കേരളത്തില്‍ പുതിയ ജില്ലകള്‍ അനിവാര്യം
കേരളത്തില്‍ പുതിയ ജില്ലകള്‍ വേണം എന്ന ചര്‍ച്ച ദീര്‍ഘകാലമായി അന്തരീക്ഷത്തിലുണ്ട്. നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതിയുടെ നേതൃത്വത്തില്‍ അരലക്ഷം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച വാര്‍ത്തകള്‍ വരുന്നതോടെയാണ് വീണ്ടും ചര്‍ച്ചകള്‍ ശക്തിയായി ഉയരുന്നത്.
കേരളത്തില്‍ നിലവില്‍ 14 ജില്ലകളാണല്ലോ ഉള്ളത്. 1982 ല്‍ കൊല്ലം കോട്ടയം ജില്ലകളുടെ ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പത്തനംതിട്ട ജില്ലയും 1984 ല്‍ കണ്ണൂര്‍ ജില്ല വിഭജിച്ച് കാസര്‍കോഡ് ജില്ലയും രൂപീകരിച്ചതിന് ശേഷം 40 വര്‍ഷം പിന്നിട്ടു. വിഭവ വിതരണത്തിനും ക്രമസമാധാന പാലനത്തിനും ഭരണ നിര്‍വ്വഹണത്തിനുമുള്ള സൗകര്യത്തിനാണ് ജില്ലകള്‍ രൂപവത്കരിക്കപ്പെടാറുള്ളത്. ഭൂപ്രകൃതിയും ജനസംഖ്യയുമാണ് ജില്ലാ വിഭജനത്തിന് മാനദണ്ഡമാക്കാറുള്ളത്. ആ നിലയ്ക്ക് കേരളത്തില്‍ പുതിയ ജില്ല ആവശ്യമാണോ അല്ലയോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്.
2011 ലെ സെന്‍സസ് ആസ്പദമാക്കിയാല്‍ രാജ്യത്ത് 121 കോടിയിലധികം ജനങ്ങളുണ്ട്. ഇപ്പോള്‍ 28 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി രാജ്യത്താകെ 785 ജില്ലകളാണുള്ളത്. 2011 ലെ സെന്‍സസിനെ ആസ്പദമാക്കി പരിശോധിച്ചാല്‍ ദേശീയ ശരാശരി ഒരു ജില്ലയില്‍ 1543031 എന്ന് കാണാവുന്നതാണ്. കേരളത്തിലെ ജനസംഖ്യ 33,406,061 ആണ്. അതനുസരിച്ച് ഒരു ജില്ലയില്‍ ശരാശരി 2386147 പേരാണുള്ളത്. വ്യത്യസ്ത സംസ്ഥാനങ്ങളുട ജനസംഖ്യാ അനുപാതം പരിശോധിച്ചാല്‍ കേരളം ഏറ്റവും ഉയര്‍ന്ന ജില്ലാ ജനസംഖ്യാ അനുപാതത്തില്‍ അഞ്ചാം സ്ഥാനത്താണ്.
2014ല്‍ തെലങ്കാന രൂപീകരിക്കപ്പെട്ടശേഷം ആന്ധ്ര സംസ്ഥാനത്ത് 13 ജില്ലകളാണുണ്ടായിരുന്നത്. സംസ്ഥാന രൂപീകരണത്തിന് ശേഷം അവര്‍ 13 ജില്ലകളെ 26 ജില്ലകളാക്കി പുനര്‍ നിര്‍ണ്ണയിച്ചു. തെലങ്കാനയാകട്ടെ 10 ജില്ലകളുണ്ടായിരുന്നതിനെ 33 ജില്ലകളായാണ് പുനര്‍ നിര്‍ണ്ണയിച്ചത്. ആന്ധ്രയില്‍ ജില്ലകളിലെ ജനസംഖ്യാ ശരാശരി ഇപ്പോള്‍ 1906811 ഉം തെലങ്കാനയില്‍ 1060717 ഉം ആണ്.
രാജസ്ഥാനില്‍ 2023 ല്‍ അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ 19 പുതിയ ജില്ലകളാണ് രൂപീകരിച്ചത്. അതോടെ ശരാശരി ജനസംഖ്യ1370968. ജില്ലകളുടെ എണ്ണം 50. തമിഴ്‌നാട്ടില്‍ എ.ഐ.എ.ഡി.എംകെ സര്‍ക്കാര്‍ 2006 മുതല്‍ 2016 വരെയുള്ള തങ്ങളുടെ ഭരണത്തില്‍ ആറ് പുതിയ ജില്ലകളാണ് രൂപീകരിച്ചത്. ഇപ്പോള്‍ അധികാരത്തിലുള്ള ഡി.എം.കെ സര്‍ക്കാരാകട്ടെ 7 പുതിയ ജില്ലകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിന്റെ രൂപീകരണ പ്രക്രിയകള്‍ നടക്കുകയാണ്.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 70 ലധികം ജില്ലകള്‍ ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. പുതിയ നിരവധി ജില്ലകളുടെ ആവശ്യം ഉയരുന്നുമുണ്ട്. ജില്ലാ രൂപീകരണം എന്നത് സമൂഹ്യനീതിയുടെ കൂടി ഭാഗമാണ്. അതുകൊണ്ടു തന്നെ പുതിയ ജില്ല എന്ന ആവശ്യം അപകടകരമോ വിഘടനപരമോ അല്ല.കേരളത്തില്‍ പുതിയ ജില്ല ആവശ്യമാണോ അല്ലയോ എന്ന ആവശ്യം പ്രസക്തമാകുന്നത് കേരളത്തിലെ ജില്ലകളുടെ നിലവിലുള്ള ഭൂമിശാസ്ത്ര പരവും ജനസംഖ്യാപരവുമായ സാദ്ധ്യതകള്‍ കൂടി പരിശോധിച്ച് വേണം.
വളരെക്കാലമായി ഉയര്‍ന്നു വരുന്ന ഒരാവശ്യമാണ് മലബാര്‍ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യം. മലപ്പുറം ജില്ല വിഭജിച്ച് രണ്ടാക്കണമെന്ന ആവശ്യവും ഉണ്ട്. മലപ്പുറം ജില്ലയിലുടെ ജനസംഖ്യ അവസാനം നടന്ന സെന്‍സസ് അനുസരിച്ച് 4,112,920 ആണ്. വിസ്തീര്‍ണ്ണമാകട്ടെ 3554 ചതുരശ്ര കിലോമീറ്ററും. തൊട്ടടുത്തുള്ള വയനാട് ജില്ലയില്‍ 817,420 ജനങ്ങള്‍ മാത്രമേയുള്ളൂ. ഭൂപ്രകൃതിയുടെ പരിഗണന വെച്ച് വിഭവ വിതരണത്തിനുളള സൗകര്യത്തിന് വയനാട് പ്രത്യേക ജില്ലയാക്കേണ്ടത് അനിവാര്യത തന്നെയാണ്. പക്ഷേ മലപ്പുറത്തെ ജനസംഖ്യ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയോളം ഉണ്ട് എന്നത് പ്രധാനമാണ്. തീരപ്രദേശവും മലയോരവും ഒക്കെയുള്ള മലപ്പുറം ജില്ലയുടെ ഭൂമിശാസ്ത്ര ഘടനയും സങ്കിര്‍ണ്ണമാണ് പാലക്കാട് ജില്ലയാകട്ടെ 28,09,934 ജനസംഖ്യയുള്ളതും 4482 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്തുമായ ജില്ലയാണ്. ഈ ജില്ലയിലും സുഗമമായ വിഭവവിതരണത്തിനും ഭരണനിര്‍വ്വഹണത്തിനും ജനസംഖ്യയും ഭൂഘടനയും വെല്ലുവിളിയാണ്.
ബ്രിട്ടീഷ് ഇന്ത്യയിലെ മലബാര്‍ പ്രൊവിന്‍സില്‍ ഇന്നത്തെ കണ്ണൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിങ്ങനെ 5 ജില്ലകള്‍ ചേര്‍ന്ന ഭാഗം ചിറയ്ക്കല്‍, കോട്ടയം, കുറുമ്പ്രനാട്, വയനാട്, കോഴിക്കോട്, ഏറനാട്, പൊന്നാനി, വള്ളുവനാട്, പാലക്കാട് എന്നിങ്ങനെ 9 ജില്ലകളായിരുന്നു. അത്തരത്തില്‍ മുന്നോ നാലോ പുതിയ ജില്ലകള്‍ ഭൂപ്രകൃതിയും ജനസംഖ്യയും അടിസ്ഥാനമാക്കി ഈ മേഖലയില്‍ പുതുതായി രൂപീകരിക്കാനുള്ള സാദ്ധ്യതയുണ്ട്.
എറണാകുളം ജില്ല വിഭജിച്ച് മൂവാറ്റുപുഴ ജില്ല രൂപീകരിക്കണം എന്ന ആവശ്യം ശക്തമായി 1960 മുതല്‍ തന്നെ ഉയര്‍ന്നിരുന്ന കാര്യമാണ്. 2016 ല്‍ മൂവാറ്റുപുഴയില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസഫ് വാഴയ്ക്കന്‍ തെരെഞ്ഞെടുപ്പു വാഗ്ദാനമായി മൂവാറ്റുപുഴ ജില്ല രൂപീകരിയ്ക്കും എന്നത് മുന്നോട്ട് വെച്ചിരുന്നു. മലനാട് ജില്ലാ രൂപീകരണ കൗണ്‍സില്‍ എന്നപേരില്‍ മൂവാറ്റുപുഴ കേന്ദ്രമായി ജില്ല രൂപീകരിക്കണം എന്നാവശ്യപ്പെട്ട് ബഹുജന സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.
കേരളത്തില്‍ ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് തിരുവനന്തപുരം. അതേസമയം ഭൂവിസ്ത്യതിയില്‍ 11 -ാം സ്ഥാനത്താണ്. നിലവിലെ നെയ്യാറ്റിന്‍കര കാട്ടക്കട താലൂക്കുകളെ കൂട്ടിയോജിപ്പിച്ച് പുതിയ ജില്ല വേണെമന്നാണ് നെയ്യാറ്റിന്‍കര ജില്ലാ രൂപീകരണ സമിതി ആവശ്യം ഇപ്പോള്‍ ഉന്നയിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയും ജീവിതശൈലിയുമുള്ള പ്രദേശങ്ങളാണ് ഈ രണ്ട് താലൂക്കുകള്‍. അതനുസരിച്ച് നെയ്യാറ്റിന്‍കര ജില്ല രൂപീകരിക്കുക എന്ന ആവശ്യം അന്യായമായ ഒന്നല്ല.
പുതിയ ജില്ലകള്‍ എന്ന ആവശ്യത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുകയാണ് പലപ്പോഴും സര്‍ക്കാരുകള്‍ ചെയ്യാറുള്ളത്. കേരള വികസനത്തില്‍ വിഭവങ്ങളുടെ വിതരണത്തില്‍ ഏറെ പിന്തള്ളപ്പെട്ടു പോയ മലബാര്‍ മേഖയില്‍ പുതിയ ജില്ല എന്ന ആവശ്യം ഉയരുമ്പോഴേക്ക് വിഘടന വാദം എന്ന തരത്തിലാണ് പലപ്പോഴും ഭരണകൂടം സമീപിക്കുന്നത്. വംശീയവും വര്‍ഗീയവുമായ മുന്‍വിധികള്‍കൂടി പലപ്പോഴും പ്രകടിപ്പിക്കുന്നു.
ദേശീയ ശരാശരിയില്‍ തന്നെ ജില്ലകളുടെ ജനസംഖ്യാനുപാതത്തില്‍ ഏറെ ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തില്‍ ഭരണ നിര്‍വ്വഹണത്തിന് 14 ജില്ലകള്‍ മതിയാകില്ല. കേരളത്തിലെ ജനസംഖ്യയും ഭൂപ്രകൃതിയും വെച്ച് നാലോ അഞ്ചോ പുതിയ ജില്ലകള്‍ കൂടി രൂപീകരിക്കുക എന്നതാണ് സന്തുലിത ഭരണ നിര്‍വ്വഹണത്തിന് വേണ്ടത്..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in