കേരളീയര്‍ അത്ര പ്രബുദ്ധമല്ല സഖാവ് പി സതീദേവി

നമ്മുടെ പ്രബുദ്ധതയുടെ കാപട്യം ഏറ്റവും കൂടുതല്‍ വെളിവാകുന്നത് സ്ത്രീ- പുരുഷ ബന്ധങ്ങളിലാണ്. പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായ കുടുംബഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ മതങ്ങളും ജാതികളും രാഷ്ട്രീയ പാര്‍ട്ടികളും ഒരേ മനസ്‌കരാണ്. ജനാധിപത്യപരമായ സ്ത്രീ-പുരുഷ ബന്ധം വളത്തിയെടുക്കുന്നതിലുള്ള വിമുഖതയും സ്ത്രീകളുടെ തുല്യതയെ മാനിക്കാനുള്ള വൈമനസ്യവുമാണ് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കും സ്ത്രീധനത്തിന്റെ പേരിലുണ്ടാകുന്ന കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും കാരണം.

കേരളം പ്രബുദ്ധമാണെന്നാണ് നിയുക്ത വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ പറയുന്നത്. കേരളം എല്ലാകാര്യത്തിലും നമ്പര്‍ വണ്‍ ആണെന്നും നമ്മള്‍ അവകാശപ്പെടാറുണ്ട്. യഥാര്‍ത്ഥത്തില്‍ നമ്മള്‍ അവകാശപ്പെടുന്നതു പോലുള്ള പ്രബുദ്ധത കേരളീയര്‍ക്കുണ്ടോ. സമ്പുര്‍ണ സാക്ഷരതയും വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപങ്ങളുടെ വൈപുല്യവും സാര്‍വത്രികതയും നമുക്കുണ്ടെന്നതും ശരിയാണ്. മത്സര പരീക്ഷകളില്‍ മികച്ച വിജയശതമാനവും നമുക്കുണ്ട്. പക്ഷേ, അഖിലേന്ത്യ മത്സര പരീക്ഷകളില്‍ നമുക്കു വേണ്ടത്ര ശോഭിക്കാന്‍ കഴിയുന്നില്ലെന്ന വസ്തുത, നാം മികച്ചതെന്ന് ഘോഷിക്കുന്ന നമ്മുടെ വിദ്യാഭ്യാസത്തിന്റെ ആന്തരിക ദൗര്‍ബല്യമാണ് വെളിവാക്കുന്നത്. ആധുനിക സമൂഹം സ്വായത്തമാക്കേണ്ട പൗരബോധമോ, ജനാധിപത്യബോധമോ, സഹോദര്യമോ, സമഭാവനയോ പ്രദാനം ചെയ്യാന്‍ നമ്മുടെ വിദ്യാഭ്യാസത്തിനു സാധിക്കുന്നുണ്ടോ. രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ് കേരളീയരെന്ന് നാം അഹങ്കരിക്കാറുണ്ട്. പ്രാദേശിക, അഖിലേന്ത്യ, ആഗോള രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍വിതചര്‍വ്വണം നടത്തുന്നതില്‍ മലയാളികളെക്കാള്‍ കേമന്മാര്‍ വേറാരെങ്കിലുമുണ്ടോ എന്നതു സംശയമാണ്. രാഷ്ട്രീയം നമ്മുടെ രക്തത്തില്‍ അത്രയധികം അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. സമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിലും സമൂഹ്യ പുരോഗതിയിലും സുപ്രധാന പങ്കുവഹിക്കേണ്ട രാഷ്ട്രീയം ഇന്ന് അമിതമായ കക്ഷിരാഷ്ട്രീയത്തിന്റെ നീരാളിപിടുത്തത്തിലാണ്. മതവിശ്വാസം പോലെയായി പരിണമിച്ചിരിക്കുകയാണ് ഇന്ന് രാഷ്ട്രീയവും. തന്‍മൂലം തങ്ങളുടെ പാര്‍ട്ടി ചെയ്യുന്ന ഏത് അനീതിയെയും അധര്‍മ്മത്തെയും ന്യായികരിക്കുന്നതില്‍ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാത്തവരായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. തങ്ങള്‍ ആഗ്രഹിച്ച സ്ഥാനം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടി മാറുന്നതിനു നേതാക്കളും, അവരെ വാരിപുണരാന്‍ എതിര്‍ പാര്‍ട്ടികളും മത്സരിച്ചുകൊണ്ടിരിക്കുന്നു. നാളിതുവരെ സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാടുകള്‍ തള്ളിപറയാനും എതിര്‍ത്തിരുന്ന നിലപാടുകളുടെ വക്താക്കളായി മാറാനും അവര്‍ക്കു ലവലേശം പോലും ഉളുപ്പുമില്ല. സാമൂഹ്യസേവനത്തിനു പകരം സ്വാര്‍ത്ഥത മാത്രമായിരിക്കുന്നു രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ആത്യന്തിക ലക്ഷ്യം.

തൊട്ടുകൂടാത്തവരും തീണ്ടികൂടാത്തവരും, ദൃഷ്ടിയില്‍ പെടാന്‍ പോലും അവകാശമില്ലാത്ത ജാത്യാചാരങ്ങളാല്‍ ഭ്രാന്താലയമായിരുന്ന കേരളത്തെ ജനാധിപത്യവല്‍ക്കരിക്കുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ച നവോത്ഥാന മുന്നേറ്റങ്ങളെക്കുറിച്ചു നാം വാചാലരാവാറുണ്ട്. അതിനായി അയ്യങ്കാളിയും ശ്രീനാരായണ ഗുരുവുമൊക്കെ ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിക്കുന്നതോടൊപ്പം തങ്ങളിലുള്ളത് മാനവരക്തമാണെന്നു മുദ്രാവാക്യം മുഴക്കാറുമുണ്ട്. പ്രത്യക്ഷത്തിലുള്ള ചില ജാതിവിവേചനങ്ങള്‍ ഒഴിവാക്കപ്പെട്ടു എന്നല്ലാതെ, ജാതിക്കതീതമായ ഒരു മാനവികത ബോധം ഇവിടെ രൂപംകൊണ്ടിട്ടില്ല. സുകുമാര്‍ അഴിക്കോടിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ അന്ന് ജാതി വെളിയില്‍ കാണാമായിരുന്നു. ഇന്ന് അത് ഉള്ളില്‍ ഒതുങ്ങിയിരിക്കുന്നു. ഉള്ളില്‍ ഒതുങ്ങല്‍ നശിക്കാന്‍ അല്ല. വെളിപ്പെടലിനേക്കാള്‍ ഭയങ്കരമായ ഒരു സ്ഥിതിയാണ് ഉള്ളില്‍ ഒതുങ്ങല്‍.ഇങ്ങനെ ഉള്ളില്‍ ഒതുങ്ങിയ ജാതിചിന്തയാണ് നമ്മുടെ പ്രബുദ്ധതയുടെ പുറംതോടിനുള്ളില്‍. അതുകൊണ്ടാണല്ലോ താഴ്ന്ന ജാതിക്കാരുമായുള്ള വിവാഹത്തെ ഉള്‍ക്കൊള്ളാനാവാതെ കെവിന്റെതുപോലുള്ള ജാതികൊലകള്‍ക്കു നാം സാക്ഷ്യം വഹിക്കേണ്ടിവരുന്നത്. മാത്രമല്ല, തെരഞ്ഞെടുപ്പുകളിലും സാമൂഹ്യ, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പോലും ജാതി ഒരു അദൃശ്യ സാന്നിധ്യമായി നിലകൊള്ളുന്നു. രാഷ്ട്രീയ പാര്‍ട്ടികളാകട്ടെ അതിനെ ഫലപ്രദമായി വിനിയോഗിക്കുന്നതില്‍ വൈദഗ്ദ്യമുള്ളവുരുമാണ്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

മത സൗഹാര്‍ദ്ദത്തിന് പ്രസിദ്ധമായിരുന്നു കേരളം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍ പെട്ടവര്‍ പരസ്പര ബഹുമാനത്തിലും സ്‌നേഹത്തിലും കഴിഞ്ഞിരുന്ന നാട്. എന്നാലിപ്പോള്‍ മത വിദ്വേഷത്തിന്റെ അലയൊലികലാണെവിടെയും. എല്ലാ മതവിഭാഗങ്ങളിലും തീവ്ര വര്‍ഗീയ ശക്തികള്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. താല്കാലിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ കുതന്ത്രങ്ങള്‍ മതവര്‍ഗീയ ശക്തികള്‍ക്കു വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റികൊണ്ടിരിക്കുന്നു. മതനേതാക്കള്‍ തന്നെ വിദ്വേഷജനകമായ പ്രസ്താവനകള്‍ ഇറക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു.

നമ്മുടെ പ്രബുദ്ധതയുടെ കാപട്യം ഏറ്റവും കൂടുതല്‍ വെളിവാകുന്നത് സ്ത്രീ- പുരുഷ ബന്ധങ്ങളിലാണ്. പുരുഷാധിപത്യത്തില്‍ അധിഷ്ഠിതമായ കുടുംബഘടനയെ താങ്ങിനിര്‍ത്തുന്നതില്‍ മതങ്ങളും ജാതികളും രാഷ്ട്രീയ പാര്‍ട്ടികളും ഒരേ മനസ്‌കരാണ്. ജനാധിപത്യപരമായ സ്ത്രീ-പുരുഷ ബന്ധം വളത്തിയെടുക്കുന്നതിലുള്ള വിമുഖതയും സ്ത്രീകളുടെ തുല്യതയെ മാനിക്കാനുള്ള വൈമനസ്യവുമാണ് വര്‍ധിച്ചുവരുന്ന സ്ത്രീപീഡനങ്ങള്‍ക്കും സ്ത്രീധനത്തിന്റെ പേരിലുണ്ടാകുന്ന കൊലപാതകങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും കാരണം. പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സ്വന്തം ഇണയെ തെരഞ്ഞെടുക്കാനോ സ്വന്തം ഭാഗധേയം തീരുമാനിക്കാനോ ഉള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്നുണ്ടെങ്കിലും അതൊന്നും അംഗീകരിക്കാനുള്ള സന്നദ്ധത മതമേധാവികള്‍ക്കോ സമുദായ നേതൃത്വങ്ങള്‍ക്കോ ഇല്ല. അതുകൊണ്ടാണല്ലോ തങ്ങളുടെ മതത്തിലോ സമുദായത്തിലോ ഉള്ള യുവതികളെ മറ്റു സമുദായത്തില്‍ പെട്ടവര്‍ സ്‌നേഹിച്ചോ, മയക്കുമരുന്നു നല്‍കിയോ മറ്റുമാര്‍ഗങ്ങള്‍ അവലംബിച്ചോ തട്ടിക്കൊണ്ടുപോകുന്നു എന്ന വിലാപങ്ങള്‍ ഉയരുന്നത്. പുരുഷന്റെ ഇഷ്ടാനിഷ്ടങ്ങക്കപ്പുറം സ്ത്രീകളുടെ തീരുമാനങ്ങള്‍ക്കു യാതൊരു പരിഗണയും നല്‍കാന്‍ പാടില്ല എന്ന ചിന്തയാണ് നമ്മെ ഭരിക്കുന്നത്. ആ ചിന്ത നമ്മുടെ ചെറുപ്പക്കാരില്‍ വരെ എത്രയധികം സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ പ്രതിഫലനമല്ലേ, പ്രണയം നിരസിക്കാനുള്ള യുവതികളുടെ സ്വാതന്ത്ര്യം പോലും അംഗീകരിക്കാന്‍ പറ്റാത്ത മാനസികാവസ്ഥ. കഴിഞ്ഞദിവസം പാലായിലെ കോളേജില്‍ ഉണ്ടായതുള്‍പ്പെടെ പന്ത്രണ്ടോളം യുവതികളാണ് പ്രണയം നിരസിക്കാനുള്ള സ്വാതത്ര്യം പോലും ഇല്ലാതെ കേരളത്തില്‍ കൊല്ലപ്പെട്ടതെന്നാണ് കണക്ക്. കണക്കില്‍ പെടാത്തവ അനവധിയുണ്ടാവാം. പ്രണയിക്കാനും പ്രണയത്തില്‍ നിന്നു പിന്തിരിയാനും പ്രണയം നിരസിക്കാനുമെല്ലാം ഓരോരുത്തര്‍ക്കുമുള്ള സ്വാതന്ത്ര്യത്തെ പോലും അംഗീകരിക്കാന്‍ കഴിയാത്ത ഒന്നായി പരിവര്‍ത്തനപ്പെട്ടുകൊണ്ടിരിക്കുന്ന കേരളീയര്‍ക്ക് എന്ത് പ്രബുദ്ധതയാണ് അവകാശപ്പെടാനാവുക.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മുടെ പ്രബുദ്ധതനാട്യങ്ങള്‍ മാറ്റിവച്ചുകൊണ്ടു ആത്മപരിശോധന നടത്താനും സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ തിരിച്ചറിയാനും അതിന്റെയടിസ്ഥാനത്തില്‍ കേരളീയ സമൂഹത്തെ എല്ലാ തലങ്ങളിലും ജനാധിപത്യവത്കരിക്കാനുമുള്ള ശ്രമങ്ങളാണുണ്ടാവേണ്ടത്. അപ്പോഴാണ് ലിംഗഭേദമില്ലാതെ, ജാതിഭേദമില്ലാതെ, മതഭേദമില്ലാതെ, ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യത്തെ മാനിക്കുന്ന, പരസ്പര വിശ്വാസവും സാഹോദര്യവും നിലനില്‍ക്കുന്ന ഒരു ജനതയായി നമുക്കു മാറിത്തീരാനാവുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply