SAPACC സമ്മേളനം : എന്‍ജിഒ ഉടുപുടവകളില്‍ ഒളിപ്പിച്ചു വയ്ക്കപ്പെടുന്ന പരിസ്ഥിതി രാഷ്ട്രീയം

SAPACC (The South Asian People’s Action on Climate Crisis) കോഴിക്കോട് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്റെ ചില രാഷ്ട്രീയവിവക്ഷകള്‍ പൊതു സമൂഹത്തിനു മുന്നില്‍ ചര്‍ച്ച ചെയ്യാനാണ് ഈ കുറിപ്പ് എഴുതുന്നത്.

നമ്മള്‍ ഇന്ന് അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത പാരിസ്ഥിതിക പ്രതിസന്ധിയിലേക്ക് മനുഷ്യരാശിയെ കൊണ്ടെത്തിച്ചതിന് പ്രധാന കാരണം അന്തമില്ലാത്ത ചൂഷണവും, ഉപഭോഗവും, ലാഭവും മാത്രം ലക്ഷ്യമാക്കുന്ന സമകാലീന മുതലാളിത്തമാണ്. അതിന്റെ അടിസ്ഥാനധാരയായി വര്‍ത്തിക്കുന്ന നവലിബറലിസവും, മുതലാളിത്ത കമ്പോളമൗലികവാദവും തുടച്ചുനീക്കാനുള്ള പ്രത്യയശാസ്ത്ര പദ്ധതികളുടെ ആവിഷ്‌കാരങ്ങള്‍ ഉണ്ടാകാതെയുള്ള പരിസ്ഥിതി സംരക്ഷണ പരിപാടികള്‍ പരിസ്ഥിതിയെക്കുറിച്ചുള്ള ദുഃഖാചരണം മാത്രമായി ഒടുങ്ങിപ്പോകുമെന്ന് പലരും ആശങ്ക പങ്കുവെക്കുന്നുണ്ട്.

SAPACC യുടെ കോഴിക്കോട് സമ്മേളനത്തിന്റെ ഭാഗമായി ചെമ്പഴന്തി എസ് എന്‍ കോളെജില്‍ സംഘടിപ്പിച്ച ഒരു സെമിനാര്‍ റോട്ടറി ക്ലബ്ബിനോട് സഹകരിച്ചു കൊണ്ടാണ് നിര്‍വഹിച്ചത്. റോട്ടറി ക്ലബ്ബ് പോലെയുള്ള ലോക മുതലാളിത്തവുമായി ഉദ്ഗ്രഥിക്കപ്പെട്ടതും, കോര്‍പ്പറേറ്റ് കുത്തകകളുടെ സിഎസ്ആര്‍ ഫണ്ടില്‍ പ്രവര്‍ത്തിക്കുന്നതുമായ പ്രമാണിവര്‍ഗ്ഗ ക്ലബ്ബുകള്‍ പരിസ്ഥിതി സംരക്ഷണ മുന്നേറ്റങ്ങളില്‍ പങ്കാളികളാകുമ്പോള്‍ അത് സ്വാഭാവികമായും കൊക-കോള (Coca-Cola ) സ്‌പോണ്‍സര്‍ ചെയ്ത COP27ന്റെ മൈക്രോ എഡിഷന്‍ (Micro Edition) ആയി മാത്രമേ കാണാന്‍ കഴിയൂ. Rotary club വഴി വരുന്ന പണം ലോകത്തിലെ ഏറ്റവും വലിയ പ്രകൃതികൊള്ള നടത്തുന്ന കോര്‍പ്പറേറ്റ് കമ്പനികളുടേതു കൂടിയാണ് എന്ന് മനസ്സിലാക്കുമ്പോഴാണ് അത്തരക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ എന്‍ ജി ഒ വിശുദ്ധ പ്രവര്‍ത്തനത്തിന്റെ അലങ്കാരപടം അഴിഞ്ഞു വീഴുന്നത്. COP27 കൊക-കോള സ്‌പോണ്‍സര്‍ ചെയ്യുമ്പോള്‍, കൊക-കോളയുടെ ശീതള മാധുര്യം റോട്ടറി ക്ലബ്ബിന്റെ കുപ്പികളില്‍ നുരഞ്ഞു പൊങ്ങുന്നുണ്ട് എന്നതിനെ പ്രച്ഛന്നവല്‍ക്കരിക്കുകയാണ് SAPACC യുടെ കോഴിക്കോട് സമ്മേളനം എന്ന് മനസ്സിലാക്കേണ്ടി വരുന്നു. ഒപ്പം അത് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സത്യസന്ധതയിലേക്കുള്ള ഭയാനകമായ അകലത്തിന്റെ സാക്ഷ്യമായിത്തീരുകയും ചെയ്യുന്നു.

യഥാര്‍ത്ഥത്തില്‍ എന്‍ജിഒ പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇതാദ്യത്തെ സംഭവമല്ല. നേരത്തെ ലോക ബാങ്ക് പോലെയുള്ള ബ്രട്ടണ്‍ വുഡ് സ്ഥാപനങ്ങള്‍ ഇത്തരം സ്‌പോണ്‍സേര്‍ഡ് പരിപാടികള്‍ക്കായി ആഹ്വാനം ചെയ്തിട്ടുണ്ട്. അവര്‍ക്ക് നിലവിലുള്ള ധനകാര്യ മുതലാളിത്ത വ്യവസ്ഥിതി മാറണമെന്നല്ല; മറിച്ച് പുതിയ ഊര്‍ജ്ജസ്രോതസ്സുകള്‍, അത് റിന്യൂവബ്ള്‍ എനര്‍ജി (Renewable Energy) ആണെങ്കില്‍ പോലും, കോര്‍പ്പറേറ്റുകളുടെ കൈകളില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ്. അതായത് ഇന്ത്യയിലാണെങ്കില്‍ അദാനിയുടെയും ടാറ്റയുടെയും സൗരോര്‍ജ്ജ പദ്ധതികളിലേക്ക് ഇത്തരം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ മുതല്‍ക്കൂട്ടായി തീരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇത് ഗ്രീന്‍ ഫിനാന്‍സ് (green finance) എന്ന് കുപ്രസിദ്ധമായ മൂലധന നിക്ഷേപ പദ്ധതികളിലേക്കാണ് എത്തിച്ചേരുക. എപ്പോഴും പരിസ്ഥിതി വിനാശത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് വിധേയരാകുന്ന ദരിദ്ര ജനതതി അതില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ അവതരിപ്പിക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങളുടെ അപരിഹാര്യമായ ഇരകളായിത്തീരുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലും വന്‍ കമ്പനികള്‍ സ്ഥാപിച്ച കാറ്റാടി യന്ത്രത്തിന്റെ രൂക്ഷമായ ശബ്ദം നിമിത്തം അന്തിയുറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെതന്നെ കോര്‍പ്പറേറ്റ് സൗരോര്‍ജ്ജ പദ്ധതികളുടെ ഭാഗമായി വന്‍തോതില്‍ ഗ്രാമീണരും ദളിതരും കുടിയിറക്കപ്പെടുന്നു.

SAPACC യുടേതു പോലെയുള്ള പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ അരാഷ്ട്രീയമായി മാറുന്നതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങള്‍ വളരെ ഉപരിപ്ലവമായി മാത്രം പറയുകയോ, സാമൂഹ്യനീതിയുടെ പ്രച്ഛന്നങ്ങളായി അവതരിക്കപ്പെടുകയോ മാത്രം ചെയ്യുന്നു. ക്ലൈമറ്റ് വാക്ക്, റൗണ്ട് ടേബിള്‍ ഡിസ്‌കഷന്‍, സയന്റിസ്റ്റ് ഇന്ററേക് ക്ഷന്‍, സ്റ്റുഡന്‍സ് എക്‌സ്പ്രഷന്‍ എന്നിങ്ങനെയുള്ള കടമെടുക്കപ്പെട്ട സംജ്ഞകളെല്ലാം എന്‍ജിഒ പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ‘മാര്‍ക്കറ്റിസം’ വെളിപ്പെടുത്തുന്നവയാണ്. അതുപോലെ ലോക ബാങ്കിന്റെ നിഘണ്ടുവില്‍ നിന്ന് ചുമന്നുകൊണ്ട് വന്ന് ഇറക്കിയ ഒരു സംപ്രത്യയമാണ്/വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പ്രയോഗമാണ് സുസ്ഥിരവികസനം (sustainable development) എന്നത്. ഇതുതന്നെയാണ് SAPACC യും യാതൊരു മാറ്റവും കൂടാതെ ആവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് മുതലാളിത്ത രാജ്യങ്ങളുടെ താല്പര്യ സംരക്ഷണാര്‍ത്ഥം ഇത്തരത്തില്‍ നിരവധി സംജ്ഞകള്‍ പരിസ്ഥിതി രാഷ്ട്രീയത്തിലേക്ക് കടന്നു കൂടുകയും, അതിന് നാനാതരം വ്യാഖ്യാനങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.. ‘സുസ്ഥിരം’ എന്ന വാക്ക് തന്നെ അടിസ്ഥാനപരമായി മനുഷ്യവംശ പുരോഗതിയുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്നത് തെറ്റാണ്. ലോകത്ത് സുസ്ഥിരമായി ഒന്നുമില്ല; എല്ലാം മാറ്റത്തിന് വിധേയമാണ്.

ഉല്‍പാദനേതരമോ പ്രാന്തീയ ഉല്‍പാദനപരമോ ആയ നിര്‍മ്മിതി പ്രവര്‍ത്തനത്തിനു മാത്രം പൊതു സമൂഹത്തെ അനുവദിക്കുന്ന വികസന പ്രവര്‍ത്തനത്തെയാണ് ‘സസ്‌റ്റൈനബിള്‍ ഡെവലപ്‌മെന്റ് ‘ എന്ന സംജ്ഞയിലൂടെ ധനകാര്യ മുതലാളിത്തം നിര്‍ദ്ദേശിക്കുന്നത്. ഏത് വികസന പ്രവര്‍ത്തനം നടത്തിയാലും പരിസ്ഥിതിയെ പൂര്‍വസ്ഥിതിയില്‍ തന്നെ നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ അത് സുസ്ഥിരവികസനം ആകും എന്നതാണ് ഇതിന്റെ ദാര്‍ശനിക വിവക്ഷ. ഇതിലൂടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് സര്‍ഗാത്മകമായ നിര്‍മ്മിതി പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്ന് കര്‍ഷകര്‍ ഉള്‍പ്പെടെ പൊതുസമൂഹത്തെ ഉപരോധിക്കുകയും പൊതുസമൂഹം ഉല്‍പാദനപരമല്ലാത്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കീഴ്‌പ്പെടുകയും ചെയ്യുന്നു. അതേസമയം ഭരണകൂടത്തേയും, കോര്‍പ്പറേറ്റ് മാധ്യമങ്ങളെയും, എന്‍ജിഒ ഉള്‍പ്പെടെ മറ്റ് ഏജന്‍സികളെയും ഉപയോഗിച്ച് പ്രകൃതി ചൂഷണവും വിഭവ കൊള്ളയും നടത്തുന്ന വന്‍ പദ്ധതികള്‍ കോര്‍പ്പറേറ്റ് മുതലാളിത്തം ആവിഷ്‌കരിച്ച് നടപ്പാക്കുന്നു.

ദത്തമായ പ്രകൃതിയില്‍ മനുഷ്യനിര്‍മ്മിതമായ പ്രകൃതിയാണ് ‘പരിസ്ഥിതി’ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. Sustainable Development (സുസ്ഥിര വികസനം) എന്ന വാക്ക് ഉത്ഭവിച്ചത് Brundtland Commission ല്‍ നിന്നാണ്. പിന്നീട് ആ പ്രയോഗം സ്ഥാപനവല്‍ക്കരിക്കപ്പെട്ടത് 1992 ലെ Rio de Janeiro Earth Summit ല്‍ ആയിരുന്നു. എന്നാല്‍ ഓരോ നാടിനും, അവിടെയുള്ള പാരിസ്ഥിതിക പ്രത്യേകതകളും സാഹചര്യങ്ങളും പ്രകൃതിയെ സംരക്ഷിച്ചു പോന്ന ഗോത്ര-കര്‍ഷക സമൂഹ ജീവിതവും എല്ലാം ഉള്‍ക്കൊള്ളുന്ന പദ്ധതികളും പരിപാടികളും അതിനനുയോജ്യമായ ഒരു പദസമ്പത്ത്/ ലിറ്ററേച്ചര്‍ ഉണ്ടാക്കിയെടുക്കുന്നതിലൂടെയാണ് പരിസ്ഥിതി സംരക്ഷണം സാമൂഹ്യ – രാഷ്ട്രീയപരവും ചരിത്രപരവുമാകുന്നത്..

മറ്റൊരു പ്രതിലോമ സംജ്ഞയാണ് ‘വികസനം’. US പ്രസിഡന്റ് Harry Truman ആണത്രേ ആദ്യമായി 1949 ല്‍ ഈ വാക്ക് മനുഷ്യപുരോഗതിയുമായി ബന്ധപ്പെട്ട് ഉപയോഗിച്ചത്. അതെന്തായാലും അതിനുശേഷം ലോകത്ത് സംഭവിച്ച നൃശംസതകളും, ഭീകരതകളും വിനാശങ്ങളും നാം കണ്ടുകൊണ്ടിരിക്കുകയാണ്. അതുവരെയുണ്ടായിരുന്ന പുരോഗമനം/ പുരോഗതി/അഭിവൃദ്ധി (progress, progression, progressive) എന്നിങ്ങനെയുള്ള വിവക്ഷകള്‍ പൂര്‍ണ്ണമായും തുടച്ചു നീക്കപ്പെട്ടത് സാമ്രാജ്യത്വ ധനകാര്യ ഭീകരതയുടെ പ്രേതശാലകളുണ്ടാക്കിഅതിന്റെ ഉടമസ്ഥരായിരിക്കാനുള്ള കോര്‍പ്പറേറ്റ് താല്പര്യങ്ങളാണ്.പഴയ ഫ്രഞ്ച് ഭാഷയിലെ ചുരുള്‍ നിവര്‍ത്തുക എന്നര്‍ത്ഥം വരുന്ന (desvelopemens) പദത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്ന ‘Development’ എന്ന പ്രയോഗം പിന്നീട് വികസനമായി വീര്‍ത്തു വീര്‍ത്ത് പൊട്ടിത്തെറിച്ചാണ് നാട്ടില്‍ ചെറ്റപ്പുരകള്‍ ഉണ്ടായത്.

ചുരുക്കത്തില്‍ നാം പരസ്പരം പങ്കിടുന്ന സാമാന്യബോധത്തിലൂടെയാണ് ഭാഷയ്ക്ക് അര്‍ഥമുണ്ടായിവരുന്നത് എന്നു പറയാറുണ്ടെങ്കിലും ഭാഷയിലൂടെയാണ് പൊതുബോധം പ്രവര്‍ത്തനക്ഷമമാകുന്നത് എന്ന് നാം വേര്‍തിരിച്ചു മനസ്സിലാക്കണം. നിത്യേന അനുഭവിച്ചുപോരുന്ന ഭാഷ നമ്മളോട് ചെയ്യുന്നതെന്താണെന്ന ആലോചന ഇവിടെ പ്രസക്തമായിത്തീരുന്നു. സര്‍വ്വര്‍ക്കും സ്വീകാര്യമായ ഭാഷക്കു പിറകില്‍ ഒളിച്ചിരിക്കുന്നത് അധീശവിഭാഗത്തിന്റെ പ്രത്യയശാസ്ത്രമാണെന്നത് നമുക്കിന്ന് ഏറെക്കുറെ തിരിച്ചറിയാനായിട്ടുണ്ടല്ലൊ.

പരിസ്ഥിതിവാദികള്‍ വികസനവിരുദ്ധരും വികസനവാദികള്‍ പരിസ്ഥിതി വിരുദ്ധരുമാണ് എന്ന് ജനങ്ങള്‍ സാമാന്യമായി വിശ്വസിക്കുമ്പോഴും ഇതില്‍ ഇരുകൂട്ടരും ധനകാര്യ കൊളോണിയലിസത്തിന്റെ ആവാസ വ്യവസ്ഥയില്‍ കഴിയുന്ന എന്‍ ജി ഒ കളില്‍ നിന്നാണ് ഊര്‍ജ്ജം സംഭരിക്കുന്നത്. വികസനത്തേയും, പരിസ്ഥിതിയെയും ധനകാര്യ കൊളോണിയലിസത്തിന്റെ ചൂഷണത്തിന് പ്രയോജനപ്പെടുന്ന ആധിപത്യ സംജ്ഞകള്‍ (Hegemonic terms) ആയി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ഇത്തരത്തിലുള്ള അരാഷ്ട്രീയ പരിസ്ഥിതി മഹോത്സവങ്ങളിലൂടെ കോര്‍പ്പറേറ്റ് മുതലാളിത്തത്തിന് കഴിയുന്നുണ്ട്. പരിസ്ഥിതി വിനാശത്തിന്റെ ഏറ്റവും ആദ്യ ഇരകളും അതേസമയം പരിസ്ഥിതി സംരക്ഷണത്തില്‍ സര്‍ഗ്ഗാത്മകമായ പങ്കു വഹിക്കുന്നവരുമായ കര്‍ഷകരും, ദളിതരും ആദിവാസികളും ഉള്‍പ്പെട്ട ലക്ഷംവീട് കോളനിവാസികള്‍ക്കും ഇത്തരം വര്‍ണ്ണശബളമായ പരിസ്ഥിതി സംരക്ഷണ മഹാമേളകള്‍ക്കും ഭിന്ന സംസ്‌കാര മേഖലകളുടെ ചിഹ്നങ്ങളാണ് ഉള്ളത്. അധീശത്വ നിര്‍വചനങ്ങളില്‍ ഇവ പരിസ്ഥിതി സംരക്ഷണത്തിലെ ഉച്ചനീചത്വങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. SAPACC പോലെയുള്ള എന്‍ജിഒ സംഗമ കേന്ദ്രങ്ങള്‍ ഈ രണ്ടു മണ്ഡലങ്ങളെ വേര്‍തിരിക്കുന്ന മാധ്യമമായി നിലകൊള്ളുന്നുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പരിസ്ഥിതി വിനാശത്തിന് ഹേതുവായ മുതലാളിത്ത അധീശത്വത്തിന്റെ കമ്പോള മൗലികവാദവും ഉപഭോഗ ആര്‍ത്തി സംസ്‌കാരവും, അതിന്റെ പ്രത്യയശാസ്ത്രവും ഉദാര ജനാധിപത്യത്തിന്റെ ശീതളച്ഛായയില്‍ ഒളിപ്പിച്ചു വെക്കുകയും എന്‍ജിഒ നിര്‍വ്വചനങ്ങളുടെ അക്കാദമിക വാഗ്ജാലമാണ് ഇതിന് പരിഹാരം എന്ന് പറയുകയും ചെയ്യുന്ന രാഷ്ട്രീയ ഉള്ളടക്കമാണ് പലപ്പോഴും ഇത്തരം പരിസ്ഥിതി മഹാമേളകളെ ജനകീയമാക്കുന്നതിന് പകരം ജനപ്രിയമാക്കുന്നത്. ഇതിനെതിരെ ഉയര്‍ന്നു വരേണ്ട ഇടതുപക്ഷ ചിന്താധാരയും മുതലാളിത്തവിരുദ്ധ രാഷ്ട്രീയത്തിന്റെ മൗലിക സത്യസന്ധതയും നിര്‍ദയം പരിത്യജിച്ചു കൊണ്ടാണ് SAPACC പോലെയുള്ള പരിസ്ഥിതി മാമാങ്കങ്ങള്‍ അരങ്ങിലെത്തുന്നത്.

പാരിസ്ഥിതിക ദുരന്തങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ഗ്രാമീണ ജനങ്ങളില്‍ നിന്നും, തൊഴിലാളി വര്‍ഗ്ഗങ്ങളില്‍ നിന്നും, സാമാന്യ ജന ജീവിതത്തില്‍ നിന്നും, അവരുടെ വിമോചന പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും എപ്പോഴും കൃത്രിമമായ അകലം സൃഷ്ടിച്ചുകൊണ്ടാണ് ഇത്തരം അക്കാദമിക ചര്‍ച്ചകളുടെ ആരവങ്ങള്‍ ബിംബവത്കരിച്ച് അവതരിപ്പിക്കുന്നത്. ഈ സ്വയം ബിംബവല്‍ക്കരണത്തിന്റെ അശ്ലീലമായ ഹൃദയശൂന്യതയില്‍ നിന്നാണ് പരിസ്ഥിതി സംരക്ഷണത്തിന്റെ സ്ഥിരം ‘ആള്‍ദൈവങ്ങള്‍’ രൂപമെടുക്കുന്നത്. അങ്ങിനെ നമ്മുടെ നാട്ടില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ അത്ഭുത സിദ്ധിത്വം ആര്‍ജ്ജിച്ചവര്‍ പെരുകി വരുന്നു. പരിസ്ഥിതി കൂടുതല്‍ ദുരന്തപൂര്‍ണ്ണമായി തുടരുകയും ചെയ്യുന്നു. ആയതിനാല്‍ പലപ്പോഴും പരിസ്ഥിതി സയന്‍സിന്റെ അക്കാദമിക ഗവേഷണ പുസ്തകങ്ങളില്‍ പരിസ്ഥിതിയുടെ യഥാര്‍ത്ഥ രാഷ്ട്രീയം ഒടിഞ്ഞുനുറുങ്ങി വീഴുന്നു.

മണ്ണിന്റെയും തൊഴിലാളിയുടെയും നീരൂറ്റി കുടിച്ചാണ് മുതലാളിത്ത ഉല്‍പാദനവ്യവസ്ഥ സാങ്കേതികവിദ്യയെ വളര്‍ത്തുന്നതും ഒരു സാമൂഹ്യ സമഷ്ടിയായി സംയോജിപ്പിക്കുന്നതും എന്ന് കാള്‍ മാര്‍ക്‌സ് അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യാത്മക ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പ്രശ്‌നങ്ങളെ നിര്‍ദ്ധാരണം ചെയ്യുകയാണ് മാര്‍ക്‌സ് ഇവിടെ. പരിസ്ഥിതി എന്നത് ജീവന്റെ സംഘടിതമായ സമ്പൂര്‍ണ്ണതയാണ്. കാട്ടുമൃഗങ്ങളോടും, രോഗങ്ങളോടും, പ്രകൃതിയുടെ എല്ലാ കഠിന ഘടകങ്ങളോടും ഏറ്റുമുട്ടി ജീവിതം നയിക്കേണ്ടി വരുന്ന നവലിബറലിസത്തിന്റെ മാപ്പുസാക്ഷികള്‍ അനുഭവിക്കുന്ന പാരിസ്ഥിതിക യാതനകള്‍ ഇത്തരം പരിസ്ഥിതി ഫെസ്റ്റിവലുകളുടെ കൃത്രിമ പകിട്ടു വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഉപരിതല സ്പര്‍ശിയായി മാത്രം ചര്‍ച്ചാവിഷയമാക്കുന്നു. സാമൂഹിക അസന്തുലിതത്വങ്ങളെ പരിസ്ഥിതി അസന്തുലിതത്വങ്ങളില്‍ നിന്ന് വേറിട്ട് കാണാന്‍ കഴിയില്ല. ഇവയെ സംയോജിപ്പിച്ചുകൊണ്ട് ചിന്തിക്കാത്ത പരിസ്ഥിതി സംരക്ഷണ വ്യവഹാരങ്ങള്‍ക്ക് പരിസ്ഥിതിയെ തകര്‍ക്കുന്ന ധനകാര്യ മുതലാളിത്ത – ഭരണകൂട ഭീകരതയെ ഒളിപ്പിച്ചുവെക്കാനുള്ള മറപ്പുരയാകാന്‍ മാത്രമേ കഴിയൂ.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply