കേരള മോഡല്‍ ദലിതരോട് ചെയ്തതെന്ത്?
‘ഹരിജന്‍’ കൂലി തൊഴിലാളികളായി നിയമപരമായി സ്ഥിരപ്പെടുത്തുന്ന കുടികിടപ്പു നിയമമാണ് കേരളത്തിലെ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഉണ്ടായത്. ഈ നിയമം കൃഷിഭൂമിയുടെ ഉടമസ്ഥതയില്‍ നിന്നും പ്രാഥമിക ഉത്പാദക തൊഴില്‍ സമൂഹങ്ങളെ ഒഴിവാക്കുകയും കുടി കിടപ്പുകാരായി മാറ്റുകയും ചെയ്തു. അവര്‍ താമസിക്കുന്ന കിടപ്പാടത്തിന്റെ മേല്‍ മാത്രം നിയമപരമായി ഉടമസ്ഥരാക്കുന്നതും കൃഷിഭൂമിയുടെ ഭൂവുടമസ്ഥതയില്‍ നിന്നും അവര്‍ പുറത്താക്കപ്പെടുകയും ചെയ്തു. കേരള വികസനത്തിന്റെ മാതൃക എന്ന നിലയില്‍ ഉണ്ടായി വന്ന കേരള മോഡല്‍ വികസന രീതി ഇങ്ങനെ കുടികിടപ്പവകാശം മാത്രം ലഭിച്ച കിടപ്പാടങ്ങളെ നാലും പത്തും സെന്റ് ഹരിജന്‍ കോളനികളാക്കിയും പട്ടികജാതി സങ്കേതങ്ങളാക്കിയും മാറ്റി നിലനിര്‍ത്തുകയാണ് കേരള വികസന മാതൃകയില്‍ സംഭവിച്ചത്.
കേരളത്തില്‍ നടന്ന ഭൂപരിഷ്‌ക്കരണം കാര്‍ഷിക ഉത്പാദന മേഖലയിലെ അടിസ്ഥാന തൊഴില്‍ ശക്തിയായ പ്രാധമിക ഉത്പാദക വിഭാഗങ്ങളെ (primary producerട) മുന്‍നിര്‍ത്തിയുള്ളതായിരുന്നില്ല .മുതലാളിത്ത കാര്‍ഷിക വികസനത്തിന്റെ പ്രധാന ചുവടുവയ്പ്പാണ് കാര്‍ഷിക പരിഷ്‌ക്കരണങ്ങള്‍. കോളോണിയല്‍ ആധിപത്യത്തിന്റെ കീഴിലായിരുന്ന ഇന്ത്യയില്‍ പാരമ്പര്യമായി ഉത്പാദന ഉപാധികള്‍ കുത്തകയാക്കിയിരുന്ന ഭൂവുടമ വര്‍ഗ്ഗം ജാതി ഹിന്ദുക്കളും ചിലയിടങ്ങളില്‍ മുസ്ലിം, ക്രൈസ്തവ, സിക്ക് ,ജൈന മത വിഭാഗങ്ങളില്‍പെട്ട ധനിക ഭൂവുടമകളുമായിരുന്നു. വിവിധ തലങ്ങളിലുള്ള (multiple and differentiated peasants) കര്‍ഷകരും പ്രാഥമിക ഉത്പാദക വിഭാഗങ്ങളായി അധ്വാനിച്ചിരുന്ന (primay producers) കാര്‍ഷിക അടിമകളായ അയിത്തജാതി തൊഴില്‍ സമൂഹങ്ങളുമായിരുന്നു കാര്‍ഷിക വ്യവസ്ഥയുടെ അടിത്തറ. ജാതിശ്രേണി അസമത്ത വ്യവസ്ഥ കാര്‍ഷിക ഉത്പാദന വ്യവസ്ഥയെ സ്വഭാവവല്‍ക്കരിക്കുന്ന തരംതിരിച്ച അസമത്ത വ്യവസ്ഥ കൂടിയായിരുന്നു. അയിത്തജാതി അധ്വാന വിഭാഗങ്ങളായ പ്രാഥമിക ഉല്‍പാദക വിഭാഗങ്ങളെ കാര്‍ഷിക പരിഷക്കരണമായ ഭൂപരിഷ്‌ക്കരണത്തില്‍ പരിഗണിക്കണിച്ചില്ല എന്നതാണ് പൊതുവെ കേരളത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണത്തിന്റെ വലിയ പരിമിതിയായി പലരും ചൂണ്ടി കാണിക്കുന്നത് .ഇതിനെ മുന്‍നിര്‍ത്തി ആലോചിക്കുമ്പോള്‍ മുതലാളിത്തം എന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇന്ത്യയിലെ ചരിത്രപരമായ കാപ്പിറ്റലിസത്തിന്റെ വളര്‍ച്ചയില്‍ പ്രാധമിക ഉത്പാദക സമൂഹമായി നിലനിന്ന അയിത്തജാതി സമൂഹങ്ങള്‍ മുതലാളിത്ത സമൂഹത്തിലെ ചലന ക്ഷമതയുള്ള കൂലി തൊഴിലാളി [ wage labour )കളായി മാറിയില്ല എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ ആധുനിക രീതിയിലുള്ള വഴക്കമുള്ളതും (flexible and mobile) ചലനാത്മകവുമായ കൂലി തൊഴിലാളികളായി (wage labour) തീരുന്നതിന് അയിത്തജാതി തൊഴില്‍ വിഭാഗങ്ങളെ ഘടനാപരമായി പരിവര്‍ത്തിപ്പിക്കാന്‍ കോളോണിയല്‍ കാര്‍ഷിക മുതലാളിത്ത പരിവര്‍ത്തന ഘട്ടത്തില്‍ കഴിഞ്ഞില്ല. ത്രൈവര്‍ണ്ണികരിലും ജാതി ഹിന്ദുക്കളിലും ഭൂമിയുടെ ഉടമസ്ഥത കേന്ദ്രികരിക്കുന്ന ഉടമസ്ഥത അവകാശ ക്രമങ്ങള്‍ നിലനിര്‍ത്തിയ ശ്രേണികൃത അസമത്ത തരംതിരിവ് വ്യവസ്ഥ സ്വത്തുടമസ്ഥതയായി ഇന്ത്യയില്‍ നിലനിന്നതാണ് ഇതിനു പ്രധാനമായും കാരണമായത് . ജാതിയുടെയും അസ്പ്രശ്യതയുടെയും ഘടനാപരവും സാംസ്‌കാരികവുമായ വ്യവസ്ഥകള്‍ സ്വത്തുടമസ്ഥതവ്യവസ്ഥയോടൊപ്പം കൊളോണിയല്‍ ഭരണവ്യവസ്ഥിതിയിലേക്കും നിയമ വ്യവസ്ഥയിലേക്കും ഉത്ഗ്രഥിക്കപ്പെട്ടു. ഇതോടൊപ്പം കൊളോണിയല്‍ കാര്‍ഷിക പരിഷ്‌ക്കരണം ജാതി വ്യവസ്ഥയെയും ഭൂവുടമസ്ഥതയെയും നിയമപരമായി സ്ഥാപനവല്‍ക്കരിക്കുന്ന നടപടിയായി മാറുകയും കൊളോണിയല്‍ ചൂഷണ ഭരണനടപടി യുടെ ഭാഗമായി തീരുകയും ചെയ്തു. ജാതിയും ഭൂവുടമസ്ഥതയും അധ്വാനവും ചരിത്രപരമായി പരസ്പര്യപ്പെട്ടു നിലനിന്നതും കൊളോണിയല്‍ അധികാര വ്യവസ്ഥയിലേക്ക് ചേര്‍ക്കപ്പെട്ടുമാണ് ആധുനിക ഇന്ത്യയില്‍ വികസിച്ചുവന്നത്. തന്മൂലം യൂറോപ്യന്‍ മുതലാളിത്തത്തില്‍ ചരിത്രപരമായി ഉണ്ടായി വന്ന പല ഗുണപരമായ പരിവര്‍ത്തനങ്ങളും കോളനി രാജ്യമായ ഇന്ത്യയിലെ മുതലാളിത്ത പരിവര്‍ത്തനത്തില്‍ നടന്നില്ല. ഇതുകൊണ്ട് ജാതി വര്‍ണ്ണ വ്യവസ്ഥിതിയും ത്രൈവര്‍ണ്ണിക കോയ്മയും ബ്രട്ടീഷ് ഭരണത്തില്‍ ശാക്തികരിക്കുന്ന ശക്തമായ ചട്ടക്കൂട് ബ്രട്ടീഷ് കാലത്ത് വളര്‍ന്നു വന്നു.ഇതിന്റെ ഭാഗമായിട്ടു കൂടിയാണ് ബ്രട്ടീഷ് കൊളോണിയലിസം മുതലാളിത്ത വ്യവസ്ഥയെ ഇന്ത്യയില്‍ അസമമായ രീതിയില്‍ (uneaqual and metropolitan capitalit development) വളര്‍ത്തിയത്.
ജാതി വിരുദ്ധ നവോത്ഥാന സമരങ്ങളാണ് ജാതി അടിമത്തത്തിനെതിരായ ധാരണകള്‍ ഉയര്‍ത്തി കൊണ്ടുവന്നത് .ജാതി വിരുദ്ധ ജനാധിപത്യ സങ്കല്പമായും സിവില്‍ അവകാശ സമരങ്ങളായും കൊളോണിയല്‍ പൊതുമണ്ഡലത്തില്‍ പ്രവേശിച്ച് ലിബറല്‍ ജനാധിപത്യ അവകാശങ്ങള്‍ നേടാനുള്ള പൗരാവകാശ പ്രസ്ഥാനങ്ങളായിട്ടാണവ ഉയര്‍ന്നു വന്നത്. എന്നാല്‍ അയിത്തജാതിക്കാരായ കാര്‍ഷിക അടിമകളെയും കൈ തൊഴില്‍ സമൂഹങ്ങളെയും ശുചീകരണ സേവന തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന അയിത്തജാതിക്കാരെയും കൊളോണിയല്‍ കാര്‍ഷിക പരിവര്‍ത്തനത്തനവും ബ്രട്ടീഷ് മൂലധന വ്യവസായിക മാറ്റവും വഴക്കമുള്ളതും ജാതികളെ അതിവര്‍ത്തിക്കുന്നതുമായ കൂലിതൊഴിലാളികളായി മാറ്റിയില്ല.കാര്‍ഷിക വ്യവസായിക മേഖലകളിലെ അന്തസ്സുള്ള തൊഴില്‍ സമൂഹമായി മാറുന്നതിനും ജാതിയെ അതിവര്‍ത്തിക്കുന്നതിനും തടസ്സമായി തൊഴിലാളി സംഘടനകള്‍ക്കിടയില്‍ പോലും ജാതി മുന്‍ വിധികള്‍ ശക്തമായി നിലനിന്നിരുന്നു. ജാതിയും അയിത്തവും വ്യവസ്ഥാപരമായി സ്രഷ്ടിച്ച സാമൂഹിക പുറം തള്ളല്‍ വ്യവസ്ഥയായിരുന്നു ഇതിന് പ്രധാന കാരണം. അയിത്തജാതിക്കാരെ ബ്രട്ടീഷ് കാപ്പിറ്റലിസത്തിന്റെ വികാസത്തില്‍ പരി വര്‍ത്തനാത്മകമായതും ചലനാത്മകവുമായ കൂലി തൊഴിലാളികളായി പോലും പരിവര്‍ത്തിപ്പിക്കാന്‍ വ്യവസ്ഥാപരമായി തടസ്സമായി നിന്ന പ്രധാന ഘടകം ജാതിയും അയിത്തത്തിന്റെ പുറം തള്ളല്‍ രീതിയുമായിരുന്നു. തന്മൂലം കാര്‍ഷിക അടിമത്തം പേറുന്ന ആശ്രിത ജാതി തൊഴില്‍ ശരീരങ്ങളായി അയിത്തജാതിക്കാരെ നിലനിര്‍ത്തുന്ന രീതിയാണ് ആധുനിക ഇന്ത്യയില്‍ ബ്രട്ടീഷ് ആധിപത്യ കാലത്തും സ്വാതന്ത്ര്യത്തിനു ശേഷവും നിലനിന്നത്.
ദേശിയ പ്രസ്ഥാനത്തിന്റെ ഗാന്ധിയന്‍ സങ്കല്പങ്ങള്‍ അയിത്തജാതി സമൂഹങ്ങളെ ‘ഹരിജനങ്ങളായി ‘ ത്രൈവര്‍ണ്ണിക ഹിന്ദു മൂല്യമണ്ഡലത്തിലേക്ക് ഉദ്ഗ്രദിക്കുന്ന രീതിയാണ് സ്വീകരിച്ചതെങ്കില്‍ ഈ ‘ഹരിജന്‍ ‘ സങ്കല്പത്തിന്റെ തുടര്‍ച്ചയില്‍ തന്നെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ അയിത്തജാതിക്കാരെ പരിഗണിച്ചത്. കര്‍ഷകസമരങ്ങളുടെ ഭാഗമായി അയിത്തത്തെ ഒരു ഫ്യൂഡല്‍ തിന്മ എന്നതിലപ്പുറം ആയിത്തജാതിക്കാര്‍ പ്രാധമിക ഉല്‍പാദക സമൂഹങ്ങളാണെന്ന മാര്‍ക്‌സിസത്തിന്റെ അധ്വാന സങ്കല്പത്തെ മുന്‍നിര്‍ത്തി ജാതി വ്യവസ്ഥിതിയെയും അയിത്തജാതിക്കാരെയും അവരുടെ അധ്വാനത്തെയും വിശകലനം ചെയ്യുന്ന രീതി ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കുണ്ടായിരുന്നില്ല. കര്‍ഷക തൊഴിലാളികളായ ‘ഹരിജനങ്ങള്‍ ‘എന്ന ഒഴുക്കന്‍ മട്ടിലുള്ള പരിഗണന മാത്രമെ അവരുടെ വിശകലങ്ങളില്‍ അയിത്തജാതി സമൂഹങ്ങള്‍ കടന്നു വന്നിരുന്നുള്ളു. കര്‍ഷക സമൂഹങ്ങളെ മുന്‍നിര്‍ത്തിയുള്ള ഉത്പാദനം ,അധ്വാനം, ഉത്പാദന പ്രക്രിയ, സ്വത്ത് വ്യവസ്ഥ എന്നിവയാണ് ഇന്ത്യയിലെ മാര്‍ക്‌സിസ്റ്റ് വിശകലനങ്ങളില്‍ പ്രധാന്യം ലഭിച്ചത്.ഇന്ത്യയിലെ ദലിത് ജാതി വിഭാഗങ്ങള്‍ കൂടുതലും കാര്‍ഷിക തൊഴില്‍ പ്രക്രിയയില്‍ പ്രാഥമിക അധ്വാന (primary producers) സമൂഹങ്ങളായിരുന്നു. വളരെ ചുരുക്കം പ്രദേശങ്ങളില്‍ മാത്രമാണ് അവര്‍ വെറും പട്ടക്കാരായ മാര്‍ജിനല്‍ പെസന്റ് അല്ലെങ്കില്‍ നാമമാത്ര കര്‍ഷകരായി നിലനിന്നത്. വിവിധ കാര്‍ഷിക തൊഴിലുകള്‍, കൈ തൊഴിലുകള്‍ ,പാരമ്പര്യ പരാശ്രയ സേവന തൊഴിലുകള്‍ എന്നിവയായിരുന്നു ജാതിഹീന കുലത്തൊഴിലുകളായി നിലനിര്‍ത്താന്‍ നിര്‍ബന്ധിതരായ അയിത്തജാതികളുടെ പാരമ്പര്യ തൊഴിലുകള്‍ . കാര്‍ഷിക തൊഴില്‍ സമൂഹങ്ങളും പ്രാധമിക ഉല്‍പാദകരുമായിരുന്ന അയിത്തജാതിക്കാര്‍ക്ക് ഭൂമിയില്‍ നേരിട്ടുള്ള ഉടമാവകാശങ്ങള്‍ സ്ഥാപിക്കുന്നതിനെ മുന്‍നിര്‍ത്തിയുള്ള കാര്‍ഷിക പരിഷ്‌ക്കരണവും ഭൂപരിഷ്‌ക്കരണ കാഴ്ച്ചപ്പാടും രൂപപ്പെടുത്താന്‍ ഇടത്തരം കര്‍ഷകരെയും പാട്ടക്കുടിയാന്‍മാരെയും മുന്‍നിര്‍ത്തിയുള്ള മാര്‍ക്‌സിസ്റ്റ് വിശകല രീതികള്‍ക്ക് കഴിയുമായിരുന്നില്ല. ജാതി ശ്രേണിയുടെ സാമ്പത്തിക ബന്ധം ഉടമസ്ഥത അവകാശങ്ങളായി നിലനിര്‍ത്തുന്നതായിരുന്നു ഇന്ത്യയിലെ തരം തിരിവ് അസമത്ത (graded inequality) ജാതി ശ്രേണി വ്യവസ്ഥ.ഭൂമിയുടെയും മറ്റ് മൂലധന രൂപങ്ങളുടെയും മേല്‍ ജന്മാവകാശങ്ങളായി ഉടമസ്ഥതയും നിയന്ത്രണവും നിലനിര്‍ത്തിയ ജന്മി- സെമിന്താരി എന്നിങ്ങനെയുള്ള പല പേരിലുള്ള ഉടമസ്ഥാ താവകാശങ്ങള്‍ ഇന്ത്യയില്‍ പല പ്രദേശങ്ങളിലും നിലനിന്നിരുന്നു. ഭൂമിയിലെ പാരമ്പര്യ അവകാശങ്ങള്‍ കൃഷി ചെയ്യാനുള്ള വ്യത്യസ്ത തരത്തിലുള്ള കര്‍ഷിക സമൂഹങ്ങളുടെ പാട്ടാവകാശങ്ങളായും കുടിയാന്‍ അവകാശങ്ങളായും നിലനിന്നു. ഭൂമിയുടെ ഉടമസ്ഥത അവകാശം ,കൃഷി ചെയ്യാനുള്ള സ്ഥിര പാട്ടാവകാശങ്ങള്‍ മറ്റു പല ഇടനില അവകാശങ്ങള്‍ എന്നിങ്ങനെ ഭൂമിയുടെ മേലുള്ള അവകാശങ്ങളുടെ മേല്‍ കീഴ് വ്യവസ്ഥയായിട്ടാണ് കാര്‍ഷിക മേഖലയിലെ പാരമ്പര്യ അവകാശങ്ങള്‍ നിലനിന്നത് (gradation of rightട) . ജാതി വ്യവസ്ഥയുടെ തരം തിരിവ് അസമത്വമായി നിലനിന്ന ഈ വ്യവസ്ഥയെ കാര്‍ഷിക ഉടമസ്ഥത വ്യവസ്ഥയും ബന്ധങ്ങളും മാത്രമായി കാണുന്ന രീതിയാണ് പൊതുവെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചത്. ജാതി അടിമത്തവും അധ്വാനവും തമ്മിലുള്ള ചരിത്രപരമായ ബന്ധവും, ജാതിയും അധ്വാനവും ഭൂവുടമസ്ഥതയുടെ ജാതി ഘടനയും ഉടമസ്ഥതയും തമ്മിലുള്ള ബന്ധവും വിശകല വിധേയമാക്കപ്പെട്ടില്ല. ഗാന്ധിയന്‍ ദേശീയ പ്രസ്ഥാനം ആദര്‍ശ ഹിന്ദു / ഇന്ത്യന്‍ ഗ്രാമ വ്യവസ്ഥയായി ഈ വ്യവസ്ഥയെ സ്ഥാനപ്പെടുത്തി. അക്കാലത്തെ ഹിന്ദുത്വ വാദികള്‍ സനാതന ഹിന്ദു സംസ്‌കാരമായി ഇതിനെ ആദര്‍ശ വല്‍ക്കരിച്ചു. ഈ തരം തിരിവ് അവകാശ ക്രമത്തിന്റെ അടിത്തട്ടില്‍ അവകാശ ങ്ങളില്ലാതെയും തരം തിരിവ് ജാതി അ സമത്വശ്രേണി വ്യവസ്ഥയില്‍ അടിമത്ത സ്വഭാവമുള്ള നിര്‍ന്ധിത അധ്വാനത്തിന് സമാനമായ ജാതി അടിമത്ത തൊഴില്‍ രൂപങ്ങളിലേര്‍പ്പെട്ട അടിമ സമൂഹങ്ങളുമായിട്ടായിരുന്നു അയിത്തജാതികളുടെ ചരിത്ര ജീവിതവും സ്ഥാനവും നിലയും. ജാതി അസമത്ത തരംതിരിവ് വ്യവസ്ഥയുടെ ഉടമസ്ഥത ക്രമത്തില്‍ അയിത്തജാതിക്കാരായ പ്രാധമിക ഉത്പാദക സമൂഹങ്ങള്‍ക്ക് വിഭവങ്ങളില്‍ പങ്കാളിത്തമൊ അവകാശങ്ങളൊ ഇല്ലായിരുന്നു എന്നതാണ് പ്രാധാനം. അവകാശങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവര്‍ വ്യവസ്ഥിതിയുടെ ഏറ്റവും അടിത്തട്ടില്‍ അയിത്തക്കാരാക്കപ്പെട്ടതും ജാതി അടിമകളാക്കപ്പെട്ടതും. പ്രാധമിക ഉത്പാദക വിഭാഗങ്ങളായ ഇവരെ കൃഷിഭൂമിയുടെ ഉടമസ്ഥരാക്കുന്ന ഒരു കാര്‍ഷിക പരിഷ്‌ക്കരണവും ഭൂപരിഷ്‌ക്കരണവുമായിരുന്നു ഉണ്ടാവേണ്ടിയിരുന്നത്.
ഇതിനെ മുന്‍നിര്‍ത്തി ആലോചിക്കുബോള്‍ ഇന്ത്യയിലെ പ്രാഥമിക (primary producers) ഉല്പാദക സമൂഹമായി ചരിത്രപരമായി സ്ഥാനപ്പെട്ട ഈ സമൂഹങ്ങളെ പ്രാധമിക ഉല്‍പാദകര്‍ എന്ന നിലയില്‍ പരിഗണിക്കുന്ന വിശകലനങ്ങള്‍ മാര്‍ക്‌സിസ്റ്റ് വ്യവഹാരങ്ങളില്‍ ഉണ്ടാവേണ്ടതായിരുന്നു. എന്നാലിത് കാര്യമായി കമ്യൂണിസ്റ്റ് വിശകലനങ്ങളിലും കമ്യുണിസ്റ്റ് പാര്‍ട്ടികളുടെ നയപരിപാടികളിലും കടന്നുവന്നില്ല. പകരം ദേശിയ പ്രസ്ഥാനം ഇവരെ ഹിന്ദുവല്‍ക്കരിച്ച ഹരിജന്‍സങ്കല്പത്തെ പിന്‍പറ്റി കാര്‍ഷക തൊഴിലാളികള്‍ എന്ന പദവിയാണവര്‍ക്ക് കമ്യൂണിസ്റ്റ് വിശകലങ്ങളില്‍ നല്കപ്പെട്ടത്. കൃഷിഭൂമി കര്‍ഷകര്‍ക്ക് (land to the tiller) എന്ന സമീപനം പ്രത്യക്ഷമായി അയിത്തജാതിക്കാരായ വിവിധ തൊഴില്‍ വിഭാഗങ്ങള്‍ക്ക് കൃഷി ഭൂമി ലഭ്യമാക്കുന്ന ഒരു സമീപനമായിരുന്നില്ല. പാട്ടക്കുടിയാന്‍മാരെയും വെറും പാട്ടക്കാരെയും മുന്‍നിര്‍ത്തിയായിരുന്നു കൃഷിഭൂമി കര്‍ഷകര്‍ക്ക് (land to the tiller ) എന്ന മുദാവാക്യം ഉണ്ടായി വന്നത്. ഭൂമിയില്‍ ജാതി അടിമത്ത തൊഴില്‍ വിഭാഗങ്ങളായിയിരുന്ന ജാതി അടിമത്തത്തില്‍ അയിത്തക്കാരായി അധ്വാനിക്കേണ്ടി വന്നവര്‍ക്ക് കൃഷി ഭൂമി നല്കണമെന്ന കാഴ്ച്ചപ്പാടോടെ രൂപപ്പെട്ട സമീപനമൊ മുദ്രവാക്യമൊ അല്ലായിരുന്നു കൃഷിഭൂമി കര്‍ഷകന് (land to tiller ) എന്നത്. ജാതിഅടിമകളായിരുന്ന അയിത്തജാതിക്കാര്‍ ജന്മിമാരുടെ ഭൂമിയിലും ഇടത്തരം കര്‍ഷകരുടെയും കാണക്കാരുടെയും ഭൂമികളിലും പാട്ടക്കുടിയാന്‍മാരുടെയും മറ്റുപാട്ട ഭൂമികളിലും ജാതി അടിമത്ത കീഴായ്മയില്‍ അയിത്തക്കാരായി പണിയെടുത്തിരുന്നവരും വിവിധ ആശ്രിത കൈവേലകളിലും സേവന തൊഴിലുകളിലും ഏര്‍പ്പെട്ടിരുന്നവരായിരുന്നു.പുറം ജാതിക്കാര്‍ എന്ന അര്‍ത്ഥത്തില്‍ ഇവരെ പുറകുടികളായിയിട്ടാണ് ഗ്രാമ സമൂഹങ്ങളില്‍ സ്ഥാനപ്പെടുത്തിയിരുന്നത്. അയിത്തത്തിന്റെ സാമൂഹിക അകലങ്ങളും പുറം തള്ളലും മൂലം ഇവര്‍ക്ക് പൊതുവഴികള്‍ക്ക് പുറത്തുള്ള പുറവഴികളിലൂടെ സഞ്ചരിക്കണമായിരുന്നു. വേലയും കൂലിയും അവകാശമായി ഇല്ലാതിരുന്ന ഇവര്‍ക്ക് ജാതി തൊഴിലുകള്‍ പാരമ്പര്യതൊഴിലുകള്‍ കടമകളായി ചെയ്യേണ്ടതുണ്ടായിരുന്നു .കാര്‍ഷിക ഉത്പാദന വ്യവസ്ഥയിലും അതിന്റെ സ്വത്തുടമസ്ഥതയിലും ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യാനുമുള്ള പാട്ടം / വെറുംപാട്ടം അവകാശങ്ങള്‍ ജാതി അടിമകളായ അയിത്തജാതി തൊഴില്‍ വിഭാഗങ്ങള്‍ക്ക് പലേടത്തും നിഷേധിക്കപ്പെട്ടിരുന്നു. പാട്ടവ്യവസ്ഥയിലൊ അല്ലാതെയൊ ഉത്പന്നത്തിന്റെ മേല്‍ അവകാശമുള്ള കര്‍ഷകന്‍ ( peasant ) എന്ന അവകാശം ജാതി അടിമകളായ അയിത്തക്കാരായ കാര്‍ഷിക ജാതി അടിമകള്‍ക്ക് ( agrestic and other forms of caste slave labourers) വിവിധ പ്രദേശങ്ങളില്‍ ഉണ്ടായിരുന്നില്ല.കൃഷി ഭൂമിയില്‍ കര്‍ഷകനായി ഉത്പന്നത്തിന്റെ മേല്‍ അവകാശം ഉണ്ടായിരുന്നില്ല എന്നതിനാല്‍ കോളോണിയല്‍ -മുതലാളിത്ത ഭൂപരിഷ്‌കരണ പ്രക്രിയകളിലും അതിനായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങളിലും കാര്‍ഷിക ജാതി അടിമകളായ അയിത്തജാതികളെ പരിഗണിച്ചില്ല. കര്‍ഷകര്‍ക്ക് അവര്‍ കൃഷി ചെയ്യുന്ന ഭൂമിയുടെ മേലുള്ള സ്ഥിരാവകാശവും ഉത്പന്നത്തിന്റെ മേലുള്ള നിയമപരമായ അവകാശവും വ്യവസ്ഥപ്പെടുത്താനുള്ള അവകാശം മുന്‍നിര്‍ത്തിയുള്ള ആവശ്യങ്ങള്‍ കര്‍ഷക സമരങ്ങളായി ദേശിയ പ്രസ്ഥാനവും സോഷ്യലിസ്റ്റുകളും കമ്യൂണിസ്റ്റു പാര്‍ട്ടികയും ഉയര്‍ത്തിയപ്പോള്‍ വിവിധ കര്‍ഷക വിഭാഗങ്ങളെ മുന്‍നിര്‍ത്തിയാണ് കാര്‍ഷിക പ്രശ്‌നങ്ങളെ സമീപിച്ചത്. പ്രാധമിക ഉത്പാദകരായ അടിമ ജാതികളെ പരിഗണിക്കാതെയുള്ള കാര്‍ഷിക പരിഷ്‌ക്കരണ ആവശ്യങ്ങള്‍ ക്കായിട്ടുള്ള രാഷ്ടിയ നയങ്ങള്‍ ഉണ്ടായി വരുന്നതിന് ഇത് കാരണമായി.
കര്‍ഷക സമൂഹങ്ങളുടെ ഭൂമിയുടെ മേലുള്ള കൃഷി ചെയ്യാനുള്ള പാരമ്പര്യ അവകാശങ്ങള്‍ ഇല്ലാതാക്കുന്നതും കര്‍ഷകരുടെ ഉല്‍പന്നത്തിന്റെ മേലുള്ള പാട്ടം നിശ്ചയിക്കുന്ന ചൂഷണ സ്വഭാവവും അനീതിയും നിറഞ്ഞ വ്യവസ്ഥകള്‍ ബ്രിട്ടിഷ് നിയമങ്ങള്‍ വഴി ജന്മിമാര്‍ക്ക് ലഭിച്ചു. ഇതു മൂലം ജന്മി-കുടിയാന്‍ വ്യവസ്ഥയില്‍ നിലനിന്നിരുന്ന പാരമ്പര്യമായ കാര്‍ഷിക അവകാശങ്ങള്‍ ജന്മിക്ക് പാട്ടം നിശ്ചയിക്കാനും കര്‍ഷകരെ കുടിയിറക്കാനുമുള്ള നിയമപരമായ അവകാശങ്ങളായി മാറി. ജന്മികള്‍ക്ക് സംരക്ഷണം നല്കുന്ന കൊളോണിയല്‍ നിയമങ്ങളും കര്‍ഷക സമൂഹങ്ങളെ ചൂഷണം ചെയ്യുന്നതും അവരുടെ നിലനില്പിനെ കാര്യമായി ബാധിക്കുന്നതുമായിരുന്നു ഈ നിയമങ്ങള്‍. ഈ പശ്ചാത്തലത്തിലാണ് കൃഷി ചെയ്യാനുള്ള കര്‍ഷകരുടെ സ്ഥിരാവകാശവും കൃഷിഭൂമി കര്‍ഷകര്‍ക്ക് ലഭ്യമാകുന്നതും നിയമപരമായി അവരെ ഭൂവുടമസ്ഥരുമാക്കുന്ന കാര്‍ഷിക നിയമങ്ങള്‍ പരിഷ്‌കരണ നിയമങ്ങളായി ഉണ്ടായി വരണമെന്ന ആവശ്യങ്ങള്‍ ഉയര്‍ന്നു വന്നത്. ഇത് പല തരത്തിലുള്ള കര്‍ഷക സമരങ്ങള്‍ക്കും കാരണമായി . കൃഷിഭൂമി കര്‍ഷകര്‍ക്ക് എന്ന അവശ്യമായി കര്‍ഷകര്‍ക്ക് ഭൂമിയില്‍ ഉടമസ്ഥത ലഭിക്കുന്ന നിയമപരമായ സ്വത്തുടമസ്ഥതവ്യവസ്ഥയിലെ അവകാശയുമായി ഇത് കര്‍ഷക സമരങ്ങളില്‍ ഉന്നയിക്കപ്പെട്ടു. കൊളോണിയല്‍ കാലത്തുണ്ടായ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ഭൂമിയുടെയും ഉത്പന്നങ്ങളുടെയും മേല്‍ നിയമപരമായി പങ്കാളിയൊ ഉടമസ്ഥരൊ ആക്കുന്നതായിരുന്നു. സ്വാതന്ത്രാനന്തര ഘട്ടത്തില്‍ ഉണ്ടായ ഭൂപരിഷ്‌ക്കരണ നിയമങ്ങള്‍ ആധുനിക സ്വത്തുടമസ്ഥ വ്യവസ്ഥയില്‍ വ്യക്തികളുടെ ഉടമസ്ഥാവകാശത്തെ നിയമപരമായി സംരക്ഷിക്കുന്ന ഭരണഘടനാവകാശത്തെ സ്ഥാപിക്കുന്നതുമാണ്. ഈ കാര്‍ഷിക പരിഷ്‌ക്കരണ പ്രക്രിയയില്‍ ഭൂമിയുടെ ഉടമസ്ഥത അവകാശം ലഭിക്കേണണ്ടതായ , അതായത് കാര്‍ഷിക മേഖലയിലെ പ്രാധമിക ഉത്പാദക (primary producers) സമൂഹമായിരുന്ന കാര്‍ഷിക അധ്വാന വിഭാഗമായ ജാതി അടിമകളായ അധ്വാന സമൂഹങ്ങള്‍ക്ക് കൃഷിഭൂമി ലഭിക്കേണ്ട ഒരു വിഭാഗമായി പരിഗണിക്കപ്പെട്ടില്ല എന്നതാണ് പ്രധാന പ്രശ്‌നം.എന്നാല്‍ അയിത്തം ചരിത്രഭാരമായി അടിച്ചേല്‍പ്പിച്ചതിനാല്‍ ഇന്ത്യയിലെ മുതലാളിത്ത വികാസ പ്രക്രിയയില്‍ ചലന ക്ഷമതയുള്ള കൂലി തൊഴിലാളികളായി മാറാന്‍ പോലും ജാതി വ്യവസ്ഥയും അസ് പ്രശ്യതയുടെ സാമൂഹിക പുറന്തള്ളല്‍ രീതികളും മൂലം അയിത്തജാതി സമൂഹങ്ങള്‍ക്ക് കഴിഞ്ഞില്ല. കൊളോണിയല്‍ കാലഘട്ടത്തില്‍ നടപ്പാക്കിയ മുതലാളിത്ത കാര്‍ഷിക പരിഷ്‌ക്കരണത്തിലും സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ നിയമങ്ങളിലൊന്നിലും പ്രാധമിക ഉല്‍പാദക സമൂഹമായ ദലിതരുടെ അധ്വാനത്തെ പരിഗണിച്ചു കൊണ്ട് കാര്‍ഷിക പരിഷ്‌ക്കരണങ്ങള്‍ ഉണ്ടായി വന്നില്ല. ഭൂമിയുടെ മേല്‍ ഉണ്ടായിരുന്ന കൃഷി ചെയ്യാനുള്ള കര്‍ഷകരുടെ അവകാശത്തെ ഭൂമിയുടെ മേലുള്ള ഉടമസ്ഥതയായി അംഗികരിക്കുന്ന നിയമവും സ്വത്തു വ്യവസ്ഥയുമാണ് ഉണ്ടായത്. കാര്‍ഷിക ഉത്പാദനത്തെ വര്‍ദ്ധിപ്പിക്കുന്നതും വാണിജ്യവല്‍ക്കരിക്കുന്നതുമായ കാര്‍ഷിക പരിഷ്‌ക്കരണത്തില്‍ ഉത്പാദനത്തിന്റെ അടിത്തറയായ അധ്വാനവിഭാഗമായ പ്രാധമിക ഉല്‍പാദകരുടെ ഉല്‍പാദന പങ്കാളിത്തത്തെ പരിഗണിക്കാത്തതും അവര്‍ക്ക് അവര്‍ അധ്വാനിക്കുന്ന ഭൂമിയില്‍ അവകാശവും പങ്കാളിത്തവും ലഭ്യമാക്കാതെയുമുള്ള കാര്‍ഷിക പരിഷ്‌ക്കരണവും ഭൂപരിഷ്‌കരണവുമാണ് ഉണ്ടായി വന്നത്. എന്നാല്‍ ഇവരുടെ ആധ്വാനം കാര്‍ഷിക വ്യവസ്ഥയുടെ വികാസത്തിന് ഉറപ്പാക്കുന്നതിനും അവരെ ഇത്തരം ഭൂമികളില്‍ കാര്‍ഷി അധ്വാന മാര്‍ക്കറ്റിലെ കുറഞ്ഞകൂലിയുള്ള (cheap labour ) തൊഴില്‍സമൂഹമായും അയിത്തജാതിവിഭാഗമായും നിലനിര്‍ത്തുന്നതിനായി കുടികിടപ്പു നിയമമാണ് ഉണ്ടായത്. ‘ഹരിജന്‍’ കൂലി തൊഴിലാളികളായി നിയമപരമായി സ്ഥിരപ്പെടുത്തുന്ന കുടികിടപ്പു നിയമമാണ് കേരളത്തിലെ ഭൂപരിഷ്‌ക്കരണ നിയമത്തില്‍ ഉണ്ടായത്. ഈ നിയമം കൃഷിഭൂമിയുടെ ഉടമസ്ഥതയില്‍ നിന്നും പ്രാഥമിക ഉത്പാദക തൊഴില്‍ സമൂഹങ്ങളെ ഒഴിവാക്കുകയും കുടി കിടപ്പുകാരായി മാറ്റുകയും ചെയ്തു. അവര്‍ താമസിക്കുന്ന കിടപ്പാടത്തിന്റെ മേല്‍ മാത്രം നിയമപരമായി ഉടമസ്ഥരാക്കുന്നതും കൃഷിഭൂമിയുടെ ഭൂവുടമസ്ഥതയില്‍ നിന്നും അവര്‍ പുറത്താക്കപ്പെടുകയും ചെയ്തു. കേരള വികസനത്തിന്റെ മാതൃക എന്ന നിലയില്‍ ഉണ്ടായി വന്ന കേരള മോഡല്‍ വികസന രീതി ഇങ്ങനെ കുടികിടപ്പവകാശം മാത്രം ലഭിച്ച കിടപ്പാടങ്ങളെ നാലും പത്തും സെന്റ് ഹരിജന്‍ കോളനികളാക്കിയും പട്ടികജാതി സങ്കേതങ്ങളാക്കിയും മാറ്റി നിലനിര്‍ത്തുകയാണ് കേരള വികസന മാതൃകയില്‍ സംഭവിച്ചത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in