സത്യാനന്തര കാലത്തെ രാഷ്ട്രീയം

2017ല്‍ ഡൊണാള്‍ഡ് ട്രമ്പ് അധികാരത്തിലെത്തിയപ്പോള്‍ എഴുതിയത്. അതിനുശേഷം ഇവിടെ രണ്ടുതവണ കൂടി മോദിയും ഒരു തവണകൂടി പിണറായിയും അധികാരത്തിലെത്തി. ഇപ്പോഴിതാ വീണ്ടും അധികാരത്തിലെത്താന്‍ ട്രമ്പ് ശ്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോഴും പ്രസക്തമാണെന്നു തോന്നുന്നതിനാല്‍ ഈ ലേഖനം പുനപ്രസിദ്ധീകരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിന് തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ ‘ഗാന്ധിയുടെ സ്വരാജ്’എന്ന വിഷയത്തില്‍ ഞാനൊരു പ്രഭാഷണം ചെയ്തിരുന്നു. ഡൊണാള്‍ഡ് ട്രമ്പ് എന്ന സായിപ്പും നരേന്ദ്രമോദിയെന്ന ഭായിയും പിണറായിയെന്ന സഖാവും ഒരേ രാഷ്ട്രീയത്തിന്റെ അല്ലെങ്കില്‍ രാഷ്ട്രീയമില്ലായ്മയുടെ മുഖങ്ങളാണെന്നായിരുന്നു പറയാന്‍ ശ്രമിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ‘മനസ്സിനക്കരെ’യില്‍ അപ്പനും (ഇന്നസെന്റ്) മകനും (ജയറാം) ഷാപ്പിലിരുന്ന് കള്ള് മോന്തി പിമ്പിരിയാകുമ്പോള്‍, പിമ്പിരിയായ മറ്റൊരു കുടിയന്‍ (സി.വി.ദേവ്) നാവ് കുഴച്ചിലോടെ നിരീക്ഷിക്കുന്നതിങ്ങനെയാണ്: ‘’ബെസ്റ്റ് കോമ്പിനേഷന്‍’. ശ്രോതാക്കളായ വിദ്യാര്‍ത്ഥിനികള്‍ സ്വയം മറന്ന് ചിരിച്ചെങ്കിലും ആണ്‍കുട്ടികള്‍ ഗൗരവപ്രകൃതികളായി ഇരിക്കുകയാണുണ്ടായത്. പ്രഭാഷണത്തിനൊടുവില്‍ അവരില്‍ പലരും ട്രമ്പിന്റെയും മോദിയുടെയും കൂടെ പിണറായിയെ കൂട്ടിക്കെട്ടി ‘’ബെസ്റ്റ് കോമ്പിനേഷനാ’ക്കിയതിനെ ചോദ്യം ചെയ്തു. ഞാനെന്റെ ഭാഗം വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും, എനിക്കുറപ്പുണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് അത് സ്വീകാര്യമായിട്ടുണ്ടാവില്ല. ഒരു പ്രഭാഷകന് സ്വാഭാവികമായും കിട്ടുന്ന അധികാരത്തിന്റെ ചെലവില്‍ അവരെന്റെ വാക്കുകള്‍ അവഗണിച്ചിട്ടുണ്ടാവും. ഞാന്‍ പറഞ്ഞതിന്റെ പൊരുളിലേയ്ക്ക് പോകാന്‍ അവര്‍ ശ്രമിച്ചിട്ടുണ്ടാകില്ല.

ഡൊണാള്‍ ട്രമ്പിന്റെ മുഖം കാണുമ്പോള്‍ ഓര്‍മ്മയിലെത്തുക ദോസ്‌തോസ്‌കിയുടെ ‘’കരാമസോവ് സഹോദരന്മാര്‍’’ എന്ന ബൃഹദ് ആഖ്യായികയിലെ തന്തകരാമസോവിനെയാണ്. വിടനും വെറിയനും വിടുവായനുമായിട്ടാണ് നോവലിസ്റ്റ് ഫയദോര്‍ കരാമസോവിനെ അവതരിപ്പിക്കുന്നത്.

രണ്ടര പതിറ്റാണ്ടിന്റെ ആഗോളീകരണവും സാമ്പത്തിക ഉദാരവത്ക്കരണവും സൃഷ്ടിച്ച രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക ആത്മീയ സാഹചര്യങ്ങളാണ് ട്രമ്പിനെ അധികാരത്തിലെത്തി ക്കുന്നത്. അമേരിക്കന്‍ മദ്ധ്യവര്‍ഗ്ഗ ബുദ്ധിജീവികളും അമേരിക്കയ്ക്കു പുറത്തുള്ള അതേ വര്‍ഗ്ഗഛായയുള്ളവരും ഏതാണ്ട് ‘’നിരക്ഷരനായ’’ കോമാളിയായിട്ടാണ് ട്രമ്പിനെ എഴുതിത്തള്ളിയത്. ഏത് തോന്ന്യാസത്തിനും പണവും സൗകര്യവുമുള്ളവന്‍. നിരവധി എസ്റ്റേറ്റുകള്‍. ബിസിനസ്സ് സാമ്രാജ്യങ്ങള്‍, ആശ്രിതര്‍, വിഷയലമ്പടന്‍. ട്രമ്പ് പ്രസിഡന്റായാല്‍ ഭൂമിയില്‍ അശാന്തിയും അക്രമവും നിത്യസംഭവങ്ങളാകുമെന്ന് എല്ലാ ലിബറല്‍ ബുദ്ധിജീവികളും എഴുതുകയും പ്രസംഗിക്കുകയും ചെയ്തു.

ട്രമ്പാകട്ടെ, തന്നെ ഭയത്തിന്റെ ഒരു പ്രതീകമായി കാണുവാന്‍ അക്ഷരജ്ഞാനമുള്ള ലോകജനതയെ പ്രേരിപ്പിക്കുക മാത്രമല്ല ചെയ്തത്. തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം മുസ്‌ളീം വിരോധം കെട്ടഴിച്ച് വിട്ടു. അമേരിക്കയിലേയ്ക്ക് മുസ്‌ളീമുകളെ കടത്തി വിടില്ല; അനധികൃത കുടിയേറ്റം തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തികളില്‍ മതിലുകള്‍ കെട്ടിയുയര്‍ത്തും. ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും തൊഴിലവസരങ്ങള്‍ തിരിച്ചുകൊണ്ടുവരും. കച്ചവടക്കരാറുകള്‍ പുന:പരിശോധിക്കും. അമേരിക്കന്‍ വിപണിയില്‍ വിലകുറഞ്ഞ ചൈനീസുല്പന്നങ്ങള്‍ വന്ന് നിറയുന്നത് തടയാന്‍ താരിഫ് നിയമങ്ങള്‍ കര്‍ശനമാക്കും. അയാള്‍ സ്ത്രീകളെയും കറുത്തവരെയും ഹിസ്പാനികളെയും ചൈനക്കാരെയും ഇന്ത്യക്കാരെയും വാക്കുകളാല്‍ മുറിപ്പെടുത്തി. വെള്ളക്കാരല്ലാത്തവരുടെ നേരെ വിഷം ചീറ്റി. അതേ സ്വരത്തില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു: “’മറക്കപ്പെട്ട അമേരിക്കന്‍ പുരുഷന്മാരും സ്ത്രീകളും ഇനി മറക്കപ്പെടില്ല’. ഇവര്‍ വെള്ളക്കാരായ തൊഴില്‍ രഹിതരും പുതിയ സാമ്പത്തികനയങ്ങള്‍ മൂലം ബഹിഷ്‌കൃതരും ദരിദ്രരുമായ അമേരിക്കക്കാരാണ്. ജനാധിപത്യ സ്ഥാപനങ്ങള്‍ തകര്‍ക്കുമെന്ന് പറഞ്ഞില്ലെങ്കിലും അവയെ പുച്ഛത്തോടെയാണ് കണ്ടത്. പ്രത്യേകിച്ചൊരു ബുദ്ധിജീവി നാട്യവും ബുദ്ധിജീവി പ്രകടനപരതയും അങ്ങേര്‍ക്കില്ലായിരുന്നു. തനി തന്തക്കരാമസോവ്.. അമേരിക്കയിലെ അവഗണിക്കപ്പെട്ട വെള്ള ക്കാരെ തന്നോട് ബന്ധിപ്പിക്കുവാന്‍ അങ്ങേര്‍ക്ക് എളുപ്പം സാധിച്ചു; ലിബറലുകള്‍ക്ക് കഴിയാത്ത വണ്ണം.

അമേരിക്കന്‍ ലിബറല്‍ പാര്‍ട്ടിയെന്നവകാശപ്പെടുന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഹില്ലാരി ക്‌ളിന്റണ്‍ 1964ല്‍ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ബാരിഗോള്‍ഡ് വാട്ടേഴ്‌സിനു വേണ്ടിയാണ് ആദ്യമായി രാഷ്ട്രീയത്തിലിറങ്ങുന്നത്. പിന്നീടവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ചേര്‍ന്നു. 1994ല്‍ ബില്‍ക്‌ളിന്റന്റെ പ്രസിഡന്‍സിയില്‍ കറുത്തവരായ യുവാക്കളെയും ന്യൂനപക്ഷ ങ്ങളെയും എളുപ്പത്തില്‍ ജയിലിലടയ്ക്കാനുള്ള നിയമം നടപ്പിലാക്കാന്‍ കൂട്ട് നിന്നു. രണ്ട് വര്‍ഷത്തിനുശേഷം സാധുക്കളായ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് പ്രയോജനം ലഭിച്ചിരുന്ന AIDS TO FAMILIES WITH DEPENDENT CHILDREN പദ്ധതി ഇല്ലാതാക്കുന്നതിന് ഭരണ കൂടത്തോടൊപ്പം കൂടി. അനധികൃതമായ ഇറാക്ക് അക്രമണത്തിന് സെനറ്ററെന്ന നിലയില്‍ അനുകൂലമായി വോട്ട് ചെയ്തു. ഒബാമയുടെ സെക്രട്ടറിയായിരിക്കെ നിരവധി അധിനിവേശങ്ങള്‍ക്ക് അനുമതി നല്കി. അവയുണ്ടാക്കിയ ദുരന്തങ്ങളും മരണങ്ങളും ഏറെയായിരുന്നു. അവര്‍ മൂന്നാം ലിംഗക്കാരുടെ അവകാശങ്ങള്‍ക്കെതിരായി സംസാരിച്ചു. വന്‍കിട കുത്തകകളുടെ പ്രതിനിധിയായി നില കൊണ്ടു. അമേരിക്കന്‍ ഗ്രാമീണ മേഖലയിലെ സാധാരണക്കാരുമായി അവര്‍ക്ക് യാതൊരു അടുപ്പവുമില്ലായിരുന്നു. അവിടങ്ങളിലെ സാമ്പത്തിക അസമത്വവും നാശോന്മുഖവുമായ സാമ്പത്തിക വ്യവസ്ഥകളും അധികാരത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന യാഥാര്‍ത്ഥ്യം ഗ്രാമീണരിലുണ്ടാക്കി. കുടിയേറ്റ പ്രവാഹവും 2008ലെ സാമ്പത്തിക മാന്ദ്യവും അവരെ നിരാശരും കോപാകുലരുമാക്കി. ഭരണക്കൂടത്തിനെതിരായുള്ള ഈ വികാരമാണ് യാതൊരു മൂല്യങ്ങളുമില്ലാത്ത കഴുത്തറപ്പന്‍ മുതലാളിത്തവാദിയായ ട്രമ്പ് ചൂഷണം ചെയ്തത്. നഗരങ്ങളിലെ മദ്ധ്യവര്‍ഗികളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ഗ്രാമീണര്‍ പ്രതികരിച്ചത്. അധികാരത്തില്‍ കടിച്ച് തൂങ്ങാനും തങ്ങള്‍ക്കെതിരെ പ്രയോഗിക്കാനുള്ള ആയുധവുമായിട്ടാണ് ലിബറല്‍ ഡെമോക്രസിയെ അവര്‍ കണ്ടത്. അത് എലീറ്റ് ക്‌ളാസിന്റെ പൊയ്മുഖം. ജനാധിപത്യ മൂല്യങ്ങളില്‍ നിന്ന് തീര്‍ത്തും അന്യവത്ക്കരിക്കപ്പെട്ടതോടെയാണവര്‍ പ്രതിലോമകരമായ നാട്യങ്ങളുടെയും വിടുവായത്തരങ്ങളുടെയും കരാമസോവ് രൂപമായ ട്രമ്പിലെത്തുന്നത്. ലിബറല്‍ ഡെമോക്രസി ചീഞ്ഞളിയുമ്പോഴാണ് വലതുപക്ഷ മുതലാളിത്തത്തിന്റെ വിഷ ക്കൂണുകള്‍ പൊട്ടി മുളച്ച് ചീര്‍ക്കുന്നത്. അതിന് മൂല്യങ്ങളില്ല; ആശയങ്ങളില്ല. ഏത് രൂപവും അതിന് പ്രാപിക്കാനാവും. ബീഭത്സമായ നഗ്‌നതയാണത്. അതിന്റെ മറ്റൊരു രൂപമായിരുന്നു ബ്രിട്ടനില്‍ നിന്നുള്ള BREXIT ഫലങ്ങള്‍. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ബ്രിട്ടീഷ് ജനത വിധിയെഴുതിയത്. അത് ജര്‍മ്മനിയിലും ഇറ്റലിയിലും ഫ്രാന്‍സിലും തുര്‍ക്കിയിലുമെല്ലാം ആവര്‍ത്തിക്കാതിരിക്കാന്‍ വഴിയില്ല.

ഗാന്ധിയുടെ ‘സ്വരാജ്’ ഭൂമിയില്‍ ഒരിക്കലും സംഭവിക്കാനിടയില്ലാത്ത ഒരു മോഹം മാത്രമാണ്. ഇന്ത്യയ്ക്ക് പോകാവുന്ന പരമാവധി ജനാധിപത്യദൂരം ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. 1965നു ശേഷം ഇന്ത്യന്‍ ജനാധിപത്യം നെഹ്‌റുവിയന്‍ ധാരയില്‍ നിന്നും അകന്നു പോകുന്നതായി കാണാം.

ലിബറല്‍ ജനാധിപത്യത്തിന്റെ എല്ലാ മൂല്യങ്ങളും കൈയൊഴിഞ്ഞ് കുടുംബവാഴ്ചയിലും അഴിമതിയിലും കോണ്‍ഗ്രസ്സ് അഴുകിയതില്‍ നിന്നുണ്ടായ വിഷവൈറസുകളുടെ വീര്യമാണ് രാഷ്ട്രീയ സ്വയം സേവകനായ നരേന്ദ്രമോദിയെ 2014ല്‍ വന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താന്‍ സഹായിച്ചത്. കോണ്‍ഗ്രസ്സിന്റെയും ഇടതുപക്ഷങ്ങളടങ്ങുന്ന മറ്റ് രാഷ്ട്രീയ കക്ഷികളുടെയും ജനാധിപത്യ നാട്യങ്ങളെ ജനങ്ങള്‍ നിരാകരിച്ചു. ഇന്ത്യന്‍ പൗരുഷത്തിന്റെ പ്രതീകമെന്ന് വാഴ്ത്തപ്പെടുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കി.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്സ്.എസ്സ് പങ്കെടുത്തിട്ടേയില്ല. ബ്രിട്ടീഷ് ഏജന്റു മാരായി സ്വാതന്ത്ര്യസമരത്തെ ഒറ്റികൊടുത്തിട്ടേയുള്ളൂ. അവരിന്ന് ധീരദേശാഭിമാനികളായി നെഞ്ച് വിരിച്ച് മറ്റുള്ളവരെ ദേശദ്രോഹികളായി ചാപ്പയടിക്കുന്നത് ഇന്ത്യാചരിത്രം കണ്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ വലതുപക്ഷ തമാശയാണ്.

ന്യൂനപക്ഷങ്ങളെ അക്രമിക്കുന്നത് വിമര്‍ശിച്ചാല്‍ നിങ്ങള്‍ രാജ്യദ്രോഹിയാണ്. ഗോസംരക്ഷകരുടെ കൂടെയല്ലെങ്കില്‍ ദേശദ്രോഹിയാണ്. ഇന്ത്യയുടെ പാക്കിസ്ഥാന്‍ നയങ്ങളെ വിമര്‍ശി ക്കുന്നെങ്കില്‍, കാശ്മീരില്‍ സമാധാനം പുന:സ്ഥാപിതമാകാന്‍ ബോംബും തോക്കുമല്ല വേണ്ടത് പരസ്പര സംവാദമാണ് വേണ്ടതെന്ന് പറഞ്ഞാല്‍, നിങ്ങള്‍ക്കുള്ള രാജ്യം പാക്കിസ്ഥാനാണ്. ‘വന്ദേമാതരം’ എന്നലറി വിളിച്ചിരുന്നവര്‍ ഇന്ന് ദേശീയതയെ ഒരു മനോരോഗമായിക്കണ്ട ടാഗോറിന്റെ ദേശീയഗാനത്തെച്ചൊല്ലി ദേശദ്രോഹികളെന്നും ദേശസ്‌നേഹികളെന്നും വേര്‍തിരിവ് നട ത്തുന്നത്, വെറും രാഷ്ട്രീയലാഭത്തിന്നല്ലാതെ മറ്റൊന്നിനുമല്ല. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ അപലപിക്കുന്നെങ്കില്‍ നിങ്ങള്‍ കള്ളപ്പണക്കാരനാണ്. ഒക്‌ടോബര്‍ അന്ത്യത്തില്‍ ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കാവല്‍ പോലീസിനെ കഴുത്തറുത്ത് കൊന്ന് തടവ് ചാടിയെന്നാരോപിക്കപ്പെടുന്ന സിമിപ്രവര്‍ത്തകരായ എട്ട് മുസ്‌ളീമുകളെ പോലീസ് നിറയൊഴിച്ച് കൊന്നതിന്റെ നൈതികതയെ ചോദ്യം ചെയ്യുന്നതായാല്‍, നിങ്ങള്‍ പാക്കിസ്ഥാന്‍ ചാരനായി അവഹേളിക്കപ്പെടുന്നു. നിങ്ങള്‍ മോദിയനുകൂലിയല്ലെങ്കില്‍ രാജ്യദ്രോഹി തന്നെ.

13/11/16ല്‍ ഗോവയിലെയും ബര്‍ഗായിലെയും പൊതുപരിപാടികളില്‍ മോദി പറയുന്നത് ശ്രദ്ധിക്കുക: ‘ഏത് തരത്തിലുള്ള ആളുകളും ശക്തികളുമാണ് ഇപ്പോള്‍ എനിക്കെതിരെയുള്ളതെന്ന് എനിക്കറിയാം…… അവരെന്നെ ജീവനോടെയിരിക്കാന്‍ അനുവദിക്കില്ല. അവരെന്നെ നശിപ്പിക്കും……. എഴുപതുകൊല്ലം രാജ്യത്തെ കൊള്ളയടിച്ചവരാണവര്‍’. ലിബറലുകള്‍, കോണ്‍ഗ്രസ്സുകാര്‍ (അവരതര്‍ഹിക്കുന്നു) വിമര്‍ശകര്‍, ഒരേ ഗണത്തില്‍ പെടുന്ന രാജ്യദ്രോഹികള്‍. താന്‍ കുടുംബം ഉപേക്ഷിച്ചത് രാജ്യത്തിനു വേണ്ടിയാണ്. നിങ്ങള്‍ അര്‍ഹിക്കുന്നതായ ഒരിന്ത്യ ഞാന്‍ നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു….. ഈ രാജ്യത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്തോ അതാണ് ഞാന്‍ ചെയ്യുന്നത്…. (ഡൊണാള്‍ഡ് ജെ ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പറഞ്ഞ അതേ വാക്കുകള്‍!). തന്റെ ശത്രുക്കളെപ്പറ്റി മോദി പറയുന്നതിങ്ങനെ: ‘എന്റെ മുടി പിടിച്ചു വലിച്ചാല്‍ ഞാന്‍ എല്ലാം നിര്‍ത്തി ഒന്നും ചെയ്യില്ലെന്നവര്‍ വിചാരിച്ചു. എന്നെയങ്ങിനെ ഭയപ്പെടുത്താനാവില്ല. ഞാനിത്തരം കാര്യങ്ങള്‍ ചെയ്യുന്നത് നിര്‍ത്തില്ല; നിങ്ങളെന്നെ ജീവനോടെ ചുട്ടുകരിച്ചാലും’.

വികാരപരമായിട്ടാണ് മോദി എല്ലാറ്റിനെയും നേരിടുന്നത്. പക്വതയാര്‍ന്ന ഒരു പ്രധാന മന്ത്രി വിചാരപരമായിട്ടാണ് വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുക. അതിവികാരപരത നാടക നടന്മാരുടെതാണ്.. ഷെയ്ക്‌സ്പിയറിന്റെ ജൂലിയസ് സീസറില്‍ നമുക്കിത് കാണാം. മോദി ഒരു നല്ല നടനായിരുന്നെന്ന് മോദിയുടെ ജീവചരിത്രകാരന്‍ നിലജ്ഞന്‍ മുഖോപാദ്ധ്യായ രേഖ പ്പെടുത്തുന്നുണ്ട് (NARENDRA MODI. THE MAN: The Times 2013) (പുറം: 64)

മോദിയുടെ അതേ വാക്കുകള്‍ തന്നെയാണ് ഇന്ദിരാഗാന്ധിയും പറഞ്ഞിരുന്നത്. 1967 ലെ തെരഞ്ഞെടുപ്പിന് മുമ്പായി കുല്‍ദീപ് നയ്യാറിന് നല്കിയ അഭിമുഖത്തില്‍ ഇന്ദിരാഗാന്ധി: ‘നോക്കൂ, പാര്‍ട്ടിക്ക് ആരെയാണ് വേണ്ടതെന്നാണ് ചോദ്യം; ജനങ്ങള്‍ ആരെയാണ് ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്കിടയിലുള്ള എന്റെ സ്ഥാനം അജയ്യമാണ’്. (നയന്‍താര സഗാള്‍: ഇന്ദിരാ ഗാന്ധി: പുറം 16) അവര്‍ പലപ്പോഴും ആവര്‍ത്തിച്ചിരുന്നത് ജനസംഘം അവരെ കൊല്ലാന്‍ ശ്രമിക്കുന്നുയെന്നാണ്. പാര്‍ലിമെന്ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ ജനസംഘം എം.പി.മാര്‍ രൂക്ഷമായി പ്രതികരിച്ചപ്പോഴാണ് ആ പ്രസ്താവന അവര്‍ പിന്‍വലിച്ചത്. 1975 ജൂണ്‍ 26ന് ഇന്ദിരാഗാന്ധി റേഡിയോയിലൂടെ വികാരഭരിതയായി പറഞ്ഞു: ‘കുറച്ചുപേരുടെ പ്രവൃത്തികള്‍ ബഹുഭൂരിപക്ഷത്തിന്റെ അവകാശങ്ങള്‍ അപകടത്തിലാക്കുന്നു. വര്‍ഗീയശക്തികള്‍ ഉണര്‍ത്തപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയായി’. (പുറം: 16: ടല്‍വീന്‍ സിങ്ങ്: ദര്‍ബാര്‍) 1975 സെപ്തംബര്‍ 27ന് ഒരു വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു: ‘എനിക്കെതിരെ ഏതെങ്കിലും വിധത്തിലുള്ള ഉപദ്രവം ഉണ്ടായാല്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ഉയിര്‍ത്തെണീക്കും’. ‘ഞാന്‍ പ്രധാനമന്ത്രിയായത് അധികാരം ഞാനിഷ്ടപ്പെടുന്നതുകൊണ്ടല്ല. ഞാന്‍ ജനങ്ങളെ സേവിക്കാനാഗ്രഹിക്കുന്നു; അവരെ സേവിക്കല്‍ മാത്രമാണ് എന്റെ മുമ്പാകെയുള്ള ഒരേ ഒരു കാര്യം’. (പുറം : 264 : നയന്‍താര സഗാള്‍) 1975 ജൂലായ് ഒന്നുമുതലുള്ള എല്ലാ പ്രസ്താവനകളിലും ജനസംഘമടക്കമുള്ള പ്രതിപക്ഷം തന്നെ വക വരുത്താന്‍ ശ്രമിക്കുകയാണെന്നവര്‍ വിലപിക്കുന്നുണ്ട്; വികാരഭരിതയായി. ഒപ്പംതന്നെ, മാധ്യമങ്ങളെയും കുറ്റപ്പെടുത്തുന്നു. ഇന്ദിരാഗാന്ധിയുടെ ‘വര്‍ഗീയശക്തികള്‍’ മാറ്റി രാജ്യദ്രോഹികളാക്കായില്‍ മോദിയായി. റേഡിയോയ്ക്ക് പകരം മന്‍ കീ ബാത്ത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ ജനാധിപത്യസ്ഥാപനങ്ങളെ ദുര്‍ബ്ബലപ്പെടുത്തുന്നതിന്റെ ആരംഭം ഇന്ദിരാഗാന്ധിയില്‍ നിന്നാണ് തുടങ്ങുന്നത്. പാര്‍ട്ടി, ഭരണഘടന, ജൂഡീഷ്യറി, നിയമനിര്‍മ്മാണ സഭകള്‍, നീതി നിര്‍വ്വഹണം, പ്രസ്സ് എന്നിവയെയെല്ലാം ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ തന്റെ ചൊല്പടിയിലാക്കാന്‍ അവര്‍ ശ്രമിക്കുന്നതായി കാണാം. തുടര്‍ന്നുവന്ന സര്‍ക്കാരുകളെല്ലാം തന്നെ അതിന് ആക്കം കൂട്ടുകയാണുണ്ടായത്. ആഗോളീകരണവും ഉദാരവത്ക്കരണവും അതിന്റെ വേഗത വര്‍ധിപ്പിച്ചു. പത്ത് വര്‍ഷത്തെ യുപിഎ ഭരണം അവയെ പിന്നെയും ദുര്‍ബലമാക്കി.

മോദിയ്ക്ക് പാര്‍ലിമെന്റിനോടോ ജൂഡീഷ്യറിയോടോ യാതൊരു ബഹുമാനവുമില്ല. താനുദ്ദേശിക്കുന്ന ഏകാധിപത്യ ഭരണത്തിന് അവ വിഘാതങ്ങളാണ്. പാര്‍ലിമെന്റില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനോ പ്രതിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ കേള്‍ക്കുവാനോ ഇഷ്ടമില്ല. ജൂഡീഷ്യറിയെ അദ്ദേഹം കാര്യമായി എടുക്കുന്നില്ല. അവയുമായി ശീതസമരത്തിലാണ് കോളേജിയത്തിന്റെ വിഷയത്തില്‍. പരമോന്നത നീതിപീഠവും മോദിയുടെ മനസ്സറിഞ്ഞാണ് പ്രവര്‍ത്തിക്കുന്നതെന്ന് തോന്നിപ്പോകും. ദേശീയഗാനം സിനിമാ തിയറ്ററുകളില്‍ നിര്‍ബ്ബന്ധമാക്കിയ ഉത്തരവ് അതിനൊരുദാഹരണമാണ്. പത്രപ്രവര്‍ത്തകരെ മോദി കാണാറില്ല. അഭിമുഖങ്ങള്‍ അത്യപൂര്‍വ്വമാണ്. വെര്‍ച്വല്‍ വേള്‍ഡിലും വിദേശരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലുമാണ് ആകര്‍ഷണം. അദ്ദേഹത്തിന് സമനായ ഒരു സഹപ്രവര്‍ത്തകനില്ല. രാഷ്ട്രീയ നേതാവുമില്ല. ജനങ്ങളെ നേരിട്ടുകാണാന്‍ ഇഷ്ടപ്പെടുന്നില്ല. മൈതാനപ്രസംഗത്തിലാണ് താല്പര്യം. സാംസ്‌കാരിക സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങള്‍, സര്‍വ്വകലാശാലകള്‍, ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍, റിസര്‍വ്വ് ബാങ്ക് എന്നിവയിലെല്ലാം തന്റെ ആജ്ഞാനുവര്‍ത്തികളെ കുടിയിരുത്തുന്നു. ഫെഡറല്‍ സംവിധാനത്തെ മാനിക്കുന്നില്ല. ഇന്ദിരാഗാന്ധി തുടങ്ങിവെച്ചത് അദ്ദേഹം അതിനേക്കാള്‍ തീവ്രമായി പൂര്‍ത്തീകരിക്കുന്നു.

രാജ്യത്തിന്റെ എല്ലാ മൂലകളിലും രാഷ്ട്രീയ സ്വയംസേവകര്‍ മോദിയുടെ അപദാനങ്ങള്‍ പാടി, വിമര്‍ശകരെ നേരിടുന്നു. ചാനലുകളില്‍ മോദി ഭക്തന്മാര്‍ നുണകളെ നേരാക്കുന്നു. നോട്ട് അസാധുവാക്കിക്കൊണ്ടുള്ള മോദിയുടെ നവംബര്‍ എട്ടിന്റെ പ്രഖ്യാപനത്തിനുശേഷം മലയാളം ചാനലുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍, മോദി ഭക്തന്മാര്‍ എത്ര വിദഗ്ദ്ധമായാണ് സ്റ്റോം ട്രൂപ്പിങ്ങ് നടത്തുന്നതെന്ന് ബോധ്യമാകും. ബിജെപിയുടെ സ്റ്റെയിറ്റ് ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, നോട്ട് അസാധുവാക്കുന്നതിനെതിരെ മിതമായി വിമര്‍ശിച്ച എംടിയെ നേരിട്ടത് ഭയജനകമാണ്. സാമ്പത്തിക ശാസ്ത്രജ്ഞനും ബാങ്കറുമല്ലാത്ത ജ്ഞാനപീഠ ജേതാവിന് നോട്ട് അസാധു വാക്കിയതിനെതിരെ വിമര്‍ശിക്കാന്‍ എന്തധികാരമാണുള്ളതെന്നാണ് ബി.ജെ.പി – ആര്‍.എസ്. എസ്സിന്റെ ചോദ്യം. മോദി ഒരു സാമ്പത്തിക വിദഗ്ദ്ധനോ ബാങ്കറോ അല്ലാതിരുന്നിട്ടും പരമപ്രധാ നമായ അസാധുവാക്കല്‍ പ്രഖ്യാപനം നടത്തിയത് അദ്ദേഹമല്ലേ? മനോഹര്‍ പരീക്കറിന് എന്ത് രാജ്യരക്ഷാനിയമങ്ങള്‍ അറിഞ്ഞിട്ടായിരിക്കും അദ്ദേഹത്തെ പ്രതിരോധ മന്ത്രിയാക്കിയിരിക്കുക? ഇങ്ങനെ നോക്കിയാല്‍, രാഷ്ട്രീയക്കാരന്, എന്തിനെപ്പറ്റിയും അഭിപ്രായം പറയാം. ജ്ഞാനപീഠം ലഭിച്ച എഴുത്തുകാരന് പറയാന്‍ അവകാശമില്ല. എം.ടി.യോളം ഏതു വിഷയത്തെപ്പറ്റിയും വായിച്ചിട്ടുള്ളവര്‍ മലയാളത്തില്‍ ഇല്ലെന്ന് തന്നെ പറയാം. എല്ലാറ്റിനെപ്പറ്റിയും അഭിപ്രായം പറയുന്ന ഒരു രാഷ്ട്രീയ വിശകലകനല്ല അദ്ദേഹം. ടി.പി. ചന്ദ്രശേഖരന്‍ ക്രൂരമായി മാര്‍ക്‌സിസ്റ്റുകാരാല്‍ വധിക്കപ്പെട്ടതില്‍ അദ്ദേഹം മൗനം അവലംബിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിലെ ധാര്‍മ്മികതയുടെ പ്രശ്‌നമാണ്. പക്ഷേ, അതുകൊണ്ട് മറ്റ് ജനകീയ പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയാന്‍ അവകാശ \മില്ലെന്ന് വിധിക്കുന്നത് ഫാസിസത്തിന്റെ സൂചനയാണ്. ആര്‍എസ്സ്എസ്സിന്റെയും ബി.ജെ.പി.യു ടെയും ഫാസിസ്റ്റ് മനോഭാവത്തിന്റെ പ്രതിഫലനമാണ്.

എം.ടി. പത്രാധിപരായിരിക്കുമ്പോഴാണ് ആര്‍.എസ്സ്.എസ്സിന്റെയും ബി.ജെ.പിയുടെയും ചെയ്തികളെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ള എന്റെ ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുന്നത്. എന്റെ ഒരു ലേഖനവും അദ്ദേഹം തിരിച്ചയച്ചിട്ടില്ല; ഒരക്ഷരം എഡിറ്റു ചെയ്തിട്ടുമില്ല. ഇന്ത്യന്‍ രാഷ്ട്രീയം എന്താണെന്നറിയാനുള്ള ധിഷണ അദ്ദേഹത്തിനുണ്ട്. ഗാന്ധിയോ ഗോള്‍വാല്‍ക്കറോ (26/11/2000), ഹിന്ദുവായതില്‍ ലജ്ജിക്കുന്നു (05/05/2002), അയോധ്യയും പൊഖ്‌റാനും (19/6/98), ദേശസ്‌നേഹത്തിന്റെ ധന്യനിമിഷം (20/6/99) തുടങ്ങി ഒരുപാട് ലേഖനങ്ങള്‍ അദ്ദേഹം ആഴ്ചപ്പതിപ്പില്‍ കൊടുത്തിട്ടുണ്ട്. ഇവയ്‌ക്കെതിരെ ആര്‍. എസ്സ്. എസ്സുകാരില്‍ ചിലര്‍ വീട്ടില്‍ വന്ന് എന്നെ ഗ്രില്‍ ചെയ്തിട്ടുണ്ട്. അവര്‍ അയച്ച നാല്പതോളം പത്രാധിപര്‍ക്കുള്ള കത്തുകള്‍ ഞാന്‍ ഫയലില്‍ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. സഭ്യവും സഭ്യേതരവുമായ കത്തുകള്‍. ഇ ന്ന് അത്തരം ലേഖനങ്ങള്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് പോലും പ്രസിദ്ധീകരിക്കുമോയെന്ന് എനിക്ക് സംശയമുണ്ട്. കാരണം, നാം ഭയം തീണ്ടിയ ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നത്. സത്യസന്ധമായ ഓരോ വാക്കും, അതെഴുതിയവന്റെ നേരെ കത്തിയും വാളുമായി തിരിച്ച് വരാതിരിക്കുന്നില്ല. മുസ്‌ളീം തീവ്രവാദിയായാലും ക്രിസ്ത്യന്‍ തീവ്രവാദിയായാലും മാര്‍ക്‌സിസ്റ്റ് തീവ്രവാദിയായാലും വ്യത്യാസമില്ല. ഇസങ്ങള്‍ക്ക് സ്ഥാനമില്ല. ഇസങ്ങളിലുണ്ടായിരുന്ന കേവലമായ സത്യങ്ങള്‍ പോലും കാലഹരണപ്പെട്ടു. അതുകൊണ്ടാണ് ലിബറലിസത്തിന്റെ മൃതശരീര ത്തില്‍ നിന്ന് ട്രമ്പ് ഡ്രാക്കുളയെപ്പോലെ പുറത്ത് ചാടിയത്. സത്യവുമായി നിരന്തരം പരീക്ഷണങ്ങള്‍ നടത്തിയ ഒരു മനുഷ്യനെ വെടിവെച്ചുകൊന്ന അസത്യത്തിന്റെ വക്താവിന് ഇന്ത്യന്‍ റിപ്പബ്‌ളിക്കിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത്. അതൊന്നും സത്യം മരണപ്പെട്ടതു കൊണ്ടല്ല; കേവലസത്യത്തെ പ്രതിയുള്ള മൂല്യബോധം പോലും തങ്ങളിതുവരെ വെച്ചു പുലര്‍ത്തിയിരുന്ന വര്‍ക്കില്ലെന്ന് ദരിദ്രരായ ജനങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടാണ്. നോം ചോക്‌സിയോ ജെ. എന്‍ .യു.വിലെ ബുദ്ധിജീവിയോ അതറിയണമെന്നില്ല. യോഗേന്ദ്ര യാദവ് പറയുന്നുണ്ട്: ‘സത്യനിഷേ ധമല്ല BREXIT. യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയത്തില്‍ വിശ്വസിച്ചിരുന്നവര്‍ക്ക് തൊഴിലാളി വര്‍ഗ്ഗവുമായി അര്‍ത്ഥവത്തായ സംവാദം നടത്താന്‍ കഴിയാഞ്ഞതിന്റെ പരാജയമാണ്. നമ്മുടെ കാലത്തിന്റെ ഒരു പ്രസ്താവനയല്ല ട്രമ്പ്; സാധാരണക്കാരായ അമേരിക്കക്കാരുടെ ആശങ്കകള്‍ മനസ്സിലാക്കി പ്രതികരിക്കാനുള്ള കഴിവില്ലായ്മയാണ്. നരേന്ദ്രമോദിയുടെ വിജയം സത്യത്തിന്റെ പരാജയമല്ല; ശരാശരി ഹിന്ദുവിന്റെ ഭാഷയില്‍ നമ്മുടെ ലിബറല്‍, മതേതര പുരോഗമേച്ഛുകളായ ലിബറലുകള്‍ക്ക് സംസാരിക്കാന്‍ കഴിയാഞ്ഞതിന്റെ പരാജയമാണ്.’

ഇന്ത്യന്‍ സാഹചര്യത്തില്‍ ഇതിന്റെ മറുവശം മോദിയ്‌ക്കെതിരെ ധാര്‍മ്മികവീര്യമുള്ള ഒരു പ്രതിപക്ഷമില്ല എന്നതാണ്. 1975-77 കാലത്ത് ഒരു ജയപ്രകാശ് നാരായണനുണ്ടായിരുന്നു. 1970 കളിലേതു പോലെ നൈതികബോധം പുലര്‍ത്തുന്ന ഒരു മദ്ധ്യവര്‍ഗ്ഗ സമൂഹമില്ല. ഇന്ത്യന്‍ മദ്ധ്യവര്‍ഗ്ഗം ഇന്ന് എണ്ണത്തിലും വണ്ണത്തിലും പ്രബലമാണ്. അവര്‍ക്ക് നഷ്ടപ്പെടുവാന്‍ പലതുമുണ്ട്. മോദിയ്ക്കുവേണ്ടി സോഷ്യല്‍ മീഡിയയിലും പ്രിന്റ് മീഡിയയിലും തോക്കും വാളുമാ യി എത്തുന്നവര്‍ അവരാണ്. മോദിയെ അനുകൂലിക്കുന്നതോടെ തങ്ങളുടെ ആര്‍ത്തിയെ അവര്‍ക്ക് പെരുപ്പിക്കാനാവും. എടിഎം ബാങ്ക് ക്യൂവുകളില്‍ മരിച്ചുവീഴുന്ന ദരിദ്രരും സാധാരണക്കാരും അവര്‍ക്ക് ഒരു പ്രശ്‌നമല്ല. അവര്‍ മോദിയുടെ ദേശസ്‌നേഹികളാണ്. നോട്ട് അസാധുവാക്കപ്പെട്ടതിന്റെ ദുരിതങ്ങള്‍ സഹിച്ച് ക്ഷമയോടെ ഒരു നല്ല നാളെ കാത്തിരിയ്ക്കുന്നവര്‍ക്ക് പ്രതീക്ഷിക്കാന്‍ ഒരു ഇസവുമില്ല, പാര്‍ട്ടിയുമില്ല, നേതാവുമില്ല. അത് മോദിയെപ്പോലുള്ളവര്‍ക്ക് അറിയാം. അതുകൊണ്ട് 2019ലും സത്യാനന്തരത്തിന്റെ കാറ്റ് തന്നെയാണ് ഇന്ത്യയില്‍ വീശാന്‍ സാധ്യത. അല്ലെങ്കില്‍ ആര്‍.എസ്സ്. എസ്സില്‍ നിന്നോ ബി.ജെ.പി.യില്‍ നിന്നോ പൊട്ടിത്തെറി ഉണ്ടാകണം. ഭരണകൂടത്തിന്റെ നുണകളില്‍ ജനങ്ങള്‍ വിശ്വസിക്കുകയും, മോദി ഹിന്ദു കോണ്‍സ്റ്റിറ്റിയൂന്‍സിയെ ഗോസംരക്ഷണം, മുസ്‌ളീം വിരോധം, അയോധ്യ, വികസനം എന്നെല്ലാം പറഞ്ഞ് പാട്ടിലാക്കി നിര്‍ത്തുകയും ചെയ്ത് അധികാരം ഉറപ്പിക്കുന്നിടത്തോളം കാലം അങ്ങിനെയൊരു സാധ്യതയേയില്ല.

ഇനി നമുക്ക് സഖാവിലേയ്ക്ക് വരാം. അദ്ദേഹമല്ല, അദ്ദേഹവും സംഘവും നയിക്കുന്ന ചെയ്തികളാണ് ഇടതുപക്ഷത്തെ, മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയെ ട്രമ്പിന്റെയും മോദിയുടെയും നിലയിലെത്തിക്കുന്നത്. പിണറായി വിജയനും നരേന്ദ്രമോദിയ്ക്കും ഉള്ളാലേയുള്ള അധികാര വിന്യാസത്തിലെ സമാനതകള്‍ പോലുമല്ല; അവര്‍ പരസ്പരം തൊട്ടറിയുന്നവരാണെന്നത് മറ്റൊരുകാര്യം. വലതുപക്ഷക്കാറ്റില്‍ നിന്നും ഇടതുപക്ഷക്കാറ്റിന്റെ ദുര്‍ഗന്ധത്തിന് എന്ത് വ്യത്യാസമാണുള്ളത്? ഇടതുപക്ഷം ചീഞ്ഞുനാറുമ്പോള്‍ ആ ദുര്‍ഗന്ധം വലതുപക്ഷം ചീഞ്ഞുനാറുന്നതില്‍ നിന്നും രൂക്ഷമല്ലേ? മാനവീകതയുടെ അന്തസ്സത്തയായ മാര്‍ക്‌സിസം പാര്‍ട്ടിയുടെ ഉള്ളില്‍ കിടന്ന് ചീഞ്ഞ് നാറുന്ന ഒരു കാലത്തിലേ, ഷുക്കൂറിനെപ്പോലെ ഒരു യുവാവിനെ കംഗാരു കോര്‍ട്ടില്‍ നിര്‍ത്തി കല്ലെറിഞ്ഞ് കൊല്ലാനാവൂ. ഐഎസ്സ് നടത്തുന്ന ഭീകരകൊലയില്‍ നിന്ന് ഇതിനെന്താണ് വ്യത്യാസം? ടി. പി. ചന്ദ്രശേഖരനെ ക്രൂരമായി വെട്ടിക്കൊല്ലാനാവൂ. ആര്‍.എസ്സ.് എസ്സിന്റെ അതേ നിലവാരത്തില്‍ അരുകൊലകള്‍ക്ക് കണക്ക് പറയാനാവൂ. നിലമ്പൂര്‍ വനത്തില്‍, മാവോയിസ്റ്റുകളായ രണ്ടുപേരെ (മാവോയിസ്റ്റ് അക്രമരാഷ്ട്രീയത്തെ ഒരു തരത്തിലും അംഗീകരിക്കുന്നവനല്ല ഞാന്‍) പച്ചയ്ക്ക് വെടിവെച്ച് കൊല്ലാനാവൂ. കോണ്‍ഗ്രസ്സിന്റെ മണ്ഡലം സെക്രട്ടറിയ്ക്കും ബി. ജെ. പിയുടെ മണ്ഡലം സെക്രട്ടറിയ്ക്കും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഏരിയാ സെക്രട്ടറിയ്ക്കും, മാഫിയാകളുമായിട്ടുള്ള അവിഹിത ബന്ധങ്ങള്‍ ഏവര്‍ക്കും അറിയാവുന്ന രഹസ്യങ്ങളാണ്. തണ്ണീര്‍ത്തടങ്ങളായ നെല്‍വയലുകള്‍ നികത്തുന്നതിലും കുന്നിടിച്ച് മണ്ണാക്കി കടത്തുന്നതിലും തോടും പുഴയും കായലും കയ്യേറുന്നതിലും അനധികൃത ക്വാറി ഖനനം നടത്തുന്നതിലും വനങ്ങള്‍ വെട്ടിപ്പിടിക്കുന്നതിലും മൂന്നുക്കൂട്ടരും മാഫിയാസംസ്‌കാരത്തിന്റെ ഭാഗങ്ങളാണ്.

കേരളത്തില്‍ ക്രിസ്ത്യന്‍ സഭകളുടെ ആസ്തിക്കു താഴെവരില്ലേ മാര്‍ക്‌സിസ്റ്റ് സഭയുടേത്? ജനാധിപത്യധാര്‍മ്മിക മൂല്യങ്ങള്‍ സംരക്ഷിക്കുന്നതില്‍, രാഷ്ട്രീയ സുതാര്യത നിലനിര്‍ത്തുന്നതില്‍, വര്‍ഗീയ – ജാതീയ പ്രീണനങ്ങള്‍ റദ്ദാക്കുന്നതില്‍, വികസനത്തില്‍, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍, ദരിദ്രന്റെയും ദളിതന്റെയും ആദിവാസിയുടെയും ജീവിതത്തിന് അര്‍ത്ഥം നല്കുന്നതില്‍, പൊതുജീവിത്തിന്റെ സംശുദ്ധിയില്‍, സാംസ്‌കാരിക കേന്ദ്രങ്ങളും സര്‍വ്വകലാശാലകളും ഏറാന്‍ മൂളികളായ മീഡിയോക്രറ്റുകളെകൊണ്ട് കുത്തി നിറയ്ക്കുന്നതില്‍…… ഇവയില്‍ ഏത് മേഖലയിലാണ് വലതുപക്ഷത്തില്‍ നിന്നും വേറിട്ട നിലപാട് ഇടതുപക്ഷം കൈക്കൊണ്ടിട്ടുള്ളത്? കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളില്‍?

എല്ലാ രാഷ്ട്രീയ പക്ഷങ്ങളും മൂല്യങ്ങളും മൂലധനത്തിന് അടിയറവ് പറയുമ്പോള്‍, സാധാരണക്കാരന്‍ വലതുപക്ഷത്തിന്റെ ഘോഷത്തിലും ശബ്ദത്തിലും വായ്ത്താരിയിലും വീണുപോകുന്നു. സത്യാനന്തര കാലം മനുഷ്യന്റെ പ്രാകൃതമായ വാസനകളുടെയും അയുക്തികങ്ങളായ നിലപാടുകളുടെയും അന്തമില്ലാത്ത ആര്‍ത്തികളുടെയുമാണ്. മൂലധനത്തിന് അതിന്റെ തോക്കും മൈനും ബോംബും വളരെ സമര്‍ത്ഥമായി ഒളിപ്പിച്ച് വെച്ച് ട്രമ്പിലൂടെയും മോദിയിലൂടെയും പിണറായിയിലൂടെയും വേഷപ്രച്ഛന്നമായി സാധാരണക്കാരന്റെ പഞ്ചേന്ദ്രിയങ്ങളെയും മനസ്സിനെയും കീഴടക്കാനാവുന്നു. മുതലാളിത്തത്തിന്റെ അരൂപിയായ പെന്റഗണിനെ പ്രതിരോധിക്കാന്‍ നൈതീക ബോധമുള്ള ഒരു രാഷ്ട്രീയം ഉയിരെടുക്കുമോ?

ഈ ലേഖനം എഴുതി അവസാനിപ്പിക്കുമ്പോള്‍ സാന്താക്‌ളോസിന്റെ വേഷത്തിലെത്തിയ ഇസ്ലാം ഭീകരന്‍ ഇസ്താംബൂളിലെ ഒരുനിശാക്‌ളബ്ബില്‍ നടത്തിയ വെടിവെപ്പില്‍ മുപ്പത്തിയൊമ്പത് മനുഷ്യര്‍ കൊല്ലപ്പെട്ടതിന്റെയും നിരവധി മനുഷ്യര്‍ക്ക് പരിക്കേറ്റതിന്റെയും ചുടുനിണമാണ് പത്രത്താളില്‍. കാരുണ്യത്തിന്റെയും നീതിയുടെയും കാവ്യപ്രതീകമായ നിഷ്‌ക്കളങ്കനായ ഒരു കുഞ്ഞിന്റെ വരവറിയിക്കുന്നവന്റെ വേഷത്തിലാണ് ഇസ്‌ളാം ഭീകരന്‍ നിറയൊഴിച്ചത്. മരിച്ചുവീണത് നിഷ്‌ക്കളങ്കതയുടെയും നൈതികതയുടെയും ജൈവ പ്രതീകങ്ങളാണ്.

സത്യാനന്തരത്തില്‍ നമുക്ക് എന്തിലാണ് ഇനി പ്രതീക്ഷ അര്‍പ്പിക്കാനുള്ളത്, സായിപ്പിലോ ഭായിയിലോ സഖാവിലോ?

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply