പ്രതിപക്ഷത്തിന് വേണം സിവില്‍ സമൂഹം

മൂല്യങ്ങളില്ലാതാവുന്ന രാഷ്ട്രീയം പണത്തെ മുന്‍നിര്‍ത്തി (പണം എന്നാല്‍ റിയല്‍ എസ്റ്റേറ്റ് എന്നും വായിക്കാം) മഹാരാഷ്ട്രത്തെ മാറ്റി മറിക്കുന്നത് 1990 കളിലാണ്. ഈ സാംസ്‌കാരിക മാറ്റത്തെ മുതലെടുത്തുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയം മഹാരാഷ്ട്രത്തില്‍ വളരുന്നത്. സേനയുടെ നിഴലായി നിന്നുകൊണ്ടാണ് ആര്‍എസ്എസും മറ്റും 90 കളുടെ വര്‍ഗ്ഗീയ പരിസരം (ബോംബെയില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളും അതിനുമുമ്പുണ്ടായ കലാപവും രാമജന്മഭൂമി പ്രസ്ഥാനം സൃഷ്ടിച്ച ധ്രുവീകരണവും ഓര്‍ക്കുക) മുതലെടുക്കുന്നത്.

രാധേശ്യാമിനെ എനിക്ക് കാല്‍നൂറ്റാണ്ട് കാലമായി പരിചയമുണ്ട്. ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഞാന്‍ പൂണെ നഗരത്തിലെ ഒരു പത്രത്തില്‍ തൊഴിലെടുക്കുകയുണ്ടായി. അക്കാലത്ത് ഞങ്ങളുടെ കോല്‍ഹാപൂര്‍ ലേഖകനായിരുന്നു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരുന്ന രാധേശ്യാം. ഇന്നത്തെപോലെ അന്നും മഹാരാഷ്ട്രത്തിലെ ഇടതു-സോഷ്യലിസ്റ്റ്-പുരോഗമന രാഷ്ട്രീയ-സാംസ്‌കാരിക ധാരകളോട് അയാള്‍ക്ക് അടുപ്പമുണ്ടായിരുന്നു. പൂണെ-കോല്‍ഹാപൂര്‍ റോഡില്‍ പൂണെക്ക് തെക്കുഭാഗത്തായുള്ള സാംഗ്ലി എന്ന ചെറുപട്ടണമായിരുന്നു രാധേശ്യാമിന്റെ ജന്മനാട്. സ്‌കൂള്‍ അധ്യാപകനും കര്‍ഷകനുമായിരുന്നു അച്ഛന്‍. മഹാരാഷ്ട്രത്തിന്റെ രാഷ്ട്രീയ ജീവനാഡി എന്നു വിളിക്കാവുന്ന പടിഞ്ഞാറന്‍ മഹാരാഷ്ട്രത്തിന്റെ ഹൃദയഭൂമിയാണ് പൂണെ-സത്താറ-സാംഗ്ലി-ബാരാമതി ബെല്‍റ്റ്. ആ പ്രദേശത്തിന്റെ നാഡീമിടിപ്പുകള്‍ രാധേശ്യാമിന് അറിയാം. മെയ്മാസത്തില്‍ കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം മഹാരാഷ്ട്രത്തില്‍ മുന്‍കൈ നേടുമെന്ന് അയാള്‍ പറഞ്ഞത് എനിക്ക് ഓര്‍മ്മയുണ്ട്. അസംബ്ലി തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അയാള്‍ എനിക്കെഴുതി: ”ഒരു കാലത്ത് പുരോഗമന ആശയങ്ങളുടെ നാടായിരുന്ന മഹാരാഷ്ട്രം അന്ധകാരത്തിലേക്ക് വീഴുകയാണോ എന്ന് ഞാന്‍ ഭയപ്പെടുന്നു. എന്റെ നാടിന്റെ കാര്യമോര്‍ക്കുമ്പോള്‍ എനിക്ക് ഇന്ന് 2014 ലെ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ വിഷമമുണ്ട്. സംഘപരിവാറും മതനേതാക്കളും കൂടി ‘ബാട്ടേംഗേ തോ കാട്ടേംഗേ’ എന്ന മുദ്രാവാക്യവുമായി മഹാരാഷ്ട്രത്തിന്റെ കാതല്‍ തന്നെ നശിപ്പിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ ഞാന്‍ ചോദിച്ചുപോവുകയാണ്- സത്യത്തില്‍ മഹാരാഷ്ട്രം ഒരു പുരോഗമന ആശയങ്ങളുടെ ഭൂമികയായിരുന്നുവോ? ഇതിലും മോശമായ കാലമാണ് ഇനി വരാനിരിക്കുന്നത് എന്ന് ഞാന്‍ ഭയപ്പെടുന്നു..”

രാധേശ്യാം പ്രകടിപ്പിച്ച ആധി ഇന്ന് ഒരുപാട് പേര്‍ക്കുണ്ട്. ജൂണിലെ രാഷ്ട്രീയാവസ്ഥ മാറിയിരിക്കുന്നുവെന്നും ബിജെപി നയിക്കുന്ന മഹായുതിയും കോണ്‍ഗ്രസ്സിന്റെ മഹാവികാസ് അഘാഡിയും ഒപ്പത്തിനൊപ്പമാെണന്നും പലരും തിരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞതും ഓര്‍ക്കുന്നു. അവരെല്ലാം ചൂണ്ടിക്കാട്ടിയത് ഏക്‌നാഥ് ഷിന്‍ഡെ പൊതുതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുപിന്നാലെ നടപ്പിലാക്കിയ ലഡ്ക്കി ബഹനാ യോജനയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു. സ്ത്രീകളോരോരുത്തര്‍ക്കും മാസം ആയിരത്തിയഞ്ഞൂറു രൂപ സര്‍ക്കാര്‍ നല്‍കുന്നു എന്നതാണ് ഈ ക്ഷേമപദ്ധതി. എന്നാല്‍ ക്ഷേമപദ്ധതികള്‍ക്ക് മേമ്പൊടിയായിട്ടോ അല്ലെങ്കില്‍ ആര്‍എസ്എസ് നേതൃത്വം കൊടുത്ത പ്രചരണത്തിലെ അന്തര്‍ധാരയായോ ധ്രുവീകരണത്തിന്റെ രാഷ്ട്രീയമുണ്ടായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഏതോ മുസ്‌ലിം നേതാവ് നടത്തിയ പരാമര്‍ശം-വോട്ട് ജിഹാദ്-വലിയ വിവാദമായി മാറ്റിയിരുന്നു ബിജെപിയും സഖ്യകക്ഷികളും. ഈ അന്തരീക്ഷത്തിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ”ബാട്ടേംഗേ തൊ കാട്ടേംഗേ” (വിഭജിച്ചുനിന്നാല്‍ ഇല്ലാതാക്കാം) എന്ന് മഹാരാഷ്ട്രത്തിലെത്തി പ്രസംഗിച്ചത്. ബിജെപി നേതാവ് പങ്കജാ മുണ്ടേയും അജിത് പവ്വാറുമൊക്കെ അതിനെ എതിര്‍ത്തപ്പോള്‍ പ്രധാനമന്ത്രി മോദി മുദ്രാവാക്യത്തെ ‘ഏക് ഹെ തൊ സാഫ് ഹെ’ (ഒരുമിച്ചെങ്കില്‍ പ്രശ്‌നമില്ല) എന്ന് മയപ്പെടുത്തി പറഞ്ഞു. ചില പോക്കറ്റുകളില്‍ ഒവൈസി മുതലായവരുടെ മുസ്‌ലിം സംഘടനകളുടെ പ്രചാരണരീതിയും കൂടി ചേര്‍ന്നപ്പോള്‍ ധ്രുവീകരണം എളുപ്പമായി. പൊതു തിരഞ്ഞെടുപ്പ് കാലത്ത് സമുദായ ധ്രുവീകരണത്തിന് ഒരു സാധ്യതയും നല്‍കാതിരുന്ന മുസ്‌ലിം സംഘടനകള്‍ ജൂണില്‍ കണ്ട പ്രതിപക്ഷത്തിന്റെ മുന്നേറ്റത്തിന്റെ ധൈര്യത്തിലായിരിക്കണം പ്രചാരണ രീതികള്‍ മാറ്റിയത്. എന്നിരിക്കിലും രാധേശ്യാമിന്റെ ചോദ്യം അവശേഷിക്കുന്നു – മഹാരാഷ്ട്രത്തിന്റെ പുരോഗമന രാഷ്ട്രീയ പാരമ്പര്യത്തിന് എന്തു സംഭവിച്ചു?

പല രാഷ്ട്രീയ സാമൂഹ്യധാരകള്‍ക്കും എക്കാലത്തും വേരോട്ടമുണ്ടായിരുന്ന ഇടമാണ് മഹാരാഷ്ട്രം. വാസ്തവത്തില്‍ പല ദേശങ്ങള്‍ ചേര്‍ന്നതാണ് ഈ മഹാരാഷ്ട്രം. കൊങ്കണ്‍ പ്രദേശത്തിന്റെ സാംസ്‌കാരിക സ്വഭാവമല്ല പൂണെ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മഹാരാഷ്ട്രയുടേയോ കിഴക്ക് ഭാഗത്തുള്ള ഗോദാവരി മേഖലയായ മറാഠ വാഡയുടേയോ നാസിക് ഉള്‍പ്പെടുന്ന വടക്കന്‍ ഖാന്‍ദേശിന്റെയോ വടക്ക് പടിഞ്ഞാറുള്ള വിദര്‍ഭയുടെയോ രീതികള്‍. അമ്പതോളം സീറ്റുകള്‍ വരുന്ന മുംബൈ-ഥാനെ ബെല്‍റ്റിന്റെ രാഷ്ട്രീയമാകട്ടെ മറ്റൊന്നും. ക്ലാസ്, കാസ്റ്റ് രാഷ്ട്രീയം മുഴുവനിടത്തും അന്തര്‍ധാരയായുണ്ട്. ഛത്രപതി ശിവാജി മഹാരാജ് എന്ന ഏക ബിംബമാണ് മറാഠി സംസാരിക്കുന്ന ജനതയെ ഭാഷയ്ക്ക് പുറമെ ഏകോപിപ്പിക്കുന്ന പ്രധാന പ്രതിഭാസം. ശിവജിയുടെ രാഷ്ട്രീയത്തിന് ഒരു ബ്രാഹ്മണവിരുദ്ധസ്വഭാവമുണ്ട്. കുന്‍ബി മറാഠ എന്ന കര്‍ഷക സമുദായത്തില്‍ നിന്നുമാണ് ശിവജി. പില്‍ക്കാലത്ത് ശിവജിയുടെ സാമ്രാജ്യത്തിന്റെ നിയന്ത്രണം തുടക്കത്തില്‍ അദ്ദേഹത്തിന്റെ രാജവാഴ്ചയെ തിരസ്‌ക്കരിച്ച ബ്രാഹ്മണര്‍ പേഷ്‌വാ എന്ന സ്ഥാനപ്പേരുള്ള മന്ത്രിമാരില്‍ കൂടി നേടിയെടുക്കുകയുണ്ടായി. പേഷ്‌വാഷാഹി എന്ന പേഷ്‌വാ ഭരണത്തെ മറാഠികള്‍ കാണുന്നത് ബ്രാഹ്മണമേധാവിത്വത്തിന്റെ തിരിച്ചുവരവായിട്ടാണ്. (തിരുവിതാംകൂറില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ മരണശേഷം ‘ധര്‍മ്മ’രാജാവ് എന്നറിയപ്പെടുന്ന ബാലരാമവര്‍മ്മയുടെ ഭരണം ഇത്തരത്തിലൊരു revisionist രാഷ്ട്രീയമായിരുന്നില്ലേ എന്ന് സംശയിക്കാവുന്നതാണ്.) ബ്രാഹ്മണരാഷ്ട്രീയം പില്‍ക്കാലത്ത് ബാലഗംഗാധര തിലകനില്‍ കൂടിയും വിനായക് ദാമോദര്‍ സവര്‍ക്കറില്‍ കൂടിയും ഹിന്ദുമഹാസഭ ആര്‍എസ്എസ് എന്നിവയില്‍ കൂടിയും ഹിന്ദു-ഹിന്ദുത്വ രാഷ്ട്രീയമായി പരിണമിക്കുന്നുണ്ട്. മറുവശത്ത് ബൃഹത്തായ മറ്റൊരു ജനകീയ പാരമ്പര്യമുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മറാഠി ഭാഷയുടെ തനത് വ്യക്തിത്വം സ്ഥാപിച്ചെടുത്ത ജ്ഞാനേശ്വറിന്റെയും(ഗീത ഭാഷ്യമായ ജ്ഞാനേശ്വരിയുടേയും തത്വചിന്താഗ്രന്ഥമായ അനുഭവാമൃതത്തിന്റെയും കര്‍ത്താവ്) നാമദേവന്റെയും തുക്കാറാമിന്റെയും ബഹിനാഡായുടേയും ചൊക്കമേളയുടെയും സാംസ്‌കാരിക പ്രവര്‍ത്തനം ഗ്രാമീണ മഹാരാഷ്ട്രത്തെ ഉഴുതുമറിക്കുന്നുണ്ട്. ജാതിക്കെതിരെ വലിയ സാംസ്‌കാരിക കലാപമുയര്‍ത്തിയ ഇവരുടെ പിന്‍ഗാമികളാണ് മഹാത്മാ ഫൂലേയും അംബേദ്ക്കറുമൊക്കെ. ഗോപാലകൃഷ്ണഗോഖലെയും സാനേ ഗുരുജിയും വിനോബയും ഉള്‍പ്പെടുന്ന ഗാന്ധിയന്‍ ധാരയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റൊരു കൈവഴിയും ഹിന്ദു-ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ നിലകൊള്ളുന്നുണ്ട്. നിസാം ഹൈദരാബാദിന്റെ ഭാഗമായിരുന്ന പടിഞ്ഞാറന്‍ പ്രദേശത്ത് ഭാഷയും മതവുമൊക്കെ പ്രതിരോധത്തിന്റെ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നിരിക്കിലും സ്വാതന്ത്ര്യാനന്തരം ഭാഷാരാഷ്ട്രീയവും അതിന്റെ കാതലായ ഭക്തികവിതയുടെ സാംസ്‌കാരിക ഭൂമികയുമാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തെ സ്വാധീനിച്ചത്. മറാഠകളുടെ അധീശത്വം നിലനില്‍ക്കുമ്പോഴും യശ്‌വന്ത് റാവു ചവാനെ പോലെയുള്ള കോണ്‍ഗ്രസ്സ് നേതാക്കളും എസ്.എം.ജോഷി, മധു ലിമായേ തുടങ്ങിയ സോഷ്യലിസ്റ്റുകളും ബോംബെ നാഗ്പൂര്‍ നഗരങ്ങളിലും മറ്റും ശക്തമായിരുന്ന കമ്മ്യൂണിസ്റ്റ്, ദളിത് രാഷ്ട്രീയമുന്നേറ്റങ്ങളും മഹാരാഷ്ട്രത്തിന്റെ രാഷ്ട്രീയഭൂമികയില്‍ ഹിന്ദു-ഹിന്ദുത്വ രാഷ്ട്രീയത്തിന് ഇടം നല്‍കിയില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുപരിയായി വലിയ സിവില്‍ സമൂഹ സംഘടനകള്‍ മഹാരാഷ്ട്രയിലെ ജനജീവിതത്തെ സ്വാധീനിച്ചിട്ടുണ്ട്. മഹാത്മ ഫൂലെയുടെ സത്യശോധക് സമാജും, സാനെ ഗുരുജിയുടെ രാഷ്ട്ര സേവാദളും, ഹമീദ് ദല്‍വായിയുടെ മുസ്ലിം സത്യശോധക് മണ്ഡലും, സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റിയും, ട്രേഡ് യൂണിയനുകളും, ദളിത് പാന്തറുമൊക്കെ ഇങ്ങനെയുള്ള സംഘടനകളില്‍ പെടും. കവികളും കലാകാരന്മാരും ഈ സംഘടനകളിലെ വലിയ സാന്നിധ്യമായിരുന്നു. അവര്‍ സൃഷ്ടിച്ചെടുത്ത സാംസ്‌കാരിക മണ്ഡലമാണ് സവര്‍ക്കറുടേയും ഹേഗ്‌ഡേവാറിന്റേയും ജന്മനാടായിട്ടുകൂടി മഹാരാഷ്ട്രം ഹിന്ദുത്വ രാഷ്ട്രീയത്തിന് വഴങ്ങാതിരുന്നതിന്റെ കാരണം. ആര്‍എസ്എസ് അതിന്റെ ശതാബ്ദി ആഘോഷിക്കുന്ന അവസരത്തില്‍ എക്കാലത്തേയും വലിയ ഭൂരിപക്ഷവുമായി ഹിന്ദുത്വരാഷ്ട്രീയം മഹാരാഷ്ട്രത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ ഒരുങ്ങുകയാണ്. മുന്‍പറഞ്ഞ സാംസ്‌കാരിക മണ്ഡലത്തിന്റെ തകര്‍ച്ച ഈ മാറ്റത്തെ ചില്ലറയൊന്നുമല്ല സഹായിച്ചിട്ടുള്ളത്. കവിതയും നാടകവും സിനിമയും സംഗീതവും ശുഷ്‌ക്കിച്ചുപോയ ഒരിടത്ത് രാഷ്ട്രീയം എങ്ങനെ മാറാതിരിക്കും?

ഈ മാറ്റം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എഴുപതുകളിലും എണ്‍പതുകളിലും അത് ആരംഭിക്കുകയുണ്ടായി. ട്രേഡ് യൂണിയനുകളുടെ തകര്‍ച്ച സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഛിന്നഭിന്നമാകല്‍ മഹാരാഷ്ട്രത്തില്‍ അവസാനത്തെ വലിയ സാംസ്‌കാരിക വിസ്‌ഫോടനമായിരുന്ന ദളിത് പാന്തറുകളുടെ പിന്‍മടക്കം ഇതൊക്കെ രാഷ്ട്രീയ ജീവിതത്തെ ശുഷ്‌ക്കമാക്കിയിരുന്നു. 1991 ലെ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ പണത്തിന്റെ രാഷ്ട്രീയ മൂല്യം വര്‍ദ്ധിപ്പിച്ചു. ശിവസേന തുടക്കമിട്ട ഗുണ്ടാരാഷ്ട്രീയം പുത്തന്‍പണ രാഷ്ട്രീയവുമായി കൈകോര്‍ത്തു. യശ്‌വന്ത് ചവാന്റെ പിന്‍ഗാമിയായി വന്ന ശരദ് പവാര്‍ ഈ രാഷ്ട്രീയത്തിലെ centrist  മുഖമാണ്.

മൂല്യങ്ങളില്ലാതാവുന്ന രാഷ്ട്രീയം പണത്തെ മുന്‍നിര്‍ത്തി (പണം എന്നാല്‍ റിയല്‍ എസ്റ്റേറ്റ് എന്നും വായിക്കാം) മഹാരാഷ്ട്രത്തെ മാറ്റി മറിക്കുന്നത് 1990 കളിലാണ്. ഈ സാംസ്‌കാരിക മാറ്റത്തെ മുതലെടുത്തുകൊണ്ടാണ് ഹിന്ദുത്വ രാഷ്ട്രീയം മഹാരാഷ്ട്രത്തില്‍ വളരുന്നത്. സേനയുടെ നിഴലായി നിന്നുകൊണ്ടാണ് ആര്‍എസ്എസും മറ്റും 90 കളുടെ വര്‍ഗ്ഗീയ പരിസരം (ബോംബെയില്‍ നടന്ന ബോംബ് സ്‌ഫോടനങ്ങളും അതിനുമുമ്പുണ്ടായ കലാപവും രാമജന്മഭൂമി പ്രസ്ഥാനം സൃഷ്ടിച്ച ധ്രുവീകരണവും ഓര്‍ക്കുക) മുതലെടുക്കുന്നത്. തുടരെത്തുടരെയുണ്ടായ കമ്മ്യൂണല്‍ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കൊപ്പം നഗരങ്ങളുടെ സ്വഭാവത്തില്‍ വന്ന മാറ്റവും കാണേണ്ടതുണ്ട് (ഇന്‍ഡസ്ട്രിയല്‍ വര്‍ക്കിംഗ് ക്ലാസ് സര്‍വ്വീസ് സെക്ടറിന് വഴിമാറുന്നുണ്ട് ഇക്കാലത്ത്). ട്രേഡ് യൂണിയനുകളുടെ തകര്‍ച്ച സൃഷ്ടിച്ച ശൂന്യതനികത്തിയത് വര്‍ഗ്ഗീയതയും ഉപദേശീയതയും പറഞ്ഞ് എത്തിയ ശിവസേന പോലെയുള്ള സംഘടനകളാണ്. പരസ്പരം മത്സരിച്ചുകൊണ്ടെങ്കിലും കമ്മ്യൂണിസ്റ്റുകാരും അംബേദ്ക്കറെറ്റുകളും സോഷ്യലിസ്റ്റുകളും മുന്നോട്ട് വെച്ച അവകാശ-സാഹോദര്യ രാഷ്ട്രീയത്തിന് ബദലായിട്ട് പുത്തന്‍ പണരാഷ്ട്രീയകാലം നല്‍കിയത് മതസ്വത്വത്തിന്റെ രാഷ്ട്രീയമാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടില്‍ അത് വളര്‍ന്നിട്ടുണ്ട്. അതിനെ ചെറുക്കാന്‍ കഴിയുന്ന സാംസ്‌കാരിക രാഷ്ട്രീയം മഹാരാഷ്ട്രയില്‍ സൃഷ്ടിക്കപ്പെടുകയുണ്ടായില്ല. ഓര്‍ക്കുക, മഹാരാഷ്ട്രം സൃഷ്ടിച്ച ഏറ്റവും വലിയ കലാകാരന്മാരില്‍ ഒരാള്‍ എം.എഫ് ഹുസൈനാണ്. അദ്ദേഹത്തിന് എതിരെ കേസും കൂട്ടവുമുണ്ടായി നാട് വിടേണ്ട സാഹചര്യമുണ്ടായപ്പോള്‍ മഹാരാഷ്ട്രത്തിലെ രാഷ്ട്രീയ മുഖ്യധാര നിശ്ശബ്ദത പാലിക്കുകയായിരുന്നു. പന്ഥര്‍പൂരില്‍ ജനിച്ച അദ്ദേഹത്തില്‍ വര്‍ക്കരികളുടെ പാരമ്പര്യമുണ്ടായിരുന്നു. ജയ് ശ്രീറാമിന്റെ വഴിയിലായിരുന്നില്ല മഹാരാഷ്ട്രം പണ്ട് സഞ്ചരിച്ചിരുന്നത്. നാഥുറാം ഗോഡ്‌സേയുടെയും സവര്‍ക്കറുടേയും പിന്‍മുറക്കാര്‍ താമസിച്ചിരുന്ന പൂണെ നഗരത്തിലെ ഏറ്റവും വലിയ കൂടിച്ചേരലുകള്‍ വര്‍ക്കരികളുടേതായിരുന്നു. പന്ഥര്‍പൂരിലെ വിധോബ (വിഠല്‍) യെ കാണാനുള്ള വര്‍ക്കരിയാത്ര മൂന്നുനാള്‍ ബ്രേക്ക് എടുത്തിരുന്നത് പൂണെയിലായിരുന്നു. ജ്ഞാനേശ്വറിന്റെ ദിണ്ടി(എഴുത്താണി)യും തുക്കാറാമിന്റെ ദിണ്ടിയുമായി അവരുടെ മോക്ഷസ്ഥലങ്ങളില്‍നിന്നും വര്‍ക്കരികള്‍ പൂണെയില്‍ തങ്ങിയാണ് പന്ഥര്‍പൂരിലേക്ക് നീങ്ങിയിരുന്നത്, നാനാജാതി മതസ്ഥര്‍ ഈ യാത്രയില്‍ പങ്കുചേര്‍ന്നിരുന്നു. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ഒരു സാംസ്‌കാരിക അന്തരീക്ഷം ഇന്ന് വടക്കേയിന്ത്യന്‍ ഹിന്ദുത്വ മൂല്യങ്ങള്‍ക്ക് വേണ്ടി പിന്‍മാറുകയാണ് എന്ന് പലരും ഭയപ്പെടുന്നു. ”മഹാരാഷ്ട്ര ധര്‍മ്മ” എന്ന് പലരും വിളിക്കുന്ന ഈ സാംസ്‌കാരിക ധാര (തുക്കയും ചൊഖമേളയും ഫൂലേയും അംബേദ്ക്കറുമൊക്കെ ഇതിന്റെ സന്തതികള്‍ എന്ന് വിവക്ഷ) ഹിന്ദുത്വരാഷ്ട്രീയത്തിന് വഴിമാറുമ്പോള്‍ മറാഠിമാനൂസിന് എന്ത് സംഭവിക്കുമെന്ന് രാധേശ്യാമിനെപ്പോലുള്ളവര്‍ ആകുലപ്പെടുന്നു.

ഈ മാറ്റത്തിന് ഒരു സാമ്പത്തിക മുഖമുണ്ട്. കോര്‍പ്പറേറ്റ് മുതലാളിത്തത്തിന്റെ പിണിയാളുകളായി വന്ന രാഷ്ട്രീയക്കാര്‍ ഇന്ന് അവരുടെ പഴയ രക്ഷാകര്‍ത്താക്കളേക്കാള്‍ സ്വാധീനമുള്ളവരാണ്. ഏക്‌നാഥ് ഷിന്‍ഡെ പ്രത്യക്ഷ ഉദാഹരണമാണ്. ഇവര്‍ തമ്മിലുള്ള പുതിയ സമവാക്യത്തില്‍ ഒന്നോ രണ്ടോ വ്യവസായികളെ മാറ്റി നിര്‍ത്തിയാല്‍ രാഷ്ട്രീയക്കാര്‍ക്കാണ് ഇന്ന് മുന്‍കൈ. പുതിയ രാഷ്ട്രീയ മുതലാളിത്ത വര്‍ഗ്ഗമായി ഇവര്‍ തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം നിലകൊള്ളുന്നു. ഭൂമിയെ കേന്ദ്രീകരിച്ചുള്ള വലിയ ‘വികസന’ പദ്ധതികളാണ് അവരുടെ വലിയ പണസ്രോതസ്സ്. ധാരാവി പുനര്‍നിര്‍മ്മാണം ഇത്തരത്തിലൊരു പദ്ധതിയാണ്. റോഡും മെട്രോയും കെട്ടിട നിര്‍മ്മാണവുമൊക്കെ ആവശ്യമെങ്കിലും രാഷ്ട്രീയമുതലാളിത്തത്തിന് അവയൊക്കെ പണമാര്‍ജ്ജിക്കാനുള്ള മാര്‍ഗ്ഗം മാത്രമാണ്. പാപ്പരീകരിക്കപ്പെടുന്ന കര്‍ഷക-തൊഴിലാളി-മധ്യവര്‍ഗ്ഗ ജനതയെ ക്ഷേമപദ്ധതികള്‍ – നേരിട്ട് പണം നല്‍കലാണ് ഇതില്‍ ഏറ്റവും പ്രധാനം-വഴി അവര്‍ സ്വാധീനിക്കുന്നു. ഈ രാഷ്ട്രീയം പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് പ്രതികൂലമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. പണവും കിറ്റും ക്ഷേമവും നല്‍കാന്‍ ഭരണകക്ഷിക്കേ സാധിക്കൂ. അതിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ ഒന്നുമില്ല. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും അതിന് മുമ്പ് ഹര്യാനയിലുമൊക്കെ ഈ ട്രെന്‍ഡ് നമ്മള്‍ കണ്ടതാണ്.

ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുകളുള്ള മഹാരാഷ്ട്രത്തിലെ വിജയം ജൂണിലെ ബിജെപിയുടെ പിന്നോട്ടടിക്കലിനെ റദ്ദു ചെയ്‌തേക്കും. ഈ വിജയത്തിന് ദേശീയമായ പ്രത്യാഘാതങ്ങളുണ്ടാകും ഇന്ത്യാ മുന്നണിയുടെ ഒത്തൊരുമയെത്തന്നെ അത് ബാധിക്കും. തിരഞ്ഞെടുപ്പുകള്‍ വിജയിക്കാന്‍ പ്രാപ്തിയില്ലാത്ത കോണ്‍ഗ്രസ് നേതൃത്വത്തില്‍ തുടരേണ്ടതുണ്ടോ എന്ന് ചോദ്യം ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു. മമതാ ബാനര്‍ജി താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണ് എന്ന് പ്രസ്താവിച്ചപാടെ ലാലുവും ശരദ് പവാറും സമാജ്‌വാദി പാര്‍ട്ടിയുമൊക്കെ പിന്തുണയുമായി എത്തിയത് ഈ രാഷ്ട്രീയ മാറ്റത്തിന്റെ ലക്ഷണമാണ്.

ഇനി വരുന്ന സംസ്ഥാനതിരഞ്ഞെടുപ്പുകള്‍ പ്രാദേശിക പാര്‍ട്ടികള്‍ നേതൃത്വം നല്‍കേണ്ടവയാണ്. ഫെബ്രുവരിയില്‍ ദില്ലിയിലും വര്‍ഷാവസാനം ബീഹാറിലും 2026 ല്‍ ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും പിന്നെ ഉത്തര്‍പ്രദേശിലുമൊക്കെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ വിലപേശല്‍ സാധ്യത കുറക്കുക എന്ന ലക്ഷ്യം ഇന്ത്യാമുന്നണിയിലെ സഖ്യകക്ഷികള്‍ക്കുണ്ട്. ബംഗാളില്‍ മമതയ്ക്ക് ഒരു പ്രതിച്ഛായാ പുനര്‍നിര്‍മ്മിതി ആവശ്യമുണ്ട്. ഇന്ത്യാമുന്നണിയുടെ നേതൃത്വം അത് നല്‍കിയേക്കാം. മാത്രമല്ല കോണ്‍ഗ്രസ്സിന്റെമേല്‍ ഇടതുപാര്‍ട്ടികളുമായുള്ള സഖ്യമുപേക്ഷിച്ച് തങ്ങള്‍ക്കൊപ്പം തങ്ങളുടെ ചിട്ടപ്പടിയില്‍ തിരഞ്ഞെടുപ്പ് ധാരണയലെത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന് ശ്രമിക്കാം. ബീഹാറിലും ഉത്തര്‍പ്രദേശിലും ഇതേ നയം തന്നെയാണ് ലാലുവും സമാജ്‌വാദി പാര്‍ട്ടിയും ശ്രമിക്കുക. ഇന്ത്യാ മുന്നണിക്കകത്ത് കോണ്‍ഗ്രസ്സിനെതിരെ ഡിഎംകെ ഒഴികെയുള്ള മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ ഒരു ധ്രുവീകരണത്തിന് ശ്രമിക്കുന്നതിന്റെ മുഖ്യകാരണം ഇത് തന്നെയായിരിക്കണം. ഇന്ത്യാ മുന്നണിക്കകത്തുള്ള ഈ വൈരുദ്ധ്യം-കോണ്‍ഗ്രസ്സ് പ്രാദേശിക കക്ഷികള്‍ തമ്മിലുള്ള ബന്ധം സൗഹൃദത്തിനേക്കാള്‍ ഉപരി മത്സരത്തിന്റേതാണ്-ബിജെപിയെ സഹായിക്കുകയേയുള്ളൂ. ചങ്ങാത്ത-ഇരപിടിയന്‍ മുതലാളിത്തത്തെ അദാനിയെ മുന്‍നിര്‍ത്തി വിമര്‍ശിക്കുന്ന രാഹുല്‍ഗാന്ധി രീതിയോട് മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്ക് വലിയ മമതയില്ല. അദാനി ഒരു തിരഞ്ഞെടുപ്പ് വിഷയമേയല്ല എന്നവര്‍ പറയുന്നു-ഇവര്‍ പലരുമായി സൗഹൃദത്തിലാണ് ഈ കോര്‍പ്പറേറ്റ് ഭീമന്‍ എന്ന വസ്തുത മറക്കരുത്. അദാനി വിമര്‍ശനം ലക്ഷ്യമിടുന്ന ഒരു മുതലാളിത്ത വിമര്‍ശന രാഷ്ട്രീയത്തിന് ഇനിയും ജനമനസ്സിനെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു വസ്തുതയാണ്. ആ രാഷ്ട്രീയത്തെ ജനമുന്നേറ്റമാക്കാന്‍ കഴിയുന്ന സംഘടനയോ സ്വാധീനമോ ക്രെഡിബിലിറ്റിയോ കോണ്‍ഗ്രസ്സിന് ഇപ്പോഴും കൈവന്നിട്ടില്ല. സമാനമാണ് ജാതി രാഷ്ട്രീയം ഉയര്‍ത്തുമ്പോഴുള്ള കോണ്‍ഗ്രസ്സിന്റെ സ്ഥിതി. സംഘടനയുടെ ക്ഷീണവും പുതിയ പ്രത്യയശാസ്ത്രതിരിവിനോടുള്ള രണ്ടാംനിര നേതൃത്വത്തിന്റെയും അണികളുടെ തന്നേയും താല്പര്യമില്ലായ്മയും കോണ്‍ഗ്രസ്സിന്റെ അവസ്ഥയെ പരുങ്ങലിലാക്കുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തോട് മറുപടി പറയാന്‍ ഭാരത് ജോഡോ യാത്ര ശ്രമിക്കുകയുണ്ടായി; പരിമിതമായ അര്‍ത്ഥത്തില്‍ അത് വിജയിക്കുകയും ചെയ്തു. എന്നാല്‍ അതാവശ്യപ്പെടുന്ന സാംസ്‌കാരിക തുടര്‍ച്ചകള്‍ക്ക് കോണ്‍ഗ്രസ്സ് ശ്രമിച്ചില്ല എന്ന് കാണാവുന്നതാണ്. മഹാരാഷ്ട്രത്തിലും മറ്റും അത് വ്യക്തമായിരുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബിജെപിയ്ക്ക് സംഘപരിവാര്‍ എന്നതുപോലെ കോണ്‍ഗ്രസ്സിന് സിവില്‍ സമൂഹ മണ്ഡലത്തെ ആവശ്യമുണ്ട് എന്ന തിരിച്ചറിവ് ഇന്നും ആ പാര്‍ട്ടിക്ക് ഇല്ല. അത്തരം പാര്‍ട്ടിയേതര പ്ലാറ്റ്‌ഫോമുകള്‍ സജീവമാകുമ്പോഴാണ് കോണ്‍ഗ്രസ്സ് ശക്തി പ്രാപിക്കാറുള്ളത്. (ജൂണിലെ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രത്തില്‍ ഈ അന്തര്‍ധാര സജീവമായിരുന്നു; നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുണ്ടായില്ല എന്ന് ആക്ടിവിസ്റ്റ് ഭരത് പാഠങ്കര്‍ പറഞ്ഞിരുന്നു.) കേരളത്തിന് പുറത്തുള്ള കമ്മ്യൂണിസ്റ്റ് ഇടതുപക്ഷം ഈ ശ്രമത്തില്‍ കോണ്‍ഗ്രസ്സിനൊപ്പം നിന്നിട്ടുള്ളതും കാണാതിരുന്നുകൂടാ. ഈ മണ്ഡലങ്ങളൊക്കെ ഇന്ന് ക്ഷീണിതരും പ്രത്യാശയറ്റവരുമായ നേതാക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ക്യാമ്പസ് രാഷ്ട്രീയത്തിന് മേല്‍ ശ്വാസം വിടാനുള്ള അവസരം പോലും ഭരണകൂടം നല്‍കുന്നില്ല.

ആരാധനാലയങ്ങളുടെമേല്‍ അവകാശം പറഞ്ഞുകൊണ്ട് പുതിയ ഒരു രാഷ്ട്രീയം അയോധ്യാവിധിക്കു ശേഷം ഉയര്‍ന്നുവന്നിട്ടുണ്ട്. സുപ്രീം കോടതി Places of worship Actന് മേല്‍ വാദം കേള്‍ക്കാനിരിക്കെ നിയമത്തിനെതിരെ ഒരു പൊതുസമവായം സൃഷ്ടിക്കാനുള്ള ശ്രമം കൂടിയാണ് ഈ കേസുകള്‍ എന്നു തോന്നുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള മുസ്‌ലിം പള്ളികളില്‍ തുടങ്ങി അജ്മീര്‍ ദര്‍ഗ്ഗവരെ എത്തിനില്‍ക്കുന്നു ഈ കേസുകള്‍. അയോധ്യയില്‍ കണ്ടതുപോലെ തന്നെ ഇത് വിശ്വാസത്തിന്റെ പ്രശ്‌നമല്ല സനാതനധര്‍മ്മം എന്ന് പേര് വിളിച്ചുകൊണ്ട് ഒരു രാഷ്ട്രീയ ഹിന്ദുമതത്തെ ദേശീയമതമായി സ്ഥാപിക്കാനുള്ള ദീര്‍ഘകാലപരിപാടിയുടെ പ്രതിഫലനമാണ് കോടതിവഴിയുള്ള രാഷ്ട്രീയ ഇടപെടലുകള്‍. ഇതിനൊരു രാഷ്ട്രീയ പ്രതിരോധം സാധ്യമാകണമെങ്കില്‍ വലിയ തരത്തിലുള്ള സാംസ്‌കാരിക ഇടപെടലുകള്‍ ആവശ്യമായി വരും. മഹാരാഷ്ട്രത്തിലെ പ്രതിപക്ഷത്തിന്റെ പരാജയം നല്‍കുന്ന പാഠം ഇതൊക്കെയാണ്.

കടപ്പാട് പാഠഭേദം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply