എന്തുകൊണ്ടാണ് ഭൂപരിഷക്കരണ നിയമത്തില്‍ നിന്ന് തോട്ടങ്ങളെ ഒഴിവാക്കിയത്?

തോട്ടങ്ങളെ ആധുനിക തൊഴിലാളി വര്‍ഗ്ഗ സമരത്തിന്റെ ആശാന്‍ കളരികള്‍ എന്നു കണ്ട ഇടതു മനസ്സ് ഇന്നേവരെയും അതിന്റെ പ്രകൃതി വിരുദ്ധതയെ കണ്ടിട്ടു പോലുമില്ല. കാരണം പ്രകൃതിയെന്നത് മനുഷ്യനു വേണ്ടി ദൈവം ചമച്ചതാണെന്ന ബൈബിള്‍ബോധം തന്നെയാണ് കോളനി തത്ത്വചിന്തയും അതിനെ അനുഗമിക്കുന്ന ഇടതുബോധവും ശീലിച്ചു പോരുന്നത്. അതുകൊണ്ട് പുതിയ കൃഷിയെന്ന വ്യാജേന പ്രാദേശിക ഭൂപ്രകൃതിയും സസ്യജന്തുവൈവിധ്യവും പാടെ അവഗണിച്ച് ഏകവിളകളുടെ തോട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ആരും ഒരു തെറ്റും ഇതേ വരെ കാണുന്നില്ല.

ഭൂപരിഷ്‌ക്കരണം ലക്ഷ്യം വെച്ചത് ജന്മിത്തം അവസാനിപ്പിക്കുക എന്നതിലായിരുന്നു. അതുകൊണ്ട് കേരളത്തിലെ ജന്മിമാരുടെ കൈവശ ഭൂമിക്ക് പരിധി നിശ്ചയിച്ചു. ബാക്കി സര്‍ക്കാര്‍ ഏറ്റെടുത്തു. അല്ലെങ്കില്‍ കൃഷിക്കാരായ കുടിയാന്മാര്‍ക്ക് ലഭ്യമാക്കി. എന്നാല്‍ തോട്ടങ്ങള്‍ പുതിയ സംരംഭമാണ്. അവിടെ ജന്മിയല്ല എസ്റ്റേറ്റു മുതലാളിയാണുള്ളത്; കൂടിയാനും അടിമത്തൊഴിലാളിയുമില്ല, സൂപ്പര്‍വൈസറും ഫോര്‍മാനും കൂലിത്തൊഴിലാളികളുമാണുള്ളത്. ‘ജന്മിത്ത വ്യവസ്ഥക്കു പകരം അതിനേക്കാള്‍ പുരോഗമിച്ച മുതലാളിത്ത കാര്‍ഷിക ഉല്പാദന വ്യവസ്ഥയാണ് തോട്ടങ്ങള്‍. ഇതുപോലെ കാര്‍ഷിക മേഖലയാകെ പുന:സംഘടിപ്പിച്ച് മുതലാളി, തൊഴിലാളി എന്നിങ്ങനെ പുതിയ രൂപഭാവങ്ങള്‍ കൈവരേണ്ടതുണ്ട്. അതിനു ശേഷം മാത്രമേ തൊഴിലാളി വര്‍ഗ്ഗ വിപ്ലവം നടക്കൂ.’എന്നിങ്ങനെയാണ് പുരോഗമന ചരിത്രബോധം പറയുന്നത്.

ജന്മിത്തത്തിലെ മുരടിച്ച പ്രാദേശികമായ ഉല്പാദനവും ഉപഭോഗവും നശിക്കണം. അതിന്റെ സ്ഥാനത്ത് വികസിക്കുന്നതും അത്യുല്പാദനമുള്ളതും ലോക കമ്പോളവുമായി ബന്ധപ്പെടുന്നതുമായ പുതിയ മുതലാളിത്ത ഉല്പാദന ക്രമം വരണം. ജന്മിയുടെ കീഴിലെ അടിമപ്പണിക്കാരന്‍ , സ്വന്തം അധ്വാനം ആര്‍ക്കും വില്‍ക്കാന്‍ സ്വാതന്ത്ര്യമുള്ള വര്‍ഗ്ഗബോധമുള്ള തൊഴിലാളിയായി പുനര്‍ജ്ജനിക്കണം. മാര്‍ക്‌സ് പറഞ്ഞു പോലെ, ജീര്‍ണ്ണിച്ച ഫ്യൂഡല്‍ വ്യവസ്ഥയെ കശക്കി ബ്രിട്ടീഷുകാര്‍ മുതലാളിത്ത രീതിയുടെ പുതിയ ക്രമം കൊണ്ടുവരുന്നതായിട്ടാണ് , കേരളത്തിലെ തോട്ടങ്ങളെ വലതുപക്ഷം മാത്രമല്ല ഇടതുപക്ഷവും വിലയിരുത്തിയത്.

അതുകൊണ്ട് തോട്ടങ്ങള്‍ ആധുനിക ഉല്പാദനത്തിന്റെ മഹനീയ മാതൃകകള്‍ ആണ്. ഇനി ആകപ്പാടെ മാറ്റം വരുത്തേണ്ടത് ഒന്നേ ഒന്നില്‍ മാത്രം, തോട്ടം മുതലാളിക്കു പകരം തോട്ടങ്ങള്‍ സര്‍ക്കാര്‍ ഉടമയില്‍ ആക്കണം. അതോടെ സോഷ്യലിസമായി. ഈ സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിലേക്ക് പറക്കുന്നതിന്റെ ട്രയല്‍ എന്ന നിലയ്ക്കാണ് കേരളത്തില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നിലവില്‍ വരുന്നത്. (‘എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ ‘എന്നു പറഞ്ഞതു പോലെ അതിരപ്പിള്ളിയില്‍ പോകുന്ന വഴിയില്‍ കാണാം , അതിന്റെ ഭാഗമായി ഉയര്‍ന്നു നില്ക്കുന്ന എണ്ണപ്പനകള്‍ പോലും!)

കൊളമ്പസിന്റെ അമേരിക്കാ അധിനിവേശത്തോടെ തുടക്കമിടുന്ന ആധുനിക ഏകവിളത്തോട്ടങ്ങളുടെ ചരിത്രം അന്നും ഇന്നും ജന്മിത്തത്തോളം തന്നെയോ അതിലപ്പുറമോ മാനവനീതി തൊട്ടു തീണ്ടാത്ത ഹിംസയുടേതാണ്. ഇപ്പോഴും ബ്രസീലിലെ കരിമ്പിന്‍ തോട്ടങ്ങളിലും മലേഷ്യയിലെ പാമോയില്‍ പ്ലാന്റേഷനിലും മൂന്നാറിലെ തോട്ടം പണിക്കാരുടേതിനു സമാനമാണ് സാഹചര്യങ്ങള്‍.

ആധുനിക യൂറോപ്പിനെയും മുതലാളിത്തത്തെയും നിര്‍മ്മിച്ചത് കോളനികളിലെ മണ്ണിന്റെ വളക്കൂറും അവിടുത്തെ മനുഷ്യരുടെ അധ്വാനവും ചേര്‍ന്നാകയാല്‍ ദ്വിമുഖമായ ഈ അനീതിയെ ഒരു പുതു ലോക സൃഷ്ടി എന്നു വരുത്തിത്തീര്‍ക്കുന്നത് കോളനി ഭരണമാണ്. ചെല്ലുന്നിടത്തൊക്കെ തോട്ടങ്ങളുണ്ടാക്കി, വിളകള്‍ കയറ്റുമതി ചെയ്താലേ നാട് പുരോഗമിക്കൂ എന്ന കാഴ്ചപ്പാട് മുതലാളിത്തത്തില്‍ നിന്ന് ഇടതുപക്ഷവും അതേപടി തൊണ്ട തൊടാതെ വിഴുങ്ങുന്നു.

സ്വാതന്ത്ര്യാനന്തരം ഭൂപരിഷ്‌ക്കരണത്തില്‍ നിന്ന് തോട്ടങ്ങളെ മാറ്റി നിര്‍ത്തിയത് അവ പരമ പവിത്രമായ ആധുനിക ഉല്പാദനമാതൃകകള്‍ എന്ന് തെറ്റിദ്ധരിച്ചതിനാലാണ്. (കാഞ്ഞ ബുദ്ധിയുള്ള ജന്മിമാരില്‍ പലരും അവരുടെ ഭൂമിയില്‍ റബ്ബര്‍ നട്ട് ഭൂപരിഷ്‌ക്കരണത്തിലെ ഈ തലോടലിനെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്).

മൂന്നാറിലും മറ്റും തോട്ടങ്ങള്‍ വരുന്ന കാലത്ത് കേരളത്തില്‍ നിന്ന് പണിക്കാരെ കിട്ടുക വളരെ പ്രയാസമായിരുന്നു. ജന്മി കുടിയാന്‍ ചങ്ങലകള്‍ മാത്രമല്ല ഇതിനു കാരണം. നെല്‍കൃഷിയുമായി ബന്ധപ്പെട്ട പ്രാദേശിക സമ്പദ്ഘടനയുടെ അല്പമെങ്കിലുമുള്ള സുരക്ഷയും ഇതിലുണ്ട്. അതിനാല്‍ പ്രാദേശിക നെല്‍ സമ്പദ്ഘടനയെ തകര്‍ത്തു ജനങ്ങളെ തൊഴില്‍ രഹിതരാക്കിക്കൊണ്ടാണ് കോളനി ഭരണം തോട്ടങ്ങളിലേക്ക് കൂലിപ്പണിക്കാരെ എത്തിക്കുന്നത്. അക്കാലത്ത് ഇപ്രകാരം പണിക്കാരെ എത്തിച്ചു കൊടുക്കാന്‍ ‘കങ്കാണി ‘ മാര്‍ തന്നെയുണ്ടായിരുന്നു. ( ഇന്നും ആഗോളീകരണകാലത്തെ അടിസ്ഥാന സൗകര്യവികസനത്തിന് തൊഴിലാളികളെ എത്തിക്കുന്നത് ഇന്ത്യയിലെ കാര്‍ഷിക മേഖലയെ തകര്‍ത്തു കൊണ്ടാണല്ലോ ?)

പ്രാദേശിക ഭക്ഷ്യ സമ്പദ് ഘടനെയെ ശിഥിലമാക്കി മനുഷ്യരെ തോട്ടം പണിയിലേക്കെത്തിക്കുന്ന പ്ലാന്റേഷന്‍ യഥാര്‍ത്ഥത്തില്‍ ആധുനിക അടിമത്തമാണ്. അതുകൊണ്ടാണ് മൂന്നാറില്‍ ലയങ്ങളില്‍ കഴിയുന്നവര്‍, അതല്ലാതെ മറ്റു കൂരയില്ലാത്തതിനാല്‍ അടുത്ത തലമുറയും തോട്ടം പണിയില്‍ തന്നെ ബന്ധിതരാകുന്നത്. ജന്മിത്തത്തിന്റെ ക്രൂരതയും അതിനെതിരേ നടത്തിയ വീരേതിഹാസങ്ങളും എപ്പോഴും പാടുന്നതിനാല്‍ തോട്ടം അടിമത്തത്തെ നമ്മള്‍ കാണുന്നില്ലന്നേയുള്ളൂ.

തോട്ടങ്ങളെ ആധുനിക തൊഴിലാളി വര്‍ഗ്ഗ സമരത്തിന്റെ ആശാന്‍ കളരികള്‍ എന്നു കണ്ട ഇടതു മനസ്സ് ഇന്നേവരെയും അതിന്റെ പ്രകൃതി വിരുദ്ധതയെ കണ്ടിട്ടു പോലുമില്ല. കാരണം പ്രകൃതിയെന്നത് മനുഷ്യനു വേണ്ടി ദൈവം ചമച്ചതാണെന്ന ബൈബിള്‍ബോധം തന്നെയാണ് കോളനി തത്ത്വചിന്തയും അതിനെ അനുഗമിക്കുന്ന ഇടതുബോധവും ശീലിച്ചു പോരുന്നത്. അതുകൊണ്ട് പുതിയ കൃഷിയെന്ന വ്യാജേന പ്രാദേശിക ഭൂപ്രകൃതിയും സസ്യജന്തുവൈവിധ്യവും പാടെ അവഗണിച്ച് ഏകവിളകളുടെ തോട്ടങ്ങള്‍ ഉണ്ടാക്കുന്നതില്‍ ആരും ഒരു തെറ്റും ഇതേ വരെ കാണുന്നില്ല. മൂന്നാര്‍ മേഖലയിലെ വനഭൂമി തോട്ടങ്ങള്‍ക്കു വഴിമാറിയതോടെയാകണം 1924 ലെ വെള്ളപ്പൊക്കം വലിയ കെടുതികളിലേക്കു നയിച്ചത്. തുടര്‍ന്ന് 1990 കള്‍ക്കു ശേഷം മലയിലും താഴ്വരകളിലും തീരങ്ങളിലും ദ്രുതഗതിയില്‍ നടക്കുന്ന മാറ്റിമറിയ്ക്കലുകള്‍ മഴയത്തും വേനലിലും ദുരിതങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്.

അങ്ങേയറ്റം പരിസ്ഥിതി വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്ലാന്റേഷനുകളെ പരിസ്ഥിതി സൗഹൃദമാക്കി പുതുക്കുന്നതിലൂടെയാണ് അവിടുത്തെ തോട്ടം തൊഴിലാളികളുടെ ജീവിതവും മേല്‍ഗതി പ്രാപിക്കുക. അതിന് ചില ചോദ്യങ്ങള്‍ പ്രധാനമാണ്. തോട്ടങ്ങളിലെ ഉല്പാദനം എന്ത്? പ്രധാനമായും അതാര്‍ക്കു വേണ്ടിയാണ് ? തൊഴിലാളികള്‍ക്കും കേരള സമൂഹത്തിനും ഈ ഉല്പാദനം കൊണ്ടും ഉല്പന്നം കൊണ്ടും പ്രയോജനം എത്രത്തോളം? കേരളം ഇന്നഭിമുഖീകരിക്കുന്ന പരിസ്ഥിതി – കാലാവസ്ഥാ ഭീഷണികള്‍, കാര്‍ഷിക-ഭക്ഷ്യ പ്രതിസന്ധി, അതിന്റെ ഭാഗമായ ആരോഗ്യത്തകര്‍ച്ചകള്‍ , തൊഴില്‍ രാഹിത്യം ഇവ മറികടക്കാന്‍ പ്ലാന്റേഷനുകള്‍ എങ്ങനെയാണ് പുന: സംവിധാനം ചെയ്യേണ്ടത്?

ഭക്ഷണത്തിനായ് അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തില്‍ അടിയന്തിരമായി വേണ്ടത് തോട്ടങ്ങളില്‍ ഒരു നിശ്ചിത ശതമാനം നിര്‍ബ്ബന്ധമായും ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുക എന്നതിനാകണം. ഇന്ന് ഒരു മലയിടിച്ചില്‍ ഉണ്ടായാല്‍ വഴിയടഞ്ഞ് ഭക്ഷണം കിട്ടാതെ വലയുന്ന സ്ഥിതിയാണ് മല മേഖലകളിലെ കോളനികളിലുള്ളത്. എന്നാല്‍ പണ്ട് പുനം കൃഷിയിലൂടെ നെല്ലു വരെ ചെയ്ത് പ്രാദേശിക ഭക്ഷ്യ സുരക്ഷ നേടിയവരായിരുന്നു മലവാസികള്‍. പ്രാദേശിക ഭക്ഷ്യ സുരക്ഷയെ കേന്ദ്രമാക്കിയ പരിസ്ഥിതി, തൊഴില്‍, ആരോഗ്യ സംരക്ഷണത്തിലേക്ക് തോട്ടങ്ങളെ പുന:സംഘടിപ്പിക്കുകയാണ് വേണ്ടത്. ഇത് സാധ്യമാകത്തക്കവിധം തോട്ടം തൊഴിലാളികള്‍ക്കും ഭൂരഹിതര്‍ക്കും കൃഷിയിടം ലഭ്യമാക്കണം. അതിലൂടെ കേരള ജനതയ്ക്കാകെ ഭക്ഷ്യ സമ്പന്നത കൈവരിക്കാനും കഴിയും.

ഇടതു ഭരണത്തെ താഴെയിറക്കാന്‍ വിമോചനസമരത്തിന്റെ ജാതി മത സംഖ്യങ്ങള്‍ വന്നതിനേക്കാള്‍ കടുപ്പത്തിലാണ് പശ്ചിമഘട്ട സംരക്ഷണത്തിനെതിരേ തല്‍പര കക്ഷികള്‍ ഒത്തൊരുമിച്ചതും അതിനെ മുളയിലേ നുള്ളിക്കളഞ്ഞതും. ഇതിനെ നേരിടണമെങ്കില്‍ പരിസ്ഥിതി, ഭക്ഷ്യകൃഷി, പ്രാദേശിക ഭക്ഷ്യ സുരക്ഷ, ആരോഗ്യം , തൊഴില്‍, സമ്പത്ത്, സന്തുഷ്ടി എന്നിവയുടെ പരസ്പരമുള്ള അഭേദ്യബന്ധം തിരിച്ചറിയുന്ന ജനകീയ ഐക്യ നിര രൂപപ്പെട്ടു വരേണ്ടതുണ്ട്. കോളനി ഭരണവും അതിന്റെ പ്രത്യയ ശാസ്ത്രങ്ങളും മനുഷ്യ ജീവിതത്തെപ്പറ്റി സൃഷ്ടിച്ച കപട മാതൃകകളെ പുന:പരിശോധിക്കാതെ ഇത് സാധ്യമല്ല. ദളിത് ആദിവാസി പ്രസ്ഥാനങ്ങളും അവരുടെ ബുദ്ധിജീവികളും പരിസ്ഥിതി, കൃഷി, ആരോഗ്യ സംഘങ്ങളും ഈ വഴിയ്ക്ക് സഞ്ചരിക്കുകയാണെങ്കില്‍ അവര്‍ക്ക് ഈയൊരു കവലയില്‍ ഒത്തുചേരാനാകും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply