
ഒരു ജനതയുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് സഹായകരമാകട്ടെ ഈ യാത്ര
സ്വാതന്ത്ര്യാനന്തരം ആസൂത്രണം ചെയ്യപ്പെട്ട പല യാത്രകളും അധികാര രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ആന്ധ്രപ്രദേശില്‍ എന്‍.ടി.രാമറാവുവും രാജശേഖര്‍ റെഡ്ഢിയും മകന്‍ ജഗന്‍ റെഡ്ഢിയും ചന്ദ്രബാബു നായിഡുവും യാത്രകളില്‍ കൂടി അധികാരം നേടിയിട്ടുള്ളവരാണ്. ഭാരതയാത്രയുടെ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞത് ചന്ദ്രശേഖറായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന ഇന്ദിരാവിരുദ്ധര്‍ക്ക് മേലെ വലിയ നേതാവായി അദ്ദേഹം ഉയര്‍ന്നുവന്നത് 80 കളില്‍ ഭാരതയാത്രയോടെയാണ്. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം ചന്ദ്രശേഖറിന്റെ രാഷ്ട്രീയ സാധ്യതകളെയും ഇല്ലാതാക്കി. ചന്ദ്രശേഖറിന്റെ ഭാരതയാത്രയില്‍ നിന്നും രാഹുലിന് പഠിക്കാന്‍ ധാരാളമുണ്ട്.
കാലവര്‍ഷത്തിലെ വെള്ളപ്പാച്ചിലുപോലെ കലങ്ങിമറിഞ്ഞ് ഒഴുകുകയാണ് ഇന്ത്യന്‍ രാഷ്ട്രീയം. മണ്ണും ചെളിയും ഇലയും മരവുമൊക്കെ ഒഴുകി നടക്കുന്നുണ്ട്. ഏത് എന്താണെന്ന് തിരിച്ചറിയാന്‍ എന്നാല്‍ വലിയ ബുദ്ധിമുട്ടാണ്. മഹാരാഷ്ട്രത്തില്‍ ശിവസേനയെ പിളര്‍ത്തി ബിജെപി പുതിയ സര്‍ക്കാര്‍ സ്ഥാപിച്ച് അധികമായിട്ടില്ല. ബീഹാറില്‍ അപ്രതീക്ഷിതമായി നിതീഷ് കുമാര്‍ തന്റെ കളം മാറ്റിയിരിക്കുന്നു. ഒരിക്കല്‍ കൂടി എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് ലാലുപ്രസാദിന്റെ ആര്‍ജെഡിക്കും കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുമൊപ്പം മഹാഗഢ്ബന്ധന്‍ സര്‍ക്കാര്‍ പട്‌നയില്‍ തട്ടിക്കൂട്ടിയിരിക്കുന്നു. ഝാര്‍ഖണ്ഡില്‍ എപ്പോള്‍ വേണമെങ്കിലും ഹേമന്ത് സോറന് മുഖ്യമന്ത്രി പദം നഷ്ടപ്പെടാം. സോറന്‍ ഇല്ലാത്ത ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച- കോണ്‍ഗ്രസ്സ് സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്ന് കണ്ടറിയണം. തെലുങ്കാനയില്‍ ബിജെപി, റ്റിആര്‍എസ് ന് എതിരെ യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞു. ചന്ദ്രശേഖര്‍ റാവു പുതിയ സഖ്യകക്ഷികളെ തപ്പി ദില്ലിയിലും മറ്റും നടക്കുന്നു. റാവുവുമായിട്ടുണ്ടായ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് നിതീഷ് ദില്ലിയിലെത്തി പ്രധാന പ്രതിപക്ഷ നേതാക്കളെ-കോണ്‍ഗ്രസ്സ് നേതൃത്വം, സീതാറാം എച്ചൂരി, ഡി രാജ, ദിവാങ്കുര്‍ ഭട്ടാചാര്യ, അരവിന്ദ് കേജ്‌രിവാള്‍-എന്നിങ്ങനെയുള്ളവരെ കണ്ടത്. ഇന്‍കംടാക്‌സ്-എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുകളെ തുടര്‍ന്ന് നിശ്ശബ്ദമായ മമത ബാനര്‍ജി നിതീഷിന് ഒപ്പമാണ് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
താന്‍ പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി മുഖമല്ല എന്ന് നീതീഷ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതില്‍ നിന്നും ബീഹാര്‍ മുഖ്യമന്ത്രിക്ക് ദേശീയരാഷ്ട്രീയത്തിലാണ് ഇപ്പോള്‍ നോട്ടമെന്നത് വ്യക്തമാണ്. അടുത്ത തിരഞ്ഞെടുപ്പോടുകൂടി ബീഹാറിലെ പ്രധാന ബിജെപി ഇതര രാഷ്ട്രീയത്തിന്റെ നേതൃത്വം തേജസ്വി യാദവിനാകുമെന്ന് ഏതാണ്ട് തീര്‍ച്ചയാണ്. തന്റെ കളിസ്ഥലം മാറ്റേണ്ടതിനെക്കുറിച്ച് നിതീഷ് ബോധവാനാണ്. പട്‌നയില്‍ രണ്ടാം നിരയില്‍ ഒതുങ്ങിക്കൂടുന്നതിനേക്കാള്‍ ദില്ലിയില്‍ ഒന്നാം നിരയില്‍ പ്രതിപക്ഷ നേതാവായിരിക്കുന്നതാവും നല്ലതെന്ന് നിതീഷിന് തോന്നുന്നുണ്ടാവണം. സമാന ചിന്താഗതിയുമായി ആപ്പ് ദേശീയ പ്രതിപക്ഷമായി വളരാന്‍ ശ്രമിക്കുന്നുണ്ട്. ദില്ലിയില്‍ മനീഷ് സിസോഡിയക്കെതിരെയുള്ള റെയ്ഡുകളും ആപ്പിന്റെ പ്രതിഷേധവും ശ്രദ്ധേയമാണ്. ഗുജറാത്തില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്ന ആപ്പിന് തടയിടുക എന്ന ഉദ്ദേശ്യം ഈ റെയ്ഡുകള്‍ക്ക് പിറകില്‍ ഉണ്ടായിക്കൂടെന്നില്ല. തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഗുജറാത്തില്‍ ആപ്പ് കോണ്‍ഗ്രസ്സിനെ പിന്‍തള്ളി രണ്ടാമത്തെ വലിയ പാര്‍ട്ടി ആകുമോ എന്ന ചോദ്യം ഉയര്‍ന്നുവന്നിട്ടുണ്ട്. ദില്ലിയിലും പഞ്ചാബിലും ഭരണവും ഗുജറാത്തില്‍ പ്രധാന പ്രതിപക്ഷസ്ഥാനവും കൈയ്യാളുകയാണെങ്കില്‍ 2024ല്‍ അല്ലെങ്കിലും 2029 ല്‍ പ്രധാന ബിജെപി ഇതര ദേശീയ പ്രതിപക്ഷ പാര്‍ട്ടിയായി ആപ്പ് പൊന്തിവന്നുകൂടെന്നില്ല.
എന്നാല്‍, ഇത്തരമൊരു രാഷ്ട്രീയമാറ്റത്തിന്റെയൊക്കെ പ്രധാന ചാലകശക്തി ഇനിയുള്ള ദിവസങ്ങളില്‍ കോണ്‍ഗ്രസ്സ് എങ്ങനെ രാഷ്ട്രീയത്തില്‍ ഇടപെടുന്നു എന്നതനുസരിച്ചായിരിക്കും. ആ പാര്‍ട്ടിയുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്‌ടോബറില്‍ നടക്കും. ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാളില്‍ നേതൃത്വം നിക്ഷിപ്തമാകുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തന്നെ ഗാന്ധി കുടുംബത്തിന്റെ നേരെയുള്ള വെല്ലുവിളിയായി മാറാന്‍ സാധ്യതയുണ്ട്. രാഹുല്‍ ഗാന്ധി അല്ലെങ്കില്‍ പ്രിയങ്ക അല്ലാത്ത ഏതൊരു സ്ഥാനാര്‍ത്ഥിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നേരിടേണ്ടി വരും. സോണിയയുടെ നോമിനി എന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടുമാത്രം തിരഞ്ഞെടുപ്പ് ഒഴിവാക്കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിയുമെന്ന് തോന്നുന്നില്ല. ജി-23 എന്ന റിബല്‍ സഖ്യം അവരുടെ സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാനിടയുണ്ട്. പാര്‍ട്ടിയുടെ ഇലക്ഷന്‍ പട്ടിക പരസ്യമാക്കണമെന്ന് മനീഷ് തിവാരി, ആനന്ദ് ശര്‍മ്മ, ശശി തരൂര്‍, പ്രദ്യുത് ബോര്‍ദളോയ് തുടങ്ങിയവര്‍ ആവശ്യപ്പെടുന്നത് തിരഞ്ഞെടുപ്പ് സുതാര്യമാരിക്കണം എന്നതിലുപരിയായി തങ്ങളുടെ ശബ്ദം-ആവശ്യങ്ങളും-നേതൃത്വം കേള്‍ക്കേണ്ടതുണ്ട് എന്ന് ബോധിപ്പിക്കാന്‍ വേണ്ടി കൂടിയാണ്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ്സിനകത്ത് പുതിയ സമവാക്യങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ ഒരു സംശയവും ആര്‍ക്കുമില്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഈ പശ്ചാത്തലത്തിലാണ് കന്യാകുമാരിയില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര പുറപ്പെട്ടിരിക്കുന്നത്. ഭാരതത്തെ ഒന്നിപ്പിക്കുക എന്നതത്രേ യാത്രയുടെ ലക്ഷ്യം. ഭാരത് തോഡോ (തകര്‍ക്കുക) എന്ന ബിജെപിയുടെ അജണ്ടയ്ക്ക് ഒരു ബദല്‍ എന്നും ഭാരത് ജോഡോയെ കോണ്‍ഗ്രസ്സ് നേതൃത്വം വിശദീകരിക്കുന്നുണ്ട്. 3,500 കിലോമീറ്റര്‍ ദൂരം കന്യാകുമാരിയില്‍ നിന്നും കേരളം, കര്‍ണ്ണാടകം, മഹാരാഷ്ട്രം, മധ്യപ്രദേശ്, യു.പി., ദില്ലി, ഹര്യാന, പഞ്ചാബ് വഴി ജമ്മു കാശ്മീരില്‍ ആറുമാസമെടുത്ത് നടന്നെത്താനാണ് യാത്രികരുടെ പരിപാടി. യാത്രയിലുടനീളം രാഹുലിന്റെ പ്രത്യക്ഷ സാന്നിധ്യമുണ്ടാകുമെന്നാണ് കോണ്‍ഗ്രസ്സ് നേതാക്കളുടെ പ്രതീക്ഷ. ഇന്ത്യന്‍ പ്രതിപക്ഷരാഷ്ട്രീയത്തിലെ വലിയൊരു നീക്കം തന്നെയാണ് പല കാരണങ്ങളാലും ഭാരത് ജോഡോ അഭിയാന്‍.
ഒന്ന്, രാഹുല്‍ ഗാന്ധി എന്ന ബ്രാന്‍ഡിനു വന്ന മൂല്യശോഷണം തിരിച്ചുപിടിക്കാനുള്ള ശ്രമം യാത്രക്ക് പിന്നിലുണ്ട്. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയുള്ള ഇടങ്ങളില്‍ ഔപചാരികമായ പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത അപൂര്‍വ്വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് രാഹുല്‍. പ്രധാനമന്ത്രിയെ സ്വാഭാവികമായും ആളുകള്‍ക്കറിയാം. അമിത്ഷായും യോഗി ആദിത്യനാഥും അറിയപ്പെടുന്നവര്‍ തന്നെ. മറ്റാര്‍ക്കും ദേശ-ഭാഷാ വേര്‍തിരിവുകള്‍ക്ക് ഉപരിയായ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അമ്പതു വയസ്സു കടന്ന രാഹുല്‍ യാത്രയിലുടനീളം നില്‍ക്കുന്നപക്ഷം പുതിയ രാഷ്ട്രീയ പ്രതിച്ഛായ കൈവരിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍, തങ്ങളുടെ നേതാവ് അതിന് തയ്യാറാവുമോ എന്ന കാര്യത്തില്‍ പല കോണ്‍ഗ്രസ്സുകാര്‍ക്കും സംശയമുണ്ട്. രാഷ്ട്രീയം അധികാരം നേടാനാണ്, ഉപേക്ഷിക്കാനല്ല. അധികാരരാഷ്ട്രീയമാകട്ടെ 24×7 പരിപാടിയാണുതാനും. അവിടെ സ്വകാര്യസമയം എന്നൊന്നില്ല. നേതാവിന്റെ സമയം അണികളുടെ സമയമാണ്, ജനങ്ങളുടെ സമയമാണ്. അങ്ങനെ കൈവരുന്ന ജനസമ്പര്‍ക്കം തന്നെയാണ് നേതാവിന്റെ ഊര്‍ജ്ജം. പല കാരണങ്ങളാല്‍-ഇന്ദിരയുടെയും രാജീവിന്റെയും ദാരുണമരണങ്ങള്‍ അവയില്‍ പ്രധാനം- രാഹുല്‍-പ്രിയങ്ക എന്നിവര്‍ക്ക് ജനസമ്പര്‍ക്കം എളുപ്പമായിരുന്നില്ല. സുരക്ഷാവലയത്തിനുള്ളില്‍ ജനങ്ങളില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടുകൊണ്ടാണ് അവര്‍ രാഷ്ട്രീയം നടത്തിപ്പോന്നിട്ടുള്ളത്. ഭരണാധികാരത്തില്‍ നിന്നും സോണിയയും രാഹുലും അകന്നുനിന്നതില്‍ പോലും മരണങ്ങളുടെ കറുത്ത ഓര്‍മ്മയുണ്ടായിരുന്നിരിക്കാം. അത്തരമൊരു ചരിത്രത്തിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പദയാത്ര.
രണ്ട്, ഏതൊരു പദയാത്രയ്ക്കും വലിയ രാഷ്ട്രീയ മാനമുണ്ട്. ഒരു പാര്‍ട്ടിക്ക്, നേതാവിന്, ആശയത്തിന് ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ പദയാത്രയെക്കാളും സാധ്യമായ മറ്റൊരു വഴിയില്ല. അണികള്‍ക്ക് ആവേശം നല്‍കാനും പ്രതീക്ഷ ഉറപ്പിക്കാനും യാത്രകള്‍ക്ക് സാധിക്കാറുണ്ട്. ഉദാഹരണങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനവധിയുണ്ട്. ഗാന്ധിജിയുടെ ദണ്ഡിയാത്ര സ്വാതന്ത്ര്യസമരത്തെ എങ്ങനെ മാറ്റിമറിച്ചു എന്ന് എല്ലാവര്‍ക്കുമറിയാം. ദണ്ഡിയാത്ര ഒരു വലിയ ആശയമായിരുന്നു. ഉപ്പിനുമേല്‍ ആര്‍ക്കാണവകാശം എന്ന ചോദ്യത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നത് ആരാണ് ഇന്ത്യയുടെ അധികാരി എന്ന വലിയ ചോദ്യമായിരുന്നു. അത് ജനങ്ങളാണ് എന്നാണ് ഗാന്ധിജി പറഞ്ഞത്. കോണ്‍ഗ്രസ്സ് ആണെന്നോ താനെന്ന നേതാവ് ആണെന്നോ അല്ല. ബ്രിട്ടീഷ് അധികാരത്തിന്റെ ഹലഴശശോമര്യ സമ്പൂര്‍ണ്ണമായി ഇല്ലാതാക്കപ്പെട്ടത് ദണ്ഡിയാത്രയോടെയാണ്. എന്നുമാത്രമല്ല ജനങ്ങളാണ് അധികാരികള്‍ എന്ന ജനാധിപത്യത്തിന്റെ ആദ്യപാഠം ജനമനസ്സുകളില്‍ സ്ഥാപിക്കപ്പെട്ടതും ദണ്ഡിയാത്രയ്ക്ക് ശേഷമാണ്. പില്‍ക്കാലത്ത് ഇന്ത്യ കണ്ട യാത്രകളില്‍ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെട്ടിട്ടുണ്ട്. വിനോബാ ഭാവേയുടെ ഭൂദാനയാത്രകള്‍ ഭൂമിയുടെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള ആലോചനകള്‍ ഉയര്‍ത്തിവിടുകയുണ്ടായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ബലപ്രയോഗത്തിലൂടെയുള്ള-ബാലറ്റ് ബുള്ളറ്റുമുള്‍പ്പെടെ-ഭൂമിവിതരണത്തിന് ഒരു ബദല്‍ എന്ന ഉദ്ദശ്യം വിനോബയുടെ യാത്രകളില്‍ അന്തര്‍ലീനമായിരുന്നു. ആ ആശയത്തിന് വളരെ പരിമിതമായ സ്വാധീനം ചെലുത്താന്‍ മാത്രമാണ് കഴിഞ്ഞത് എന്നു മാത്രമല്ല തുടര്‍ച്ചകള്‍ അധികമുണ്ടായതുമില്ല. സമാനമായ കാമ്പയിനുകള്‍ പിവി രാജഗോപാലിന്റെ ഏക്താ പരിഷത്ത് നടത്തുകയുണ്ടായി. (കേരളത്തില്‍ തന്നെ വി.ടിയും എ.കെ.ജിയുമൊക്കെ പട്ടിണിജാഥയും മറ്റും വഴി വലിയ ചോദ്യങ്ങള്‍ ജനസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്.) ഭൂവിതരണം ഭൂപരിഷ്‌ക്കരണമാക്കിയ ഒരു പൊളിറ്റിക്കല്‍ ഇക്കോണമിയില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം, വിനിയോഗം എന്നിവയുടെ അധികാരം സ്വാതന്ത്ര്യാനന്തരം സ്റ്റേറ്റില്‍ നിക്ഷിപ്തമാക്കപ്പെട്ടു. എമിനന്റ് ഡൊമൈന്‍ എന്ന സങ്കല്പത്തില്‍ കൂടി അധികാരി ജനങ്ങളല്ല സ്റ്റേറ്റ് ആണ്എന്ന് നിയമപരമായി സ്ഥാപിക്കപ്പെട്ടു. ഭരണഘടനയുടെ ഒന്നാം ഭേദഗതിയുടെ മറുവശം അത് സ്റ്റേറ്റിന് ഭൂമിയുടെ മേലുള്ള അവകാശം ഒന്നുകൂടി ഉറപ്പിച്ചു എന്നതാണ്. സ്റ്റേറ്റിനാല്‍ ഭൂരഹിതരാക്കപ്പെട്ടവരുടെ എണ്ണം ഇന്ത്യയില്‍ ഇത്രയേറെ ആയതിനു പുറകില്‍ ഇത്തരം നിയമങ്ങളുമുണ്ട്. നര്‍മ്മദ മുതല്‍ വിഴിഞ്ഞം വരെയുള്ള സമരപ്പന്തലുകളില്‍ ഈ പ്രശ്‌നം അലയടിക്കുന്നുണ്ട്.
എന്നാല്‍ സ്വാതന്ത്ര്യാനന്തരം ആസൂത്രണം ചെയ്യപ്പെട്ട പല യാത്രകളും അധികാര രാഷ്ട്രീയത്തിന്റെ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. ആന്ധ്രപ്രദേശില്‍ എന്‍.ടി.രാമറാവുവും രാജശേഖര്‍ റെഡ്ഢിയും മകന്‍ ജഗന്‍ റെഡ്ഢിയും ചന്ദ്രബാബു നായിഡുവും യാത്രകളില്‍ കൂടി അധികാരം നേടിയിട്ടുള്ളവരാണ്. തമിഴ്‌നാട്ടില്‍ കാമരാജിന്റെ അനുയായി കുമരി അനന്തന്‍ ഒരുപാട് നടന്നുവെങ്കിലും അധികാരത്തിലെത്തിയില്ല. ഭാരതയാത്രയുടെ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞത് ചന്ദ്രശേഖറായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന ഇന്ദിരാവിരുദ്ധര്‍ക്ക് മേലെ വലിയ നേതാവായി അദ്ദേഹം ഉയര്‍ന്നുവന്നത് 80 കളില്‍ ഭാരതയാത്രയോടെയാണ്. എന്നാല്‍ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വം ചന്ദ്രശേഖറിന്റെ രാഷ്ട്രീയ സാധ്യതകളെയും ഇല്ലാതാക്കി. 1989 ല്‍ തിരഞ്ഞെടുപ്പായപ്പോഴേക്കും പ്രതിപക്ഷത്തിന്റെ പ്രതീക്ഷ പഴയ കോണ്‍ഗ്രസ്സുകാരന്‍ വി.പി.സിംഗായിക്കഴിഞ്ഞിരുന്നു. തന്റെ നാട്ടുകാരനും തന്നെപ്പോലെ ഠാക്കൂറുമായ വി.പി.സിംഗിന്റെ നേതൃത്വം ചന്ദ്രശേഖര്‍ ഒരിക്കലും അംഗീകരിച്ചുകൊടുത്തില്ല. നാഷണല്‍ ഫ്രണ്ട് സര്‍ക്കാറിന്റെ തകര്‍ച്ചയുടെ കാരണങ്ങളിലൊന്ന് ഈ ചന്ദ്രശേഖര്‍-സിംഗ് പിരിമുറുക്കം കൂടിയായിരുന്നു. ചന്ദ്രശേഖറിന്റെ ഭാരതയാത്രയില്‍ നിന്നും രാഹുലിന് പഠിക്കാന്‍ ധാരാളമുണ്ട്. ഭാരതയാത്ര ചന്ദ്രശേഖറിനെ രാജര്‍ഷിയാക്കി എന്നാല്‍ ജനതാപാര്‍ട്ടിക്ക് എന്തു മെച്ചമുണ്ടാക്കി എന്ന ചോദ്യം പ്രസക്തമാണ്. കിട്ടിയ ഭൂമിയൊക്കെ ട്രസ്റ്റ് വഴി ചന്ദ്രശേഖറില്‍ തന്നെയാണ് നിക്ഷിപ്തമായത്. ജനത സംഘടന ശക്തിപ്പെടുത്തുകയോ ആശയവ്യക്തത കൈവരിക്കുകയോ ചെയ്തില്ല. സമര്‍ത്ഥരായ ബുദ്ധിജീവികളായ നേതാക്കളുണ്ടായിരുന്നിട്ടും കോണ്‍ഗ്രസ്സിനും പില്‍ക്കാലത്ത് ബിജെപിക്കും ഒരു പ്രത്യയശാസ്ത്ര ബദല്‍ നല്‍കാന്‍ ജനതയ്ക്ക് കഴിഞ്ഞില്ല. നേതാവില്‍ നിന്നും സംഘടനയിലേക്ക് പകരേണ്ടുന്ന ഊര്‍ജ്ജം സംഭരിക്കാന്‍ ചന്ദ്രശേഖറിന്റെ ഭാരതയാത്രയ്ക്ക് കഴിഞ്ഞുവെന്ന് തോന്നുന്നില്ല. അത്തരം പരാഗണം സാധിച്ചത് ലാല്‍കൃഷ്ണ അദ്വാനിക്കാണ്. രാമരഥം വഴി അദ്വാനി ബിജെപിയെ വളര്‍ത്തുകയും ഇന്ത്യയെ തളര്‍ത്തുകയും ചെയ്തു. ഭാരത് ജോഡോയുടെ പരിണാമം എന്തായിരിക്കും?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മൂന്ന്, ഭാരത് ജോഡോ കോണ്‍ഗ്രസ്സിന് ഒരു വിശാല രാഷ്ട്രീയ- സിവില്‍ സൊസൈറ്റി സഖ്യത്തിന്റെ നേതൃത്വം ലഭ്യമാക്കിയിട്ടുണ്ട്. 2004 ലെ നാഷണല്‍ അഡൈ്വസറി കൗണ്‍സിലിന്റെ തിരിച്ചുവരവിനപ്പുറം ഇതിലെന്തെങ്കിലുമുണ്ടോ എന്ന് കാത്തിരുന്ന് കാണേണ്ടതാണ്. എങ്കിലും, 2004നപ്പുറത്ത് എക്കാലത്തും കോണ്‍ഗ്രസ്സ് വിരുദ്ധരായി നിലകൊണ്ടിട്ടുള്ള ആനന്ദ് പട്‌വര്‍ദ്ധന്‍ തുടങ്ങിയവരുടെ പിന്തുണ ഇത്തവണ പാര്‍ട്ടിക്ക് ലഭ്യമായിട്ടുണ്ട്. ടി.എം.കൃഷ്ണവരെ നീളുന്നുണ്ട് ഈ ഐക്യനിര. ആപ്പിന്റെ സ്ഥാപക നേതാക്കളിലൊരാളായ യോഗേന്ദ്രയാദവ് ഈ സഖ്യം സാധ്യമാക്കുന്നതിന് മുന്‍കൈ എടുത്തിരുന്നു. സമാനമായ ഒരു ബഹുജന മുന്നണിയായി 2014 ല്‍ ആപ്പ് അവതരിപ്പിക്കപ്പെട്ടത് നമ്മള്‍ മറന്നുകൂടാ. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടത് അത്തരം രാഷ്ട്രീയമല്ല എന്നും മേധാപട്കറോ യാദവ് തന്നെയോ സംഘടനാ പ്രവര്‍ത്തനത്തിന് ഉതകുന്നവരല്ല എന്നും അരവിന്ദ് കേജ്‌രിവാള്‍ തീരുമാനിച്ചതുകൊണ്ട് ആപ്പിന്റെ ആ പരീക്ഷണം പെട്ടെന്നുതന്നെ അവസാനിച്ചു. സംഘടനാപരമായി വളര്‍ന്നുവെങ്കിലും ആശയപരമായി ആപ്പ് ചുരുങ്ങുകയാണുണ്ടായത്. മുമ്പും എഴുതിയിട്ടുള്ളതുപോലെ കുറഞ്ഞ കറന്റ് ബില്ല് പ്രത്യയശാസ്ത്രത്തിന് പകരമാവില്ല. മൗനം എല്ലായ്‌പ്പോഴും ഒരു മികച്ച രാഷ്ട്രീയ തന്ത്രമാകണമെന്നുമില്ല: മത ധ്രുവീകരണത്തിന് കളമൊരുക്കുന്ന അജണ്ടകളില്‍ മൗനം പാലിക്കുകയേ ബിജെപിയെ എതിരിടാന്‍ വഴിയുള്ളൂ എന്ന് ആപ്പ് വിശ്വസിക്കുന്നു. സംഘപരിവാറിന്റെ പൊതുബോധനിര്‍മ്മാണപ്രവര്‍ത്തനങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന രാഷ്ട്രീയതന്ത്രത്തിന്റെ നൈതികത അപകടകരമാണ്. സംഘപരിവാര്‍ അജണ്ട എതിര്‍ക്കപ്പെടേണ്ടതാണ് എന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെന്നപോലെ രാഹുല്‍ ഗാന്ധിക്ക് വ്യക്തതയുണ്ട്-പല കോണ്‍ഗ്രസ്സുകാര്‍ക്കും ഉണ്ടാവണമെന്നില്ലെങ്കില്‍പോലും.
Tricolour is under threat എന്ന് രാഹുല്‍ഗാന്ധി പറയുന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്. കോണ്‍ഗ്രസ്സിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഡിഎംകെക്കുമപ്പുറത്ത് സിവില്‍ സമൂഹത്തിന്റെ വലിയൊരു പരിച്ഛേദം ഈ മുദ്രാവാക്യത്തിനോട് ഐക്യപ്പെടുന്നുണ്ട്. പ്രതിപക്ഷ മുക്ത ഭാരതത്തിനായി അമിത്ഷായും കൂട്ടരും സംഘപരിവാറിനെ ഒരുക്കുമ്പോള്‍ കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളും ഈ മുദ്രാവാക്യം ഏറ്റെടുക്കാനിടയുണ്ട്. (സിബിഐ, ഈഡി, ആദായനികുതി വകുപ്പുകള്‍ക്ക് എന്നിവയ്ക്ക് മറ്റേതു മുദ്രാവാക്യത്തെക്കാളും പ്രതിപക്ഷനിരയെ യോജിപ്പിച്ചു നിര്‍ത്താന്‍ കഴിയുമെന്നത് വേറെ കാര്യം. അതുകൊണ്ടുതന്നെ പ്രതിപക്ഷ ഐക്യത്തെ പൊളിക്കാനും ഭരണകൂടം ഈ ഏജന്‍സികളെ ഉപയോഗിച്ചുകൂടാ എന്നില്ല.)
യാത്രകള്‍ ശാരീരിക വ്യായാമം മാത്രമല്ല മാനസികവ്യാപാരം കൂടിയാണ്. പറയുന്നതിനേക്കാള്‍ കേള്‍ക്കുകയായിരിക്കും യാത്രയിലുടനീളം രാഹുല്‍ എന്ന് ഏതോ കോണ്‍ഗ്രസ്സ് നേതാവ് പറയുകയുണ്ടായി. നല്ല കാര്യം. പറയേണ്ടിടത്ത് പറയേണ്ട കാര്യം സംക്ഷിപ്തമായി പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ മോദി സര്‍ക്കാരിന്റെ സാമ്പത്തികനയത്തെ അദാനി-അംബാനി എന്നു ചുരുക്കി വായിക്കുന്നതും മറ്റും എത്രകണ്ട് ഫലപ്രദമാണ് എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇന്ത്യ മാറിയിരിക്കുന്നു. മുതലാളിത്ത വിരോധികളോ മുതലാളി വിരോധികളോ അല്ല ഇന്നത്തെ ഇന്ത്യ. രാഷ്ട്രീയ അധികാരത്തെക്കുറിച്ചും സാമ്പത്തിക അധികാരത്തെക്കുറിച്ചും വിനിമയത്തെക്കുറിച്ചുമൊക്കെ പുതിയ പരികല്പനകള്‍ ആവശ്യമാണ്. രാഹുലിന്റെ സൂട്ട്-ബൂട്ട് സര്‍ക്കാര്‍ എന്ന പ്രയോഗം ഹിറ്റായിരുന്നു. അതിന്റെ ഓളത്തില്‍ തന്നെയാണോ കോണ്‍ഗ്രസ്സ് നേതാവ് ഇപ്പോഴും എന്ന് സംശയിക്കേണ്ടതുണ്ട്. ഭാരത് ജോഡോ എന്ന മുദ്രാവാക്യം ലളിതവും വ്യക്തവുമാണ്. അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന ആധി മുഴുവന്‍ ജനതയുടേയും ആധിയായി മാറിയിട്ടുണ്ടോ? കുറഞ്ഞപക്ഷം അവരത് തിരിച്ചറിയുന്നെങ്കിലുമുണ്ടോ? ഭാരത് ജോഡോ എന്ന മുദ്രാവാക്യം – ജി ജി പരീഖിന്റെ നേതൃത്വത്തില്‍ നഫ്രത്ത് ഛോഡോ (വെറുപ്പ് ഉപേക്ഷിക്കുക) എന്നൊരു മുദ്രാവാക്യവും സമാനമായി ഉയര്‍ത്തുന്നുണ്ട് – അതിന്റെ എല്ലാ അര്‍ത്ഥധ്വനികളോടൊപ്പം ജനങ്ങളിലേക്ക് വിനിമയം ചെയ്യപ്പെടുകയാണെങ്കില്‍ തന്നെ യാത്ര അതിന്റെ ലക്ഷ്യം കൈവരിച്ചു എന്നു പറയാം. ഒരു ജനതയുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് സഹായകരമാകട്ടെ ഈ യാത്ര.
കടപ്പാട് പാഠഭേദം
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in