കൊവിഡിനെ നേരിടാന്‍ മതിയാകില്ല ലോക്ഡൗണും വാക്‌സിനും

കൊറോണ വൈറസ് പശ്ചാത്തലത്തില്‍ മനുഷ്യന് മുന്നില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യന്പോലും അതിജീവിക്കാന്‍ പറ്റാത്ത ഒരു നാഗരികതയാണോ മനുഷ്യന്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണത്. ആ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ഉത്തരം കണ്ടെത്തുക മാത്രമല്ല, അതിനു പരിഹാരവും കണ്ടെത്തണം. ആ ദിശയിലുള്ള നീക്കങ്ങളായിരിക്കണം മാനവസമൂഹത്തിന്റെ വരുംകാലത്തെ പ്രധാന അജണ്ട. അതില്ലാതെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കൊണ്ടോ വാക്‌സിന്‍ കണ്ടുപിടിച്ചതുകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല ഇന്നു ലോകവും നാഗരികതയും മനുഷ്യജീവിതവും നേരിടുന്ന പ്രതിസന്ധി.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് വിയോജിക്കാതെ വയ്യ. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയോടെ തീരുമാനമാകും. ഇനിയുമൊരു സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ താങ്ങാന്‍ കേരളത്തിനാകുമോ? രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ അതല്ലാതെ മറ്റൊരു പരിഹാരവും ലോകത്തിനു മുന്നിലുണ്ടായിരുന്നില്ല. ഇന്നുപക്ഷെ വേണ്ടത്ര അനുഭവങ്ങള്‍ മനുഷ്യന്‍ നേടി. പരമാവധി സുരക്ഷാസംവിധാനങ്ങള്‍ സ്വീകരിച്ച്, കൊവിഡിനൊപ്പം ജീവിക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും മാനവരാശിക്കു മുന്നിലില്ല. അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുകയാണ് സാധ്യമാകുക. അതിനു പകരം ഇനിയുമൊരു സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്കു പോയാല്‍ കൊവിഡിനേക്കാള്‍ വലിയ ദുരന്തത്തിലേക്കായിരിക്കും നാമെത്തുക. ലോകം മുഴുവന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് അതാണ്.

സംസ്ഥാനത്ത് ആദ്യമായി ഒറ്റദിവസം ആയിരത്തില്‍പരം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. രോഗവ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ഫലപ്രദമായി അതിനെ പ്രതിരോധിച്ചെങ്കിലും ഇപ്പോള്‍ അതില്‍ പളിച്ചകള്‍ വന്നിട്ടുണ്ട്. അതുമായിരിക്കാം ഇത്തരത്തില്‍ ചിന്തിക്കാനുള്ള പ്രചോദനം. പുറത്തുനിന്നുള്ളവരുടെ മടങ്ങിവരവോടെയായിരുന്നു രോഗവ്യാപനത്തില്‍ വര്‍ദ്ധനവാരംഭിച്ചത്. അതു സ്വാഭാവികവും ഒഴിവാക്കാനാകാത്തതുമായിരുന്നു. എന്നാല്‍ ആരംഭത്തില്‍ പുറത്തുനിന്നു വരുന്നവരിലായിരുന്നു പ്രധാനമായും രോഗലക്ഷണങ്ങളുണ്ടായിരുന്നത്. ഇപ്പോള്‍ പക്ഷെ സമ്പര്‍ക്കത്തിലൂടെയുള്ള വ്യാപനമാണ് രൂക്ഷമായിരിക്കുന്നത്. സുരക്ഷാനടപടികളിലെ വീഴ്ച തന്നെയാണ് പ്രധാനകാരണം. അവ കൂടുതല്‍ കര്‍ക്കശമാക്കുക എന്നതുമാത്രമാണ് പരിഹാരം. അല്ലാതെ ഇനിയും സമ്പൂര്‍ണ്ണമായി അടച്ചിടലല്ല. ടെസ്റ്റുകളുടെ എണ്ണം വളരെയധികം വര്‍ദ്ധിപ്പിച്ചതിനാലാണ് കൂടുതല്‍ രോഗികളെ കണ്ടെത്താന്‍ കഴിയുന്നതെന്നും മറക്കരുത്. ഒരു വട്ടത്തെ അടച്ചിടല്‍ കൊണ്ടുതന്നെ തകര്‍ന്ന ജീവിതങ്ങള്‍ പതിയെ പതിയെ തിരിച്ചുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തകര്‍ന്ന തൊഴില്‍ മേഖലകളില്‍ പലതും ജീവന്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ കൊവിഡ് മൂലമുള്ള മരണത്തേക്കാള്‍ കൂടുതലാണ് ഇക്കാലയളവില്‍ നടന്ന ആത്മഹത്യകള്‍ എന്നതു നല്‍കുന്ന സൂചന എന്താണ്? കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തു നടക്കുന്ന ചര്‍ച്ചകള്‍ തന്നെ അനാരോഗ്യകരമാണ്.

കൊവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളില്‍ നിന്നുണ്ടാകുന്ന അനാസ്ഥ ഒരു വശത്ത്. മറ്റേതൊരു വിഷയത്തിലും നമ്മള്‍ പതിവുള്ള പോലെ ഈ വിഷയത്തേയും കക്ഷിരഷ്ട്രീയതാല്‍പ്പര്യത്തോടെ മാത്രം കാണുന്ന ഭരണപക്ഷവും പ്രതിപക്ഷവും. കൊവിഡ് കാലത്ത് സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടികാട്ടരുതെന്ന നിലപാട് ജനാധിപത്യസംവിധാനത്തിന് യോജിച്ചതല്ല. അവ ചൂണ്ടികാട്ടുകയും കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രതിഷേധിക്കുകയും വേണം. സര്‍ക്കാരിന്റെ നിരവധി തെറ്റായ നയങ്ങള്‍ പ്രതിപക്ഷം ചൂണ്ടികാട്ടുകയും ചെയ്തു. എന്നാലവര്‍ നടത്തിയ പല സമരങ്ങളും കൊവിഡ് കാലത്തിനു യോജിച്ചതായിരുന്നില്ല. മറുവശത്ത് മുഖ്യമന്ത്ിയുടെയടക്കം സമീപനത്തില്‍ വലിയ അന്തരം കാണാം. ആദ്യകാലത്തെ പത്രസമ്മേളനങ്ങളില്‍ കൊവിഡിനെ മറികടക്കുന്ന ജീവിതശൈലി സ്വീകരിക്കുന്നതിനെ കുറിച്ചാണ് മുഖ്യമന്ത്രി വാചാലനാകാറ്. എന്നാലിപ്പോള്‍ പത്രസമ്മേളനത്തില്‍ കൂടുതല്‍ സമയവും മുഖ്യമന്ത്രി ശ്രമിക്കുന്നത് മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യാനാണ്. കൂടാതെ സര്‍ക്കാര്‍ നടപടികളെ ന്യായീകരിക്കാനുമാണ്. പ്രതിപക്ഷം കണക്കുകള്‍ ഉദ്ധരിച്ച് കേരളത്തിന്റെ പ്രതിരോധത്തില്‍ വീഴ്ചയുണ്ടെന്നു പറയുന്നു. കണക്കുകളുദ്ധരിച്ചുതന്നെ മുഖ്യമന്ത്രിയത് നിഷേധിക്കുന്നു. വാസ്തവത്തില്‍ മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യം തന്നെ അര്‍ത്ഥരഹിതമാണ്. കാരണം എല്ലായിടത്തും നിലനില്‍ക്കുന്ന സാമൂഹ്യസാഹചര്യം ഒന്നല്ല. ഛത്തിസ്ഗഡും ഹിമാചലും ഗോവയും ജാര്‍ഖണ്ടും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുമൊക്കെ കേരളത്തേക്കാള്‍ ഫലപ്രദമായി കൊവിഡിനെ ചെറുക്കുന്നുണ്ടല്ലോ. അത്തരമൊരു താരതമ്യം തന്നെ ഒഴിവാക്കി കൊവിഡ് പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.

മാര്‍ക്കറ്റുകളില്‍ നിന്നും വിവാഹ – മരണ ചടങ്ങുകളില്‍ നിന്നും ഇപ്പോഴിതാ എന്‍ട്രന്‍സ് പരീക്ഷയില്‍ നിന്നുമൊക്കെയാണ് രോഗം പരക്കുന്നത്. രോഗത്തെ തടയുന്ന ജീവിതശൈലി വളര്‍ത്തിയെടുക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. ഒപ്പം ജനങ്ങള്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണുക. അതിലുണ്ടായ വീഴ്ചകളാണ് പൂന്തുറയിലും ചെല്ലാനത്തുമൊക്കെ കണ്ടത്. അതല്ലാതെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഒരു പരിഹാരമേയല്ല. മുബൈയിലെ ധാരാവി ഒരു മാതൃകയാണ്. ഭരണകൂടത്തോടൊപ്പം ചേരിനിവാസികളുടേയും പരിപൂര്‍ണ്ണ സഹകരണത്തോടയൊണ് അവര്‍ കൊവിഡിനെ നിയന്ത്രിക്കുന്നത്. എങ്കിലെന്തുകൊണ്ട് പ്രബുദ്ധരെന്ന് അഹങ്കരിക്കുന്ന നമുക്കതിനു കഴിയില്ല..?

അതേസമയം രാജ്യത്തിന്റെ പൊതുവായ അവസ്ഥ ആശങ്കാജനകമായി തന്നെ തുടരുകയാണ്. വരും മാസങ്ങളില്‍ ഇന്ത്യയുടെ അവസ്ഥ കൂടുതല്‍ രൂക്ഷമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രാജ്യത്ത് കോവിഡ് സമൂഹവ്യാപനത്തിലേക്ക് കടന്നിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. തീവ്രമായ ക്ലസ്റ്ററുകളാണുള്ളത്. പ്രാദേശികമായി ചില കേന്ദ്രങ്ങളിലാണ് വ്യാപനമുണ്ടായത്. സാങ്കേതികമായി ശരിയാകാം. എന്നാലത് എപ്പോഴും സംഭവിക്കാം. അതാണ് ഇന്നത്തെ ഇന്ത്യനവസ്ഥ. ഈയവസ്ഥയാകട്ടെ കൊവിഡ് കാലത്ത് ഉണ്ടായതുമല്ല. കാലങ്ങളായി തുടരുന്ന നമ്മുടെ രാഷ്ട്രീയ – സാമ്പത്തിക നയങ്ങളാണ് ഇതിനുകാരണം. കൊവിഡിനു നിലവിലെ വ്യവസ്ഥയുമായി ബന്ധമില്ലായിരിക്കാം. എന്നാലതിന്റെ വ്യാപനത്തിനു അതുമായി ബന്ധമുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പലായനം, നഗരങ്ങളില്‍ നിന്നു ഗ്രാമങ്ങളിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം അതിന്റെ പ്രതിഫലനമായിരുന്നല്ലോ. ഏറെ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ അതിലേക്കു കടക്കുന്നില്ല. ഭാവിയില്‍ കൊവിഡിനേക്കാള്‍ പ്രതിരോധിക്കേണ്ടത് ഇത്തരമൊരു സാമൂഹ്യസംവിധാനത്തെയാണെന്നു പറഞ്ഞുവെക്കട്ടെ.

അതേസമയം ശുഭകരമായ വാര്‍ത്തകളും വരുന്നുണ്ട്. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ണായക ഘട്ടം പിന്നിട്ടതായാണ് വാര്‍ത്ത.അതേസമയം വാക്‌സിനല്ല ഏതൊരു രോഗത്തിനും അവസാനപരിഹാരമെന്ന് മറക്കരുത്. കൊവിഡിനെ അതിജീവിച്ചാല്‍ തന്നെ പുതിയ രോഗങ്ങള്‍ വരും. ഇതിനേക്കാള്‍ ഭീകരരായ വൈറസുകള്‍ പ്രത്യക്ഷപ്പെടും. മനുഷ്യന്റെ സാമൂഹ്യ ജീവിതത്തെ കുറിച്ചൊരു പനരാലോചനക്ക് ഈ അവസരം കാരണമാകണം. വ്യക്തിയുടെ ആരോഗ്യം പോലെത്തന്നെയാണ് സാമൂഹ്യ ആരോഗ്യവും. ഭൂമിയെ പലതവണ ഭസ്മമാക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ ശേഖരിച്ചു വെച്ചിട്ടുള്ള രാജ്യങ്ങളില്‍ ആവശ്യത്തിനു വേണ്ട വെന്റിലേറ്ററുകളും ആശുപത്രികളും കിടക്കകളും മരുന്നും ഇല്ലെന്ന വിരോധാഭാസം റെക്കോഡ് ചെയ്യപ്പെടണം. മറുവശത്ത് പരിണാമത്തിന്റെ ഏറ്റവും താഴ്ന്ന പടിയിലുള്ള ഒരു ജീവകണത്തിനുമുന്നില്‍, എലിപ്പത്തായത്തിലകപ്പെട്ട എലിയുടെ നിസ്സഹായാവസ്ഥക്ക് നാം മാറുന്നു. ലോകത്തെ വിരല്‍ത്തുമ്പിലെത്തിച്ച മനുഷ്യന്‍ ആ ജീവകണത്തെ ഭയന്ന് തിരിച്ചു നടക്കുന്നു. ആഗോളതലത്തില്‍ നിന്ന് സ്വന്തം രാജ്യത്തേക്ക്, നാട്ടിലേക്ക്, വീട്ടിലേക്ക്, മുറിയിലേക്ക്, തന്നിലേക്ക് ഒതുങ്ങുന്ന പിന്‍മടക്കം. അയല്‍ക്കാരയേും ബന്ധുക്കളേയും മാത്രമല്ല, സ്വന്തം കൈകളേയും ശരീരാവയവങ്ങളേയും ഭയക്കുന്നു. കൊവിഡ് ഒരു വ്യക്തിയെ അയാളുടെ ശരീരത്തിന്റെ തലത്തിലും ചിന്നിചിതറിപ്പിച്ചിരിക്കുകയാണ്. അപരനെയാകട്ടെ രോഗത്തിന്റെ ഏജന്റായി കാണുന്ന രീതിയില്‍ സാമൂഹ്യജീവിതം ഛിന്നഭിന്നമാകുന്നു.

മനുഷ്യന്‍ ഇന്നോളം നേടിയ നേട്ടങ്ങളും പുരോഗതിയും ശാസ്ത്രവുമെല്ലാം അര്‍ത്ഥരഹിതമാണ് എന്നല്ല പറയുന്നത്. എന്നാല്‍ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ മനുഷ്യന് മുന്നില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. മനുഷ്യന്പോലും അതിജീവിക്കാന്‍ പറ്റാത്ത ഒരു നാഗരികതയാണോ മനുഷ്യന്‍ നിര്‍മ്മിച്ചിരിക്കുന്നത് എന്നാണത്. ആ ചോദ്യത്തിനു ഉത്തരം കണ്ടെത്താന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണ്. ഉത്തരം കണ്ടെത്തുക മാത്രമല്ല, അതിനു പരിഹാരവും കണ്ടെത്തണം. ആ ദിശയിലുള്ള നീക്കങ്ങളായിരിക്കണം മാനവസമൂഹത്തിന്റെ വരുംകാലത്തെ പ്രധാന അജണ്ട. അതില്ലാതെ സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ കൊണ്ടോ വാക്‌സിന്‍ കണ്ടുപിടിച്ചതുകൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല ഇന്നു ലോകവും നാഗരികതയും മനുഷ്യജീവിതവും നേരിടുന്ന പ്രതിസന്ധി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply