അടുക്കള ഒരു രാഷ്ട്രീയ പ്രതീകമാണ്.
അടുക്കളയെ സമരമുറയാക്കിയ. സംഭവങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. അടുക്കള ബഹിഷ്‌കരിക്കുക എന്ന സ്ത്രീകളുടെ ഏറ്റവും ശക്തമായ സമരരൂപം കേരളത്തില്‍ ആദ്യം നടന്നത് 1996 ല്‍ കാസര്‍ഗോഡായിരുന്നു. അതാകട്ടെ ലൈംഗിക പീഡനത്തിനെതിരേയും. 1993 ഒക്ടോബര്‍ ആറിന് കണ്ണൂര്‍ കോട്ട കാണാന്‍ ഭര്‍ത്താവിനൊപ്പമെത്തിയ മൈമൂന എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. പോലീസില്‍ പരാതി കൊടുത്തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല എന്നു മാത്രമല്ല, ഒത്തുതീര്‍പ്പിനാണ് പോലീസ് ശ്രമിച്ചത്. ഭര്‍ത്താവുപോലും ഒത്തുതീര്‍പ്പിനായി അവരെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാനായിരുന്നു മൈമൂനയുടെ തീരുമാനം. മൂന്നുവര്‍ഷമായിട്ടും കാര്യമായ നടപടിയൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു സ്ത്രീനീതി സമിതിയുടെ നേതൃത്വത്തില്‍ 1996 ആഗസ്റ്റ് 11ന് അടുക്കള ബഹിഷ്‌കരിക്കല്‍ സമരം പ്രഖ്യാപിക്കപ്പെട്ടത്.
കൊവിഡ് കാലത്തെ ഒരു പ്രധാന ചര്‍ച്ചാവിഷയം അടുക്കളയായിരുന്നല്ലോ. പലപ്പോഴും അടുക്കളയും അടുക്കളവിഭവങ്ങളുമായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ താരമായത്. ലോക് ഡൗണിനെ തുടര്‍ന്ന് തങ്ങളുടെ സര്‍ഗ്ഗാതമകപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കുകയാണെന്ന് പല പുരുഷന്മാരും പ്രഖ്യാപിച്ചപ്പോള്‍ അടുക്കളയിലെ തങ്ങളുടെ വേതനമില്ലാ ജോലി വര്‍ദ്ധിക്കുന്നതായി ചൂണ്ടികാട്ടി നിരവധി സ്ത്രീകള്‍ രംഗത്തുവന്നു. ഒരു വലിയ വിഭാഗം പുരുഷന്മാര്‍ക്കും അടുക്കളയില്‍ കയറി സ്ത്രീകളെ ”സഹായിക്കാന്‍” മുഖ്യമന്ത്രി ആഹ്വാനം ചെയ്യേണ്ടിവന്നു. തുടര്‍ന്ന് ആണുങ്ങള്‍ അടുക്കള കയ്യടക്കുന്ന വീഡിയോകളുടെ പ്രവാഹമായിരുന്നു. അടുക്കളയോട് ചേര്‍ന്ന് പച്ചക്കറി തോട്ടത്തിന്റ പ്രാധാന്യവും മുഖ്യമന്ത്രി പറയേണ്ടിവന്നു പലര്‍ക്കും. ഒരു വശത്ത് ഇതെല്ലാം നടക്കുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങള്‍ക്കൊപ്പം കേരളത്തിലും ആയിരകണക്കിനു അടുക്കളകളില്‍ തീ പുകയാതായി. തുടര്‍ന്ന് സര്‍ക്കാര്‍ നടപ്പാക്കിയ സാമൂഹ അടുക്കള ചെറിയ ആശ്വാസം നല്‍കിയെങ്കിലും അതവസാനിക്കുകയും എന്നാല്‍ കൊവിഡ് ഭീഷണിയും ലോക് ഡൗണും പല രൂപത്തില്‍ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പല അടുക്കളകളും തീ പുകയാത്ത അവസ്ഥയിലേക്ക് തിരിച്ചുപോകുകയാണ്.
തീര്‍ച്ചയായും അടുക്കള ഒരു രാഷ്ട്രീയ പ്രതീകമാണ്. ഒരു രാഷ്ട്രത്തിന്റെ സാമൂഹ്യ – സാമ്പത്തിക അവസ്ഥകളും വിവേചനങ്ങളും അവിടെ വ്യക്തമായി കാണാനാകും. മെലിഞ്ഞ അടുക്കളകള്‍ ദാരിദ്ര്യത്തിന്റെ മാത്രമല്ല, ആ രാഷ്ട്രത്തിന്റെ ജനവിരുദ്ധ ഭരണത്തിന്റേയും പ്രതീകമാണ്. അതുപോലെ അടുക്കളയില്‍ സ്ത്രീസാന്നിധ്യം മാത്രം കാണുന്നത് അവിടത്തെ ലിംഗവിവേചനത്തിന്റേയും പ്രതീകമാണ്. നമ്മുടെ ഭാഷകളില്‍ പോലും അതു പ്രകടമാണ്. അങ്ങനെയാണ് സ്ത്രീകള്‍ എത്ര ആഴമുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയാലും അത് അടുക്കളതര്‍ക്കമായി മാറുന്നത്. അടുക്കള വീടുകളില്‍ മോശപ്പെട്ട ഒരിടമായി, അതിഥികളാരും കാണാത്ത മൂലകളിലായത്. സമീപകാലത്താണ് പല വീടുകളിലും അടുക്കളക്ക് മറ്റു മുറികളോടൊപ്പം സ്ഥാനം ലഭിച്ചത്. ഹോട്ടലുകളില്‍ അടുക്കള പുറകില്‍ നിന്ന് മുന്നിലെത്തിയത്.
കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രത്തില്‍ അടുക്കളക്ക് വലിയ പ്രാധാന്യമാണല്ലോ ഉള്ളത്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് സ്ത്രീകള്‍ ഇറങ്ങിവന്ന തിളക്കമേറിയ ഒരു കാലം നമുക്കുണ്ടായിരുന്നു. ്എന്നാല്‍ അതിനു കാര്യമായ തുടര്‍ച്ചയൊ്ന്നും ഉണ്ടായില്ല. സ്ത്രീകളുടെ ഒരു പൈസ പോലും വേതനമില്ലാത്ത തൊഴിലിടമായി അടുക്കള തുടര്‍ന്നു. ഇന്നും തുടരുന്നു. തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ക്ക് വിശ്രമമില്ലാത്ത മറ്റൊരു തൊഴിലായും. ഇടക്ക് അടുക്കളയിലെ ജോലിക്ക് വേതനം നല്‍കാന്‍ ക”കുടുംബനാഥന്‍” ബാധ്യസ്ഥനാണെന്ന നിയമനിര്‍മ്മാണത്തെ കുറിച്ചൊക്കെ കേട്ടിരുന്നെങ്കിലും അതിനും തുടര്‍ച്ച കണ്ടില്ല. മാത്രമല്ല അത് കുടുംബത്തിന്റെ ”പവിത്രത’ തകര്‍ക്കുമെന്ന ആരോപണവും ഉയര്‍ന്നു. അതിനിടയില്‍ വി ടി ഭട്ടതിരിപ്പാട് പറഞ്ഞ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന പ്രഖ്യാപനത്തെ തിരുത്തുന്ന, സ്ത്രീകള്‍ അടു്കകള തിരിച്ചുപിടിക്കുക എന്ന സാറാജോസഫിന്റെ പ്രഖ്യാപനം കേരളം കേട്ടു. കോര്‍പ്പറേറ്റ് ശക്തികളുടെ അടുക്കളയിലേക്കുള്ള കടന്നുകയറ്റം തടയുക എന്ന ലക്ഷ്യത്തോടെ ആടുക്കളയില്‍ നിന്നുതന്നെ ആഗോളീകരണ വിരുദ്ധ പോരാട്ടത്തിനു സ്ത്രീകള്‍ നേതൃത്വം നല്‍കുക എന്ന സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയമായിരുന്നു സാറാ ജോസഫ് ഉദ്ദേശിച്ചത്. ഇന്നാകട്ടെ എന്തു ഭക്ഷിക്കണമെന്നുപോലും തീരുമാനിക്കുന്ന തരത്തില്‍ ഹിന്ദുത്വ വര്‍ഗ്ഗീയ ശക്തികള്‍ അടുക്കളയിലേക്ക് കയ്യേറ്റം നടത്തുന്നു. മലയാളികളുടെ പ്രിയഭക്ഷണം ബീഫ് രാജ്യത്ത് ന്യൂനപക്ഷകൊലകള്‍ക്ക് കാരണമാകുന്നു.
അടുക്കളയെ സമരമുറയാക്കിയ. സംഭവങ്ങളും കേരളത്തില്‍ നടന്നിട്ടുണ്ട്. അടുക്കള ബഹിഷ്‌കരിക്കുക എന്ന സ്ത്രീകളുടെ ഏറ്റവും ശക്തമായ സമരരൂപം കേരളത്തില്‍ ആദ്യം നടന്നത് 1996 ല്‍ കാസര്‍ഗോഡായിരുന്നു. അതാകട്ടെ ലൈംഗിക പീഡനത്തിനെതിരേയും. 1993 ഒക്ടോബര്‍ ആറിന് കണ്ണൂര്‍ കോട്ട കാണാന്‍ ഭര്‍ത്താവിനൊപ്പമെത്തിയ മൈമൂന എന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. പോലീസില്‍ പരാതി കൊടുത്തെങ്കിലും കാര്യമായ നടപടിയുണ്ടായില്ല എന്നു മാത്രമല്ല, ഒത്തുതീര്‍പ്പിനാണ് പോലീസ് ശ്രമിച്ചത്. ഭര്‍ത്താവുപോലും ഒത്തുതീര്‍പ്പിനായി അവരെ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ കേസുമായി മുന്നോട്ടുപോകാനായിരുന്നു മൈമൂനയുടെ തീരുമാനം. മൂന്നുവര്‍ഷമായിട്ടും കാര്യമായ നടപടിയൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു സ്ത്രീനീതി സമിതിയുടെ നേതൃത്വത്തില്‍ 1996 ആഗസ്റ്റ് 11ന് അടുക്കള സമരം പ്രഖ്യാപിക്കപ്പെട്ടത്. കാലങ്ങളായി അടിമപ്പണിയെപോലെ തങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട അടുക്കള പണികള്‍ ബഹിഷ്‌കരിക്കാനായിരുന്നു സമിതിയുടെ തീരുമാനം. അജിതയായിരുന്നു സമരം ഉദ്ഘാടനം ചെയ്തത്. കൊല്ലാട് മേഖലയില്‍ സമരം വന്‍വിജയമായി. നിരവധി പുരുഷന്മാര്‍ അടുക്കളയില്‍ കയറി സമരവുമായി സഹകരിച്ചു. സമരത്തെ പിന്തുണച്ച് ആഗസ്റ്റ് 15ന് തൃശൂരില്‍ സമ്മേളനം നടന്നു. സമരവുമായി ബന്ധപ്പെട്ടുണ്ടായ എറ്റവും അപഹാസ്യമായ സംഭവം സിപിഎം അതിനെതിരെ രംഗത്തുവന്നതാണ്. കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടെങ്കിലും ഭരിക്കുന്ന തങ്ങളുടെ സര്‍ക്കാരിനെതിരായ നീക്കമായാണ് അവര്‍ സ്ത്രീകളുടെ ഈ പോരാട്ടത്തെ വ്യാഖ്യാനിച്ചത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടുക്കള സമരത്തിനെതിരെ പ്രകടനവും നടത്തി. സ്ത്രീകളുടെ ഏറ്റവും ശക്തമായ ഈ സമരരൂപം കേരളത്തില്‍ പിന്നീടും ആവര്‍ത്തിക്കപ്പെട്ടു. അവസാനമതാവര്‍ത്തിച്ചത് കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തിലായിരുന്നു. എന്നാല്‍ ഈ സമരത്തിന്റെ അപാരമായ ശക്തി ഇപ്പോളും നമ്മുടെ വനിതാ സംഘടനകള്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
പൊന്നാനിയില്‍ നടക്കുന്ന ഒരു പരീക്ഷമമാണ് അടുത്ത ദിനങ്ങളില്‍ അടുക്കള രാഷ്ട്രീയത്തെ വീണ്ടും സജീവമാക്കിയിരിക്കുന്നത്. അടുക്കളയെ മാന്യമായ ഒരു തൊഴിലിടമെന്ന നിലയ്ക്ക് വീടുകളില്‍നിന്ന് വേര്‍പെടുത്തി പൊതു അടുക്കള എന്ന സങ്കല്‍പ്പം പ്രായോഗികമാക്കാനാണ് അവിടെ ഒരുവിഭാഗം ശ്രമിക്കുന്ത്. ജോലിക്കു പോകുന്നവരെ അടുക്കള ഭാരത്തില്‍നിന്ന് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കടവനാട്ട് ആദ്യശ്രമം നടക്കുന്നത്. ”അടുക്കള ഒഴിവാക്കൂ, അടുക്കള തൊഴിലാക്കൂ” എന്നതാണ് അവരുയര്‍ത്തുന്ന മുദ്രാവാക്യവും മാനിഫെസ്റ്റോയും. നൂറിലേറെ കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ഒരു പദ്ധതിയാണ് ഇപ്പോഴത്. ഇരുപത്തിയഞ്ചു വീടിന് ഒരടുക്കളയുണ്ടാവും. അവരെ ചേര്‍ത്തുള്ള വാട്‌സ് ആപ്പ് വിനിമയവും സാധ്യമാക്കും.അടുക്കളയില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാന്യമായ വരുമാനം നല്‍കും. പത്രവും പാലുമൊക്കെ വിതരണം ചെയ്യുന്ന പോലെ ഭക്ഷണവിതരണത്തിനു സംവിധാനമുണ്ടാക്കും. അതു ചെയ്യുന്നവര്‍ക്കും മാന്യമായ വരുമാനം നല്‍കും. അപ്പോഴും ഇപ്പോള്‍ ഓരോ വീട്ടിലും ഭക്ഷണത്തിനു വരുന്നത്ര ചിലവ് വരില്ലെന്നാണ് സംഘാടകര്‍ സമര്‍ത്ഥിക്കുന്നത്. സഹകരണബാങ്ക് ഈ സംറബത്തിനു സഹായവുമായി രംഗത്തുണ്ട്.
തീര്‍ച്ചയായും പരിക്ഷിക്കാവുന്ന ഒന്നാണ് ഈ സംരംഭമെങ്കിലും വളരെ ഗൗരവപരമായ ഒരു വിഷയം ഇവിടെ പ്രതിസന്ധിയാകാന്‍ സാധ്യതയുണ്ട്. മനുഷ്യരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ എത്രമാത്രം സധ്യമാകുമെന്നതു തന്നെയാണത്. തുല്ല്യതയേയും സമത്വത്തേയും കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിക്കാമെങ്കിലും വൈയക്തിക ഇഷ്ടാനിഷ്ടങ്ങളില്‍ അതെത്രമാത്രം പ്രായോഗികമാണ്? സോഷ്യലിസത്തിന്റെ പേരില്‍ പല രാജ്യങ്ങളിലും മനുഷ്യരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെ പരിഗണിക്കാതിരുന്ന ചരിത്രം നമ്മുടെ മുന്നിലുണ്ടല്ലോ. മനുഷ്യന്‍ സാമൂഹ്യജീവി മാത്രമല്ല, വ്യക്തി കൂടിയാണല്ലോ. ഹോസ്റ്റലുകളടക്കം പലയിടത്തും ഇപ്പോള്‍ തന്നെ ഇതാണല്ലോ നടക്കുന്നത്. പക്ഷെ അവിടെയൊന്നും പൊതുവില്‍ ആരും സംതൃപ്തരല്ല എന്നതാണ് വസ്തുത. അപ്പോഴും അടുക്കളയെ കേന്ദ്രമാക്കി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടക്കട്ടെ. ലിംഗപരമായ വിവേചനം ഇല്ലാതാക്കലാകണം ഏതൊരു പരീക്ഷണത്തിന്റേയും ലക്ഷ്യം എന്നു മാത്രം. അടുക്കളയില്‍ വേവേണ്ടത് ഭക്ഷണം മാത്രമല്ല, രാഷ്ട്രീയം കൂടിയാണെന്നു സാരം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in