മലബാർ പോരാട്ടങ്ങളുടെ നാരായവേരുകൾ .. II

മലബാര്‍ പോരാട്ടങ്ങളുടെ നാരായവേരുകള്‍ എന്ന ലേഖനത്തിന്റെ അവസാനഭാഗം

എട്ടാം നൂറ്റാണ്ട് വരേ ഇവിടെ നിലനിന്ന ബൗദ്ധ ജൈന വിഭാഗങ്ങളാണ് കാട് വെട്ടിത്തെളിച്ച് ഈ മണ്ണ് കൃഷിക്ക് അനുയോജ്യമാക്കിയത്. ബിസി മൂന്നാം നൂറ്റാണ്ടിൽ തന്നെ ബൗദ്ധരും ജൈനരും ഇവിടെ വാസമുറപ്പിച്ചിരുന്നു എന്നതിന് അനേകം തെളിവുകളുണ്ട്. ഇവരാണ് കരി, നുകം പോലുള്ള കാർഷിക ഉപകരണങ്ങൾ ആദ്യമായി ഇവിടെ ഉപയോഗിച്ചത് തുടങ്ങിയത് എന്നും പറയപ്പെടുന്നു. അന്ന് ഇവിടെ നില നിന്നിരുന്ന ശൈവ ദ്രാവിഡ വിഭാഗങ്ങളിൽ പലരും അഹിംസക്ക് പ്രാമുഖ്യമു ണ്ടായിരുന്ന ഈ ബൗദ്ധ ജൈന വിഭാഗങ്ങളിൽ ലയിച്ചു ചേർന്നു. അവരുടെ ആത്മീയ പൂരണങ്ങൾക്കായി അവർ കാടുകളിലും കാവുകളിലും പ്രതിഷ്ഠ നടത്തി. കാലക്രമേണ അവ ആരാധനാലയങ്ങളായി വളർന്നു. ബൗദ്ധ സൂക്തങ്ങളിലെ ഏറ്റവും പ്രമാണികമെന്ന് അക്കാലത്ത് കരുതിയിരുന്ന ‘മഞ്ചു ശ്രീമൂലകൽപ്പ’ത്തിൻ്റെ ഏക പകർപ്പ് കണ്ടെത്തിയത് കേരളത്തിൽ നിന്നായിരുന്നു.അങ്ങനെ അദ്ധ്വാനിച്ചും ആഹ്ലാദിച്ചും ആത്മീയമമായും ഭൗതികമായും നേട്ടങ്ങൾ കൈവരിച്ചും ഇവർ സ്വസ്ഥമായ ജീവിതമാണ് ഇവിടെ നയിച്ചിരുന്നത്.
ഇവർക്കിടയിലേക്കാണ് എട്ടാം നൂറ്റാണ്ടോടടുത്ത് വടക്ക്നിന്ന് വൈദിക ബ്രാഹ്മണർ കടന്നു വരുന്നത്. ഈ കുടിയേറ്റത്തിലൂടെയാണ്  സവർണ്ണവർഗ്ഗങ്ങൾ ഇവിടെ ആധിപത്യം സ്ഥാപിച്ചത്. അവർ ജൈനരും ബൗദ്ധരുമടങ്ങുന്നവർ ജീവിച്ചിരുന്ന ഇടങ്ങൾ കയ്യേറി അവരെ കീഴൊതുക്കി. ഭൂമിയുടെ അവകാശം തങ്ങൾക്കാണെന്ന് പറഞ്ഞ് അവർ വൈദിക ബ്രാഹ്മണ്യത്തിൻ്റെ മനുസ്മൃതി നിയമ ങ്ങൾ ഇവിടെ നടപ്പാക്കാൻ തുടങ്ങി. അതിനെ സാധൂകരിക്കാൻ അവർക്ക് പ്രാമുഖ്യമുള്ള മട്ടിൽ ചരിത്രം ചമച്ച് അത് അടിസ്ഥാന വർഗ്ഗങ്ങൾക്ക് മേൽ അവർ അടിച്ചേൽപ്പിച്ചു. എന്തിന്, അത്തരം കീഴാള വിഭാഗങ്ങളെ അടിമകളാക്കി ജോലി ചെയ്യിപ്പിക്കുന്ന പ്രവണതക്കും അന്ന് കേരളത്തിൽ തുടക്കം കുറിച്ചു. ഇതിൻ്റെയൊക്കെ തെളിവായി കരുതാവുന്ന പറയിപെറ്റ പന്തിരുകുലം പോലുള്ള മിത്തുകൾ കൂട്ടിക്കുഴച്ചെടുത്ത് അതിൻ്റെ മേൽത്തട്ടിൽ ബ്രാഹ്മണ മേധാവിത്വത്തെ പ്രതിഷ്ഠിച്ച് കീഴാള സവർണ്ണ ബിംബങ്ങൾ ചേർത്ത് കലർപ്പുകൾ സൃഷ്ടിച്ചെടുത്തു.
നാറാണത്ത് ഭ്രാന്തനും ഉപ്പുകൊറ്റനും പാണനും പാക്കനാരും ചാത്തനും പോലുള്ള കീഴാള മിത്തുകളെ സവർണ്ണതയുമായി ബന്ധിപ്പിക്കുന്ന മട്ടിലാണല്ലോ ആ കഥ വികസിക്കുന്നത്. അതു വഴി തങ്ങൾ ഈ അധസ്ഥിത വിഭാഗത്തിൻ്റെ പിന്നാലെയാണെന്ന് ബ്രാഹ്മണിസം വരുത്തിത്തീർത്തു എന്ന് വേണം കരുതാൻ. അതേ സമയം തന്നെ കീഴാളരെ ക്രൂരമായി പീഢിപ്പിച്ചും അവരുടെ മുതുകിൽ ജാത്യാചാരങ്ങളുടെ വിഴുപ്പു കൂടി ഇവർ കെട്ടിയേൽപ്പിച്ചും ഒരേ സമയം രക്ഷൻ്റേയും ശിക്ഷകൻ്റെയും വേഷം കെട്ടി.
വിക്രമാദിത്യ സദസ്സിലെ കൊട്ടാരം പണ്ഡിതനായിരുന്ന വരരുചിക്ക് പന്തിരുകുലത്തിൻ്റെ തറവാട്ട് കാരണ പദവി കൽപ്പിച്ചു നൽകി.മൂത്ത പുത്രനായ അഗ്നിഹോത്രിയെന്ന കഥാപത്രത്തെ ബ്രാഹ്മണ ഇല്ലത്തിൻ്റെ പശ്ചാത്തലത്തിൽ കീഴാള വിഭാഗ പ്രതിനിധാനങ്ങൾക്കിടക്ക് രക്ഷകനായി പടച്ചുവിട്ടതും കീഴാളരെ വരുതിയിൽനിർത്താനുള്ള ഉപായമായിരുന്നു. ഇങ്ങിനെ ചരിത്രത്തെ പല വിധ തിരുത്തി യെഴുത്തുകളിലൂടെ വൈദിക ബ്രാഹ്മണ്യത്തിൻ്റെ  ചാതുർവർണ്യ നിയമങ്ങൾ നടപ്പിലാക്കാനുള്ള ഭൂമികയാക്കി അവർ ബോധപൂർവ്വം മാറ്റിയെടുത്തു.
എന്നും തനിക്കാക്കി വിടക്കാക്കുകയും വിടക്കാക്കി തനിക്കാക്കുകയും ചെയ്യുന്ന പ്രവണതയുടെ പ്രയോക്താക്കളായിരുന്നു ഈ ബ്രാഹ്മണർ. ഉത്തരേന്ത്യയിൽ ശൈവ വിഭാഗത്തെയും ബൗദ്ധ ജൈന വിഭാഗങ്ങളെയും നിഷ്ടൂരമർദ്ദനങ്ങൾക്കിരയാക്കിക്കൊണ്ടും, അവരുടെ നളന്ത പോലുള്ള കലാശാലകളെ തച്ചുതകർത്തും ദക്ഷിണേന്ത്യയിലേക്കും മറ്റും ആട്ടിപ്പായിച്ച് കരുതിക്കളങ്ങൾ സൃഷ്ടിച്ച അതേ ആര്യൻ ആക്രമണത്തിൻ്റെ പിന്തുടർച്ചയാണ് ഇവിടേയും വൈദിക ബ്രാഹ്മണ്യം നടപ്പിലാക്കിയത്. ഇവിടെ അവർ ബൗദ്ധ ജൈനരുടെ ആവാസ കേന്ദ്രങ്ങൾ മാത്രമല്ല പിടിച്ചെടുത്തത്. അവരുടെ കാവുകളും ആരാധനാ കേന്ദ്രങ്ങളും കയ്യേറി. മനുസ്മൃതിയുടെ ഉച്ഛനീചത്വ കാഴ്ചപ്പാടുകളും മൃഗീയമായ ശിക്ഷാമുറകളുമുപയോഗിച്ച് ജനങ്ങളെ ഭയപ്പെടുത്തി വരുതിയിൽ നിർത്തി. തങ്ങൾക്ക് വഴങ്ങാത്തവരെ നിഷ്ഠൂരമായ മർദ്ദനങ്ങൾക്ക് വിധേയരാക്കി. മനുസ്മൃതിയുടെ ശിക്ഷാരീതികളുടെ മറ്റൊരു പ്രയോഗ തലമായി ഇവിടം മാറി. ബ്രാഹ്മണിസത്തിന് റാൻ മൂളുന്നവരെ കൂടെ നിർത്തി അവരിലേക്ക് മാർഗ്ഗംകൂട്ടി കൂടെ ചേർത്തു. അങ്ങനെ കൂട്ടിച്ചേർത്തവരാണ് ഇന്ന് ജാതിയിൽ ഞങ്ങൾ മേലേയാണെന്ന് നടിച്ച്, തങ്ങൾ ക്ഷത്രിയ വിഭാഗമെന്ന് വീമ്പടിക്കുന്ന നായർ സമുദായങ്ങൾ പോലും. നായർ സ്ത്രീകളെ സ്വന്തം കാമപൂർത്തിക്കുപയോഗിച്ച് ക്രമേണ “സംമ്പന്ധ”മെന്ന അശ്ലീല പദ പ്രയോഗത്തിലൂടെ അതിന് സാധൂകരണം കണ്ടെത്തി. അങ്ങനെ കുറേയൊക്കെ വശീകരണ തന്ത്രം വശമാക്കിയ ഈ സത്രീകൾ നമ്പൂതിരിമാരുടെ കിടപ്പറകളിൽ നിന്ന് പഠിച്ചെടുത്ത പുതിയ പാoങ്ങളാവണം പിന്നീട് മരുമക്കത്താഴമായി വളരുന്നത്.
ഇതു പോലുള്ള സദാചാര വിരുദ്ധതക്ക് വഴങ്ങാത്തവരേയും അതിനെ ചോദ്യം ചെയ്തവരേയുമാണ് ചണ്ടാലരെന്നും ശൂദ്രരെന്നും പറയരെന്നും പുലയരെന്നും തരംതാഴ്ത്തിയത്. മാത്രമല്ല ഈ സവർണ്ണ മാടമ്പിമാർ ബൗദ്ധജൈനരുടെ ആരാധനാലയ ങ്ങൾ കയ്യേറിയതിൻ്റെ നൂറു നൂറു കഥകൾ പ്രാചീന കേരളത്തിന് പറയാനുണ്ട്. കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ വടക്കുനാഥ ക്ഷേത്രം, ചേർത്തല ഭഗവതി ക്ഷേത്രം ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം,  തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. ഇമ്മട്ടിൽ ജൈനരുടേയും അനവധി  ആരാധനാലങ്ങൾ ഇവർ പിടിച്ചെടുത്തിട്ടുണ്ട്. അവയിലൊന്നാണ്‌ പ്രശസ്തമായ ഇരിഞ്ഞാലക്കുട കൂടൽ മാണിക്യ ക്ഷേത്രം.
യൂറോപ്യരുടെ ആഗമനത്തോടെ ഈ നിഷ്ഠൂരതക്ക് അവരുടെ തണലും വൈദിക ബ്രാഹ്മണ്യത്തിന് ലഭിച്ചു. ഈ വൈദിക ബ്രാഹ്മണ്യം അവരുമായി കൈകോർത്തു. ഇമ്മട്ടിൽ കീഴാളരെ കാൽക്കീഴി ലമർത്തി അവരെ കൊണ്ട് എല്ല് മുറിയെ പണിയെ ടുപ്പിച്ച് കലവറകൾ നിറച്ച് എതിരഭിപ്രായമില്ലാതെ നാടുവാഴുന്ന സാഹചര്യത്തിലാണ് തീരദേശങ്ങളി ൽ നിന്ന് മാപ്പിള കുടിയേറ്റവും തുടർന്ന് മൈസൂരിൻ്റെ പടയോട്ടവുമുണ്ടായത്.
മൈസൂരിൻ്റെ പടയോട്ടത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ ആ ഭരണാധികാരികൾ ഹൃസ്വമായ രണ്ടര പതിറ്റാണ്ടു കൊണ്ട്  ഇവിടെ സാധിച്ച മാറ്റവും പരാമർശിക്കേണ്ടതുണ്ട്. അവരുടെ ആഗമനം സ്വാഭാവികമായും ജന്മിത്വത്തിൻ്റെ നുഖക്കീഴിലമർന്ന് ശ്വാസം വിടാൻ ആയാസപ്പെടുന്ന കീഴാള മാപ്പിള സമൂഹങ്ങൾക്ക് ഒരു സാന്ത്വനമായെങ്കിൽ അതിലെന്ത് അൽഭുതം. അവർ സവർണ്ണ ജന്മിത്വ ത്തിന് മുന്നിൽ ശരിക്ക് ശ്വാസം വിടാൻ പോലുമാവാത്ത അവസ്ഥയിലായിരുന്നുവല്ലോ. ഈ കിരാത ചെയ്തികൾ ശ്രദ്ധയിൽ വന്ന മൈസൂർ സുൽത്താൻമാർ ആദ്യം കൈ വെച്ചത് കുത്തഴിഞ്ഞുകിടന്ന അന്നത്തെ സാമ്പത്തിക മേഖലയിലാണ്. കാരണം സമ്പത്തിൻ്റെയും ഭൂമിയുടെ ആധിപത്യത്തിൻ്റെയും ബലത്തിലാണ് ഇവർ കീഴാളരെ പീഡിപ്പിച്ചിരുന്നത്. അതു കൊണ്ടു തന്നെ മൈസൂർ സുൽത്താൻമാർ നികുതി സമ്പ്രദായം സമഗ്രമായി  അഴിച്ചുപണിതു. അവ കൃഷിക്കാരന് കൂടി അനുകൂലമാകുന്ന മട്ടിൽ പരിഷ്കരിച്ചു. പുതിയ പുതിയ റോഡുകളും പാലങ്ങളും നിർമ്മിച്ചു.ഇന്നും മലബാറിൽ കാണുന്ന കൊച്ചുകൊച്ചു റോഡുകൾക്ക് പോലും ടിപ്പു സുൽത്താൻ റോഡ് എന്ന് പേരുള്ളത് ഓർക്കുമല്ലോ. ബാംഗലൂരുവിനെ കോഴിക്കോടുമായി ബന്ധിപ്പിക്കുന്ന ഇന്ന് നമ്മൾ ഉപയോഗിക്കുന്ന രാജപാതക്ക് പോലും തുടക്കമിട്ടത് മൈസൂർ സുൽത്താൻമാരായിരുന്നു. പടയോട്ടത്തിനിടക്ക് അവർ തമ്പടിച്ച സ്ഥ ലമെന്ന നിലക്കാണ് സുൽത്താൻ ബാറ്ററി എന്ന സുൽത്താൻ ബത്തേരിയും ലക്കിടിയുമൊക്കെ നാട്ടുനാമങ്ങളായി ഇന്നും നിലനിൽക്കുന്നത്.
അതെന്തായാലും കാർഷികോൽപ്പന്നങ്ങൾ കണക്ക് കൂട്ടി അതിന് നികുതി നിശ്ചയിക്കുന്ന സമ്പ്രദായം നിലവിൽ വരികയും കയറ്റു മതി പ്രോത്സാഹിപ്പിക്കുക കൂടി ചെയ്തതോടെ പഴയ സാഹചര്യങ്ങൾ മാറി. സ്വയം തൊഴിൽ പരിപോഷിപ്പിക്കാനുള്ള സാഹചര്യങ്ങൾക്കും നല്ല പിന്തുണ അവർ നൽകി. അതൊക്കെ കർഷകന് അവൻ്റെ അധ്വാനത്തിൻ്റെ പങ്ക് കിട്ടുന്ന ഒരവസ്ഥ സംജാതമാക്കി. ഇങ്ങിനെയായപ്പോൾ അവൻ പട്ടിണിയിൽ നിന്ന് ക്രമേണ കരകയറി. ചുരുക്കത്തിൽ ഇത് മുസ്ലിംകൾക്കും കീഴാള ജനവിഭാഗങ്ങൾക്ക് ഒരു പിടിവള്ളിയായി.
ഇതിന് പുറമെ കൃഷി കേന്ദ്രീകരിച്ച് വേറെയും പല പദ്ധതികളും സുൽത്താന്മാർ വളർത്തിയെടുത്തിരുന്നു. പാലങ്ങളും തോടുകളുംനിർമ്മിച്ചു. പട്ടിണിയിലും പ്രാരാബ്ധത്തിലും ഉഴറി നടന്ന ഒരു ജനത നടുനിവർത്തുന്നത് കണ്ട് പക്ഷെ സവർണ്ണ മേലാളന്മാർക്ക് ഇരിക്കപ്പൊറുതിയറ്റു. ഇതിൻ്റെ പരിണിതിയിൽ തങ്ങളുടെ ആധിപത്യത്തിനും സുഭിക്ഷ ജീവിതത്തിനും ഭംഗം വന്നപ്പോഴാണ് പലർക്കും തെക്ക് തിരുവിതാംകൂറിനെ ആശ്രയിച്ച് അങ്ങോട്ട് ഓടിപ്പോകേണ്ടി വന്നത്. ഈ കലിയാണ് ടിപ്പുവിൽ അക്രമിയെന്ന മുദ്ര ചാർത്താൻ അവർക്ക് പ്രേരകമായത്. ഹൈദരും ടിപ്പുവും അമ്പലവും ക്രിസ്ത്യൻ പള്ളികളും ആക്രമിച്ച് തകർത്ത ചരി ത്രം അങ്ങിനെയാണ് ഇവർ രൂപപ്പെടുത്തുന്നത്.
സവർണ്ണ ജന്മികൾ പിൽക്കാലത്ത് മൈസൂരിൻ്റെ പടയോട്ടമാണ് മാപ്പിളമാർക്ക് “ഹാലിളകാൻ” പ്രചോദനമായത് എന്ന് ചരിത്രം ചമച്ചതിൻ്റെ പശ്ചാത്തലം ഇതായിരുന്നു. ഇതിൽ ചില യാഥാർത്ഥ്യമുണ്ട്. ടിപ്പുവിൻ്റെ മലബാർ പ്രവേശം നിസ്വരായി ജീവിതത്തോട് മല്ലിടുന്ന മാപ്പിളമാർക്കും മറ്റ് കീഴാള ജനവിഭാഗങ്ങൾക്കും ഒരു പ്രതീക്ഷയും പ്രത്യാശയുമായിരുന്നപ്പോൾ തന്നെ ജന്മി വർഗ്ഗത്തിനേറ്റ ഇരുട്ടടിയായിരുന്നു എന്നതിൽ സംശയമില്ലല്ലോ.
കുത്തഴിഞ്ഞു കിടന്ന അന്നത്തെ സാംസ്കാരിക അപജയങ്ങൾക്കെതിരേയുള്ള ടിപ്പുവിൻ്റെ നിലപാടും പരാമർശമർഹിക്കുന്നു. സവർണ്ണരിൽ നിന്ന് തീണ്ടാപ്പാടകലം സൂക്ഷിക്കണമെന്ന സവർണ്ണ നിയമങ്ങളെ മൈസൂർ രാജാക്കന്മാർ വെല്ലുവിളിച്ചു. അൻപത്താറടിയും മുപ്പത്താറടിയും സവർണ്ണരിൽ നിന്ന് അകലം സൂക്ഷിക്കണമെന്ന കാടൻ നിയമമായിരുന്നു നിലനിന്നിരുന്നത്. ഇത് കാരണം കീഴ്ജാതിക്കാരുടെ വഴി നടത്തം പോലും നിഷേധിക്കപ്പെട്ടിരുന്നു. ടിപ്പു അതെല്ലാം നിർത്തലാക്കി എ ന്ന് മാത്രമല്ല മാറ് മറക്കാൻ പോലും അവകാശമില്ലാത്ത കീഴാള സത്രീ ജനങ്ങളെ മാന്യമായി വസ്ത്രം ധരിക്കാൻ പ്രേരിപ്പിച്ചു. ചുരുക്കത്തിൽ ജന്മി വർഗ്ഗത്തിൻ്റെ സകല സുഖഭോഗ ജീവതിത്തിൻ്റേയും അന്തകരായി മൈസൂർ സുൽത്താൻമാർ മാറി.
മലബാറിൽ കുത്തഴിഞ്ഞു കിടന്ന നികുതി സമ്പ്രദായത്തെ ആദ്യമായി അഴിച്ചുപണിത് കർഷകരെ കൂടി പരിഗണിക്കുന്ന ഒരു ഭൂനിയമം മലബാറിൽ ആദ്യമായി തുടങ്ങി വെച്ചത് മൈസൂരിൻ്റെ കാലത്താണ് എന്നത് ബ്രിട്ടീഷുകാർ പോലും സമ്മതിക്കുന്ന വസ്തുതയാണ്. മൈസൂരിൻ്റെ ആധിപത്യം വരെ  ജന്മിഭോഗമൊക്കെ  അവർക്ക് തോന്നിയ മട്ടിലായിരുന്നു. അതിനൊരു വ്യവസ്ഥയും ചിട്ടയുമൊക്കെ നൽകിയത് ടിപ്പുവാണ് എന്ന് പറഞ്ഞുവല്ലോ. എങ്കിലും മാപ്പിളകീഴാളരെ സമ്പന്ധിച്ചിടത്തോളം ഈ പ്രതീക്ഷ ഏറെ നാൾ നിലനിന്നില്ല. നൂറ്റാണ്ട് അവസാനത്തോടെ ബ്രിട്ടീഷുകാർ പൂർവ്വാധികം ശക്തി പ്രാപിച്ചു തിരിച്ചു വന്നു. ആയിരത്തി എഴുനൂറ്റി തൊണ്ണൂറ്റി രണ്ടിലെ ശ്രീരംഗ പട്ടണം സ ന്ധിയിലൂടെ മലബാർ ബ്രിട്ടീഷുകാർക്ക് കൈ മാറാൻ ടിപ്പു നിർബന്ധിതനായി. ഈ കൈമാറ്റത്തെ തുടർന്ന ടിപ്പുവിൻ്റെ മലബാറിൽ നിന്നുള്ള പിന്മാറ്റം ഇന്നാട്ടിലെ പീഡിത വർഗ്ഗത്തിൻ്റെ നെറുകയിലേറ്റ കനത്ത പ്രഹരമായിരുന്നു. അവരുടെ പ്രത്യാശകളെ ല്ലാം മലവെള്ളം പോലെ കുത്തിയൊലിച്ചു പോകു ന്ന പോലെയാണ് കീഴാളർക്ക് തോന്നിയത്. മലബാർ അധീനത്തിലായതോടെ ബ്രിട്ടീഷുകാർ ആദ്യം ചെയ്തത് ബ്രാഹ്മണ ജന്മിമാരെ തിരിച്ചുവിളിക്കുകയായിരുന്നു.ജന്മിമാരും ബ്രിട്ടീഷുകാരും ചേർന്ന് നട്ടാൽ മുളക്കാത്ത നുണകൾ ചേർത്ത് പുതിയ ചരിത്രംചമച്ചു. അവിടെ ടിപ്പു അക്രമിയും ക്ഷേത്ര ധ്വംസകനുമായി. കേട്ടറിവുകൾ കൊണ്ട് നിറം പിടിപ്പിച്ച കൊലകളുടെ കഥകൾ രചിച്ച ചരിത്ര പുസ്തകം ഉരുവംകൊണ്ടു.
ചുരുക്കത്തിൽ മാപ്പിളക്കും കീഴാളനും പഴയ അവസ്ഥയിലേക്ക് തിരിച്ചു പോകേണ്ടി വന്നു എന്നതായിരുന്നു ഇതിൻ്റെയൊക്കെ ആത്യന്തിക ഫലം. ഗത്യന്തരമില്ലാതെ അവർ വീണ്ടും തെരുവിലിറങ്ങി. കൃഷി ചെയ്യാൻ ഭൂമിക്ക് വേണ്ടി അവൻ ജന്മിയുടെ കാൽക്കൽ വീണ്ടും അഭയം തേടേണ്ട ഗതികേടിലെത്തി. അതിൻ്റെ പരിണിതിയിൽ പലയിടത്തും പൊട്ടലും ചീറ്റലും തുടങ്ങി. ജന്മിമാരുടെ മൂടുതാങ്ങികളല്ലാത്തവർക്ക് കൃഷിഭൂമി തന്നെ നിഷേധിക്കപ്പെട്ടു. കൈകാൽ പിടിച്ച് പത്തും ഇരുപതും സെൻ്റ്  ഒപ്പിച്ചെടുത്തവരെയാകട്ടെ മേൽ ചാർത്തും കുടിയിറക്കലും നടത്തി പെരുവഴിയിൽ തള്ളി. ഇമ്മട്ടിൽ ജീവിതം തന്നെ വെറുത്തവന് വേറെന്ത് ഗതി?
അങ്ങിനെ ഒന്നുകിൽ ജീവിതം അല്ലെങ്കിൽ മരണം എന്ന അവസ്ഥ അവന് മുന്നിൽ ചോദ്യമായി. ജീവിക്കുകയാണെങ്കിൽ ജന്മികളുടെയും ഭരണകൂടത്തിൻ്റേയും ആട്ടും തുപ്പും സഹിച്ച് അവർക്ക് കീഴൊതുങ്ങണം. ഈ ഒരവസ്ഥയിൽ അതിനേക്കാൾ അവൻ തിരഞ്ഞെടുത്തത് പരലോകത്ത് തന്നെ കാത്തിരിപ്പുള്ള സുരലോക സ്വർഗ്ഗത്തിൻ്റെ പ്രലോപനങ്ങളായിരുന്നു. അവൻ കിട്ടിയ ആയുധങ്ങളുമായി വല്ലഭന് പുല്ലും ആയുധം എന്ന മട്ടിൽ പൊരുതി വീണു.
ഇവ്വിധം എടുത്തു ചാട്ടങ്ങളായിരുന്നു പിന്നീട് നാട്ടിനെ കലുഷമാക്കിയത്. സാമൂതിരിയുടെ നികുതി പിരിവുകാരനായിരുന്ന കപ്രാട്ട് കൃഷ്ണനധികാരി തൻ്റെ കീഴിൽ ജോലി ചെയ്യുന്ന കീഴാള യുവതി ഇസ്ലാം സ്വീകരിച്ച് മാറ് മറച്ചപ്പോൾ അയാൾക്കത് സഹിച്ചില്ല. ആ സ്ത്രീയുടെ മുലക്കച്ച കീറി ഭേദ്യം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ചാണ് കൃഷ് ണപ്പണിക്കരെ മാപ്പിളമാർ വെട്ടിക്കൊന്നത്. അവരെ ബ്രിട്ടീഷ് പട്ടാളം ചേറൂരിൽ വെച്ച് വെടി വെച്ചു കൊന്നു. അവരാണ് ചേറൂർ ശുഹദാക്കൾ എന്നറിയപ്പെടുന്നത്.
ഇസ്ലാമിൽ അസ്പൃഷ്യതക്ക് സ്ഥാനമില്ല.വിശ്വാസം അവരുടെ ജീവശ്വാസമാണ്. അതു കൊണ്ടു തന്നെ ദൈവഭവനങ്ങൾക്ക് അവർ സ്വന്തം ഭവനങ്ങളേക്കാൾ പവിത്രത കൽപ്പിച്ചു. ഇമ്മട്ടിൽ വിശ്വാസികളായ മാപ്പിളമാരുടെ ദൈവിക ഗേഹങ്ങളിൽ ജന്മിമാരും ഭരണകൂടവും കൈവെക്കാൻ തുടങ്ങിയപ്പോൾ അവർ പ്രതികരിച്ചു.അതിൻ്റെ നിദർശനങ്ങളായിരുന്നു എണ്ണൂറുകളിലൊക്കെ സംഭവിച്ച കപ്രാട്ട് സംഭവും മുട്ടിച്ചികയ്യേറ്റവും മലപ്പുറം പോരാട്ടവും മറ്റും.
സാമൂതിരിയുടെ മറ്റൊരു പ്രതിനിധിയായ പാറനമ്പിയുടെ പടയുമായുള്ള ഏറ്റുമുട്ടലിൻ്റെ കഥയാണ് മലപ്പുറം ചരിത്രത്തിന് പിന്നിലുള്ളത്. നമ്പിയുടെ കീഴിൽ നികുതി പിരിവുകാരനായ അലി മരക്കാർ ഒരു ജന്മിയോട് ഇടഞ്ഞതാണ് സംഭവം.നികുതി നൽകാൻ മടിച്ച ഈ ധനാഢ്യനോട് നിയമം എല്ലാവർ ക്കും ബാധകമാണ് എന്ന് പറഞ്ഞ് മരക്കാർ കയർത്തു.യഥാർത്ഥത്തിൽ ഈ ജന്മി പറനമ്പി യുടെ ചാർച്ചക്കാരനായിരുന്നു.അതുകൊണ്ടു തന്നെ ജന്മിയെ ശിക്ഷിക്കുന്നതിന് പകരം നമ്പി മരക്കാറെ വിളിച്ചു വരുത്തി വകവരുത്താനാണ് മുതിർന്നത്. ഈ സംഭവം പുകഞ്ഞാണ് മലപ്പുറം പള്ളി പൊളി ക്കലിൽ എത്തിയത്. അതിനെ തുടർന്നാണ് അൻപതോളം പേർ രക്തസാക്ഷികളായത്.
ഭരണകൂടത്തിൻ്റെ തണലിൽ ജന്മിമാർ ഇമ്മട്ടിൽ ആരാധനാലയങ്ങൾ കയ്യേറുക പതിവായപ്പോൾ അക്കാലത്തെ മുസ്ലിം ആത്മീയ നേതൃത്വമായിരുന്ന മമ്പുറം തങ്ങന്മാർ രംഗത്തിറങ്ങി. മമ്പുറം തങ്ങളുടെ മകൻ സൈഫുൽ ബത്താർ എന്ന പോരാട്ട കൃതിയെഴുതി ബ്രിട്ടീഷുകാർക്ക് തലവേദനയായി. ജന്മിത്വത്തിൻ്റെ മുഷ്കിനെതിരെ പ്രതികരിച്ച കാരണത്താൽ ഈ കൃതി ബ്രിട്ടീഷ് ഭരണകൂടം കണ്ടു കെട്ടി. അക്കാലത്ത് മമ്പുറം മുസ്ലിം സമുദായത്തിൻ്റെ മാത്രമല്ല മറ്റ് കീഴാളരുടേയും അഭയകേന്ദ്രമായിരുന്നു. തങ്ങൻമാർ ആത്മീയമായും ഭൗതികമായും ജനങ്ങളെ ഉണർത്താൻ തുടങ്ങിയ കാലമായി രുന്നു അത്. സയ്യിദ് അലവി തങ്ങൾ സർവ്വ മത വിഭാഗങ്ങളാലും ആദരിക്കപ്പെട്ടിരുന്നു. തങ്ങൾ ജന്മികളുമായും ഭരണകൂടവുമായും നല്ല സൗഹൃദം സൂക്ഷിക്കുമ്പോഴും കീഴാളരോടും മുസ്ലിംകളോടും ചേർന്ന് നിന്ന് അവർക്ക് തണലായി മാറുകയും ചെയ്തു.  ഇദ്ദേഹത്തിൻ്റെ മകനായിരുന്നു സൈഫുൽബത്താർ എഴുതിയ മമ്പുറം ഫസൽ പൂക്കോയ ത്തങ്ങൾ.
സൈഫുൽ ബത്താറിലെ ആശയങ്ങൾ ജന്മിത്വത്തെ വിറളി പിടിപ്പിച്ചു. നീ എന്ന് ഇങ്ങോട്ട് വിളിക്കുന്നവനെ അങ്ങോട്ടും നീ എന്ന് സംബോധന ചെയ്യണമെന്നും നമ്പൂതിരിമാരുടെ ഉച്ഛിഷ്ടം ബുജിക്കരുത് എന്നും മാറ് മറക്കാതെ സത്രീ ജനങ്ങൾ പുറത്തിറങ്ങരുത് എന്നും മറ്റുമുള്ള അതിലെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട സാധാരണ ജനങ്ങൾക്കത് പോരാട്ടത്തിനുള്ള ഊർജ്ജമായി മാറി. സൈഫുൽ ബത്താർ ബ്രിട്ടീഷ് ഭരണകൂടം കണ്ടു കെട്ടുക മാത്രമല്ല അത് എഴുതിയ ഫസൽ പൂക്കോയ തങ്ങളെ മക്കയിലേക്ക് നാട് കടത്തുക കൂടി അവർ ചെയ്തു. ഇതിന് നേതൃത്വം നൽകിയ അന്നത്തെ കലക്ററർ കനോലിസായ് വിനെ ഒരു സംഘം മാപ്പിളമാർ കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള അദ്ദേഹത്തിൻ്റെ ബം ഗ്ലാവിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കനോലിയുടെ കൊലയിൽ പങ്കു വഹിച്ച അഞ്ചു മാപ്പിളമാരെ പിന്നീട് കൊണ്ടോട്ടിക്കടുത്തുള്ള എടവണ്ണപ്പാറയിൽ വെച്ച് പീരങ്കിയുപയോഗിച്ച് അവർ താമസിച്ച വീട് തകർത്താണ് ബ്രിട്ടീഷ് പട്ടാളം കൊലപ്പെടുത്തിയത്.
ഇവ്വിധം പ്രക്ഷുബ്ധമായി മലബാർമുന്നോട്ട് നീങ്ങി. പൂർവ്വാധികം ശക്തിയോടെ ജന്മിത്വത്തിനും ഭരണകൂടത്തിനുമെതിരിലുള്ള പോരാട്ടങ്ങളാൽ ഇവിടം മുഖരിതമായി.ഗന്ധിജിയുടെ ആഗമനം ബ്രിട്ടീഷുകാർക്കും ജന്മികൾക്കും വീണ്ടും തലവേദനയായി. അതിനിടക്ക് ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടൻ്റെ ചതി മുതലെടുത്ത് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ മാപ്പിളമാരെ വീണ്ടും അവർ ഉണർത്തി വിട്ടു. 1920 ലെ മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിലൂടെ മാപ്പിളമാരും കീഴാളരും സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായി മാറി. ഒടുവിൽ കലാപം വഴി മാറിയപ്പോൾ കോൺഗ്രസും അവരെ കയ്യൊഴിഞ്ഞു.
മലബാർ സമരങ്ങൾ ഇരുപത്തിയൊന്നിൽ ഒതുക്കി നിർത്താവുന്ന കേവലം ഒരു മതഭ്രാന്തിൽ നിന്ന് ഉയർന്നതല്ല എന്ന് പറയുന്നത് ഈ അർത്ഥത്തിലാണ്. നൂറ്റാണ്ടുകളിലൂടെ  കീഴാളരും മാപ്പിളമാരും സഹിച്ച ത്യാഗത്തിന് അവർ നൽകിയ വിലയാണത്. അത് ഒരു ജനതയുടെ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമായിരുന്നു. അതു കൊണ്ടു തന്നെ കൊളോണിയലിസത്തിനെതിരേയും ജന്മിത്വത്തിനെതിരെയും ജീവൻ തൃണവൽക്കരിച്ചു നടത്തിയ ഈ മുന്നേറ്റത്തെ കേവലം തിരൂരങ്ങാടി സംഭവത്തിൽ  ഒതുക്കി നിർത്താവുന്നതുമല്ല.
(അവസാനിച്ചു.)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply