പത്രസമ്മേളനത്തില്‍ പ്രതിപക്ഷനേതാവും പങ്കെടുക്കട്ടെ

മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജത്തെ കുറിച്ച് കുറെ കേട്ടിരുന്നല്ലോ. എന്നാല്‍ അതില്‍ മാറ്റം വരുത്തേണ്ട സമയമായിരിക്കുന്നു. ആരോഗ്യമന്ത്രിയടക്കമുള്ളവരും സംസാരിക്കട്ടെ. അവരുടെ വായ് മൂടികെട്ടാനുള്ളതല്ല മാസ്‌ക്. സത്യത്തില്‍ വേണ്ടത് പ്രതിപക്ഷ നേതാവിനേയും പത്രസമ്മേളനത്തില്‍ പങ്കെടുപ്പിക്കലാണ്. കൊവിഡുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു പറയാനുള്ളത് പറയട്ടെ. മുഖ്യമന്ത്രി മറുപടിയും പറയട്ടെ. ജനമത് നേരില്‍ കാണട്ടെ. എങ്കിലതുനല്‍കുന്ന സന്ദേശം എത്ര ഉയര്‍ന്നതായിരിക്കും. ജനാധിപത്യത്തിലെ ഒരു കുതിച്ചുചാട്ടവുമാകുമത്.

മാനവരാശിക്കുമേലുള്ള കൊവിഡിന്റെ ഭീഷണി കാര്യമായ മാറ്റമില്ലാതെ തുടരുകയാണ്. ചില രാജ്യങ്ങളില്‍ നിന്നു നേരിയ പുരോഗതിയുടെ വാര്‍ത്തകളുണ്ട്. അതേസമയം ഇതുവരെ ഭീഷണിയില്ലാതിരുന്ന രാജ്യങ്ങളില്‍ ഭീഷണിയുയര്‍ന്നു വന്നിട്ടുണ്ട്താനും. ഇന്ത്യയുടെ അവസ്ഥയും സമാനമാണ്. കൊവിഡ് ഏറെ നാശം വിതച്ച മഹാനഗരങ്ങള്‍ പതിയെ പതിയെ നില മെച്ചപ്പെടുത്തുന്നതായാണ് വാര്‍ത്തകള്‍. ഡെല്‍ഹിയില്‍ അത് വളരെ പ്രകടമാണ്. കൊവിഡുമായി ബന്ധപ്പെട്ടു പറയപ്പെടുന്ന സുരക്ഷാനടപടികളൊന്നും സാധ്യമല്ലാത്ത മുംബൈയിലെ ധാരാവിയില്‍ പോലും രോഗം നിയന്ത്രിതമായി എന്നത് ചെറിയ കാര്യമല്ല. എന്നാല്‍ രാജ്യ്തതെ മറ്റു പ്രദേശങ്ങളില്‍ വ്യാപനം കൂടുന്നുണ്ട്. ആഭ്യന്തരമന്ത്രിക്ക് കൊവിഡ് എന്നത് രാജ്യം നേരിടുന്ന കൊവിഡ് ഭീഷണിയുടെ സൂചകമാണ്.

കേരളത്തിലും രോഗവ്യാപനത്തിനു കുറവില്ല. ആദ്യകാലനേട്ടങ്ങളെല്ലാം നമുക്ക് നഷ്ടപ്പെട്ടു. ഈ അവസ്ഥയെ പ്രവാസികളുടെ തലയില്‍ ഇനിയും കെട്ടിവെക്കാനാവില്ല. അപ്പോഴുമാശ്വാസം മരണസംഖ്യയില്‍ വന്‍വര്‍ദ്ധനവില്ല എന്നതാണ്. അതിനിടയിലാണ് കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പുതിയ വിവാദം ഉയര്‍ന്നു വന്നത്. സമ്പര്‍ക്കവ്യാപനം കണ്ടെത്താനുള്ള ഉത്തരവാദിത്തം ആരോഗ്യപ്രവര്‍ത്തകരില്‍ നിന്ന് പോലീസിനെ ഏല്‍പ്പിച്ചതുമായി ബന്ധപ്പെട്ടാണത്. കൊവിഡ് പ്രതിരോധത്തില്‍ നമുക്ക് വീഴ്ചകള്‍ പറ്റി എന്നു മുഖ്യമന്ത്രി പറഞ്ഞതിനു തൊട്ടുപുറകെയാണ് ഈ തീരുമാനം. ഏറെ പ്രശംസിക്കപ്പെട്ടിരുന്ന ആരോഗ്യപ്രവര്‍ത്തകില്‍ മുഖ്യമന്ത്രിക്ക് അവിശ്വാസം വന്നു എന്നതിന്റെ സൂചന തന്നെയാണത്. പത്രസമ്മേളത്തിന് നിശബ്ദസാക്ഷിയായ ആരോഗ്യമന്ത്രിയുടെ അഭിപ്രായം അറിയില്ല.

എന്തായാലും സര്‍ക്കാരിന്റെ ഈ തീരുമാനം നല്‍കുന്ന സന്ദേശം ഗുണകരമാണെന്നു പറയാനാവില്ല. കൊവിഡ് എന്നത് ആരോഗ്യപ്രശ്‌നമല്ല, ക്രമസമാധാനപ്രശ്‌നമാണ് എന്നതാണത്. പോലീസിനെ ഉപയോഗിച്ചാണോ മഹാമാരിയെ നേരിടുക? ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പാക്കലാണ് പോലീസിന്റെ ജോലി. അതില്‍ പലയിടത്തും അവര്‍ പരാജയപ്പെടുന്നു. രോഗവ്യാപനത്തിന് അതും കാരണമാണ്. മറുവശത്ത് പലയിടത്തും അമിതാധികാരം ഉപയോഗിക്കുന്നു. ഇപ്പോള്‍ തന്നെ പിടിപ്പതു ജോലിയുള്ള, അതില്‍ തന്നെ പരാജയപ്പെടുന്ന പോലീസിനു അവരുടെ പരിധിയില്‍ വരാത്ത ഈ ജോലി കൂടി ഏല്‍പ്പിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?

സ്വാഭാവികമായും ആരോഗ്യമേഖലയിലുള്ളവര്‍ ഈ തീരുമാനത്തില്‍ നീരസത്തിലാണ്. ഐ എം എയും മറ്റും അത് വ്യക്തമാക്കുകയും ചെയ്തു. പലപ്പോഴും ഔദ്യോഗിക സംഘടനയാണെന്ന മട്ടില്‍ സര്‍ക്കാരിനേയും ജനങ്ങളേയും മറ്റു വൈദ്യശാസ്ത്രശാഖകളേയും ഭീഷണിപ്പെടുത്തതാണ് ഈ സംഘടന. എന്നാല്‍ ഇക്കാര്യത്തില്‍ അവര്‍ പറയുന്നതില്‍ ന്യായമുണ്ട്. ആരോഗ്യപ്രവര്‍ത്തകരുടെ കുറവുണ്ട്, അവര്‍ ക്ഷീണിതരാണെന്നാണ് മുഖ്യമന്ത്രിയുടെ മറ്റൊരു വിശദീകരണം. അവര്‍ക്ക് പ്രധാന ആആവശ്യം വളണ്ടിയര്‍മാരാണ്. എന്നാല്‍ അതിനു തയ്യാറായി രജിസ്റ്റര്‍ ചെയ്ത ആയിരകണക്കിനുപേര്‍ കാത്തിരിക്കുന്നുണ്ട്. പക്ഷെ അവരുടെ സേവനം വേണ്ടരീതിയില്‍ ഉപയോഗിക്കുന്നില്ല എന്ന പരാതിയുമുണ്ട്.

അതിനിടെ പലരും ആശങ്കപ്പെട്ടപോലെ കിട്ടിയ അധികാരം നിയമവിരുദ്ധമായി പോലീസ് ഉപയോഗിക്കുന്നതായുള്ള റിപ്പോാര്‍ട്ടുകളുമുണ്ട്. നേരിട്ടറിയാവുന്ന സംഭവം പറയാം. തൃശൂര്‍ കോര്‍പ്പറേഷനില്‍ കണ്ടെന്‍മെന്റ് സോണുകളായ 6,7,8,11 ഡിവിഷനുകളില്‍ പാല്‍, കുടിവെള്ളം,. പത്രം തുടങ്ങിയവയുടെ വിതരണം പോലും തടയുന്നു. വാട്ടര്‍ അതോറിട്ടി പൈപ്പ് ഓപ്പറേറ്ററെ പോലും കടത്തിവിടാത്തതിനാല്‍ കുടിവെള്ളം മുട്ടുന്നു. ചില പലചരക്ക് – പച്ചക്കറി കടകള്‍ തുറക്കാനനുവദിച്ചെങ്കിലും അവിടേക്ക് സാധനങ്ങള്‍ കൊണ്ടുവരാന്‍ അനുവദിക്കുന്നില്ല. മിക്കവയും കാലിയായി. മെയിന്‍ റോഡടക്കം എല്ലാം അടച്ചുകെട്ടി.. ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും ജോലിക്കുപോകാനാവുന്നില്ല. ജനങ്ങള്‍ക്ക് മരുന്നുവാങ്ങാനോ ആശുപത്രിയിലേക്കോ പോകാനോ ആവുന്നില്ല.. മെഡിക്കല്‍ കോളേജിലേക്കുള്ള റോഡുപോലും അടച്ചിരിക്കുന്നു. കണ്ടെന്‍മെന്റ് സോണിലില്ലാത്തവര്‍ക്കും മറ്റു പഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്കും ഇതുവഴി നഗരത്തിലേക്കും തിരിച്ചും ജോലിക്കും മറ്റു കാര്യങ്ങള്‍ക്കും പോകാനാവുന്നില്ല. അവര്‍ക്കാകട്ടെ വേറെ വഴിയുമില്ല… ഡിവിഷനുകള്‍ മുഴുവന്‍ കണ്ടെന്‍മെന്റ സോണാക്കേണ്ടതില്ല, രോഗമുള്ള ഭാഗം മാത്രം മതി എന്ന മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവില കൊടുത്താണ് ഈ പോലീസ് രാജ്. ഇടതുപക്ഷത്തെയടക്കമുള്ള സ്ഥലത്തെ ജനപ്രതിനിധികള്‍ പ്രതിഷേധിച്ചിട്ടും ഒരു ഫലവുമില്ല. ഇതായിരിക്കും അമിതമായ അധികാരം നല്‍കിയാല്‍ പോലീസ് ചെയ്യുക എന്നുറപ്പ്. ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാനാണ് പോലീസിനോട് പറഞ്ഞത് എന്ന മുഖ്യമന്ത്രീയുടെ വിശദീകരണം ഇടക്ക് കേട്ടു. എന്നാല്‍ നടക്കുന്നത് അതല്ല എന്നുമാത്രം.

ഇത്തരം അമിതാധികാര പ്രയോഗത്തിനനുള്ള കാലമല്ല ഈ ദുരന്തകാലം. എത്രയും വേഗം ഈ തീരുമാനം തിരുത്താനാണ് സര്‍ക്കാര്‍ തയ്യാറാവേണ്ടത്. മാത്രമല്ല കൊവിഡ് സര്‍വ്വസൈനാധിപനെന്ന മട്ടിലുള്ള മുഖ്യമന്ത്രിയുടെ സമീപനം മാറണം. മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങള്‍ നല്‍കുന്ന ഊര്‍ജ്ജത്തെ കുറിച്ച് കുറെ കേട്ടിരുന്നല്ലോ. എന്നാല്‍ അതില്‍ മാറ്റം വരുത്തേണ്ട സമയമായിരിക്കുന്നു. ആരോഗ്യമന്ത്രിയടക്കമുള്ളവരും സംസാരിക്കട്ടെ. അവരുടെ വായ് മൂടികെട്ടാനുള്ളതല്ല മാസ്‌ക്. സത്യത്തില്‍ വേണ്ടത് പ്രതിപക്ഷ നേതാവിനേയും പത്രസമ്മേളനത്തില്‍ പങ്കെടുപ്പിക്കലാണ്. കൊവിഡുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനു പറയാനുള്ളത് പറയട്ടെ. മുഖ്യമന്ത്രി മറുപടിയും പറയട്ടെ. ജനമത് നേരില്‍ കാണട്ടെ. എങ്കിലതുനല്‍കുന്ന സന്ദേശം എത്ര ഉയര്‍ന്നതായിരിക്കും. ജനാധിപത്യത്തിലെ ഒരു കുതിച്ചുചാട്ടവുമാകുമത്. എന്നാല്‍ അത്തരത്തില്‍ ചിന്തിക്കാനുള്ള ആര്‍ജ്ജവമൊന്നും നാം നേടിയിട്ടില്ല എന്നതാണ് വസ്തുത. നമ്മുടെ ജനാധിപത്യബോധം ഇപ്പോഴും കക്ഷിരാഷ്ട്രിയത്തില്‍ കുരുങ്ങി കിടക്കുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply