മധുവിന് ലഭിച്ചത് നീതിയല്ല, ആശ്വാസം മാത്രം

സംഭവത്തിന്റെ സാമൂഹ്യവശമാണ് പ്രധാനം. അതിലേക്കു പക്ഷെ വിധി കടക്കുന്നില്ല. കുറ്റകൃത്യത്തിലേക്ക് നയിച്ച വംശീയബോധം നിയമപരമായോ സാമൂഹ്യമായോ ശിക്ഷിക്കപ്പെടുന്നില്ല. പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ പീഡന നിരോധന വകുപ്പൊക്കെ ചാര്‍ത്തപ്പെട്ടിരുന്നെങ്കിലും കുറ്റകൃത്യത്തിനു ആനുപാതികമാണ് ശിക്ഷ എന്നു പറയാനാവില്ല. അപ്പീലില്‍ അതിനിയും കുറയുമോ എന്ന ഉഭയവും അസ്ഥാനത്തല്ല.

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിന്റെ ആള്‍ക്കൂട്ടകൊലപാതകത്തില്‍ കാത്തിരുന്ന ശിക്ഷാവിധിയും പുറത്തുവന്നു. ഏഴുവര്‍ഷത്തെ കഠിനത്തടവാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സാമൂഹ്യനീതിയിലും നൈതികതയിലും വിശ്വസിക്കുന്നവര്‍ക്ക് നിരാശ സമ്മാനിക്കുന്നതാണ് വിധിയെന്നു പറയാതിരിക്കാനാവില്ല. മധുവിന്റെ മാതാവും സഹോദരിയും അതുതന്നെയാണ് പറയുന്നത്. അവര്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നു പറഞ്ഞുകഴിഞ്ഞു. രണ്ടുപേരൊഴികെയുള്ളവരെല്ലാം കുറ്റവാളികളാണെന്ന കഴിഞ്ഞ ദിവസത്തെ വിധി സമ്മിശ്രപ്രതികരണമാണ് സൃഷ്ടിച്ചിരുന്നത്. ഒരു വിഭാഗം സാമൂഹ്യപ്രവര്‍ത്തകര്‍ കുറ്റവാളികളാണെന്ന കണ്ടെത്തലില്‍ തൃപ്തി പ്രകടിപ്പിച്ചെങ്കിലും അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കാനിടയില്ലാത്തതില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. അതേസമയം മന്ത്രിമാരടക്കം വലിയൊരു വിഭാഗമാകട്ടെ മധുവിനു നീതി ലഭിച്ചെന്ന് വ്യാപകപ്രചരണം നടത്തുകയായിരുന്നു. നടത്തുകയായിരുന്നു.

സാക്ഷികളുടെ കൂറുമാറ്റവും വേതനം കിട്ടാത്തതിനാല്‍ പ്രൊസിക്യൂട്ടറുടെ മാറ്റങ്ങളും സര്‍ക്കാരിന്റെ ഉദാസീനതയും മൂലം പൂര്‍ണ്ണമായും തള്ളിപ്പോകുമെന്നു ആശങ്കപ്പെട്ടിരുന്നതിനാലാകാം, മധുവിനു നീതി ലഭിച്ചതായി കഴിഞ്ഞ ദിവസം പൊതുവില്‍ വിലയിരുത്തപ്പെട്ടത്. സത്യത്തില്‍ ഇത്തരം പ്രതിബന്ധങ്ങള്‍ക്കിടയിലുണ്ടായ ഈ വിധി ആശ്വാസം മാത്രമാണ്, നീതിയല്ല. വിധി പൊതുവികാരത്തെ ചിലപ്പോള്‍ തൃപ്തിപ്പെടുത്തുമായിരിക്കും. സാങ്കേതികമായി ഇതേ സാധ്യമാകൂ എന്നു നിയമവിദഗ്ധര്‍ പറയുമായിരിക്കും. പറയുന്നുമുണ്ട്. എന്നാല്‍ സംഭവത്തിന്റെ സാമൂഹ്യവശമാണ് പ്രധാനം. അതിലേക്കു പക്ഷെ വിധി കടക്കുന്നില്ല. കുറ്റകൃത്യത്തിലേക്ക് നയിച്ച വംശീയബോധം നിയമപരമായോ സാമൂഹ്യമായോ ശിക്ഷിക്കപ്പെടുന്നില്ല. കേസില്‍ ചാര്‍ത്തപ്പെടുന്ന വകുപ്പുകളില്‍ സുപ്രധാനമായ ഐപിസി 302, 300 വകുപ്പുകള്‍ (കൊലപാതകം, കൊലപാതകത്തിനുള്ള ശിക്ഷ) ഇല്ലാതെവരികയും ചെയ്തു. പട്ടിക ജാതി / പട്ടിക വര്‍ഗ്ഗ പീഡന നിരോധന വകുപ്പൊക്കെ ചാര്‍ത്തപ്പെട്ടിരുന്നെങ്കിലും കുറ്റകൃത്യത്തിനു ആനുപാതികമാണ് ശിക്ഷ എന്നു പറയാനാവില്ല. അപ്പീലില്‍ അതിനിയും കുറയുമോ എന്ന ഭയവും അസ്ഥാനത്തല്ല.

മനപ്പൂര്‍വും ആസൂത്രിതവുമായ കൊലയല്ലെങ്കിലും, മരിച്ചാലും സാരമില്ല എന്ന നിലയിലെ പ്രതികളുടെ ആക്രമണം തന്നെയാണ് മരണകാരണം. അതിന് പുറകില്‍ പ്രവര്‍ത്തിക്കുന്നത് പ്രതികളുടെ ജാതിബോധവും അതില്‍നിന്നുണ്ടായ ക്രൂരതയുമാണ്. അതിനെ തിരിച്ചറിഞ്ഞുണ്ടായ കുറ്റനിര്‍ണയമല്ല നടന്നത്. മറിച്ച് ഒരു കള്ളനെ പിടിക്കുമ്പോള്‍ വളരെ സാധാരണമായി ചെയ്ത ഒരു ജനകൂട്ടത്തിന്റെ അതിരുകടന്ന പ്രതികരണം മാത്രം എന്ന നിലയിലാണ് കോടതി ഇതിനെ മനസ്സിലാക്കിയത്. ഭക്ഷണത്തിനായി മോഷ്ടിക്കേണ്ടിവരുന്ന ഒരു വ്യക്തി എങ്ങനെ ഉണ്ടായെന്ന് അഭിസംബോധന ചെയ്യുന്നില്ല. രാജ്യത്തെ പിന്നോക്ക -ദലിത്- ആദിവാസി – ലൈംഗിക ന്യൂനപക്ഷ ജനതകള്‍ നേരിടുന്ന ആള്‍ക്കൂട്ടആക്രമണങ്ങളെല്ലാം ഇനിമുതല്‍ ഇത്തരത്തില്‍ അഭിസംബോധന ചെയ്യപ്പെടാം എന്ന അപകടവും ഈ വിധിയില്‍ ഒളിഞ്ഞിരിപ്പുണ്ട്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അതിനിടെ മധുവിന് നീതിവാങ്ങി കൊടുത്തത് സര്‍ക്കാരാണെന്നവകാശപ്പെട്ട് മന്ത്രിമാരടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇവരിതു പറയുമ്പോള്‍ അതല്ലാതെ മറ്റെന്താണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നാണ് തിരിച്ചുചോദിക്കേണ്ടത്. അതേസമയം ഈ കേസില്‍ ആ ഉത്തരവാദിത്തം കൃത്യമായി നര്‍വ്വഹിച്ചോ എന്നാണ് പരിശോധിക്കേണ്ടത്. മുഖ്യമന്ത്രി നേരിട്ട് മധുവിന്റെ വീട് സന്ദര്‍ശിച്ചുകൊണ്ടാണ് കൊലയാളികള്‍ക്ക് തക്കശിക്ഷ വാങ്ങിക്കൊടുക്കുമെന്ന ഉറപ്പ് നല്‍കിയതെന്ന് മന്ത്രി രാജീവ് ചിത്രസഹിതം ഓര്‍മ്മിപ്പിക്കുന്നതു കണ്ടു. ആ വാക്കുപാലിച്ചു എന്നാണ് രാജീവി പറയുന്നത്. എന്നാല്‍ നാലുവര്‍ഷത്തോളം വിചാരണ തുടങ്ങാനുള്ള നടപടിപോലും സ്വീകരിക്കാതിരുന്നതും പ്രൊസിക്യൂട്ടര്‍മാര്‍ക്ക് വേതനം നല്‍കാതിരുന്നതും മറക്കാതിരുന്നു കൂട. പണമി്‌ല്ലെന്നായിരുന്നു ന്യായീകരണം. ആ സമയത്തായിരുന്നു കാസര്‍ഗോട്ടെ ഇരട്ടകൊലപാതക പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് രാജ്യത്തെ പ്രഗത്ഭ അഡ്വക്കേറ്റുമാരെ കൊണ്ടുവന്നത് എന്ന് രാജീവ് മറന്നാലും പലരും മറക്കില്ല. കൃത്യമായി വേതനം ലഭിക്കാതെ പോലും ആത്മാര്‍ത്ഥമായി കേസുവാദിച്ച ഇപ്പോഴത്തെ പ്രൊസിക്യൂട്ടര്‍ ഇല്ലായിരുന്നെങ്കില്‍ ഈ ആശ്വാസ വിധിപോലും ഉണ്ടാകുമായിരുന്നില്ല എന്നതാണ് വസ്തുത. സത്യത്തില്‍ മലയിറങ്ങി മധുവിന്റെ അമ്മയും പെങ്ങളും ഊരിലെ കൂട്ടരും, അവരുടെ ശബ്ദമായി മാറിയ വി എം മാര്‍സണ്‍, പ്രതിബദ്ധതയും ബുദ്ധിയും കൊണ്ട് കേസിന്റെ ഗതി തന്നെ മാറ്റിയ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് മേനോന്‍, അഡ്വ: ശ്യാം, അഡ്വ: അഭിഷേക് എന്നിവരാണ് ഈ വിധിക്കെങ്കിലും കാരണക്കാര്‍. കൂറുമാറ്റിയ സാക്ഷികള്‍ക്കെതിരെ കര്‍ശനമായ നിലപാടെടുക്കാന്‍ കഴിഞ്ഞതും സാക്ഷിസംരക്ഷണനിയമം നടപ്പാക്കിയതും വീണ്ടും ചോദ്യം ചെയ്തതുമാണ് ഏറ്റവും വലിയ നേട്ടമായത്. ആ ഘട്ടത്തിലൊക്കെയുണ്ടായ പൊതുജനവികാരവും ഗുണകരമായെന്നു പറയാതിരിക്കാനാവില്ല.

നിരന്തരമായി മറ്റു സംസ്ഥാനങ്ങളെ അധിക്ഷേപിക്കലാണല്ലോ നമ്മുടെ ഭരണാധികാരികളുടെ പരിപാടി. ഈ കേസുമായി ബന്ധപ്പെട്ടും പി രാജീവ് അതാവര്‍ത്തിക്കുന്നു. മറ്റിടങ്ങളില്‍ നാം കാണുന്നതുപോലെ കേരളത്തില്‍ ആള്‍ക്കൂട്ടനീതിശാസ്ത്രമനുസരിച്ച് വിധി പ്രഖ്യാപിക്കുവാനും നടപ്പാക്കാനും ഒരാള്‍ക്കൂട്ടത്തെയും അനുവദിക്കില്ല എന്നാണത്. യാഥാര്‍ത്ഥ്യം എന്താണ്? മധുവിന്റെ ആള്‍ക്കൂട്ടക്കൊലക്കുശേഷം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സമാനസംഭവം നടന്നതും വിശ്വനാഥന്‍ എന്ന ആദിവാസി യുവാവ് മനംനൊന്ത് ആത്മഹത്യ ചെയ്തതും രാജീവ് ഇത്രവേഗം മറന്നോ? ഏതാനും ദിവസം മുമ്പല്ലേ സുഹൃത്തിന്റെ വീട്ടില്‍ പോയതിന് തൃശൂരിലൊരു യുവാവിനെ തല്ലിക്കൊന്നത്? തിരുവനന്തപുരത്ത് പോലീസുകാരല്ലേ മനോഹരന്‍ എന്ന യുവാവിനെ കൊന്നുകളഞ്ഞത്? എത്രയോ ദുരഭിമാന ആള്‍ക്കൂട്ട കൊലകളും അടുത്തകാലത്തു നടന്നു. ഇത്തരം സംഭവങ്ങള്‍ക്കുനേരെ കണ്ണടച്ചാണ് രാജീവ് ഈ അവകാശവാദം നടത്തുന്നത്.

സ്വാഭാവികമായും വിശ്വനാഥന്റെ മരണത്തില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമോ എന്നുതന്നെയാണ് ഈ വിധിക്കുശേഷം എല്ലാവരും ഉറ്റുനോക്കുക. ആശുപത്രിയില്‍ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിക്കാന്‍ വന്ന വിശ്വനാഥനെ മോഷ്ടാവെന്നാരോപിച്ച്, മധുവിനെ മര്‍ദ്ദിച്ചപോലെതന്നെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചതായി ദൃക്സാക്ഷികള്‍ പറയുന്നു. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അതു ശരിയാണെന്നു സമ്മതിച്ചാല്‍ തന്നെ അതിനു കാരണം ആള്‍ക്കൂട്ട അക്രമണമാണെന്ന് പകല്‍പോലെ വ്യക്തമാണ്. മുകളില്‍ സൂചിപ്പിച്ചപോലെ ഈ കേസിലും ആല്‍ള്‍ക്കൂട്ട അക്രമണങ്ങള്‍ മൂലമുള്ള മരണമായതിനാല്‍ കരുതികൂട്ടിയുള്ള നരഹത്യയായി തന്നെ ചാര്‍ജ്ജ് ചെയ്യണം. ഒരാളുടെ ജാതിയും നിറവും വസ്ത്രധാരണവും ഭാഷയുമൊക്കെ നോക്കി കളളനാണെന്നു മുദ്രകുത്തുന്ന മലയാളി പൊതുബോധം തന്നെയാണ് വിശ്വനാഥന്റെ മരണത്തിനു കാരണം. മര്‍ദ്ദിച്ചവര്‍ക്കു മാത്രമല്ല, ഈ പൊതുബോധം പേറുന്ന എല്ലാവര്‍ക്കും അതില്‍ ഉത്തരവാദിത്തമുണ്ട്. ആദിവാസികളടക്കം അരികുവല്‍ക്കരിക്കപ്പെട്ടവര്‍ രണ്ടാംതര പൗരന്മാരും മോഷ്ടാക്കളും ക്രിമിനലുകളും മദ്യപാനികളുമാണെന്ന ജാതീയ-വംശീയ ബോധ്യമാണ് ആധുനികരെന്നു സ്വയം അഹങ്കരിക്കുന്ന മലയാളിയുടേത് എന്നതുതന്നെയാണ് സത്യം. ഈ ബോധ്യമാണ് ഒരു തെളിവുമില്ലാതെ വിശ്വനാഥനാണ് മോഷ്ടാവെന്നു തീരുമാനിച്ച മെഡിക്കല്‍ കോളേജ് പോലീസിന്റേതും സെക്യൂരിറ്റിക്കാരുടേയും. sc/st കമ്മീഷന്‍ വിഷയത്തില്‍ ഇടപെടുകയും അസ്വാഭാവിക മരണത്തിനു മാത്രം കേസെടുത്ത പോലീസിനെ വിമര്‍ശിക്കുകയും sc/st പീഡന നിരോധന നിയമപ്രകാരം തന്നെ കേസെടുക്കണമെന്ന് നിര്‍ദ്ദേശിക്കുകയും കറുത്തവരോടും വസ്ത്രം മോശമായി തോന്നുന്നവരോടുമുള്ള നമ്മുടെ സമീപനം മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് അല്‍പ്പം പ്രതീക്ഷ നല്‍കുന്നത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആദിവാസികള്‍ കാലങ്ങളായി നേരിടുന്ന സാമൂഹ്യവിവേചനത്തിന്റെ അനന്തരഫലമാണ് ഇത്തരം സംഭവങ്ങള്‍. അതിനാല്‍ തന്നെ അതവസാനിപ്പിക്കുക എന്ന ലക്ഷ്യം പൊതുസമൂഹത്തിനു വേണം. അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ആ ദിശയില്‍ മുത്തങ്ങ സമരത്തിന്റെ വാര്‍ഷികവേളയില്‍ ആദിവാസി – മനുഷ്യാവകാശ സംഘടനകള്‍ കുറെ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ആദിവാസികളുടെ മാത്രമല്ല, അരികുവല്‍്ക്കരിക്കപ്പെടുന്ന മുഴുവന്‍ സമൂഹങ്ങളുടേയും ആവശ്യങ്ങളാണിവ. ഈയവസരത്തില്‍ അവ ഒരിക്കല്‍ കൂടി സര്‍ക്കാരിനു മുന്നില്‍ വെക്കട്ടെ. വനാവകാശനിയമം-പെസ നിയമം നടപ്പാക്കുക, ബഫര്‍ സോണ്‍ റദ്ദാക്കുക, വയനാട് വന്യജീവി സങ്കേതവിജ്ഞാപനം പുനഃപരിശോധിക്കുക,, ദലിത്-ആദിവാസി വിഭാഗങ്ങള്‍ക്ക് പ്രത്യേക നിയോജകമണ്ഡലം ഏര്‍പ്പെടുത്തുക, തണ്ണീര്‍തട ആശ്രിത സമൂഹങ്ങള്‍ക്ക് വനാവകാശം പോലുള്ള നിയമം നടപ്പാക്കുക, തീരദേശമത്സ്യതൊഴിലാളി സമൂഹങ്ങള്‍ക്ക് കടലവകാശനിയമം കൊണ്ടുവരിക,, ആദിവാസി പുനരധിവാസ പാക്കേജ് സമ്പൂര്‍ണ്ണമായി നടപ്പാക്കുക, ആദിവാസികള്‍ക്കും ദലിതര്‍ക്കും ഭൂരഹിതര്‍ക്കും തോട്ടം ഭൂമി പതിച്ചുനല്‍കുക, ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കും ഇതര ന്യൂനപക്ഷ മതത്തില്‍പെട്ട ദലിതര്‍ക്കും പട്ടികജാതി പദവി നല്‍കുക, ദലിത് ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പഞ്ചായത്ത്രാജില്‍ സംവരണം നടപ്പാക്കുക, ത്രിതല പഞ്ചായത്ത് രാജിലെ SC ഫണ്ട് വിനിയോഗത്തിന് പുതിയ നയമുണ്ടാക്കുക, ഫണ്ട് വിനിയോഗം ഫലപ്രദമാക്കുക, EWS റിസര്‍വേഷന്‍ പിന്‍വലിക്കുക, SC/ST വിഭാഗത്തിലെ അതി പിന്നോക്കം നില്‍ക്കുവര്‍ക്ക് പ്രത്യേക വികസന പാക്കേജും റിക്രൂട്ട്മെന്റും നടപ്പാക്കുക, എയ്ഡഡ് മേഖല നിയമനം PSC ക്ക് വിടുക, SC/ST വകുപ്പിലെ നിയമനത്തില്‍ 50% SC/ST വിഭാഗങ്ങള്‍ക്ക് നല്‍കുക, PSC റോസ്റ്റര്‍ സംവിധാനം ശാസ്ത്രീയമായ പരിഷ്‌കരിക്കുക, തോട്ടം തൊഴിലാളികള്‍ക്ക് ഭൂമി നല്‍കി പുനരധിവസിപ്പിക്കുക, എല്ലാ രാഷ്ട്രീയ നിയോജകമണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുക ട്രാന്‍സ്ജെന്‍ഡര്‍ സമൂഹങ്ങള്‍ക്ക് മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ഉറപ്പുവരുത്തുക തുടങ്ങിയവയാണ് ആ ആവശ്യങ്ങള്‍. സംസ്ഥാനത്തെ പൊതുപ്രവര്‍ത്തകര്‍ക്കുമുന്നിലും ഈ ആവശ്യങ്ങള്‍ സമര്‍പ്പിക്കുന്നു. മധുമാര്‍ ഇനിയും ഉണ്ടാകാതിരിക്കാനുള്ള ദീര്‍ഘകാല നടപടികളായി ഇത്തരം ആവശ്യങ്ങളെ പരിഗണിക്കാനാണ് ഭരണകൂടം തയ്യാറാകേണ്ടത്. അല്ലാതെ ഇല്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കലല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply