വിദ്വേഷത്തിലും വര്‍ഗീയതയിലും തിമിര്‍ത്താടുന്ന മോദി രാഷ്ട്രീയം

മോദി എന്ന പ്രതിഭാസത്തെ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത് വര്‍ഗീയതയും കോര്‍പ്പറേറ്റു ചങ്ങാത്തവും ചേര്‍ത്തുണ്ടാക്കിയ മാരകമായ രാസ സംയുക്തം ഒരു രാഷ്ട്രത്തിനു നല്‍കിയ വിനാശത്തിന്റെ പേരില്‍ കൂടിയായിരിക്കും. ക്രോണി കാപിറ്റലിസത്തില്‍ നിന്നും ഒളിഗാര്‍ഗിക്ക് ക്യാപിറ്റലിസത്തിലേക്കു ചുവടുമാറുമ്പോള്‍ സംഭവിക്കുന്ന സാമ്പത്തിക നീതിയുടെ പ്രശ്‌നങ്ങളെ മറികടക്കാനും മോദി ആശ്രയിക്കുന്നത് വര്‍ഗീയത ആണെന്ന് കാണാം.

വിദ്വേഷവും വര്‍ഗീയതയും രാഷ്ട്രീയ ആയുധമാക്കുന്ന ആദ്യത്തെ ഇന്ത്യന്‍ രാഷ്ട്രീയക്കാരനല്ല നരേന്ദ്ര ദാമോദര്‍ദാസ് മോദി എന്ന് നിസംശയം പറയാന്‍ കഴിയും. എന്നാല്‍ 140 കോടി ജനങ്ങളെ നയിക്കാന്‍ ബാധ്യതയുള്ള പ്രധാനമന്ത്രി എന്ന പരമോന്നത സ്ഥാനത്തിരുന്നു സ്വന്തം പാര്‍ട്ടിയിലെ അണികളെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയില്‍ ഏറ്റവും വിഷലിപ്തവും ഹീനവുമായ വര്‍ഗീയ നിറഞ്ഞ വാക്കുകള്‍ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ നേതാവ് എന്ന സ്ഥാനം മോദിക്കു സ്വന്തം. അതേസമയം മോദിയുടെ മുന്‍കാല ചരിത്രം അറിയുന്ന ഒരാള്‍ക്ക് അതില്‍ അത്ഭുതമോ സംഭ്രമമോ ഉണ്ടാവാനും സാധ്യതയില്ല. മറ്റൊരു നേതാവും കൂട്ടക്കൊലയുടെ രാഷ്ട്രീയത്തെ ഇത്ര പരസ്യമായി പ്രതിനിധീകരിക്കുന്നില്ല. ഗുജറാത്തില്‍ മുഖ്യമന്ത്രിയായ കാലയളവുമുതല്‍ മോദി പയറ്റി തെളിഞ്ഞ ഒരു കാര്യമാണ് മുസ്ലിങ്ങള്‍ക്കെതിരെയുള്ള വിദ്വേഷ പ്രചാരണവും വര്‍ഗീയ കലാപങ്ങളും.

മുസ്ലിം/ ന്യൂനപക്ഷ വിദ്വേഷം എന്നത് നരേന്ദ്ര മോദി സ്വയം വികസിപ്പിച്ചെടുത്ത രാഷ്ട്രീയ തന്ത്രം അല്ലെന്നും ആര്‍ എസ്സ് എസ്സിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മുഖ്യ ഉള്ളടക്കം തന്നെ സവര്‍ണ്ണതയും മുസ്ലിം വിദ്വേഷവും ആണെന്നും കാണാനാകും. 2002 ഗുജറാത്ത്, 2013 മുസാഫര്‍നഗര്‍ കലാപങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തന്നെ ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ ബലാത്സംഗത്തെ നിയമാനുസൃതമായ ഒരു രാഷ്ട്രീയ ഉപകരണമായി ന്യായീകരിച്ചിരുന്നതായി കാണാം. 1966-ല്‍ മരിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മറാത്തിയില്‍ എഴുതിയ സിക്‌സ് ഗ്ലോറിയസ് എപ്പോച്ച്‌സ് ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി (Six Glorious Epochs of Indian History) എന്ന പുസ്തകത്തില്‍ ‘ഹിന്ദുവിന്റെ പുണ്യം’ (Hindu virtue ) എന്ന ആശയം പറയുന്ന ഭാഗത്താണ് അദ്ദേഹം ഇത് വിവരിച്ചിരിക്കുന്നത്. ആര്‍ എസ്സ് എസിന്റെ പ്രഖ്യാപിത നയങ്ങളെ ആഴത്തില്‍ മനസ്സിലാക്കുമ്പോള്‍ മാത്രമേ മോദിയുടെ പ്രവൃത്തികള്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ മുസ്ലിം വിരോധം മാത്രമല്ലെന്നും താന്‍ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രവുമായി അത് ഐക്യപ്പെട്ടിരിക്കുന്നു എന്നും മനസിലാവൂ.

തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്തു മോദി പുറത്തെടുത്ത വിഷചീട്ടുകള്‍

തെരഞ്ഞെടുപ്പിന്റെ ഒന്നാമത്തെ ഘട്ടം അവസാനിച്ചപ്പോള്‍ തന്നെ പരാജയ ഭീതി ബാധിച്ച മോദി പതിവ് ശീലത്തെക്കാളും തീവ്രമായ നുണകളും വിദ്വേഷ പരാമര്‍ശങ്ങളും കൊണ്ട് സ്വന്തം പാര്‍ട്ടിക്കാരെ വരെ വെട്ടിലാക്കുകയായിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെ അത് മുസ്ലിം ലീഗിന് വേണ്ടിയുള്ളതെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളുടെ ധനം (സ്ത്രീകളുടെ കെട്ടുതാലി അടക്കം ) അപഹരിച്ചു മുസ്ലിങ്ങള്‍ക്ക് നല്‍കുമെന്നുമടക്കമുള്ള നട്ടാല്‍ മുളയ്ക്കാത്ത നുണകളുടെ പ്രവാഹം തന്നെയായിരുന്നു പിന്നീടുണ്ടായത്. പത്തു വര്‍ഷത്തെ സ്വന്തം ഭരണ നേട്ടങ്ങളും, ഭാവി പദ്ധതികളും ആയിരുന്നു കുറച്ചു ദിവസം മുമ്പു വരെ മോദിയുടെ ആയുധം. അതെല്ലാം മാറ്റിവച്ചാണ് തനിക്കു ദീര്‍ഘനാളായി പ്രാവീണ്യമുള്ളതും ഏറെ പ്രിയപ്പെട്ടതുമായ മുസ്ലിം വര്‍ഗീയതയുടെ വിഷക്കൂട് മോദി പുറത്തേക്കെടുത്തത്. അക്കാര്യത്തില്‍ തന്നെ വെല്ലാന്‍ ഒരു പരിധിവരെ അമിത് ഷായ്ക്കും യോഗി ആദിത്യ നാഥിനുപോലും കഴിയില്ലെന്നുള്ള ആത്മവിശ്വാസവും മോദിക്കുണ്ടായിരുന്നു. ഹിന്ദു വോട്ടുകള്‍ പരമാവധി ചോര്‍ന്നുപോകാതെ ബി ജെ പിയില്‍ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞാല്‍ വിജയം ഉറപ്പാക്കാന്‍ കഴിയും എന്ന കണക്കുകൂട്ടലാണ് അതിനു പിന്നില്‍.

താന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് കമ്മീഷന് തന്റെ തെറ്റുകളെ എതിര്‍ക്കാനുള്ള നട്ടെല്ലുണ്ടാവില്ല എന്ന് മോദിക്ക് നന്നായി അറിയാം. എന്നാല്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും കാരണം മോദി ലക്ഷ്യം വച്ച ഹിന്ദു വിഭാഗത്തിലെ ഭൂരിപക്ഷം മനുഷ്യരും നിരാശയുടെയും രോഷത്തിന്റെയും വക്കിലാണെന്ന കാര്യം അദ്ദേഹം തീര്‍ത്തും അവഗണിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ജനങ്ങളുടെ ഭാഗത്തു നിന്നും പ്രതീക്ഷിച്ച പ്രതികരണം തന്റെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കു ലഭിക്കാതിരിക്കുന്നത് ഓരോ ദിവസം കഴിയുമ്പോഴും മോദിയുടെ ആത്മവിശ്വാസം തകര്‍ത്തുകൊണ്ടിരുന്നു. ജനങ്ങളുടെ നിത്യ ജീവിതത്തിലെ സമസ്യകള്‍ മനസിലാക്കി കോണ്‍ഗ്രസ് തയ്യാറാക്കിയ പ്രകടന പത്രിക മോദിക്ക് തലവേദനയായതില്‍ അത്ഭുതപ്പെടാനില്ല. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന സാധാരണ മനുഷ്യര്‍ക്ക് സാമൂഹ്യ നീതിയും സാമ്പത്തിക നീതിയും തുല്യതയും വാഗ്ദാനം ചെയ്യുന്ന കോണ്‍ഗ്രസ്സ് പ്രകടന പത്രികയെ നേരിടാന്‍ മുസ്ലിം പ്രീണനം എന്ന തുറുപ്പു ശീട്ട് മോദി ഇറക്കിയതിലും വിസ്മയിക്കാനില്ല. എന്നാല്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുംപോലെ കോണ്‍ഗ്രസ് ഭരണകാലത്തല്ല മോദിയുടെ നേതൃത്വത്തില്‍ ബി ജി പി ഭരിക്കുമ്പോഴാണ് ഹിന്ദു ഏറ്റവും കൂടുതല്‍ അപകടത്തിലായതു എന്ന യാഥാര്‍ഥ്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു.

വര്‍ഗീയതയുടെ അന്തിമ ലക്ഷ്യം

മോദിയുടെ ഇന്ത്യയിലെ ഇസ്ലാമോഫോബിയ ഒരു തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യം വച്ച് മാത്രം നടത്തുന്ന രാഷ്ട്രീയ പ്രചാരണമല്ല. ഇന്ത്യയിലെ ഹിന്ദു ദേശീയവാദ വിഭാഗങ്ങളുടെ പ്രത്യയശാസ്ത്രത്തിന്റെ മുഖ്യ സവിശേഷതയാണ് ഇസ്ലാമോഫോബിയ. 1925-ല്‍ സ്ഥാപിതമായ ഹിന്ദു ദേശീയ അര്‍ദ്ധസൈനിക സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) ഇന്ത്യയെ ഹിന്ദുഭൂമിയാക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കിയപ്പോള്‍ തന്നെ ഈ ആശയം മുന്നോട്ടു വച്ചിരുന്നു. ആര്‍എസ്എസ് സ്ഥാപകനും അതിന്റെ പ്രഥമ തലവനുമായിരുന്ന കേശവ് ബലിറാം ഹെഡ്‌ഗേവാര്‍, ‘ഹിന്ദു സംസ്‌കാരം’ രാജ്യത്തിന്റെ ‘ജീവശ്വാസം’ ആണെന്ന് പ്രഖ്യാപിച്ചു. അതിനാല്‍, ഇന്ത്യയെ സംരക്ഷിക്കണമെങ്കില്‍ ആദ്യം നമ്മള്‍ ഹിന്ദു സംസ്‌കാരത്തെ പരിപോഷിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇവിടെ, ഈ ദര്‍ശനത്തോടുള്ള എതിര്‍പ്പ്, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്കിടയില്‍ ‘മുസ്ലിം ധാര്‍ഷ്ട്യവും ധിക്കാരവും’ പ്രതിഫലിപ്പിക്കുന്നതായി ആര്‍എസ്എസ് നേതാക്കള്‍ കരുതി. കൂടാതെ, 1929-ല്‍, നാസി ജര്‍മ്മനിയോട് അനുഭാവം പുലര്‍ത്തിയിരുന്ന ഹെഗ്‌ഡെവാര്‍ഡിന്റെ പിന്‍ഗാമി മാധവറാവു സദാശിവറാവു ഗോള്‍വാള്‍ക്കര്‍ മുസ്ലീം സംസ്‌കാരം ഇന്ത്യന്‍ സംസ്‌കാരവുമായി പൊരുത്തപ്പെടുന്നില്ല എന്ന് എഴുതുകയുണ്ടായി . അതിനു അദ്ദേഹം പറഞ്ഞ കാരണം ‘ഇസ്ലാം വരണ്ടതും മണല്‍ നിറഞ്ഞതുമായ പ്രദേശത്താണ് ഉത്ഭവിച്ചത്’ എന്നാണ്. ഈ ഇസ്ലാമോഫോബിയ ആര്‍എസ്എസിന്റെ രാഷ്ട്രീയ വിഭാഗവും ബി.ജെ.പിയുടെ മുന്‍ഗാമികളുമായ ഭാരതീയ ജനസംഘവും (1951-1977) ജനതാ പാര്‍ട്ടിയും (1977-1980) – തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ എളുപ്പത്തില്‍ അംഗീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. അതുപോലെ, അവര്‍ മതനിരപേക്ഷത എന്ന ആശയത്തെ അപലപിക്കുകയും രാജ്യത്തെ മതന്യൂനപക്ഷത്തെ – പ്രത്യേകിച്ച് മുസ്ലീം ജനസംഖ്യയെ- പ്രീണിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമല്ലാതെ മറ്റൊന്നുമല്ലെന്ന് കരുതുകയും ചെയ്തു.

സ്വദേശത്തും വിദേശത്തും ഹിന്ദു ദേശീയത പ്രചരിപ്പിക്കുന്നതില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) / വേള്‍ഡ് ഹിന്ദു കൗണ്‍സില്‍ ഒരു പ്രധാന ശക്തിയാണ്. 1964-ല്‍ സ്ഥാപിതമായ ഈ സംഘടനയുടെ ലക്ഷ്യം ‘ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുക-ഏകീകരിക്കുക’ എന്നതാണ്. ബ്രാഹ്മണ്യത്തില്‍ അധിഷ്ഠിതമായ ഈ ഹിന്ദുത്വ പ്രത്യയശാസ്ത്രമാണ് ബില്‍ക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് ശിക്ഷ ഇളവ് കിട്ടിയപ്പോള്‍ അവരെ പൂവിട്ടു പൂജിക്കാന്‍ പ്രേരണയായത്. ബ്രാഹ്മണരെ നിരുപാധികം സ്വീകരിക്കുക എന്നതില്‍ അവര്‍ക്കു അഭിമാനം കൊള്ളാന്‍ കഴിയുന്നത് കൊണ്ടാണ് അവരെ കുറ്റവാളികളായി കാണാന്‍ കഴിയാത്തത്. ഇസ്ലാമിക വിദ്വേഷത്തിന്റെ നാനാര്‍ത്ഥങ്ങള്‍ തിരയേണ്ടത് മനുവാദത്തില്‍ അധിഷ്ഠിതമായ സാംസ്‌ക്കാരിക വ്യവഹാരത്തില്‍ കൂടിയാണ്.

ഇസ്ലാമോഫോബിയ എന്ന ഭരണകൂട നയം

തീര്‍ച്ചയായും, പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് വളരെ മുമ്പുതന്നെ, നരേന്ദ്ര മോദി ഹിന്ദു ദേശീയതയുടെ വക്താവാകാനുള്ള യോഗ്യതകള്‍ സ്വായത്തമാക്കിയിരുന്നു. തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ആര്‍എസ്എസിന്റെ സജീവ അംഗമായിരുന്നു. 1970 കളുടെ അവസാനത്തില്‍ പ്രാദേശിക സംഘാടകനായി. 1985-ല്‍ ആര്‍.എസ്.എസ് മോദിയെ ബി.ജെ.പി.യിലേക്ക് നിയമിച്ചു. അതിനുശേഷം, 2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അദ്ദേഹം പാര്‍ട്ടി നിരകളിലൂടെ ഉയര്‍ന്നു. 2002-ല്‍ ഗുജറാത്തില്‍ ഹിന്ദു തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ട്രെയിന്‍ കോച്ചിന് തീപിടിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ മുസ്ലീങ്ങളുടെ വംശീയ ഉന്മൂലന വേളയില്‍ അദ്ദേഹം സംഘപരിവാര്‍ പ്രത്യയശാസ്ത്ര പ്രതിജ്ഞാബദ്ധത തെളിയിച്ചിരുന്നു. ആ കലാപത്തില്‍ ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെട്ടു, കൂടുതലും മുസ്ലീങ്ങള്‍. കൂടാതെ, 2,000 മുസ്ലീം വീടുകള്‍ നശിപ്പിക്കപ്പെടുകയും 150,000 ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.

2014 ല്‍ മോദി പ്രധാനമന്ത്രിയായതിനുശേഷം, ഇസ്ലാമോഫോബിയ ഭരണകൂട നയത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ 370, 35 എ അനുച്ഛേദം റദ്ദാക്കി മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരിലേക്ക് നാടുകടത്തപ്പെട്ട ഹിന്ദുക്കളെ തിരികെ കൊണ്ടുവരാനുള്ള ഹിന്ദു ദേശീയവാദ ”സ്വപ്നം” മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2019 ല്‍ പിന്തുടരുമ്പോള്‍ ഇത് വ്യക്തമായിരുന്നു. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീം ഇതര കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം അതിവേഗം അനുവദിക്കുന്ന പൗരത്വ ഭേദഗതി നിയമം (സിഎഎ) 2019-ല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്നു. നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററുമായി ചേര്‍ന്ന്, മുസ്ലീങ്ങളെ ഫലപ്രദമായി ഒഴിവാക്കുന്ന ‘ഇന്ത്യന്‍ പൗരത്വത്തിനായുള്ള മതപരീക്ഷ’ അവതരിപ്പിക്കാനുള്ള ശ്രമമായാണ് ഈ നീക്കത്തെ കാണേണ്ടത്. അതുപോലെ, എല്ലാ ദിവസവും പല കാരണങ്ങളാല്‍ ഇന്ത്യന്‍ മുസ്ലിംകള്‍ ആക്രമണത്തിനിരയാകുകയും ഭയത്തോടെ ജീവിക്കേണ്ടി വരികയും ചെയ്യുന്നു. കാരണം ഇന്ന് ആള്‍ക്കൂട്ട ആക്രമണങ്ങളും വിദ്വേഷ പ്രസംഗങ്ങളും രാജ്യത്ത് സാധാരണമാണ്. സംഘപരിവാര്‍ ഗ്രൂപ്പുകള്‍ മുസ്ലീം മാംസക്കച്ചവടക്കാരെ ഹിന്ദു ഉത്സവ ദിവസങ്ങളില്‍ കട അടപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത് വ്യാപകമാണ്. പശു സംരക്ഷണത്തിന്റെ പേരില്‍ നൂറുകണക്കിന് മുസ്ലിം/ ദളിത് യുവാക്കള്‍ ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായിരിക്കുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്താനുള്ള വ്യാപകമായ ശ്രമങ്ങള്‍ ഇന്ത്യയില്‍ നടന്നതും ഇസ്ലാമോഫോബിയ എന്ന ഭരണകൂട നയത്തിന്റെ ഭാഗമായിരുന്നു.

കഴിവുകേട് നികത്താന്‍ വര്‍ഗീയത

മോദി എന്ന ഭരണാധികാരി മുസ്ലിം വര്‍ഗീയത ആയുധമാക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് മാത്രമല്ല, തന്റെ കഴിവില്ലായ്മയും അജ്ഞതയും ഭാവനാശൂന്യതയും മറച്ചുവയ്ക്കാന്‍ കൂടിയാണെന്ന് കാണാം. ഒരുപക്ഷെ ഇന്ത്യ കണ്ട ഏറ്റവും കഴിവുകെട്ട ഭരണാധികാരി എന്ന വിശേഷണത്തിനും മോദി തന്നെ അര്‍ഹന്‍. ആര്‍ എസ്സ് എസ്സില്‍ നിന്നും പഠിച്ച ഫാസിസ്റ്റു തന്ത്രങ്ങളും ഗുജറാത്ത് മുഖ്യമന്ത്രിയായ അവസരത്തില്‍ വിപുലപ്പെടുത്തിയ വര്‍ഗീയ നയപരിപാടികളും കൈമുതലാക്കി സ്വന്തം പാര്‍ട്ടിയിലെ തലമുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തി ഡല്‍ഹിയില്‍ അധികാരം പിടിച്ചെടുത്ത മോദിക്ക് ജനായത്തത്തിന്റെ ബാലപാഠങ്ങളില്‍ പോലും അവഗാഹമില്ലാത്തതില്‍ അത്ഭുതപ്പെടാനില്ല. കൂടാതെ ബഹുസ്വരതയില്‍ അടിസ്ഥാനമാക്കിയ ഇന്ത്യ എന്ന രാഷ്ട്രത്തെക്കുറിച്ചോ അതിന്റെ ചരിത്രത്തെക്കുറിച്ചോ അവിടെ വസിക്കുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെക്കുറിച്ചോ യാതൊരു ധാരണയുമില്ലാതെ 140 കോടി ജനങ്ങളെ മോദി പത്തു വര്‍ഷം ഭരിച്ചു എന്നത് ഒരുപക്ഷെ ചരിത്രത്തിന്റെ സവിശേഷ അധ്യായമായി രേഖെപ്പെടുത്തിയേക്കാം.

മുസ്ലിം ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിക്കാന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴും മോദിക്ക് കഴിയുന്നത് ഇന്ത്യ എന്ന രാജ്യത്തിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെക്കുറിച്ചുള്ള അജ്ഞതയും അത് മനസിലാക്കാനുള്ള അവബോധത്തിന്റെ ആപല്‍ക്കരമായ അഭാവവുമാണ്. അതുണ്ടാക്കുന്ന ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടു ഒരു രാഷ്ട്രീയ നേതാവ് ആര്‍ജ്ജിച്ചെടുക്കുന്ന വിവേകവും സഹാനുഭൂതിയും മോദിയില്‍ അസന്നിഹിതമായിരിക്കുന്നത്. അതിനൊപ്പം ഇന്ത്യന്‍ ജനായത്ത വ്യവസ്ഥയ്ക്ക് കടുത്ത പ്രഹരമേകിയത് മോദിയില്‍ വര്‍ഷങ്ങളായി അടിഞ്ഞുകൂടി വളര്‍ന്ന ഏകാധിപത്യ പ്രവണതകള്‍ കൂടിയാണ്. ബി ജെ പി എന്ന രാഷ്ട്രീയ പാര്‍ട്ടിയെ തന്നെ അപ്രസക്തമാക്കുന്ന രീതിയില്‍ ആത്മരതിയില്‍ ഉന്മാദ നൃത്തം ചവിട്ടുന്ന മോദിയെ നമുക്ക് പത്തുവര്‍ഷക്കാലയളവിലുടനീളം കാണാം. രാജ്യത്തു നടപ്പിലാക്കിയ നോട്ടു നിരോധനം, ജി എസ് ടി, ലോക്ക് ഡൗണ്‍ തുടങ്ങിവ വഴി കോടിക്കണക്കിനു മനുഷ്യര്‍ക്ക് ദുരിതങ്ങള്‍ സമ്മാനിക്കുമ്പോഴും മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പൊള്ളയായിരുന്നു എന്ന് ജനം തിരിച്ചറിയുമ്പോഴും അദ്ദേഹം തന്റെ ആത്മവീര്യം വീണ്ടെടുക്കുന്നത് കപട ദേശീയതയുടെയും മുസ്ലിം വിരോധത്തിന്റെയും 56 ഇഞ്ച് നെഞ്ചളവ് പ്രദര്‍ശിപ്പിച്ചുകൊണ്ടാണ്.

മോദി എന്ന പ്രതിഭാസത്തെ ചരിത്രം രേഖപ്പെടുത്താന്‍ പോകുന്നത് വര്‍ഗീയതയും കോര്‍പ്പറേറ്റു ചങ്ങാത്തവും ചേര്‍ത്തുണ്ടാക്കിയ മാരകമായ രാസ സംയുക്തം ഒരു രാഷ്ട്രത്തിനു നല്‍കിയ വിനാശത്തിന്റെ പേരില്‍ കൂടിയായിരിക്കും. ക്രോണി കാപിറ്റലിസത്തില്‍ നിന്നും ഒളിഗാര്‍ഗിക്ക് ക്യാപിറ്റലിസത്തിലേക്കു ചുവടുമാറുമ്പോള്‍ സംഭവിക്കുന്ന സാമ്പത്തിക നീതിയുടെ പ്രശ്‌നങ്ങളെ മറികടക്കാനും മോദി ആശ്രയിക്കുന്നത് വര്‍ഗീയത ആണെന്ന് കാണാം. അതെ സമയം മോദിക്കു ഹിന്ദുത്വ അജണ്ടയേക്കാള്‍ പ്രതിബദ്ധത തന്റെ കോര്‍പ്പറേറ്റു ചങ്ങാതിമാരോടാണെന്നു കാലാന്തരത്തില്‍ ആര്‍ എസ്സ് എസ്സ് തിരിച്ചറിയുന്നുണ്ട്. ഒരു പക്ഷെ മോദിയുടെ പതനത്തിന്റെ ആക്കം കൂട്ടാന്‍ ആര്‍ എസ്സ് എസ്സ് കൂടി കാരണമാകാം എന്ന വിലയിരുത്തല്‍ ഈ സാഹചര്യത്തിലാണ്.

മോദി വിതച്ച വിദ്വേഷത്തിന്റെ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍

പത്തു വര്‍ഷത്തെ മോദിക്കാലം ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കിയ മുറിവുകള്‍, വിനാശങ്ങള്‍ ഒക്കെ നേരെയാക്കി എടുക്കാന്‍ അടുത്ത പത്തുവര്‍ഷക്കാലയളവ് മതിയാവില്ല എന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്ര ധനമന്ത്രിയുടെ പങ്കാളിയുമായ പരകാല പ്രഭാകര്‍ പറയുന്നുണ്ട്. ഇന്ത്യയുടെ ജനായത്ത വ്യവസ്ഥയുടെ പരിമിതികളെ നേരെയാക്കുന്നതിനു പകരം ഭരണഘടനാ സ്ഥാപനങ്ങളെത്തന്നെ മലിനമാക്കുന്നതിനാണ് മോദി ഭരണകൂടം പ്രാമുഖ്യം നല്‍കിയത്. വര്‍ഗീയതയും കലാപവും ഉപജീവനമാര്‍ഗമാക്കിയ ഒരു വിഭാഗം ജനങ്ങളെ ഈ കാലയളവില്‍ വളര്‍ത്താന്‍ സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്. അവര്‍ സഹവര്‍ത്തിത്വത്തിലും സാഹോദര്യതിലും കഴിഞ്ഞിരുന്ന സമൂഹങ്ങളെ വിഭജിക്കുകയും അവര്‍ക്കിടയില്‍ വിദ്വേഷം പരത്തുകയും ചെയ്തു കഴിഞ്ഞു. ഇതിനെ സമാധാനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലേക്ക് കൊണ്ടുവരാന്‍ നീണ്ട കാലയളവിലെ തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ വേണ്ടി വരും. ഇസ്ലാമോഫോബിയ വളരെ തീവ്രമായി തന്നെ ഭൂരിപക്ഷ സമൂഹങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് ഉത്തരേന്ത്യയില്‍ മാത്രമായിരിക്കുകയില്ല. അതിന്റെ ലക്ഷണങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ വളരെ വ്യക്തമായി പ്രതിഫലിച്ച മണ്ഡലമാണ് വടകര. ഇടതുപക്ഷം തന്നെ ഒരു സ്ഥാനാര്‍ത്ഥിയെ മുസ്ലിം വര്‍ഗീയവാദത്തിന്റെ വക്താവായി അവതരിപ്പിക്കുന്നത് നാം കണ്ടു. വിഭജനത്തിന്റെ മോദിക്കാലം പടിയിറങ്ങിയാലും സാമൂഹ്യ സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാവാന്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമുണ്ടെന്നു സാരം.

തെരഞ്ഞെടുപ്പിന്റെ പല ഘട്ടങ്ങളും അവസാനിക്കുമ്പോള്‍ തനിക്കു നഷ്ടമായ ജനപിന്തുണ തിരിച്ചറിയുന്ന മോദിക്കു സ്വന്തം മാനസിക സമനില തെറ്റിയോ എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. അദാനിയും അംബാനിയും കള്ളപ്പണം കോണ്‍ഗ്രെസ്സിനായി ഒഴുക്കുന്നു തുടങ്ങിയ ജല്‍പ്പനങ്ങള്‍ കേട്ടു തുടങ്ങിയിരിക്കുന്നു. താന്‍ ദൈവത്തിന്റെ അവതാരമാണെന്നും മോദി പറയുന്നു. മോദിയുടെ അപകടകരമായ വ്യകതിത്വം ചികിത്സ തേടേണ്ടതാണ് എന്ന് വ്യക്തം. മോദി പ്രധാനമന്ത്രിയാവുന്നതിനു മുന്‍പ് കാരവനുവേണ്ടി പ്രശസ്ത പത്രപ്രവര്‍ത്തകന്‍ വിനോദ് കെ ജോസ് തയ്യാറാക്കിയ മോദിയുടെ പ്രൊഫൈല്‍ അവസാനിക്കുന്നത് ഒരു ആര്‍ എസ്സ് എസ്സ് നേതാവിന്റെ മോദിയെക്കുറിച്ചുള്ള നിരീക്ഷണത്തോടെയാണ്. മോദിയിലെ ആപല്‍ക്കാരനായ രാഷ്ട്രീയക്കാരനെക്കുറിച്ചു അയാള്‍ പറയുന്നു, ‘മോദി ശിവലിംഗത്തില്‍ കയറിയിരിക്കുന്ന തേളിനെപ്പോലെയാണ്. അതിനെ കൈകൊണ്ടു എടുത്തു കളയാനും കഴിയില്ല, ചെരുപ്പെടുത്തു അടിച്ചു കൊല്ലാനും കഴിയില്ല.’

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഏതു വിധേനെയും അധികാരത്തില്‍ കടിച്ചു തൂങ്ങി തന്റെ ഭൂരിപക്ഷ വര്‍ഗീയ പ്രീണന നയങ്ങള്‍ കൊണ്ട് ദീര്‍ഘകാലം രാജ്യം ഭരിക്കാം എന്ന ഒരു ഏകാധിപതിയുടെ വ്യാമോഹത്തിനു അധികം ആയുസ്സില്ല എന്നുള്ള സന്ദേശമാണ് ഇന്ന് ഇന്ത്യ നല്‍കുന്നത്. വിജയത്തെ കുറിച്ച് മാത്രം ചിന്തിക്കുന്ന മോദിയുടെ തന്ത്രങ്ങള്‍ക്ക് അടിപതറിത്തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തം. ജനായത്തവും സാമൂഹ്യ നീതിയും കാംക്ഷിക്കുന്ന ലോകമെമ്പാടുമുള്ള മനുഷ്യര്‍ വിഭജനത്തിന്റെയും വെറുപ്പിന്റെയും മോദി കാലത്തിനു തിരശീലവീഴുന്ന അസുലഭ മുഹൂര്‍ത്തത്തിനായി കാത്തിരിക്കുകയാണ്. ഇനിയും അങ്ങനെയൊരുകാലം വരാതിരിക്കാനുള്ള ജാഗ്രതയോടെ.

(കടപ്പാട് ജനശക്തി)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply