ഖനന നിയമങ്ങളുടെ ശവപ്പറമ്പോ കേരളം ?
ഖനിജങ്ങളെ പൊതു ഉടമസ്ഥതയില്‍ എത്തിച്ച്, വില പകുതി കുറച്ചാല്‍ തന്നെ കാല്‍ ലക്ഷം കോടിയുടെ അധിക വരുമാനം നാടിന് ഉണ്ടാകും. ഖനനത്തെ നിയന്ത്രിക്കാം, സമാന്തര സാമ്പത്തിക ലോകത്തെ പരിധിയില്‍ കൊണ്ടു വരാം, പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടും. പക്ഷെ കേരള ദേശത്തെ കടലെടുത്താലും മലകള്‍ അടര്‍ന്നു വീണ് മലയാള നാട് ഉടഞ്ഞാലും മലകള്‍ തുരക്കുന്നവര്‍ക്കും കുളം നികത്തുന്നവര്‍ക്കും കടല്‍ വറ്റിക്കുന്നവര്‍ക്കും മരങ്ങള്‍ വെട്ടുന്നവര്‍ക്കുമായി കേരളത്തെ മുറിവേല്‍പ്പിക്കുമെന്ന് നമ്മുടെ നേതാക്കള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.
കേരള ചരിത്രത്തില്‍ അറബി കടല്‍ ഇത്രയധികം ഇളകിമറിഞ്ഞ കാലം ഇതിനു മുന്‍പ് ഉണ്ടായിട്ടില്ല.നമ്മുടെ നദികള്‍ വലിയ തോതില്‍ പ്രക്ഷുധമായതിനു പിന്നില്‍ പല കാരണങ്ങളുണ്ട്. പശ്ചിമഘട്ടത്തില്‍ ഉരുള്‍ പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള 27000 ഇടങ്ങളെ വിദഗ്ധര്‍ അടയാളപ്പെടുത്തിയിരുന്നു. 2018,2019 വര്‍ഷങ്ങളില്‍ 700 ലധികം മരണങ്ങള്‍, 20 ലക്ഷത്തിലധികം ആളുകളെ നേരിട്ടു പ്രളയവും മറ്റും ബാധിച്ചത്,അരലക്ഷം കോടിയുടെ (നേരിട്ടുള്ള) സാമ്പത്തിക നഷ്ട്ടം വരുത്തിയത്, കേരളനാടിന്റെ സംരക്ഷിതശേഷി നഷ്ട്ടപ്പെട്ടു പോയതിനാലാണ്. നിരന്തരമായി പ്രകൃതി ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന നാടിന്റ അരക്ഷിതാവസ്ഥ മനുഷ്യരെ മാത്രമല്ല, മറ്റു ജീവിവര്‍ഗ്ഗങ്ങളെയും പ്രതിസന്ധിയിലെത്തിക്കും. ഈ സാഹചര്യത്തില്‍ പോലും നമ്മുടെ നായകന്മാര്‍ വികസന മാമാങ്കങ്ങള്‍ നിരത്തി ദുരന്തങ്ങളെ മറക്കുകയാണ്.
പശ്ചിമഘട്ടം ലോകത്തെ പ്രധാന ജൈവമണ്ഡലത്തില്‍ നിന്നും Hot Spot പദവിയില്‍ എത്തിയതില്‍ ആരെക്കാളും വേവലാതി പെടെണ്ട കേരളക്കര അതില്‍ പിശുക്കു കാട്ടുമ്പോള്‍, മലനിരകളെ തകര്‍ക്കുന്നവര്‍ ലക്ഷ്യത്തിലെത്തുകയാണ്. എല്ലാത്തിനും മേമ്പൊടിയായി നേതാക്കള്‍ വികസന സ്വപ്നങ്ങള്‍ പങ്കുവെക്കാനുണ്ട്. നിയമവാഴ്ച്ചയുടെ ഇടര്‍ച്ചയും അതിന്റെ ഭാഗമായ സമാന്തര സാമ്പത്തിക ലോകവും വരുത്തിവെക്കുന്ന വിനകള്‍ വിവരണാതീതമാണ്.
മധ്യവര്‍ഗ്ഗത്തിന് മുന്‍തൂക്കമുള്ള ലോകത്ത് റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ് തുടങ്ങിയ ഊഹവിപണികള്‍ പ്രകൃതിവിഭവങ്ങളെ ചരക്കായി മാത്രം പരിഗണിക്കുക പതിവാണ്. തൊഴില്‍ അവസരങ്ങള്‍ക്ക് മുഖ്യവേദിയാകുന്ന കാര്‍ഷികരംഗത്തെ പിന്നിലാക്കി, നിര്‍മ്മാണ മേഖലക്കു ലഭിക്കുന്ന പരിഗണന അസ്ഥിരമായ സാമ്പത്തിക ലോകത്തെ സാര്‍വ്വത്രികമാക്കും. അവരുടെ താല്‍പ്പര്യങ്ങള്‍ക്കായി നിയമങ്ങള്‍ മാറ്റി മറിക്കപ്പെടും. അഴിമതിയും നിയമലംഘനവും സധാരണമായി പ്രവര്‍ത്തിക്കും എന്നത് സാര്‍വ്വദേശീയ യാഥാര്‍ത്ഥ്യമാണ്.
നിയമങ്ങളുടെ ശവപ്പറമ്പോ കേരളം ?
സംസ്ഥാനത്ത് 723 ക്വാറികള്‍ 1721 ഹെക്ടറില്‍ അഥവാ 17.21 ച.കി മീറ്ററില്‍ (4253 ഏക്കര്‍) പ്രവര്‍ത്തിക്കുന്നു. യൂണിറ്റുകളുടെ ശരാശരി വലിപ്പം 7.1 ഏക്കര്‍. പ്രതിവര്‍ഷം 250 /350ലക്ഷത്തോളം ടണ്‍ പാറ പൊട്ടിച്ച് എടുക്കുമ്പോള്‍ സര്‍ക്കാരിലെക്ക് വരുമാനം 2O20 ല്‍ 71 കോടി. കഴിഞ്ഞ വര്‍ഷം 152 കോടി. മൈനിംഗ് & ജിയോളജി വകുപ്പിലേക്ക് ഔദ്യോഗികമായി ഖനന കരാറുകാര്‍ അറിയിച്ചിട്ടുള്ളത് അനുവദിക്കപ്പെട്ടതിന്റെ 40% മാത്രമെ പൊട്ടിച്ചെടുക്കുവാന്‍ കഴിഞ്ഞിട്ടുള്ളു എന്നാണ്.
ചെറുകിട ധാതുക്കളുടെ കുഴിച്ചെടുക്കലുമായി ബന്ധപെട്ട സംസ്ഥാന നിയമം (Kerala Minor Minerals Rule 1967) പാറ, ചെങ്കല്ല്, മണ്ണ് മുതലായവയുടെ ഖനനത്തിന് അനുവാദം നല്‍കുന്നു. പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വേണ്ട അതീവ മുന്‍ കരുതലുകള്‍ എടുക്കണമെന്ന സൂചന ,പഞ്ചായത്തിന്റെ കുഴിച്ചെടുക്കല്‍ നിയമത്തിന്റെ പേരില്‍ തന്നെ പ്രകടമായിരുന്നു. (Kerala Panchayat Raj (Issue of Licence to Dangerous and Offensive Trades and,Factories) Rules/1996). പ്രസ്തുത പേരില്‍ പിന്നീട് വരുത്തിയ മാറ്റം സര്‍ക്കാര്‍ ഖനനങ്ങളെ സാര്‍വ്വത്രികമാക്കി മാറ്റുവാനുള്ള ശ്രമത്തിന് തെളിവാണ്. (License to Industries, Factories, Trade, Entrepreneurship Activities and Other Services Amendment Rules എന്ന് 2018ല്‍ പുനര്‍ നാമകരണം ചെയ്തു.)
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സംസ്ഥാനത്തെ യഥാര്‍ത്ഥ്യങ്ങള്‍ സര്‍ക്കാര്‍ പറയുന്നതല്ല. പശ്ചിമ ഘട്ടത്തിന്റെ ലോലസ്ഥലങ്ങള്‍ മുതല്‍ ഡാമുകള്‍, ഭൂമി കുലുക്കത്തിന്റെ പ്രഭവ കേന്ദ്രങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍, സംരക്ഷിത മേഖലകള്‍ മുതലായ ഇടങ്ങളില്‍ നിയമങ്ങളെ കാറ്റില്‍ പറത്തി ഖനനങ്ങള്‍ തുടരുകയാണ്. വ്യവസായ വകുപ്പ് പരമാവധി ഒത്താശകള്‍ ചെയ്തു വരുന്നു. കേരള/കേന്ദ്ര നിയമങ്ങളെ വെല്ലുവിളിച്ചു നടത്തുന്ന ഖനനങ്ങള്‍ അമ്പൂരി, കൊഴിഞ്ഞം പാറ, പോത്തുകല്ല്,കവളപ്പാറ പോലെയുള്ള ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടി.62 മുതല്‍ 2000 വരെയുള്ള ഉരുള്‍ പൊട്ടലുകള്‍ 100ല്‍ താഴെയായിരുന്നു. ഇപ്പോഴാകട്ടെ ജില്ലകള്‍ തോറും 100 ലധികം നടക്കുന്നു.
മധ്യ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 2438 ക്വാറികളുടെ വിസ്തൃതി 3610 ഹെക്ടര്‍ വരുന്നു എന്ന് കേരള വന ഗവേഷണ സ്ഥാപനം പറയുന്നു, . തെക്കന്‍ കേരളത്തില്‍ 1969 ഇടങ്ങളിലായി 1871 ഹെക്ടറിലും വടക്കന്‍ കേരളത്തില്‍ 1675 ഹെക്ടറില്‍ 1517 ഓളവും നിയമങ്ങളെ വകവെക്കുന്നില്ല. മൊത്തം 7520 ച.ഹെക്ടറില്‍ നടക്കുന്ന അശാസ്ത്രീയമായ പ്രവര്‍ത്തനങ്ങളില്‍, 10 ഹെക്ടറിലധികം വിസ്താരത്തില്‍ 73 എണ്ണവും 20 ഹെക്ടറിലധികം വലിപ്പത്തില്‍ 19 എണ്ണവുമുണ്ട്. കൂടുതല്‍ ഖനനം നടക്കുന്ന പാലക്കാട്ട് 867, രണ്ടാം സ്ഥാനത്തുള്ള എറണാകുളത്ത് 771 ഖനന കേന്ദ്ര ങ്ങള്‍ മറ്റു ജില്ലകളെ പോലെ നിയമങ്ങള്‍ക്കതീതമാണ്. സര്‍ക്കാര്‍ പറയുന്നത് പാലക്കാട് 76, എറണാകുളത്ത് 120 ഉം മാത്രമാണുള്ളത്. (2019 നിയമ സഭാ റിപ്പോര്‍ട്ട് ). ഭാരതപ്പുഴയുടെ നദീതടത്തില്‍ 940 പാറ പൊട്ടിക്കല്‍ കേന്ദ്രങ്ങള്‍ ഉള്ളപ്പോള്‍ മുവാറ്റുപുഴയുടെ തടത്തില്‍ അവയുടെ എണ്ണം 627 ആണ്. നീരുറവകളുടെ അടുത്തായി 96% ഖനനം നടക്കുന്നു. സുരക്ഷിത വനത്തില്‍ (Protected forest) 79 ഖനനങ്ങള്‍, റിസര്‍വ്വ് വനത്തില്‍ 1378 എണ്ണം.ഇങ്ങനെഒക്കെയാണ് യാഥാര്‍ത്ഥ്യങ്ങള്‍.
പശ്ചിമ ഘട്ടത്തിന്റെ നിര്‍ണ്ണായ ഇടങ്ങളായി Western Ghats Ecological Expert (WGEEP) എന്ന മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഖനനം (ESZ 2 ല്‍ 2016കൊണ്ട്) നിര്‍ത്തി വെക്കണം എന്നു സൂചിപ്പിച്ചു. ESZ 1 ല്‍ ഖനനം പെട്ടെന്ന് അവസാനിപ്പിക്കണം എന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ അവിടങ്ങളില്‍ അധികൃത/ അനധികൃത ഖനനങ്ങള്‍ തുടരുകയാണ്..Panel പരാമര്‍ശിച്ച ESZ 1 ല്‍ 1486 ഖനനങ്ങളും ESZ 2 ല്‍ 169 ESZ 3 ല്‍ 1667 ക്വാറിംഗ് നടക്കുന്നു. High Level Working group (കസ്തൂരി രംഗന്‍) ഒഴിവാക്കണം എന്നു പറഞ്ഞ ഇടങ്ങളില്‍ ഖനനങ്ങള്‍ 655 ആണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ 13.06.2007 മുതല്‍ ഖനനത്തിന് 100 മീറ്റര്‍ ദൂരപരിധി എന്ന തീരുമാ നത്തെ 20/7/2011ല്‍ എല്ലാ ക്വാറികള്‍ക്കും ബാധകമാക്കുവാന്‍ കേരള സര്‍ക്കാര്‍ തയ്യാറായി. എന്നാല്‍ 6/8/2014ല്‍ ദൂരം 50 മീറ്ററാക്കി ചുരുക്കുകയായിരുന്നു. 2016 ലെ പിണറായി സര്‍ക്കാര്‍ ദൂരം 100 മീറ്ററായി ഉയര്‍ത്തിയ ശേഷം, 10/10/2017 ല്‍ പഴയ 50 മീറ്റര്‍ ദൂരത്തിലെക്കു മടങ്ങിപോകുവാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം തീരുമാനിച്ചു. കേരള മലിനീകരണ ബോര്‍ഡ് 50 മീറ്റര്‍ അകലത്തില്‍ ഖനനങ്ങള്‍ അനുവദിക്കുമ്പോള്‍, അതിന്റെ ഭാഗമായി ഖനനരംഗത്തു കൈ കൊള്ളേണ്ട 14 മുന്‍ കരുതലുകളെ പറ്റി ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു.
ശാസ്ത്രീയമായ ഖനന രീതികള്‍ മാത്രമെ വലംബിക്കാവൂ, മൈനിംഗ്-ജിയോളജി വകുപ്പിനെ ശക്തിപ്പെടുത്തുക, ഖനന ലൈസന്‍സ്സ് ദീര്‍ഘകാലത്തെക്ക് അനുവദിക്കുക, മൈനിംഗ് പ്ലാനുകള്‍ വിശദമായി ലൈസന്‍സ് ലഭിക്കുന്ന സമയത്ത് ഉണ്ടാകണം. മൈന്‍ മാനെജരുടെ സാനിധ്യത്തിലെ ഖനനം നടത്താവു.(Certified by Directo rate General of Mines Safety), വെള്ളം നനച്ച തുരക്കല്‍ മാത്രം നടത്തണം. (Wet Drilling), ഖനനം നടത്തുന്ന ആള്‍ ലൈസന്‍സ്സിന്റെ കോപ്പി Directorate General of Mines Safetyക്കു നല്‍കണം. അത്തരത്തില്‍ 14 നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം ഖനനങ്ങള്‍ നടത്തേണ്ടത് എന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ പറയുന്നു.
പതിമൂന്നാം, പതിനാലാം കേരള നിയമസഭാ പരിസ്ഥിതി സമിതികളുടെ കണ്ടെത്തലുകള്‍ സംസ്ഥാനത്തെ ഖനന രംഗം വളര്‍ത്തി എടുത്ത മാഫിയ ബന്ധങ്ങളുടെ സ്വാധീനം വ്യക്തമാക്കി. അവരുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുവാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ല എന്നു വ്യക്തമാണ്. ഖനനങ്ങള്‍ക്ക് കുറഞ്ഞത് 200 മീറ്റര്‍ ദൂര പരിധി,പാറ പൊട്ടിക്കുവാന്‍ Non Electric Detonator സംവിധാനം, 20 അടിയില്‍ താഴെ കുഴിക്കരുത്, കുഴികള്‍ക്ക് ബഞ്ച് കട്ടിംഗ്, ഖനനം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ പേപ്പറുകളില്‍ ഒതുങ്ങി. അവയെ കണ്ടില്ല എന്നു നടിക്കുവാന്‍ പഞ്ചായത്തു ഭരണക്കാരും നിയമസഭാ സാമാജികരും മന്ത്രിസഭയും ഉദ്വോഗസ്ഥ ലോകവും ഭഗീരഥ പ്രയത്‌നത്തിലാണ്. എല്ലാത്തിനും സഹായകരമായി രാഷ്ട്രീയ / മത / ജാതി നേതാക്കള്‍ രംഗത്തുണ്ട്. ഗുണഭോക്താക്കളാകുവാന്‍ ആയിരം മാത്രം വരുന്ന ഖനന / നിര്‍മ്മാണ വ്യക്തികളും / സ്ഥാപനങ്ങളും.
ഒരു ചതുരശ്ര കി.മീറ്ററിനുള്ളില്‍ 405 പേര്‍ താമസിക്കുന്ന രാജ്യത്തിന്റെ പൊതുവായ ഖനന അനുമതി ജനവാസദൂരത്തിനും 500 മീറ്ററിനു പുറത്താണ്. 859 മനുഷ്യര്‍ ഒരു ച.കിലോ മീറ്ററിനുള്ളിലുള്ള കേരളത്തില്‍, ഖനനം 50 മീറ്ററിനകലെ അനുവദിച്ച സര്‍ക്കാര്‍ തീരുമാനത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിശദീകരണം ചോദിക്കുകയും അതില്‍ 200 മീറ്റര്‍ ദൂരം എന്ന ദേശീയ മലിനീകരണ ബോര്‍ഡ് നിര്‍ദ്ദേശത്തെ അംഗീകരിക്കുകയും ചെയ്തു. 2020 ജൂലൈ 21 ലെ തീരുമാനത്തെ സംസ്ഥാനത്തെ 32 ഖനന കരാറുകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. അവിടെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് പഴയപടി ആവര്‍ത്തിച്ചു. ഖനനക്കാരുടെ അവകാശത്തെ സാധൂകരിക്കുവാന്‍ കേരള ഗവ. നടത്തിയ ശ്രമത്തിലൂടെ, നിലവില്‍ പ്രവര്‍ത്തിക്കുന്ന ഖനന യൂണിറ്റുകള്‍ തുടരാം, പുതിയ യൂണിറ്റുകള്‍ക്ക് 200 മീറ്റര്‍ ദൂരം (സ്‌ഫോടനം നടത്തി കൊണ്ടുള്ളവക്ക്)എന്ന് കോടതി പറഞ്ഞു. പ്രസ്തുത വിധിയെ സുപ്രീം കോടതിയില്‍ ഖനി മുതലാളിമാര്‍ ചോദ്യം ചെയ്തപ്പോള്‍ അവിടെയും കേരള സര്‍ക്കാര്‍, വികസനത്തിനായി ഖനനം 50 മീറ്ററിലാകാം എന്ന് വാദിച്ചിരിക്കുന്നു. ഇനി ഈ മാസം 29നാണ് കേസ് സുപ്രിംകോടതിയില്‍ വരുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ അധികാരത്തെയും ചോദ്യം ചെയ്യുവാന്‍ കരാറുകാരും സര്‍ക്കാരും ശ്രമിക്കുകയാണ്.ആരുടെ താല്‍പ്പര്യങ്ങളെയാണ് കേരള സര്‍ക്കാര്‍ പ്രതിനിധീകരിക്കുന്നതെന്നു വ്യക്തം.
2018,19 ലെ വെള്ളപ്പൊക്കം വരുത്തിവെച്ച ആയിരത്തോളം മരണങ്ങള്‍, 50000 കോടി രൂപയുടെ നഷ്ടം, കൊറോണ ഉണ്ടാക്കിയ1.75 ലക്ഷം കോടിയുടെ സാമ്പ ത്തിക ചുരുക്കം തുടങ്ങിയവ കേരളത്തെ പ്രതിസന്ധിയിലെത്തിച്ചു. കടം വര്‍ധിച്ചു. പദ്ധതികള്‍ അവതാളത്തിലായി.10000 ത്തില്‍ കുറയാത്ത ഖനന യൂണിറ്റുകളില്‍ നിന്ന് 12 മാസങ്ങള്‍ക്കിടയില്‍ 30 കോടി ടണ്ണില്‍ കുറയാത്ത പാറകള്‍ പൊട്ടിച്ച് കടത്തുന്നവര്‍ 70000 കോടി മുതല്‍ ഒരു ലക്ഷം കോടി രൂപയുടെ പ്രകൃതി വിഭവങ്ങള്‍ കച്ചവടം ചെയ്യുന്നു.സര്‍ക്കാരിന് പരമാവധി ലഭിക്കുന്നതാകട്ടെ (ത്രിതല പഞ്ചായത്തു മുതല്‍) വര്‍ഷം പ്രതി 200കോടിയും. ഖനിജങ്ങളെ പൊതു ഉടമസ്ഥതയില്‍ എത്തിച്ച്, വില പകുതി കുറച്ചാല്‍ തന്നെ കാല്‍ ലക്ഷം കോടിയുടെ അധിക വരുമാനം നാടിന് ഉണ്ടാകും. ഖനനത്തെ നിയന്ത്രിക്കാം, സമാന്തര സാമ്പത്തിക ലോകത്തെ പരിധിയില്‍ കൊണ്ടു വരാം, പ്രകൃതി സംരക്ഷണത്തിന് കൂടുതല്‍ അവസരങ്ങള്‍ കിട്ടും. പക്ഷെ കേരള ദേശത്തെ കടലെടുത്താലും മലകള്‍ അടര്‍ന്നു വീണ് മലയാള നാട് ഉടഞ്ഞാലും മലകള്‍ തുരക്കുന്നവര്‍ക്കും കുളം നികത്തുന്നവര്‍ക്കും കടല്‍ വറ്റിക്കുന്നവര്‍ക്കും മരങ്ങള്‍ വെട്ടുന്നവര്‍ക്കുമായി കേരളത്തെ മുറിവേല്‍പ്പിക്കുമെന്ന് നമ്മുടെ നേതാക്കള്‍ വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in