രണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം : ബിജെപി വളരുന്നു, ഇന്ത്യ തളരുന്നു
കൊറോണ മഹാമാരിയുടെ കാലത്തു തൊഴിലാളികള്‍, മറുനാടന്‍ തൊഴിലാളികള്‍,ചെറുകിട വ്യവസായ മേഖലയില്‍ ജോലിയെടുക്കുന്നവര്‍, സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നവര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങിയവര്‍ കഷ്ടപ്പാടുകളിലൂടെ കടന്നുപോവുകയാണെന്ന വസ്തുത പ്രധാനമന്ത്രി ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രികള്‍, യുവാക്കള്‍ എന്നിവരുടെ ശാക്തീകരണത്തിനു സര്‍ക്കാര്‍ എപ്പോഴും പ്രാധാന്യം നല്‍കുമെന്നും സ്വയംപര്യാപ്തതയാണ് അതിനുള്ള മാര്‍ഗമെന്നും പറയുന്നതല്ലാതെ, കഴിഞ്ഞ ഒരുവര്‍ഷത്തെ ഭരണത്തിനിടയില്‍ അതിനുള്ള ക്രിയാത്മകമായ എന്തെങ്കിലും നടപടികള്‍ സ്വികരിച്ചതായി കാണുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാമതും അധികാരത്തില്‍ എത്തിയിട്ടു ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണല്ലോ.ഇക്കാലയളവില്‍ RSS ഉം ബിജെപിയും വര്‍ഷങ്ങളായി തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്ന ചില കാര്യങ്ങള്‍ നടപ്പാക്കാന്‍ അവര്‍ക്കു സാധിച്ചു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, പൗരത്വനിയമഭേദഗതി തുടങ്ങിയവയാണവ. പ്രധാനമന്ത്രിയും ബിജെപി നേതാക്കളും തങ്ങളുടെ ഒരുവര്‍ഷത്തെ പ്രധാന നേട്ടമായി അവതരിപ്പിക്കുന്നതും ഇതൊക്കെയാണ്. ഇതല്ലാതെ ജനോപകാരപ്രദമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്തതായി അവര്‍ക്കു പറയാനുമില്ല. കൊറോണ മഹാമാരിയുടെ കാലത്തു തൊഴിലാളികള്‍, മറുനാടന്‍ തൊഴിലാളികള്‍,ചെറുകിട വ്യവസായ മേഖലയില്‍ ജോലിയെടുക്കുന്നവര്‍, സാധനങ്ങള്‍ കൊണ്ടുനടന്നു വില്‍ക്കുന്നവര്‍, ചെറുകിട വ്യാപാരികള്‍ തുടങ്ങിയവര്‍ കഷ്ടപ്പാടുകളിലൂടെ കടന്നുപോവുകയാണെന്ന വസ്തുത പ്രധാനമന്ത്രി ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. പക്ഷേ, ദരിദ്രര്‍, കര്‍ഷകര്‍, സ്ത്രികള്‍, യുവാക്കള്‍ എന്നിവരുടെ ശാക്തീകരണത്തിനു സര്‍ക്കാര്‍ എപ്പോഴും പ്രാധാന്യം നല്‍കുമെന്നും സ്വയംപര്യാപ്തതയാണ് അതിനുള്ള മാര്‍ഗമെന്നും പറയുന്നതല്ലാതെ, കഴിഞ്ഞ ഒരുവര്‍ഷത്തെ ഭരണത്തിനിടയില്‍ അതിനുള്ള ക്രിയാത്മകമായ എന്തെങ്കിലും നടപടികള്‍ സ്വികരിച്ചതായി കാണുന്നില്ല.
തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ ഒന്നൊന്നായി നടപ്പാക്കാന്‍ സാധിക്കുന്നു എന്നതുകൊണ്ടുതന്നെ ബിജെപി അണികള്‍ ഭരണത്തില്‍ സംതൃപ്തരാണ്. എന്നാല്‍ ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ക്കു ഗുണകരമായവയൊന്നും ഉണ്ടാവുന്നില്ലെന്നു മാത്രമല്ല, ഇന്ത്യയുടെ ജനാധിപത്യമതേതര ഫെഡറല്‍ ഭരണ സംവിധാനങ്ങള്‍ക്കു ക്ഷതമേല്പിക്കുന്ന പലതും നടപ്പാക്കപ്പെടുന്നുമുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പാര്‍ലമെന്റില്‍ വിശദമായ ചര്‍ച്ചപോലും നടത്താതെ തിരക്കിട്ടു പാസാക്കിയെടുക്കുന്ന പ്രവണതകളും പ്രകടമാണ്. ബിജെപി അവരുടെ ഏറ്റവും വലിയ നേട്ടമായി വിശേഷിപ്പിക്കുന്ന കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുതന്നെ ജനാധിപത്യ വിരുദ്ധമായ മാര്‍ഗം അവലംബിച്ചുകൊണ്ടായിരുന്നു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാവുമ്പോള്‍ തയ്യാറാക്കിയ ഉടമ്പടി അനുസരിച്ചു കാശ്മീരിലെ നിയമസഭയുടെ അംഗീകാരത്തോടെ വേണം പ്രത്യേകപദവിയില്‍ മാറ്റം വരുത്തേണ്ടത്. നിയമസഭ മരവിപ്പിച്ചുനിര്‍ത്തി രാഷ്ട്രപതിഭരണത്തിന്റെ മറവില്‍ ഗവര്‍ണറുടെ അഭിപ്രായത്തെ നിയമസഭയുടെ സമ്മതമാണെന്ന് ദുര്‍വ്യാഖ്യാനിച്ചാണ് കാശ്മീരിന്റെ പ്രത്യേകപദവി നീക്കം ചെയ്തത്. ഒന്നരലക്ഷത്തിലധികം പട്ടാളക്കാരെ വിന്യസിച്ചും കാശ്മീരികളുടെ ജനാധിപത്യാവകാശങ്ങളെ നിഷേധിച്ചും അവിടെയുള്ള രാഷ്ട്രീയപ്രവര്‍ത്തകരെയെല്ലാം തടവിലാക്കിയുമാണ് കാശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യാനുള്ള പ്രക്രിയ നടപ്പാക്കിയത്. കാശ്മീരി ജനതയുടെ പിന്തുണ നേടാനാവാതിരുന്നതുകൊണ്ടുതന്നെ പത്തുമാസം കഴിഞ്ഞിട്ടും അവിടെ സാധാരണനില പുനഃസ്ഥാപിക്കാനായിട്ടില്ല. ഇപ്പോഴും അവിടെ സംഘര്‍ഷബാധിത പ്രദേശമായി തുടരുന്നു.
മതപരിഗണകളില്ലാതെ പൗരത്വം നല്‍കുന്ന ഇന്ത്യയുടെ അടിസ്ഥാന നിലപാടിനെ നിരാകരിക്കുന്ന വിധം ചില പ്രത്യേക മതവിഭാഗങ്ങളോടു വിവേചനം കാണിക്കുന്നതരത്തില്‍ അവതരിപ്പിക്കപ്പെട്ട പൗരത്വഭേദഗതി നിയമം വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ഇന്ത്യയിലെമ്പാടും അതിനെതിരെ ശക്തമായ ജനരോഷം ഉയന്നുവന്നെങ്കിലും അവയൊന്നും പരിഗണിക്കാനുള്ള ജനാധിപത്യമര്യാദ പോലുമില്ലാതെ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണുണ്ടായത്. അന്താരാഷ്ട്രതലത്തില്‍ തന്നെ ഇന്ത്യയുടെ മതേതര പ്രതിച്ഛായക്കു അതേല്‍പ്പിച്ച ക്ഷതം ചെറുതല്ല. മുത്തലാക് പോലുള്ള അനാചാരങ്ങള്‍ക്കെതിരെ നിയമനിര്‍മാണം നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ദേശം നടപ്പാക്കിയപ്പോഴും സിവില്‍നിയമത്തിന്റെ പരിധിയില്‍ വരേണ്ട വിവാഹമോചനം മുസ്ലിങ്ങളുടെ കാര്യത്തില്‍ മാത്രം ക്രമിനല്‍ കുറ്റമാക്കുന്ന കൗശലമാണ് പ്രയോഗിച്ചത്.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനു അനുകൂലമായി സുപ്രിംകോടതിയില്‍ നിന്നുമുണ്ടായ വിധിയാണ് ബിജെപി അവരുടെ വലിയ നേട്ടമായി ഘോഷിക്കുന്ന മറ്റൊരു കാര്യം. വര്‍ഷങ്ങളായി തുടരുന്ന ഒരു തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാന്‍ ആ വിധി ഉപകരിച്ചെങ്കിലും, അതെത്രമാത്രം നീതിപൂര്‍വ്വകമായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമാണെന്നു കണ്ടെത്തിയ കോടതി, പ്രശ്‌നപരിഹാരത്തിനായി പ്രഖ്യാപിച്ച വിധി അതിലെ വൈരുധ്യം കൊണ്ടുതന്നെ ശ്രദ്ധേയമാണ്. സുപ്രിംകോടതിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ശബ്ദമുയര്‍ത്തിയ ചിഫ് ജസ്റ്റിസിനെതിരെ ഉയന്നുവന്ന ലൈംഗികാരോപണവും, അതു കൈകാര്യം ചെയ്ത രീതിയും, ഔദ്യോഗിക പദവിയില്‍ നിന്നും വിരമിച്ചശേഷം അദ്ദേഹം സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത രാജ്യസഭാംഗത്വം സ്വികരിച്ചതുമെല്ലാം പരിഗണിക്കുമ്പോള്‍ പ്രസ്തുത വിധിയുടെ ശോഭയ്ക്കു മങ്ങലേല്‍ക്കാം.
ശക്തവും ക്രിയാത്മകവുമായ പ്രതിപക്ഷമാണ് ജനാധിപത്യ ഭരണത്തെ മികച്ചതാക്കുന്നത്. അങ്ങനെയൊരു പ്രതിപക്ഷത്തിന്റെ അഭാവമാണ് കാര്യമായ പ്രതിബന്ധങ്ങളില്ലാതെ തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ നിര്‍ബാധം നടപ്പാക്കാന്‍ മോദി സര്‍ക്കാരിനു സഹായകമാവുന്നത് .പ്രതിപക്ഷങ്ങള്‍ക്കിടയിലെ ഭിന്നിപ്പിനെ മുതലെടുത്താണ് അവര്‍ പലതും പാര്‍ലമെന്റില്‍ പാസാക്കിയെടുക്കുന്നത്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളോ, കാര്യക്ഷമമായ നേതൃത്വമോ ഇല്ലാത്ത, പരസ്പര വിരുദ്ധമായ നിലപാടുകളുള്ള പ്രതിപക്ഷമാണിവിടെയുള്ളത്.
2014ല്‍ കേന്ദ്രഭരണം ലഭിച്ചതു മുതല്‍ ബിജെപി സംഘടനാപരമായും സാമ്പത്തികമായും വളര്‍ച്ച പ്രാപിച്ചു.. 2014 ല്‍ ബിജെപിയുടെ ആസ്തി 970 കോടി ആയിരുന്നെങ്കില്‍ ഇപ്പോഴത് 2410 കോടിയാണ്. ആറുവര്‍ഷത്തെ ഭരണം കൊണ്ടു ബിജെപിയുടെ സമ്പത്തു 248 ശതമാനം വളര്‍ന്നപ്പോള്‍ ഇന്ത്യ തകരുന്ന കാഴ്ചയാണ് നാം കാണുന്നത്.2019-20 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച ജിഡിപിയുടെ 4.2 ശതമാനമായി ചുരുങ്ങി. 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാനിരക്കാണിത്. മാര്‍ച്ച് വരെയുള്ള കണക്കാണിത്, കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് സാമ്പത്തിക വളര്‍ച്ച ഒരു ശതമാനത്തില്‍ താഴെയാകുമെന്നാണ് വിദഗ്ധരുടെ അനുമാനം. 2019-20 സാമ്പത്തിക വര്‍ഷം നിര്‍മാണമേഖലയുടെ വളര്‍ച്ച 0.03 ശതമാനമാണ്. കണ്‍സ്ട്രക്ഷന്‍ മേഖലയുടെവളര്‍ച്ച 1.3 ശതമാനമാണ്. കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും പരിതാപകരമാണ്.ഈ വര്‍ഷം 19.31 ലക്ഷം കോടി വരുമാനം പ്രതീക്ഷിച്ചിടത്തു 15.5 ലക്ഷം കോടിയെ നേടാനായുള്ളു.ചെലവാകട്ടെ 26.88 ലക്ഷം കോടിയും. ധനക്കമ്മി ജിഡിപിയുടെ 4.6 ശതമാനമായി ഉയര്‍ന്നു. കയറ്റുമതിയും മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞു. 2018-19 ല്‍ 297.3 ബില്യന്‍ ഡോളറായിരുന്ന കയറ്റുമതി ഇക്കൊല്ലം 292.91ബില്യന്‍ ഡോളറായി. സ്വയംപര്യാപ്തതയെക്കുറിച്ചു പ്രധാനമന്ത്രി വാചാലനാവുമ്പോള്‍ നമ്മുടെ വിദേശ കടബാധ്യത വര്‍ധിക്കുകയാണ്.2014 ല്‍ 455.9 ബില്യന്‍ ഡോളറായിരുന്ന വിദേശക്കടം 2019 ല്‍ 563.9 ബില്യന്‍ ഡോളറായി ഉയര്‍ന്നു. മൊത്തം കടമാകട്ടെ 2014 ല്‍ 1160.56 ബില്യന്‍ ഡോളറായിരുന്നത് 2020 ല്‍ 2009.81 ബില്യന്‍ ഡോളറായി വര്‍ധിച്ചു. തൊഴിലില്ലായ്മയാകട്ടെ 8 ശതമാനത്തിനു മുകളിലായി. ഇങ്ങനെ എല്ലാരംഗത്തും ഇന്ത്യ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്. ഇതിനു പ്രതിവിധി കണ്ടെത്തുന്നതിനു പകരം ഈ പ്രതിസന്ധികളെ രൂക്ഷമാക്കുന്ന നടപടികളാണുണ്ടാവുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ ചൈനയിലുള്ള വിദേശനിക്ഷേപകരെല്ലാം ഇന്ത്യയിലേക്കു വരുമെന്ന വ്യാമോഹത്തിലാണ് കേന്ദ്രസര്‍ക്കാര്‍. അതിനുവേണ്ടി നിലവിലുള്ള തൊഴില്‍നിയമങ്ങളെയെല്ലാം തിരുത്തിയെഴുതാനുള്ള വ്യഗ്രതയിലാണവര്‍.
നാം തുടന്നുവന്നിരുന്ന ചേരിചേരാനയത്തിനു പകരം, യു.എസിനെ കൂടുതല്‍ ആശ്രയിക്കുന്ന നയമാണ് മോദി തുടര്‍ന്നു പോരുന്നത്.നമസ്‌തേ ട്രംപ് പോലുള്ള പരിപാടിയിലൂടെ 22000 കോടിയുടെ ആയുധക്കച്ചവടം ഉറപ്പിച്ചു ട്രംപ് നേട്ടമുണ്ടാക്കിയപ്പോള്‍ നമുക്കു കാര്യമായ പ്രയോജനം ഉണ്ടായില്ല. നമ്മുടെ അയല്‍രാജ്യങ്ങളുമായുള്ള ബന്ധങ്ങളിലും ഉലച്ചില്‍തട്ടിത്തുടങ്ങി. ശ്രീലങ്കയും മാലദീപും മാത്രമല്ല, എക്കാലത്തും നമ്മോടൊപ്പം നിലയുറപ്പിച്ചിരുന്ന നേപ്പാള്‍ പോലും നമുക്കെതിരായി നീങ്ങിത്തുടങ്ങി. ഇപ്പോള്‍ ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷത്തിന്റെ നിജസ്ഥിതി എന്തെന്നു വെളിപ്പെടുത്താന്‍ പോലും സര്‍ക്കാരിനാവുന്നില്ല.
രാഷ്ട്രീയമായും സാമ്പത്തികമായും ബിജെപി നേട്ടങ്ങളുണ്ടാക്കുമ്പോള്‍ ഇന്ത്യരാജ്യം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള നാനാവിധ പ്രശ്‌നങ്ങളാല്‍ വലയുകയാണ്. അതിനിടയില്‍ കൊവിഡ് വ്യാപനത്തില്‍ നാം പടിപടിയായി ഓരോ രാജ്യങ്ങളെ മറി കടന്ന് ഏഴാംസ്ഥാനത്തെത്തിയിരിക്കുന്നു. സ്വാതന്ത്ര്യത്തിനുശേഷം രാഷ്ട്രം കണ്ട ഏറ്റവും വലിയ പലായനമായ കുടിയേറ്റത്തൊഴിലാളികളുടെ ദുരന്ത മടക്കയാത്ര അവസാനമില്ലാതെ തുടരുകയും ചെയ്യുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in