കിഫ്ബി കിതക്കുന്നു
കിഫ്ബി പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓട്ടോലാബും ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയും പരിശോധനയ്ക്കു ഡ്രോണും ഉള്‍പ്പെടെയുള്ള ആധുനിക രീതികള്‍ സ്വികരിക്കുന്നുണ്ടെന്നും , എല്ലാം സുതാര്യമാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, സാധാരണ കോര്‍പ്പറേറ്റു കമ്പനികളില്‍ നടത്തുന്നതുപോലെയുള്ള ഇന്റെര്‍ണല്‍ ഓഡിറ്റും സ്റ്റാറ്റിയൂട്ടറി ഓഡിറ്റും ഉണ്ടാവുമെന്നും വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം ഈ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുമെന്നും പറഞ്ഞുകൊണ്ടു CAG യുടെ സമഗ്രമായ ഓഡിറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
കേരളത്തിന്റെ അ.ടിസ്ഥാന സൗകര്യ വികസന രംഗത്ത് പദ്ധതികള്‍ നടപ്പാക്കാനായി ധനവകുപ്പിനു കീഴില്‍ 1999 ല്‍ ഇ. കെ. നായനാര്‍ മന്ത്രിസഭയുടെ കാലത്തു രൂപീകരിച്ചതാണ് കിഫ്ബി (Kerala Infrastructure Investment Fund Board ). എന്നാല്‍ തുടര്‍ന്നുവന്ന യു ഡി എഫ് സര്‍ക്കാരോ, അച്യുതാനന്ദന്‍ സര്‍ക്കാരോ കിഫ്ബിക് വലിയ പരിഗണന നല്‍കിയിരുന്നില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണു കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജിതമായത്. സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക ഉദ്ദേശ്യ കമ്പനിയായി കിഫ്ബിയെ പിണറായി സര്‍ക്കാര്‍ പുനസംഘടിപ്പിച്ചു.പ്രൊഫഷനല്‍ സമീപനത്തിലൂടെ കിഫ്ബിയുടെ പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പുനസംഘടന. ഗതാഗതം, ഊര്‍ജം, , വിവരസാങ്കേതികവിദ്യ ആദിയായ അടിസ്ഥാന സൗകര്യവികസനമാണ് കിഫ്ബിയുടെ സ്ഥാപിത ലക്ഷ്യം.
വ്യവസായങ്ങള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കല്‍, വലിയ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണം , ടുറിസം വികസനം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വിവിധ പ്രോജക്ടുകള്‍ എന്നിവ പഠനവിധേയമാക്കിയശേഷം അതിനു അനുമതി നല്‍കുന്നതും അവയ്ക്കു ആവശ്യമായ തുക വകയിരുത്തുന്നതും കിഫ്ബിയാണ്. അടിസ്ഥാന സൗകര്യവികസനത്തിനും വന്‍കിട പദ്ധതികള്‍ക്കും ബജറ്റിലൂടെ ഫണ്ട് കണ്ടെത്തി ചെലവഴിക്കുന്ന കിഴ് വഴക്കമാണ് കിഫ്ബിയിലൂടെ ഇല്ലാതാക്കപ്പെടുന്നത്. ഭരണഘടനച്ചട്ടങ്ങളുടെ ബാധ്യതകളില്ലാതെ വികസന പദ്ധതികള്‍ നടപ്പാക്കാം എന്നതാണിതിന്റെ സൗകര്യം. ഫലത്തില്‍ സര്‍ക്കാരിനു സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പ്പറേറ്റ് സംവിധാനമാണ് കിഫ്ബി. സ്ഥിരവരുമാനം ഉറപ്പുവരുത്തുന്ന ഒരു കമ്പനി എന്ന നിലയിലാണു കിഫ്ബിയുടെ പ്രവര്‍ത്തനം. കമ്പനിയുടെ വിശ്വാസത്തിന്റെ ബലത്തില്‍ ധനസമാഹരണം നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നതാണ് കിഫ്ബി ലക്ഷ്യമിടുന്നത്. കിഫ്ബി ബോണ്ടുകളിലൂടെയാണ് ഈ ധനസമാഹരണം നടത്തുക.
ബാങ്കുകള്‍ക്കു മാത്രമല്ല ആര്‍ക്കും ഈ ബോണ്ടുകളില്‍ നിക്ഷേപം നടത്താം. എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാമെന്ന വ്യവസ്ഥയുമുണ്ട്. മസാലബോണ്ടുപോലും സ്വീകരിക്കാന്‍ കിഫ്ബിക്കു അനുവാദം നല്‍കിയിട്ടുണ്ട്. ഇങ്ങനെ വിവിധ മാര്‍ഗങ്ങളിലൂടെ അഞ്ചു വര്‍ഷം കൊണ്ടു ഒരു ലക്ഷം കോടി സമാഹരിക്കാനാവുമെന്നായിരുന്നു സര്‍ക്കാരിന്റെ അവകാശവാദം. നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ കിഫ്ബിയിലൂടെ സമാഹരിക്കാനായതു 15315.25 കോടി രൂപയാണ്. ഇതില്‍നിന്നും 5957. 96 കോടിയാണ് വിവിധ പദ്ധതികള്‍ക്കായി ചെലവഴിച്ചത്. വളരെയധികം പ്രചാരണം നടത്തി ലണ്ടനില്‍ പോയി ലിസ്റ്റു ചെയ്ത മസാല ബോണ്ടിലുടെ സമാഹരിക്കാനായതു 2150 കോടി രൂപ മാത്രമാണ്. പ്രവാസികള്‍ക്കായി ആവിഷ്‌കരിച്ച KSFE ചിട്ടിയിലുടെ ലഭിച്ചതാകട്ടെ 303.04 കോടിയും. ബാക്കിയുള്ള തുക മുഴുവനും സര്‍ക്കാരിന്റെ ഫണ്ടുതന്നെ കിഫബിയിലേക്കു വക മാറ്റിയതാണ്. കോര്‍പ്പസ് ഫണ്ടായി 2498.42 കോടിയാണ് കേരള സര്‍ക്കാര്‍ കിഫ്ബിക്കു നല്‍കിയത്. പെട്രോളിയത്തിന്റെ സെസിലൂടെയും മോട്ടോര്‍ വാഹന നികുതിയിലൂടെയും ലഭിച്ച 6590.10 കോടി രൂപയും കിഫ്ബിയിലേക്കു വകയിരുത്തി. നബാര്‍ഡില്‍ നിന്നു ലഭിച്ച 2915 കോടി വായ്പയും കിഫ്ബികിയുടെ കണക്കില്‍ ഉള്‍പ്പെടുത്തി.
വികസനപ്രവര്‍ത്തനങ്ങള്‍ക്കു ആവശ്യത്തിനു ഫണ്ടു ലഭിക്കുന്നതിനുള്ള പരിമിതി മറികടക്കാനെന്നു പറഞ്ഞു രൂപവല്‍ക്കരിച്ച കിഫ്ബിയിലൂടെ കാര്യമായ ധനസമാഹരണം നടത്താന്‍ നാളിതുവരെ സാധിച്ചിട്ടില്ലെന്ന വസ്തുതയാണ് സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തിയ ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ മാര്‍ഗങ്ങളിലൂടെ സര്‍ക്കാരിനു ലഭിക്കുന്ന നികുതിയും വായ്പകളും കിഫ്ബിയുടെ കണക്കില്‍ പ്പെടുത്തി, കിഫ്ബിയിലൂടെ എന്തോ നേട്ടം കൈവരിച്ചെന്ന പ്രതീതി സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കിഫ്ബിയുടെ കുതിപ്പിനെക്കുറിച്ചുള്ള സപ്ലിമെന്റുകളെല്ലാം അതിന്റെ ഭാഗമാണ്.
കിഫ്ബി പദ്ധതികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓട്ടോലാബും ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയും പരിശോധനയ്ക്കു ഡ്രോണും ഉള്‍പ്പെടെയുള്ള ആധുനിക രീതികള്‍ സ്വികരിക്കുന്നുണ്ടെന്നും , എല്ലാം സുതാര്യമാണെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും, സാധാരണ കോര്‍പ്പറേറ്റു കമ്പനികളില്‍ നടത്തുന്നതുപോലെയുള്ള ഇന്റെര്‍ണല്‍ ഓഡിറ്റും സ്റ്റാറ്റിയൂട്ടറി ഓഡിറ്റും ഉണ്ടാവുമെന്നും വാര്‍ഷിക റിപ്പോര്‍ട്ടിനൊപ്പം ഈ ഓഡിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധികരിക്കുമെന്നും പറഞ്ഞുകൊണ്ടു CAG യുടെ സമഗ്രമായ ഓഡിറ്റില്‍ നിന്നും കിഫ്ബിയെ ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.
9.72 ശതമാനം പലിശയ്ക്കാണ് കിഫ്ബി മസാല ബോണ്ടുകള്‍ സ്വികരിക്കുന്നത്. നമ്മുടെ ബാങ്കുകളില്‍ നിന്നുമുള്ള സര്‍ക്കാരിന്റെ വായ്പകള്‍ക്കുള്ള പലിശ അതിലും കുറവാണു. പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും നബാര്‍ഡില്‍ നിന്നും കുറഞ്ഞ പലിശയ്ക്കു വായ്പകള്‍ ലഭ്യമാകാനുള്ള സാദ്ധ്യതകള്‍ പരിഗണിക്കാതെ കൂടിയ പലിശയ്ക്കു മസാല ബോണ്ടുകളെ ആശ്രയിക്കുന്നതു കേരളത്തിന്റെ കടബാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ് ചെയ്യുക. കടുത്ത സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കുന്ന, ഇപ്പോള്‍ തന്നെ കടത്തില്‍ മുങ്ങിനില്‍ക്കുന്ന കേരളത്തെ കടക്കെണിയില്‍ അകപ്പെടുത്താന്‍ കിഫ്ബി ഇടയാക്കുമോ എന്ന ആശങ്കയും തള്ളിക്കളയാനാവില്ല.
നാലു വര്‍ഷം കൊണ്ടു ആറായിരം കോടി രൂപയില്‍ താഴെയുള്ള വികസന പദ്ധതികളാണ് കിഫ്ബിയിലൂടെ പൂര്‍ത്തീകരിക്കാനായത്. അപ്പോഴാണ് കിഫ്ബിയിലൂടെ 57000 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയെന്നും സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് ഉണ്ടാകാന്‍ പോകുന്നതെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നത്. നാലുവര്‍ഷം കൊണ്ടു സാധിക്കാത്തത് 100 ദിവസം കൊണ്ടോ ഏതാനും മാസംകൊണ്ടോ സാധിക്കുമോ. സാമ്പത്തിക പ്രതിസന്ധിമൂലം ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും സര്‍ക്കാരിനു പൂര്‍ത്തീകരിക്കാനാവുന്നില്ല.
കേരളത്തിന്റെ വികസന നിശ്ചലാവസ്ഥയെ മറച്ചുപിടിക്കാനുള്ള ഒരു ഉപായം മാത്രമാണ് കിഫ്ബി. സര്‍ക്കാര്‍ സംവിധാനങ്ങളെയെല്ലാം നോക്കുകുത്തിയാക്കി, നിലവിലുള്ള നിയമങ്ങളെയും വ്യവസ്ഥകളെയും മറികടന്നു തല്പരകക്ഷികളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ വികസന പദ്ധതികളെ പരിവര്‍ത്തനപ്പെടുത്തിയെടുക്കാനുള്ള കൗശലമാണ് കിഫ്ബിയില്‍ ഒളിഞ്ഞിരിക്കുന്നത്. വികസന കുതിപ്പിനു പകരം കേരള സമ്പദ്ഘടനയുടെ കിതപ്പിനായിരിക്കും അത് വഴിയൊരുക്കുക.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in