‘കണ്‍സള്‍ട്ടോക്രസി’യുടെ രാഷ്ട്രീയം

സമ്പദ്ഘടനയിലെ മുഖ്യസംഘാടകനും മൂലധനനിക്ഷേപകനും എന്ന സര്‍ക്കാറിന്റെ പങ്കിനെ അപനിര്‍മ്മിച്ച് അതിനെ ഒരു കോര്‍പ്പറേറ്റ് സഹായി (facilitator)യായി ചുരുക്കി, പൊതുമേഖലയെ തകര്‍ത്തതെങ്ങനെയെന്നതിന് താച്ചറിസം എല്ലാ നവഉദാരഭരണകൂടങ്ങള്‍ക്കും മാതൃകയായി. കണ്‍സള്‍ട്ടന്‍സി അഡൈ്വസറി, സാധ്യതാപഠനം, പദ്ധതി വിലയിരുത്തല്‍, ഓഡിറ്റിങ്ങ്, അക്കൗണ്ടിങ്ങ്, പദ്ധതി മേല്‍നോട്ടം, സര്‍വീസ് െ്രപാവൈഡര്‍ എന്നിങ്ങനെ വിവിധങ്ങളായ ലേബലുകളില്‍ ആഗോളതലത്തിലും ദേശാതിര്‍ത്തികള്‍ക്കുള്ളിലും പ്രവര്‍ത്തിക്കുന്ന എണ്ണമറ്റ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ ദ്രുതഗതിയില്‍ വികസിച്ചുവന്നു. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബ്രട്ടണ്‍ വുഡ്സ് സ്ഥാപനങ്ങളും (ഐഎംഎഫും ലോകബാങ്കും) തുടര്‍ന്ന് ലോകവ്യാപാര സംഘടനയും അവരുടെ ആഗോള പ്രവര്‍ത്തനങ്ങളില്‍ കണ്‍സള്‍ട്ടന്‍സികളെ ഉള്‍പ്പെടുത്തി. ബഹുരാഷ്ട്രക്കമ്പനികളുടെ ഏജന്റന്മാരെന്ന നിലയിലും ആേ്രഫാ- ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥൂലവും സൂക്ഷ്മവുമായ തലത്തില്‍ ‘ഘടനക്രമീകരണ’പരിപാടികളും പദ്ധതികളും അടിച്ചേല്‍പ്പിക്കുന്നതിനും അതുവഴി ഈ രാജ്യങ്ങളുടെ നയരൂപീകരണ പ്രക്രിയയിലേക്കു കടന്നുകയറാനും കഴിയുന്ന ‘േ്രടാജന്‍ കുതിര’കളാണെന്ന രീതിയിലും കണ്‍സള്‍ട്ടന്‍സികള്‍ വിന്യസിക്കപ്പെട്ടു.

ആമുഖം

കണ്‍സള്‍ട്ടന്‍സികളുമായി ബന്ധപ്പെട്ട് കേരളത്തിലിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. മുഖ്യമന്ത്രിയും ധനമന്ത്രിയും മുതല്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി വരെ ഏകസ്വരത്തില്‍ പറയുന്നത് കണ്‍സള്‍ട്ടന്‍സികളില്ലാത്ത വികസനത്തെപ്പറ്റി ചിന്തിക്കാനേ ആവില്ലെന്നാണ്. അതുകൊണ്ടുതന്നെ ഈ വാദഗതിയുടെ, അതായത്, കണ്‍സള്‍ട്ടന്‍സികള്‍ അനിവാര്യമാണെന്ന വീക്ഷണത്തിന്റെ നിജസ്ഥിതി വിലയിരുത്തിക്കൊണ്ടു വിഷയത്തിലേക്കു കടക്കാമെന്നു തോന്നുന്നു. വാസ്തവത്തില്‍, നയരൂപവല്‍ക്കരണത്തില്‍ ഇന്നത്തെക്കാള്‍ കാര്യക്ഷമമായി സര്‍ക്കാരിന്റെ ഒദ്യോഗിക – സാങ്കേതിക സംവിധാനം ദശാബ്ദങ്ങളായി ഫലപ്രദമായി പ്രവര്‍ത്തിച്ചു പോന്നിട്ടുള്ളതാണ് പൊതുവില്‍ നമ്മുടെ രാജ്യത്തിന്റെ ‘വികസന’ചരിത്രം. ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വമായ വികസനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിന് ആവശ്യമായ ശാസ്ത്ര, സാങ്കേതിക, മാനേജ്മെന്റ് വൈദഗ്ധ്യം സമാഹരിച്ചും പരിശീലിപ്പിച്ചും സമ്പദ്ഘടന വികസിപ്പിച്ച്, തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ജനങ്ങളുടെ ജീവിതനിലവാരവും ക്ഷേമവും വര്‍ദ്ധിപ്പിക്കുകയെന്നതായിരുന്നല്ലോ സര്‍ക്കാറുകളുടെ പ്രഖ്യാപിത നിലപാടുതന്നെ. സമ്പദ്ഘടനയുടെ നാനാ മേഖലകളുമായി ബന്ധപ്പെട്ട് ഇതിനാവശ്യമുള്ള വൈദഗ്ധ്യ (expertise)ത്തിന്റെ രക്ഷാധികാരിയും സൂക്ഷിപ്പുകാരനും (custodian) സര്‍ക്കാര്‍ തന്നെയായിരുന്നു.

ഈ സന്ദര്‍ഭത്തില്‍, തുടര്‍ന്നു പറയുന്ന കാര്യങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രസക്തമായ ഒരുദാഹരണമെടുത്ത് ഇക്കാര്യം വിശദമാക്കാം. ഇന്ത്യ നെഹ്റുവിയന്‍ വികസന പരിേ്രപക്ഷ്യം തുടര്‍ന്നിരുന്ന 1974ല്‍ രൂപീകൃതമായ ഒരു സര്‍ക്കാര്‍ സ്ഥാപനമാണ് RITES (Rail India Technical & Economic Service). തുടക്കത്തില്‍ റെയില്‍വേ പദ്ധതികള്‍ രൂപകല്‍പ്പന ചെയ്ത് ഡിസൈന്‍ തയ്യാറാക്കി പദ്ധതി പൂര്‍ത്തീകരിക്കുന്നതില്‍ കേന്ദ്രീകരിച്ച ഈ പൊതുമേഖലാ സ്ഥാപനം ക്രമേണ എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, റോഡുകള്‍, നഗരവികസനം തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യമേഖലകളിലേക്കും പ്രവര്‍ത്തനം വ്യാപിച്ചു. ‘കണ്‍സള്‍ട്ടന്‍സി’ എന്ന പ്രയോഗം പ്രചാരത്തിലില്ലാതിരുന്ന കാലത്ത് ‘സാങ്കേതിക സാമ്പത്തിക സേവനങ്ങള്‍’ പ്രദാനം ചെയ്യുന്നതില്‍ ഏറ്റവും മുന്നിട്ടു നിന്ന ഈ പൊതുമേഖലാ സ്ഥാപനം 2002ല്‍ ‘മിനി രത്ന’ പദവിക്കര്‍ഹമായി. മുംബൈ, ബാംഗ്ലൂര്‍, പാട്‌ന, ഗോരഖ്പൂര്‍, അഹമ്മദാബാദ് തുടങ്ങിയ മെേ്രടാകളും നിരവധി അടിസ്ഥാന സൗകര്യ പദ്ധതികളും ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ഈ പൊതുമേഖലാ കമ്പനിയുടെ ഇപ്പോഴത്തെ ആസ്തി 60,000 കോടി രൂപയോളമാണ്. 1999ല്‍ നായനാര്‍ ഭരണകാലത്ത്, കൊച്ചി മെേ്രടാ വിഭാവനം ചെയ്തപ്പോള്‍ അതിന്റെ കണ്‍സള്‍ട്ടന്ററായി നിയമിച്ചത് RITES നെയായിരുന്നു. എന്നാല്‍, പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതില്‍നിന്ന് പിന്മാറി. വീണ്ടും വി.എസ്. ഭരണകാലത്താണ് ഡെല്‍ഹി മെേ്രടായെ കൊച്ചി മെേ്രടായുടെ സാധ്യതാപഠനത്തിനും മറ്റുമായി നിയമിക്കുന്നത്. സൂചിപ്പിക്കുന്നത്, നവഉദാരവല്‍ക്കരണം ആധിപത്യത്തിലേക്കു വന്നതോടെ രാജ്യത്തെ ഏറ്റവും വിദഗ്ദ്ധരായിരുന്ന ടെക്നീഷ്യരും എന്‍ജിനീയേഴ്സും സൂപ്പര്‍വൈസേഴ്സുമുള്ള ഈ ഇന്ത്യന്‍ പൊതുമേഖലസ്ഥാപനം ഇന്ത്യയിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അനഭിമതമായി എന്നാണ്. എന്നാല്‍ ലോകത്തെ പല ഭൂഖണ്ഡങ്ങളിലായി 60-ഓളം രാജ്യങ്ങളില്‍ ഈ സ്ഥാപനം ഇപ്പോഴും വിദഗ്ദ്ധ സേവനം നല്‍കിവരുന്നു.

കേരളത്തില്‍ സില്‍വര്‍ലൈന്‍ എന്ന പേരില്‍ സെമി-ഹൈ സ്പീഡ് റെയില്‍ പദ്ധതിയുടെ ‘കണ്‍സള്‍ട്ടന്‍സി’ ഫ്രഞ്ചു കമ്പനിയായ ‘സിസ്ട്ര’യെ നിയമിച്ചത് ഈ രംഗത്ത് വൈദഗ്ദ്ധ്യവും കഴിവും തെളിയിച്ച RITESനെ തഴഞ്ഞുകൊണ്ടായിരുന്നു. എന്നാല്‍ ഇതിനാവശ്യമായ വിദഗ്ദ്ധരെയൊന്നും ഫ്രാന്‍സില്‍നിന്നു കൊണ്ടുവരാതെ, ഇന്ത്യയിലെ നോര്‍ത്ത് റെയില്‍വേ ചീഫ് എന്‍ഞ്ചിനീയര്‍ ആയിരുന്ന അശോക് കുമാര്‍ വര്‍മയെ കണ്‍സള്‍ട്ടന്റായി ഉപയോഗപ്പെടുത്തി ഒരു േ്രപാജക്ട് റിപ്പോര്‍ട്ട് തട്ടിക്കൂട്ടാനുള്ള ശ്രമമാണ് സിസ്ട്ര നടത്തിയത്. സ്ഥല സന്ദര്‍ശനംപോലും നടത്താതെ (ചെറുവള്ളി കാണാതെ ഗൂഗിള്‍ മാപ്പുപയോഗിച്ച് അമേരിക്കന്‍ കമ്പനിയായ ലൂയി ബര്‍ഗര്‍ അവിടെ വിമാനത്താവളപദ്ധതിക്ക് സാധ്യതാപഠനം തയ്യാറാക്കിയതായ വാര്‍ത്ത വന്നിരുന്നല്ലോ) ഗൂഗിള്‍ എര്‍ത്ത് സാറ്റലൈറ്റ് ഡേറ്റാ ഉപയോഗിച്ച് റെയില്‍ പദ്ധതിക്ക് സാധ്യതാപഠനം തയ്യാറാക്കുന്നതിന്റെ അനൗചിത്യം ചൂണ്ടിക്കാട്ടി വര്‍മ്മ സ്വയം പദ്ധതിയുടെ വിമര്‍ശകനായി മാറുകയാണുണ്ടായത്. ഇത്തരം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് നമ്മുടെ രാജ്യത്തെ പൊതുമേഖലയുമായി ബന്ധപ്പെട്ട വിദഗ്ദ്ധരെയും രാജ്യം സമാഹരിച്ച വൈദഗ്ദ്ധ്യത്തെയും ഉപയോഗപ്പെടുത്തിക്കൊണ്ടുകൂടിയാണ് കണ്‍സള്‍ട്ടന്‍സികള്‍ എന്ന പേരില്‍ അടുത്തകാലത്ത് വന്‍തോതില്‍ രാജ്യത്തേക്കു കടന്നുവരുന്ന ഏജന്‍സികള്‍ ഇവിടെ റാകി പറക്കുന്നതെന്നാണ്.

നവലിബറിലസവും കണ്‍സള്‍ട്ടന്‍സിയും

മേല്‍സൂചിപ്പിച്ച ഉദാഹരണം ചൂണ്ടിക്കാട്ടുന്നത് കഴിഞ്ഞ ഏതാനും ദശകങ്ങള്‍ക്കു മുമ്പു വരെ മുതലാളിത്ത ഭരണകൂടങ്ങള്‍ അവര്‍ക്കാവശ്യമുള്ള വികസന പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കിയിരുന്നത് അതിന്റെ സ്വന്തം ഉദ്യോഗസ്ഥരെയും വിദഗ്ദ്ധരെയുമെല്ലാം ഉപയോഗപ്പെടുത്തിക്കൊണ്ടായിരുന്നുവെന്നാണ്. രണ്ടാം ലോകയുദ്ധാനന്തരമുള്ള കാല്‍നൂറ്റാണ്ടുകാലം ലോകമുതലാളിത്തം പിന്തുടര്‍ന്ന ഭരണകൂട നേതൃത്വത്തിലുള്ള വികസന പരിേ്രപക്ഷ്യത്തിന്റേയും ക്ഷേമരാഷ്ട്ര സങ്കല്‍പ്പത്തിന്റേയും ഭാഗമായിരുന്നു അത്. ഉല്പാദനമേഖലകളെ അപേക്ഷിച്ച് പെട്ടെന്നു ലാഭം കൊയ്യാനുള്ള ഊഹമേഖലകളില്‍ കേന്ദ്രീകരിക്കുംവിധം മൂലധനത്തിന്റെ സ്വഭാവത്തിലുണ്ടായ മാറ്റമാണ് 1930കളിലെ ലോകവ്യാപക സാമ്പത്തിക അധ:പതന (Great Economic Depression) ത്തിലേക്കു നയിച്ചതെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. മൂലധനശക്തികളുടെ മേല്‍ കര്‍ക്കശമായ ഭരണകൂട നിയന്ത്രണമേര്‍പ്പെടുത്താതെ മുതലാളിത്ത വ്യവസ്ഥയ്ക്ക് അതിജീവിക്കാനാവില്ലെന്നു നിരീക്ഷിച്ചത് മുതലാളിത്ത വിദഗ്ധര്‍ കൂടിയാണ്. മൂലധനത്തിന് ‘ദയാമരണം’ (euthanasia) വിധിക്കുന്നതോടൊപ്പം കോര്‍പ്പറേറ്റുകളുടെ മേലുള്ള വര്‍ദ്ധിത നികുതികളിലൂടെയും കമ്മി ബജറ്റിലൂടെയും സര്‍ക്കാറിന്റെ സമ്പദ്ഘടനയിലെ ഇടപെടലുകള്‍ വര്‍ദ്ധിപ്പിച്ചും തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചും അക്കാലത്തെ സോഷ്യലിസ്റ്റു മുന്നേറ്റങ്ങള്‍ക്കുള്ള ബദല്‍ മുതലാളിത്ത – സാമ്രാജ്യത്വ വ്യവസ്ഥക്കകത്തുതന്നെ സാധ്യമാണെന്നു സ്ഥാപിക്കാനാണ് ക്ഷേമ രാഷ്ട്രത്തിന്റെ ഉപജ്ഞാതാവായ കെയ്ന്‍സ് ശ്രമിച്ചത്.

അപ്രകാരം ഇടതുപക്ഷത്തിനെതിരായ ഒരു പ്രത്യയശാസ്ത്ര ആയുധമായിക്കൂടി വിക്ഷേപിക്കപ്പെട്ട കെയ്നീഷ്യന്‍ ക്ഷേമരാഷ്ട്രം പ്രാബല്യത്തിലിരുന്ന കാല്‍നൂറ്റാണ്ടുകാലത്തെ രണ്ടാം യുദ്ധാനന്തരഘട്ടം ലോകമുതലാളിത്തത്തിന്റെ ‘സുവര്‍ണ്ണയുഗം’ (golden age) എന്നാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ലോകമുതലാളിത്തത്തിന്റെ ദീര്‍ഘകാലചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം ഏറ്റവും ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചയാണ് ‘സുവര്‍ണ്ണയുഗം’ അടയാളപ്പെടുത്തിയത്. സാമ്പത്തിക നയരൂപവല്‍ക്കരണവും പദ്ധതി നടത്തിപ്പും സര്‍ക്കാര്‍ ഏറ്റെടുത്തും സമ്പദ്ഘടനയുടെ നിയന്ത്രണം പൊതുമേഖലയില്‍ നിക്ഷിപ്തമാക്കിയും (public sector in the commanding heights of the economy) ആവിഷ്‌ക്കരിച്ച ഈ ‘ക്ഷേമരാഷ്ട്ര’ത്തില്‍ ശാസ്ത്ര-സാങ്കേതിക വികാസത്തിന്റെ മുഴുവന്‍ ചുമതലയും സര്‍ക്കാരില്‍ നിക്ഷിപ്തമായിരുന്നു. എന്നു മാത്രമല്ല, രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ദ്ധരും മാനേജേഴ്‌സുമെല്ലാം ഇക്കാലത്ത് സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരുമായിരുന്നു. തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചതോടൊപ്പം കൂലി നിരക്കുകള്‍ ഉയരുകയും ജനാധിപത്യാവകാശങ്ങളും ക്ഷേമനടപടികളും വ്യാപകമാകുകയും ചെയ്തു. ആധികാരികമായ രേഖകള്‍പ്രകാരം ഇക്കാലത്ത് ഗവേഷണ വികസന (R&D) ചെലവുകളുടെ 64 ശതമാനം അമേരിക്കയില്‍ സര്‍ക്കാര്‍ വിഹിതമായിരുന്നെങ്കില്‍ യൂറോപ്പിലത് ശരാശരി 60 ശതമാനമായിരുന്നു. സമ്പദ്ഘടനയിലെ മൊത്തം ചെലവുകളില്‍ രണ്ടാം ലോകയുദ്ധത്തിനു മുമ്പ് സര്‍ക്കാര്‍ വിഹിതം 25 ശതമാനമായിരുന്നത്, ബ്രിട്ടന്റെ കാര്യമെടുത്താല്‍ 1970കളാകുമ്പോള്‍ 50 ശതമാനമായി ഉയര്‍ന്നു. ഏതാണ്ടെല്ലാ മുതലാളിത്ത രാജ്യങ്ങളിലും ഏറെക്കുറെ ഇതായിരുന്നു സ്ഥിതി. ഇന്ത്യയിലെ നെഹ്രുവിയന്‍ മോഡല്‍ ആഗോളതലത്തില്‍ നടപ്പായ ഈ ക്ഷേമരാഷ്ട്രത്തിന്റെ ശ്രദ്ധേമായ ഒരു പതിപ്പായിരുന്നല്ലോ? കൂടുതല്‍ വിശദാംശങ്ങളിലേക്കിവിടെ കടക്കുന്നില്ല.

തീര്‍ച്ചയായും, കോര്‍പ്പറേറ്റ് മൂലധനത്തിന്റെ സമ്പദ്ഘടനയിലെ വിഹിതവും ലാഭനിരക്കും നിയന്ത്രിച്ചു നിര്‍ത്തിക്കൊണ്ടായിരുന്നു ”ക്ഷേമരാഷ്ട്ര”നയങ്ങള്‍ നടപ്പാക്കാനായത്. മൂലധനശക്തികളെ സംബന്ധിച്ചിടത്തോളം ഇതൊരു വെല്ലുവിളിയാകുകയും മിച്ചമൂല്യ സമാഹരണവുമായി ബന്ധപ്പെട്ട മുതലാളിത്തത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളുമായി ചേര്‍ന്ന് ‘സ്റ്റാഗ് ഫ്‌ലേഷന്‍’ (stagflation) എന്നു വിശേഷിപ്പിക്കപ്പെട്ട താരതമ്യേന പുതിയൊരു പ്രതിസന്ധിയായി പരിണമിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തിലാണ് ഇടതുപക്ഷം നേരിട്ട പ്രത്യയശാസ്ത്ര രാഷ്ട്രീയ ദൗര്‍ബല്യങ്ങള്‍ക്കൂടി ഉപയോഗപ്പെടുത്തി മൂലധനകേന്ദ്രങ്ങളുടെ താല്‍പര്യപ്രകാരം ചിക്കാഗോ സ്‌കൂളും ബ്രിട്ടനിലെ ആഡംസ്മിത്ത് സ്‌കൂളും മറ്റും മുന്‍കൈയ്യെടുത്ത് തീവ്രവലതു സാമ്പത്തിക വിദഗ്ദ്ധരായ ഫ്രീഡ്മാന്‍ (Friedman), ഹായ്ക് (Hayek) തുടങ്ങിയവരുടെ സൈദ്ധാന്തികാവിഷ്‌ക്കാരങ്ങളുടെ പിന്‍ബലത്തില്‍ ഊഹമൂലധനത്തിന്മേല്‍ ഏര്‍പ്പെടുത്തിയ ഭരണകൂട നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കുന്ന ദിശയില്‍ തീവ്രവലതുനയങ്ങള്‍ക്ക് പശ്ചാലത്തലമൊരുക്കിയത്. അപ്രകാരം, കെയ്നീഷ്യനിസം നവലിബറലിസ (neoliberalism) ത്തിനു വഴിമാറി. വിവിധ ചേരുവകളിലുള്ള ഉത്തരാധുനിക (postmodern), മാര്‍ക്സിസാനന്തര (post- Marxist), കൊളോണിയാനന്തര (post-colonial) ചിന്താപദ്ധതികള്‍ മൂലധനത്തിന്റെ സര്‍വ്വതന്ത്ര സ്വാതന്ത്ര്യം വിളംബരം ചെയ്ത നവലിബറലിസത്തിനു പിന്‍ബലമേകി. ക്ഷേമമുതലാളിത്തം ഔപചാരികമായി കുഴിച്ചുമൂടിയ ആദ്യത്തെ രണ്ടു പ്രായോഗിക ആവിഷ്‌ക്കാരങ്ങളായിരുന്നു ബ്രിട്ടനിലെ താച്ചറിസവും അമേരിക്കയിലെ റീഗണോമിക്സും.

അതിന്‍പ്രകാരം പൊതുമേഖലയും സമ്പദ്ഘടനയിലെ ഭരണകൂട ഇടപെടലും തച്ചുതകര്‍ത്ത് ബ്രിട്ടനില്‍ സ്വകാര്യ കോര്‍പ്പറേറ്റ് മൂലധനത്തെ കയറൂരി വിടുന്നതിന് മാര്‍ഗരറ്റ് താച്ചര്‍ ഉപയോഗപ്പെടുത്തിയ ‘കൂലിപ്പട്ടാള’ (mercenaries) മായിരുന്നു കണ്‍സള്‍ട്ടന്‍സികള്‍. സാമ്പത്തിക നയരൂപവല്‍ക്കരണത്തിനും പദ്ധതി നടത്തിപ്പിനും അവയുടെ മാനേജ്മെന്റിനും അവലോകനത്തിനുമെല്ലാം ആവശ്യമായ മുഴുവന്‍ വൈദഗ്ദ്ധ്യവും ഭരണകൂടം നേരിട്ടു സമാഹരിച്ച് വിന്യസിച്ചിരുന്ന ഏര്‍പ്പാടില്‍ നിന്നുള്ള മൗലികമായ ഒരു വിച്ഛേദനമായിരുന്നു ‘കണ്‍സള്‍ട്ടന്‍സി’ എന്ന ഈ പുതിയ അവതാരത്തിലൂടെ സംഭവിച്ചത്. ഉദാഹരണത്തിന്, പേരുകേട്ട ബ്രിട്ടീഷ് റെയില്‍വേ എന്ന പൊതുമേഖല സംരംഭത്തെ ഒരു ദശാബ്ദം കൊണ്ട് തച്ചുടച്ച് സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഉത്തരവാദിത്വം തുടക്കത്തില്‍ താച്ചര്‍ ഏല്‍പ്പിച്ചത് ഇന്‍ഫ്രാറ്റ (Infrata) എന്ന കണ്‍സള്‍ട്ടന്‍സിയെയായിരുന്നു. തുടര്‍ന്ന് വന്‍കിട സ്വകാര്യക്കുത്തകകള്‍ ജന്മം നല്‍കിയ അസംഖ്യം കണ്‍സള്‍ട്ടന്‍സികളുടെ ആവിര്‍ഭാവത്തിനാണ് ബ്രിട്ടന്‍ സാക്ഷ്യം വഹിച്ചത്. റെയില്‍വേക്കു പിന്നാലെ ടെലികോം ഉള്‍പ്പടെയുള്ള പൊതുമേഖല സംരംഭങ്ങള്‍ ഒന്നൊന്നായി കണ്‍സള്‍ട്ടന്‍സികളെ ഏല്‍പിച്ചുകൊണ്ട് സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയാക്കി. ഇതിന്റെ പ്രത്യുപകാരമെന്നോണം ഹാംേ്രബാസ്, ഏണസ്റ്റ് ആന്റ് യംങ്ങ്, ഷാന്റ്വിക്, സെഡ്ജ്വിക്ക് എന്നീ 4 കണ്‍സള്‍ട്ടന്‍സികള്‍ മാത്രം താച്ചറുടെ കണ്‍സര്‍വേട്ടീവ് പാര്‍ട്ടിക്ക് 1979നും 1990നുമിടയില്‍ 40 കോടിയോളം രൂപ സംഭാവന നല്‍കിയെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ബ്രിട്ടീഷ് റെയില്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനു മാത്രം ഇന്‍ഫ്രാറ്റ ഉള്‍പ്പടെ വിവിധ കണ്‍സള്‍ട്ടന്‍സികള്‍ക്കായി ഫീസിനത്തില്‍ 578 ദശലക്ഷം ഡോളര്‍ (ഇപ്പോഴത്തെ വിനിമയനിരക്കുപ്രകാരം ഏകദേശം 4400 കോടി രൂപ) പൊതുഖജനാവില്‍നിന്ന് ചെലവായതായും കണക്കാക്കപ്പെടുന്നു. കണ്‍സള്‍ട്ടന്‍സികള്‍ക്കും അഡ്വൈസേര്‍സി (advisers)നുമായി തുറന്നു കൊടുത്ത പൊതുമേഖലാസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ശമ്പളമായി കൊടുത്തതിന്റെ 70 ശതമാനവും ഈ ഏജന്‍സികളും അവരുടെ കരാറുകാരും വിഴുങ്ങിയതായും ബ്രിട്ടനിലെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. തുടക്കത്തില്‍ സ്വകാര്യവല്‍ക്കരണത്തെയും ‘കണ്‍സള്‍ട്ടന്‍സി രാജി’ നെയും ശക്തമായി എതിര്‍ത്ത ലേബര്‍ പാര്‍ട്ടിക്ക് കോര്‍പ്പറേറ്റ് കുത്തകകളില്‍നിന്നുള്ള സംഭാവന കുറഞ്ഞുവന്നതോടെ, വീണ്ടും അധികാരത്തിലെത്തിയ ഉടനെ കരിമ്പട്ടികയില്‍പ്പെട്ട കെപിഎംജി (KPMG) എന്ന കണ്‍സള്‍ട്ടന്‍സിയെ ബ്രിട്ടീഷ് റെയില്‍ ബോര്‍ഡിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ഒരുളുപ്പുമുണ്ടായില്ല.

സമ്പദ്ഘടനയിലെ മുഖ്യസംഘാടകനും മൂലധനനിക്ഷേപകനും എന്ന സര്‍ക്കാറിന്റെ പങ്കിനെ അപനിര്‍മ്മിച്ച് അതിനെ ഒരു കോര്‍പ്പറേറ്റ് സഹായി (facilitator)യായി ചുരുക്കി, പൊതുമേഖലയെ തകര്‍ത്തതെങ്ങനെയെന്നതിന് താച്ചറിസം എല്ലാ നവഉദാരഭരണകൂടങ്ങള്‍ക്കും മാതൃകയായി. കണ്‍സള്‍ട്ടന്‍സി അഡൈ്വസറി, സാധ്യതാപഠനം, പദ്ധതി വിലയിരുത്തല്‍, ഓഡിറ്റിങ്ങ്, അക്കൗണ്ടിങ്ങ്, പദ്ധതി മേല്‍നോട്ടം, സര്‍വീസ് െ്രപാവൈഡര്‍ എന്നിങ്ങനെ വിവിധങ്ങളായ ലേബലുകളില്‍ ആഗോളതലത്തിലും ദേശാതിര്‍ത്തികള്‍ക്കുള്ളിലും പ്രവര്‍ത്തിക്കുന്ന എണ്ണമറ്റ കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങള്‍ ദ്രുതഗതിയില്‍ വികസിച്ചുവന്നു. നവലിബറല്‍ സാമ്പത്തികനയങ്ങള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്ന ബ്രട്ടണ്‍ വുഡ്സ് സ്ഥാപനങ്ങളും (ഐഎംഎഫും ലോകബാങ്കും) തുടര്‍ന്ന് ലോകവ്യാപാര സംഘടനയും അവരുടെ ആഗോള പ്രവര്‍ത്തനങ്ങളില്‍ കണ്‍സള്‍ട്ടന്‍സികളെ ഉള്‍പ്പെടുത്തി. ബഹുരാഷ്ട്രക്കമ്പനികളുടെ ഏജന്റന്മാരെന്ന നിലയിലും ആേ്രഫാ- ഏഷ്യന്‍-ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ സ്ഥൂലവും സൂക്ഷ്മവുമായ തലത്തില്‍ ‘ഘടനക്രമീകരണ’പരിപാടികളും പദ്ധതികളും അടിച്ചേല്‍പ്പിക്കുന്നതിനും അതുവഴി ഈ രാജ്യങ്ങളുടെ നയരൂപീകരണ പ്രക്രിയയിലേക്കു കടന്നുകയറാനും കഴിയുന്ന ‘േ്രടാജന്‍ കുതിര’കളാണെന്ന രീതിയിലും കണ്‍സള്‍ട്ടന്‍സികള്‍ വിന്യസിക്കപ്പെട്ടു. സാമ്രാജ്യത്വകേന്ദ്രങ്ങളില്‍ നിന്നുള്ള വായ്പകള്‍ക്കും സഹായപദ്ധതികള്‍ക്കും ആഗോള കണ്‍സള്‍ട്ടന്‍സികളുടെ േ്രപാജക്ട് റിപ്പോര്‍ട്ടുകളും സാധ്യതാപഠനങ്ങളും അനിവാര്യമാണെന്നു വന്നു.
ഇപ്രകാരം തഴച്ചു വളര്‍ന്ന, ആഗോളതലത്തില്‍ ലക്ഷക്കണക്കിനു ഏജന്‍സികളടങ്ങിയ ‘കണ്‍സള്‍ട്ടോക്രസി’യുടെ മൂന്നില്‍ രണ്ടു ഭാഗവും െ്രപെസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് (Pricewaterhouse Coopers – PwC) ഏണസ്റ്റ് ആന്റ് യങ്ങ് (Ernest & Young – E & Y ), ഡിലോയ്റ്റ് (Deloitte) എന്നീ ആഗ്ലോ-അമേരിക്കന്‍ കമ്പനികളും കെപിഎംജി (KPMG) എന്ന ഡച്ച് കമ്പനിയും കൈയിലൊതുക്കി. 11 ലക്ഷത്തോളം ജീവനക്കാരും 155000 കോടി ഡോളര്‍ വിറ്റുവരവുമുള്ള ഈ 4 കണ്‍സള്‍ട്ടന്‍സികള്‍ 160 ലേറെ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കൈക്കൂലി, നികുതി വെട്ടിപ്പ്, അക്കൗണ്ട് തിരിമറി, ഇതര സാമ്പത്തിക കുറ്റങ്ങള്‍, രാഷ്ടീയ ഇടപെടല്‍ തുടങ്ങി ആതിഥേയ രാജ്യങ്ങളുടെ നിയമ വ്യവസ്ഥയും നടപടി ക്രമങ്ങളും ലംഘിച്ചതിന്റെ പേരില്‍ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ എല്ലാ ഭൂഖണ്ഡങ്ങളിലുമുള്ള മിക്ക രാജ്യങ്ങളിലും നിയമനടപടികള്‍ക്കു വിധേയമാകുകയും വന്‍ തുക പിഴയൊടുക്കേണ്ടി വരികയും ശാസനകള്‍ക്കു വിധേയമാകുകയും ചെയ്തിട്ടുള്ളവയാണ് ഈ കമ്പനികള്‍. സര്‍ക്കാരുകള്‍ക്ക് വന്‍ തോതില്‍ നികുതി ചോര്‍ച്ചയുണ്ടാകും വിധം ഓഡിറ്റിങ്ങിലും അക്കൗണ്ടിങ്ങിലും തിരിമറി നടത്തുന്ന ഈ കണ്‍സള്‍ട്ടന്‍സികള്‍ ‘നികുതി വെട്ടിപ്പിന്റെ ബഹുരാഷ്ട്ര ബുദ്ധി കേന്ദ്രങ്ങള്‍’ (masterminds of multinational tax avoidance) എന്നാണറിയപ്പെടുന്നത്. ഇവ വഴിയുള്ള നികുതി വെട്ടിപ്പിലൂടെ, പ്രതി വര്‍ഷം ഒരു ലക്ഷം കോടി ഡോളറിന്റെ നികുതി നഷ്ടം ലോക രാജ്യങ്ങള്‍ക്കുണ്ടാകുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. എന്നിട്ടും ഇന്ത്യയെ പോലുള്ള രാജ്യക്കായുള്ള കോര്‍പ്പറേറ്റനുകൂല നികുതി പരിഷ് ക്കാരങ്ങള്‍ക്ക് ഇതേ കണ്‍സള്‍ട്ടന്‍സികളില്‍ നിന്നു കൂടിയാണെന്നതാണ് വിരോധാഭാസം. ഉദാഹരണത്തിന്, രണ്ടാം ലോകയുദ്ധാനന്തര കാലത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി യുടെ ബ്ലു പ്രിന്റുകള്‍ തയ്യാറാക്കുന്നതില്‍ ഒഇസിഡി (OECD), യുഎസ്എഐഡി (USAID), ബ്രട്ടണ്‍ വുഡ്‌സ് സ്ഥാപനങ്ങള്‍ തുടങ്ങിയവക്കൊപ്പം PwC യും KPMG യും ഉള്‍പ്പെടെ കരിമ്പട്ടികയില്‍ പെട്ട കണ്‍സള്‍ട്ടസി കളും സജീവമായ പങ്കു വഹിക്കുകയുണ്ടായി.

മേല്‍ സൂചിപ്പിച്ച നാലു വമ്പന്മാര്‍ (Big Four)ക്കൊപ്പം തന്ത്രപരമായ (strategic) ഉപദേശങ്ങളും നിര്‍ദേശങ്ങളും നല്‍കിവരുന്ന മക്കിന്‍സി (Mckinsey) ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ്ങ് ഗ്രൂപ്പ് (BCG), ബെയ്ന്‍ (Bain), എന്നിവയും ഡാള്‍ബര്‍ഗ് (Dalberg) ഐഡിന്‍സൈറ്റ് (IDinsight), ഇന്റല്‍ക്യാപ് (Intellecap), ജികെഡബ്യൂ (GKW Consult GmbH) ആക്സന്‍ചര്‍, ലൂയി ബര്‍ഗര്‍, സിസ്ട്ര തുടങ്ങിയ കുപ്രസിദ്ധിയാര്‍ജ്ജിച്ച നിരവധി കണ്‍സള്‍ട്ടന്‍സികളും ബഹുരാഷ്ട്രകമ്പനികളുടെ ക്വട്ടേഷന്‍ ഏറ്റെടുത്ത് ലോകരാജ്യങ്ങളില്‍ കടന്നു കയറുന്നതിനുള്ള അവസരമുണ്ടാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇപ്രകാരം കടന്നു കയറുന്ന ആഗോള കണ്‍സള്‍ട്ടന്‍സികളുടെ ജൂണിയര്‍ പങ്കാളിയളായും അവര്‍ക്കു താല്‍പര്യമില്ലാത്ത മേഖലകളില്‍ ഒതുങ്ങിക്കൂടുന്നവരായും ആഭ്യന്തര കണ്‍സള്‍ട്ടന്‍സികള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ആേ്രഫാ-ഏഷ്യന്‍- ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഭരണവര്‍ഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം ആഗോള കോര്‍പ്പറേറ്റ് മൂലധന കേന്ദ്രങ്ങളുമായുള്ള ബാന്ധവത്തിലെ മുഖ്യഇടനിലക്കാരായി പാശ്ചാത്യ സാമ്രാജ്യത്വ രാജ്യങ്ങളില്‍നിന്നുളള ഈ കണ്‍സള്‍ട്ടന്‍സികള്‍ മാറിയിരിക്കുന്നുവെന്നതാണ് ഇതിനു കാരണം. എന്നാല്‍, ഈ പൊതുതത്വം ഒരു സാമ്രാജ്യത്വ ശക്തിയായി മാറിക്കഴിഞ്ഞ ചൈനയ്ക്കു ബാധകമല്ലെന്നും കാണേണ്ടതുണ്ട്. 1980കളില്‍ നവലിബറലിസം ആധിപത്യത്തിലേക്കു വന്നതിനൊപ്പം മുതലാളിത്ത പാത ആശ്ലേഷിച്ച ചൈനയില്‍ ‘നാലു വമ്പന്മാര’ടക്കമുള്ള കണ്‍സള്‍ട്ടന്‍സികള്‍ പ്രത്യേകിച്ചും 1990കളില്‍ വന്‍തോതില്‍ പ്രവര്‍ത്തിച്ചിരുന്നതിന്റെ രേഖകകളുണ്ട്. എന്നാല്‍, 21-ാം നൂറ്റാണ്ടില്‍ ആലിബാബ പോലുള്ള ചൈനീസ് കമ്പനികള്‍ മുന്‍നിരയിലേക്കു വരികയും കണ്‍സള്‍ട്ടന്‍സി രംഗവും അവര്‍ കയ്യടക്കുകയും ചെയ്തതോടെ, നാലു വമ്പന്മാരടക്കം ചൈനയില്‍ പിടിച്ചുനില്‍ക്കുന്ന പാശ്ചാത്യ കണ്‍സള്‍ട്ടിങ്ങ് കമ്പനികളെല്ലാം ചൈനീസ് കമ്പനികളുടെ ജൂണിയര്‍ പാര്‍ട്നേഴ്സ് എന്ന സ്ഥിതിയില്‍ ഇപ്പോള്‍ ഒതുങ്ങിയിട്ടുണ്ട്.

കണ്‍സള്‍ട്ടോക്രസി ഇന്ത്യയില്‍

ഇന്ത്യയിലും, 1980കള്‍ വരെ തുടര്‍ന്ന നെഹ്രുവിയന്‍ പരിപ്രേക്ഷ്യത്തില്‍, മുമ്പു സൂചിപ്പിച്ചതുപോലെ, കണ്‍സള്‍ട്ടോക്രസിക്ക് പ്രത്യേകിച്ച് ഇടമുണ്ടായിരുന്നില്ല. വ്യവസ്ഥാപിതമായ നിയമങ്ങളിലൂടെയും ചട്ടങ്ങളിലൂടെയും സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ സാമ്പത്തിക നയരൂപവല്‍ക്കരണത്തില്‍ പങ്കാളികളാകുന്നതും വികസനപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാകുന്നതിനാവശ്യമായ എല്ലാ സാമ്പത്തിക, സാങ്കേതിക ഉപദേശവും വിദഗ്ദ്ധ സേവനവുമെല്ലാം ഈ ഉദ്യോഗസ്ഥവൃന്ദം തന്നെ ഏറ്റെടുത്തുപോന്നതുമാണ് ചരിത്രം. എന്നാല്‍, 1980കള്‍ മുതല്‍ ആഗോളവല്‍ക്കരണത്തിലൂടെ നവലിബറലിസം മുന്‍കൈ നേടുകയും നെഹ്രുവിയന്‍ നയങ്ങള്‍ കയ്യൊഴിയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയിലും കണ്‍സള്‍ട്ടന്‍സികള്‍ വേരുറപ്പിക്കുന്നത്. മുമ്പു സൂചിപ്പിച്ച ഈ രംഗത്തെ ആഗോള വന്‍സ്രാവുകള്‍ക്കൊപ്പം കോര്‍പ്പറേറ്റ് ഏജന്റുമാരായി ആഭ്യന്തര കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും വളര്‍ന്നു വരികയും ഭരണത്തിന്റെ ഇടനാഴികളില്‍ അവര്‍ സ്ഥിരസാന്നിദ്ധ്യമാവുകയും ചെയ്തു. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം 5 ലക്ഷം കോടി രൂപ വാര്‍ഷിക വരവുള്ളതും 2.2 ലക്ഷം പേര്‍ തൊഴിലെടുക്കുന്നതുമായ 10,000- ത്തോളം നാടനും വിദേശീയനുമായ കണ്‍സള്‍ട്ടന്‍സികളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ 50 ശതമാനത്തിലേറെ ഡെല്‍ഹിയിലും മുംബൈയിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നതെങ്കില്‍ 22 ശതമാനത്തോളം ചെന്നെയിലും കല്‍ക്കട്ടയിലുമാണ്.

ഇന്ത്യയില്‍ ‘മന്‍മോഹണോമിക്സ്’ വിക്ഷേപിക്കപ്പെട്ട 1990കളുടെ തുടക്കത്തില്‍തന്നെ ‘നാലു വമ്പന്മാരും’ മക്കിന്‍സിയുമെല്ലാം ഇവിടെ വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. പശ്ചിമബംഗാള്‍ ഉള്‍പ്പടെ എല്ലാ സംസ്ഥാന സര്‍ക്കാറുകളും നവലിബറലിസം ആശ്ലേഷിച്ചിതിന്റെ ഭാഗമായി കണ്‍സള്‍ട്ടന്‍സികളെ സ്വാഗതം ചെയ്തു. കുപ്രസിദ്ധ കനേഡിയന്‍ കണ്‍സള്‍ട്ടന്‍സിയായ ലാവലിനുമായി നായനാര്‍ ഭരണകാലത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി ഏര്‍പ്പെട്ട കരാര്‍ ഇപ്പോഴും ചര്‍ച്ചാ വിഷയമാണല്ലോ? പൊതുമേഖലാ സ്ഥാപനമായ ‘ബെല്ലി’ന് കുറഞ്ഞ ചെലവില്‍ ചെയ്തുതീര്‍ക്കാവുന്നതെന്ന ബാലാനന്ദന്‍ കമ്മിറ്റി നിര്‍ദ്ദേശം മറികടന്നായിരുന്നല്ലോ വിദേശ കണ്‍സള്‍ട്ടന്‍സിയെ അന്നു കടത്തികൊണ്ടുവന്നത്. അതേ സമയം ഇന്ത്യയില്‍ കണ്‍സള്‍ട്ടന്‍സികളുടെ സുവര്‍ണകാലം പിറക്കുന്നത് ‘ഗുജറാത്ത് മോഡല്‍’ ദേശവ്യാപകമാക്കാനുള്ള സാമ്പത്തിക അജണ്ടയുമായി 2014ല്‍ മോദി പ്രധാനമന്ത്രി പദമേറ്റതോടെയാണ്. ‘മേക്ക് ഇന്‍ ഇന്ത്യ’, ‘ഡിജിറ്റല്‍ ഇന്ത്യ’, ‘ക്ലീന്‍ ഇന്ത്യ’, ‘സ്വച്ച് ഭാരത്’, പൊതുമേഖലയെ വിറ്റു തുലയ്ക്കല്‍ തുടങ്ങിയ തീവ്ര വലതു-കോര്‍പ്പറേറ്റുവല്‍ക്കരണം ലക്ഷ്യമിട്ടുള്ള നക്ഷത്രപദ്ധതികള്‍ (Star Projects) നാടനും വിദേശീയനുമായ നൂറുക്കണക്കിനു വന്‍കിട-ചെറുകിട കണ്‍സള്‍ട്ടന്‍സികള്‍ക്ക് ചാകരയായി മാറി. സര്‍വ്വതല സ്പര്‍ശിയായ സ്വകാര്യ-കോര്‍പ്പറേറ്റ് മൂലധന കടന്നുകയറ്റത്തിനു വഴിയൊരുക്കുന്ന സാധ്യതാപഠനങ്ങളും പ്രോജക്ട് റിപ്പോര്‍ട്ടുകളും നിക്ഷേപപദ്ധതികളുടെല്ലാം തയ്യാറാക്കല്‍ ഇവരുടെ പണിയായി.

ഇതിനെല്ലാം പശ്ചാത്തലമൊരുക്കുമാറ്, സമ്പദ്ഘടനയിലെ സര്‍ക്കാര്‍ ഇടപെടലിന്റെ പ്രതീകം കൂടിയായ ആസൂത്രണ കമ്മീഷന്‍ തന്നെ മോദി പിരിച്ചുവിട്ടു. അതിന്റെ സ്ഥാനത്ത് കോര്‍പ്പറേറ്റ് ചിന്താസംഭരണി (corporate think-tank)യായ നീതി ആയോഗ് സ്ഥാപിച്ചു. പൊതുഖജനാവില്‍നിന്നും പണം കണ്‍സള്‍ട്ടന്‍സികള്‍ക്കും അഡൈ്വസറികള്‍ക്കം മറ്റും വിനിയോഗിക്കുന്നത് സുഗമമാക്കുംവിധം ‘പ്രൊഫഷണല്‍ സര്‍വ്വീസസ്’ എന്ന ഇനം ബജറ്റില്‍ വകയിരുത്തി. ഭരണഘടനാപരമായ നടപടിക്രമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിച്ചുപോന്ന വ്യവസ്ഥാപിത ബ്യൂറോക്രസിയെ ‘ചുവപ്പുനാട’, ‘കാര്യക്ഷമമില്ലായ്മ’ തുടങ്ങിയ പുകമറയിലൂടെ മറികടക്കുംവിധം നവ ഉദാരകേന്ദ്രങ്ങളുടെ കൂടി നിര്‍ദ്ദേശപ്രകാരം ഉന്നത ബ്യൂറോക്രസിയുടെ നിര്‍ണ്ണായക സ്ഥാനങ്ങളില്‍ കോര്‍പ്പറേറ്റ് സിഇഒമാരെ നേരിട്ട് റിക്രൂട്ട് (lateral entry) ചെയ്യുന്നതിന് തീരുമാനമെടുത്തു. 1500-ഓളം ഐഎഎസ് തസ്തികകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ നീക്കം. കഴിഞ്ഞ വര്‍ഷം ഇപ്രകാരം നിയമിക്കപ്പെട്ട 9 ഉന്നത ബ്യൂറോക്രാറ്റുകളില്‍ പ്രഥമസ്ഥാനം ലോകരാജ്യങ്ങള്‍ കരിമ്പട്ടികയില്‍ പെടുത്തിയ കെപിഎംജി യുടെ പാര്‍ട്നര്‍ കൂടിയായ ആംബര്‍ ദുബെ ക്കായിരുന്നു. അടുത്തകാലത്ത്, വിദേശമൂലധനത്തിന് ചുവപ്പു പരവതാനി വിരിക്കുന്നതിന്റെ ഭാഗമായി മോദി സര്‍ക്കാര്‍ രൂപം കൊടുത്ത ‘ഇന്ത്യയില്‍ നിക്ഷേപിക്കുക’ (Invest India) കാമ്പയനില്‍ ഫിക്കി (FICCI) സിഐഐ (CII), നാസ്‌കോം (Nasscom) തുടങ്ങിയ കോര്‍പ്പറേറ്റ് സംഘടനകള്‍ക്കൊപ്പം പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ്, കെപിഎംജി., ഏണസ്റ്റ് ആന്റ് യങ്ങ് തുടങ്ങിയ കണ്‍സള്‍ട്ടന്‍സി ഭീമന്മാര്‍ ബിസിനസ് പുനര്‍ നിര്‍മ്മാണ ടീം (Business Reconstruction Team-BRT) എന്ന പേരില്‍ പ്രവര്‍ത്തിച്ചുവരുന്നു. അതായത്, വളരെ ചുരുക്കത്തില്‍, ലോകബാങ്കും, ഐഎംഎഫും, എഡിബിയും ബഹുരാഷ്ട്ര കോര്‍പ്പറേറ്റ് കമ്പനികളുമെല്ലാമായി ഇഴുകിച്ചേര്‍ന്ന കണ്‍സള്‍ട്ടോക്രസി ഇന്ത്യന്‍ നയരൂപവല്‍ക്കരണത്തിലും പദ്ധതി നടത്തിപ്പിലും പൂര്‍ണ്ണമായും ഇഴുകിച്ചേര്‍ന്നിരിക്കുന്നു.

കേരളത്തിലെ കണ്‍സള്‍ട്ടന്‍സി രാജ്

തീര്‍ച്ചയായും, നയരൂപവല്‍ക്കരണത്തിലും പ്രോജക്ടുകള്‍ അവിഷ്‌ക്കരിച്ചു നടപ്പാക്കുന്നതിലും ഭരണകൂടത്തിനുണ്ടായിരുന്ന അധികാരം കോര്‍പ്പറേറ്റുകളിലേക്കു കൈമാറുകയും അതിന്റെ ഭാഗമായി അവരുടെ ഇടനിലക്കാരും ബിനാമികളുമെല്ലാമായ കണ്‍സള്‍ട്ടന്‍സികള്‍ ഭരണത്തില്‍ നിര്‍ണ്ണായകമാകുകയും ചെയ്ത ‘മോദിനോമിക്‌സി’ന്റെ പശ്ചാത്തലത്തിലാണ് 2016 മധ്യത്തില്‍ പിണറായി സര്‍ക്കാര്‍ കേരളത്തില്‍ അധികാരത്തിലേക്കു വരുന്നത്. വാസ്തവത്തില്‍, കരുണാകര-ആന്റണി- ഉമ്മന്‍ചാണ്ടി ഭരണകാലം മുതല്‍ വിദേശ കണ്‍സള്‍ട്ടന്‍സികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലെ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് മോഡേണൈസിംഗ് ഗവണ്‍മെന്റ് പ്രോഗ്രാം (MGP) എന്ന പേരില്‍ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കുമായി ബന്ധപ്പെട്ട് ഭരണ നവീകരണ പരിപാടിക്കു ശ്രമം നടത്തിയതു മുതല്‍ കണ്‍സള്‍ട്ടന്‍സികളുടെ സാന്നിദ്ധ്യം കേരളത്തില്‍ പ്രകടമായിത്തുടങ്ങി. 2003-ലെ ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ്, വീണ്ടും 2013ലെ എമര്‍ജിങ്ങ് കേരള ഇന്‍വെസ്റ്റ്മെന്റ് മീറ്റ് എന്നീ പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍ മുന്‍പു സൂചിപ്പിച്ച നാലു വമ്പന്മാര്‍ വലിയ പങ്കുവഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാന രണ്ടു വര്‍ഷങ്ങളാകുമ്പോള്‍ തന്നെ അക്‌സല്‍ചര്‍, ഡിലോയ്റ്റ്, എ യ്‌കോം, ഏണസ്റ്റ് ആന്റ് യങ്ങ്, പ പിഡബ്ല്യുസി, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് തുടങ്ങിയവയെല്ലാം വിവിധ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ സജീവമായിരുന്നു.

എന്നാല്‍, വിദേശ കണ്‍സള്‍ട്ടന്‍സിക്കെതിരെ പ്രഖ്യാപിത നിലപാടുള്ള സിപിഎം ന്റെ പോളിറ്റ് ബ്യൂറോ മെമ്പര്‍ കൂടിയായ പിണറായി വിജയന്‍ ഭരണമേറ്റതോടെ കണ്‍സള്‍ട്ടന്‍സികളോടുള്ള സമീപനത്തില്‍ ഗുണപരമായ മാറ്റമാണ് പ്രകടമായത്. ഇക്കാര്യത്തില്‍ ആദ്യത്തെ തന്ത്രപരമായ നീക്കം ലോകബാങ്ക് ആവിഷ്‌ക്കരിച്ചിട്ടുള്ള നിക്ഷേപ സൗഹൃദ അഥവാ സംരംഭ സൗഹൃദ സൂചിക (ease of doing business index)യില്‍ കേരളത്തിന്റെ സ്ഥാനം കുത്തനെ ഉയര്‍ത്തുന്നതിന് മുമ്പേതന്നെ കരിമ്പട്ടികയില്‍പെട്ടിട്ടുള്ള കെപിഎംജിയെ കണ്‍സള്‍ട്ടന്റായി നിയമിച്ചു എന്നതാണ്. അതോടൊപ്പം, പിന്നീട് ഐഎംഎഫിന്റെ ചീഫ് ഇക്കോണമിസ്റ്റ് ആയിത്തീര്‍ന്ന നവലിബറല്‍ സാമ്പത്തിക വിദഗ്ദ്ധയായ ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടായി നിയമിക്കുകയും ചെയ്തു. ‘ബംഗാളെന്നാല്‍ ബിസിനസ്’ എന്നര്‍ത്ഥം (Bengal means business) എന്ന മമതാ ബാനര്‍ജിയുടെ പരസ്യത്തിനു സമാനമായി കേരളത്തെ സംബന്ധിച്ച് ആഗോളമൂലധന കേന്ദ്രങ്ങള്‍ക്കു വ്യക്തമായ സന്ദേശം കൈമാറുന്നതിനായിരുന്നു ഈ നീക്കം. ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടും വീണ്ടും കെപിഎംജി എന്ന കുപ്രസിദ്ധ ഡച്ചു കമ്പനിയെത്തന്നെ 6 കോടി രൂപയിലധികം ഫീസ് വ്യവസ്ഥയില്‍ 2019ല്‍ ‘റീ ബില്‍ഡ് കേരള’യുടെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. താച്ചറുടെ കാലത്ത് സംഭാവന നല്‍കി പ്രോജക്ടുകള്‍ തരപ്പെടുത്തിയിരുന്ന കണ്‍സള്‍ട്ടന്‍സികളെ ഓര്‍മ്മിപ്പിക്കുംവിധം 2018ല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 2 കോടി രൂപയാണ് കെപിഎംജി സംഭാവന ചെയ്തത് !

ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത് കെപിഎംജിയും പിഡബ്ല്യുസി യും ഇതര നവലിബറല്‍ ഏജന്‍സികളും മുന്‍കൈ എടുത്തു വികസിപ്പിച്ച ജിഎസ്ടി (GST) യുടെ ഇന്ത്യയിലെ ഏറ്റവും വലിയ വക്താവായി പിണറായി സര്‍ക്കാര്‍ രംഗത്തുവന്നതാണ്. ഇന്ത്യയെ കോര്‍പ്പറേറ്റ്വല്‍ക്കരിക്കാനുള്ള ‘ബ്രഹ്മാസ്ത്ര’മാണ് ജിഎസ്ടി എന്ന് അമേരിക്കന്‍-ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ സംകയുക്തവേദിയായ യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലും മറ്റും ഉയര്‍ത്തിക്കാട്ടിയപ്പോഴും കേരളത്തിനു മഹാനേട്ടമായിരിക്കുമെന്ന് പ്രഖ്യാപിച്ച് ജിഎസ്ടി യെ കേരള സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടി. പിന്നീടാകട്ടെ, നികുതി വരുമാനമൊന്നും കൂടിയില്ലെന്നതോ പോകട്ടെ, സംസ്ഥാനത്തിന്റെ വിഭവസമാഹരണവുമായി ബന്ധപ്പെട്ട ഫെഡറല്‍ അധികാരം ഇല്ലാതാകുകയും സംസ്ഥാന ബജറ്റ് പോലും അപ്രസക്തമാകുകയും ചെയ്തു. ക്രമേണ വിഭവസമാഹരണത്തിന്റേയും വികസനത്തിന്റേയും മുഴുവന്‍ ഉത്തരവാദിത്വങ്ങളും നിയമസഭയോട് ഉത്തരവാദിത്വമില്ലാത്തതും ഭരണഘടനാസ്ഥാപനമായ സിഎജി (CAG) യുടെ ഓഡിറ്റിനുപോലും വിധേയമല്ലാത്തതുമായ ‘കിഫ്ബി’ ( KIIFB) എന്ന കോര്‍പ്പറേറ്റ് ബോഡിയില്‍ നിക്ഷിപ്തമായി. വാസ്തവത്തില്‍, വികസനവുമായി ബന്ധപ്പെട്ട നയതീരുമാനങ്ങളും വിഭവസമാഹരണവും പദ്ധതി നടത്തിപ്പും ‘കിഫ്ബി’യില്‍ നിക്ഷിപ്തമായതിന്റെ തുടര്‍ച്ചയാണ്, അതിന്റെ പശ്ചാത്തലമാണ് ഇപ്പോള്‍ കേരളത്തെ കണ്‍സള്‍ട്ടന്‍സി രാജിലേക്കെത്തിച്ചതെന്നു പറയാം.

സ്ഥല പരിമിതിമൂലം വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും ഏതാനും കാര്യങ്ങള്‍ ചുരുക്കി പറയേണ്ടതുണ്ട്. വികസനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും വ്യവസ്ഥാപിത നിയമ പ്രക്രിയയ്ക്കും ഭരണ നടപടിക്രമങ്ങള്‍ക്കും പുറത്തായതോടെ, മാഫിയവല്‍ക്കരിക്കപ്പെട്ട കോര്‍പ്പറേറ്റ് മൂലധനത്തിന്റെ പ്രതിനിധികളും നോമിനികളുമായ കണ്‍സള്‍ട്ടന്‍സികള്‍ ഭരണസിരാകേന്ദ്രത്തിലേക്കുതന്നെ കടന്നുകയറുകയും അവര്‍ നിര്‍ദേശിക്കുന്ന കരാര്‍ പണിക്കാരില്‍നിന്നും ഉന്നത ബ്യൂറോക്രാറ്റുകള്‍ നിര്‍ദേശം സ്വീകരിക്കേണ്ടിവരികയും ചെയ്തിരിക്കുന്നു. കണ്‍സള്‍ട്ടന്‍സികളുടെ കരാറുകാര്‍ക്കാണ് വൈദഗ്ദ്ധ്യമുള്ളതെന്നും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ക്ക് കഴിവില്ലെന്നും മൂലധനത്തിന്റെ പിമ്പായി മാറിയ സീനിയര്‍ ഉദ്യോഗസ്ഥന്‍ ഫയലില്‍ കുറിക്കുന്നിടത്തു വരെ കാര്യങ്ങളെത്തി. സര്‍ക്കാര്‍ മുദ്രയും ഔദ്യോഗിക വാഹനങ്ങളും കണ്‍സള്‍ട്ടന്‍സി കരാറുകാര്‍, യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ പരിചയസമ്പന്നരായ സീനിയര്‍ ഉദ്യോഗസ്ഥന്മാര്‍പോലും അവര്‍ക്കുമുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടിവരുന്നു. ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട ‘റൂള്‍സ് ഓഫ് ബിസിനസ്’ അട്ടിമറിക്കപ്പെടുന്നു. നവഉദാരനയങ്ങള്‍ നിമിത്തം, സംസ്ഥാന റവന്യൂ വരുമാനം കുത്തനെ ഇടിയുന്നതിനിടയില്‍ കണ്‍സള്‍ട്ടന്‍സികളുടെ ഫീസ്, അവര്‍ നിയമിക്കുന്ന കരാര്‍ ഉദ്യോസ്ഥരുടെ ശമ്പളവും അലവന്‍സുകളും തുടങ്ങിയ രൂപത്തില്‍ ഖജനാവില്‍നിന്നും ദശ കോടികള്‍ ചോരുകയും ഇതു സൗകര്യമാക്കി മൂലധനകേന്ദ്രങ്ങള്‍ ഭരണത്തിലും സമ്പദ്ഘടനയിലും പിടിമുറുക്കുകയും ചെയ്യുന്നു.

ഇപ്പോള്‍ വാര്‍ത്തയായിട്ടുള്ളതുപ്രകാരം, കോവിഡ് മഹാമാരിയെ നേരിടുന്നതിന്റെ പേരിലുള്ള സോഫ്ട്വെയര്‍ വികസനം, ഇലക്ട്രിക് ബസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇ-മൊബിലിറ്റി, ചെറുവള്ളി വിമാനത്താവളം, കെ-ഫോണ്‍, കൊച്ചി-പാലക്കാട് വ്യവസായ ഇടനാഴി, സെമി-ഹൈസ്പീഡ് റെയില്‍, ട്രഷറിയിലെ ഇന്റര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം, കൊട്ടിഘോഷിച്ച ‘ലൈഫ് മിഷന്‍’, എന്തിനധികം പദ്ധതികള്‍ക്കാവശ്യമായ ഭൂമിയേറ്റെടുക്കല്‍ വരെയുള്ള പതിനായിരക്കണക്കിനു കോടി രൂപ വിഭാവനം ചെയ്യുന്ന നിക്ഷേപ പദ്ധതികളുടെ പേരില്‍ കണ്‍സള്‍ട്ടന്‍സികള്‍ അരങ്ങു തകര്‍ക്കുന്നു. ഇതിനിടയില്‍ ശുഷ്‌ക്കിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ തൊഴിലുകള്‍പോലും കണ്‍സള്‍ട്ടന്‍സികളുടെ കരാറുകാര്‍ക്കായി മാറ്റിവെക്കപ്പെടുകയും തൊഴിലന്വേഷകര്‍ സര്‍ട്ടിഫിക്കറ്റുകളുമായി പിഎസി യുടെയും എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് മുമ്പില്‍ പ്രതീക്ഷയോടെ കാത്തു നില്‍ക്കുകയും ചെയ്യുന്നു.

തീര്‍ച്ചയായും, ഇക്കാര്യങ്ങളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കിടയില്‍ നയപരമായ വിയോജിപ്പുകളൊന്നുമില്ല. കണ്‍സള്‍ട്ടന്‍സി രാജും, കണ്‍സള്‍ട്ടോക്രസിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ മാനങ്ങളിലേക്കു കടക്കാതെ, ‘ടെന്‍ഡര്‍ വിളിക്കാതെ കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചു’ എന്നതുപോലുള്ള സാങ്കേതിക വിമര്‍ശനങ്ങളിലേക്കു പ്രതിപക്ഷവും മറ്റും ഒതുങ്ങിക്കൂടുന്നു. വാസ്തവത്തില്‍, സമ്പദ്ഘടനയുടെ നിയന്ത്രണവും അതിന്റെ ഭാഗമായ ഭരണനിര്‍വഹണവും അപ്പാടെ കോര്‍പ്പറേറ്റ് നിയന്ത്രണത്തില്‍ പെടുന്നതുമായി ബന്ധപ്പെട്ട സാമ്പത്തിക സ്വാതന്ത്ര്യത്തിന്റേയും രാജ്യ പരമാധാകാരത്തിന്റേയും വിഷയങ്ങള്‍ അവഗണിച്ച്, ചര്‍ച്ച സ്വര്‍ണ്ണക്കടത്തിലേക്കും മറ്റും കേന്ദ്രീകരിക്കുന്നത് അതിനു സൗകര്യമൊരുക്കിയ മാഫിയ-ഭരണ ബാന്ധവം അപ്രധാനമാക്കുന്ന തരത്തിലാണ് . നിലവിലുള്ള ഭരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് കാലങ്ങളായി നടന്നുവരുന്നതാണ് സ്വര്‍ണ്ണക്കടത്ത്. ലോകസ്വര്‍ണ്ണക്കടത്തിന്റെ മൂന്നിലൊന്ന് ഇന്ത്യയിലേക്കാണെങ്കില്‍, ഇന്ത്യയിലത് ഏറ്റവും കൂടുതല്‍ കേന്ദ്രീകരിക്കുന്നത് കേരളത്തിലാണ്. ഇതൊരു പുതിയ കാര്യമല്ല. എന്നാലിപ്പോള്‍ പ്രസക്തമായിരിക്കുന്നത്, കരാര്‍ കണ്‍സള്‍ട്ടന്‍സികളുമായി ബന്ധപ്പെട്ട മാഫിയ-അധോലോക സംഘങ്ങള്‍ ഭരണവുമായുള്ള അടുത്ത ബന്ധം ഉപയോഗപ്പെടുത്തി സ്വര്‍ണ്ണക്കടത്തിലേക്കും കടന്നുവെന്നതാണ്. അതായത്, കൂടുതല്‍ ആഴത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക മാനങ്ങളോടുകൂടിയ കോര്‍പ്പറേറ്റ്-കണ്‍സള്‍ട്ടോക്രസിയുടെ ഒരു അനുബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്ന സ്വര്‍ണ്ണക്കടത്ത്. അതിലേക്കു മാത്രമായി ജനങ്ങളുടെ ശ്രദ്ധയെ തിരിച്ചു വിട്ട് കൂടുതല്‍ വിനാശകരമായ നവലിബറല്‍-കോര്‍പ്പറേറ്റ്വല്‍ക്കരണം രാഷ്ട്രീയ ചര്‍ച്ചകള്‍ക്കുപോലും വിഷയാമക്കാതിരിക്കുന്ന ഭരണവര്‍ഗ്ഗ അജണ്ട തിരിച്ചറിയപ്പെടേണ്ടതാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply