ഏകീകൃത സിവില്‍ കോഡിന്റെ രാഷ്ട്രീയം
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നാണല്ലോ വെപ്പ്. തീര്‍ച്ചയായും ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരുപാട് കുറവുകളുണ്ടെങ്കിലും വലിയ കരുത്തുമുണ്ട്. അതിനുള്ള പ്രധാനകാരണം ഇന്ത്യന്‍ സമൂഹത്തിന്റെ അനന്തമായ വൈവിധ്യമാണ്. ഈ വൈവിധ്യങ്ങളെ തകര്‍ക്കാതെ അത്രപെട്ടന്നൊന്നും ഫാസിസത്തിനു നമ്മെ കീഴടക്കാനാവില്ല. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം ഫാസിസ്റ്റ് ശക്തികളും കൃത്യമായി തിരിച്ചറിയുന്നു എന്നതാണ് വസ്തുത. വൈവിധ്യങ്ങളെയെല്ലാം തകര്‍ത്ത് ബഹുസ്വര ഇന്ത്യയെ ഏകീകൃത ഭാരതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സംഘപരിവാറിന്റെ സമീപകാല നീക്കങ്ങളെല്ലാം
രാജ്യത്ത് ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും സജീവമാകുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയം കൃത്യമായി നിരീക്ഷിക്കുന്ന ആര്‍ക്കും അതില്‍ അത്ഭുതം കാണില്ല, കാരണം ലോകസഭാ തെരഞ്ഞെടുപ്പ് ആസന്നമാകുന്നു എന്നതു തന്നെ. ഗാന്ധിവധത്തിനുശേഷം ഏറെകാലത്തേക്ക് മുഖ്യധാരാ രാഷ്ട്രീയരംഗത്ത് ഏറെക്കുറെ അദൃശ്യരായ സംഘപരിവാര്‍ ശക്തികള്‍, അടിയന്തരാവസ്ഥാകാലത്തു വീണുകിട്ടിയ സുവര്‍ണാവസരം ഉപയോഗിച്ചതും പിന്നീട് പടിപടിയായുള്ള പ്രവര്‍ത്തനത്തിലൂടെ ഇന്നത്തെ അവസ്ഥയിലെത്തുകയും ചെയ്ത ചരിത്രം നമ്മുടെയയെല്ലാം മുന്നിലുണ്ടല്ലോ. ഇക്കാലഘട്ടങ്ങളിലെല്ലാം അധികാരത്തിലെത്താന്‍ അവരുപയോഗിച്ച തന്ത്രം എക്കാലത്തും ഫാസിസ്റ്റുകള്‍ ഉപയോഗിക്കുന്നതുതന്നെ. ഒരു വിഭാഗത്തെ ശത്രുക്കളായി പ്രഖ്യാപിച്ച്, മതവികാരവും ദേശീയവികാരവുമൊക്കെ കെട്ടഴിച്ചുവിടുക എന്നതു തന്നെ. ഇന്ത്യയിലെ സാഹചര്യത്തില്‍ അത് പ്രധാനമായും മുസ്ലിംവിഭാഗമാണെന്നത് വ്യക്തമാണ്. അത്തരം വികാരങ്ങള്‍ക്കുമുന്നില്‍ ജനാധിപത്യ – മതേതരമൂല്യങ്ങളെ മറികടക്കാനവര്‍ക്കാകുന്നു. ലോകത്തുതന്നെ പല ഫാസിസ്റ്റുകളും അധികാരത്തിലെത്തിയത് തെരഞ്ഞെടുപ്പിലൂടെതന്നെയാണല്ലോ. ബാബറിമസ്ജിദ്, മുംബൈ – ഗുജറാത്ത് – മുസാഫര്‍ നഗര്‍ – കാണ്ടമാല്‍ വംശീയഹത്യകള്‍, ബീഫ് – ശ്രീറാം വിളിയുടെ പേരിലുള്ള കൊലകള്‍, എഴുത്തുകാരയും ചിന്തകരേയും ആക്ടിവിസ്റ്റുകളേയും വധിക്കുകയും കള്ളകേസുകളില്‍ കുടുക്കി ഭീകരനിയമങ്ങള്‍ ചാര്‍ത്തി തുറുങ്കിലടക്കല്‍, മുത്‌ലാക്ക് നിയമം, കാശ്മീരിന്റെ പദവി റദ്ദാക്കല്‍, പൗരത്വ ഭേദഗതി നിയമം, സവര്‍ണ്ണ സംവരണം തുടങ്ങിയ നടപടികളെല്ലാം അതിന്റെ ഭാഗമായിരുന്നു. അതിനെയെല്ലാം വോട്ടാക്കി മാറ്റാനവര്‍ക്കായി. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഏകീകൃത സിവില്‍ നിയമ വിവാദത്തേയും നോക്കികാണാന്‍. അതുമാത്രമല്ല, മതപരിവര്‍ത്തനം തടയുന്ന നിയമവും രംഗത്തുവന്നിട്ടുണ്ടല്ലോ. കൊവിഡ് കാലത്ത് നിര്‍ത്തിവെച്ച പൗരത്വഭേദഗതിയുമായി മുന്നോട്ടുപോകുമെന്നും വാര്‍ത്തയുണ്ട്.
ശരിയാണ്, ഇന്ത്യന്‍ ഭരണഘടയിലെ നിര്‍ദ്ദേശക തത്ത്വങ്ങളിലെ 44-ാം വകുപ്പില്‍ ഏകീകൃത സിവില്‍ നിയമം കൊണ്ടു വരാന്‍ ശ്രമിക്കണമെന്ന് പറയുന്നുണ്ട്. അതാകട്ടെ മറ്റു പല നിര്‍ദ്ദേശക തത്വങ്ങളേയും പോലെ കര്‍ക്കശമായല്ല, ഒഴുക്കന്‍ മട്ടിലാണ് പറയുന്നത്. അതിനു കൃത്യമായ കാരണമുണ്ടായിരുന്നു. ഇന്ത്യ മുന്നോട്ടുവെക്കുന്ന മതേതരനിലപാടിനു വിരുദ്ധമാകും ഏകീകൃത സിവില്‍ നിയമമെന്ന അഭിപ്രായം തന്നെയായിരുന്നു പ്രധാനം. ഇന്ത്യന്‍ മതേതരത്വം മതവിരുദ്ധമല്ല, ആര്‍ക്കും അവരവരുടെ മതവിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അവകാശവും എല്ലാ മതങ്ങള്‍ക്കും തുല്ല്യപദവിയും അതിന്റെ നട്ടെല്ലാണ്. സിവില്‍ നിയമങ്ങള്‍ ക്രിമിനല്‍ നിയമങ്ങളെപോലെയല്ലല്ലോ. അത് മതവിശ്വാസവുമായി അഭേദ്യമായി ബന്ധപ്പെട്ടതാണ്. അപ്പോള്‍ മുകളില്‍ നിന്നു് അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ നിയമം നമ്മുടെ മതേതരസങ്കല്‍പ്പത്തില്‍ കടക്കല്‍ തന്നെയാണ് കത്തിവെക്കുക. അപ്പോഴും ഒരു വിഭാഗം അന്നുതന്നെ ഇതിനായി വാദിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി ഒരു ഒത്തുതീര്‍പ്പെന്ന രീതിയിലാണ് ശ്രമിക്കണം എന്ന വാചകം നിര്‍്‌ദ്ദേശക തത്വങ്ങളില്‍ വന്നത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ ഭൂമിയിലെ എന്തും, നിയമമായാലും മറ്റെന്തായാലും, കാലവും സ്ഥലവുമൊക്കെയായി അഭേദ്യമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അവ കൂടി പരിഗണിച്ചേ ഒരു വിഷയം പ്രസക്തമോ അപ്രസക്തമോ എന്നു പറയാനാകൂ. ഇന്ത്യന്‍ ഭരണഘടന അറബി കടലില്‍ എന്ന് ഒരു കാലത്തു മുദ്രാവാക്യം വിളിച്ചിരുന്ന ഈ ലേഖകനടക്കമുള്ളവര്‍ ഇപ്പോള്‍ ഭരണഘടന കണ്ണിലെ കൃഷ്ണമണി പോല സെംരക്ഷിക്കണമെന്നു പറയുന്നതും ചെങ്കോട്ടയില്‍ ചെങ്കൊടി പാറിക്കുമെന്നു ഘോരഘോരം മുദ്രാവാക്യം വിളിച്ചതു മാറ്റി ത്രിവര്‍ണ്ണ പതാക പറന്നാല്‍ മതിയെന്നു പറയുന്നതും കുടുംബാധിപത്യം തകരണമെന്ന നിലപാട് മാറ്റി രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നതുമൊക്കെ അങ്ങനെയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു മതേതര ജനാധിപത്യ വാദിക്ക് എങ്ങനെയാണ് ഏകീകൃത സിവില്‍ കോഡിനെ പിന്തുണക്കാനാവുക എന്നത് അത്ഭുതകരമായി തോന്നുന്നു. 2025ല്‍ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കുമെന്നും അതിനനുസരിച്ച് ഭരണഘടനക്കു രൂപം കൊടുക്കുമെന്നൊക്കെ പ്രഖ്യാപിച്ചിരിക്കുന്നവരെ സംബന്ധിച്ച് 2024 തെരഞ്ഞെടുപ്പ് അതീവപ്രധാനമാണ്. അതില്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുക എന്നത് അവരെ സംബന്ധിച്ച് ജീവന്മരണ പ്രശ്‌നമാണ്. അതുപോലും തിരിച്ചറിയാനാവാത്തവര്‍ അരാഷ്ട്രീയവാദികളോ സംഘപരിവാര്‍ തന്നെയോ അല്ലെങ്കില്‍ സമീപകാലത്തു സജീവമായ ക്രിസംഘികളോ അതുമല്ലെങ്കില്‍ ഇസ്ലാമോഫോബിക്കുകളോ ആയിരിക്കും. ഫാസിസത്തോട് കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ഒരാള്‍ക്കും ഏകീകൃത സവില്‍ കോഡ് നീക്കത്തെ പിന്തുണക്കാനാവില്ല. അല്ലെങ്കിലും മതരാഷ്ട്രം സ്ഥാപിക്കാന്‍ കച്ചക്ടെടിയിറങ്ങിയവരില്‍ നിന്ന് എങ്ങനെയാണ് മതേതര സിവില്‍ കോഡ് പ്രതീക്ഷിക്കുന്നത്? അത് അവരുടെ താല്‍പ്പര്യത്തിനനുസരിച്ച് കോഡായിരിക്കുമെന്ന് മനസ്സിലാക്കാന്‍ സാമാന്യ രാഷ്ട്രീയ ബോധം പോലും ആവശ്യമുണ്ടോ?
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമാണ് ഇന്ത്യയെന്നാണല്ലോ വെപ്പ്. തീര്‍ച്ചയായും ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരുപാട് കുറവുകളുണ്ടെങ്കിലും വലിയ കരുത്തുമുണ്ട്. അതിനുള്ള പ്രധാനകാരണം ഇന്ത്യന്‍ സമൂഹത്തിന്റെ അനന്തമായ വൈവിധ്യമാണ്. ഈ വൈവിധ്യങ്ങളെ തകര്‍ക്കാതെ അത്രപെട്ടന്നൊന്നും ഫാസിസത്തിനു നമ്മെ കീഴടക്കാനാവില്ല. എന്നാല്‍ ഈ യാഥാര്‍ത്ഥ്യം ഫാസിസ്റ്റ് ശക്തികളും കൃത്യമായി തിരിച്ചറിയുന്നു എന്നതാണ് വസ്തുത. വൈവിധ്യങ്ങളെയെല്ലാം തകര്‍ത്ത് ബഹുസ്വര ഇന്ത്യയെ ഏകീകൃത ഭാരതമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സംഘപരിവാറിന്റെ സമീപകാല നീക്കങ്ങളെല്ലാം എന്നത് പകല്‍പോലെ വ്യക്തമാണ്. ഒറ്റ നികുതി, ഒറ്റ ഭാഷ, ഒറ്റ യൂണിഫോം, ഒറ്റ സംസ്‌കാരം, ഒറ്റ തെരഞ്ഞെടുപ്പ്, ഒറ്റ തിരിച്ചറിയാല്‍ കാര്‍ഡ്, ഒറ്റ ദൈവം, ഒറ്റ ഗോമാതാവ് എന്നിങ്ങനെ ഈ പട്ടിക നീളുകയാണ്. അതിന്റെ ഭാഗമല്ലാതെ മറ്റെന്താണ് ഒറ്റ സിവില്‍ നിയമമെന്ന മുദ്രാവാക്യം? ഇനിയത് ഒറ്റമതം, ഒറ്റ പാര്‍ട്ടി, ഒറ്റ നേതാവ് എന്നതിലേക്കാണ് പോകുന്നതെന്നു മനസ്സിലാക്കാന്‍ കഴിയാത്തവരെ കുറിച്ച് സഹതപിക്കാനേ കഴിയൂ.
ഒരു സംശയവുമില്ല, ഏതെങ്കിലും വിശ്വാസം വ്യക്തികളുടെ മനുഷ്യാവകാശങ്ങളുടെ നിഷേധമാണെങ്കില്‍, മനുഷ്യാവകാശങ്ങള്‍ക്കൊപ്പം നില്‍ക്കാനേ ജനാധിപത്യവാദികള്‍ക്കാവൂ. ശബരിമല വിവാദത്തില്‍ വിശ്വാസം സ്ത്രീകള്‍ക്കെതിരായ അയിത്തമായി മാറുമ്പോള്‍ അതിനെതിരായ നിലപാടെടുക്കുന്നതാണ് ജനാദിപത്യം. ഇവിടേയും ആ വിഷയം ഉയര്‍ന്നു വരുന്നുണ്ട്. എല്ലാ വ്യക്തിനിയമങ്ങളിലും സ്ത്രീവിരുദ്ധമായ ഉള്ളടക്കങ്ങളുണ്ട്. 1950കളില്‍ തന്നെ ഹിന്ദുവ്യക്തിനിയമത്തില്‍ ക്രോഡീകരണവും പരിഷ്‌കരണവും നടന്നപ്പോള്‍ അതേറെ കുറഞ്ഞു. മേരിറോയുടെ ചരിത്രപരമായ പോരാട്ടത്തെ തുടര്‍ന്ന് കൃസ്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തിലും ഗുണാത്മകമായ കുറെ മാറ്റങ്ങളുണ്ടായി. മുസ്ലിം വ്യക്തിനിയമത്തില്‍ അത്തരത്തില്‍ വലിയൊരു മാറ്റം ഉണ്ടായിട്ടില്ല. അതുകൊണ്ടാകാം ഇപ്പോഴത്തെ ചര്‍ച്ചകളില്‍ പ്രധാനമായും അവിടെ കേന്ദ്രീകരിക്കപ്പെടുന്നത്. തീര്‍ച്ചയായും മുസ്ലിംവ്യക്തിനിയമത്തിലും പിന്തുടര്‍ച്ചാവകാശ നിയമത്തിലുമൊക്കെ വലിയ തോതില്‍ സ്ത്രീകള്‍ക്കെതിരായ വിവേചനം നിലനില്‍ക്കുന്നുണ്ട്. പൊതുവില്‍ പറഞ്ഞാല്‍ അവിടെ ഒരു പുരുഷനു തുല്ല്യം രണ്ടു സ്ത്രീകളാണ്. കുടുംബത്തിന്റെ ചുമതല പുരുഷനില്‍ നിക്ഷിപ്തമായിരുന്ന കാലത്ത് ഒരുപക്ഷെ അത് വിപ്ലവാത്മകമായിരുന്നിരിക്കാം. എന്നാല്‍ കാലം മാറി. ജാതിപരമായോ വര്‍ണപരമായോ ലിംഗപരമായോ വര്‍ഗ്ഗപരമായോ മറ്റേതുവിധത്തിലോ ഒരു വിവേചനവും പാടില്ലെന്ന ആധുനികമൂല്യങ്ങളുടെ കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയും അക്കാര്യം നിഷ്‌കര്‍ഷിക്കുന്നു. അതിനാല്‍ തന്നെ മുസ്ലിം വ്യക്തിനിയമത്തില്‍ മാറ്റങ്ങള്‍ അനിവാര്യമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം ഇവിടെ ഓര്‍ക്കേണ്ടുന്ന വസ്തുത ഹിന്ദുത്വഫാസിസം ഇത്രമാത്രം രൂക്ഷമല്ലാതിരുന്ന കാലത്തുപോലും ഹിന്ദു – കൃസ്ത്യന്‍ വ്യക്തിനിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ഏകീകൃത സിവില്‍ കോഡ് എന്ന ആശയം അതിശക്തമായി ഉയര്‍ന്നിട്ടില്ല എന്നതാണ്. നടന്നത് വ്യക്തിനിയമ പരിഷ്‌കാരങ്ങളായിരുന്നു. അതിനെതിരായും എതിര്‍പ്പുകളുയര്‍ന്നു എന്നത് ശരിയാണ്. മേരിറോയുടേ കേസിന്റെ കാലഘട്ടത്തില്‍ അതേറെ കണ്ടതാണ്. ഷബാനുകേസിന്റെ കാലത്തും കാര്യങ്ങള്‍ വ്യത്യസ്ഥമായിരുന്നില്ല. എങ്കിലും ഹിന്ദു – കൃസ്ത്യന്‍ വിഭാഗങ്ങളില്‍ കുറെ മാറ്റങ്ങളുണ്ടായി. പലപ്പോഴും അവ ലംഘിക്കപ്പെടുന്നുണ്ട്. മാത്രമല്ല രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഈ വ്യക്തിനിയമങ്ങള്‍ ഒരുപോലെയല്ല. എന്തിനു വ്യക്തിനിയമങ്ങള്‍, മറ്റു നിയമങ്ങളിലും പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്.
ഇതെല്ലാം ശരിയായിരിക്കുമ്പോഴും മുസ്ലിം വ്യക്തിനിയമങ്ങളില്‍ ലിംഗനീതിയെന്ന ആശയം ഉയര്‍ത്തിപിടിച്ച് കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിനാണ് ജനാധിപത്യ – മതേതരവാദികല്‍ ശബ്ദമുയര്‍ത്തേണ്ടത്. അല്ലാതെ വ്യക്തിനിയമങ്ങള്‍ക്ക് പകരം ഏകീകൃതസിവില്‍ കോഡ് അടിച്ചേല്‍പ്പിക്കുകയല്ല. പ്രത്യേകിച്ച് സംഘപരിവാര്‍ കാലത്ത്. സര്‍ക്കാര്‍ പാസാക്കിയ മുത്‌ലാഖ് നിയമത്തില്‍ മറ്റൊരു മതവിഭാഗത്തിലും ഇല്ലാത്തപോലെ, വിവാഹമോചനം നടത്തുന്ന മുസ്ലിം പുരുഷനുമേല്‍ ക്രിമിനല്‍ കുറ്റം അടിച്ചേല്‍പ്പിക്കുന്നത് ഈയവസരത്തില്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. മതരാഷ്ട്രങ്ങളില്‍ പോലും ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് പ്രത്യേക വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടല്ലോ. സത്യത്തില്‍ പിന്തുടര്‍ച്ചാവകാശ നിയമം സ്ത്രീകള്‍ക്ക് അനുകൂലമായി പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യത്യസ്ത സംഘടനകള്‍ സുപ്രീംകോടതിയില്‍ നല്‍കിയ സ്പെഷല്‍ ലീവ് പെറ്റീഷന്‍ കേസില്‍, കോടതി കേരള സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരാകട്ടെ, മതനേതൃത്വങ്ങളിലെ യാഥാസ്ഥിതികരായ ആണ്‍പ്രതിനിധികളുടെ യോഗം വിളിച്ച്? അവരുടെ തീരുമാനം സര്‍ക്കാരിന്റെ അഭിപ്രായമായി അറിയിക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. അതംഗീകരിക്കാനാവില്ല. ഈ വിഷയത്തില്‍ സ്ത്രീകളുടെ അഭിപ്രായത്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത്. കഴിഞ്ഞ ദിവസം കോഴിക്കോട് മുസ്ലിം വുമണ്‍ ഫോര്‍ ജന്റര്‍ ജസ്റ്റീസ് എന്ന സംഘടന നടത്തിയ കണ്‍വെന്‍ഷനില്‍ ഈ വിഷയം അതിശക്തമായി ഉന്നയിക്കുകയുണ്ടായി. അതേസമയം അവരും ഏകീകൃത സിവില്‍ കോഡ് ആവശ്യം ഉന്നയി്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അക്കാര്യം ഉന്നയിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നാണ് അവരുടെ സജീവപ്രവര്‍ത്തകര്‍ സ്വകാര്യ സംഭാഷണത്തില്‍ പറഞ്ഞത്. അതാണ് ഇക്കാലഘട്ടത്തിലെ ശരിയായ നിലപാട്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in