ഇ ബുള്‍ ജെറ്റും കോറോണയും ഉച്ചനീചത്വങ്ങളുടെ രാഷ്ട്രീയവും

കോവിഡ് തടയുന്നത് സാമൂഹിക പരിസരങ്ങളില്‍ ഇടപെട്ട് സ്വായത്തമാക്കുകയും പങ്കുവക്കപെടുകയും ചെയുന്ന സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള അറിവുകള്‍ ആണ്. വിവിധ തരത്തിലുള്ള സാമൂഹിക വിഭാഗങ്ങളുമായി ഇടപെട്ടിട്ടാണ് മനുഷ്യര്‍ മറ്റു സമൂഹങ്ങളുമായി ഇടപഴകി ജീവിക്കുന്നത് എങ്ങനെയാണെന്ന് പെരുമാറി ശീലിക്കുന്നത്. തങ്ങള്‍ ഇടപെട്ട് ജീവിക്കുന്ന സാമൂഹിക പരിസരങ്ങളില്‍ നിന്നും പെരുമാറി സ്വായത്തമാക്കുന്ന ഇത്തരം അറിവുകളാണ് സമൂഹത്തിലെ അംഗങ്ങളെ ഭൂരിപക്ഷവും പെരുമാറുന്ന രീതിയില്‍ പെരുമാറാന്‍ ശീലിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം അറിവുകള്‍ അവര്‍ പെരുമാറി ശീലിക്കുന്ന സാമൂഹിക പരിസരവുമായി ബന്ധപ്പെട്ട് വികസിക്കുന്നവയാണ്. അത് സമൂഹത്തിലെ വ്യത്യസ്തങ്ങളായ മറ്റ് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുവാന്‍ പാകത്തിനുള്ളവയല്ല.

ഈയടുത്ത് നടന്ന ഈ ബുള്‍ ജെറ്റ് ടീം അംഗങ്ങളുടെ അറസ്റ്റും അതിനെത്തുടര്‍ന്നുണ്ടായ ചര്‍ച്ചകളും സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളുമായി ബന്ധമുള്ള ഒന്നാണ്. ഇ ബുള്‍ ജെറ്റ് എന്നത് രണ്ട് യാത്രികരായ സഹോദരന്മാരുടെ സംഘമാണ്. ഇന്ത്യക്കകത്തും പുറത്തുമായി സ്വന്തം വാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് ഇവര്‍. സംസ്ഥാനത്തെ ട്രാഫിക് നിയമങ്ങള്‍ക്ക് വിരുദ്ധമായി വാഹനം മോടി പിടിപ്പിച്ചതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റമായി ആരോപിക്കപ്പെടുന്നത്. തുടര്‍ന്ന് മോട്ടോര്‍ വാഹനവകുപ്പ് ഇവരെ പിടികൂടി. മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ ശബ്ദമുയര്‍ത്തി സംസാരിച്ചു എന്ന കുറ്റത്തിന് പോലീസ് അറസ്‌റ് ചെയ്യുകയും ചെയ്തു.

എന്നാല്‍ ഈ സംഭവം പുറംലോകം അറിഞ്ഞതോടെയാണ് ഇവരുടെ വ്ളോഗിംഗിന് കുട്ടികള്‍ക്കിടയില്‍ വലിയ സ്വാധീനം ഉണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെടുന്നത്. മുഖ്യധാരാ യാത്ര വ്ളോഗിംഗില്‍ നിന്ന് വ്യത്യസ്തമായ രീതിയാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് ഉണ്ടായിരുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ചെയ്യുന്നതിന് സമാനമായി സ്ത്രീ വിരുദ്ധത ജാതി അധീശത്വ ഘടന എന്നിവയൊന്നും കണ്‍ടെന്റ് പ്രചരിപ്പിക്കുന്നതിനും റീച് കൂട്ടുന്നതിനും ഇവര്‍ ഉപയോഗിച്ചിട്ടില്ല. പകരം പുതിയ തലമുറയുടെ വാക്കുകളും പ്രയോഗങ്ങളും അവതരണത്തില്‍ ഉപയോഗിക്കുകയും വലിയ ആഡംബരത്തിലാണ് തങ്ങള്‍ യാത്രചെയ്യുന്നതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇവരുടെ വ്ളോഗിംഗ് കാണുമ്പോള്‍ തന്നെ ആഡംബര വാദങ്ങള്‍ അസംബന്ധമാണെന്ന് മനസിലാകും. അത്തരത്തിലായിരുന്നു ഇവയുടെ അവതരണ രീതി. ടൈറ്റിലില്‍ ഒഴികെ ആഡംബര വാദങ്ങള്‍ക്ക് മറ്റെന്തെങ്കിലും പ്രാധാന്യം വീഡിയോകളിലെ കണ്ടന്റില്‍ ഇല്ല എന്നതാണ് സത്യം.

ഈ വിഷയത്തിലെ ഏറ്റവും സവിശേഷമായ ഘടകം ഇത്തരം യാത്ര സംബന്ധമായ വ്ളോഗിംഗുകള്‍ക്ക് വലിയ ആരാധനക്കൂട്ടം ഉണ്ടായിരുന്നു എന്നതാണ്. ഇവരില്‍ ഭൂരിപക്ഷവും കൗമാരക്കാരാണ്. വസ്തുതകള്‍ ഇങ്ങനയൊക്കെ ആയിരിക്കെ ഈ ബുള്‍ ജെറ്റ് ടീം അതിദാരുണമായി ‘പ്രബുദ്ധ’ കേരളത്തിലെ മുഖ്യധാരായാല്‍ അപഹസിക്കപ്പെടുകയും ഇടിച്ചു താഴ്ത്തപ്പെടുകയും ചെയ്തു. അതിന്റെ കാരണം എന്താണെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു.

മുഖ്യധാരാ കക്ഷിരാഷ്ട്രീയ പ്രബുദ്ധ കേരളത്തിന്റെ എതിര്‍ വശത്താണ് ഈ തലമുറ വളരുന്നത്. മാധ്യമങ്ങളില്‍ സ്‌പോര്‍ട്‌സ് ചര്‍ച്ച ചെയ്യുമ്പോള്‍ പോലും അലക്കിത്തേച്ച കുപ്പായവും പിണറായി സ്‌റ്റൈല്‍ കൃത്രിമ കാര്‍ക്കശ്യവുമുള്ള കക്ഷി രാഷ്ട്രീയക്കാരുടെ അഭിപ്രായം കേള്‍ക്കുന്ന സമൂഹമാണ് ഇവിടുത്തെ മുഖ്യധാരാ. ഇവര്‍ക്ക് നേരെ എതിര്‍വശത്തെ മറ്റൊരു ലോകത്തിലാണ് ഈ തലമുറയുടെ ജീവിതം. കേരളത്തിലെ കക്ഷി രാഷ്ട്രീയ ഇടതുപക്ഷവും ശാസ്ത്ര സാഹിത്യ പരിഷത്തും മറ്റും ചേര്‍ന്ന് ഉണ്ടാക്കിയെടുത്ത പഴയ തലമുറക്ക് പരിചിതമായ പ്രതലങ്ങളിലൂടെയല്ല ഇവരുടെ സഞ്ചാരം. കൃത്രിമ ധാര്‍ഷ്ട്യം അലിഞ്ഞു ചേര്‍ന്ന അള്‍ത്താരകുട്ടികളുടേതിന് സമമായി ഒരേ മാതൃകയില്‍ വാര്‍ത്തെടുക്കപെട്ട മുഖ്യധാരാ രാഷ്ട്രീയ കക്ഷികളേക്കാള്‍ ചില്ല് ആയവരാണ് ഈ പുതിയ തലമുറ. അവരില്‍പെട്ടവരാണ് ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍. അവര്‍ ലിംഗാധീശത്വത്തെയും ജാതി അധീശത്വത്തെയും അവരുടെ കോണ്‍ടെന്റിനു റീച് കൂട്ടാനായി ഉപയോഗിച്ചിട്ടില്ല. അനാവശ്യമായ രാഷ്ട്രീയ ധാര്‍ഷ്ട്യവും മസിലു പിടിത്തങ്ങളും ഇല്ലാതെയാണ് അവര്‍ വീഡിയോകള്‍ അവതരിപ്പിക്കുന്നത്. മാത്രമല്ല മലയാളിക്ക് സ്വീകാര്യമായ സൗന്ദര്യ പെരുമാറ്റ രീതികള്‍ക്ക് പുറത്ത് നില്ക്കുന്നവരുമാണ് അവര്‍.

അതുകൊണ്ടൊക്കെ കൂടിയാണ് ഈ ബുള്‍ ജെറ്റ് വിഷയത്തില്‍ പ്രതികരണത്തിന് തയ്യാറാകുന്ന കേരളത്തിന്റെ മുഖ്യധാരാ അറപ്പോടു കൂടി ‘ഇത് ഞാനാദ്യമായിട്ട് കാണുകയാണ് ‘ എന്ന ആമുഖം വക്കുന്നത്. മലയാളിയുടെ സൗന്ദര്യത്തിന്റെയും പെരുമാറ്റ വാര്‍പ്പ് മാതൃകളുടെയും പുറത്താണ് ഇ ബുള്‍ ജെറ്റ് അടങ്ങുന്ന പുതുതലമുറ. ഒരുപക്ഷെ മോട്ടോര്‍ വാഹന വകുപ്പ് അടക്കമുള്ള ക്രമസമാധാന പാലന സംവിധാനങ്ങള്‍ ഭരണകൂടത്തിന്റെ മര്‍ദനോപാധിയാണെന്ന മാര്‍ക്‌സിസ്‌റ് സൈദ്ധാന്തികത പഠിച്ചില്ലെങ്കിലും അപരനെ ഉപദ്രവിക്കാതെയുള്ള ഞങ്ങളുടെ ആഘോഷങ്ങളെ ഈ സംവിധാനങ്ങള്‍ അനാവശ്യമായി നിയന്ത്രിക്കുന്നതില്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് പ്രശ്‌നം തോന്നുന്നുണ്ടാവാം. എന്നാല്‍ മുഖ്യധാരാ കക്ഷിരാഷ്ട്രീയ കേരളത്തിന് അതിനെ രാഷ്ട്രീയ ബോധ്യമായി തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. അതിന്റെ പ്രാഥമികമായ കാര്യം രാഷ്ട്രീയ ബോധ്യത്തെക്കുറിച്ചു ഇടത് പരിഷത്ത് മാതൃകയിലുള്ള കക്ഷി രാഷ്ട്രീയ പ്രവര്‍ത്തകര്‍ ഉണ്ടാക്കിയ പൊതുബോധം കേരളത്തില്‍ പ്രബലമായതാണ്. കൃത്യമായ സാന്മാര്ഗികമായ ചിട്ടപ്പെടുത്തിയ ജീവിത രീതിയുള്ള, ചുറ്റും ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് എപ്പോഴും ചാരിറ്റി ബോധത്തോടെ ചിന്തിക്കുന്ന അതോടൊപ്പം രാഷ്ട്രീയം ഒരു എക്‌സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി ആയി കാണുന്ന ഇടത് കക്ഷി രാഷ്ട്രീയ മാതൃകയിലൂടെയാണ് കേരളം രാഷ്ട്രീയ ബോധ്യത്തെ കാണുന്നത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ച ഇനിയും കേരളത്തില്‍ ഉയര്‍ന്ന് വരേണ്ടതുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഈ മാതൃക പ്രബലമായതുകൊണ്ടാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ അനാവശ്യ നിയന്ത്രണങ്ങള്‍ക്കെതിരെ ഈ ബുള്‍ ജെറ്റ് ടീം അംഗങ്ങളുടെ പ്രതിഷേധം കേരളത്തിന്റെ മുഖ്യധാരക്ക് വളരെ തരംതാണതായി കാഴ്ചപ്പെടുന്നത്. അതിനെ കലാപാഹ്വാനമായി കാണുന്നത്. വാഹനത്തില്‍ വരുത്തിയ മാറ്റം വലിയ കുറ്റമായി കാണുന്നത്. യഥാര്‍ത്ഥ കലാപാഹ്വാനം ചെയ്യുന്നവരേയും ട്രാഫിക് നിയമം ലംഘിക്കുന്നവരേയും ഇതുപോലെ കൈകാര്യം ചെയ്യാന്‍ എപ്പോഴെങ്കിലും ഇവര്‍ തയ്യാറാകാറുണ്ടോ? മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്ന ഐഎഎസുകാരന്‍ ഇപ്പോഴും ഉന്നതപദവിയില്ലലേ? കേരള കക്ഷിരാഷ്ട്രീയ മുഖ്യധാരാ കണ്ട് ശീലിച്ച സാമൂഹിക യാഥാര്‍ഥ്യങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് ഈ മാതൃക എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് മോഹനന്‍ ഇ ബുള്‍ ജെറ്റ് ടീം അംഗങ്ങളെ ചൂണ്ടിക്കാട്ടി പുതിയ തലമുറക്ക് രാഷ്ട്രീയ ബോധ്യമില്ലെന്ന് പറയുന്നത്, ഈ തലമുറയുടെ ബോധ്യങ്ങളെ അദ്ദേഹത്തിന് മനസിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ്. അഭിലാഷിനെപ്പോലുള്ള കക്ഷി രാഷ്ട്രീയത്തിലെ ഇടത് മാതൃക കണ്ട് ശീലിച്ചവര്‍ക്ക് ഇപ്പോഴും രക്തദാനവും പൊതിച്ചോര്‍ വിതരണവും, ടി വി-ബിരിയാണി-വാക്സിന്‍ ചലഞ്ചും പോലുള്ള എക്‌സ്ട്രാ ക്യാരിക്കുലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നിലപാടായി മാറുന്നത് കൊണ്ടാണ്. സമൂഹത്തില്‍ അനേകം യാഥാര്‍ഥ്യങ്ങള്‍ ഉണ്ടെന്നും തങ്ങള്‍ കണ്ട ശീലിച്ച ഇടത് കക്ഷി രാഷ്ട്രീയ മാതൃകയുടെ അള്‍ത്താരക്കുട്ടികളെപ്പോലെ മാത്രമല്ല രാഷ്ട്രീയ ബോധ്യം ഉണ്ടാകുകയെന്നും അഭിലാഷിന് മനസിലാക്കാന്‍ കഴിയാത്തതുപോലെ കേരളത്തിന്റെ മുഖ്യധാരാക്കും മനസിലാക്കാന്‍ കഴിയുന്നില്ല. ആ ഇടത് മാതൃക കേരളത്തിന്റെ മുഖ്യധാരാ തലമുറകളോളം കണ്ടും പെരുമറിയും ശീലിച്ചതാണ്. അതില്‍ നിന്ന് മാറി മറ്റൊരു യാഥാര്‍ഥ്യം കാണുവാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇ ബുള്‍ ജെറ്റ് ടീം അംഗങ്ങളുടെത് ഒരു രാഷ്ട്രീയ നിലപാടായി കേരളത്തിന് അംഗീകരിക്കാന്‍ കഴിയാത്തിന്റ കാരണം ഇതാണ്. അത് മനുഷ്യ സമൂഹത്തിന്റെ ഒരു സവിശേഷ സ്വഭാവം മൂലമാണ്.

മനുഷ്യസമൂഹത്തിന് തങ്ങള്‍ ജീവിക്കുന്ന സാമൂഹിക ജീവിത ചുറ്റുപാടുകളിലെ മുഖ്യധാരയുടെ മാതൃകയല്ലാതെ മറ്റൊരു സാമൂഹിക ജീവിതത്തിന്റെ മാതൃകയെകുറിച്ചു മനസിലാക്കുക എളുപ്പമുള്ളതല്ല. മറ്റൊരു സാമൂഹിക ജീവിത രീതിയുടെ മൂല്യ ബോധങ്ങളും ധാര്‍മിക യുക്തികളും ഉള്‍കൊള്ളാന്‍ മനുഷ്യന് എളുപ്പം കഴിയുകയില്ല. അത് വ്യക്തമാക്കണമെങ്കില്‍ മറ്റൊരു ഉദാഹരണം ചൂണ്ടികാട്ടേണ്ടിവരും.

തലമുറകളോളം തുടരുന്ന സാമൂഹ്യ മാതൃകകള്‍

ഈയടുത്ത് കണ്ട ഒരു വീഡിയോ പ്രധാനമാണ്. കോവിഡ് കാലത്ത് ജനിച്ച ഒരു കുഞ്ഞ് കുറച്ച് വളര്‍ന്നു വലുതായപ്പോള്‍ വഴിയില്‍ കാണുന്ന എന്തും ഹാന്‍ഡ് സാനിറ്റൈസര്‍ ആണെന്ന് കരുതി കൈ വൃത്തിയാക്കാന്‍ ശ്രമിക്കുന്നു. ചുമരില്‍ അവള്‍ക്ക് കൈ എത്തുന്ന ചെറിയ വസ്തുക്കള്‍ എന്തും, അത് ചുമരിലെ ഫുട് ലൈറ് ആയിക്കോട്ടെ, ഒരു സ്വിച്ച് ആയിക്കോട്ടെ വെറുതെ വീര്‍ത്ത് നില്‍ക്കുന്ന ഒരു പ്രതലം ആയിക്കോട്ടെ. അവള്‍ക്ക് അതെല്ലാം സാനിറ്റൈസര്‍ ആണ്. അവള്‍ അതിന് കീഴെ കൈ കാണിക്കുകയും സാനിറ്റൈസര്‍ കയ്യില്‍ വീഴുന്നുണ്ടെന്ന് കരുതി തുടര്‍ച്ചയായി തുടക്കുകയും ചെയ്തു. ആ കുഞ്ഞ് അവള്‍ നിലനില്‍ക്കുന്ന സമൂഹത്തില്‍ നിന്നും കണ്ടും കെട്ടും പരിചയിച്ചും നേടുന്ന ഒരു അറിവാണ് ഈ സാനിറ്റൈസര്‍ പ്രയോഗം. ഇത് ലോകത്തെ ജീവിവര്‍ഗങ്ങളില്‍ മനുഷ്യന് മാത്രമുള്ള ഒരു സവിശേഷതയാണ്. ചുറ്റുമുള്ള സാമൂഹിക പരിസരങ്ങളില്‍ നിന്നും ഇടപഴകി സായത്തമാക്കിയ അറിവുകളാണ് മനുഷ്യനെ നിലനില്‍ക്കാനും അതിജീവിക്കാനും സഹായിക്കുന്നത്.

ഇത്തരം അറിവുകള്‍ക്ക് അനേകം സവിശേഷതളുണ്ട്. ഈ അറിവുകളുടെ അടിത്തറയില്‍ നിന്നുകൊണ്ട് സ്വന്തം വ്യക്തിത്വത്തിനകത്ത് നിന്ന് ഈ സ്വായത്തമാക്കുന്ന അറിവുകളെ തന്നെ ഒരുപരിധി വരെ മാറ്റി മാറ്റി പ്രയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ജീവിക്കുവാനും മനുഷ്യന് കഴിയും. എന്നാല്‍ അതിന്റെ കേന്ദ്രത്തില്‍ സാമൂഹിക ജീവിതം ഇല്ലാതെ മനുഷ്യന് നിലനില്‍പ്പ് സാധ്യവുമല്ല.

മറ്റൊന്ന് ഈ അറിവുകള്‍ പഠിച്ചെടുക്കുന്നതാണെന്ന് മനുഷ്യന് മനസിലാക്കാന്‍ കഴിയില്ല എന്നതാണ്. പകരം ഇത്തരം അറിവുകള്‍ ചരിത്രപരവും ആചാരവത്കരിക്കപ്പെട്ടവയുമായി മാറുന്നു. അത് ഒരു മതവുമായി ബന്ധപ്പെട്ടല്ല മറിച്ച് ഒരു സാമൂഹിക ജീവിതവുമായി ബന്ധപ്പെട്ടാണ് നിലനില്ക്കുക. ഒരു സവിശേഷ സാമൂഹിക ജീവിതത്തിന്റെ മാതൃക പിന്‍തുടരുന്ന അംഗങ്ങള്‍ക്ക് അത് തങ്ങള്‍ തലമുറകളോളം പെരുമാറി ശീലിച്ചതാണെന്നും, ആ മാതൃകക്ക് പകരം മറ്റൊന്ന് പുതിയതായി പഠിച്ചെടുക്കാന്‍ കഴിയുമെന്നും തിരിച്ചറിയാന്‍ കഴിയില്ലെന്ന് ചുരുക്കം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ സമൂഹത്തിലെ ഭൂരിപക്ഷ ബോധ്യങ്ങളെ പൊളിച്ച് കളഞ്ഞുകൊണ്ട് ചില വിഭാഗങ്ങള്‍ പുതിയ ജീവിതരീതികള്‍ പൊതുസമൂഹത്തെ തലമുറകള്‍ നീണ്ട പ്രയത്നങ്ങളിലൂടെ പഠിപ്പിച്ചെടുക്കാറുണ്ട്. അതിന്റെ മറ്റൊരു ഉദാഹരണമാണ് ഇ ബുള്‍ ജെറ്റ് ടീം അംഗങ്ങളും പുതിയ തലമുറയും. കേരളത്തിന്റെ മുഖ്യധാരാ ഇടത് അള്‍ത്താര രാഷ്ട്രീയ മാതൃക കുട്ടികള്‍ അല്ലാതെ മറ്റൊരു മാതൃകയില്‍ ലോകത്തെ കാണുന്ന കുട്ടികള്‍ ലോകത്തില്‍ ഉണ്ടെന്ന് അവര്‍ തെളിയിക്കുന്നു.. ഇതിന് മുന്നേ മറ്റ് മാതൃകകളിലൂടെ ചരിത്രത്തിലുടനീളം സമൂഹത്തെ ചിലര്‍ മാറ്റിയതിന്റെ ഉദാഹരണങ്ങള്‍ നാം കണ്ടിട്ടുള്ളതിന്റെ സൂചിപ്പിച്ചു പോകേണ്ടതുണ്ട്.

ദളിത് ആദിവാസി സ്ത്രീ വിഭാഗങ്ങളോട് മെച്ചപ്പെട്ട രീതിയില്‍ പെരുമാറി ശീലിക്കേണ്ടതുണ്ടെന്ന് ചെറിയ തോതിലെങ്കിലും സവര്‍ണ്ണരെ ആ വിഭാഗങ്ങള്‍ പഠിപ്പിച്ചെടുത്തത് ഇത്തരം ചരിത്രപരമായി നീണ്ട പ്രയത്നത്തിലൂടെയാണ്. സവര്‍ണ്ണരുടെ ഇടയില്‍ പ്രവര്‍ത്തിച്ച് നിങ്ങള്‍ ചരിത്രപരമായി ജീവിച്ച് ശീലിച്ച് അപരിഷ്‌കൃതമായ മാതൃകയല്ലാത്ത മറ്റൊരു സാമൂഹികജീവിതം സാധ്യമാണെന്ന് ദളിത് ആദിവാസി സ്ത്രീ വിഭാഗങ്ങള്‍ അവരെ അല്പമെങ്കിലും ബോധ്യപ്പെടുത്തി. അത് ചരിത്രപരമായി സവര്‍ണ്ണരോട് ഇടപഴകി പഠിപ്പിച്ചെടുത്ത ഒന്നാണ്. പക്ഷെ കോവിഡ് മഹാമാരി നമ്മുടെ സമൂഹങ്ങളിലെ ഇടപഴകലിനെ കുറച്ചുകൊണ്ടുവന്നിരിക്കുന്നു. സാമൂഹികമായ നിഷ്‌കര്‍ഷകള്‍ ശക്തമായിക്കൊണ്ടിരിക്കുന്നു. അതിന്റെ ഉദാഹരണമാണ് പുതിയ തലമുറയിലെ കുഞ്ഞിന്റെ സാനിറ്റൈസര്‍ പ്രയോഗം.

കോവിഡ് തടയുന്നത് സാമൂഹിക പരിസരങ്ങളില്‍ ഇടപെട്ട് സ്വായത്തമാക്കുകയും പങ്കുവക്കപെടുകയും ചെയുന്ന സാമൂഹിക ജീവിതത്തെക്കുറിച്ചുള്ള അറിവുകള്‍ ആണ്. വിവിധ തരത്തിലുള്ള സാമൂഹിക വിഭാഗങ്ങളുമായി ഇടപെട്ടിട്ടാണ് മനുഷ്യര്‍ മറ്റു സമൂഹങ്ങളുമായി ഇടപഴകി ജീവിക്കുന്നത് എങ്ങനെയാണെന്ന് പെരുമാറി ശീലിക്കുന്നത്. തങ്ങള്‍ ഇടപെട്ട് ജീവിക്കുന്ന സാമൂഹിക പരിസരങ്ങളില്‍ നിന്നും പെരുമാറി സ്വായത്തമാക്കുന്ന ഇത്തരം അറിവുകളാണ് സമൂഹത്തിലെ അംഗങ്ങളെ ഭൂരിപക്ഷവും പെരുമാറുന്ന രീതിയില്‍ പെരുമാറാന്‍ ശീലിപ്പിക്കുന്നത്. എന്നാല്‍ ഇത്തരം അറിവുകള്‍ അവര്‍ പെരുമാറി ശീലിക്കുന്ന സാമൂഹിക പരിസരവുമായി ബന്ധപ്പെട്ട് വികസിക്കുന്നവയാണ്. അത് സമൂഹത്തിലെ വ്യത്യസ്തങ്ങളായ മറ്റ് യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുവാന്‍ പാകത്തിനുള്ളവയല്ല.

ഒരു സവര്‍ണ്ണ പുരുഷനെ സംബന്ധിച്ച് അയാളുടെ ജാതീയ സ്ഥാനം സാമൂഹികമായ മത്സരത്തില്‍ തന്നെ വിജയത്തിന് സഹായിക്കുന്ന ഒന്നായിരിക്കും. അത് പണവും പദവികളും അവസരങ്ങളും സ്വീകാര്യതയും നേടാന്‍ സവര്‍ണ്ണരെ സഹായിക്കും. എന്നാല്‍ അയാളുടെ സാമൂഹികമായ അറിവ് മറ്റ് ജാതിജീവിതങ്ങളെ മനസിലാക്കാന്‍ പ്രാപ്തിയുള്ളവയല്ല. സവര്‍ണ്ണരുടെതായ ശുദ്ധിസങ്കല്പവും സ്ത്രീകളും ദളിതരുമടക്കമുള്ള മറ്റു വിഭാഗങ്ങളോട് അധികാരം പ്രയോഗിക്കുന്ന രീതിയും സവര്‍ണ്ണര്‍ സാമൂഹിക ജീവിതത്തില്‍ പെരുമാറി ശീലിക്കുന്നവയാണ്. മെച്ചപ്പെട്ട രീതിയില്‍ ഇതര വിഭാഗങ്ങളോട് ഇടപെടാന്‍ സവര്‍ണ്ണര്‍ കണ്ടും പെരുമാറിയും ശീലിക്കുന്നില്ല.

ഇത് സംഭവിക്കുന്നത് സാമൂഹികമായ ഇടപഴകലിലൂടെയാണ്. കോ ഓപറേഷന് (സഹകരണം), കോണ്‍ഫ്ളിക്ട് (മത്സരവും സംഘര്‍ഷവും), അക്കമഡേഷന്‍ (ഒത്തുതീര്‍പ്പ്) എന്നീ സാമൂഹിക ഇടപെടലുകളിലൂടെ പരസ്പരം ഇടപഴകിയിട്ടാണ് അപര സാമൂഹിക ജീവിതങ്ങളെക്കുറിച്ച് മനുഷര്‍ പഠിച്ചെടുക്കുന്നത്. ഇന്ത്യന്‍ സാമൂഹിക ഘടനയെക്കുറിച്ച് ആഴത്തില്‍ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡോ ബി ആര്‍ അംബേദ്കര്‍ പറഞ്ഞത് ഇന്ത്യന്‍ സമൂഹം അനേകം വാട്ടര്‍ ടൈറ്റ് കംബാര്‍ട്ട്മെന്റ്‌റുകള്‍ ആണെന്നാണ്. മനുഷ്യര്‍ തമ്മിലുള്ള മുമ്പ് സൂചിപ്പിച്ച സാമൂഹിക ഇടപെടലുകളെ ശുദ്ധിസങ്കല്പങ്ങളുള്ള/ദൈവിക നിഷ്‌കര്‍ഷകളിലൂടെയുള്ള അധികാരപ്രയോഗം വഴി ചരിത്രത്തില്‍ ഉടനീളം തടയപ്പെട്ടവയാണ്. ചരിത്രത്തില്‍ ഒരിക്കലും ഇതരവിഭാഗങ്ങളോട് ഇടപഴകി ശീലിക്കാതിരുന്ന സവര്‍ണ്ണര്‍ വൈവിധ്യങ്ങളായ സാമൂഹിക ജീവിതത്തെക്കുറിച്ച് അജ്ഞരാകുന്നത് ഇതുകൊണ്ടാണ്. ഇന്ത്യന്‍ സാമൂഹിക ഘടനയിലെ ഉച്ചനീചത്വങ്ങളുടെ ഉത്ഭവങ്ങളുടെ കേന്ദസ്ഥാനത്ത് മറ്റ് വിഭാഗങ്ങളോട് സാമൂഹികമായി ഇടപഴകി ജീവിക്കാത്ത മറ്റുവിഭാഗങ്ങളുടെ സാമൂഹിക ജീവിതങ്ങളെക്കുറിച്ച് അജ്ഞരായ സവര്‍ണ്ണരാണ് നില നില്ക്കുന്നത്. ഇതിനെ നാമമാത്രമായെങ്കിലും മാറ്റിയെടുക്കുക എന്ന ചരിത്രപരമായ ദൗത്യമാണ് ദളിത് ആദിവാസി സ്ത്രീ വിഭാഗങ്ങള്‍ ഏറ്റെടുത്തത്.

ഒരു തരത്തില്‍ സവര്‍ണ്ണരെ മെച്ചപ്പെടുത്തി വരുന്ന ഈ ചരിത്രഘട്ടത്തില്‍ കോവിഡ് മഹാമാരി ഇതിനെയെല്ലാം തടസം സൃഷ്ടിച്ചിരിക്കുകയാണ്. സാമൂഹിക ഇടപഴകലിനുള്ള ശക്തമായ നിഷ്‌കര്‍ഷകള്‍ ചരിത്രപരമായി കീഴാളര്‍ ചെയ്തുകൊണ്ടുവന്ന അധ്വാനത്തെ തടസപ്പെടുത്തുകയും സവര്‍ണ്ണരെ പൊതുവായ സാമൂഹിക ജീവിതത്തില്‍ നിന്നും അവരുടെ ശുദ്ധിസങ്കല്പങ്ങളുള്ള കുടുംബ സാമൂഹിക സ്വകാര്യപരിസരങ്ങളിലേക്ക് തിരികെ എത്തിക്കുകയും ചെയ്യും. കോവിഡ് സാമൂഹിക നിഷ്‌കര്‍ഷകള്‍ തലമുറകളോളം തുടരുക എന്നൊന്നുണ്ടാകുകയാണെങ്കില്‍ അത് സവിശേഷ അധികാരങ്ങള്‍ കൂടുതലുള്ള സവര്‍ണ്ണ വിഭാഗങ്ങളടക്കമുള്ളവരുടെ സാമൂഹികമായി പെരുമാറി ശീലിക്കുവാനുള്ള കഴിവ് കുറയുന്നതിന് കാരണമായേക്കും. കുടുംബങ്ങള്‍ക്കകത്ത് നിന്നും അധികാരം പ്രയോഗിക്കാന്‍ മാത്രം പെരുമാറി ശീലിക്കുന്ന സവിശേഷ അധികാരമുള്ള സവര്‍ണ്ണര്‍ അടക്കമുള്ളവര്‍ സമൂഹത്തെ പിന്നോട്ടടിപ്പിക്കാന്‍ കാരണമാകും.

കോവിഡ് കാലത്ത് ഓണ്‍ലൈന്‍ ആയി പെരുമാറി ശീലിക്കും എന്ന് പ്രിവിലേഡ്ജ്ഡ് മണ്ടത്തരങ്ങള്‍ ആലോചിച്ചിരിക്കുന്നവര്‍ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളോട് മുഖ്യധാര കേരളം ഇടപെട്ട രീതി പരിശോധിക്കാവുന്നതാണ്. മുഖ്യധാരാ ഇങ്ങനെയൊരു മാതൃകയിലുള്ള യാത്ര സംഘങ്ങള്‍ ഓണ്‍ലൈന്‍ ലോകത്തില്‍ ഉണ്ടെന്ന് തന്നെ അറിയുന്നത് ഇപ്പോഴാണ്. ഇനി അഥവാ എല്ലാവര്ക്കും ഒരേപോലെ ടെക്‌നോളജി എല്ലാവരിലും എത്തിയാല്‍ തന്നെയും മനുഷ്യ സമൂഹത്തിന്റെ അതെ മാതൃക അതിലും തുടരുന്നതുകൊണ്ട് മുന്‍പ് പറഞ്ഞ സവിശേഷതകള്‍ ഓണ്‍ലൈന്‍ ലോകത്തും തുടരും. അതുകൊണ്ട് വിവിധ സാമൂഹിക മാതൃകകളെക്കുറിച്ചുള്ള അറിവുകളുടെ കൈമാറ്റം ഓണ്‍ലൈന്‍ ലോകത്തിലും പതുക്കെ മാത്രമേ തുടരുകയുള്ളു.

അതുകൊണ്ട് എത്രയും പെട്ടെന്ന് ഹിന്ദു കുടുംബാധികാര വ്യവസ്ഥകളിലേക്ക് തിരികെപോകുന്ന സവര്‍ണരെ തിരിച്ച് കൊണ്ടുവരണം. സാമൂഹികമായി ഇടപഴകാനുള്ള ക്രിക്കറ്റ് മാച്ചും സമൂഹസദ്യയും വിവിധ തരത്തിലുള്ള ചലഞ്ചുകളുമായി മറ്റു സാമൂഹിക ജീവിത മാതൃകകളിലേക്ക് സവര്‍ണരടക്കമുള്ള വരേണ്യരെ എക്‌സിബിഷന്‍ മാതൃകയില്‍ എത്തിക്കുവാന്‍ മുഖ്യധാരാ രാഷ്ട്രീയ കക്ഷികള്‍ തയ്യാറെടുക്കണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply