കാശ്മീരും സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ കാണാപ്പുറങ്ങളും – ഭാഗം ഒന്ന്

ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പിനെക്കൂടാതെ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയില്‍ സംരക്ഷിച്ച്‌നിര്‍ത്തുന്നതിന് ഭരണഘടന ഉറപ്പ്‌നല്‍കുന്ന മറ്റൊരു വകുപ്പാണ് 35-A. ഈ വകുപ്പനുസരിച്ച് ജമ്മു- കശ്മീര്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് സംസ്ഥാനത്തു
സ്ഥിരതാമസമാക്കാനോ, വസ്തുവകകള്‍ സ്വന്തമാക്കാനോ സാധിക്കില്ല എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതുപക്ഷേ ഇന്ത്യന്‍ ഭരണഘടന ജമ്മു – കശ്മീരിന് മാത്രമായി നല്‍കിയിട്ടുള്ള സംരക്ഷണമല്ല. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും ഭരണഘടന ജമ്മു-കശ്മീരിന് ഉറപ്പ് നല്‍കിയിട്ടുള്ള ഈ അവകാശം അനുഭവിക്കുന്നുണ്ട്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ ആസ്സാമും, നാഗാലാന്‍ഡും ഇതിന് ഉദാഹരണങ്ങളാണ്. മറ്റുപല സംസ്ഥാനങ്ങള്‍ക്കും ലഭിച്ച് വരുന്ന പ്രത്യേക പരിരക്ഷകള്‍ ബി .ജെ..പി. ഗവന്മേന്റ്‌റ് കശ്മീരിന് മാത്രമായി നിഷേധിക്കുമ്പോള്‍ അത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. കുറച്ചുകൂടി തെളിച്ച്പറഞ്ഞാല്‍ ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചിരിക്കുന്നത് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കലിന്റെ ഭാഗമായാണ്.

”Generally speaking, genocide does not necessarily mean the immediate destruction of a nation, except when accomplished by mass killings of all members of a nation. It is intended rather to signify a coordinated plan of different actions aiming at the destruction of essential foundations of the life of national groups, with the aim of annihilating the groups themselves.’ – Raphael Lemkin, 1944

തീവ്രദേശീയതാവികാരം ജനങ്ങളില്‍ ഇളക്കിവിട്ടുകൊണ്ട് 2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ തിരിച്ചുവന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി ഗവണ്മെന്റ്, ജമ്മു കശ്മീരിന് ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് പ്രകാരം ലഭിച്ച് വന്നിരുന്ന പ്രത്യേക പദവി (special status) എടുത്തുകളയുക എന്ന വളരെ പ്രധാനപ്പെട്ട ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുകയാണ്. ”കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ കൊണ്ട് സാധിക്കാന്‍ പറ്റാത്ത ജോലി ഈ ഗവണ്മെന്റ് അധികാരത്തില്‍ വന്ന് വെറും എഴുപത് ദിവസങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കി… എന്റെ രാജ്യത്തിലെ ജനങ്ങള്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്വം ചെയ്തുതീര്‍ക്കുവാനാണ് ഞാന്‍ വന്നിരിക്കുന്നത്” 1 എന്ന് ഒരു അവധൂതനെപ്പോലെയാണ് ഇന്ത്യയുടെ 73-ാം സ്വാതന്ത്ര്യ ദിനാഘോഷ വേളയില്‍ ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ നിന്നുകൊണ്ട് നരേന്ദ്രമോദി തങ്ങളുടെ ഈ പ്രവര്‍ത്തിയെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇന്ത്യന്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍പോലും അഭിപ്രായഭിന്നത സൃഷ്ടിച്ച്‌കൊണ്ട് കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുവാനും കാശ്മീരിനെ വിഭജിക്കുവാനും നിയമം പാസാക്കിയെടുത്ത ബി.ജെ.പിയുടെ നടപടി ചരിത്രപരമായി ജമ്മു-കാശ്മീരിലെ ജനങ്ങളുമായി ഇന്ത്യാ ഗവന്മേന്റ്‌റ് ഉണ്ടാക്കിയ ഉടമ്പടിയുടെ നഗ്‌നമായ ലംഘനവും, ഇന്ത്യന്‍ ഭരണഘടനാ മൂല്യങ്ങളുടെയും, ഫെഡറല്‍
സംവിധാനത്തിന്റെയും കശക്കിയെറിയലുമാണ്. പതിറ്റാണ്ടുകളായി മോദിയുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ അഗ്രഗണ്യനായ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് ഇപ്പോഴത്തെ അഭ്യന്തര മന്ത്രിയെന്നത് കാശ്മീര്‍ വിഷയത്തില്‍ നിലപാടുകള്‍ കര്‍ക്കശമാക്കുന്നതിന് കുറച്ചൊന്നുമല്ല മോദി ഗവണ്മെന്റിനെ സഹായിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെക്കാള്‍ ഒരുപടികൂടി കടന്ന് ജമ്മു-കാശ്മീരിനെ ജമ്മു-കാശ്മീരെന്നും ലഡാക്കെന്നും രണ്ടായി വിഭജിച്ചതും, ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കൊന്നും ഇല്ലാതിരുന്ന പല അധികാര-അവകാശങ്ങള്‍ ഉണ്ടായിരുന്ന ഒരു പൂര്‍ണ സംസ്ഥാനത്തെ, ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലാദ്യമായി, വെറും കേന്ദ്ര ഭരണ പ്രദേശങ്ങളായി തരം താഴ്ത്തിയതും ഷായുടെ കൂര്‍മബുദ്ധിയല്ലാതെ മറ്റൊന്നുമല്ല. എന്നിരുന്നാല്‍ത്തന്നെയും, ഇതിനെ ചില വ്യക്തിഗത അജണ്ടയുടെ നടപ്പിലാക്കല്‍ എന്നതിലുപരി സംഘപരിവാറിന്റെ ‘ഹിന്ദുരാഷ്ട്രം’ അഥവാ ‘ഹിന്ദുത്വ’ എന്ന വിശാല ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടിയായി മനസ്സിലാക്കുന്നതാവും ഉചിതം. കാരണം ജമ്മു-കാശ്മീര്‍ ഇന്ത്യയുമായി ലയിച്ചതുമുതല്‍ സംഘപരിവാര്‍ ശക്തികളുടെ അജണ്ടയിലെ ഒരു പ്രധാന ഇനമായിരുന്നു ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുക എന്നുള്ളത്.

എന്താണ് ഹിന്ദുത്വ?

ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികളുടെ ആശയാടിത്തറ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയിരുന്ന വിനായക് ദാമോദര്‍ സവര്‍ക്കറാണ് ഹിന്ദുത്വ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. 1923 – ല്‍ അതേ പേരില്‍ സവര്‍ക്കര്‍ പ്രസിദ്ധീകരിച്ച ഹിന്ദുത്വ എന്ന കൃതിയിലൂടെയാണ് ഈ ആശയത്തിന് പ്രചാരം ലഭിക്കുന്നത്. സവര്‍ക്കറുടെ ഹിന്ദുത്വ എന്ന ആശയം ഹിന്ദു ദേശീയതയെക്കുറിച്ചുള്ള മഹത്തായ ശാസ്ത്രീയ ഗ്രന്ഥമെന്നാണ് സംഘപരിവാറിന്റെ ആത്മീയാചാര്യനായ ഗോള്‍വാക്കര്‍ വിശേഷിപ്പിച്ചിട്ടുള്ളത് 2 .ഭൂപ്രദേശത്തെ അടിസ്ഥാനപ്പെടുത്തി ദേശീയതയെ നിര്‍വ്വചിക്കുന്നതിനെ എതിര്‍ത്തിരുന്ന സവര്‍ക്കര്‍ മതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാംസ്‌കാരിക ദേശീയതയുടെ ശക്തനായ വക്താവായിരുന്നു 3 . ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിശിത വിമര്‍ശകനായിരുന്ന സവര്‍ക്കറെ സംബന്ധിച്ച് പക്ഷേ ഹിന്ദുത്വ എന്നത് വര്‍ഗീയതയായിരുന്നില്ല മറിച്ചു യഥാര്‍ത്ഥ ഇന്ത്യന്‍ ദേശീയതയുടെ പര്യായമായിരുന്നു.
ദേശസ്‌നേഹത്തിന്റെ യഥാര്‍ത്ഥ മാതൃകയാണ് ഹിന്ദുത്വ. അതേസമയം, ഹിന്ദു മതവും ഹിന്ദുത്വയും ഒന്നല്ല എന്നാണ് സവര്‍ക്കര്‍ അവകാശപ്പെടുന്നത്. സവര്‍ക്കറുടെ അഭിപ്രായത്തില്‍ ഇന്ത്യയില്‍ ഉദയം കൊണ്ടിട്ടുള്ള എല്ലാ മതങ്ങളെയും ഹിന്ദുത്വത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സാധിക്കും. കാരണം ഈ മതങ്ങള്‍ക്കൊന്നും തന്നെ ഇന്ത്യയ്ക്ക് പുറമെയുള്ള മറ്റ് രാജ്യങ്ങളുമായി വൈകാരികബന്ധം ഇല്ല. ഈ മതങ്ങളുടെയെല്ലാം പിതൃഭൂമിയും പുണ്യഭൂമിയും (father land and holy land) ഇന്ത്യതന്നെയാണ്. ആയതിനാല്‍ ഇന്ത്യയില്‍ ഉയിര്‍കൊണ്ട മതങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം യഥാര്‍ത്ഥ രാജ്യസ്‌നേഹികളാണ്. അതേ സമയം ഇന്ത്യയ്ക്ക് പുറത്തു ഉദയം കൊണ്ടിട്ടുള്ള മതങ്ങളില്‍ വിശ്വസിക്കുന്ന മുസ്ലിങ്ങളും ക്രിസ്ത്യാനികളും, അവര്‍ ഇന്ത്യയില്‍ത്തന്നെ ജനിച്ചു വളര്‍ന്നവരാണെങ്കില്‍പ്പോലും (പിതൃഭൂമി ഇന്ത്യയാണെങ്കില്‍പ്പോലും), യഥാര്‍ത്ഥ രാജ്യസ്‌നേഹികളാകാന്‍ ഇന്ത്യക്ക് പുറമെയുള്ള പുണ്യഭൂമികളോടുള്ള വൈകാരിക ബന്ധം അവരെ അനുവദിക്കുകയില്ല (മുസ്ലിങ്ങളെ സംബന്ധിച്ചു മക്ക, ക്രിസ്ത്യനികളെ സംബന്ധിച്ചു ജറുസലേം, റോം തുടങ്ങിയവ). ആയതിനാല്‍ ഇവര്‍ക്ക് ഒരു ജനവിഭാഗമായി ഇന്ത്യയില്‍ കഴിയാമെങ്കിലും ഇന്ത്യയിലെ മറ്റ് പൗരന്‍മാര്‍ക്ക് ലഭ്യമായിട്ടുള്ള അവകാശങ്ങളോ പരിഗണനകളോ ഒന്നും തന്നെ ലഭിക്കില്ല. അതുകൊണ്ടുതന്നെ മുസ്ലിങ്ങളെ ഒരിക്കലും ഹിന്ദുക്കള്‍ക്ക് തുല്യരായി കണക്കാക്കുവാന്‍ സവര്‍ക്കര്‍ ഒരുക്കമായിരുന്നില്ല 4 . ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കമ്മ്യൂണിസ്‌റ് പ്രസ്ഥാനങ്ങളെ വളര്‍ത്തിയെടുക്കാനുള്ള സോവിയറ്റ് യൂണിയന്റെ ശ്രമങ്ങളെപ്പോലും സംശയത്തോടെ നോക്കിക്കാണാന്‍ സവര്‍ക്കറെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഇസ്ലാമിനോടുള്ള ഭയമായിരുന്നുവെന്നും, അഫ്ഘാനിസ്താന്റെയോ, തുര്‍ക്കിയുടെയോ സഹായത്തോടെ ഇന്ത്യയില്‍ ഒരു ഇസ്ലാമികഭരണം സ്ഥാപിക്കുന്നതിനെ തടയുന്നതിനായി ബ്രിട്ടനോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍പോലും സവര്‍ക്കര്‍ ഒരുക്കമായിരുന്നുവെന്നും എ. ജി. നൂറാനി അദ്ദേഹത്തിന്റെ ”സവര്‍ക്കറും ഹിന്ദുത്വയും” എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നു 5 .
രാജ്യത്തിനകത്തുനിന്നോ, പുറത്തുനിന്നോ ഉള്ള അഹിന്ദുക്കളുടെ ഭരണത്തില്‍ നിന്നുമുള്ള മോചനത്തിലൂടെ മാത്രമേ ഹിന്ദുക്കള്‍ക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭ്യമാവുകയുള്ളൂ എന്നതായിരുന്നു സവര്‍ക്കറുടെ പ്രമാണം. മാത്രവുമല്ല ഇന്ത്യയില്‍ ഹിന്ദുത്വത്തിന്റെ ഭാഗമായ ഒരു യഥാര്‍ത്ഥ രാജ്യസ്‌നേഹിയെ സംബന്ധിച്ച് വിദേശരാജ്യങ്ങളോട് കൂറ്പുലര്‍ത്തുന്ന മുസ്ലിങ്ങളുടെയോ, ക്രിസ്ത്യാനികളുടെയോ രാഷ്ട്രീയ മേധാവിത്വത്തിന്‍ കീഴല്‍ കഴിയാന്‍ ഒരിക്കലും സാധിക്കില്ല.
ചുരുക്കത്തില്‍ ഇന്ത്യയില്‍ ഉദയംകൊണ്ട എല്ലാ മതങ്ങളെയും ബ്രാഹ്മണിക ഹിന്ദുമതത്തിന്റെ ഭാഗമാക്കിക്കൊണ്ട് ദേശീയതയെ സാംസ്‌കാരികമായി നിര്‍വചിക്കാനുള്ള ശ്രമമാണ് സവര്‍ക്കര്‍ ‘ഹിന്ദുത്വ’ എന്ന ആശയത്തിലൂടെ ചെയ്യുന്നത്. തന്റെ ഈ നിര്‍വചനത്തിന് സവര്‍ക്കര്‍ കണ്ടെത്തുന്ന
അപരന്മാരാണ് ഇന്ത്യയിലെ ന്യൂനപക്ഷ മതവിഭാഗങ്ങളായ മുസ്ലിങ്ങളും ക്രിസ്ത്യാനികളും. ഇന്ത്യയില്‍ ഹിന്ദു വര്‍ഗീയത എന്നത് പുതിയൊരു സംഭവം അല്ലായിരുന്നുവെങ്കില്‍ക്കൂടി സവര്‍ക്കറുടെ കൃതി ഹിന്ദു വര്‍ഗീയതയ്ക്കും വര്‍ഗീയ കലാപങ്ങള്‍ക്കും പുതിയൊരു മാനം നല്‍കുകയായിരുന്നു. ഹിന്ദുത്വ എന്ന ആശയത്തിന്റെ അടിസ്ഥാനംതന്നെ അന്യമതസ്ഥരോടുള്ള വെറുപ്പായതിനാല്‍ മതത്തിന്റെ സൈനികവല്‍ക്കരണം എന്നത് ഈ ആശയത്തിന്റെ അവിഭാജ്യ ഘടകമാണ്. അഹിംസയില്‍ അടിസ്ഥപ്പെടുത്തിയ ഒരു സമുദായത്തിനോ, പ്രസ്ഥാനത്തിനോ ഒരിക്കലും യഥാര്‍ത്ഥ ദേശീയത കൈവരിക്കാന്‍ സാധിക്കില്ല എന്ന വാദഗതിയാണ് സവര്‍ക്കര്‍ മുന്നോട്ടുവച്ചത്. റ്റാരോടെന്നതിനേക്കാളും ശക്തമായ വെറുപ്പ് സവര്‍ക്കര്‍ക്ക് ഗാന്ധിജിയോട് ഉണ്ടായിരുന്നതിന്റെ കാരണവും മറ്റൊന്നായിരുന്നില്ല. മാത്രവുമല്ല, സവര്‍ക്കറുടെ കൃതി പ്രസിദ്ധീകരിച്ചു രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ അദ്ദേഹത്തിന്റെ ആശയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് രൂപീകൃതമായ രാഷ്ട്രീയ സ്വയം സേവക് സംഘ് (ആര്‍.എസ്.എസ്.) ഹിന്ദു വര്‍ഗീയതയ്ക്ക് ഒരു സംഘടിത രൂപം നല്‍കുകയുണ്ടായി. ആര്‍.എസ്സ്.എസ്സിന്റെ സ്ഥാപകനേതാവായ കെ.ബി.ഹെഗ്ഡെവാറെ ശക്തമായി സ്വാധീനിച്ച വ്യക്തിയായിരുന്നു സവര്‍ക്കറെന്നും, അദ്ദേഹത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഹെഗ്ഡെവാര്‍ ആര്‍.എസ്.എസ്സ്. എന്ന സംഘടനതന്നെ രൂപീകരിച്ചതെന്നും ഇത്തരുണത്തില്‍ ഓര്‍ക്കാവുന്നതാണ്. തന്നെയുമല്ല, 1930 -കളുടെ അവസാനത്തില്‍ എം. എസ്സ്. ഗോള്‍വാക്കറുടെ നമ്മളും നമ്മുടെ ദേശയീയതയുടെ നിര്‍വചനവും (We or Our Nationhood Defined) എന്ന പുസ്തകരചനയുടെ ചാലകശക്തിയായി വര്‍ത്തിച്ചതും സവര്‍ക്കാരാണെന്നാണ് ഷംസുല്‍ ഇസ്ലാമിന്റെ അഭിപ്രായം.

ജമ്മു-കശ്മീരിന്റെ ഇന്ത്യാ ലയനവും പ്രത്യേക പദവിയും:

1947 -ല്‍ ഇന്ത്യയെന്നും, പാകിസ്ഥാനെന്നും രണ്ട് സ്വതന്ത്ര രാജ്യങ്ങളായി ഇന്ത്യയെ വിഭജിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ തങ്ങളുടെ ഏകദേശം ഇരുന്നൂറ് വര്‍ഷക്കാലം നീണ്ടുനിന്ന തങ്ങളുടെ കോളനിവാഴ്ച അവസാനിപ്പിക്കുമ്പോള്‍ ഈ രണ്ട് രാജ്യങ്ങളെയും കൂടാതെ ഏകദേശം അഞ്ഞൂറ്റിയറുപതോളം നാട്ടുരാജ്യങ്ങള്‍ ഇന്ത്യയിലുണ്ടായിരുന്നുവെന്നത് ഇന്ത്യ വിഭജനം സങ്കീര്‍ണ്ണമാക്കിയതായി സുമന്തബോസ് തന്റെ കാശ്മീര്‍ എന്ന പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു 6 . ബ്രിട്ടീഷ് ഭരണം ഇന്ത്യയില്‍ അവസാനിച്ചതോടെ തത്വത്തില്‍ ഈ നാട്ടുരാജ്യങ്ങളെല്ലാംതന്നെ ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍നിന്നും സ്വാതന്ത്രമാവുകയാണുണ്ടായത്. എന്നാല്‍ അതേവര്‍ഷം ജൂലൈയില്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത നാട്ടുരാജാക്കന്മാരുടെ യോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് സംസാരിച്ച ബ്രിട്ടീഷ് വൈസ്രോയി മൗണ്ട്ബാറ്റണ്‍ പ്രഭു, സ്വതന്ത്രമായി നില്‍ക്കാനുള്ള നാട്ടുരാജ്യങ്ങളുടെ സ്വാതന്ത്ര്യം വെറും സൈദ്ധാന്തികം മാത്രമാണെന്നും അവര്‍ ഇന്ത്യയോടോ, പാകിസ്ഥാനോടോ, കഴിവതും 1947 ആഗസ്ത് 15 – ന് മുന്‍പായി, ലയിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും സുമന്ത ബോസ് പറയുന്നു. ഈ സാഹചര്യത്തില്‍ ഭൂരിപക്ഷം നാട്ടുരാജ്യങ്ങളും ഇന്ത്യയോടും, ചുരുക്കം ചിലത് പാകിസ്ഥാനോടും ലയിക്കാന്‍ തീരുമാനിച്ചപ്പോള്‍, കാശ്മീരുള്‍പ്പെടെയുള്ള മറ്റു ചില നാട്ടുരാജ്യങ്ങള്‍ സ്വതന്ത്രമായി നില്‍ക്കാനാണ് തീരുമാനിച്ചത്. ഇന്ത്യയിലെയും പാകിസ്താനിലെയും പ്രദേശങ്ങളുമായി സാംസ്‌കാരിക, വ്യാപാര- വാണിജ്യ ബന്ധങ്ങളുണ്ടായിരുന്ന രാജ്യമായിരുന്നു ജമ്മു- കാശ്മീരെങ്കിലും, ഇരു രാജ്യങ്ങളില്‍നിന്നും സ്വതന്ത്രമായി നില്‍ക്കാനായുള്ള തീരുമാനത്തിന് രാജഹരിസിംഗിനെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ തന്നെയായിരുന്നു. മാത്രവുമല്ല, തന്റെ അധികാരം സംരക്ഷിച്ച് നിര്‍ത്തുകയെന്ന ഉദ്ദേശ്യവുമായി പാകിസ്ഥാനുമായി ഒരു ഉടമ്പടിയില്‍ അദ്ദേഹം എത്തിച്ചേരുകയും ചെയ്തു. ഈ ഉടമ്പടിയനുസരിച്ചു ജമ്മു-കാശ്മീരിനാവശ്യമായ ഭക്ഷ്യവസ്തുക്കളും വാര്‍ത്താവിനിമയ ബന്ധങ്ങളും നല്‍കാമെന്ന് പാക്കിസ്ഥാന്‍ ഉറപ്പ് നല്‍കുകയുണ്ടായി. പാകിസ്ഥാന്റെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. കാരണം ഭൂമിശാസ്ത്രപരമായും, ജനസംഖ്യാടിസ്ഥാനത്തിലും പാക്കിസ്ഥാന്‍ അനുകൂല സാഹചര്യമാണ് കാശ്മീരിനുള്ളതെങ്കിലും ആത്യന്തികമായും ഇന്ത്യയുമായോ, പാകിസ്ഥാനുമായോ യോജിക്കാനുള്ള തീരുമാനമെടുക്കേണ്ടത് രാജാ ഹരിസിംഗ് തന്നെയായിരുന്നു. ആയതിനാല്‍ ഹരിസിംഗിനെ പിണക്കേണ്ട എന്ന സമീപനമാണ് പാക്കിസ്ഥാന്‍ സ്വീകരിച്ചത്. ഹരിസിംഗിനെ സംബന്ധിച്ചിടത്തോളം തന്റെ അധികാരം നിലനിര്‍ത്തുന്നതിന് ഇന്ത്യയെക്കാളുപരി പാകിസ്ഥാനുമായി ചങ്ങാത്തം വയ്ക്കുന്നതാണ് നല്ലത് എന്ന തോന്നലാണുണ്ടായിരുന്നത്. കാരണം കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത ഫ്യുഡല്‍ വിരുദ്ധ നിലപാടുകളും, കോണ്‍ഗ്രസ്സുമായുള്ള നാഷണല്‍ കോണ്‍ഫെറെന്‍സിന്റെ ബന്ധവും തന്നെ സ്ഥാനഭ്രഷ്ടനാക്കാന്‍ പോന്നവയാണെന്ന ധാരണ ഹരിസിങ്ങില്‍ ശക്തമായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഹരിസിംഗിന്റെയും പാക്കിസ്ഥാന്റെയും കണക്കുകൂട്ടലുകളെ തകിടംമറിക്കുന്നതായിരുന്നു ജമ്മു-കശ്മീരിലെ ഭുഞ്ചില്‍ ഉണ്ടായ കലാപവും പിന്നീട് നടന്ന സംഭവവികാസങ്ങളും. ഭുഞ്ചിലെ കലാപത്തെത്തുടര്‍ന്ന് പാകിസ്താനിലെ വടക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രദേശത്തുനിന്നും പത്താന്‍ സൈനികര്‍ പാകിസ്ഥാന്‍ ഗവണ്മെന്റിന്റെ പിന്തുണയോടെ ജമ്മു-കാശ്മീരിന്റെ അധികാരം പിടിക്കുക എന്ന ലക്ഷ്യവുമായി അതിര്‍ത്തി കടന്നെത്തുകയും, തന്റെ അധികാരം നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ ഹരി സിംഗ് ഇന്ത്യയുടെ സഹായമഭ്യര്‍ത്ഥിക്കുകയും ചെയ്തു. അതേ സമയം, കാശ്മീരിന് വേണ്ടതിലധികം സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ നെഹ്രു ഉള്‍പ്പെടെയുള്ള നേതാക്കള്‍ തയ്യാറായിരുന്നെങ്കിലും ഇന്ത്യന്‍ യൂണിയനില്‍ ലയിക്കാത്ത ഒരു പ്രദേശത്തേക്ക് സൈന്യത്തെ അയക്കുന്നത് നിയമപരമായി പ്രദേശത്തിന് നേരെയുള്ള സൈനിക നടപടിയാണ് എന്ന നിലപാടാണ് മൗണ്ട്ബാറ്റണ്‍ പ്രഭു സ്വീകരിച്ചത്. ഈ പ്രതിസന്ധി ഘട്ടത്തെ മറികടക്കാന്‍ ഇന്ത്യയുമായി ഉടമ്പടി ഒപ്പുവയ്ക്കുകയല്ലാതെ ഹരിസിംഗിന് മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ജമ്മു-കശ്മീരിന്റെ ചരിത്രഗതിയെത്തന്നെ മാറ്റിമറിച്ച ഉടമ്പടി രാജാ ഹരിസിങ്ങും മൗണ്ട്ബാറ്റണ്‍ പ്രഭുവും തമ്മില്‍ 1947 ഒക്ടോബര്‍ മാസം 26-ാം തീയതി ഒപ്പുവയ്ക്കുന്നത്. അതേ സമയം ജമ്മു-കാശ്മീരില്‍ ക്രമസമാധാനം പുനഃസ്ഥാപിക്കുകയും, കാശ്മീരില്‍ അതിക്രമിച്ച് കടന്നവരെ പുറത്താക്കുകയും ചെയ്തശേഷം ജനങ്ങളുടെ അംഗീകാരംകൂടി ഈ ഉടമ്പടിയ്ക്കുണ്ടായിരിക്കണം എന്ന് മൗണ്ട്ബാറ്റണ്‍ രാജാവിനെ ഓര്‍മ്മിപ്പിച്ചു. എന്നിരുന്നാല്‍ത്തന്നെയും ‘ഭാവിയില്‍ ഇന്ത്യയില്‍ നിലവില്‍ വരുന്ന ഏത് ഭരണഘടനയും ജമ്മു-കശ്മീരിന് ബാധകമാവില്ല എന്നും, ജമ്മു -കാശ്മീരിനെ സംബന്ധിക്കുന്ന ഏത് വിധത്തിലുള്ള ഉടമ്പടിക്കും തന്റെ അനുമതി ആവശ്യമാണ്’ എന്നും ഈ കരാറില്‍ വ്യവസ്ഥചെയ്യാന്‍ ഹരിസിംഗ് മറന്നില്ല 7 . ഹരി സിംഗ് കരാര്‍ ഒപ്പിട്ട തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയുടെ ആദ്യ സൈനിക സംഘം ശ്രീനഗറില്‍ വ്യോമമാര്‍ഗ്ഗം എത്തിച്ചേര്‍ന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം പാകിസ്താനെതിരെ നടന്ന ആദ്യ സൈനിക നടപടിയായിരുന്നു ജമ്മു-കാശ്മീരിലേത്. ഇത് ഇന്ത്യയ്ക്കനുകൂലമാക്കുന്നതിന് സൈന്യത്തെ സഹായിച്ച രണ്ട് പ്രധാന ഘടകങ്ങള്‍ എന്നത് ഒന്ന് കാശ്മീരിലെ മുസ്ലിങ്ങളുടെ പാകിസ്ഥാന്‍ വിരുദ്ധ നിലപാടും, രണ്ട്, ജമ്മു-കാശ്മീരില്‍ ഷെയ്ഖ് അബ്ദുല്ല നേതൃത്വം നല്‍കിയിരുന്ന നാഷണല്‍ കോണ്‍ഫെറെന്‍സിന്റെ ഇന്ത്യാ അനുകൂല നിലപാടുമായിരുന്നു. ജമ്മു-കാശ്മീരിലെ മുസ്ലീങ്ങളെ ഹിന്ദു ആധിപത്യത്തില്‍നിന്നും മോചിപ്പിക്കണം എന്ന ലക്ഷ്യവുമായി കാശ്മീരിലേക്ക് പ്രവേശിച്ച പത്താന്‍ സൈന്യം പക്ഷേ സ്വന്തം മതസ്ഥര്‍ക്കെതിരെതന്നെ അക്രമം അഴിച്ച വിടുന്ന കാഴ്ചയാണ് 1947 സെപ്റ്റംബറില്‍ കാശ്മീരില്‍ കണ്ടത്. ജനദ്രോഹിയായ ഹരി സിംഗ് രാജാവിനെ പാട്ടിലാക്കി കാശ്മീരിനെ കൂടെക്കൂട്ടാനുള്ള പാക്കിസ്ഥാന്‍ തന്ത്രത്തോടുള്ള കാശ്മീരികളുടെ അമര്‍ഷം ഒന്നുകൂടി ശക്തിപ്പെടുത്താന്‍ പത്താന്‍ ഗോത്ര സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി കാരണമായി. അതോടൊപ്പം ഷെയ്ഖ് അബ്ദുല്ലയ്ക്ക് കാശ്മീരിലെ ജനഹൃദയങ്ങളിലുണ്ടായിരുന്ന സ്വീകാര്യത ന്യൂ ഡല്‍ഹിയുടെ ഏതൊരു തീരുമാനവും കാശ്മീരില്‍ നടപ്പാക്കുന്നതിനെ സുഗമമാക്കിയാതായി ബോസ് പറയുന്നു. ജമ്മു-കശ്മീര്‍ ഇന്ത്യയില്‍ ലയിച്ചതോടെ രാജാ ഹരി സിംഗ്, ഷെയ്ഖ് അബ്ദുല്ലയെ ഇടക്കാല ഗവണ്മെണ്ട് രൂപീകരിക്കാന്‍ അനുവദിക്കുകയും കാശ്മീരിന്റെ ഭരണം നാഷണല്‍ കോണ്‍ഫെറെന്‍സില്‍ എത്തിച്ചേരുകയും ചെയ്തു. കാശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് രൂപീകരിച്ച നാഷണല്‍ മിലീഷ്യയുടെ സഹായത്തോടെയാണ് പിന്നീട് ഇന്ത്യന്‍ സൈന്യം ജമ്മു-കശ്മീരിലെ ബാരമുള്ളയും, ഉറിയുമുള്‍പ്പെടെയുള്ള പല പ്രദേശങ്ങളും പാക്-പത്താന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍നിന്നും തിരിച്ചുപിടിക്കുന്നത്. കാശ്മീരില്‍ തങ്ങള്‍ക്കുനേരിട്ട തിരിച്ചടിക്ക് കാരണമായി പാകിസ്ഥാന്‍ കണക്കാക്കിയത് നാഷണല്‍ കോണ്‍ഫെറെന്‍സിന്റെ ഇന്ത്യ അനുകൂല നിലപാടിനെയാണ്. ഇതിന്റെപേരില്‍ ഷെയ്ഖ് അബ്ദുല്ലയെ കോണ്‍ഗ്രസ്സിന്റെ കൂലിപ്പടയാളിയെന്ന് വിളിക്കാന്‍പോലും പാകിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന ലിയാഖത് അലി ഖാന്‍ മടിച്ചില്ല. 8
ജമ്മു-കാശ്മീരില്‍ നാഷണല്‍ കോണ്‍ഫെറെന്‍സിന്റെ സഹായത്തോടെ ഇന്ത്യന്‍ സൈന്യം പാക്-പത്താന്‍ സൈന്യത്തെ നേരിടുന്ന സാഹചര്യത്തിലാണ് ഇന്ത്യയുമായോ പാകിസ്ഥാനുമായോ ലയിക്കാനുള്ള തീരുമാനം ജനങ്ങള്‍ക്ക് വിടുമെന്ന് (റഫറണ്ടം നടത്തുമെന്ന്) ജവഹര്‍ലാല്‍ നെഹ്റു പ്രഖ്യാപിക്കുന്നത്. നെഹ്റു തന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയും ഇതേ അഭിപ്രായം പിന്നീട് പലവേദികളില്‍ ആവര്‍ത്തിക്കുകയും ചെയ്തു. ജമ്മു-കാശ്മീരിനെ നിര്‍ബന്ധിപ്പിച്ച് ഇന്ത്യയുമായി ലയിപ്പിക്കില്ലയെന്നും അവര്‍ ഇന്ത്യയുമായി വേര്‍പിരിയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവരെ ആ വഴിക്കുവിടണമെന്നുമാണ് 1952-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ നടത്തിയ തന്റെ പ്രസംഗത്തില്‍ നെഹ്റു പറഞ്ഞത്. എന്നിരുന്നാല്‍ തന്നെയും ജമ്മു-കശ്മീര്‍ ഒരിക്കലൂം ഇന്ത്യയില്‍നിന്ന് വേര്‍പിരിയില്ലെന്ന വിശ്വാസത്തിലാണ് നെഹ്റു ഐക്യ രാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ ഈ വിഷയം ഉന്നയിക്കുന്നത്.
ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണ വേളയില്‍, 1947- ലെ മൗണ്ട് ബാറ്റണ്‍ – ഹരിസിംഗ് ഉടമ്പടിയെ അടിസ്ഥാനമാക്കിയാണ് ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സമിതി (Constituent Assembly) കാശ്മീരിന് പ്രത്യേകപദവി അനുവദിച്ച്‌നല്‍കിക്കൊണ്ട് 370-ാം വകുപ്പ് ഭരണഘടനയില്‍
ഉള്‍പ്പെടുത്തുന്നത്. ഇതനുസരിച്ച് വാര്‍ത്താവിനിമയം , പ്രതിരോധം, വിദേശകാര്യം എന്നീ മൂന്ന് വിഷയങ്ങള്‍ ഒഴികെ ഇന്ത്യാഗവന്മേന്റ് കൊണ്ടുവരുന്ന യാതൊരു നിയമവും ജമ്മു- കശ്മീരിന് ബാധകമാവില്ല എന്നും ഇനി ഏതെങ്കിലും നിയമം ബാധകമാക്കണം എന്നുണ്ടെങ്കില്‍ ജമ്മു-കാശ്മീര്‍ ഭരണഘടനാ നിര്‍മ്മാണ സമിതിയുടെ അനുമതി വാങ്ങിയിരിക്കണമെന്നും ഈ വകുപ്പ് വ്യവസ്ഥ ചെയ്തിരുന്നു. ഇതേ കാലയളവില്‍ത്തന്നെ നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനായിരുന്ന ഷെയ്ഖ് അബുള്ളയുടെ ആവശ്യപ്രകാരം ജമ്മു-കശ്മീരിന് പ്രത്യേക ഭരണഘടന എഴുതി തയ്യാറാക്കുന്നതിനായി ഒരു ഭരണഘടനാ നിര്‍മ്മാണ സമിതി (Constituetn Assembly) രൂപീകരിക്കാന്‍ രാജ ഹരി സിംഗിന്റെ പുത്രനായ രാജ കരണ്‍ സിംഗ് തീരുമാനിക്കുകയും ഇതിലേക്കായി 1951- ആഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായി ഭരണഘടനാ നിര്‍മ്മാണ സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പില്‍ ഷെയ്ഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സ് മുഴുവന്‍ സീറ്റുകളിലും വിജയിക്കുകയും 1954- ഫെബ്രുവരിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഭരണഘടനാ നിര്‍മ്മാണ സമിതി ഇന്ത്യയുമായുള്ള ജമ്മു-കശ്മീരിന്റെ ലയനത്തെ എതിര്‍പ്പില്ലാതെ അംഗീകരിക്കുകയും ചെയ്തു 9 അതോടൊപ്പംതന്നെ, ഇന്ത്യാ ഗവന്മെന്റുമായി രാജാ ഹരി സിംഗ് ഒപ്പുവച്ച കരാറിനെ അടിസ്ഥാനപ്പെടുത്തിയാണ് കാശ്മീരിനെ ഇന്ത്യന്‍ യുണിയനില്‍ ലയിപ്പിച്ചതെന്നും, ആയതിനാല്‍ കാശ്മീരിനെ സംബന്ധിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ 370-ാം വകുപ്പ് താല്‍ക്കാലികമാണെന്നും, കാശ്മീരിലെ ജനങ്ങളുടെ അഭിപ്രായത്തെ (Plebiscite) അടിസ്ഥാനപ്പെടുത്തിയായിരിക്കും ഭാവിയില്‍ ഇന്ത്യന്‍ യൂണിയനില്‍ ജമ്മു-കാശ്മീര്‍ തുടരണമോവേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്ന കാഴ്ചപ്പാട് ഭരണഘടനാ നിര്‍മ്മാണ സമിതി മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ ജനങ്ങളുടെ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നതിന് മുന്‍പുതന്നെ 1956-ല്‍ ജമ്മു-കാശ്മീരിന്റെ ഭരണഘടനാ നിര്‍മ്മാണ സമിതി പിരിച്ചുവിടപ്പെട്ടു. നിലവില്‍ കാശ്മീരും ഇന്ത്യയും തമ്മിലുള്ള ലയനത്തെപ്പറ്റി തീരുമാനമെടുക്കാന്‍ ഒരു ഭരണഘടനാ നിര്‍മ്മാണ സമിതി ജമ്മു-കാശ്മീരിനില്ല എന്നിരിക്കെ ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് സ്ഥിരമാണ് എന്ന നിരീക്ഷണമാണ് ഇന്ത്യന്‍ സുപ്രീം കോടതി പിന്നീടുള്ള കാലങ്ങളില്‍ നടത്തിയിട്ടുള്ളത് 10 . ഈ വസ്തുതകള്‍ മറച്ച് വച്ചുകൊണ്ടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ, ഭരണഘടനയുടെ 370-ാം വകുപ്പ് വെറും താല്‍ക്കാലികമായിരുന്നെന്ന് പാര്‍ലമെന്റിലുള്‍പ്പെടെ ആവര്‍ത്തിച്ച് പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേ സമയം നാം ഓര്‍ത്തിരിക്കേണ്ട മറ്റൊരു വസ്തുത കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രസിഡണ്ടിന്റെ ഉത്തരവുകളിലൂടെ ഇന്ത്യന്‍ ഭരണഘടനയുടെ 356-ാം വകുപ്പുള്‍പ്പെടെ ഇന്ത്യയ്ക്ക് പൊതുവായ പല നിയമങ്ങളും ജമ്മു-കാശ്മീര്‍ സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുകയും, വലിയൊരു പരിധിവരെ കാശ്മീരിന് ഇന്ത്യന്‍ ഭരണഘടനവഴി ലഭിച്ചിരുന്ന പ്രത്യേക പദവിയുടെ അന്തസത്ത കേന്ദ്ര ഗവണ്‍മെന്റ് ചോര്‍ത്തിക്കളയുകയും ചെയ്തിട്ടുണ്ട് എന്നതാണ്. എങ്കിലും കശ്മീരിന്റെ ഇന്ത്യലയനത്തിന്റെ പ്രതീകമെന്നനിലയ്ക്ക് വൈകാരികമായ ബന്ധമാണ് ഭരണഘടനയുടെ 370-ാം വകുപ്പിനോട് കാശ്മീരികള്‍ക്കുള്ളത്. നിലവിലെ സാഹചര്യത്തില്‍ തിരഞ്ഞെടുക്കപ്പെ ഒരു ഗവണ്‍മെന്റ്‌പോലും ജമ്മു-കാശ്മീരില്‍ ഇല്ലായെന്നതും, ജമ്മു-കാശ്മീര്‍ അസംബ്ളിയുടെ അനുമതിയില്ലാതെയുമാണ് ബി.ജെ.പി. സര്‍ക്കാര്‍ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചത് എന്നതും വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.
ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പിനെക്കൂടാതെ കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യയില്‍ സംരക്ഷിച്ച്‌നിര്‍ത്തുന്നതിന് ഭരണഘടന ഉറപ്പ്‌നല്‍കുന്ന മറ്റൊരു വകുപ്പാണ് 35-A. ഈ വകുപ്പനുസരിച്ച് ജമ്മു- കശ്മീര്‍ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് സംസ്ഥാനത്തു  സ്ഥിരതാമസമാക്കാനോ, വസ്തുവകകള്‍ സ്വന്തമാക്കാനോ സാധിക്കില്ല എന്ന് വ്യവസ്ഥ ചെയ്തിരുന്നു. ഇതുപക്ഷേ ഇന്ത്യന്‍ ഭരണഘടന ജമ്മു – കശ്മീരിന് മാത്രമായി നല്‍കിയിട്ടുള്ള സംരക്ഷണമല്ല. ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളും ഭരണഘടന ജമ്മു-കശ്മീരിന് ഉറപ്പ് നല്‍കിയിട്ടുള്ള ഈ അവകാശം അനുഭവിക്കുന്നുണ്ട്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ ആസ്സാമും, നാഗാലാന്‍ഡും ഇതിന് ഉദാഹരണങ്ങളാണ്. മറ്റുപല സംസ്ഥാനങ്ങള്‍ക്കും ലഭിച്ച് വരുന്ന പ്രത്യേക പരിരക്ഷകള്‍ ബി .ജെ..പി. ഗവന്മേന്റ്‌റ് കശ്മീരിന് മാത്രമായി നിഷേധിക്കുമ്പോള്‍ അത് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണ്. കുറച്ചുകൂടി തെളിച്ച്പറഞ്ഞാല്‍ ജമ്മു -കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചിരിക്കുന്നത് സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കലിന്റെ ഭാഗമായാണ്.

1 Independence Day: Full text of PM Modi's address to nation, Business Today, 15 August, 2019,
https://www.businesstoday.in/current/economy-politics/independence-day-pm-modi-address-nation-full-text-
speech-15-august-red-fort/story/372903.html
2 Shamsul Islam, Golwalkar’s We or Our Nationhood Defined, Pharos Media, New Delhi, 2017.
3 A.G. Noorani, Savarkar & Hindutva: The Godse Connection, Leftword, New Delhi, 2002.
4 V.D. Savarkar, Essentials of Hindutva, Hindi Sahitya Sadan, 2003.
5 A.G. Noorani, Op.cited
6 Sumantra Bose, Kashmir: Roots of Conflict, Path to Peace, Harvard University Press, Cambridge, Massachusetts, 2003
7 The Backstory of Article 370: A True Copy of J&K’s Instrument of Accession, https://thewire.in/history/public-
first-time-jammu-kashmirs-instrument-accession-india
8 Sumantra Bose, op.cited
9 Explained: What are Articles 370 and 35A?, https://indianexpress.com/article/explained/understanding-articles-
370-35a-jammu-kashmir-indian-constitution-5610996/
10 Ibid

(തുടരും)

(ലേഖകന്‍ നെടുമങ്ങാട് ഗവണ്മെന്റ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അധ്യാപകനാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply