രിയ അനന്യയുടെ ജീവിതത്തിന്റെ ക്വാളിറ്റി നഷ്ടപ്പെടുത്തി.

5. ഇതെല്ലാം മാനസികവും ശാരീരികവും സാമ്പത്തികവും വൈകാരികവും ആയ പ്രശ്‌നങ്ങള്‍ അനന്യക്ക് സൃഷ്ടിച്ചിട്ടുണ്ട്.

6. റെനൈ മെഡിസിറ്റിയില്‍ അനന്യക്ക് പുനര്‍ ശസ്ത്രക്രിയ നടത്തിയെങ്കിലും അനന്യയുടെ ശാരീരികമായ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്ണമാവുകയാണ് ചെയ്തത്.

7. ശസ്ത്രക്രിയക്ക് ശേഷം കഠിനമായ വേദനയും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു എന്ന് വീണ്ടും വീണ്ടും ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും വേണ്ട ശസ്ത്രക്രിയാനന്തര പരിചരണം ലഭിച്ചില്ല. സ്വന്തം ചിലവില്‍ വിദഗ്ധ മേല്‍നോട്ടമില്ലാതെയാണ് ഈ പരിചരണം നടന്നത്. വളരെ ശ്രദ്ധാപൂര്‍വം ചെയ്യേണ്ട ഈ പരിചരണം ഒരു ഹോസ്പിറ്റലില്‍ നിന്നും കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ലഭിക്കുന്നില്ല.

8. ശസ്ത്രക്രിയക്ക് ശേഷം മാനസികമായ പലതരം പ്രശ്‌നങ്ങള്‍ അനന്യക്ക് ഉണ്ടായിട്ടും മാനസികാരോഗ്യ വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കിയതിനു രേഖകളൊന്നും ലഭ്യമായിട്ടില്ല.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

9. GASയോ മറ്റു ജെന്‍ഡര്‍ സ്വത്വ-സംബന്ധമായ ചികിത്സകളോ നടന്ന ശേഷം, വരുമാനമാര്‍ഗ്ഗം തുടരാന്‍ ആകുന്നതുവരെ ആവശ്യമുള്ള ചികിത്സാനന്തര പരിചരണത്തിനുള്ള കൃത്യമായ മാര്‍ഗ്ഗരേഖ (post-surgical care plan) ആരോഗ്യവിദഗ്ധര്‍ രൂപീകരിക്കുന്നില്ല എന്നത് വ്യക്തമായിരുന്നു.

10. അനന്യ മാത്രമല്ല, GASന് വിധേയരായ പല ട്രാന്‍സ് വ്യക്തികളും ഇത്തരം സങ്കീര്‍ണ്ണതകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്; അനന്യയുടെ അനുഭവം മറ്റുള്ളവര്‍ക്കും ഉണ്ടായിട്ടുണ്ട്.

11. ചികിത്സാനടപടികള്‍ക്കു ശേഷം ട്രാന്‍സ് വ്യക്തികള്‍ അതിന്റെ രേഖകള്‍ ആവശ്യപ്പെടുമ്പോള്‍ ആശുപത്രികള്‍ അത് കൊടുക്കാതിരിക്കുന്നുണ്ട്. കിട്ടിയ ചികിത്സയില്‍ സംതൃപ്തിയില്ലെങ്കില്‍ മറ്റു ആശുപത്രികളില്‍ തുടര്‍ചികിത്സ തേടാനോ, ഉപഭോക്തൃകോടതികളില്‍ നീതിതേടാനോ അവര്‍ക്കു ഇതുമൂലം കഴിയുന്നില്ല. ഇത് പ്രാഥമികമായ ആരോഗ്യവകാശത്തിന്റെ ലംഘനമാണ്.

12. ശസ്ത്രക്രിയ തുടര്‍ന്നുള്ള സങ്കീര്‍ണ്ണതകള്‍ മൂലം അനന്യ പലവട്ടം ആശുപത്രിയില്‍ അഡ്മിറ്റ് ആയപ്പോഴും ഈടാക്കിയിരുന്നത് വലിയ തുകകളാണ്. ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം ജോലിചെയ്യാനാകാത്ത സന്ദര്‍ഭത്തില്‍ അനന്യയെയും മറ്റു പലരെയും ഇത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്.

13. കേരളത്തിലെ ആശുപത്രികളില്‍ നടക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളുടെ പ്രധാന ആവശ്യമായ GAS നെക്കുറിച്ചോ, മറ്റു ജെന്‍ഡര്‍ സ്വത്വ-സംബന്ധമായ ചികിത്സകളെക്കുറിച്ചോ വ്യക്തമായ ധാരണയുടെ അഭാവം നിലനില്‍ക്കുന്നുണ്ട്. എത്രപേര്‍ക്ക് ശസ്ത്രക്രിയ നടത്തി, ഏതൊക്കെ ഹോസ്പിറ്റലുകളില്‍, ഗവണ്മെന്റ് ഇതിനായി എത്ര പൈസ ചിലവഴിച്ചു, ഇതില്‍ ആര്‍ക്കൊക്കെ ശസ്ത്രക്രിയക്ക് ശേഷം ശാരീരികവും മാനസികവും ആയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു, ചികിത്സയ്ക്കു മുമ്പും ശേഷവുമുള്ള ട്രാന്‍സ് വ്യക്തികളുടെ അനുഭവങ്ങള്‍ എന്നതിനെകുറിച്ചെല്ലാം അന്വേഷണം നടത്തേണ്ടതുണ്ട്.

14. കളമശ്ശേരി പോലീസ് അധികൃതര്‍ സാധാരണയായി നടത്തുന്ന ഇന്‍ക്വസ്റ്റ് നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല എന്നാണു ഞങ്ങള്‍ക്ക് ലഭിച്ച മൊഴികളില്‍ നിന്നും മനസ്സിലാകുന്നത്. അനന്യയുടെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തന്നെ തയ്യാറാക്കിയിട്ടുണ്ടോ എന്നത് വ്യക്തമല്ല. അനന്യയുടെ മരണം അന്വേഷിക്കുന്നതില്‍ സാരമായ പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം, ഇന്‍ക്വസ്റ്റ് എന്നീ നടപടികളില്‍ പ്രത്യേകിച്ച്.

15. വസ്തുതാന്വേഷണത്തിന്റെ ഭാഗമായി ഞങ്ങളുമായി ഇടപെട്ട മിക്ക കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും സ്വന്തം സമുദായത്തിലെ ഒരംഗം ആത്മഹത്യ ചെയ്യുമ്പോള്‍ പൊതുവെ കാണുന്ന ‘കളക്ടീവ് ട്രോമ’ യുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു.

16. സാമൂഹികവും സാമ്പത്തികവുമായുള്ള അസ്ഥിരത കടുത്ത മാനസിക ഉത്ക്കണ്ഠ അല്ലെങ്കില്‍ anxiety തങ്ങളില്‍ സൃഷ്ടിക്കുന്നുണ്ട് എന്ന് മിക്കവരും സ്ഥിരീകരിച്ചു.

17. ട്രാന്‍സ് ജെന്റര് ബോര്‍ഡ്, സെല് എന്നിവ സര്ക്കാരിന്റെ ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്ന അധികാരം മാത്രമുള്ളവയാണ്.

18. ട്രാന്‍സ് കമ്മ്യൂണിറ്റിക്കും ബോര്‍ഡിനും നയരൂപീകരണത്തിലോ കമ്മ്യൂണിറ്റിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ രൂപീകരണത്തിലോ ഗണ്യമായ പങ്കില്ല.

19. ബോര്ഡിന്റേയും സെല്ലിന്റേയും പ്രവര്ത്തനത്തിനാവശ്യമായ പണമോ വിഭവങ്ങളോ ലഭ്യമല്ല.

20. കമ്മ്യൂണിറ്റി അംഗങ്ങളായ ബോര്‍ഡ് അംഗങ്ങള്‍ സ്വന്തം പണമെടുത്ത് വേണം ബോര്‍ഡിന്റെ പ്രവര്ത്തനങ്ങള്‍ക്കും യോഗങ്ങള്‍ക്കും യാത്ര ചെയ്യാന്‍

21. ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ഇടപെടാനുള്ള അധികാരം ട്രാന്‍സ്‌ജെന്‍ഡര്‍ ക്ഷേമത്തിനായുള്ള നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് (ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍, ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്) ഇല്ല. തങ്ങ ളുടെ പങ്കാളിത്തം ഒട്ടുമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കുന്ന ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാനും, കമ്യുണിറ്റിയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ വ്യക്തിപരമായ വിഭവങ്ങള്‍ ഉപയോഗിച്ച് പരിഹരിക്കാനും മാത്രമുള്ള ‘വികസന തൊഴിലാളികള്‍’ മാത്രമായി ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കു പ്രവര്‍ത്തിക്കേണ്ടി വരുന്നുണ്ട് എന്ന് ഈ വസ്തുതാന്വേഷണത്തില്‍ നിന്നും വ്യക്തമാണ്.

22. വിഷാദ ലക്ഷണങ്ങളായ low mood, അരക്ഷിതരാണെന്ന തോന്നല്‍, നിരാശ, ആത്മഹത്യാ ചിന്തകള്‍ ഒക്കെ ഞങ്ങളോട് സംസാരിച്ചവരില്‍ കണ്ടു.

23. ആരോഗ്യ സേവനങ്ങള്‍ ഉപയോഗിച്ചവര്‍, മാനസിക, ശാരീരിക ആരോഗ്യപ്രവര്‍ത്തകര്‍ പൊതുവെ ട്രാന്‍സ്/ക്വിയര്‍-അനുകൂലമായ (affirmative) രീതികളില്‍ അല്ല പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചു.

24. ഡിഎംഒ, തിരുവതാംകൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൌണ്‍സില്‍ തുടങ്ങി ആരോഗ്യ രംഗത്തെ നീതി നിഷേധത്തെ നിയന്ത്രിക്കാന്‍ പ്രാപ്തിയുള്ള പൊതുവേദികള്‍ ഇത്തരം കേസുകളില്‍ പരാതിക്കാരായവരെ ഉപേക്ഷിച്ചു കളയുന്ന രീതിയില്‍ പെരുമാറരുത്. അനന്യയുടെ അച്ഛനും ആക്ഷന്‍ കൗണ്‍സിലും വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും അനന്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട രേഖകള്‍ നല്കാന്‍ ഈ രണ്ടു ഓഫിസുകളും തയ്യാറായില്ല.

നിര്‍ദേശങ്ങള്‍

ഞങ്ങള്‍ ഇവിടെ മുന്നോട്ടു വെക്കുന്ന ഓരോ നിര്‍ദേശവും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെയും സംഘടനകളുടെയും അഭിപ്രായങ്ങള്‍ കണക്കിലെടുത്തതിന് ശേഷമേ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാവൂ. ഈ കണ്‍സള്‍ട്ടേഷനുകളില്‍ ട്രാന്‍സ് സ്ത്രീകള്‍, ട്രാന്‍സ് പുരുഷന്മാര്‍, ഇന്റര്‍സെക്‌സ് വ്യക്തികള്‍, നോണ്‍-ബൈനറി ജെന്‍ഡര്‍ സ്വത്വങ്ങള്‍ ഉള്ളവര്‍ ഉള്‍പ്പടെ വ്യത്യസ്ത ലൈംഗീക-ജെന്‍ഡര്‍ സ്വത്വങ്ങളില്‍ ജീവിക്കുന്ന സമുദായാംഗങ്ങളെയും സംഘടനകളെയും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

1. അനന്യയുടെ ആത്മഹത്യയുടെ അന്വേഷണത്തില്‍ പോലീസിന് സംഭവിച്ച പാകപ്പിഴകള്‍ പരിഹരിച്ചു പുനരന്വേഷണം നടത്തുക.

2. സര്‍ക്കാര്‍ മുന്‍കൈ എടുത്തു കേരളത്തിനു പുറത്തു ഇത്തരം സര്‍ജറികള്‍ ചെയ്തു എക്‌സ്‌പെര്‍ട്ടീസ് ഉള്ള മെഡിക്കല്‍ കോളേജുകളില്‍ അയച്ചു GAP ല്‍ വൈദഗ്ദ്ധ്യം ഉള്ള ഡോക്ടര്‍മാര്‍, സൈക്കോളജിസ്റ്റ്, സൈക്ക്യാട്രിസ്റ്റ്, സോഷ്യല്‍ വര്‍ക്കേഴ്‌സ് എന്നിവര്‍ക്ക് പരിശീലനം കൊടുക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ തന്നെ ഉള്ള പ്രൊഫഷണലുകള്‍ക്കു ഇത്തരം ട്രൈനിങ്ങില്‍ കൂടുതല്‍ പരിഗണന കൊടുക്കണം. കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ GAS ശസ്ത്രക്രിയക്കു പ്രത്യേക ലൈസന്‍സോ സര്‍ട്ടിഫിക്കറ്റോ സ്ഥാപിക്കണം.

3. GAP ന്റെ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കേരളത്തിലെ ട്രാന്‍ജെന്‍ഡര്‍ വിഭാഗങ്ങളുടെ സാഹചര്യങ്ങളും പരിഗണിച്ചു ഇതിനു വേണ്ട പ്രോട്ടോകോള്‍കള്‍ ഉണ്ടാക്കുകയും അത് നടപ്പിലാക്കുകയും വേണം. Standard of Care ഗവണ്മെന്റ് സെറ്റ് ചെയ്യുകയും ഗവണ്മെന്റ് നിശ്ചയിച്ച ഒരു പൊതുവിഭാഗം അത് മോണിറ്റര്‍ ചെയ്യുകയും വേണം.

4. ട്രാന്‍സ് ജെന്റര്‍ മെഡിസിനില്‍ പ്രവൃത്തി പരിചയത്തിനായുള്ള കോഴ്‌സുകള്‍, ഇതില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത വിഭാഗങ്ങള്‍ക്കായി നടപ്പാക്കണം. ഇതില്‍ അവരുടെ ജീവിതസാഹചര്യങ്ങളെയും, അതിന്റെ സാമൂഹ്യഘടകങ്ങളെയും കൂടി ഉള്‍പ്പെടുത്തണം. ഈ കോഴ്‌സ് ഇന്റര്‍ഡിസിപ്ലിനറി ആയിരിക്കണം. ട്രാന്‍സ് ജെന്‍ഡര്‍ മെഡിസിന്‍ വ്യത്യസ്ത വകുപ്പുകളുടെ ഏകോ പനത്തിലൂടെ നടപ്പാക്കേണ്ടതാണ്. സൈക്യാട്രി, എന്‍ഡോ ക്രൈനോളജി, സര്‍ജറി തുടങ്ങി ആവശ്യമുള്ള വ്യത്യസ്ത വിഭാഗങ്ങളുടെ ടീം ജില്ലാതലത്തില്‍ രൂപീകരിക്കുകയും അവര്‍ പല സ്ഥാപനങ്ങളില്‍ ഉള്ളവരാണെങ്കിലും ഏകോപനത്തിലൂടെയും പരസ്പരം റഫര്‍ ചെയ്തും ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഈ ടീമിന് ആവശ്യമായ പരിശീലനം സംസ്ഥാനതലത്തില്‍ നടത്തുകയും പ്രവര്‍ത്തനങ്ങള്‍ മോണിറ്റര്‍ ചെയ്യുകയും വേണം.

5. GAPന്റെ മെഡിക്കല്‍, സര്‍ജിക്കല്‍ വശങ്ങളെ കുറിച്ച് മതിയായ ഗവേഷണങ്ങളുടെ അഭാവം ഉണ്ടെങ്കില്‍ അത്തരം ഗവേഷണങ്ങള്‍ നടത്തണം. ഏതൊരു ശസ്ര്യക്രിയയ്ക്കും റിസ്‌ക്ക് അഥവാ പരാജയസാധ്യത ഉണ്ടെങ്കിലും, കേരളത്തിലെ ആശുപത്രികളില്‍ ചെയ്യുന്ന GAS ശസ്ത്രക്രിയകളില്‍ അസാധാരണമായ തോതില്‍ പരാജയമുണ്ടാകുന്നുണ്ടോ എന്ന് കണക്കെടുപ്പിലൂടെ സര്‍ക്കാര്‍ പരിശോധിക്കണം.

6. സര്‍ജറി,സൈക്യാട്രി, എന്‍ഡോക്രൈനോളജി, അത്യാവശ്യമുള്ള മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരടങ്ങുന്ന ടീം രൂപപ്പെടുത്തുകയും അവരുടെ നേതൃത്വത്തില്‍ സമഗ്ര ചികിത്സ (comprehensive therapy ) നല്‍കുകയുമാണ് വേണ്ടത്. എല്ലാവരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേസ് ഷീറ്റിലുണ്ടാവണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

7. നമ്മുടെ നാട്ടില്‍ GAP നെ പറ്റി പഠനങ്ങള്‍ നടത്തുകയും, അതിന്റെ അടിസ്ഥാനത്തിലും കമ്മ്യൂണിറ്റിയില്‍ നിന്ന് അനുഭവങ്ങള്‍ വിലയിരുത്തിയും അന്താരാഷ്ട്രമാനദണ്ഡങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ തന്നെ ഗൈഡ് ലൈനുകള്‍ കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുകയും വേണം.

8. GAP പ്രക്രിയകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, മറ്റു പൊതു സമൂഹത്തിലെ അംഗങ്ങള്‍ എന്നിവര്‍ക്ക് ഇതിനെ കുറിച്ച് അവബോധവും ആവശ്യക്കാര്‍ക് വേണ്ട പിന്തുണയും കൂടുതല്‍ ഇന്‍ഫൊര്‍മേഷന്‍സും കൊടുക്കാന്‍ സാധിക്കുന്നതരത്തില്‍ കമ്മ്യൂണിറ്റി റിസോഴ്‌സ് സെന്ററുകളും കമ്മ്യൂണിറ്റി റിസോഴ്‌സ് പേര്‌സണ്‍സിനെയും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കുള്ളില്‍ സൃഷ്ടിക്കണം. ഇവര്‍ക്ക് ആവശ്യമായ ശമ്പളവും ഓഫീസും കൂടുതല്‍ പരിശീലനവും മറ്റു സൗകര്യങ്ങളും നല്‍കുകയും വേണം. ഇതില്‍ എല്ലാ വിഭാഗം ട്രാന്‍സ് വ്യക്തികളെയും intersex ആയവരെയും ഉള്‍പ്പെടുത്തണം.

9. ആരോഗ്യസ്ഥാപനത്തിനു അവരുടെ ആവശ്യങ്ങളെ നിറവേറ്റാനാകാത്ത അവസ്ഥ നിലനില്‍ക്കെ, ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി പ്രവര്‍ത്തകരാണ് പലപ്പോഴും അവരുടെ വ്യക്തിപരമായ ചിലവില്‍ മറ്റുള്ളവര്‍ക്കായുള്ള കൗണ്‍സലിംഗ്, അറിവ് പകര്‍ന്നു കൊടുക്കല്‍, ചികിത്സാനന്തര ശുശ്രുഷ, എന്നീ കടമകള്‍ നിര്‍വഹിക്കുന്നത്. ഈ സാഹചര്യം പരിഗണിച്ചു സര്‍ക്കാര്‍ ട്രെയിനിങ് കൊടുക്കുന്നതിലൂടെ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ വ്യക്തികളെ തന്നെ വേതനമുള്ള കമ്മ്യൂണിറ്റി സപ്പോര്‍ട്ട് സ്ഥാനങ്ങളില്‍ നിയമിക്കേണ്ടതുണ്ട്. GAS, സൈക്കോളജിക്കല് കൗണ്‍സിലിങ്, നേഴ്‌സിങ് എന്നീ മേഖലകളില്‍ ട്രാന്‌സ് വ്യക്തികള്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഇവര്‍ക്ക് ജോലി നല്കാം.

10. സ്വകാര്യ ആശുപത്രികളില്‍ GAS ശസ്ത്രക്രിയ നടത്തിയ ആളുകളില്‍ നിന്നും പ്രതികരണങ്ങള്‍ സ്വീകരിച്ചു ആവശ്യമായ തിരുത്തലുകളും സംവിധാനങ്ങളും ഒരുക്കണം.

11. ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക് വേണ്ടി 24 മണിക്കൂര്‍ ഹെല്‍പ്ലൈന്‍ ആരംഭിക്കുക (ഇത്തരം ഹെല്‍പ്ലൈന്‍ ഔദ്യോഗികമായി നിലവിലുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നതായി അറിവില്ല).

12. ജെന്‍ഡര്‍ അഫര്‍മേറ്റിവ് ശസ്ത്രക്രിയക്ക് ശേഷം ആവശ്യമായ തരത്തില്‍ പോസ്റ്റ് സര്‍ജിക്കല്‍ കെയറും തുടര്‍പരിചരണങ്ങളും ഉറപ്പുവരുത്തുക. ശസ്ത്രക്രിയക്ക് വിധേയമാകുന്ന ഓരോ ട്രാന്‍സ് വ്യക്തിയുടെ ഫോളോ അപ്പ് നടത്താനും ഒരു കേസ് വര്‍ക്കറെ നിയമിക്കണം.

13. ലിംഗ ശസ്ത്രക്രിയ ചെയ്തവര്‍ മാത്രമാണ് ശരിയായ അല്ലെങ്കില്‍ ‘പൂര്‍ണ്ണത’ എത്തിയ ട്രാന്‍സ് വ്യക്തികള്‍ എന്ന മിഥ്യാബോധം അകറ്റുവാനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ്, കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവര്‍ക്ക് ബോധവത്ക്കരണം നല്‍കണം. പോലീസ് എന്നിവര്‍ ട്രാന്‍സ് വ്യക്തികളുടെ ലൈംഗികാവയവങ്ങള്‍ പരിശോധിച്ച് അവരുടെ സ്വത്വം ഉറപ്പുവരുത്തുന്ന രീതി നിര്‍ത്തലാക്കണം. ജെന്‍ഡറും ലൈംഗികാവയവങ്ങളും തമ്മില്‍ സമീകരിക്കാന്‍ സാധിക്കില്ല എന്ന് പോലീസുദ്യോഗസ്ഥരെ പഠിപ്പിക്കണം.

14. രക്ഷിതാക്കള്‍ക്ക് ബോധവത്കരണം നല്‍കുക. ഞങ്ങളോട് സംസാരിച്ച ഒരു ട്രാന്‍സ് വ്യക്തി പറഞ്ഞതുപോലെ, ‘പല കമ്മ്യൂണിറ്റി മെമ്പേഴ്‌സും വീടുവിട്ടു വരുന്നതിന് കാരണം പാരന്‍സ് ആണ്’. കുടുംബം നല്‍കുന്ന പരിരക്ഷയും കുടുംബം സ്വരുക്കൂട്ടിയ വിഭവങ്ങളും ട്രാന്‍സ്വ്യക്തികളുടെ കൂടി അവകാശമാണ് എന്ന ബോധ്യമുണ്ടാവേണ്ടതുണ്ട്.

15. ട്രാന്‍സ്‌ജെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോംസ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ തന്നെ നടത്തുക. അങ്ങിനെ ഒരു സ്ഥാപനം നടത്താനാവശ്യമായ പരിശീലനവും കൃത്യമായ സപ്പോര്‍ട്ടും നല്‍കുക.

16. നിലവില്‍ 40 വയസ്സിനു കൂടുതലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തുടര്‍ചികിത്സാ ധനസഹായം നല്‍കുന്നില്ല. പ്രായമേറിയവര്‍ക്കാണ് പരിചരണം കൂടുതല്‍ ആവശ്യം എന്നിരിക്കെ ഇത്തരം പ്രായപരിധികള്‍ എടുത്തുമാറ്റേണ്ടതുണ്ട്.

17. ട്രാന്‍സ് വ്യക്തികളുടെ ആരോഗ്യാവകാശങ്ങള്‍ സംബന്ധിച്ചുള്ള നിയമങ്ങള്‍ ക്രോഡീകരിക്കുകയും, ഇപ്പോള്‍ നിലവിലുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസിയില്‍ പറഞ്ഞിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സപ്പോര്‍ട്ട് ആന്‍ഡ് ക്രൈസിസ് ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ (TSCIC, പേജ് 18) പോലുള്ള സജ്ജീകരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യണം.

18. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ ആത്മഹത്യകളില്‍ ഇതുവരെ നടന്ന പോലീസ് അന്വേഷണത്തെകുറിച്ചു അന്വേഷണം നടത്തണം. ഇത്തരം അന്വേഷണങ്ങളില്‍ procedures എന്താണെന്നു വ്യക്തമായ ഒരു രൂപരേഖ വേണം.

19. കേരളത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ നല്‍കിയ പരാതികളില്‍ പോലീസ് അന്വേഷണം എങ്ങിനെ നടക്കുന്നു എന്ന് അന്വേഷിക്കണം.

20. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്, ട്രാന്‍സ്‌ജെന്‍ഡര്‍ സെല്‍ എന്നിങ്ങനെ രണ്ടു വകുപ്പുകള്‍ ഉണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കുന്ന ക്ഷേമപദ്ധതികള്‍ നടപ്പാക്കുക എന്ന ദൗത്യത്തില്‍ അവരുടെ അധികാരപരിധി ഒതുങ്ങിനില്‍ക്കുന്നു. ക്ഷേമപദ്ധതികളുടെ ആവിഷ്‌കാരത്തില്‍ പോലും അവര്‍ക്കു വേണ്ട പ്രാധാന്യം ലഭിക്കുന്നില്ല. ട്രാന്‍സ് വ്യക്തികളെ കാര്യമായി ബാധിക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ വരുമ്പോള്‍ വേണ്ട രീതിയില്‍ ഇടപെടാന്‍ ഇതുമൂലം ഈ വകുപ്പുകള്‍ക്ക് പറ്റാതെവരുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ അവകാശങ്ങള്‍ക്കായി സ്ഥാപിച്ചിരിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ശാക്തീകരിക്കേണ്ടതുണ്ട്. നിലവില്‍ വനിതാ കമ്മീഷനുള്ളതുപോലുള്ള സ്റ്റാറ്റിയൂട്ടറി അധികാരങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത്തരം വീഴ്ചകള്‍ക്കെതിരെ പരാതികള്‍ പരിഗണിക്കാനും, ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിയമപരമായ പിന്തുണ നല്‍കാനും, കാര്യക്ഷമമായി പ്രതികരിക്കാനും ഈ വകുപ്പുകള്‍ക്ക് കഴിയുകയുള്ളൂ.

21. മാനസികമായ സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ചിരുന്നു പൊതുവായ സംശയങ്ങള്‍ പറഞ്ഞു തീര്‍ത്തു സങ്കടം പങ്കുവെയ്ക്കാന്‍ പറ്റുന്ന ഒരു ഇടം/ചടങ്ങു അടിയന്തിരമായി നടക്കേണ്ടതുണ്ട് . ഇതുവരെ നടന്ന ആത്മഹത്യകളും മരണങ്ങളും എല്ലാം ഓര്‍ത്തു ആദരിക്കണം. കേരളത്തിന്റെ സാമൂഹിക ചരിത്രത്തില്‍ ഇവര്‍ ഓരോരുത്തരും നടത്തിയ പങ്കു മുഖ്യധാരാ സമൂഹം മറന്നു പോകാതിരിക്കാനും ഇത് ആവശ്യമാണ്. ഒപ്പം ഒരുമിച്ചിരുന്നു ഓര്‍മ്മകളും ദുഖവും പങ്കിടുമ്പോഴാണ് മാനസികമായി മരണത്തെ നേരിടാന്‍ പറ്റുക. ഒരാളുടെ മരണത്തില്‍ വിലപിക്കാന്‍ സാധിക്കുക എന്നത് അവരെ മനുഷ്യരായി അടയാളപ്പെടുത്തുന്നതിനായുള്ള ശ്രമവും കൂടിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply