ജോഷി ജോസഫിന്റെ വടക്കുകിഴക്കിന്ത്യന്‍ സിനിമകള്‍

പാഠഭേദം സബാള്‍ട്ടേണ്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഒക്ടോബര്‍ 25. 26 തിയതികളില്‍ ജനസംസ്‌കാര ചലചിത്രകേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ മീഡിയാ സ്റ്റഡീസിന്റേയും സഹകരണത്തോടെ തൃശൂര്‍ സെന്തോമസ് കോളേജില്‍ വെച്ചും 26,27,28 തിയതികളില്‍ തലശ്ശേരി ആര്‍ട്‌സ് സൊസൈറ്റിയില്‍ വെച്ചും ജോഷി ജോസഫിന്റെ മണിപ്പൂര്‍, മിസോറാം, ത്രിപുര ചലചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നു.

മലയാളിയായ ചലച്ചിത്രകാരന്‍ ജോഷി ജോസഫ് കൊല്‍ക്കത്തയില്‍ നിന്നാണ് ഇന്ത്യയെ കാണുന്നത്.കൊല്‍ക്കത്ത സാംസ്‌കാരിക ഉള്ളടക്കമായി ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നതിനാല്‍ ആ നോട്ടത്തില്‍ അധികമാരും കാണാത്ത ലാന്റ് സ്‌കൈപ്പുണ്ട്.

പുറംനോട്ടത്തിന്റെ പരിമിതിയെ അങ്ങനെ ജോഷി ജോസഫ് മറികടക്കുന്നു.സിനിമ ജോഷിയില്‍ കേവലമൊരു ഭൗതിക കലാരൂപമല്ല.ജോഷിയെ സംബന്ധിച്ച് സിനിമ ആത്മീയമാണ്, അതുകൊണ്ടുതന്നെ ജോഷിയുടെ ഫോക്കസ്സില്‍ ഔട്ട് സൈഡറും ഇന്‍സൈഡറുമുണ്ട്.ഈ ഔട്ട് സൈഡറെ സിനിമയുടെ മര്‍മ്മത്തില്‍ മറികടക്കുന്നു.മണിപ്പൂരിന്റെ പശ്ചാത്തലത്തില്‍ സിനിമയെടുക്കുമ്പോള്‍ മണിപ്പൂര്‍ ഉള്ളടങ്ങുന്നതങ്ങനെ.മിസോറാമിന്റെ പശ്ചാത്തലത്തില്‍ മിസോറം ഉള്ളടങ്ങുന്നതങ്ങനെ.തൃപുരയിലെത്തുമ്പോള്‍ തൃപുര അങ്ങനെ ഉള്ളടങ്ങുന്നു.അദ്ദേഹത്തിന്റെ സിനിമകള്‍ സാംസ്‌കാരിക ദേശാടനമാണ്.എവിടെയാണോ പെട്ടെന്ന് അവിടത്തുകാരനാവുന്നു.എത്തിപെടുന്ന ഇടത്തെ സംഗീതം, നൃത്തം, ജീവിതമൊക്കെ,ആ രീതിയില്‍ സൗന്ദര്യാനുഭൂതി സിനിമയിലേക്ക് കുടിയേറുന്നു.കാണിയെ എന്‍ഗെയ്ജാക്കുന്ന,ഇടപെടീപ്പിക്കുന്ന ക്യാമറാ ആക്ടിവിസം! എവിടെയാണെങ്കിലും അവിടെ എത്തുന്നതുവരെ മാത്രമാണ് ജോഷിയില്‍ ഔട്ട് സൈഡര്‍,എത്തികഴിഞ്ഞാല്‍ അവിടത്തുകാരനാവുന്നു,ഈ ഇന്‍സൈഡര്‍ ഭാവം സിനിമയില്‍ ഉണ്ടാക്കുന്ന സൗന്ദര്യമാണ് സിനിമയെ ആത്മീയമാക്കുന്നത്.

Imaginary Line

74 മിനിറ്റ് ദൈര്‍ഘ്യമുള്ള Imaginary Line എന്ന സിനിമ തന്നെ ഉദാഹരണം.ഫിക്ഷനാണോ ഡോക്യുമെന്റേഷനാണോ, രണ്ടും രണ്ടാവാതെ, പരസ്പരം ഉള്‍ചേര്‍ന്ന് സൃഷ്ടിക്കുന്ന അനുഭൂതി. സിനിമ പിടിക്കാന്‍ മണിപ്പുരിലേക്ക് യാത്ര ചെയ്യുന്ന സിനിമാസംഘം അവിടെ നേരിടുന്ന പ്രശ്‌നങ്ങളാണ് പ്രമേയം.കണ്ണട ധരിക്കാത്ത മനുഷ്യരത്രെ മണിപ്പൂരികള്‍,കണ്ണട ബിംബമാവുന്നുണ്ട് സിനിമയില്‍.മണിപ്പൂരടക്കമുള്ള വടക്കുകിഴക്കന്‍ ഇന്ത്യയെ നോക്കി കാണാന്‍ നാമുപയോഗിക്കുന്ന കണ്ണടയുണ്ട്.കണ്ണട ധരിക്കാത്ത മണിപ്പൂരികളടക്കമുള്ള വടക്കുകിഴക്കനിന്ത്യക്കാരെ കാണാന്‍ നമുക്കൊരു കണ്ണടയുണ്ട്.ആ കണ്ണട ആവര്‍ത്തിക്കുന്ന ഇമേജാണ്.ആ നോട്ടത്തിലുള്ള കുഴപ്പം തിരിച്ചറിയാനും കഴിയുന്നില്ല.അത്രകണ്ട് സാധാരണമാണത്.ആ കണ്ണടയുടെ ലോജിക്കിനെയാണ് ജോഷി സിനിമയില്‍ ചോദ്യം ചെയ്യുന്നത്. കൃഷിനശിപ്പിക്കുന്ന പക്ഷികളെ തുരത്താനുപയോഗിക്കുന്ന മുളഗാനവിദ്യയും കുട്ടിക്ക് പറഞ്ഞു കൊടുക്കുന്ന പൂമ്പാറ്റ കഥയും നാഗദേവതയുമൊക്കെ കാണിക്കുന്നത് ഒരു നാട് അപ്പാടെ ഭൗതികമായ വെറുമൊരു ഭൂമിശാസ്ത്രമല്ലെന്നുതന്നെ.ആ മണ്ണില്‍ വേരായമര്‍ന്ന ജീവിതമുണ്ട്,ആ ജീവിതത്തെ സൗന്ദര്യപെടുത്തുന്ന മിത്തുകളുണ്ട്.ഔട്ട്‌സൈഡറായ കാണിയുടെ സന്ദേഹവാദമല്ല ജോഷിയെ മണിപ്പൂരിന്റെ കാഴ്ചയിലേക്ക് പ്രലോഭിപ്പിക്കുന്നത്.സിനിമ ചിത്രീകരിക്കാന്‍ മണിപൂരിലെത്തിയ സിനിമാസംഘത്തെ പോലെ അവിടെ ജോഷി പെട്ടുപോകുന്നു.പ്രകൃതിയും മിത്തും സംസ്‌കാരവും ജീവിതവും അന്യോന്യം സംവദിക്കുന്ന ആത്മീയ സിനിമയാവുന്നുണ്ടങ്ങനെ imaginary Line.

Aribam Syam Sharma -Laparoscopic Cinemascapes

ജോഷി ജോസഫ് പുലര്‍ത്തുന്ന ഈ രീതിയിലുള്ള ചലച്ചിത്ര ജാഗ്രതയെ പൂരിപ്പിക്കുന്നുണ്ട് മണിപ്പൂരിന്റെ സ്വന്തം സംവിധായകന്‍ അരിഭാം ശ്യാമിനെ കുറിച്ചുള്ള Aribam Syam Sharma -Laparoscopic Cinemascapes എന്ന ഡോക്യുമെന്ററി. മണിപ്പൂരി സംഗീതം, നൃത്തം , ജീവിതത്തില്‍ ആ സാംസ്‌കാരിക ഭാവം, ധാര എങ്ങനെയെന്നൊക്കെ അഭിമാനത്തോടെ സംസാരിച്ചു തുടങ്ങുന്ന അരിഭാം ശ്യാം ശര്‍മ്മ എന്ന സംവിധായകന്റെ മുന്നില്‍ ചോദ്യം വരുന്നു, ഒരു മണിപ്പൂരി മറ്റൊരു മണിപ്പൂരിയ്ക്ക് മുഖം കൊടുക്കാറില്ല, അങ്ങനെയുള്ള നാട്ടില്‍ എന്ത് ഭാവം? മുഖത്തുമാത്രമല്ല മണിപ്പൂരിയുടെ ഭാവം, ശരീരം മുഴുവന്‍ തന്നെ മാധ്യമമാണ് എന്ന മറുപടിയ്‌ക്കൊടുവില്‍ മറിച്ചൊരു ചോദ്യം ഉന്നയിക്കുന്നു, പിന്നെ എന്തിനാണ് മണിപ്പൂരി സിനിമയില്‍ ക്ലോസ്-അപ് ഷോട്ടുകള്‍. സംവിധായകന്‍ സംസാരിക്കുന്നതേറെയും മണിപ്പൂരിനെ കുറിച്ചുതന്നെ.ഇങ്ങനെയൊരു സാംസ്‌കാരിക സ്വത്വമാണ് ജോഷി സ്വന്തം സിനിമയിലൂടെ അന്വേഷിക്കുന്നതും കണ്ടെത്തുന്നതും.അരിഭാമിലൂടെ ജോഷി നടത്തുന്നൊരു പൂരണമുണ്ട്.

Manipur Mindscapes

Manipur Mindscapes എന്ന ഡോക്യുമെന്ററിയില്‍ മണിപ്പൂരിന്റെ സ്വപ്നങ്ങളുണ്ട്, മുറിപ്പാടുകളുണ്ട്.രണ്ടിന്റെയും മിശ്രിതമാണ് മണിപ്പൂര്‍.പോളോ സ്‌പോര്‍ട്മാനാവാന്‍ കൊതിക്കുന്ന ആണ്‍കുട്ടി,ചിത്രകാരിയാവാന്‍ കൊതിക്കുന്ന പെണ്‍കുട്ടി,ഈ രണ്ടുപേരിലൂടെ സമര്‍ത്ഥിക്കുന്നു കായികവും ആത്മീയവുമായ ഉയര്‍ച്ചകള്‍ ലിംഗഭേദമില്ലാതെ സ്വപ്നം കാണുന്ന സമൂഹമാണ് മണിപ്പൂര്‍ എന്ന്.ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക്, അകത്തു നിന്ന് പുറത്തേക്കാണ് ക്യാമറ തുറന്നുവെച്ചിരിക്കുന്നത്.വളരെ കുറഞ്ഞ നേരം മാത്രമേയുള്ളൂ പുറമെ നിന്ന് അകത്തേക്ക് ഫോക്കസ്.ഘടനപരമായി സംവിധായകന്‍ പുലര്‍ത്തുന്ന സൗന്ദര്യബോധത്തിന്റെ ഉത്തമോദാഹരണമാണ് ഈ ചെറുസിനിമ.

Manipur Mosaic

പ്രശാന്തവും സ്വച്ഛവുമായ ജീവിതത്തിന്റെ ഷോട്ടുകളിലൂടെ മനുഷ്യരും മറ്റു ജീവികളും തമ്മിലുള്ള പാരസ്പര്യം ഒരു ഭാഗത്ത്, ചോരയൊലിപ്പിച്ചുനില്‍ക്കുന്ന മണിപ്പൂര്‍ മറുഭാഗത്ത്,ഈ ക്രോസ് കട്ടുകളിലാണ് മണിപ്പൂരെന്ന യാഥാര്‍ഥ്യം .Manipur Mosaic പ്രസക്തമാക്കുന്ന കാഴ്ചാനുഭവമാണിത്. ഇറോംശര്‍മ്മിള എന്ന പോരാളിയുടെ കണ്ണുകളിലെ ദാര്‍ഢ്യം എത്രപെട്ടെന്നാണ് നിലവിളിയാവുന്നത്.മൂന്നു ചെറുസിനിമകളുടെ സമാഹാരമാണീ സിനിമ.

Echo from Pukpui

Echo from Pukpui എന്ന സിനിമയിലൂടെ അന്വേഷിക്കുന്നത് മിസോറാമിന്റെ പോയകാലമാണ്. ഒരിക്കല്‍ ഹൃദയം അറിഞ്ഞേക്കും സമാധാനം എന്തെന്ന്, ഇറാഖി കവയത്രി ദുന്യ മിഖൈലിന്റെ കവിതയുടെ വോയ്‌സോവറില്‍ പോരാട്ടങ്ങളുടെ ഇന്നലെയുടെ ഓര്‍മ്മകള്‍ പേറുന്ന രണ്ടു വൃദ്ധരിലൂടെ മിസോറാമിന്റെ ഉയരങ്ങളില്‍, താഴ്വാരങ്ങളിലൂടെയാണ് ഈ സിനിമ.അവരോര്‍ക്കുന്നു യുദ്ധകലുഷിതമായ ആ ഇരുപത് കൊല്ലം (1966-1986). മിസോറം ഗറില്ലകളും ഇന്ത്യന്‍ പട്ടാളവും മുഖാമുഖം പോരാടിയ ആ ഇരുപത് വര്‍ഷം അക്ഷരങ്ങള്‍ വെറുക്കപെട്ടു. മിസോറം ജനത ഒന്നുമെഴുതിയില്ല,കത്തോ ഡയറിയോ പോലും.ആരുമൊന്നും എഴുതരുത് എന്ന് പട്ടാളം ആജ്ഞാപിച്ചിരുന്നു.ഗറില്ലകള്‍ക്ക് അറിയിപ്പുകളായേക്കാവുന്ന കോഡ് ഭാഷ തകര്‍ക്കാനായിരുന്നു ആ നടപടി.അങ്ങനെ എഴുത്തുമറന്ന മിസോറാമിന്റെ ഉയരങ്ങളില്‍, താഴ്വരങ്ങളില്‍ ദുന്യയുടെ കവിതയിലൂടെ സിനിമ സഞ്ചരിക്കുന്നു.പക്ഷിയെ പോലെ ക്യാമറ ആകാശചിറകില്‍.

Mizo Soundscapes

സിനിമ വിഷ്വലുകളുടെ കല മാത്രമല്ല,ശബ്ദത്തിന്റെ കല കൂടിയാണ് എന്നത് ചലച്ചിത്രാവബോധമാണ്.സൂക്ഷ്മവും സ്ഥൂലവുമായ ശബ്ദസന്നിവേശത്തിലൂടെ Mizo Soundscapes എന്ന സിനിമ അത്ഭുതമാവുന്നു.സൗണ്ട് എഞ്ചിനീയറിംഗ് എത്ര സുന്ദരമായിട്ടാണ് ഈ സിനിമയില്‍ പ്രയോഗിച്ചിരിക്കുന്നത്. മിസോറാമിന്റെ സംഗീതജീവിതത്തില്‍ ഖ്വയാങ് ഡ്രമ്മിനേറെ സാംസ്‌കാരിക പ്രാധാന്യമുണ്ട്.ആ മുഴക്കം ആ ദേശത്തിന്റെ മുഴക്കമാണ്.അത് കേവലമൊരു പള്ളിവാദ്യമല്ല.ആ വാദ്യോപകരണത്തിന്റെ നിര്‍മ്മിതി തൊട്ട് സകലമാന ഘട്ടങ്ങളിലൂടെയും സിനിമ സഞ്ചരിക്കുന്നു.ഖ്വയാങ് ഡ്രമ്മിന്റെ ആത്മകഥ എന്നു വിളിക്കാവുന്ന ഈ സിനിമയില്‍ ശബ്ദസാന്നിധ്യത്തിന്റെ സൗന്ദര്യമുണ്ട്. ശബ്ദസന്നിവേശത്തില്‍ പുലര്‍ത്തേണ്ടുന്ന ശ്രദ്ധ കാണിയുടെ പരിഗണനയ്ക്ക് മുമ്പാകെ അവതരിപ്പിക്കുകയാണിവിടെ.ഓരോ സിനിമയിലും സിനിമ എന്ന മാധ്യമത്തോട് നീതി പുലര്‍ത്താനുള്ള ശ്രമം ജോഷി നിര്‍വഹിക്കുന്നുണ്ട്.ഡോക്യുമെന്ററിയെ സൗന്ദര്യമുള്ള കലാസൃഷ്ടി എന്ന നിലയില്‍ പുനനിര്‍മ്മിക്കാനുള്ള ശ്രമം നടത്തുന്നു,കുറെ വസ്തുതകളെ കാണിക്കുന്നതിനപ്പുറം.

Tree of Tongues in Tripura

സിനിമ എന്ന മാധ്യമത്തോട് ജോഷി ജോസഫ് എന്ന സംവിധായകന്റെ സമീപനം എന്താണ് എന്ന് അഗര്‍ത്തല യൂനിവേഴ്‌സിറ്റി ക്യാംപസിലെ ഫിലിം മേക്കിംഗ് വര്‍ക് ഷോപ്പിന്റെ പശ്ചാത്തലത്തില്‍ സംവിധാനം ചെയ്ത Tree of Tongues in Tripura സ്വയം സംസാരിക്കുന്നു.വര്‍ക്ഷോപ്പില്‍ പങ്കെടുത്തവര്‍ പലരീതിയിലാണ് സിനിമ എന്ന കലയെ നോക്കി കാണുന്നത്.രൂപമാണ് സിനിമയുടെ സൗന്ദര്യം എന്ന് സംവിധായകന്‍ ജോഷി ജോസഫ് തന്നെ നേരിട്ടിടപെടുന്ന സന്ദര്‍ഭമുണ്ട്.ഈ സിനിമ ആരംഭിക്കുന്നത് തന്നെ രൂപമാണ് സിനിമയുടെ സൗന്ദര്യം എന്ന നിലപാടിനെ സൗന്ദര്യശാസ്ത്രമാക്കിയ ആന്ദ്രെ തര്‍ക്കേവ്‌സ്‌കിയ്ക്ക് ആദരമര്‍പ്പിച്ചാണ്.

ജോഷിയുടെ സിനിമകള്‍ വിഷയത്തിന്റെ പിന്നാലെയുള്ള കേവലസഞ്ചാരമല്ല.ആ രീതിയില്‍ അദ്ദേഹം സിനിമയെ നോക്കി കാണുന്നുമില്ല.സിനിമയുടെ ലോജിക്കിനെയാണ് അദ്ദേഹം പിന്തുടരുന്നത്.എന്നുവെച്ച് ആക്ടിവിസത്തില്‍ വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ല.സൗന്ദര്യം കലാദര്‍ശനമാവുന്ന ക്യാമറാ ആക്ടിവിസമാണ് ജോഷിയുടേത്…

(കടപ്പാട് പാഠഭേദം)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply