പുതിയ സര്‍ക്കാരിനുമുന്നില്‍ ഉന്നയിക്കാനുള്ളത്

ആധുനികകാലത്ത് ഒറ്റക്ക് നില്‍ക്കാന്‍ ഒരു സമൂഹത്തിനുമാകില്ലെങ്കിലും പരമാവധി സ്വാശ്രയത്വം എന്ന ലക്ഷ്യത്തിലധിഷ്ഠിതമായ കാര്‍ഷിക – വ്യവസായിക – ധനകാര്യനയത്തിനാണ് രൂപം കൊടുക്കേണ്ടത്. ഒപ്പം അത്യതികം കേന്ദ്രീകൃതമായി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തെ പരമാവധി ഫെഡറലാക്കാനുള്ള പോരാട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുകയും വേണം.

നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന് ഇനി അവശേഷിച്ചിരിക്കുന്നത് മണിക്കൂറുകള്‍ മാത്രം. ഭരണതുടര്‍ച്ചയോ ഭരണമാറ്റമോ എന്ന ചോദ്യത്തിനുള്ള ഉത്തരം മെയ് രണ്ട് ഉച്ചയോടെ ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്. തെരഞ്ഞെടുപ്പു നടന്ന ഏപ്രില്‍ ആറിന് കേരളത്തിലെ ജനങ്ങളില്‍ താരതമ്യേന കൂടുതല്‍ പേര്‍ ഏതു മുന്നണി ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നതിന്റെ ഉത്തരമാണ് ഇതിലൂടെ ലഭ്യമാകുക. അല്ലാതെ ശരിയേത്, തെറ്റേത് എന്നതിന്റെ ഉത്തരമല്ല തെരഞ്ഞെടുപ്പ്. ശരിയും തെറ്റും ആപേക്ഷികം മാത്രമാണ്. കൂടുതല്‍ പേര്‍ പിന്തുണക്കുന്നത് ശരിയാകണമെന്ന് നിര്‍ബന്ധവുമില്ല. ഉണ്ടെങ്കില്‍ ഇന്ത്യയിലെ ശരി ബിജെപി ആകണമല്ലോ. ഈ യാഥാര്‍ത്ഥ്യങ്ങളാണ് പ്രധാനപ്പെട്ട ഇരുമുന്നണികളും തിരിച്ചറിയേണ്ടത്. അതനുസരിച്ച് തങ്ങള്‍ക്ക് ജനം നല്‍കുന്ന ഉത്തരവാദിത്തം – അത് ഭരണമാണെങ്കില്‍ അങ്ങനെ, പ്രതിപക്ഷമാണെങ്കില്‍ അങ്ങനെ – ഉത്തരവാദിത്തത്തോടെ നിര്‍വ്വഹിക്കണം. ജനാധിപത്യത്തില്‍ ജനങ്ങളാണ് അന്തിമ വിധികര്‍ത്തക്കള്‍ എന്ന ഓര്‍മ്മ എപ്പോഴുമുണ്ടാകണമെന്നു സാരം.

ഇത്തരമൊരു സാഹചര്യത്തില്‍ പുതിയ സര്‍ക്കാരിനു മുന്നില്‍ – അതേത് മുണിയാണെങ്കിലും – ചില ആവശ്യങ്ങള്‍ മുന്നോട്ടുവെക്കാനാണ് ഉദ്ദേശിക്കുന്നത്. അതിലേറ്റവും പ്രധാനം വിഖ്യാതമായ കേരളമോഡല്‍ പുറംതള്ളിയ ജനവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നതു തന്നെയാണ്. കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കുക എന്നതാണതില്‍ പ്രധാനപ്പെട്ട ഒന്ന്. എല്ലാ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോകളിലും മുന്നണികള്‍ ഇക്കാര്യം ഉന്നയിക്കാറുണ്ടെങ്കിലും നടപ്പാക്കാറില്ല. പ്രകൃതിക്ഷോഭങ്ങളാലും ഭരണകൂടങ്ങളുടെ തെറ്റായ നയങ്ങളാലും ഏറ്റവും ദുരിതമായ അവസ്ഥയിലാണ് ഇന്ന് മത്സ്യത്തൊഴിലാളികളുടെ ജീവിതം. അതിനറുഥി വരുത്തുക എന്നതായിരിക്കണം പുതിയ സര്‍ക്കാരിന്റെ പ്രാഥമികമായ ഒരു ഉത്തരവാദിത്തം. അതിന്റെ ആദ്യപടിയാണ് കടലിന്റെ ഉടമകള്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സ്യത്തൊഴിലാളികളാകുക എന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കടലിന്റെ അവകാശം മത്സ്യത്തൊഴിലാളികള്‍ക്കെന്നപോലെ തന്നെ പ്രധാനമാണ് കാടിന്റെ അവകാശികള്‍ ആദിവാസികളാകുക എന്നത്. അക്കാര്യത്തില്‍ ഇന്ത്യയില്‍ തന്നെ വളരെ പുറകിലാണ് കേരളം. പല സംസ്ഥാനങ്ങളും നടപ്പാക്കിയ സ്വയംഭരണാവകാശമോ വനാവകാശമോ ഇവിടെ ഇനിയും നടപ്പാക്കപ്പെടുന്നില്ല. മുത്തങ്ങയടക്കം എത്രയോ സമരങ്ങള്‍ കഴിഞ്ഞിട്ടും ആദിവാസി ഭൂപ്രശ്‌നത്തിന് പരിഹാരമായിട്ടില്ല. ആദിവാസികള്‍ നേരിടുന്ന ദുരിതങ്ങളുടെ പ്രതീകങ്ങളായി മധുവും അട്ടപ്പാടിയില്‍ മരിച്ചുവീഴുന്ന നവജാതിശിശുക്കളും കേരളസമൂഹത്തിനുമുന്നില്‍ നില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഈ വിഷയം പുതിയ സര്‍ക്കാരിന്റെ പ്രധാന അജണ്ടയായിരിക്കണം.

മറ്റൊന്ന് ഭൂമിയുടെ യഥാര്‍ത്ഥ അവകാശികളായ ദളിതരുടെ വിഷയങ്ങളാണ്. കൊട്ടിഘോഷിക്കപ്പെടുന്ന ഭൂപരിഷ്‌കരണനിയമത്തില്‍ വഞ്ചിക്കപ്പെട്ട ദളിതര്‍ പതിനായിരകണക്കിനു കോളനികളിലേക്ക് ആട്ടിപ്പായിക്കപ്പെടുകയായിരുന്നു. ഇന്നുമവരില്‍ മാഹഭൂരിപക്ഷത്തിന്റേയും ജീവിതം അവിടെതന്നെയാണ്. സ്വന്തമായി ഭൂമിയില്ലാ്ത്തതിനാല്‍ തന്നെ അതുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളും നടന്നില്ല. ഫലമോ വ്യവാസായിക, വാണിജ്യ, പ്രവാസ മേഖലകളിലൊന്നും ദളിതരുടെ പങ്കാളിത്തമില്ല. ഇപ്പോഴിതാ കൊട്ടിഘോഷിച്ചു നടത്തുന്ന ലൈഫ് പദ്ധതിയിലും അവര്‍ക്ക് ഭൂമി നല്‍കാതെ കൊച്ചുകൊച്ചു ഫ്‌ളാറ്റുകളിലൊതുക്കുന്നു. അതിനുപകരം കോര്‍പ്പറേറ്റുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ആയിരകണക്കിന് ഭുമി പിടിച്ചെുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണം. അതോടൊപ്പം തോട്ടങ്ങളുടെ അവകാശം ഹാരിസണില്‍ നിന്നും ടാറ്റയില്‍ നിന്നുമെല്ലാം തിരിച്ചെടുത്ത് തോട്ടം തൊഴിലാളികള്‍ക്ക് നല്‍കണം. ചുരുക്കത്തില്‍ കാടിന്റെ അവകാശികളായി ആദിവാസികളേയും കടലിന്റെ അവകാശികളായി മത്സ്യത്തൊഴിലാളികളേയും മണ്ണിന്റെ അവകാശികളായി ദളിതരേയും തോട്ടങ്ങളുടെ അവകാശികളായി തോട്ടം തൊഴിലാളികളേയും പ്രഖ്യാപിക്കാന്‍ പുതുതായി വരുന്ന സര്‍ക്കാര്‍ തയ്യാറാകണം.

മുന്നോക്ക സംവരണത്തിലൂടെ സാമൂഹ്യനീതിയെന്ന ലക്ഷ്യത്തിനായി രൂപം കൊടുത്ത ജാതിസംവരണം അട്ടിമറിക്കപ്പെട്ടുകഴിഞ്ഞു. അപ്പോഴും ദശകങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഒരു വന്‍ അനീതി ഇരുമുന്നണികളും കണ്ടില്ലെന്നു നടിക്കുന്നു. സര്‍്ക്കാര്‍ വേതനം നല്‍കുന്ന എയ്ഡഡ് മേഖലിയലെ സംവരണ നിഷേധമാണത്. രണ്ടുലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന ഈ മേഖലയില്‍ 20000ത്തോളം ദളിതര്‍ക്കാണ് അതിലൂടെ നീതി നിഷേധിക്കപ്പെടുന്നത്. പണം നല്‍കി ജോലി നേടാവുന്ന അവസ്ഥ അവര്‍ക്കില്ലല്ലോ. ഈ അനീതിക്ക് പുതിയ സര്‍ക്കാര്‍ അറുതിവരുത്തണം. വളരെ പ്രധാനപ്പെട്ട മറ്റു ചില ആവശ്യങ്ങളും ചൂണ്ടികാട്ടട്ടെ. ട്രാന്‍സ്‌ജെന്റര്‍ വിഭാഗങ്ങള്‍ക്കും വിഭിന്നശേഷിക്കാര്‍ക്കും എല്ലാ മേഖലകളിലും സംവരണം നല്‍കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ തടയാനുള്ള നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കണം. ദളിതര്‍ക്കും സ്ത്രീകള്‍ക്കും ആരാധനാലയങ്ങളിലടക്കം വിവിധ മേഖലകളില്‍ നിലനില്‍ക്കുന്ന അയിത്തം അവസാനിപ്പിക്കമം. ആരാധനാലയങ്ങളിലെ പൗരോഹിത്യത്തിലടക്കം അവരുടെ പങ്കാളിത്തം ഉറപ്പാക്കണം. എല്ലാ ആരാധനാലയങ്ങളിലും ജാതി, മത, ലിംഗ ഭേദമില്ലാതെ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കണം. ജാതീയപീഡനങ്ങള്‍ക്ക് കടുത്ത ശിക്ഷനല്‍കുന്ന നിയമനിര്‍മ്മാണം നടത്തണം. ഇസ്ലാമോഫോബിയ പരത്തുന്നവര്‍ക്കെതിരേയും കര്‍ശനനടപടികളെടുക്കണം. മിശ്രവിവാഹിതര്‍ക്കും ജാതി, മത, ദൈവ വിശ്വാസമില്ലാത്തവര്‍ക്കും മാന്യമായി ജീവിക്കാന്‍ കഴിയണം. അന്ധവിശ്വാസനിരോധന നിയമത്തിന്റെ സാധ്യത പരിശോധിക്കണം.

വളരെ പ്രധാനപ്പെട്ട ഒന്ന് പോലീസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. പിണറായി സര്‍ക്കാരില്‍ ഏറ്റവും മോശം റെക്കോഡ് മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പാണ്. പോലീസ് അതിക്രമങ്ങളുടെ വന്‍പട്ടികയാണ് ഇക്കാലയളവില്‍ കണ്ടത്. അതിന് നിര്‍ബന്ധമായി അറുതി വരുത്തണം. യുഎപിഎ പോലുള്ള ഭീകരനിയമങ്ങള്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കണം. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കും വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ക്കും അറുതി വരുത്തണം. ആഭ്യന്തരവകുപ്പിന് പ്രത്യേക മന്ത്രിയെ നിയമിക്കണം. മറ്റൊരു പ്രധാന മേറല പരിസ്ഥിതിനിയമങ്ങളുടേതാണ്. വികസനമെന്ന മുദ്രാവാക്യത്തിന്റെ പേരില്‍ നിലവിലുള്ള പരിസ്ഥിതിനിയമങ്ങളില്‍ പോലും വെള്ളം ചേര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. പരിസ്ഥിതിനിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കണം. മാത്രമല്ല കടലും കാടും പശ്ചിമഘട്ടവും വയലേലകളും നീര്‍ത്തടങ്ങളും പുഴകളുമെല്ലാം സംരക്ഷിക്കാന്‍ പുതിയ നിയമങ്ങള്‍ക്ക് രൂപം കൊടുക്കണം. ക്വാറിമാഫിയയെ നിലക്കുനിര്‍ത്തണം. കുടിയിറക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ നല്‍കിയ ശേഷമേ പദ്ധതികള്‍ ആരംഭികാകവൂ. കാര്‍ഷികമേഖല നിലനിര്‍ത്താന്‍ ദീര്‍ഘകാല നടപടികള്‍ ആവിഷ്‌കരിക്കണം. പ്രാഥമിക വിദ്യാഭ്യാസ – ആരോഗ്യ മേഖലയില്‍ മുന്നിലാണെങ്കിലും ഉന്നത മേഖലയില്‍ നമ്മള്‍ പുറകിലാണെന്നംഗീകരിച്ച് മുന്നിലെത്താനുള്ള ദീര്‍ഘകാല നടപടികള്‍ ആവിഷ്‌കരിക്കണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം. കൊവിഡ് അവരുടെ ജീവിതത്തെ തകര്‍ത്തു തരിപ്പണമാക്കിയിരിക്കുകയാണ്. അതിലവര്‍ക്ക് കൈതാങ്ങുനല്‍കുന്ന നടപടികള്‍ക്ക് വേഗത കൂട്ടണം. മറുവശത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങള്‍ക്കും അറുതി വരുത്തണം. സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാകണം. പൊതുജനങ്ങള്‍ക്ക് അപ്രാപ്യമായ ഒന്നാവരുത് സര്‍ക്കാര്‍ എന്ന സംവിധാനം.. സേവനാവകാശനിയമവും വിവരാവകാശനിയമവും കര്‍ക്കശമായി നടപ്പാക്കണം. സര്‍ക്കാര്‍ ജോലികളിലെ അഴിമതികളും പിന്‍വാതില്‍ നിയമനങ്ങളും അവസാനിപ്പിക്കണം. അതേസമയം തൊഴില്‍ നല്‍കലല്ല, തൊഴിലവസരങ്ങളുണ്ടാക്കുന്ന അന്തരീക്ഷമുണ്ടാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്നു തിരിച്ചറിയണം. വരുമാനത്തിന്റെ ഭൂരിഭാഗവും പെന്‍ഷനും വേതനത്തിനുമായി നല്‍കുന്ന അവസ്ഥ അവസാനിപ്പിക്കണം. അര്‍ഹിക്കുന്നവര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ നല്‍കണം. അതേസമയം പരമാവധി സൗജന്യങ്ങള്‍ നല്‍കലല്ല സര്‍ക്കാരിന്റെ പ്രധാന ജോലി എന്ന് തിരിച്ചറിയണം. കൊവിഡ് കാലം തകര്‍ത്തെറിഞ്ഞ ജീവിതങ്ങള്‍ക്ക് താങ്ങാകുക എന്നതായിരിക്കണം പുതിയ സര്‍ക്കിരിന്റെ ആദ്യകടമ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇത്തരത്തിലുള്ള ആവശ്യങ്ങളുടെ പട്ടികക്ക് അവസാനമുണ്ടാകില്ല. വളരെ പ്രധാനപ്പെട്ട ഒന്നുകൂടി ചൂണ്ടികാട്ടട്ടെ. ആധുനികകാലത്ത് ഒറ്റക്ക് നില്‍ക്കാന്‍ ഒരു സമൂഹത്തിനുമാകില്ലെങ്കിലും പരമാവധി സ്വാശ്രയത്വം എന്ന ലക്ഷ്യത്തിലധിഷ്ഠിതമായ കാര്‍ഷിക – വ്യവസായിക – ധനകാര്യനയത്തിനാണ് രൂപം കൊടുക്കേണ്ടത്. ആയുര്‍വേദത്തെ കേന്ദ്രമാക്കിയുള്ള ആരോഗ്യ – ടൂറിസ നയങ്ങള്‍ ശക്തമാക്കണം. ഒപ്പം അത്യതികം കേന്ദ്രീകൃതമായി കൊണ്ടിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തെ പരമാവധി ഫെഡറലാക്കാനുള്ള പോരാട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ നേതൃത്വം നല്‍കുകയും വേണം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply