കോറോണാനന്തര കേരളം – പ്രശ്‌നങ്ങളും സാധ്യതകളും

കൊറോണാനന്തരം മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിവര്‍ത്തനപ്പെടാനും, അതില്‍നിന്നുരുത്തിരിയുന്ന പുതിയ സാധ്യതകളെ പ്രയോജനപ്പെടുത്താനുമുള്ള കര്‍മ്മപദ്ധതികളാണ് നാം ആവിഷ്‌കരിക്കേണ്ടത്.

കൊറോണാനന്തരം നാനാവിധമായ പ്രശ്‌നങ്ങളാണ് കേരളം അഭിമുഖീകരിക്കാന്‍ പോകുന്നത്. കൊറോണയ്ക്കു മുന്‍പുതന്നെ കേരളത്തിന്റെ സാമ്പത്തികനില പരുങ്ങലിലായിരുന്നു.വലിയ തുകയ്ക്കുള്ള ബില്ലുകളൊന്നും പാസാക്കാനാവാത്ത അവസ്ഥയിലായിരുന്നു ട്രഷറി. കൊറോണ അടച്ചിടല്‍ മൂലം സര്‍ക്കാരിന്റെ പ്രധാന വരുമാനമാര്‍ഗങ്ങളെല്ലാം അടഞ്ഞു. GST വരുമാനത്തില്‍ പ്രതീക്ഷിച്ചത്ര വര്‍ധന ഉണ്ടായില്ലെന്നുമാത്രമല്ല, യഥാസമയം ആ തുക കേന്ദ്രത്തില്‍നിന്നും കിട്ടാറുമില്ല.’കേരള മോഡല്‍’ എന്ന് ഖ്യാതിയുള്ള നമ്മുടെ സമ്പദ്ഘടന ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വായ്പകളുടെ പലിശയും കഴിഞ്ഞാല്‍ ബാക്കിയൊന്നും ഇല്ലാത്ത അവസ്ഥയിലായിട്ട് വര്‍ഷങ്ങള്‍ തന്നെയായി. ശമ്പളത്തിനായി 32,931.40 കോടിയും പെന്‍ഷന്‍ നല്‍കുന്നതിനായി 20,970.40 കോടിയും പലിശ നല്‍കുന്നതിനായി 19,850 കോടിയും ആണ് കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്. സംസ്ഥാനത്തിന്റെ റെവന്യു വരുമാനത്തിന്റെ 82 ശതമാനത്തോളം വരുമിത്. കേരളത്തിന്റെ പൊതുകടം ഈ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോള്‍ 2,92,086.90 കോടിയായി ഉയരും.കൊറോണ പാക്കെജിന്റെ ഭാഗമായി 18,087 കോടി കൂടി കടമെടുക്കാന്‍ അനുവദിച്ചതിലൂടെ കടബാധ്യത വീണ്ടും കൂടും. കൊറോണയുടെ ആഘാതം കൂടി വന്നതോടെ കേരളം വലിയ സാമ്പത്തിക പ്രതിസന്ധിയെയാണ് നേരിടാന്‍ പോകുന്നത്. കൊറോണമൂലം കേരളത്തിനു 80,000 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയുടെ വിലയിരുത്തല്‍. ഉല്പാദന, വ്യാപാര, വാണിജ്യ മേഖലകളിലെല്ലാം ഉണ്ടാകാന്‍ പോകുന്ന മാന്ദ്യം, പ്രവാസികളുടെ വരുമാനത്തില്‍ ഉണ്ടാകാന്‍ പോകുന്ന കുറവ്, ലക്ഷക്കണക്കായ പ്രവാസികളുടെ തിരിച്ചുവരവ് തുടങ്ങിയവയെല്ലാം ഈ പ്രതിസന്ധി രൂക്ഷമാക്കും. നിര്‍മ്മാണമേഖല പൂര്‍ണ്ണമായിത്തന്നെ സ്തംഭിക്കാനാണ് സാധ്യത. ജനങ്ങളുടെ ക്രയശേഷിയിലുണ്ടാകുന്ന കുറവ് വ്യാപാരമേഖലയില്‍നിന്നുള്ള വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. ലോട്ടറി, മദ്യം മുതലായവയില്‍ നിന്നും പഴയതുപോലുള്ള വരുമാനം ഉണ്ടാകണമെന്നില്ല. ടുറിസം മേഖലയുടെ തിരിച്ചുവരവിനു വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം.

സേവനമേഖലകള്‍ക്കു ഊന്നല്‍ നല്‍കുന്നതിനു പകരം ഉല്പാദനമേഖലയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ രീതിയില്‍ നമ്മുടെ വികസന കാഴ്ചപ്പാടുകള്‍ മാറണം. ജനസാന്ദ്രതയേറിയ കേരളത്തില്‍ പാരിസ്ഥിക ആഘാതങ്ങള്‍ സൃഷ്ടിക്കുന്ന വന്‍കിട വ്യവസായങ്ങള്‍ അഭികാമ്യമല്ല. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്കു ഒട്ടേറെ സാധ്യതകളുണ്ട്. ഇലക്രോണിക്, ഡിജിറ്റല്‍ ഉപകരണങ്ങള്‍ , വിവിധതരം സോഫ്റ്റുവെയര്‍, ആപ്പുകള്‍ എന്നിവയുടെ നിര്‍മ്മാണ സാധ്യതകളും നമുക്കു പ്രയോജനകരമാക്കാം. നമ്മുടെ വിഭവങ്ങളേറെയും അസംസ്‌കൃത രൂപത്തില്‍ കയറ്റി അയയ്ക്കുന്നതിനു പകരം അവയെ മൂല്യവര്‍ധിത ഉലപന്നങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടാവണം. ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള സാധ്യതകള്‍ അതിനായി പ്രയോജനപ്പെടുത്തണം. കൊറോണയുടെ പശ്ചാത്തലത്തില്‍ ഐ. ടി. കമ്പനികള്‍ വീട്ടിലിരുന്നു ജോലിചെയ്യുന്നതിനായിരിക്കും ഇനി മുഗണന നല്‍കുക. അതുകൊണ്ടുതന്നെ വലിയ ഐ .ടി. പാര്‍ക്കുകള്‍ക്ക് ഭാവിയില്‍ സാധ്യത കുറയും. മറ്റു പല മേഖലകളിലും ബാക് ഓഫീസ് ജോലികള്‍ വീട്ടിലിരുന്നു ചെയ്യാവുന്ന രീതിയിലുള്ള ക്രമീകരണങ്ങള്‍ ഉണ്ടാവും. കോള്‍സെന്ററുകളുടെ പ്രവര്‍ത്തനം പോലും വീടുകളിലേക്കു വികേന്ദ്രികരിക്കപ്പെടാം. വിദ്യാസമ്പന്നരായ കേരളീയര്‍ക്ക് ഇത്തരം തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്താം. നിലവിലുള്ള തൊഴില്‍രീതികളിലും മാറ്റങ്ങളുണ്ടാകും. വരും കാലങ്ങളില്‍ ഓണ്‍ലൈന്‍ വ്യാപാരം കൂടുതല്‍ ശക്തമാവും. തന്‍മൂലം വലിയ ഓഫീസ്/വാണിജ്യ സമുച്ചയങ്ങള്‍ക്കുള്ള പ്രസക്തി കുറയും.ഇതു റിയല്‍ എസ്റ്റേറ്റ് മേഖലയിലും കെട്ടിടനിര്‍മ്മാണരീതികളിലും മാറ്റങ്ങള്‍ക്കു പ്രേരകമാകും.

കാര്‍ഷികമേഖലയില്‍ സമൂലമായ പരിവര്‍ത്തനത്തിനു വഴിയൊരുക്കിയാല്‍ ഭാഷ്യധാന്യങ്ങള്‍ക്കു മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥ നമുക്കു ഒഴിവാക്കാനാവും. ഏകവിളകൃഷിയില്‍ നിന്നും ബഹുവിളക്കൃഷ്യിലേക്കു നാം തിരിച്ചുപോകണം. നിലവിലുള്ള നെല്‍വയലുകള്‍ സംരക്ഷിക്കുക എന്നതല്ലാതെ നികത്തപ്പെട്ട നെല്‍പ്പാടങ്ങള്‍ പൂര്‍വസ്ഥിതിയിലാക്കുക എളുപ്പമല്ല. ധാന്യങ്ങളെ മാത്രം ആശ്രയിക്കാതെ, കിഴങ്ങുവര്‍ഗ്ഗത്തില്‍പ്പെട്ടവ കൂടി നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗമാക്കുക.ചക്ക പോലെ കേരളത്തില്‍ സുലഭമായി വിളയുന്ന വിഭവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനും അവയില്‍നിന്നു ലഭിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ ഉത്പാദിപ്പിക്കാനുമുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചാല്‍ നമ്മുടെ ഭക്ഷ്യപ്രതിസന്ധിക്കു പരിഹാരമാകുമെന്ന് മാത്രമല്ല, അതിലൂടെ തൊഴില്‌സാധ്യതകളും ഉണ്ടാവും. ഓരോ വീട്ടിലും കഴിയുന്നത്ര പച്ചക്കറികള്‍ ഉല്പാദിപ്പിക്കാനായാല്‍ ആക്കാര്യത്തിലുള്ള പരാശ്രയത്വം അവസാനിപ്പിക്കാനാവും.കേരളത്തിലെ ഉയര്‍ന്ന കൂലി കാര്‍ഷിക മേഖലയ്ക്കു താങ്ങാനാവാത്തതാണ് എന്നതൊരു വസ്തുതയാണ്. കൂലി കുറയ്ക്കുക പ്രയോഗികമല്ലാത്തതുകൊണ്ടും, കുറഞ്ഞ കൂലി കാര്‍ഷികമേഖലയില്‍ പണിയെടുക്കാനുള്ള വിമുഖത വര്‍ധിപ്പിക്കുമെന്നതും പരിഗണിച്ചു അതിനു പ്രായോഗികമായ പരിഹാരങ്ങള്‍ കണ്ടെത്തണം.നിലവിലുള്ള തൊഴിലുറപ്പു പദ്ധതിയെ – അതിപ്പൊളോരു തൊഴിലുഴപ്പുപദ്ധതിയാണ് – കാര്‍ഷിക മേഖലയില്‍ വിനിയോഗിക്കാനായാല്‍ വലിയ മാറ്റങ്ങള്‍ വരുത്താനാവും. തൊഴിലുറപ്പു വേതനത്തിനു തുല്യമായ തുക അവരുടെ സേവനം വിനിയോഗിക്കുന്നവര്‍ കൂടി നല്‍കുകയാണെങ്കില്‍ അവര്‍ക്കു മെച്ചപ്പെട്ട വേതനം ലഭിക്കുകയും അവരുടെ ഉത്പാദനക്ഷമത ഫലപ്രദമായി വിനിയോഗിക്കാനും സാധിക്കും. രാസവളകൃഷിയേക്കാള്‍ നമുക്കനുയോജ്യം ജൈവകൃഷിയാണെങ്കിലും യന്ത്രവത്കൃതമായ കാര്‍ഷികരീതികള്‍ വ്യാപകമാക്കുന്നതു കാര്‍ഷികമേഖലയുടെ ഉണര്‍വിനു സഹായകമാകും. അതോടൊപ്പം കായികാധ്വാനത്തോട് വിമുഖത കാണിക്കുന്ന നമ്മുടെ മനോഭാവത്തിലും മാറ്റമുണ്ടാവണം.

വിദ്യാഭാസരംഗവും ഡിജിറ്റല്‍ യുഗത്തിനു വഴിമാറും. പഠനവും പരിശീലനവും മൂല്യനിര്‍ണയവുമെല്ലാം ഓണ്‍ലൈനില്‍ ആവും. പരമ്പരാഗത പഠനരീതികളില്‍ പൊളിച്ചെഴുത്തുണ്ടാവും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ പാര്‍ട്ടിനേതൃത്വം താത്വീകമായി എതിര്‍ക്കുമ്പോഴും, അത് ആദ്യം തുടങ്ങുന്നത് തങ്ങളായിരിക്കണമെന്നാണല്ലോ കേരള സര്‍ക്കാരിന്റെയും ആഗ്രഹം. അതുകൊണ്ടാണല്ലോ നല്ലൊരുശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന വസ്തുത പരിഗണിക്കാതെ, അവ നല്‍കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്താതെ തിരക്കിട്ടു വിക്ടര്‍ ടീവിയിലുടെ ക്ലാസുകള്‍ ആരംഭിച്ചത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനെ ഒരു താല്‍ക്കാലിക സംവിധാനമായി കാണുന്നതുകൊണ്ടുതന്നെ ക്ലാസുകള്‍ ടീവിയിലുടെ അവതരിപ്പിക്കുക എന്നതിനപ്പുറമുള്ള പദ്ധതികളൊന്നും സര്‍ക്കാരിനുണ്ടെന്നു തോന്നുന്നില്ല. ക്ലസുകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യലായി ഓണ്‍ ലൈന്‍ വിദ്യാഭ്യാസത്തെ പരിമിതപ്പെടുത്തരുത്. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഇടപെടലുകളും സംവാദങ്ങളും ഫലപ്രദമാക്കുന്ന രീതിയിലാണവ സംവിധാനം ചെയ്യേണ്ടത്. ഇക്കാര്യത്തിലുള്ള അദ്ധ്യാപകരുടെ വൈഭവവും നിര്‍ണായകമാണ്.

ക്ലാസ് മുറികളുടെ പരിമിതികളെ മറികടക്കാനും ഉള്ളടക്കത്തിലും പഠനരീതികളിലും പുതുമകള്‍ കണ്ടെത്താനും ഡിജിറ്റല്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം സഹായകമാവും. ഡിജിറ്റല്‍ വിദ്യാഭ്യാസത്തിനു ആവശ്യമായ സാമഗ്രികളുടെ ലഭ്യത എല്ലാവര്‍ക്കും ഉറപ്പുവരുത്താനായില്ലെങ്കില്‍ സാര്‍വ്വത്രിക വിദ്യാഭ്യാസമെന്ന സങ്കല്‍പം തന്നെ അട്ടിമറിക്കപ്പെടാം. നഗര – ഗ്രാമ അന്തരമില്ലാതെ എല്ലായിടത്തും സുഗമമായ ഇന്റര്‍നെറ്റ്‌സൗകര്യങ്ങളും ഉണ്ടാവേണ്ടതുണ്ട്. വ്യക്തമായ ആസൂത്രണത്തോടെ നടപ്പാക്കിയാല്‍ ഇപ്പോഴുള്ള വിദ്യാഭ്യാസത്തിന്റെ ഗുണവശങ്ങള്‍ സ്വാംശീകരിച്ചുകൊണ്ട്, ഡിജിറ്റല്‍ സാങ്കേതികവിദ്യയും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും ഉപയോഗപ്പെടുത്തി ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ഗുണപരമായി മാറ്റാനാവും.

ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുള്ള ഇ ഗവേണന്‍സ് എല്ലാതലങ്ങളിലേക്കും വ്യാപകമാക്കിയാല്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ പോകാതെതന്നെ പൊതുജങ്ങളുടെ പലകാര്യങ്ങളും സാധിക്കാനാവും. ഉദ്യോഗസ്ഥരുടെ മീറ്റിങ്ങുകളും മന്ത്രിമാര്‍ നടത്തുന്ന ഉദ്ഘാടനങ്ങളും ഓണ്‍ലൈനായി ചെയ്താല്‍ അതിനുവേണ്ടിയുള്ള യാത്രാച്ചെലവും യാത്രാ സമയവും ലാഭിക്കാനാവും. വിദ്യാഭ്യാസവും തൊഴിലുമെല്ലാം വീട്ടിലിരുന്നോ തൊട്ടടുത്ത പ്രദേശത്തോ ആവുമ്പോള്‍ സ്വാഭാവികമായും ദിവസേന യാത്ര ചെയ്യേണ്ട ആവശ്യകതയും കുറയും. ഇതു റോഡുകളിലെ തിരക്കു കുറയുന്നതിനും ഇന്ധന ഉപയോഗം കുറയുന്നതിനും അതുമൂലമുളവാകുന്ന മലിനീകരണം കുറയുന്നതിനും സഹായകമാവും. ഇതെല്ലാം ഉടനടി കേരളത്തില്‍ സംഭവിക്കുമെന്നല്ല. എങ്കിലും കൊറോണാനന്തരം ഇത്തരം പ്രവണതകള്‍ ശക്തിപ്പെടുമെന്ന തിരിച്ചറിവോടെ, മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി പരിവര്‍ത്തനപ്പെടാനും, അതില്‍നിന്നുരുത്തിരിയുന്ന പുതിയ സാധ്യതകളെ പ്രയോജനപ്പെടുത്താനുമുള്ള കര്‍മ്മപദ്ധതികളാണ് നാം ആവിഷ്‌കരിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Business | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply