നാരീ നീ ദേവത – യാഥാര്‍ത്ഥ്യമെന്ത്?

‘നാരീ തൂ നാരായണി’

(നാരീ നീ ദേവത)

2019-20 ലെ ബജറ്റ് അവതരണ വേളയിലാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍, സമ്പദ്വ്യവസ്ഥയില്‍ സ്ത്രീകള്‍ക്കുള്ള പങ്കിനെ പരാമര്‍ശിച്ചു ‘നാരീ തൂ നാരായണി’ എന്ന പ്രയോഗം നടത്തുന്നത്. സര്‍ക്കാരിന്റെ മുദ്രാ പദ്ധതി പ്രകാരം എല്ലാ സ്വയം സഹായ സംഘങ്ങളിലും ഉള്ള (എസ്എച്ച്ജി) ഒരു സ്ത്രീക്ക് ഒരു ലക്ഷം രൂപ വരെ വായ്പയ്ക്ക് അര്‍ഹത നല്‍കുമെന്നായിരുന്നു അന്ന് സീതാരാമന്‍ പ്രഖ്യാപിച്ചത്. ചെറുകിട ബിസിനസുകളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്, ശിശു (50,000 രൂപ വരെ), കിഷോര്‍ (രൂപ 50,000 മുതല്‍ 5 ലക്ഷം വരെ), തരുണ്‍ (50,000 രൂപ വരെ) എന്നീ മൂന്ന് വിഭാഗങ്ങളിലായി 10 ലക്ഷം രൂപ വരെ ഈട് രഹിത വായ്പ നല്‍കാന്‍ ബാങ്കുകളോട് ആവശ്യപ്പെടുകയാണ് ചെയ്തത്. ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 നവമ്പര്‍ വരെ പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം അനുവദിച്ച മൊത്തം 44.46 കോടി വായ്പകളില്‍ 30.64 കോടി (69%) സ്ത്രീകള്‍ക്ക് അനുവദിച്ചിട്ടുണ്ട്.

സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യയ്ക്ക് ഇതേ കാലയളവില്‍ അനുവദിച്ച 2.09 ലക്ഷം വായ്പകളില്‍ 1.77 ലക്ഷം (84%) വനിതാ സംരംഭകര്‍ക്ക് അനുവദിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭാഷ്യങ്ങള്‍ തന്നെ പ്രകാരം അനുവദിച്ചിരിക്കുന്നതില്‍ 83 ശതമാനവും 50,000 രൂപ വരെയുള്ള ലോണുകള്‍ ആണ്. അനുവദിച്ച ലോണുകളില്‍ ഭൂരിഭാഗവും ഈ തുകയ്ക്കുള്ളതാണെന്നു മനസ്സിലാവുമ്പോള്‍ ആണ് സ്ത്രീയെ ദേവതയായി വാഴ്ത്തി പാടുന്നതിനപ്പുറം ഉള്ള യാഥാര്‍ഥ്യം മനസ്സിലാവുക

നാരീ തൂ നാരായണി എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച അതേ സര്‍ക്കാരിന് കീഴില്‍ സ്ത്രീകളുടെ അവസ്ഥ എന്തെന്നറിയാന്‍ 2018ല്‍ ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് പ്രസിദ്ധീകരിച്ച പഠനത്തിലെ കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മതിയാകും. രാജ്യത്ത് ഓരോ വര്‍ഷവും ശരാശരി അഞ്ച് വയസ്സിന് താഴെയുള്ള ഏകദേശം 239,000 പെണ്‍കുട്ടികള്‍ അവര്‍ ‘പെണ്‍കുഞ്ഞുങ്ങള്‍’ ആയി ജനിച്ചത് കൊണ്ട് മാത്രം -അനാവശ്യ ജനനം, അവഗണന-എന്നീ കാരണങ്ങള്‍കൊണ്ട് മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ പഠനമനുസരിച്ച്, ഈ മരണങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് നാല് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. അഞ്ചില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ മൊത്തം മരണത്തിന്റെ മൂന്നില്‍ രണ്ട് (66.7%) ശതമാനവും സംഭവിക്കുന്നത് ഉത്തര്‍പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ നാലു സംസ്ഥാനങ്ങളില്‍ ആണ്. ജനനം കൊണ്ടും തുടര്‍ന്നുള്ള അവഗണന കൊണ്ടും ഈ വിധം ”കാണാതാവുന്ന പെണ്‍കുട്ടികള്‍” ധാരാളമുണ്ട്. ഈ വിധം കാണാതാവുന്ന പെണ്‍കുട്ടികള്‍ മൂലം വിദ്യാഭ്യാസ മേഖലയില്‍ ദൃശ്യമാവുന്ന ലിംഗ വിടവ് ഗൗരവമായി പരിഗണിക്കപെട്ടിട്ടില്ല.

ഗവണ്‍മെന്റ് കണക്കുകള്‍ പെണ്‍കുട്ടികളുടെ മൊത്ത എന്റോള്‍മെന്റ് അനുപാതം (ഏഋഞ) വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്ന് പറയുന്നുണ്ട്. എന്നാല്‍, സെക്കന്‍ഡറി തലത്തില്‍ പെണ്‍കുട്ടികളുടെ കൊഴിഞ്ഞുപോക്ക് അനുപാതം 2014-15ല്‍ 17.79 ആയിരുന്നത് 2016-17ല്‍ 19.81 ആയി ഉയര്‍ന്നു. പ്രൈമറി സ്‌കൂളില്‍ എന്റോള്‍മെന്റ് നിരക്ക് വര്‍ധിച്ചിട്ടുണ്ടെങ്കിലും, സെക്കന്‍ഡറി വിദ്യാഭ്യാസ തലത്തില്‍ സംഭവിക്കുന്ന കൊഴിഞ്ഞുപോക്ക് ഇപ്പോഴും പെണ്‍കുട്ടികളുടെ കാര്യത്തില്‍ വളരെ ഉയര്‍ന്നതാണ്. 2013-ലെ കണക്കനുസരിച്ച്, പ്രൈമറി സ്‌കൂളുകളില്‍ പെണ്‍കുട്ടികളുടെ പ്രവേശന നിരക്ക് ഏകദേശം 93% ആയിരിക്കുമ്പോഴും , സെക്കന്‍ഡറി ക്ലാസ്സുകളില്‍ അത് 64% മാത്രമാണ്. 15-29 വയസ്സിനിടയിലുള്ള പ്രായപരിധിയില്‍, 51.7% സ്ത്രീകളും വിദ്യാഭ്യാസത്തിലോ ജോലിയിലോ ഏതെങ്കിലും പരിശീലനത്തിലോ ഇല്ല എന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇമ്പ്ളിമെന്റേഷന്‍ മന്ത്രാലയം നടത്തിയ 78-ാമത് ദേശീയ സാമ്പിള്‍ സര്‍വേ വിവരങ്ങള്‍ വ്യക്തമാക്കുന്നു.പുരുഷന്മാരില്‍ ആകട്ടെ ഈ കണക്കു വളരെ കുറവാണ് (15.4%). വാര്‍ഷിക വിദ്യാഭ്യാസ സ്ഥിതി റിപ്പോര്‍ട്ട് 2023 പ്രകാരം 7-10 വയസ്സ് പ്രായ പരിധിയില്‍ ഏതെങ്കിലും തരത്തിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ചേര്‍ന്നിട്ടില്ലാത്ത പെണ്‍കുട്ടികള്‍ ഏതാണ്ട് 4.1 ശതമാനം വരും. 15-16 എന്ന പ്രായ പരിധിയില്‍ ഈ നിരക്ക് 11.1 ശതമാനമായി വര്‍ധിക്കുകയാണ് ചെയ്യുന്നത്.

പെണ്‍കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തിനും, തൊഴില്‍ മേഖലയിലേക്കുള്ള അവരുടെ പ്രവേശനവും പുരോഗമനാത്മകമായി വര്‍ധിപ്പിക്കാന്‍ മേല്പറഞ്ഞ പദ്ധതികള്‍ക്കോ, മുദ്രാവാക്യങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല എന്ന് തന്നെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വേള്‍ഡ് ഇക്കണോമിക് ഫോറം (ഡബ്ല്യുഇഎഫ്) പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ്പ് ഇന്‍ഡക്‌സ് 2022 പ്രകാരം ലിംഗ വ്യത്യാസം നികത്തുന്നതില്‍ സൗദി അറേബ്യ ഇന്ത്യയെ പിന്നിലാക്കിയിരിക്കുന്നു എന്ന വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം തന്നെ മറ്റു നാല് പാരാമീറ്ററുകളില്‍ മൂന്നിലും ഇന്ത്യ മോശം സ്‌കോര്‍ ആണ് നേടിയിരിക്കുന്നത് എന്നും ഈ സര്‍വ്വേ സൂചിപ്പിക്കുന്നുണ്ട്. ആരോഗ്യത്തിനും അതിജീവനത്തിനും വേണ്ടിയുള്ള അവസരങ്ങളില്‍ അവസാനത്തെ റാങ്കിലും (146), സാമ്പത്തിക പങ്കാളിത്തത്തിലുമുള്ള അവസരങ്ങളില്‍ 143 (ഇറാന്‍, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയ്ക്ക് തൊട്ടു മുകളില്‍) എന്ന നിലയിലും, വിദ്യാഭ്യാസ നേട്ടത്തില്‍ 106 എന്ന നിലയിലും ആണ് ഇന്ത്യ ഉള്ളത് . ജനനസമയത്തെ താഴ്ന്ന ലിംഗാനുപാതവും ആരോഗ്യകരമായ ജീവിതം നയിക്കുന്നതു സംബന്ധിച്ചുള്ള കാര്യത്തില്‍ ലിംഗ വിടവ് കൂടിയിരിക്കുന്നതും മൂലമാണ് ആരോഗ്യം, അതിജീവനം എന്നീ മാനദണ്ഡങ്ങളില്‍ ഇന്ത്യ അവസാന സ്ഥാനത്തെത്തിയതു ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.

ബഹുത് ഹുവാ നാരി പര്‍ വാര്‍, അബ്കി ബാര്‍ മോദി സര്‍ക്കാര്‍’ (സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ മതി, ഭരണത്തില്‍ ഇനി മോദിയുടെ ഊഴമാണ്) എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്താണ് 2014-ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്നത്. സ്ത്രീ വിരുദ്ധത മുഖമുദ്രയാക്കിയ പ്രത്യയശാസ്ത്രത്തിന്റെ നടത്തിപ്പുകാര്‍ എന്ന നിലയ്ക്ക് ‘സ്‌കീമുകളിലെ’ സ്ത്രീപക്ഷ തുറുപ്പു ചീട്ടുകള്‍ക്കപ്പുറം മോദിയുടെ ഭരണകാലയളവ് കുപ്രസിദ്ധമായിരിക്കുന്നതു സ്ത്രീ പീഡനങ്ങളുടെ വര്‍ധിച്ച എണ്ണം കൊണ്ടും കൂടിയാണ്. നാഷണല്‍ ക്രൈംസ് റെക്കോര്‍ഡ് ബ്യൂറോയുടെ (എന്‍സിആര്‍ബി) രേഖകള്‍ പ്രകാരം 2012-ല്‍ സ്ത്രീകള്‍ക്കെതിരെ 2.44 ലക്ഷം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021-ല്‍ ഈ സംഖ്യ ഏകദേശം 4.28 ലക്ഷമായി ഉയര്‍ന്നു, ഇത് ബിജെപി അധികാരത്തില്‍ വന്നതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൊത്തം കുറ്റകൃത്യങ്ങളില്‍ 42.96% വര്‍ദ്ധനവ് സൂചിപ്പിക്കുന്നു. ഈ കണക്കുകള്‍ പ്രകാരം 2021-ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ 15.3 ശതമാനം വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്. 2021-ല്‍ 18 വയസ്സിനു മുകളിലുള്ള 3,75,058 സ്ത്രീകളെ ഇന്ത്യയില്‍ നിന്ന് കാണാതായിട്ടുണ്ട് എന്നും കണക്കുകള്‍ പറയുന്നു.

സ്ത്രീ പീഡന കേസുകളില്‍ പ്രതികളായിരിക്കുന്ന എം പി/എംഎല്‍എമാര്‍ കൂടുതല്‍ ഉള്ളതും, ഇത്തരം കുറ്റാരോപിതരായ വ്യക്തികള്‍ക്ക് തെരെഞ്ഞെടുപ്പുകളില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പാര്‍ട്ടിയും ബിജെപി തന്നെയെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും. രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി കായിക താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തു എന്ന് പരാതിയും ശക്തമായ പ്രതിഷേധവും ഉയര്‍ന്നിട്ടു പോലും ബിജെപി എം.പിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിനെ ബിജെപി സംരക്ഷിച്ചു പോരുന്നതെങ്ങിനെയെന്നു നാം കാണുന്നുണ്ട്. 2018-ല്‍ കത്വയില്‍ എട്ടുവയസ്സുകാരിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്തവര്‍ക്കും കൊലപ്പെടുത്തിയവര്‍ക്കും നല്‍കിയ പിന്തുണ ഓര്‍ക്കുക. ആദ്യം, സംഭവം വ്യാജമാണെന്ന് തെളിയിക്കാന്‍ പാര്‍ട്ടി അനുയായികള്‍ തങ്ങളുടെ എല്ലാ അധികാരവുമുപയോഗിച്ചു ശ്രമിക്കുകയാണ് ചെയ്തത്. മണിപ്പൂര്‍ കലാപത്തില്‍ സ്ത്രീകളെ പരസ്യമായി പീഡിപ്പിക്കുന്ന വീഡിയോകളും വാര്‍ത്തകളും പുറത്തു വന്നിട്ടും സ്ത്രീയെ ദേവതയായി കണക്കാക്കുന്ന മോദിയും ഭാരതീയ ജനതാ പാര്‍ട്ടിയും ആ വിഷയത്തില്‍ യാതൊരു പ്രതികരണവും നടത്താന്‍ തയ്യാറായിട്ടില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply