പ്രണയവും /മരണവും : വൂള്‍ഫും /പ്ലാത്തും
ഉദാത്തമായ പ്രണയം മരണത്തിലാണ് എന്ന നരേട്ടിവിനെയാണ് വുള്‍ഫ് ആത്മഹത്യയിലൂടെ ഊട്ടി ഉറപ്പിക്കുന്നത് .എഴുത്തിലൂടെ പാട്രിയാര്ക്കിയുടെ കീഴില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കാന്‍ ആഹ്വനം ചെയ്ത സ്ത്രീപക്ഷ വാദി പ്രണയത്തിനുള്ളില്‍ പരാജയപ്പെടുകയായിരുന്നു .തികച്ചും പ്രണയത്തിന്റെ ഗ്ലോറിഫിക്കേഷന്‍ എന്ന നിലയിലാണ് വൂള്‍ഫിന്റെ ആത്മഹത്യ സമൂഹത്തിലേക്ക് പ്രചരിക്കപ്പെട്ടത്. വിഷാദരോഗമാണ് പ്ലാത്തിന്റെ ആത്മഹത്യശ്രമങ്ങള്‍ക്ക് കാരണമാവുന്നത് എന്ന നരറേറ്റീവിനെ തകര്‍ത്തുകൊണ്ട് പ്രണയമാണ് മരണത്തിലേക്ക് നയിച്ചത് എന്നുള്ള വാദങ്ങളെ ന്യായീകരിക്കുന്ന നിരീക്ഷണങ്ങളാണ് വ്യക്തിപരവും സാമൂഹികവുമായ ചുറ്റുപാടുകളില്‍ നിന്ന് ഉയര്‍ന്നുവന്നത് .
സാഹിത്യത്തില്‍ പ്രണയം ജൈവീകവും മാംസനിബദ്ധവും ദാര്‍ശനിക പാരികല്പനയുമാണെന്ന ഒരു ധാരണ നിലനില്‍ക്കുന്നുണ്ട്. പല കവികളിലും പ്രണയം ഒരു ആത്മാനുഭൂതി എന്നതില്‍ കവിഞ്ഞു ഒരു ആത്മപീഡയുടെ വ്യവഹാരമായി പരിണമിക്കുന്നത് നമുക്ക് കാണാന്‍ കഴിയും. അത്തരത്തിലുള്ള കവികളില്‍ പ്രണയം സ്രോതസ്സാകുന്നത് ആത്മനൈരാശ്യത്തിന്റെയും അതില്‍ നിന്നുറവയെടുക്കുന്ന ജീവിതകാഴ്ചപ്പാടുകളുടെയും സ്വാംശീകരിച്ചെടുക്കുന്ന ജീവിതദര്‍ശനത്തിന്റേതുമാണ്. ആണ്‍ പെണ്‍ ബന്ധങ്ങളില്‍ നിന്നുണ്ടായിത്തീരുന്ന വേദനയുടെ സ്വരാംശങ്ങള്‍ ആസ്വാദ്യമാക്കിത്തീര്‍ക്കുക എന്ന പരമമായ ലക്ഷ്യം കൂടെ ഈ കാവ്യ സങ്കല്പത്തിനുണ്ട്. പലകവികളിലും പ്രണയത്തോടൊപ്പം രോഗബാധിതമായ ഒരു മനസ്സും ഇത്തരം സങ്കല്പങ്ങളിലേക്ക് നയിക്കാന്‍ കാരണമാകുന്നത് കാണാന്‍ കഴിയും .
ജീവിതവും മരണവും ഒരു നാണയത്തിന്റെ രണ്ടു ഭാഗങ്ങളായിരിക്കുന്നതുപോലെ പ്രണയവും മരണവും തമ്മിലുള്ള അഭേദ്യമായ ബന്ധവും അനാദികാലം മുതല്‍ ചര്‍ച്ച ചെയ്യുന്നുണ്ട് . മനുഷ്യന്റെ ഉത്ഭവം മുതല്‍ നിലനില്‍പ്പും മരണവും വരെ ഇഴചേര്‍ന്ന് കിടക്കുന്ന വികാരമാണ് പ്രണയം . പ്രണയത്തിന്റെ മൂര്‍ത്തമായ ഭാവം മരണത്തില്‍ കണ്ടെടുക്കുന്ന നിരവധി പ്രണയ സങ്കല്‍പ്പങ്ങള്‍ സമൂഹത്തില്‍ പ്രചുരപ്രചാരം നേടിയിട്ടുമുണ്ട്. അത്തരത്തിലുള്ള സങ്കല്‍പ്പങ്ങളെ ആക്കം കൂട്ടുന്ന രചനകളും വരികളും വാക്കുകളും എഴുത്തുകാരുടെ ബോധമണ്ഡലത്തില്‍ സദാ വിലയം പ്രാപിച്ചിട്ടുള്ളതിനാല്‍ പൊതുബോധത്തിന്റെ പ്രണയസങ്കല്‍പ്പങ്ങളെ സ്വാധീനിക്കുന്നതില്‍ എഴുത്തുകാരുടെ ജീവിതത്തിനും കൃതികള്‍ക്കും ചെറുതല്ലാത്ത പങ്കുണ്ട്. മാത്രവുമല്ല പ്രണയവും മരണവും എക്കാലവുമുള്ള ധൈഷണികവും ദാര്ശനികവുമായ ചിന്തകള്‍ക്ക് ആധാരമായിട്ടുള്ള ഇതിവൃത്തമാണെല്ലോ .
അടുത്തിടെ പ്രണയനൈരാശ്യത്തില്‍ പെട്ട പെണ്‍കുട്ടിയുടെ ആത്മഹത്യ സമൂഹമാധ്യമത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു .പെണ്‍കുട്ടിയുടെ ഭാഗത്തുനിന്നുള്ള നരേറ്റിവ് ആയിരുന്നു കൂടുതലും. പ്രണയത്തില്‍ പെണ്‍കുട്ടി പുലര്‍ത്തിപ്പോന്ന സത്യസന്ധതയാണ് അവളുടെ ആത്മഹത്യ എന്ന നിലപാടിലുള്ള ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളുമാണ് സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നത് .ആത്മഹത്യ ഒരു തരത്തിലും പ്രോത്സാഹിക്കപ്പെടരുതെന്ന സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും ആഹ്വാനം ചെയ്യുന്ന സമൂഹത്തില്‍ എന്തുകൊണ്ടാണ് പ്രണയത്തിനുള്ളിലെ ആത്മഹത്യകള്‍ വാഴ്ത്തപ്പെടുന്നത് ?
അതില്‍ എക്കാലവും സമൂഹം പുലര്‍ത്തിപ്പോന്ന പ്രണയസങ്കല്പങ്ങള്‍ക്ക് വലിയ ഒരു പങ്കില്ലേ? . പ്രണയത്തിന്റെ നിര്‍വചനങ്ങളില്‍ ജീവിതത്തിനോളം പ്രാധാന്യം കൊടുക്കുന്നുണ്ട് മരണത്തിന് . ‘ഒരുമിച്ചുള്ള ജീവിതം സാധ്യമല്ലെങ്കില്‍ ഒരുമിച്ചുള്ള മരണം ‘എന്ന പ്രസ്താവനകള്‍ ആണ് പ്രണയ സങ്കല്‍പ്പങ്ങള്‍ സമ്മാനിച്ചത് . പ്രണയത്തിന്റെ ഉദാത്തത നിലനിക്കുന്നത് മരണത്തിലാണ് എന്നുള്ള വ്യഖ്യാനങ്ങളെ ആധുനിക മനഃശാസ്ത്രചിന്തകന്‍ ആയ ഫ്രോയിഡ് ‘ഇറോസ് ആന്‍ഡ് താനത്തൊസ് ‘( theory of life and death) എന്ന സിദ്ധാന്തം കൊണ്ട് വിശകലനം ചെയ്യുന്നുണ്ട് .
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ജീവിതത്തിലെ വളരെ പോസിറ്റീവ് ആയ വികാരം പ്രണയമാണ് . ഒരു വ്യക്തിയുടെയും ആരോഗ്യകരമായ സമൂഹത്തിന്റെയും നല്ലനടപ്പിനും നിലനില്‍പ്പിനും അത് അത്യന്താപേക്ഷിതമായതുമാണ് .എന്നാല്‍ ജീവിക്കാനുള്ള ആഗ്രഹം എത്തിച്ചേരുന്നത് മരണത്തിലാണ് എന്ന് ഫ്രോയിഡ് വിശദീകരിക്കുന്നത് ‘the goal of all life is death ‘ എന്ന് പറഞ്ഞുകൊണ്ടാണ് . അങ്ങിനെയെങ്കില്‍ പ്രണയത്തിനെ ആഘോഷിച്ച രണ്ട് യൂറോപ്പിയന്‍ സ്ത്രീപക്ഷ എഴുത്തുകാരായ വിര്‍ജീനിയ വൂള്‍ഫിന്റെയും സില്‍വിയ പ്ലാത്തിന്റെയും വരികളിലൂടെയും അവരുടെ ജീവിതത്തിലൂടെയും പ്രണയത്തിനെയും എഴുത്തിനെയും മരണത്തിനെയും അതിനുള്ളിലെ വൈരുദ്ധ്യത്തെയും എങ്ങിനെ നോക്കിക്കാണുന്നുവെന്നുള്ളത് പരിശോധിക്കേണ്ടതാണ്. മനുഷ്യന്‍ ഉണ്ടാക്കി വെച്ച പ്രണയസങ്കല്പങ്ങളില്‍ ഇവരുടെ വാക്കുകളും രചനകളും ജീവിതവും സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ ഒരു പുനര്‍വായന കാലം ആവശ്യപെടുന്നില്ലേ ?
അവര്‍ നമുക്ക് മുന്നില്‍ ലോകത്തേ കാഴ്ച്ച വെച്ചു, ലോകത്തേ കുറിച്ച് ആഖ്യാനം ചെയ്തു, പ്രണയത്തെ കുറിച്ച് മനോഹരമായ വരികള്‍ രചിച്ചു . വ്യവസ്ഥിതി ഉണ്ടാക്കി വെച്ച മാമൂലുകളെ തകര്‍ക്കാന്‍ പ്രേരിപ്പിച്ചു. പക്ഷെ സ്വന്തം ജീവിതത്തോടും പ്രണയത്തോടും മരണത്തോടും അവര്‍ എത്രമാത്രം വൈരുധ്യാത്മകത പുലര്‍ത്തിയിരുന്നു എന്നത് നമ്മള്‍ അറിയേണ്ടതാണ് . ഒരു പക്ഷെ ഈ വൈരുദ്ധ്യം തന്നെയായിരിക്കും വൂള്‍ഫിന്റെയും പ്ലാത്തിന്റെയും സര്‍ഗാത്മകതയുടെ യഥാര്ത്ഥ ഉറവിടം .
വിര്‍ജീനിയ വുള്‍ഫ്‌ന്റെ ആത്മഹത്യാക്കുറിപ്പ് ഇങ്ങിനെയായിരുന്നു
പ്രിയപെട്ടവനെ ,
‘എനിക്ക് വീണ്ടും ഭ്രാന്ത് പിടിച്ചിരിക്കുന്നു നമുക്ക് ഇനി പഴയതുപോലുള്ള ഭീകരമായ ദിവസങ്ങളിലൂടെ കടന്ന് പോകേണ്ട .എനിക്ക് എന്റെ ഭ്രാന്തില്‍ നിന്നും ഒരു മോചനമില്ല ഞാന്‍ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു എനിക്ക് ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല അതുകൊണ്ട് എന്താണോ നല്ലത് എന്ന് തോന്നുന്നത് അത് ചെയ്തുകൊണ്ടിരിക്കുന്നു നിന്നെക്കൊണ്ട് സാധ്യമാവുന്ന സന്തോഷം എനിക്ക് നീ തന്നിട്ടുണ്ട് എന്റെ ജീവിതത്തില്‍ ആരൊക്കെയാകമായിരുന്നോ അതൊക്കെ നീ ആയിട്ടുണ്ട് ഈ ഒരു നശിച്ച സൂക്കേട് വരുന്നതിന് മുന്‍പ് നമ്മളെ പോലെ സന്തോഷത്തില്‍ ജീവിച്ച ആരുമുണ്ടാവില്ല . എനിക്ക് ഇതിലും അധികമൊന്നും പൊരുതാന്‍ കഴിയുമെന്ന് തോന്നുനില്ല . എനിക്കറിയാം ഞാന്‍ നിന്നെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍ ഇല്ലാതെ നിനക്ക് ജോലി ചെയ്യാന്‍ കഴിയില്ല. ഞാന്‍ ഇല്ലെങ്കില്‍ നിനക്ക് അതിനൊക്കെ കഴിയും നീ നോക്ക് എനിക്ക് ഇത് പോലും നല്ല രീതിയില്‍ എഴുതാന്‍ കഴിയുന്നില്ല ജീവിതത്തില്‍ അനുഭവിച്ച എല്ലാ സന്തോഷങ്ങള്‍ക്കും ഞാന്‍ നിന്നോട് മാത്രമാണ് കടപ്പെട്ടിരിക്കുന്നത്. അത്രക്ക് ക്ഷമയും സ്നേഹവും നിനക്ക് ഉണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ആരെങ്കിലും എന്നെ രക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് നീയാണ്. നിന്റെ നന്മകള്‍ ഒഴികെ മറ്റെല്ലാം എന്നെ വിട്ട് പോയി. എനിക്ക് ഇനിയും നിന്റെ ജീവിതം നശിപ്പിക്കാന്‍ കഴിയില്ല. എനിക്ക് തോന്നുന്നില്ല നമ്മളെക്കാള്‍ സന്തോഷത്തില്‍ ജീവിച്ച മറ്റാരും ഈ ഭൂമിയില്‍ ഉണ്ടാവില്ലന്ന് .
വിര്‍ജീനിയ വുള്‍ഫ് തന്റെ ഭര്‍ത്താവായ ലിയോണാര്‍ഡിന് എഴുതിയ ആത്മഹത്യ കുറിപ്പാണിത്. ഇംഗ്ലീഷ് കവിയായ ടി എസ് എലിയട്ട് ഈ കുറിപ്പിനെ കുറിച്ച് പരാമര്‍ശിച്ചത് ‘ഒരു ലോകത്തിന്റെ അവസാനം (‘the end of a world )’ എന്നാണ് .ലോകസാഹിത്യചരിത്രത്തില്‍ വായനക്കാരെ ഇത്രയും വേദനിപ്പിച്ച ഒരു വിടവാങ്ങല്‍ വേറെയുണ്ടാവില്ല. മരണത്തിന്റെ അവസാന നിമിഷവും അവര്‍ പ്രണയിക്കുകയായിരുന്നു .
സ്ത്രീകളുടെ സ്വാതന്ത്ര്യവും അവരുടെ ഉയര്‍ച്ചയും വൂള്‍ഫിന്റെ വിഷന്‍ ആയിരുന്നു . പൂര്‍ണ്ണമായും സ്ത്രീപക്ഷചിന്തകളായിരുന്നു അവര്‍ തന്റെ രചനകളിലൂടെ പങ്ക് വെച്ചത്. സമൂഹത്തിന്റെ യാഥാസ്ഥിക ചിന്താഗതിയില്‍നിന്നും സ്ത്രീ മോചിപ്പിക്കപ്പെടണം എന്നും അതിന് പുരുഷന്റെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പരുവപ്പെടാനുള്ളതല്ല സ്ത്രീയുടെ വ്യക്തിത്വം എന്നും സമൂഹത്തെ ഓര്മിപ്പിച്ചുകൊണ്ടാണ് ‘a room of ones own’എന്ന നോവല്‍ പ്രസിദ്ധീകരിച്ചത് . പത്തൊന്‍പതാം നൂറ്റാണ്ടിന്റെ സ്ത്രീ ജീവിതം വരച്ച വെച്ച കൃതി .
സമൂഹത്തില്‍ വളരെ സ്വാധീനം ചെലുത്തി .പുരുഷനെ പോലെ സ്ത്രീകള്‍ക്കും ഈ സമൂഹത്തില്‍ അവകാശങ്ങളുണ്ട് എന്നും അവരുടെ സ്വാതത്ര്യത്തിനും ഉയര്‍ച്ചക്കും അവരുടെ വ്യക്തിത്വത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളെ അംഗീകരിക്കാന്‍ വേണ്ടിയുള്ള കരുത്തുറ്റ വരികള്‍ ലോകത്തിന് മുന്നില്‍ വരച്ചിട്ട വുള്‍ഫ് സ്വന്തം ജീവിതത്തില്‍ പ്രണയതിനുള്ളില്‍ വിധേയത്വം ശക്തമായി പ്രകടിപ്പിച്ചിരുന്നു എന്നതിനുള്ള തെളിവാണ് പ്രണയത്തില്‍ അധിഷ്ഠിതമായ ആത്മത്യാകുറിപ്പ് . ‘a room of ones own ‘എന്ന കൃതിയുടെ രചയിതാവ് എന്ന നിലക്ക് വൂള്‍ഫിന്റെആത്മഹത്യ അവരുടെ നിലപാടിലെ വൈരുദ്ധ്യം അനാവരണം ചെയ്യുന്നുണ്ട് .
‘മിസ്സിസ് ഡാല്ലോവേ ‘ എന്ന കൃതിയില്‍ കുടുംബം എന്ന വ്യവസ്ഥാപിത അന്തരീക്ഷത്തില്‍ ഉണ്ടാവേണ്ടുന്ന തുല്യപങ്കാളിത്തത്തിനെ കുറിച്ചു ഇങ്ങിനെ എഴുതിയിരുന്നു
‘For in marriage a little license, a little independence there must be between people living together day in and day out in the same house; which Richard gave her, and she him.’
ഇതിന് പുറമെ വുള്‍ഫ് സ്ത്രീ പുരുഷ ബന്ധത്തില്‍ അതീശ്വത്വം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് സൈന്താന്തികമായി നിര്‍വചിച്ചു വെച്ചിട്ടുള്ള അസാമാന്യ പ്രതിഭയായിരുന്നു . പക്ഷെ സ്വന്തം പ്രണയത്തിനുള്ളില്‍ വൂള്‍ഫിന്റെ വിധേയത്വം എത്രമാത്രമാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു അവരുടെ ആത്മഹത്യ കുറിപ്പ് . വുള്‍ഫ് മുന്നോട്ട് വെച്ചത് ഹിപ്‌നോട്ടിക് പവര്‍ ഓഫ് ഡോമിനേഷന്‍ എന്ന അതീശത്വ ഘടനയെ കുറിച്ചാണ് .
പ്രണയം ആണ്‍ അധികാര മേഖലയാണ് . പക്ഷെ സ്‌നേഹം , ആരാധന , കടപ്പാട് എന്നിവക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന അതീശത്വത്തെ തിരിച്ചറിയാന്‍ പലപ്പോഴും പ്രണയിനികള്‍ക്ക് കഴിഞ്ഞെന്ന് വരില്ല . ഇത് ആണ്‍ അധികാരവ്യവസ്ഥയുടെ പ്രതീകാത്മകമായ തലത്തിന് ഉദാഹരണമാണെന്ന് ഫ്രഞ്ച് ഫിലോസഫര്‍ ആയപിയറി ബോര്‍ഡ്യൂ സൂചിപ്പിക്കുന്നു .
വ്യവസ്ഥക്കകത്തുള്ള പൊരുത്തക്കേടുകളെ കുറിച്ച് ബോര്‍ദ്യു നിരന്തരം സംസാരിക്കുന്നുണ്ട് .നിയമങ്ങളുടെയും നിയന്ത്രണങ്ങളുടെയും ലോകത്തു ആണധികാര വ്യവസ്ഥയുടെ അതീശ്വത്വം അടിച്ചേല്പിക്കപെട്ട രീതിയും സ്വീകരിക്കപ്പെട്ട രീതിയും ഇതിന് ഉദാഹരണമാണെന്നും , സ്ത്രീ പുരുഷബന്ധം എന്നത് അസാധാരണമായ വിധത്തില്‍ സ്വാഭാവികമാണെന്ന് തോന്നുന്നുവെന്നും പ്രതീകാത്മകമായ ഒരു തത്വത്തിലൂടെ അതീശത്വം ചെലുത്തുന്നയാളും അതീശത്വത്തിന് വഴിപ്പെടുന്നയാളും ഒരു പോലെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു .അതീശത്വത്തെ കുറിച്ച് സൈന്താന്തികമായ അറിവുകള്‍ പങ്കുവെച്ച സ്ത്രീപക്ഷവാദിയുടെ മരണം അതീശത്വത്തില്‍ അധിഷ്ടിതമായിരുന്നുവെന്നുള്ളതിന്റെ വായനയാണ് വൂള്‍ഫിന്റെ ആത്മഹത്യാക്കുറിപ്പ്. മാത്രവുമല്ല പ്രണയത്തിന്റെ ഉദാത്തത നിലനില്‍ക്കുന്നത് മരണത്തില്‍ ആണ് എന്ന് വുള്‍ഫ് വിശ്വസിച്ചിരുന്നു എന്നതിന്റെ തെളിവ് ആണ് ഈ വരികള്‍ .
‘മൃത്യു നിന്നിലേക്കന്‍ മനം
സ്വസ്ഥം പറന്നിടും
പ്രണയിനിയായി പുണര്‍ന്നിടും
എന്നുള്ളില്‍ നിന്‍ സ്ഥാനം ‘
(Against you I will flying myself,
unanguished and unyielding, o death)
വൂള്‍ഫിന്റെ പ്രണയ സങ്കല്‍പ്പങ്ങളില്‍ ഒരു യഥാര്ത്ഥ കാമുകന്‍ എന്തായിരിക്കണമോ അത് പോലെയായിരുന്നു ഭര്‍ത്താവായ ലിയോനാര്‍ഡ് പക്ഷെ എന്നിട്ടും വിഷാദ രോഗം വൂള്‍ഫില്‍ നിന്നും വിട്ടുമാറിയിരുന്നില്ല. ഒടുവില്‍ ആത്മഹത്യ കുറിപ്പ് ഏഴുതി വെച്ചതിന് ശേഷം ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചു അതില്‍ പാറ കഷ്ണങ്ങള്‍ കുത്തി നിറച്ചു വീടിന് പുറകു വശത്തുള്ള ലൂയിസ് നദിയിലേക്ക് എടുത്തു ചാടുകയായിരുന്നു .
വൂള്‍ഫിന്റെ പ്രണയലേഖനം തന്നെയായിരുന്നു അവരുടെ ആത്മഹത്യ കുറിപ്പും . മരണത്തിന്റെ കാരണവും പ്രണയമായിരുന്നു .മരണം വരിച്ചുകൊണ്ട് അവര്‍ സ്വത്വത്തെ സാക്ഷാത്കരിക്കുകയായിരുന്നു . ഉദാത്തമായ പ്രണയം മരണത്തിലാണ് എന്ന നരേട്ടിവിനെയാണ് വുള്‍ഫ് ആത്മഹത്യയിലൂടെ ഊട്ടി ഉറപ്പിക്കുന്നത് .ഇവിടെയും എഴുത്തിലൂടെ പാട്രിയാര്ക്കിയുടെ കീഴില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കാന്‍ ആഹ്വനം ചെയ്ത സ്ത്രീപക്ഷ വാദി പ്രണയത്തിനുള്ളില്‍ പരാജയപ്പെടുകയായിരുന്നു .തികച്ചും പ്രണയത്തിന്റെ ഗ്ലോറിഫിക്കേഷന്‍ എന്ന നിലയിലാണ് വൂള്‍ഫിന്റെ ആത്മഹത്യ സമൂഹത്തിലേക്ക് പ്രചരിക്കപ്പെട്ടത് .
പക്ഷെ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു അമേരിക്കന്‍ കവിയത്രിയായ സില്‍വിയ പ്ലാത്തിന്റെ മരണം. പ്ലാത്തിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുക്കാന്‍ ആയില്ലെങ്കിലും അവസാന നാളുകളില്‍ എഴുതപെട്ട 20 വരികള്‍ മാത്രമുള്ള the edge എന്ന കവിതയില്‍ പ്ലാത്തിന്റെ ആത്മഹത്യ ലോകം കണ്ടിരുന്നു .ഈ കവിതയുടെ ആദ്യവരികളില്‍ ‘a woman is perfected by death ‘ എന്ന് കൂടി പ്ലാത് പറയുന്നുണ്ട് .ഒരു സ്ത്രീയുടെ പൂര്‍ണത മരണത്തിലാണ് പ്ലാത് കാണുന്നത് .
പ്രണയത്തെ കുറിച്ച് കവിതകള്‍ ഏഴുതിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ പ്ലാത് ഇടക്കിടെ ആത്മഹത്യ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു .വിഷാദരോഗമാണ് പ്ലാത്തിന്റെ ആത്മഹത്യശ്രമങ്ങള്‍ക്ക് കാരണമാവുന്നത് എന്ന നരറേറ്റീവിനെ തകര്‍ത്തുകൊണ്ട് പ്രണയമാണ് മരണത്തിലേക്ക് നയിച്ചത് എന്നുള്ള വാദങ്ങളെ ന്യായീകരിക്കുന്ന നിരീക്ഷണങ്ങളാണ് വ്യക്തിപരവും സാമൂഹികവുമായ ചുറ്റുപാടുകളില്‍ നിന്ന് ഉയ്യര്ന്നുവന്നത് .
പ്ലാത് തന്റെ ആത്മകഥാംശപരമായ നോവലായ ‘ബെല്‍ ജാറില്‍ ‘ എഴുതപെട്ട വരികള്‍ ഇങ്ങിനെയായിരുന്നു
‘മരണം വളരെ മനോഹരമായിരിക്കണം
ചെങ്കല്ലിന്‍ നിറമുള്ള ഭൂമിയുടെ മടിയില്‍ കിടന്ന്
ചുറ്റുമുള്ള പുല്ല്കള്‍ക്ക് മെയ്യില്‍ ഉമ്മവെക്കാന്‍ ഇടം കൊടുത്തു ,മൗനത്തെ ശ്രദ്ധയോടെ കേട്ട്
ഇന്നലെകള്‍ ഇല്ലാതെ , നാളെയെക്കുറിച്ചു ചിന്തിക്കാതെ , കാലത്തെ മറന്ന് , ജീവിതത്തിന് മാപ്പ് കൊടുത്തുസമാധാനത്തിലേക്ക് പറന്നിറങ്ങണം’
ഒരു പക്ഷെ മരണത്തെക്കുറിച്ചു ലോകത്തു വെച്ചേറ്റവും മനോഹരമായ കാവ്യാഖ്യാനമായിരിക്കാം ഈ വരികള്‍. അവര്‍ ജീവിതത്തിനേക്കാളും ഏറെ സ്‌നേഹിച്ചത് മരണത്തെയായിരുന്നു . മരണത്തോടുള്ള അവരുടെ ഒടുങ്ങാത്ത ആസക്തി പ്രണയത്തില്‍ നിന്നുമായിരുന്നു ഉത്ഭവിച്ചത് . സ്വന്തം ഭര്‍ത്താവായ റ്റെഡ് ഹ്യൂസിന് മറ്റൊരു ബന്ധം ഉണ്ടായതും പ്ലാത്തുമായുള്ള ബന്ധം വേര്‍പെട്ടതും വിഷാദരോഗത്തിന് ആക്കം കൂടിയെങ്കിലും അതിനേക്കാളും അവര്‍ തകര്‍ന്നു പോയത് അവസാന പ്രതീക്ഷയായിരുന്ന പ്രണയം നിരര്ഥകമായപ്പോഴാണ്. ജീവിതത്തോടും പ്രണയത്തോടും തികഞ്ഞ സത്യസന്ധത പ്ലാത് പുലര്‍ത്തിപോന്നിരുന്നു .
‘ഹാര്‍പ്പര്‍ ആന്‍ഡ് റോ ‘ എന്ന പ്രസിദ്ധീകരണത്തിലെ എഡിറ്ററോട് പ്ലാത്തിന് പ്രണയമുണ്ടായിരുന്നു . പട്ടണത്തിലെ ബുക്ക് പാര്‍ട്ടിയില്‍ വെച്ചു അദ്ദേഹത്തിനോട് സംസാരിക്കുന്നത് കണ്ടെന്നും, ആ സമയത്തു അവര്‍ പ്ലാത്തിന്റെ കയ്യില്‍ അവസാനത്തെ കത്ത് കണ്ടെന്നും മാത്രമല്ല അത്രയും മോശമായ മാനസികാവസ്ഥയിലും ആ ബന്ധം പുതുക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു എന്നും ബയോഗ്രാഫേഴ്‌സ് പറയുന്നു .പക്ഷെ മറ്റൊരാളുമായി പ്രണയത്തിലായിരുന്ന എഡിറ്ററുടെ തിരസ്‌ക്കാരം പ്ലാത്തിന് ഉള്‍കൊള്ളാന്‍ കഴിയുമായിരുന്നില്ല .അത് റ്റെഡ്ഹ്യൂസിന്റെ ഭാഗത്തു നിന്നുള്ള തിരസ്സ്‌കാരത്തെക്കാളും അവരെ വേദനിപ്പിച്ചു .പ്രണയത്തില്‍ നിന്നുള്ള പുറത്താക്കപെടല്‍ ആയിരുന്നു പ്ലാത്തിന്റെ ആത്മഹത്യക്കുള്ള യഥാര്‍ഥ കാരണം .
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അവസാന ദിവസങ്ങളിലുള്ള പ്ലാത്തിന്റെ മരണവിഭ്രാന്തി എങ്ങിനെയായിരുന്നുവെന്ന് വരച്ചിടുന്നത് അവരുടെ കത്തുകളാണ് . പ്രണയം , സ്‌നേഹം, ദേഷ്യം, നിരാശ, വിഷാദം എന്നീ വികാരങ്ങളെല്ലാം അതിന്റെ മൂര്‍ത്തമായ ഭാവത്തില്‍ പ്ലാത്തില്‍ സജീവമായിരുന്നു .ഒരേ സമയം സന്തോഷവും ദുഖവും നിറഞ്ഞു നില്‍ക്കുന്ന വൈരുധ്യാത്മകത പ്ലാത്തിന്റെ മാനസികാവസ്ഥയുടെ അടയാളങ്ങളായിരുന്നു .മാത്രവുമല്ല ടെന്‍ഷന്‍ കുറക്കാന്‍ പുകവലിക്ക് അടിമയായി മാറുകയും ചെയ്തു .
പ്ലാത്തിന്റെ പ്രണയ സങ്കല്‍പ്പങ്ങള്‍ ഇലക്ട്ര കോംപ്ലക്‌സില്‍ അധിഷ്ഠിതമായിരുന്നു . തന്റെ അച്ഛനോടുള്ള പ്രണയമാണ് പ്ലാത്തിന്റെ ‘ഡാഡി ‘എന്ന കവിത .അതുകൊണ്ട് തന്നെയാണ് അച്ഛന്റെ രൂപവും ഭാവവുമുള്ള റ്റെഡ്ഹ്യൂഗ്സ്‌നെ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത് . പക്ഷെ ജിവിത യാഥാര്‍ഥ്യവും ഭാവനയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വിഷാദരോഗത്തിന്റെ തീവ്രത കൂട്ടികൊണ്ടിരുന്നു.
പ്ലാത്തിന്റെ ഭാവനയും ജീവിതവും പ്രണയത്തിന്റെ ഉന്മാദത്തില്‍ പ്രതിഷ്ഠിക്കപ്പെടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നു . ആരാധനയും ബഹുമാനവും പ്രണയമായി രൂപാന്തരപ്പെട്ടപ്പോള്‍ ഒടുവിലത് വെറുപ്പിലേക്കുള്ള പ്രയാണമായി മാറുകയും ചെയ്തു . അവസാനം തന്റെ ശരീരത്തിനെയും മനസ്സിനെയും സ്വാധീനിച്ചിരിക്കുന്ന പ്രണയത്തെ കൊന്ന് കൊണ്ടാണ് പ്ലാത്ത് തന്റെ സ്വത്വത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്നത് . അവിടെയും സ്വന്തം ശരീരം നശിപ്പിച്ചുകൊണ്ട് മരണത്തെ പുല്കികൊണ്ട് പ്രണയത്തെ പ്രാപിക്കുകയാണ്.
ടെന്‍ഷന്‍ കുറക്കാന്‍ പ്ലാത് നിരന്തരമായി പുകവലിക്കുമായിരുന്നു പക്ഷെ അധിക കാലം പിടിച്ചു നില്‍ക്കാന്‍ അവരുടെ മനസികാവസ്ഥക്ക് കഴിഞ്ഞില്ല .1963 ഫെബ്രുവരി 11 ന് രാവിലെ തന്റെ കൂട്ടികള്‍ കിടക്കുന്ന മുറിയിലെ വിടവുകള്‍ ടവല്‍ കൊണ്ട് അടച്ചു ഓവനിലെ ഗ്യാസ് തുറന്നിട്ട് അതിനിടയിലേക്ക് തല വെച്ചുകൊടുത്തു . അക്ഷരാര്‍ത്ഥത്തില്‍ ഭീകരമായ മരണം കൊണ്ട് അവര്‍ ലോകത്തെ തന്നെ ഞെട്ടിച്ചു . മരണത്തിന്റെ തിരഞ്ഞെടുപ്പില്‍ പോലും അവര്‍ വ്യത്യസ്തയായിരുന്നു .അത്രക്കും തീക്ഷണമായ വേദനയോടെയാണ് അവര്‍ മരണത്തെ പ്രാപിച്ചത് .’ലേഡി ലസാറസ് ‘എന്ന കവിതയില്‍ പ്ലാത് മരണത്തിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കാം എന്ന് പറയുന്നുണ്ട് പ്ലാത്തിന്റെ മരണസങ്കല്പത്തില്‍ ജീവിതത്തിനോളം പ്രണയത്തിനോളം പ്രാധാന്യം മരണത്തിന് ഉണ്ടായിരുന്നു അതുകൊണ്ടാണ് ‘മരണം ഒരു കലയാണ് ‘ ,എന്ന് പ്ലാത് നിര്‍വചിച്ചത്. ആത്മഹത്യയെ മഹത്വവല്‍ക്കരിച്ചുകൊണ്ട് വിട വാങ്ങിയത് ..
പ്ലാത്തും വൂള്‍ഫും കൃതികളിലും ജീവിതത്തിലും ഒട്ടേറെ സാമ്യത പുലര്‍ത്തിയിരുന്നു . രണ്ടുപേരും സ്ത്രീപക്ഷവാദികളും ആധുനിക എഴുത്തുകാരുമാണ് . അവര്‍ ഫാസിസത്തിനെ എഴുത്തിലൂടെ നിശിതമായി വിമര്‍ശിച്ചിരുന്നു . പ്ലാത് നാസി എന്ന പദത്തിലൂടെയാണ് തന്റെ കവിതകളില്‍ തിന്മയെ കുറിച്ച് സംസാരിച്ചതെങ്കില്‍ ത്രീ ഗൈനെയ ‘എന്ന പദം ഉപയോഗിച്ചാണ് ഫാസിസ്റ്റ് വ്യവസ്ഥിതിയെ കുറിച്ചു വുള്‍ഫ് സംസാരിച്ചത് , ഇരുവരുംതുറന്ന് പറച്ചിലിലൂടെ കൂടെയാണ് സത്യസന്ധമായ നിരീക്ഷഷണങ്ങള്‍ നടത്തിയ എഴുത്തുകാരായി സമുഹത്തില്‍ മാറിയത്. മാത്രമല്ല സ്വന്തം ജീവിതം തന്നെയാണ് സര്‍ഗാത്മകതയുടെ തട്ടകമായി കണ്ടത് .
പ്രണയം ജീവിതാസക്തിയായി, ജീവിതധാരയായി പ്രതിഷ്ഠിക്കപ്പെട്ട ആധുനിക കാലത്തും പ്രണയിനികള്‍ വായിച്ചു അനുഭവിച്ചു അറിയുന്ന പ്രണയസങ്കല്‍പ്പത്തില്‍ മരണവും പ്രണയവും ഇത്ര മേല്‍ മോഹിപ്പിക്കുന്നതില്‍ കാല്‍പ്പനിക എഴുത്തുകാര്‍ക്കും ആധുനിക എഴുത്തുകാര്ക്കും വലിയ പങ്കുണ്ട് . ആത്മഹത്യ മനുഷ്യത്വവിരുദ്ധമായ ആശയമാണ് . ഒരു വാക്കുകൊണ്ടും വരികള്‍ കൊണ്ടും ജീവിതം കൊണ്ടും പ്രോത്സാഹിക്കപ്പെട്ടുകൂടാ . വരും നാളുകളില്‍ മരണത്തെ മറികടന്നുകൊണ്ടുള്ള പ്രണയത്തെ പ്രോത്സാഹിപ്പിക്കേണ്ട വരികളും രചനകളും കാലത്തിന്റെ അനിവാരിതയായി മാറിയിരിക്കുന്നത് ഇത്തരം ചരിത്രസന്ദര്‍ഭങ്ങള്‍ എഴുുത്തുകാരെ ഓര്‍മപ്പെടുത്തുന്നുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഇത്രയും പറഞ്ഞു വെക്കുന്നത്. A Star Coming from Heaven That was you Darling എന്ന് ആര്‍ത്തലക്കുന്ന വിഡ്ഢികളുടെ സ്വര്‍ഗം മാത്രമായി പ്രണയസങ്കല്പങ്ങള്‍ കൂമ്പടഞ്ഞു കൂടാ. പ്രണയമെന്ന മണ്‍ചെരാതിന്റെ ചുറ്റും പറന്ന് എരിിഞ്ഞു വീഴുന്ന ഈയാംപാറ്റകളായി പ്രണയികള്‍ ഒടുങ്ങി്ക്കൂടാ …
References
1.Virginia woolf ‘ the art of biography
2.Virginia woolf ‘Mrs dalloway’
3.sylviya plath, collected poesm
4.sylviya plath ‘, the bell jar’
5.പിയറി ബോര്‍ദ്യു , ആണത്വവും അതിശത്വവും (കെ എം അനില്‍ – സംഗീത)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in