പഴയ കേരള മാതൃകയല്ല, പുതിയ കേരള മാതൃക
കേരളത്തില്‍ താഴെത്തട്ടില്‍ നില്‍ക്കുന്ന കൂലിപ്പണിക്കാരുടെ മിനിമം കൂലി 600 രൂപയാണ്. തൊഴിലാളികള്‍ വിലപേശി അതില്‍ കൂടുതല്‍ പലപ്പോഴും വാങ്ങാറുണ്ടെന്നത് ശരിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ അത് ഏതാണ്ട് 300-350 രൂപയാണ്. പക്ഷെ പ്രശ്‌നം ദിവസക്കൂലിക്കാര്‍ എത്ര ശതമാനം വരും എന്നതാണ്. സര്‍ക്കാര്‍ ജീവനക്കാരും സംസ്ഥാന പൊതുമേഖലാ ജീവനക്കാരും കേന്ദ്ര പൊതുമേഖലാ ജീവനക്കാരും കേന്ദ്ര ജീവനക്കാരും കഴിഞ്ഞാല്‍ 80% ത്തില്‍ അധികംവരുന്ന തൊഴിലാളികളും തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാത്ത അസംഘടിത തൊഴിലാളികളാണ്. അവരില്‍ മഹാഭൂരിപക്ഷം പേര്‍ക്കും 10000 രൂപയില്‍ താഴെയാണ് മാസവരുമാനം. ശരാശരി 350-400 രൂപ.
സംസ്ഥാനത്തിന്റെ ആളോഹരി വരുമാനം മിക്ക ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ നല്ല നിലയിലാണ് നില്‍ക്കുന്നത്. പക്ഷെ കേരളത്തിന്റെ ഈ സമ്പദ്ഘടനയിലേക്ക് വിദേശത്തുനിന്നും പമ്പ് ചെയ്യുന്ന വിദേശ നാണ്യത്തെ ആശ്രയിച്ചു കൊണ്ടാണ് കേരളം കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടുകളായി മുന്നോട്ട് പോകുന്നത്. പ്രത്യേകിച്ച് രണ്ട് പതിറ്റാണ്ടുകളായിട്ട് രൂപയുടെ വിലയിടിവും വിദേശ കറന്‍സികളുടെ മൂല്യവര്‍ദ്ധനവും കേരളത്തിലേക്ക് അയക്കുന്ന പണത്തില്‍ വലിയ വ്യതാസങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിന്റെ ഫലമായി ആ പണം വിനിയോഗിക്കപ്പെടുമ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ വ്യക്തികള്‍ മുഖാന്തിരം വ്യാപകമായി നടക്കുന്നുമുണ്ട്. ഇത്തരമൊരു പ്രവര്‍ത്തന മേഖലയിലേക്കാണ് ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികള്‍ അവരുടെ ഇടങ്ങളിലേക്കാള്‍ മെച്ചപ്പെട്ട വേതനം ലഭിക്കുമെന്നതുകൊണ്ട് കടന്നുവന്നത് . എവിടേക്കാണോ തൊഴിലാളികള്‍ മെച്ചപ്പെട്ട സാമ്പത്തിക വരുമാനം ലഭിക്കുമെന്നതിനാല്‍ കടന്നുവരുന്നത് അവിടം സാമ്പത്തികമായി മെച്ചപ്പെട്ട ഇടമാണ് എന്നു കരുതുന്നതിലും തെറ്റില്ല. പക്ഷേ സംസ്ഥാനത്തിന്റെ സമ്പദ് ഘടന(Economy) താരതമ്യേന മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ ധനസ്ഥിതി (finance) അത്ര നല്ലതല്ല.
ഏത് സര്‍ക്കാരിന്റേയും വരുമാനം രണ്ടു വിധത്തില്‍ ഉള്ളതാണ്, ഒന്ന് വിവിധ നികുതികളിലൂടേയും മറ്റൊന്ന് കടം വാങ്ങിക്കുന്നതിലൂടേയും. ഇതില്‍ നികുതിയുടെ വരുമാനം മിതമായ തരത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ കടം വാങ്ങുന്നതിന്റെ തോത് ആനുപാതികമല്ലാത്ത രീതിയില്‍ വര്‍ദ്ധിക്കുന്നതാണ് സര്‍ക്കാരിന്റെ ധനസ്ഥിതിയുടെ മുഖ്യ പ്രശ്‌നമായി കാണാവുന്നത്. ജി എസ് ടി സംവിധാനം നിലവില്‍ വന്നതോടുകൂടി ഒരു മുനിസിപ്പല്‍ കോര്‍പ്പറേഷനുള്ള അധികാരങ്ങള്‍ പോലും നികുതി ചുമത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇല്ല എന്ന് വേണമെങ്കില്‍ പറയാം. പക്ഷെ മുഖ്യ വരുമാന സ്രോതസ്സുകളായ പെട്രോളിന്റെ കാര്യത്തിലും മദ്യത്തിന്റെ കാര്യത്തിലും ജി എസ് ടി ഇതുവരെ നിലവില്‍ വന്നിട്ടില്ല എന്ന കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്.
ഈ അടുത്ത കാലത്തായി കേരളത്തിന്റെ ധനസ്ഥിതിക്ക് ബുദ്ധിമുട്ടുണ്ടായതിന്റെ പ്രധാന കാരണം അടിക്കടി ഉണ്ടായ വെള്ളപ്പൊക്കങ്ങളും കൊടുങ്കാറ്റും കോവിഡ് മഹാമാരിയും ആണ് എങ്കിലും ഇതിനൊക്കെ മുമ്പുതന്നെ ജി ഡി പി വളര്‍ച്ചയുടെ തോതനുസരിച്ച് നികുതി വരുമാനത്തില്‍ സംസ്ഥാന ഖജനാവില്‍ വര്‍ദ്ധനവുണ്ടായിട്ടില്ല എന്നത് വാസ്തവമാണ്. വിദേശ പണംകൊണ്ട് ഏറ്റവും കൂടുതല്‍ നിര്‍മ്മിക്കപ്പെട്ടത് സ്വകാര്യ കെട്ടിടങ്ങളാണ്. പക്ഷെ കെട്ടിടനികുതി സംസ്ഥാന സര്‍ക്കാരിന്റെ പരിധിയിലല്ല വരുന്നത്. കെട്ടിടനികുതി പ്രാദേശിക ഭരണത്തിന്റെ പരിധിയിലാണ്. ഈ നികുതി പരിഷ്‌കാരത്തില്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഇടപെടുന്നില്ല എന്നു മാത്രമല്ല പ്രാദേശിക ഭരണ സംവിധാനങ്ങള്‍ അതിന് തുനിയുമ്പോള്‍ അതിനെ തടസ്സപ്പെടുത്തുന്ന രീതികളാണ് കണ്ടുവരുന്നത്. അതുകൊണ്ടു തന്നെ പുതിയ കെട്ടിടങ്ങള്‍ പണിയുമ്പോള്‍ ആവശ്യമായ സിമന്റ്, കമ്പി തുടങ്ങിയവ മാര്‍ക്കറ്റില്‍നിന്ന് വാങ്ങുമ്പോള്‍ ലഭിക്കുന്ന ജിഎസ്ടി അല്ലാതെ പുതിയ കെട്ടിടങ്ങളുടെ പുതിയ നിരക്കിലുള്ള നികുതിയോ സ്വത്തു നികുതിയോ വേണ്ടതരത്തില്‍ പിരിക്കാത്തത് വലിയ വിഷയമാണ് . ഇത്തരമൊരു സാഹചര്യത്തില്‍ പ്രാദേശിക ഭരണ സംവിധാനങ്ങളും സംസ്ഥാന ഗവണ്‍മെന്റും ഒരുമിച്ചിരുന്നു വസ്തുനികുതി (property tax) വരുമാനവര്‍ദ്ധനവില്‍, പാവപ്പെട്ടവരെ ദ്രോഹിക്കാതെ തന്നെ എങ്ങനെ മാറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് പരിശോധിക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ നികുതി വേണ്ടത്ര ഉയരാതിരിക്കുമ്പോള്‍ വായ്പ്പാവരുമാനത്തെ ആശ്രയിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പ്രത്യേകിച്ചും കിഫ്ബി പോലുള്ള സംവിധാനങ്ങള്‍. മോട്ടോര്‍ വെഹിക്കിള്‍ സെസ്സും പെട്രോളിയം ഉത്പന്നങ്ങളുടെ സെസ്സും കിഫ്ബി ഉപയോഗപ്പെടുത്തിയെങ്കിലും, വലിയ കടമെടുപ്പ് യന്ത്രമായാണ് കിഫ്ബിയെ വിഭാവനം ചെയ്തിട്ടുള്ളത്. കിഫ്ബിയിലൂടെ കടമെടുത്താല്‍ അത് സര്‍ക്കാരിന്റെ ആകെ കടത്തെ ബാധിക്കുകയില്ല എന്നും അതിലൂടെ ധനക്കമ്മി സംബന്ധിച്ച കണക്കുകൂട്ടലുകളില്‍ നിന്ന് രക്ഷപ്പെടാമെന്നുമാണ് കേരളാ ഗവണ്‍മെന്റ് കരുതിയിരുന്നതെങ്കില്‍ അന്നുമുതല്‍ ഞാനടക്കമുള്ള പ്രതിപക്ഷത്തുള്ളവര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഒടുവില്‍ കിഫ്ബിയുടെ കടവും സര്‍ക്കാരിന്റെ കടമായി മാറിയിരിക്കുകയാണ്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
അതുപോലെ തന്നെ ഇന്നത്തെ ഗവണ്‍മെന്റിന്റെ തൊപ്പിയിലെ ഒരു തൂവലായിരുന്നു വെല്‍ഫയര്‍ പെന്‍ഷന്‍ വിതരണം. പക്ഷെ വെല്‍ഫയര്‍ പെന്‍ഷന്‍ വിതരണത്തിനും കടം വാങ്ങിക്കുന്നതിന് വേണ്ടിയും ഒരു കോര്‍പ്പറേഷന്‍ ഉണ്ടാക്കി ആദ്യത്തെ പിണറായി ഗവണ്‍മെന്റ്. സാധാരണ ഇത് നികുതി വരുമാനത്തില്‍ നിന്നാണ് എടുക്കുക. ലോട്ടറിയുടെ വരുമാനത്തില്‍നിന്നും കെ എം മാണിയുടെ കാലത്ത് ഒരു വലിയ പദ്ധതി നടപ്പാക്കിയിരുന്നു. ആ പദ്ധതിയുടെ പേരാണ് ‘കാരുണ്യ.’
എന്നാല്‍ കാരുണ്യാ പദ്ധതിയും പിണറായി വിജയന്‍ഗവണ്‍മെന്റ് പിച്ചിച്ചീന്തുകയാണ് ഉണ്ടായത്. അതിനുപകരം ഗവണ്‍മെന്റിന് ബാധ്യതയായി മാറുന്ന കടമെടുത്ത് ആനുകൂല്യ വിതരണം നടത്തിയെന്നതാണ് ഈ ഗവണ്‍മെന്റിന്റെ ഏറ്റവും വലിയ പാളിച്ച. പക്ഷെ ഇന്നത് ഗവണ്‍മെന്റിന്റെ ബാധ്യതയാണെന്ന് പ്രഖ്യാപിക്കപ്പെട്ടതോടെ വെല്‍ഫയര്‍ പെന്‍ഷന്‍ കോര്‍പ്പറേഷനു വേണ്ടി കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലൂടെ വാങ്ങിച്ച കടത്തിന് ഗവണ്‍മെന്റ് നിന്ന ഗാരണ്ടിയില്‍നിന്ന് അവര്‍ പിന്‍മാറിയിരിക്കുകയാണ്. കടം കൊടുത്ത കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും നിയമപരമായ പ്രതിസന്ധികളിലായാല്‍ അത്ഭുതപ്പെടേണ്ടതില്ല.
ഏതൊരു മുതലാളിത്ത സമ്പദ്‌വ്യവസ്ഥ പോലെയും കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയും മുകള്‍ത്തട്ടിലുള്ളവര്‍ക്ക് വേണ്ടി പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ടിട്ടുള്ളതാണ്. കേരളം സമത്വ സുന്ദരമാണെന്ന് ഓണക്കാലത്ത് നമ്മള്‍ പ്രഘോഷിക്കാറുണ്ടെങ്കിലും കേരളത്തില്‍ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം (disparity ratio) സാങ്കേതികമായിത്തന്നെ ദേശീയ ശരാശരിയേക്കാള്‍ ഒട്ടും കുറവല്ല.
കേരളത്തില്‍ താഴെത്തട്ടില്‍ നില്‍ക്കുന്ന കൂലിപ്പണിക്കാരുടെ എണ്ണം വളരെ കൂടുതലാണ്, ദിവസക്കൂലി മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏതാണ്ട് ഇരട്ടിയാണെങ്കിലും. മിനിമം കൂലി 600 രൂപയാണ്. തൊഴിലാളികള്‍ വിലപേശി അതില്‍ കൂടുതല്‍ പലപ്പോഴും വാങ്ങാറുണ്ടെന്നത് ശരിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ അത് ഏതാണ്ട് 300-350 രൂപയാണ്. പക്ഷെ പ്രശ്‌നം ദിവസക്കൂലിക്കാര്‍ എത്ര ശതമാനം വരും എന്നതാണ്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും സംസ്ഥാന പൊതുമേഖലാ ജീവനക്കാരും കേന്ദ്ര പൊതുമേഖലാ ജീവനക്കാരും കേന്ദ്ര ജീവനക്കാരും കഴിഞ്ഞാല്‍ 80% ത്തില്‍ അധികംവരുന്ന തൊഴിലാളികളും തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നും ഇല്ലാത്ത അസംഘടിത തൊഴിലാളികളാണ്. ഷോപ്പ് ആന്റ് എസ്റ്റാബ്ലിഷ്‌മെന്റുകളില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഉണ്ട്. അവരില്‍ മഹാഭൂരിപക്ഷം പേര്‍ക്കും 10000 രൂപയില്‍ താഴെയാണ് മാസവരുമാനം. ശരാശരി 350-400 രൂപ.
ലക്ഷക്കണക്കിന് ഓട്ടോറിക്ഷാ തൊഴിലാളികളുടെ സ്ഥിതിയും അതുതന്നെയാണ്. എന്തിന് പറയുന്നു, ഫെയര്‍ വെയ്ജസ് ഉണ്ടായിരുന്ന ഏതാണ്ട് ഒന്നര ലക്ഷം സ്വകാര്യ ബസ്സ് തൊഴിലാളികള്‍ ഇന്ന് അതീവ പ്രതിസന്ധിയിലാണ്. 30,000 ബസ്സ് ഉണ്ടായിരുന്നത് 10,000 ബസ്സോ ആയി കുറഞ്ഞിരിക്കുന്നു. അവരുടെ സേവന വേതന വ്യവസ്ഥകള്‍ ഏതാണ്ട് കൂലിപ്പണിക്കാരുടേതു പോലെത്തന്നെ അനിശ്ചിതത്വത്തിലാണ്. എസ്‌റ്റേറ്റ് മേഖലയിലും വലിയ പ്രതിസന്ധികളുണ്ടായി, പല എസ്‌റ്റേറ്റ് ഉടമകളും പ്രൊവിഡന്റ് ഫണ്ട് അടയ്ക്കാതെ മുങ്ങി. നിരവധി എസ്‌റ്റേറ്റുകള്‍ തൊഴിലാളികള്‍ തന്നെ സാങ്കേതികമായിട്ടല്ലെങ്കിലും ഏറ്റെടുത്തു നടത്തുകയാണ്. അതൊക്കെ എങ്ങനെ നടക്കുന്നു, അവരൊക്കെ എങ്ങനെ ജീവിക്കുന്നു എന്നത് കേരള സര്‍ക്കാരിന്റെ പ്രശ്‌നമല്ല എന്ന രീതിയിലാണ് നമ്മുടെ സമൂഹം ചിന്തിക്കുന്നതും മുന്നോട്ടു പോകുന്നതും. മത്സ്യത്തൊഴിലാളി മേഖലയില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന വൈഷമ്യങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നടന്ന ലത്തീന്‍ കത്തോലിക്കാ സഭ മുന്നോട്ട് കൊണ്ടു പോകുന്ന സമരത്തിലത് അവര്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. കൊടുങ്കാറ്റ് അടിക്കാനും വലിയ മഴ പെയ്യാനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഗവണ്‍മെന്റ് പറയുമ്പോള്‍ അവര്‍ക്ക് തൊഴിലുറപ്പ് പോലെയുള്ള ആനുകൂല്യം നല്‍കണമെന്ന് ഇതുവരെ സര്‍ക്കാരിനോ പൊതു സമൂഹത്തിനോ ചിന്ത ഉണ്ടായിട്ടില്ല.
കവികള്‍ മുതല്‍ മന്ത്രിമാര്‍ വരെ പാടി പുകഴ്ത്തുന്നതാണ് നെല്‍കൃഷി. എന്നാല്‍ നെല്‍പ്പാടങ്ങളില്‍ പണിയെടുക്കുന്ന സ്ത്രീതൊഴിലാളികള്‍ക്ക് പുരുഷ തൊഴിലാളികളുടെ നേര്‍പകുതിയാണ് കൂലി എന്നുള്ളത് എല്ലാവരും സൗകര്യപൂര്‍വ്വം മറക്കുകയാണ്. കള്ളിമുണ്ടുടുത്ത് പാടത്തിറങ്ങി പത്രത്തില്‍ പടം വരുത്തുന്ന തിരക്കിലാണ് നമ്മുടെ കൃഷിമന്ത്രിമാര്‍. ഇതൊന്നും തങ്ങളുടെ വിഷയമല്ല എന്ന വിധത്തിലാണ് അവരുടെ പോക്ക്.
നിലവില്‍ നെല്ല് സംഭരണം തന്നെ അവതാളത്തിലാണ്. അത് പരിഹരിക്കുന്നതോടൊപ്പം പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും തുല്യവേതനം നല്‍കുന്ന കര്‍ഷകരില്‍ നിന്ന് ഉയര്‍ന്ന വിലക്ക് നെല്ല് സംഭരിക്കണം എന്ന നിര്‍ദ്ദേശമാണ് ഞാന്‍ ഇതിനായി മുന്നോട്ട് വയ്ക്കുന്നത്. സ്ത്രീതൊഴിലാളികള്‍ക്ക് തുല്യവേതനം കൊടുക്കുന്നതിനായി ഒരു കിലോക്ക് ഒന്നോ രണ്ടോ രൂപയില്‍ കൂടുതല്‍ നെല്ലിന് കൊടുക്കേണ്ടി വരില്ല. പഞ്ചായത്തുകളുടെ women component പദ്ധതിയില്‍ നിന്നും കൂടി ഇതിന് പണം കണ്ടെത്താവുന്നതേയുള്ളൂ.
ഇന്ന് കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ പിടിച്ചുനില്‍ക്കുന്നത് തൊഴിലുറപ്പ് പോലെയുള്ള നാമമാത്ര വരുമാന മാര്‍ഗ്ഗങ്ങളിലൂടെയും കുടുംബശ്രീ പോലെയുള്ള വായ്പാ സംവിധാനങ്ങളിലൂടെയുമാണ്. കുടുംബശ്രീയെ ഒരു എംഎസ്എംഇ ശ്യംഖലയാക്കി മാറ്റുന്നതിലും നിര്‍മ്മാണ മേഖലയിലേക്ക് തിരിച്ചുവിടുന്നതിലും വിജയിച്ചിട്ടില്ല. സ്റ്റാര്‍ട്ടപ്പുകള്‍ എന്ന ഓമനപ്പേരില്‍ നടത്തുന്ന പുതിയ സംരംഭങ്ങള്‍ ഇതുവരെ മധ്യവര്‍ഗത്തിന് താഴേക്ക് എത്തിക്കുന്നതില്‍ വിജയം കണ്ടിട്ടില്ല. അതുപോലെ തന്നെയാണ് ആശാ വര്‍ക്കര്‍മാരുടേയും അംഗന്‍വാടി ടീച്ചര്‍മാരുടേയും കാര്യവും. ഏറ്റവും കുറഞ്ഞ കൂലിക്ക് ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്നവരാണ് അവര്‍. അവരെക്കുറിച്ചൊന്നും നമ്മുടെ പൊതുസമൂഹം എന്ന് പറയുന്ന, ബംഗാളിലെ ഭദ്രലോക് പോലെയുള്ള മലയാളി ഭദ്രലോകിന് വലിയ ആശങ്കകള്‍ ഒന്നും തന്നെയില്ല. നമ്മുടെ പത്രങ്ങളിലോ വാര്‍ത്താ ചാനലുകളിലോ സോഷ്യല്‍ മീഡിയകളിലോ ഇത്തരം കുറഞ്ഞ കൂലിക്കാരുടെ പ്രശ്‌നങ്ങള്‍ ഒരു നിഴല്‍ പോലും വീശുന്നില്ല. ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ ഉയര്‍ന്ന കൂലിയാണ് കേരളത്തിന്റെ നേട്ടമെന്ന് ഒരു കൂട്ടരും ഉയര്‍ന്ന കൂലിയാണ് കേരളത്തിന്റെ ഭാരമെന്ന് മറു കൂട്ടരും സെമിനാര്‍ മുറികളില്‍ സംസാരിക്കുമ്പോള്‍ കുറഞ്ഞ കൂലി മാത്രമാണ് കേരളത്തിലെ ലക്ഷോപലക്ഷം ആളുകള്‍ വാങ്ങുന്നതെന്നും അനിശ്ചിതത്വത്തിന്റെ മുള്‍മുനയിലാണ് ലക്ഷോപലക്ഷം കുടുംബങ്ങള്‍ കഴിയുന്നതെന്നും ഓര്‍ക്കാതിരിക്കുക എന്നതാണ് ആധുനിക മലയാളി സമൂഹത്തിന്റെ സൂത്രം.
ഇതാണ് ഇവിടുത്തെ വരുമാനത്തിന്റെ (income) കാര്യമെങ്കില്‍ ആസ്തിയുടെ കാര്യം ഇതിലും മോശമാണ്. ഭൂപരിഷ്‌ക്കരണവും ഭൂമിയുടെ പുനര്‍വിതരണവും തന്നെയാണ് നമ്മുടെ കേരള മോഡലിന്റെ അടിസ്ഥാനം. കേരളത്തിലെ ഒബിസി വിഭാഗത്തില്‍പെട്ട ലക്ഷോപലക്ഷം കര്‍ഷകര്‍ക്ക് ഭൂവുടമസ്ഥത ലഭിച്ചതിലൂടെ വ്യക്തിപരമായ സ്വകാര്യ ആസ്തികളില്‍ പുനര്‍വിഭജനമുണ്ടായത് വലിയ മാറ്റമാണ്. ജന്മിമാരുടെ കൈകളില്‍ കെട്ടിക്കിടന്നിരുന്ന സ്വത്തുകള്‍ പുനര്‍വിതരണം ചെയ്തപ്പോള്‍ അത് ഒബിസി വിഭാഗത്തില്‍ പെട്ടവര്‍ക്ക് മാത്രമേ ലഭിച്ചുള്ളൂ എന്നത് ആര്‍ക്കും അറിയാത്ത കാര്യമല്ല. ആദിവാസി വിഭാഗങ്ങള്‍ക്ക്, പ്രത്യേകിച്ച് ദളിത് വിഭാഗങ്ങള്‍ക്ക് പത്തുസെന്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
100 വര്‍ഷം പാട്ടക്കാലാവധിയുള്ള തോട്ടങ്ങള്‍ ആയതുകൊണ്ട് അതില്‍ ഇടപെടേണ്ട എന്നാണ് 50 വര്‍ഷക്കാലം മുമ്പുള്ള ഭൂപരിഷ്‌ക്കരണ വാദികള്‍ ചിന്തിച്ചത്. കാരണം അത് ഭൂപരിഷ്‌ക്കരണ നിയമത്തെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും അല്ലാതെ തന്നെ കേസ്സുകളില്‍ കുടുങ്ങിയിട്ടുള്ള ഭൂപരിഷ്‌കരണ നിയമത്തെ കോടതിയില്‍ നിന്നും രക്ഷിച്ചെടുക്കുന്നത് പ്രയാസകരമാകുമെന്നും ഭൂപരിഷ്‌കരണത്തിന് വേണ്ടി നിലകൊണ്ട രാഷട്രീയ നേതാക്കള്‍ പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് നേതാക്കള്‍, കരുതിയതില്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ ഇന്ന് നൂറ് വര്‍ഷം കഴിഞ്ഞിരിക്കുന്നു. മിക്ക തോട്ടങ്ങളുടേയും പാട്ടക്കാലാവധി തീര്‍ന്നു. നൂറ് വര്‍ഷം കഴിഞ്ഞതിന് ശേഷവും അവരുടെ തലയില്‍തന്നെ ഇത് എന്തിന് കെട്ടിവെച്ചുകൊടുക്കുന്നു എന്നതിന് ഉത്തരമില്ല. ചെങ്ങറ സമരം 13 വര്‍ഷമായി, 50 സെന്റ് വീതമാണ് ളാഹ ഗോപാലന്റെ നേതൃത്വത്തില്‍ നിര്‍ധനരായ കര്‍ഷക തൊഴിലാളികളും പാവപ്പെട്ടവരും പിടിച്ചെടുത്തത്. അന്ന് ഒന്നാംക്ലാസില്‍ പഠിച്ചിരുന്ന കുട്ടികള്‍ക്ക് ഇന്ന് പ്രായപൂര്‍ത്തിയായി. പലരും വിവാഹം കഴിച്ച് കുട്ടികളായി അവര്‍ക്ക് പുതിയ സ്ഥലം ആവശ്യമായി വന്നിരിക്കുകയാണ്. ഇത്രയും നീണ്ടുനിന്ന ഒരു സമരത്തിലൂടെ 13 വര്‍ഷത്തോളം കടന്നു പോയിട്ടും അന്യ കൈവശം ഉള്ള സ്വത്തുക്കള്‍ക്ക് പോലും പട്ടയം കൊടുക്കണമെന്ന് ഉണ്ടായിട്ടുപോലും അത് പൊതുബോധത്തില്‍ ശക്തമായിട്ടില്ല. തോട്ടങ്ങള്‍ 100 വര്‍ഷം കഴിഞ്ഞാല്‍ തിരിച്ചെടുക്കണം. ഭൂപരിഷ്‌ക്കരണ കാലത്ത് വിതരണം ചെയ്യാന്‍ കഴിയാതിരുന്ന ആസ്തി പുനര്‍വിതരണം ചെയ്യാന്‍ കഴിയുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം. അതിനുപകരം ഇന്ന് ജനാധിപത്യത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള മറ്റൊരു തന്ത്രം, തെരഞ്ഞെടുപ്പു കാലത്ത്, സുപ്രീംകോടതി പറഞ്ഞത് ഒരര്‍ത്ഥത്തില്‍ ശരിയല്ലെങ്കിലും ചില ആനുകൂല്യങ്ങള്‍, ഫ്രീ കിറ്റുകള്‍ നല്‍കി വോട്ടു തട്ടിയെടുക്കുക എന്ന രീതികള്‍ വഴി ഭരണാധികാരികള്‍ ഇന്‍സ്റ്റന്റ് ജനപ്രിയത നേടിയെടുക്കുകയാണ്. മാത്രമല്ല ഇന്ന് പല തരത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെയല്ലാതെയുള്ള തൊഴിലുറപ്പ്, കുടുംബശ്രീ, അംഗന്‍വാടി-ആശാവര്‍ക്കര്‍മാര്‍ തുടങ്ങി ചുരുങ്ങിയ വരുമാനത്തില്‍ മുന്നോട്ട്‌പോകുന്ന ലക്ഷോപലക്ഷം ഉണ്ടെന്ന് മാത്രമല്ല അത്തരക്കാരുടെ എണ്ണം കൂടിക്കൊണ്ടുമിരിക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് സൗജന്യം നല്‍കി മാത്രം അവരെ ഭരണകൂടത്തിന്റെ ആശ്രിതരായി നിര്‍ത്തുന്നത് ഒരു നല്ല മോഡലല്ല.
വിധവാ പെന്‍ഷനും വാര്‍ദ്ധക്യകാല പെന്‍ഷനും സബ്‌സിഡിയും അതുപോലെ തൊഴിലുറപ്പ് പദ്ധതിയും ഒന്നുമില്ലാതെ കഴിയുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യമെങ്കില്‍ അതൊരു പുരോഗമന രാഷട്രീയത്തിന്റെ ലക്ഷണമാണ്. വിധവാ പെന്‍ഷന്‍ വേണ്ടാ എന്നുപറയുന്ന വിധവകള്‍ ഉണ്ടാകുന്നതാണ് യഥാര്‍ത്ഥ വെല്‍ഫയര്‍. വിധവാ പെന്‍ഷന്‍ ഇല്ലെങ്കില്‍ പട്ടിണിയാവുന്ന വിധവകള്‍ ഉണ്ടാകുകയാണെങ്കില്‍ അത് ഋണാത്മക സാമൂഹ്യ സൂചനയാണ് എന്ന് മനസിലാക്കേണ്ടതുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ആനുകൂല്യങ്ങള്‍ കൊണ്ടും ചുരുങ്ങിയ വേതനം കൊണ്ടും ജീവിതം നിലനിര്‍ത്തിപ്പോരുന്ന ജനങ്ങള്‍ എത്രയുണ്ട് എന്നൊരു കണക്കെടുപ്പ് കൃത്യമായി നടക്കേണ്ടതായിട്ടുണ്ട്. അത് സര്‍ക്കാര്‍ നടത്തുന്നില്ലെങ്കില്‍ സാമൂഹ്യ സംഘടനകള്‍ക്ക് തന്നെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളില്‍ ചെയ്യാവുന്നതേയുള്ളൂ. ഈ കണ്ണാടിയിലേക്ക് കേരളത്തിന്റെ മുഖം തിരിച്ചുവെക്കുക എന്നുള്ളതാണ് ഈ കാലഘട്ടത്തിന്റെ പ്രധാനമായിട്ടുള്ള ആവശ്യം.
കോവിഡ് ഈ സാഹചര്യത്തെ കൂടുതല്‍ വികൃതമാക്കിയിട്ടുണ്ട്. കോവിഡ് കൊണ്ടു തകര്‍ന്നുപോയ മെച്ചപ്പെട്ട ജീവിതം നയിച്ചിരുന്ന കുടുംബങ്ങളുടെ കണക്ക് സര്‍ക്കാരിന്റെ കൈയ്യിലില്ല. കോവിഡ് മൂലം ആരും മരിക്കില്ല എന്ന് വീമ്പടിക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചത്. ആരും മരിക്കാത്ത കേരളം എന്നു പറഞ്ഞിടത്ത് ഇന്ന് ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ മരിച്ചിരിക്കുന്ന നിലയിലേക്കെത്തിയിരിക്കുന്നു. ഔേദ്യാഗിക കണക്ക് തന്നെ 70000ത്തിലധികമാണ്. അതിന്റെ പകുതിയിലധികം കൂടെ അനൗേദ്യാഗികമായി കണക്കാക്കപ്പെടുന്നു. കാരണം അസാധാരണമായ തരത്തില്‍ മരണ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിയിട്ടുണ്ടെന്നത് ഹിന്ദു പത്രം നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ ഇത് 50%ത്തില്‍ അധികമാണെങ്കില്‍ ഇന്ത്യയില്‍ അത് ഔദ്യോഗിക കണക്കിന്റെ നാലിരട്ടിയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയില്‍ കോവിഡ് വന്ന് മരിച്ചത്. ഇടത്തരക്കാരും അതില്‍പ്പെടും, കഷ്ടിച്ച് ജീവിക്കുന്നവരും സംരംഭകരും അതില്‍ ഉള്‍പ്പെടും. അത് കണ്ടെത്താനുള്ള ഒരു കോവിഡ് ദുരന്ത നിവാരണ കമ്മീഷന്‍ വെക്കണമെന്ന മുദ്രാവാക്യത്തോട് പ്രതികരിക്കാന്‍ പോലും ഗവണ്‍മെന്റ് തയ്യാറായിട്ടില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആരോഗ്യ കാര്യങ്ങളില്‍ ശരാശരി കേരളീയര്‍ ആശങ്കാകുലരാണ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പോലും തൊട്ടതിനും പിടിച്ചതിനും ഫീസടയ്ക്കണം. സ്വകാര്യ ആശുപത്രികളുടെ കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ചീ യശഹഹ ആശുപത്രി ഇന്നും ഒരു സ്വപ്‌നമാണ് കേരളത്തില്‍. പക്ഷേ പോണ്ടിച്ചേരിയില്‍ അതു യാഥാര്‍ഥ്യവുമാണ്. സര്‍ക്കാര്‍ ആശുപത്രികള്‍ ഉണ്ടായാല്‍ പോരാ, പൂര്‍ണ്ണമായും സൗജന്യമായ ചികിത്സ കിട്ടണം.
കേരളത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസം നഷ്ടപ്പെടേണ്ട സാഹചര്യം ഒന്നും ഇല്ല. കേരളത്തിലെ യുവാക്കള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുകയാണ്, കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലേക്ക് വന്‍തോതില്‍ പറിച്ച് നടപ്പെടുകൊണ്ടിരിക്കുകയാണ് കേരളത്തിന്റെ കിഴക്കന്‍ മേഖല. ഒരു കാലത്ത് തിരുവിതാംകൂറില്‍ നിന്ന് ഹൈറേഞ്ചിലേക്ക് പോയ കര്‍ഷകരും അവിടെനിന്ന് വടക്കന്‍ കേരളത്തിലേക്ക് കുടിയേറിയവരും ഇന്ന് പുതിയ ഘട്ടത്തിലാണ്. ദരിദ്ര കര്‍ഷകരും ഇടത്തരക്കാരായ കര്‍ഷകരുമാണ് ഈ കുടിയേറ്റക്കാരെങ്കില്‍ ഇന്ന് അവരുടെ ഭൂമിക്ക് സാമാന്യമായ വിലയുണ്ട്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വിലയില്ല താനും. അവരുടെ കുട്ടികള്‍ ശരാശരിക്ക് മുകളില്‍ പഠിക്കുന്നവരാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസം അവര്‍ക്ക് വ്യാപകമായി ലഭിച്ചു. അതിനൊക്കെ എ കെ ആന്റണി സര്‍ക്കാര്‍ കൊണ്ടുവന്ന എന്‍ജിനീയറിംഗ് കോളേജുകളും നേഴ്‌സിംഗ് കോളേജുകളും സഹായിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ പോയും എന്‍ജിനീയറിംഗും നേഴ്‌സിംഗും പഠിച്ചു. കുറേപ്പേര്‍ ഡോക്ടര്‍മാരായി, എം ബി എക്കാരും കുറവല്ല. എക്കൗണ്ടന്‍സിയും അടുത്ത കാലത്തായി ധാരാളം കുട്ടികള്‍ പഠിക്കുന്നുണ്ട്. അതിന് പുറമേയാണ് ഗവണ്‍മെന്റ് പോലും അറിയാതെ ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍ ഭാഷകളുടെ പോലും പഠനത്തിനായി തൊടുപുഴ, പാല തുടങ്ങിയ പ്രദേശങ്ങളിലും മലബാറിലെ ചില പ്രദേശങ്ങളിലും സ്ഥാപനങ്ങള്‍ പൊട്ടി മുളച്ചത്. ഇത്തരം പുതിയ ഭാഷാപഠനവും ആധുനിക സാങ്കേതികപഠനവും ഇതോടൊപ്പം സജീവമായിട്ടുണ്ട്. മത പഠനത്തിനല്ലാതെ അറബി പഠിപ്പിക്കുന്ന സ്ഥാപനങ്ങളും ഇന്ന് ഓണ്‍ലൈനില്‍ ധാരാളമായി കാണാം. മുസ്ലിം ഇതര സമുദായത്തില്‍പെട്ട കുട്ടികളും നന്നായി അറബി പഠിക്കുന്നു. ഇത്തരത്തില്‍ ഇന്ത്യക്ക് പുറത്ത് ജീവിക്കാനുള്ള യുവാക്കളുടെ ത്വര വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നു.
ഇത് കേരളത്തിന്റെ പരാജയമല്ല വിജയവും കൂടിയാണ്. ‘Victim of the success’ എന്നൊരു പ്രയോഗം ഉണ്ട്. കേരളം വിജയത്തിന്റെ ഇരയാവുകയാണോ എന്ന് സംശയിക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായ കഴിഞ്ഞ 20 വര്‍ഷത്തെ കുതിച്ചുചാട്ടം ഗുണനിലവാരത്തില്‍ അല്‍പ്പം കുറവുണ്ടെങ്കില്‍ പോലും അത് പരിഹരിച്ചുകൊണ്ട് മുന്നോട്ടുപോകുന്ന യുവാക്കള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ അവസരങ്ങള്‍ ഇല്ലാത്തതുകൊണ്ടും മറ്റുള്ള ഇടങ്ങളെ കണ്ടെത്തുകയാണ് പുതു തലമുറ.
അതുപോലെ തന്നെ ദരിദ്രരായ ഇന്ത്യക്കാര്‍ കേരളത്തിലേക്കും വന്‍തോതില്‍ കടന്നുവരുന്നുണ്ട്. അവരുടെ ഭാഷയും പ്രധാനമാണ്, വീട്ടമ്മമാര്‍ക്ക് പോലും ഹിന്ദി അറിയാതെ ദൈനംദിന കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥ സംജാതമായതുകൊണ്ടായിരിക്കാം, കോഴിക്കോട് ജില്ലയിലെ ചേളന്നൂര്‍ പഞ്ചായത്ത് ഹിന്ദി പഠിപ്പിക്കുന്നതിനുവേണ്ടി ഒരു പദ്ധതി തയ്യാറാക്കിയത്. അതുകൊണ്ട് ഹിന്ദി വിരോധത്തിന് പഴയ പ്രസക്തി ഇല്ല. ഹിന്ദി ഇന്ന് വീട്ടമ്മയുടെ ഭാഷയായി മാറുകയാണ്. മുടിവെട്ടുന്നതിനും ഹോട്ടലില്‍ വിളമ്പുന്നതിനും വീട്ടുജോലികളില്‍ സഹായിക്കുന്നതിനും കേരളത്തിലങ്ങോളമിങ്ങോളം ഉത്തരേന്ത്യന്‍ തൊഴിലാളികളെ കാണുന്നത് തികച്ചും സ്വാഭാവികമായ കാര്യമാണ്. ഇത് രണ്ടു തരത്തില്‍ നടക്കുന്ന കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയയാണ്. നാം ഉയര്‍ന്ന വരുമാനം ലഭ്യമാകുന്ന ഇടങ്ങളിലേക്ക് പോകുമ്പോള്‍ കുറഞ്ഞ വരുമാനമുള്ളവര്‍ നമ്മുടെ സ്ഥലം തേടിവരുന്നു. അതിനെയാണ് ‘Replacement migration’ എന്ന് സാങ്കേതികമായി പറയുന്നത്. കേരളം അത്തരത്തിലുള്ള ഒരു പ്രക്രിയയിലാണ്. ഇപ്പോഴും ഒരു ബാലന്‍സ് ഉണ്ടായിട്ടില്ല.
പുതിയ കേരളം എന്തായാലും മലയാളികളുടെ മാത്രം മാതൃഭൂമിയായിരിക്കാന്‍ സാധ്യമല്ല. നമ്മുടെ സ്‌കൂളുകളില്‍പോലും ഇന്ന് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഒരു ഇന്ത്യന്‍ വംശജന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരിക്കുന്ന ഈ സാഹചര്യത്തില്‍ വളരെ താമസിയാതെ തന്നെ നമ്മുടെ നാട്ടിലും പഞ്ചായത്ത് പ്രസിഡന്റുമാരും മന്ത്രിമാരും മറ്റും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ആയാല്‍ അത്ഭുതപ്പെടാനില്ല. പക്ഷെ അതംഗീകരിക്കാന്‍ നമ്മുടെ മലയാളി മനസ് തയ്യാറല്ല എങ്കില്‍പോലും.
കേരളം മാറിമറിയുകയാണ്. ലോകത്തിന്റെ ഏത് കോണിലേക്കും കേരളീയര്‍ എത്തുകയും ഇന്ത്യയുടെ ഏത് കോണില്‍നിന്നും കേരളത്തിലേക്ക് ആളുകള്‍ എത്തുകയും ചെയ്യുകയാണ്. രണ്ട് പ്രക്രിയയേയും ഫലപ്രദമായി ബന്ധിപ്പിച്ചുകൊണ്ട് കേരളത്തിന് അനുയോജ്യമായ ചെറുകിട വ്യവസായങ്ങളും അന്താരാഷ്ട്ര നിലവാരത്തില്‍തന്നെയുള്ള വ്യാപാരങ്ങളും നടത്തുക എന്നതാണ് കേരളത്തിന്റെ പുതിയ ജീവിത മോഡല്‍. വ്യാപാര മൂലധനം (merchant capital) വ്യവസായ മൂലധനത്തേക്കാള്‍ (industrial capital) പ്രാധാന്യം കൈവരിക്കുന്ന കാലമാണ്. ഫാക്ടറികളില്‍ നിന്നും മാളുകളിലേക്ക് മൂലധനവും തൊഴിലും വലിയ തോതില്‍ മാറുന്നുണ്ട്. ദുബായിലേയും സിംഗപ്പൂരിലേയും പോലെ കേരളത്തിലും അതിന് വലിയ സാദ്ധ്യതയുണ്ട്. കയര്‍ ഫാക്ടറികളും തുണിമില്ലുകളും 100 വര്‍ഷം മുന്നെ കണ്ടവരാണ് നാം. ലുലു മാള്‍ പോലുള്ള, ടൂറിസ്റ്റ് ഹോട്ടലുകള്‍ പോലുള്ള അനേകായിരം ഷോപ്പുകള്‍ പോലുള്ള വ്യാപാര മൂലധന നിക്ഷേപ സംവിധാനങ്ങളില്‍ മാന്യമായ വേതനവും ആനുകൂല്യങ്ങളും ലഭിക്കുമെങ്കില്‍ തീര്‍ച്ചയായും അതിനെ പ്രോത്സാഹിപ്പിക്കാവുന്നതാണ്. പഴയ കേരള മോഡലല്ല പുതിയ കേരളാ മോഡല്‍.
(കടപ്പാട് പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in