മലബാര്‍ വിപ്ലവം – ഇന്ത്യന്‍ ദേശീയസമരത്തിലെ അന്തര്‍ദേശീയ അധ്യായം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അത്യപൂര്‍വതകള്‍ നിറഞ്ഞ ഏടാണ് മലബാര്‍ വിപ്ലവം. കേരളത്തിന്റെനമലയാളത്തിന്റെ ചരിത്രകാലത്തിലെവിടെയും സമാനമോ അടുത്തുനില്‍ക്കുന്നതോ ആയ സമരപോരാട്ടം, 1921ലെ മലബാര്‍ വിപ്ലവത്തോളം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കേരളമെന്ന് നാം വ്യവഹരിക്കുന്ന ഭൂപ്രദേശം, രാജ്യാന്തര തലത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടും വിധമുള്ള മറ്റൊരു സംഭവവും ചൂണ്ടികാണിക്കപ്പെട്ടിട്ടില്ല. എത്ര മൂടിവെച്ചാലും സത്യവും സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആത്മബലികളും ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുമെന്ന് തന്നെയാണ് നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും സജീവമായി നില്‍ക്കുന്ന വിവാദങ്ങള്‍ പറഞ്ഞുവെക്കുന്നത് – സമീല്‍ ഇല്ലിക്കല്‍ രചിച്ച ‘മലബാര്‍ വിപ്ലവം: ചരിത്രം കാണാതെപോയ ജീവിതങ്ങള്‍, ഖബറുകള്‍’ എന്ന പുസ്തകത്തില്‍ നിന്നൊരു ഭാഗം
ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ അത്യപൂര്‍വതകള്‍ നിറഞ്ഞ ഏടാണ് മലബാര്‍ വിപ്ലവം. കേരളത്തിന്റെ\മലയാളത്തിന്റെ ചരിത്രകാലത്തിലെവിടെയും സമാനമോ അടുത്തുനില്‍ക്കുന്നതോ ആയ സമരപോരാട്ടം, 1921ലെ മലബാര്‍ വിപ്ലവത്തോളം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കേരളമെന്ന് നാം വ്യവഹരിക്കുന്ന ഭൂപ്രദേശം, രാജ്യാന്തര തലത്തില്‍ ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടും വിധമുള്ള മറ്റൊരു സംഭവവും ചൂണ്ടികാണിക്കപ്പെട്ടിട്ടില്ല. ലെനിന്‍ മുതല്‍ ഗാന്ധിവരെയുള്ളവരുടെ ശ്രദ്ധ, സയ്യിദ് അബുല്‍ അഅ്‌ല മൗദൂദി മുതല്‍ മര്‍മഡ്യൂക് പിക്താള്‍ വരെയുള്ള മുസ്‌ലിം പണ്ഡിതന്മാരുടെ ഇടപെടല്‍, സംഘ്പരിവാറിന്റെ ദേശവ്യാപകമായ വിദ്വേഷ പ്രചാരണം, രാജ്യത്തിനകത്തും പുറത്തുമുള്ള വിവിധ സര്‍വകലാശാലകളിലെ ഗവേഷണ പ്രബന്ധങ്ങള്‍, ലോകത്തെ വിവിധ ഭാഷകളില്‍ ചരിത്ര പഠന ജീവചരിത്ര നിരൂപണ നോവല്‍ നാടക കാവ്യ ശാഖകളിലായി പ്രസിദ്ധീകരിക്കപ്പെട്ട നൂറിലേറെ പുസ്തകങ്ങള്‍, ന്യൂയോര്‍ക് ടൈംസ് മുതല്‍ ദ ഹിന്ദുവരെയുള്ള ലോകമാധ്യമങ്ങളിലെ പതിവു സാന്നിധ്യം തുടങ്ങി മലബാര്‍ വിപ്ലവമുണ്ടാക്കിയ അലയൊലികള്‍ വിപുലമാണ്.
1921 നവംബറില്‍ ഷികാഗോ ട്രിബ്യുണിന്റെ പ്രത്യേക വിദേശകാര്യ ലേഖകന്‍ തോമസ് റയാന്‍ മലബാറിലെത്തി നേരിട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഏറനാട്ടില്‍ ബ്രിട്ടീഷ് സൈനിക വിഭാഗങ്ങള്‍ മാപ്പിളമാര്‍ക്കെതിരെ റെയ്ഡ് നടത്തുമ്പോള്‍ എംബഡഡ് ജേണലിസ്റ്റായി തോമസ് റയാനുമുണ്ടായിരുന്നു. അന്ന് നടത്തിയ റെയ്ഡിന്റെ ചിത്രങ്ങള്‍ പ്രത്യേകമായി ഷികാഗോ ട്രിബ്യൂണ്‍ പിന്നീട് പ്രസിദ്ധീകരിച്ചു. നൂറു വര്‍ഷം മുമ്പ് അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ഏറനാട് പോലൊരു ഉള്‍നാടന്‍ പ്രദേശത്ത് നേരിട്ടെത്തി മലബാര്‍ വിപ്ലവം റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ അപൂര്‍വമായിരിക്കും. മലബാര്‍ വിപ്ലവത്തെ ബ്രിട്ടീഷ് ഭരണകൂടത്തിന് പുറമെ അന്തര്‍ദേശീയ മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നല്‍കിയതെന്നാണ് ഇത് സൂചിപ്പിക്കുന്നത്. മലബാര്‍ വിപ്ലവത്തെ ആസ്പദമാക്കിയുള്ള ആദ്യ നാടകം എഴുതപ്പെട്ടത് ഇറ്റാലിയന്‍ ഭാഷയിലായിരിക്കും. 1923ല്‍ വടക്കുകിഴക്കന്‍ ഇറ്റലിയിലെ വിസെന്‍സ നഗരത്തില്‍ നിന്ന് പ്രസിദ്ധീകരിച്ച അമില്‍കെയര്‍ മസീത്തിയുടെ ‘ലാ റിവോള്‍ട്ട ഡെല്‍ മലബാര്‍’ ആണത്. തുടര്‍ന്ന് 1924ല്‍ സംഘ്പരിവാര്‍ ആചാര്യന്‍ വി.ഡി. സവര്‍ക്കര്‍ മറാത്തി ഭാഷയില്‍ എഴുതിയ ‘മാപ്പിളൈ ചെ ബന്‍ഡ’, 1927ല്‍ ഡോണള്‍ഡ് സിന്‍ഡര്‍ബൈ ഇംഗ്ലീഷില്‍ എഴുതിയ ‘ദ ജ്വല്‍ ഓഫ് മലബാര്‍’ എന്നീ നോവലുകള്‍ മലബാര്‍ വിപ്ലവം അക്കാലത്ത് തന്നെ ലോകത്തെ വിവിധ തരത്തില്‍ സ്വാധീനിച്ചതിന്റെ ആഴം വ്യക്തമാക്കുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
1921നെ കുറിച്ച് 1922ല്‍ തന്നെ പ്രചാരണ സ്വഭാവത്തിലുള്ള സിനിമ ബ്രിട്ടീഷ് ഭരണകൂടം നിര്‍മിച്ച് യൂറോപ്പിലടക്കം പ്രര്‍ശിപ്പിച്ചിരുന്നു എന്നതില്‍ നിന്ന് മലബാര്‍ വിപ്ലവത്തെ എത്ര ഗൗരവത്തിലാണ് അവര്‍ സമീപിച്ചിരുന്നതെന്ന് വ്യക്തമാവുന്നു. ‘മലബാര്‍ റെബല്ല്യന്‍’ എന്നു പേരിട്ട ഈ സിനിമയിലൂടെയാവും കേരളീയ ഭൂപ്രദേശം ആദ്യമായി ഒരു ചലച്ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുക. ആറ്റം സിനിമാസ് യൂറോപില്‍ പ്രദര്‍ശനത്തിനെത്തിച്ച ഈ ചിത്രം നിര്‍മിച്ചത് ബ്രിട്ടീഷ് സര്‍ക്കാറിന് കീഴിലുള്ള മദ്രാസ് പബ്ലിസിറ്റി ബ്യൂറോയാണ്. 1922 ഡിസംബര്‍ 22ന് കൊല്‍ക്കത്തയില്‍ വെച്ചാണ് സിനിമയുടെ വിതരണാവകാശം വിറ്റതെന്ന് ബ്രിട്ടീഷ് രേഖകള്‍ പറയുന്നു (1). 1922 ജനുവരി ഏഴിന് മലബാര്‍ വിപ്ലവ നായകനും സമാന്തര സര്‍ക്കാരിന്റെ തലവനുമായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും സംഘത്തെയും ചതിയിലൂടെ കീഴടക്കിയ ബ്രിട്ടീഷുകാര്‍ ജനുവരി എട്ടിന് മഞ്ചേരി നഗരത്തിലൂടെ അദ്ദേഹത്തെ വിലങ്ങണിയിച്ച് കൊണ്ടുവരുന്നതും ഏറനാടന്‍ ഗ്രാമങ്ങളില്‍ ബ്രിട്ടീഷ് സൈന്യം റെയ്ഡിനെത്തുന്നതുമടക്കമുള്ള രംഗങ്ങളും ഡോകുമെന്ററി പ്രചാരണ സ്വഭാവത്തിലുള്ള ഈ സിനിമയിലുണ്ടെന്ന് പറയപ്പെടുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗവും ‘വാരിയംകുന്നന്‍’ സിനിമയുടെ അണിയറ പ്രവര്‍ത്തകരും ബ്രിട്ടീഷ് കൊളോണിയല്‍ ചരിത്രത്തിലെ നിര്‍ണായകമായ ഈ സിനിമയുടെ പകര്‍പ്പിനുവേണ്ടി വര്‍ഷങ്ങളായി ശ്രമത്തിലാണ്. അക്കാലത്ത് ലോകത്ത് ലഭ്യമായ ഏറ്റവും മികച്ച മാധ്യമ പ്രചാരണ സംവിധാനങ്ങളാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മലബാറിനെ കുറിച്ച് തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഉപയോഗിച്ചിരുന്നതെന്ന് കൂടിയാണ് ഈ സിനിമ വ്യക്തമാക്കുന്നത്. 1921 ആഗസ്റ്റ് 20ലെ തിരൂരങ്ങാടി ഏറ്റുമുട്ടല്‍, ആഗസ്റ്റ് 25ലെ പൂക്കോട്ടൂര്‍ യുദ്ധം എന്നിവയിലായി ഓരോ അസി. പൊലീസ് സൂപ്രണ്ടുമാരെ (റൗളി, ലങ്കാസ്റ്റര്‍) നഷ്ടപ്പെടുകയും മാപ്പിളമാരോട് പരാജയപ്പെടുകയും ഏറനാട് വള്ളുവനാട് പ്രദേശത്തെ ഭരണം നഷ്ടപ്പെടുകയും ചെയ്ത ബ്രിട്ടീഷ് സര്‍ക്കാര്‍ രണ്ടുമാസത്തിന് ശേഷം ഒക്ടോബര്‍ പകുതിയോടെ മാപ്പിളമാരെ നേരിടാന്‍ പുതിയ സേന വിഭാഗങ്ങളെ മലബാറില്‍ കൊണ്ടുവന്ന ശേഷം നടത്തിയ സൈനിക റൈഡിന്റെ സമയത്താണ് ഡോകുമെന്ററി ഷൂട്ട് ചെയ്തത് എന്നതിന്റെ സൂചന ബ്രിട്ടീഷ് സര്‍ക്കാറിന് വേണ്ടി മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട് ദൈനംദിന ടെലഗ്രാം സന്ദേശങ്ങളുള്‍പ്പെടെയുള്ള സൈനികസിവില്‍ രേഖകള്‍ സമാഹരിച്ച ജി.ആര്‍.എഫ് ടോട്ടന്‍ഹാമിന്റെ ‘മലബാര്‍ റെബല്യന്‍ 1921 -22 എന്ന പുസ്തകത്തിലുണ്ട് (2).
സമാനമായി മാപ്പിള പോരാളികളെ നേരിടാനും അന്നത്തെ ഏറ്റവും മികച്ച സൈനിക സംവിധാനത്തെയാണ് ബ്രിട്ടീഷ് ഭരണകൂടം മലബാറില്‍ ഇറക്കിയത്. ഒന്നും രണ്ടും ലോക ഭീകരയുദ്ധങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യുദ്ധം നയിച്ച ബ്രിട്ടന്റെ ഒന്നാംനിര സൈന്യമാണ് മാപ്പിള പോരാളികളെ നേരിട്ടത്. ക്വീന്‍സ് ബേയുടെ 2/8, 2/9 വിഭാഗങ്ങള്‍, റോയല്‍ ഫീല്‍ഡ് ആര്‍ട്ടിലറിയുടെ (ആര്‍.എഫ്.എ) 67-ാം വിഭാഗം, ആര്‍.എഫ്.എയുടെ 10-ാം നമ്പര്‍ പാക്ക് ബാറ്ററി, ‘ബി’ സിഗ്‌നല്‍ കോര്‍പ്‌സിെന്റ ആറാം സെക്ഷനിലെ രണ്ടാം വയലര്‍ലെസ്‌നടെലഗ്രാഫ് കമ്പനി, ബ്രിട്ടീഷ് പീരങ്കിപടയുടെ 10ാം വിഭാഗം, ഡോര്‍സെറ്റ്‌ഷെയര്‍ റെജിമെന്റ് രണ്ടാം ബറ്റാലിയന്‍, ഒന്നാം ലെയിന്‍സ്റ്റര്‍ റെജിമെന്റ്, സഫോക് റെജിമെന്റ് രണ്ടാം ബറ്റാലിയന്‍, ആര്‍മേഡ് കാര്‍ (കവചിത സൈനിക വാഹനം) എട്ടാം കമ്പനി ഒന്നാം വിഭാഗം, ഗറില യുദ്ധത്തില്‍ പ്രത്യേക പരിശീലനം നേടിയ ബ്രിട്ടീഷ് ഇന്ത്യന്‍ സൈനിക വിഭാഗങ്ങളായ 2/8, 2/9 ഗുര്‍ഖ റൈഫിള്‍സ്, 1/39 റോയല്‍ ഗര്‍വാള്‍ റൈഫിള്‍സ്, 3/70 ബര്‍മ റൈഫിള്‍സ് (ചിന്‍കച്ചിന്‍സ്), 83ാമത് വല്ലാജാബാദ് ലൈറ്റ് ഇന്‍ഫന്‍ട്രി, 64ാമത് പയനീര്‍സ്, സാേങ്കതികപടക്കോപ്പ് വിദഗ്ധരടങ്ങിയ സാപ്പേഴ്‌സ് ആന്റ് മൈനേഴ്‌സിന്റെ ഒമ്പത്, 12 കമ്പനികള്‍, യുദ്ധമേഖലയിലെ തടസങ്ങള്‍ നീക്കുന്നതില്‍ വിദഗ്ധരായ ഇന്ത്യന്‍ കാഷ്വാലിറ്റി ക്ലിയറിങ് സ്‌റ്റേഷന്റെ 31, 33 വിഭാഗങ്ങള്‍, വെടിക്കോപ്പുകള്‍ സൂക്ഷിക്കുകയും വിതരണം ചെയ്യുന്ന ഓര്‍ഡന്‍സ് വിഭാഗം, മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ 15ാം കമ്പനി, 24ാമത് പാക്ക് മുലെ കോര്‍പ്‌സ്, 20ാമത് ഡ്രൗട്ട് മുലെ കോര്‍പ്‌സ്, 30ാമത് മുലെ കോര്‍പ്‌സ്, മലബാര്‍ സ്‌പെഷല്‍ ഫോഴ്‌സ് ഉള്‍പ്പെടെ റിസര്‍വ് പൊലീസിന്റെ ആറ് കമ്പനികള്‍, യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ ശുശ്രൂഷിക്കാനും കൊല്ലപ്പെട്ടവരെ പോസ്റ്റ്‌മോര്‍ട്ടം നടത്തി മറ്റു മരണാനന്തര നടപടിക്രമങ്ങള്‍ സ്വീകരിക്കാനുമുള്ള വൈദ്യ സേവന വിഭാഗമായ റോയല്‍ ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് (പൂക്കോട്ടൂര്‍ യുദ്ധത്തില്‍ ഒരു മാപ്പിള വനിത രക്തസാക്ഷിയായ വിവരം സ്ഥിരീകരിച്ചത് ഈ സൈനിക വിഭാഗത്തിലെ ക്യാപ്റ്റന്‍ സുള്ളിവനാണ് (3)), യുദ്ധാവശ്യര്‍ഥമുള്ള വസ്തുക്കളുടെ നീക്കത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന മൊബൈല്‍ സപ്ലൈസ് അടക്കമുള്ള സൈനിക സാങ്കേതിക വിഭാഗങ്ങളെയും ബ്രിട്ടന്‍ അണിനിരത്തി (4). എല്ലാറ്റിനുമുപരി കൊളംബോയിലെ നാവികസേന കാമന്‍ഡിങ് ആസ്ഥാനത്തുനിന്ന് എച്ച്.എം.എസ് കോമസ് (HMS Comus) എന്ന യുദ്ധക്കപ്പല്‍ സര്‍വായുധ സജ്ജമായി കോഴിക്കോട്ടെത്തി. ഇതിന് പുറമെ മറ്റൊരു യുദ്ധക്കപ്പലായ എച്ച്.എം.എസ് എസ്പീഗ്ള്‍ (HMS Espiegle) അടിയന്തരഘട്ടത്തില്‍ പുറപ്പെടാനായി തയ്യാറാക്കിനിര്‍ത്തി (5). ഇന്ത്യന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് നാവികസേന നേരിട്ട് ഇടപെട്ട സന്ദര്‍ഭവും ഒരു യുദ്ധക്കപ്പല്‍ അയച്ച സന്ദര്‍ഭവും ഒരുപക്ഷേ മലബാര്‍ വിപ്ലവം മാത്രമായിരിക്കും. മെഷീന്‍ഗണ്‍, റോക്കറ്റ് ലോഞ്ചര്‍, പീരങ്കി, കവചിത വാഹനങ്ങള്‍ എന്നിവയടക്കം അന്ന് ലഭ്യമായ ലോകത്തെ ഏറ്റവും മികച്ച വെടിക്കോപ്പുകളും മലബാറില്‍ ഇറക്കി. ഇതിനാല്‍ തന്നെ ആധുനിക കാലത്തെ യുദ്ധം, അതിന്റെ കെടുതികള്‍, വിപ്ലവം, ഗറില ആക്രമണം, സൂയിസൈഡ് ബോംബര്‍ (പൂക്കോട്ടൂര്‍ യുദ്ധം, മൊറയൂര്‍ ഗറില ഏറ്റുമുട്ടല്‍ എന്നിവയിലെ ചാവേറാക്രമണങ്ങളെ കുറിച്ച് വരും അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്), ആംബുഷ് (സൈനിക വാഹനവ്യൂഹത്തിന് നേരെയുള്ള പതിയിരുന്നാക്രമണം) തുടങ്ങിയവ കേരളം അനുഭവിച്ച ഏക സന്ദര്‍ഭം മലബാര്‍ വിപ്ലവമാണെന്ന് പൊതുവില്‍ പറയാം.
1921 ആഗസ്റ്റ് മുതല്‍ 1922 ഫെബ്രുവരി വരെ മലബാര്‍ വിപ്ലവം സംബന്ധിച്ച ഇന്ത്യന്‍ വൈസ്രോയിയുടെ 17 രഹസ്യ രേഖകളാണ് ബ്രിട്ടീഷ് മന്ത്രിസഭാംഗങ്ങള്‍ക്കായി വിദേശകാര്യ സെക്രട്ടറി (ഇന്ത്യ) എഡ്‌വിന്‍ സാമുവല്‍ മൊണ്ടാഗു അച്ചടിച്ച് വിതരണം ചെയ്തതെന്ന് ലണ്ടനിലെ റിച്ച്മൗണ്ട് ക്യുവിലെ നാഷണല്‍ ആര്‍ക്കൈവില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകനായ ആര്‍.കെ. ബിജുരാജ് നിന്ന് കണ്ടെടുത്ത രേഖകള്‍ വ്യക്തമാക്കുന്നു (6). ബ്രിട്ടനില്‍ നിന്ന് വിദൂരത്ത് ഇന്ത്യയുടെ തെക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായ മലബാറിലെ രണ്ട് ഉള്‍നാടന്‍ താലൂക്കുകളില്‍ നടന്ന വെറുമൊരു ‘ലഹള’യായിരുന്നില്ല ഇതെന്നും കത്തിപ്പടര്‍ന്നിരുന്നെങ്കില്‍ കേരളത്തിന്റെ വലിയൊരു ഭാഗം തങ്ങള്‍ക്ക് നഷ്‌പ്പെട്ടേക്കുമെന്നുമുള്ള ഭയം ബ്രിട്ടീഷ് ഭരണകൂടത്തിനുണ്ടായിരുന്നുവെന്നും ഈ രേഖകളില്‍ നിന്ന് വായിച്ചെടുക്കാം (7). അതേസമയം, ലോകശക്തികളുമായും അന്തര്‍ദേശീയ രാഷ്ട്രീയ കാലവസ്ഥയുമായും സൈനികമായി മലബാര്‍ ഇടപെടുന്ന ആദ്യ സന്ദര്‍ഭമായിരുന്നില്ല മലബാര്‍ വിപ്ലവം. 15ാം നൂറ്റാണ്ട് മുതല്‍ കേരള തീരത്തെത്തിയ പോര്‍ച്ചുഗീസുകാര്‍ മുതലുള്ള കൊളോണിയല്‍ വൈദേശിക ശക്തികളോട് ഏറ്റുമുട്ടിയ മാപ്പിളമാരുടെ പോരാട്ട ചരിത്രത്തിലെ ഒടുവിലത്തേതും സവിശേഷവുമായ സംഭവമെന്ന നിലയില്‍ 1921നെ നിരീക്ഷിക്കാവുന്നതാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മലബാര്‍ വിപ്ലവത്തെ അന്തര്‍ദേശീയ ചരിത്ര ഭൂപടത്തിന്റെ ഭാഗമായി കാണാവുന്നതാണെന്ന് നെതര്‍ലന്‍ഡിലെ ലെയ്ഡന്‍ സര്‍വകലാശാലയില്‍ ചരിത്ര ഗവേഷകനായിരുന്ന ഡോ. മഹ്മൂദ് കൂരിയ അഭിപ്രായപ്പെടുന്നു (8). അന്തര്‍ദേശീയ രാഷ്ട്രീയത്തിലും അതിന്റെ അടിയൊഴുക്കുകളിലും മാപ്പിളമാര്‍ നൂറ്റാണ്ടുകളായി ഇടപെട്ടിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 16ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സഹായം തേടി മംലൂക് സുല്‍ത്താനേറ്റിലേക്ക് സാമൂതിരിയുടെ നയതന്ത്ര പ്രതിനിധികളായി കോഴിക്കോട്ടെ മാപ്പിളമാര്‍ ചെന്നിരുന്നു. എന്നാല്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന മംലൂക് സുല്‍ത്താന് മലബാറിനെ സഹായിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, ഈജിപ്തും അറേബ്യയും കീഴടക്കി ലോകരാഷ്ട്രീയ ഭൂപടത്തില്‍ ഉദിച്ചുയര്‍ന്ന ഉസ്മാനിയ ഭരണകൂടത്തിനോട് സാമൂതിരി സഹായം തേടി. അവരുടെ സൈന്യത്തിന്റെ നേരിട്ടുള്ള സഹായത്തോടെയാണ് പിന്നീട് പോര്‍ച്ചുഗീസുകാര്‍ക്കെതിരെ മാപ്പിളമാര്‍ പടനയിച്ചത്. മലബാറിന് പുറമെ, ബിജാപൂര്‍, ഗുജ്‌റാത്ത്, ദാമന്‍ ദിയു എന്നിവിടങ്ങളിലെ ഭരണാധികാരികളേയും അക്കാലത്ത് ഉസ്മാനിയ ഭരണകൂടം സൈനികമായി സഹായിച്ചിരുന്നു. ഇത്തരത്തില്‍ ദീര്‍ഘകാല ബന്ധത്തിന്റെ പിന്തുടര്‍ച്ച എന്ന നിലയില്‍ കൂടിയാണ് ഉസ്മാനിയ ഖിലാഫത്തിന് തകര്‍ച്ച വന്നപ്പോള്‍ തങ്ങളെ ഒരുകാലത്ത് സഹായിച്ചവരെ മറക്കാതിരിക്കുക എന്ന ധാര്‍മികമായ നിലപാട് മാപ്പിളമാര്‍ കൈകൊണ്ടതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നൂറ്റാണ്ടുകള്‍ നീണ്ട ആ പോരാട്ട ചരിത്രത്തില്‍ അവിസ്മരണീയമായ ഏടാണ് മലബാര്‍ വിപ്ലവമെന്ന് നിസ്സംശയം പറയാം. അതിനാലാണ് നൂറു വര്‍ഷങ്ങള്‍ക്കിപ്പുറം മലബാര്‍ വിപ്ലവത്തിന്റെ നെടുനായകത്വം വഹിച്ച വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച സിനിമയുടെ പ്രഖ്യാപനം സംഘ്പരിവാര്‍ ശക്തികളെ പ്രകോപിതരാക്കുന്നതും ഒരേസമയം നാലു സിനിമകള്‍ (9) പ്രഖ്യാപിക്കപ്പെടുന്നതുമടക്കമുള്ള വിവാദങ്ങളുയരുന്നത്.
മലബാര്‍ വിപ്ലവത്തിന്റെ ഹൃദയഭൂമിയായ മലപ്പുറത്തെ കുറിച്ച് മേനക ഗാന്ധിയുടെ ഒരു ട്വിറ്റര്‍ പരാമര്‍ശം പോലും ദേശീയ മാധ്യമങ്ങളില്‍ നിറയുന്നത്ര ഊര്‍ജം ആ വിപ്ലവം അവശേഷിപ്പിച്ചിട്ടുണ്ട് എന്നതും തീര്‍ച്ച. മലബാറിനെയും മാപ്പിളമാരെയും കുറിച്ച് യൂറോപ്യന്‍മാര്‍ നൂറ്റാണ്ടുകള്‍കൊണ്ട് നിര്‍മിച്ചെടുത്ത ‘മതഭ്രാന്തന്മാര്‍’ (fanatics) എന്ന പരികല്‍പനയുടെ തുടര്‍ച്ച മാത്രമാണ് മേനക ഗാന്ധിയുടെ മലപ്പുറത്തെ കുറിച്ച ‘know for its intense criminal activity’ പ്രസ്താവത്തിലുമുള്ളത് (10). ഈ പരികല്‍പനകളത്രയും ഇന്ത്യന്‍ ദേശീയതയുടെ വ്യവഹാരങ്ങള്‍ക്കുളളില്‍ പതിഞ്ഞു കിടക്കുന്നതിനാലാണ് ദേശീയ മാധ്യമങ്ങള്‍ എന്നു ഓമനപ്പേരിട്ടു വിളിക്കുന്ന ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയടക്കമുള്ള സെലബ്രിറ്റികള്‍ക്കും പരിക്കേറ്റ ആനയെ കുറിച്ച ‘തികച്ചും പരിസ്ഥിതി താല്‍പര്യം മാത്രമുള്ള’ ട്വീറ്റുകൊണ്ട് മലപ്പുറം, മുസ്‌ലിം (മാപ്പിള) എന്നിവയെ പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ കഴിയുന്നത് (11). യൂറോപ്യന്മാര്‍ക്ക് കോളനിയാക്കാനും അതു നിലനിര്‍ത്താനുമാണ് കുരിശുയുദ്ധ കാലം മുതലുള്ള മുസ്‌ലിം വംശവെറി വമിപ്പിക്കുന്ന ‘വിഭജിച്ചു ഭരിക്കുക’ പദ്ധതിയുടെ ഭാഗമായുള്ള ഈ പരികല്‍പനകള്‍ ആവശ്യമായിരുന്നതെങ്കില്‍, കോളനിയനന്തര കാലത്ത് ഇന്ത്യന്‍ ദേശീയതക്കകത്ത് ‘ഹിന്ദു ഏകീകരണം’ വഴിയുള്ള അധികാരം ലക്ഷ്യമാക്കി ഉപയോഗിക്കാവുന്ന മികച്ച അപരമായാണ് മാപ്പിള മുസ്‌ലിമിനെ സംഘ്പരിവാര്‍ ഉപയോഗിച്ചത്. ആര്‍.എസ്.എസ് 1925ല്‍ പിറവിയെടുക്കുന്നത് തന്നെ മലബാര്‍ വിപ്ലവത്തെ ഹിന്ദുവംശഹത്യയായി ചിത്രീകരിച്ചു കൊണ്ടാണ്. സവര്‍ക്കറുടെ നോവല്‍ അടക്കമുള്ള വ്യാപകമായ പ്രചാരണങ്ങള്‍ ഇതിനായി ഉത്തരേന്ത്യയില്‍ അരങ്ങേറി.
തികഞ്ഞ ബ്രിട്ടീഷ് പാദസേവകനായിരുന്ന കുമാരനാശാന്‍, വെയില്‍സ് രാജകുമാരനായ എഡ്വേഡില്‍ നിന്ന് 1922 ജനുവരി 13ന് മദ്രാസ് യൂനിവേഴ്‌സിറ്റിയിലെ സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ മഹാകവി പട്ടവും തങ്കവളയും പട്ടു ഷാളും ഏറ്റുവാങ്ങി (12) ആറു മാസത്തിന് ശേഷം ആഗസ്റ്റിലാണ് മലബാര്‍ വിപ്ലവത്തേയും മാപ്പിളമാരേയും തരംതാണ രീതിയില്‍ ഭര്‍ത്സിക്കുന്ന ‘ദുരവസ്ഥ’ എന്ന കവിത എഴുതിയത്. ദുരവസ്ഥക്ക് പുറമെ, 1923ല്‍ മലബാറില്‍ നിന്ന് പ്രസിദ്ധീകരിച്ച ‘ഏറനാട് കലാപം തുള്ളല്‍’ അടക്കമുള്ള അസംഖ്യം സാംസ്‌കാരിക മാലിന്യങ്ങളും നിക്ഷേപിക്കപ്പെട്ടു. പക്ഷേ, എത്ര മൂടിവെച്ചാലും സത്യവും സത്യത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ആത്മബലികളും ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുമെന്ന് തന്നെയാണ് നൂറുവര്‍ഷങ്ങള്‍ക്കിപ്പുറവും സജീവമായി നില്‍ക്കുന്ന വിവാദങ്ങള്‍ പറഞ്ഞുവെക്കുന്നത്.
സൂചിക\കുറിപ്പുകള്‍
1. Search Begins for 1922 film on Malabar Revolt, The Hindu dated 21 April 2016, thehindu.com.
2. ടോട്ടന്‍ഹാമിന്റെ പുസ്തകത്തില്‍, മലബാര്‍ വിപ്ലവവുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാരിന്റെ വിവിധ വിഭാഗങ്ങള്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകളില്‍ 24ാമത്തെ ഇനമായി ‘സിനിമ ഫിലിം’ എന്നുണ്ട്. 1921 ഒക്?ടോബര്‍ 26ന് പൊതുവിഭാഗത്തില്‍ 741ാം നമ്പര്‍ ഉത്തരവായാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇങ്ങിനെ ഉത്തരവുണ്ട് എന്നല്ലാതെ മറ്റു വിവരങ്ങളൊന്നും ടോട്ടന്‍ഹാമി?െന്റ കുറിപ്പിലില്ല. The Malabar Rebellion 1921-1922, GRF Tottanham, Page 429.
3. GRF Tottanham, page 220.
4. ഒന്ന്: Tottanham, page 425, രണ്ട്: The Moplah Rebellion 1921 – 22, Lt.Col ACB Mackinnon, The Army Quarterly, Vol 7, No 2, January 1924, Page 260^277 (ഉദ്ധരണം: മലബാര്‍ കലാപം 1921-22, ഡോ. എം. ഗംഗാധരന്‍, ഡിസി ബുക്‌സ്).
5. British Cabinet Document (Malabar), Moplah Riots, From Viceroy, Home Department 24th August 1921 (ഉദ്ധരണം: മലബാര്‍ കലാപം: ചരിത്ര രേഖകള്‍, പേജ് 270, ആര്‍.കെ. ബിജുരാജ്, ഒലിവ് കോഴിക്കോട്).
6. മലബാര്‍ കലാപം: ചരിത്ര രേഖകള്‍, ആര്‍.കെ. ബിജുരാജ്.
7. 1921 ആഗസ്റ്റ് 24ന് വൈസ്രോയി അയച്ച രഹസ്യ രേഖയില്‍ ഇങ്ങിനെ പറയുന്നു: ‘വടക്ക് ഒഴികെ എല്ലാ ദിക്കുകളിലും കോഴിക്കോട് വലയം ചെയ്യപ്പെട്ടതായി ജില്ല മജിസ്‌ട്രേറ്റ് അറിയിക്കുന്നു. മാപ്പിളമാര്‍ പുറത്തുനിന്നു കടന്നാല്‍ നഗരത്തില്‍ അട്ടിമറിയുണ്ടായേക്കാമെന്നും അദ്ദേഹം അറിയിക്കുന്നു’. മലബാര്‍ കലാപം: ചരിത്ര രേഖകള്‍, പേജ് 270.
8. Malabar rebellion was part of a global historical canvas, Mahmood Kooria, number13.in.
9. After Aashiq Abu’s Vaariyamkunnam, three more directors announce films on Kunjahammad Haji, June 23, 2020, timeosfindia.com.
10. tweet by @Manekagandhibjp on 2020 June 03.
11. Let’s bring an end to these cowaedly acts: Virat Kohli, Sunil Chhetri condemn Kerala elephent killing, indiatoday.in, dated 2020 June 04.
12. N.Kumaranasan, kanic.kerala.gov.in.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in