ഉണ്ട്, മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊമ്പുണ്ട്

മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊമ്പുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാലാണല്ലോ അവര്‍ക്ക് അക്രഡിറ്റേഷന്‍ ലഭിച്ചതും മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലാത്തിടത്തേക്കുപോലും പ്രവേശനം ലഭിക്കുന്നതും. ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിന്റെ ഏജന്റുമാരാണ് മാധ്യമപ്രവര്‍ത്തകര്‍. ജനതയുടെ മുഴുവന്‍ സ്വാതന്ത്ര്യത്തേയും സംരക്ഷിക്കാനുള്ള ചുമതല അവര്‍ക്കുണ്ട്. അതുകൊണ്ടാണ് അവര്‍ കൂടുതല്‍ അര്‍ഹിക്കുന്നത്.

കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഒരാള്‍ക്കും ലഭിക്കാത്ത അന്ത്യയാത്രയാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. ഉമ്മന്‍ ചാണ്ടിയുടെ ജനകീയതയെ കുറിച്ചൊന്നും തര്‍ക്കമില്ല. പക്ഷെ ദൃശ്യമാധ്യമങ്ങളുടെ സാന്നിധ്യവും മത്സരവുമാണ് അന്ത്യയാത്രയെ ഇത്രമാത്രം അവിസ്മരണീയമാക്കിയത്. മറ്റേതൊരു പ്രമുഖ നേതാവ് മരിച്ചപ്പോഴും അവയുടെ സാന്നിധ്യം ഇത്രമാത്രം ഉണ്ടായിരുന്നില്ല. പത്രങ്ങള്‍ നമ്മിലെത്തിക്കുന്നത് തലേദിവസത്തെ വാര്‍ത്തകളാണ്. വര്‍ത്തമാന പത്രങ്ങള്‍ക്ക് വര്‍ത്തമാനമില്ല എന്നതാണ് വസ്തുത.

മനുഷ്യജീവിതം ഇന്ന് തല്‍സമയ ജീവിതമാണ്. അല്‍പ്പം മുമ്പുനടന്നതുപോലും നമുക്ക് അറിയില്ല. ഓര്‍മ്മകളെല്ലാം മങ്ങുകയാണ്. ഇന്നലെയെന്നത് അതിവിദൂരമായ അനുഭവമാണ്. ഇന്നലത്തെ വാര്‍ത്തക്ക് പുതുമയില്ല, സ്വീകാര്യതയില്ല. ഇന്നലെ എന്ന ദിവസം തന്നെ ഇല്ലാതാകുന്നു. തല്‍സമയം മാത്രം ഉണ്ടാകുന്ന ലോകത്ത് പിടിച്ചുനില്‍ക്കാന്‍ പത്രങ്ങള്‍ക്ക് സാധ്യമാകില്ല. അവക്ക് പിന്‍വാങ്ങിയേ പറ്റൂ. പത്രം മാത്രമാണെങ്കില്‍ പുതുപ്പള്ളിയില്‍ തലേദിവസം എന്തു സംഭവിച്ചു എന്നല്ലേ അറിയാന്‍ കഴിയൂ. ദൃശ്യമാധ്യമങ്ങള്‍ അപ്പോഴപ്പോള്‍ വിവരങ്ങള്‍ നല്‍കുന്നു. ആളുകളെ വിളിച്ചുകൂട്ടുന്നു. ആള്‍ക്കൂട്ടത്തിനു ഒരു പ്രവണതയുണ്ട്. അത് വലുതായി കൊണ്ടിരിക്കും. ഏലിയാസ് കാനെറ്റിയുടെ Crowds and Power എന്ന പുസ്തകത്തില്‍ ആള്‍ക്കൂട്ടത്തിന്റെ ഈ സ്വഭാവത്തെ വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ആള്‍ക്കൂട്ടം വലുതാകുന്നത് ദൃശ്യമാധ്യമങ്ങളുടെ സഹായത്തോടെയാണ്. അതിനാലാണ് ഉമ്മന്‍ചാണ്ടിയുടെ അന്ത്യയാത്ര ഇത്ര വലിയ ചരിത്രമായി മാറിയത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

അടിസ്ഥാന സൗകര്യങ്ങള്‍ക്കും ജീവനക്കാര്‍ക്കുള്ള വേതനത്തിനും മറ്റുമായി വന്‍ചിലവുള്ള ഒന്നാണ് ദൃശ്യമാധ്യമം. പരസ്യങ്ങളാണ് അവയുടെ ഏക വരുമാനം. മാധ്യമങ്ങള്‍ക്ക് സ്വീകാര്യതയുണ്ടെങ്കിലേ പരസ്യങ്ങള്‍ കിട്ടൂ. ഏറ്റവും വലിയ പരസ്യദായകര്‍ സര്‍ക്കാര്‍ തന്നെയാണ് അതിനാല്‍ മാധ്യമ ഉടമകള്‍ക്ക് മിക്കപ്പോഴും സര്‍ക്കാരിനെ പ്രീണിപ്പെടുത്തേണ്ടി വരും. അതു മാധ്യമപ്രവര്‍ത്തകര്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. പലതും മറച്ചുവെക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു. ആരേയും നോവിപ്പിക്കാത്ത രീതിയിലുള്ള വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ടിവരുന്നു. ചിലപ്പോള്‍ ചില വാര്‍ത്തകള്‍ മറയ്ക്കാനായി ചില വാര്‍ത്തകള്‍്ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ടിവരുന്നു. ചില വാര്‍ത്തകളെ ഒതുക്കാനായി ബോംബു സ്‌ഫോടനങ്ങള്‍ പോലും സൃഷ്ടിക്കപ്പെടുന്ന കാലത്ത് മാധ്യമങ്ങളും അതിനു കൂട്ടുനില്‍ക്കുന്നു. ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്രക്കു കൊടുത്ത പ്രാധാന്യം അങ്ങനെയല്ലെങ്കിലും ആ ദിവസങ്ങളില്‍ എത്രയോ പ്രധാന വാര്‍ത്തകള്‍ തമസ്‌കരിക്കപ്പെട്ടിരിക്കാം. മലകള്‍ വീഴുമ്പോള്‍ എല്ലാറ്റിനേയും മറിച്ചിടുമല്ലോ.

കോഴിക്കോട് സിസേറിയനെ തുടര്‍ന്ന് തന്റെ വയറ്റില്‍ സിസേഴ്‌സ് മറന്നുവെച്ച മെഡിക്കല്‍ കോളേജ് അധികൃതരുടെ നടപടിക്കെതിരെ, അഞ്ചു വര്‍ഷമായി വേദന തിന്നുന്ന ഹര്‍ഷിന നടത്തുന്ന സമരം തന്നെ നോക്കുക. അവര്‍ ഉന്നയിച്ച ആരോപണം ശരിയാണെന്ന പോലീസ് റിപ്പോര്‍ട്ട് എത്രയോ പ്രധാന വാര്‍ത്തയാണ്. എന്നാല്‍ ഇപ്പോള്‍ ഒട്ടും പ്രസക്തമല്ലാത്ത, പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനോ അച്ചു ഉമ്മനോ എന്ന ചര്‍ച്ചയാണ് മാധ്യമങ്ങള്‍ പ്രധാനമായും നടത്തിയത്. മണിപ്പൂരില്‍ നിന്നു ചോര്‍ന്നു കിട്ടുന്ന വാര്‍ത്തകള്‍ മാത്രമാണ് മാധ്യമങ്ങളില്‍ വരുന്നത്. നാസി ജര്‍മ്മനിയിലെല്ലാം നടന്നു പോലുള്ള സംഭവങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നത്.

ഇന്ത്യാവിഭജനകാലത്ത് മൗണ്ട് ബാറ്റണ്‍ പറഞ്ഞതാണ് ഓര്‍മ്മവരുന്നത്. പഞ്ചാബിലേക്ക് സമാധാനം നിലനിര്‍ത്താന്‍ 51000 വരുന്ന സൈന്യത്തെയാണ് താനയച്ചത്. എന്നാല്‍ ബംഗാളില്‍ ഗാന്ധി ഒറ്റക്കാണ് സമാധാനം വരുത്തിയത്. തോക്കുകൊണ്ടല്ല, സംഭാഷണങ്ങളാലാണ് സമാധാനം കൊണ്ടുവരാനാകുക. മണിപ്പൂരില്‍ പക്ഷെ അധികാരികളില്‍ നിന്നു കവര്‍ന്നെടുത്ത തോക്കുകളാണ് ചോരപ്പുഴയൊഴുക്കുന്നത്. ഇറോം ഷര്‍മിള പറഞ്ഞപോലെ മണിപ്പൂരില്‍ ജനങ്ങള്‍ക്കുവേണ്ടി പോരാടുന്ന നേതാക്കളില്ല. എല്ലാ മനുഷ്യര്‍ക്കുള്ളിലും ഡെവിളുകള്‍ ഉണ്ട്. അത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ പിടിച്ചുകെട്ടാനാകില്ല. പക്ഷെ ആയുധം ഒന്നിനും പരിഹാരമല്ല. പരിഹാരമാണെന്നു ധരിച്ചതിനാലാണ് രാജീവ് ഗാന്ധി ശ്രീലങ്കയിലേക്ക് സൈന്യത്തെ അയച്ചതും നടക്കാന്‍ പാടില്ലാത്ത സംഭവങ്ങള്‍ക്ക് രാജ്യം സാക്ഷിയായതും. ഇത്തരത്തിലുള്ള വീക്ഷണങ്ങളൊന്നും മാധ്യമങ്ങളില്‍ കാര്യമായി കാണാനില്ല.

ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ചില ചര്‍ച്ചകളും സംഭവങ്ങളും പ്രസക്തമാകുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊമ്പുണ്ടോ എന്ന ചോദ്യമാണത്. ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാലാണല്ലോ അവര്‍ക്ക് അക്രഡിറ്റേഷന്‍ ലഭിച്ചതും മറ്റുള്ളവര്‍ക്ക് പ്രവേശനമില്ലാത്തിടത്തേക്കുപോലും പ്രവേശനം ലഭിക്കുന്നതും. ജനങ്ങളുടെ അറിയാനുള്ള സ്വാതന്ത്ര്യത്തിന്റെ ഏജന്റുമാരാണവര്‍. ജനതയുടെ മുഴുവന്‍ സ്വാതന്ത്ര്യത്തേയും സംരക്ഷിക്കാനുള്ള ചുമതല അവര്‍ക്കുണ്ട്. അതുകൊണ്ടാണ് അവര്‍ കൂടുതല്‍ അര്‍ഹിക്കുന്നത്. Journalists are agents of people’s freedom to know. They have the duty to protect the entire liberties of the people. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ ജനപക്ഷത്തുനിന്ന് വാര്‍ത്തകള്‍ കണ്ടെത്തുന്നു. ഏഷ്യാനെറ്റിലുണ്ടായിരുന്ന എന്റെ പഴയ സുഹൃത്ത് കെ ജയചന്ദ്രന്‍ ഒരിക്കല്‍ ചെയ്ത വാര്‍ത്ത ഓര്‍മ്മ വരുന്നു. വയനാട്ടില്‍ ആനയും കാട്ടുപോ്ത്തുമൊക്കെ നാട്ടിലിറങ്ങുന്നു എന്നറിഞ്ഞ് വനം വകുപ്പിലെത്തിയ ജയചന്ദ്രന്‍ കണ്ടത് റെയ്ഞ്ച് ഓഫീസറുടെ ഓഫീസിന്റെ വരാന്തയില്‍ മാനിനെ കെട്ടയിട്ടിരിക്കുന്നത് അതായിരുന്നു ജയചന്ദ്രന്റെ അന്നത്തെ പ്രധാന വാര്‍ത്ത. കേരളത്തിലെ വനസംരക്ഷണം എങ്ങനെയാണ് എന്നതിന്റെ ഡെമോണസ്േ്രടഷനായിരുന്നു ആ വാര്‍ത്ത. അത് വാര്‍ത്തയാണെന്നറിയാന്‍ സാധാരണക്കാര്‍ക്ക് കഴിയണമെന്നില്ല. അതിന് കൂടുതല്‍ കാഴ്ച വേണം.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയത് പറയലാണ് ഇന്ന് വാര്‍ത്ത. അല്‍പ്പം കഴിഞ്ഞാല്‍ അത് വാര്‍ത്തയല്ലാതാകും. അതിനാലാണ് പത്രങ്ങള്‍ ഔട്ടാകുന്നതും ചാനലുകള്‍ പ്രധാനമാകുന്നതും. അതിനിടിയല്‍ തെറ്റായ വാര്‍ത്ത വന്നു എന്നു വരാം. വാര്‍ത്തകളെല്ലാം പൂര്‍ണ്ണമായും പരിശോധിച്ച് ശരിയാണെന്നു ബോധ്യമായാലേ ജനങ്ങളോട് പറയാനാവൂ എന്നു വാദിക്കാനാകില്ല. തെറ്റാണെന്നു ബോധ്യമായാല്‍ പിന്നീട് തിരുത്താം. പക്ഷെ വാര്‍ത്തകള്‍ കിട്ടിയാല്‍ മറച്ചുവെക്കരുത്. വൈകുന്തോറും വാര്‍ത്ത വളച്ചൊടിക്കപ്പെടാം. തുടക്കത്തിലാണ് നിജസ്ഥിതി കിട്ടുക.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മൊറാലിറ്റിയേക്കാള്‍ പ്രധാനം എത്തിക്‌സാകണം. മോറലിസ്റ്റുകള്‍ ഏതു വിഷയത്തിലും അനന്തര സംഭവങ്ങള്‍ ആലോചിച്ച് പിന്‍വാങ്ങുന്നവരാണ്. വാര്‍ത്ത ലഭിക്കുന്ന തല്‍സമയത്തുതന്നെ ജനങ്ങളിലെത്തിക്കുന്നതാണ് മാധ്യമപ്രവര്‍ത്തകരുടെ എത്തിക്‌സ്. വാര്‍ത്ത ലഭിക്കാന്‍ ഏതു വഴികള്‍ സ്വീകരിക്കുന്നതും തെറ്റാണെന്നു പറയാനാകില്ല. അത്തരത്തില്‍ പല വാര്‍ത്തകളും പുറത്തു വന്നതിന്റെ ഫലം ഇന്നു പലരും അനുഭവിക്കുന്നുണ്ടല്ലോ. അവരാണ് മാധ്യമപ്രവര്‍ത്തകരെ ഇരകളാക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തെ തടയാന്‍ ശ്രമിക്കുന്നത്. അത് നാസിസത്തിലേക്കും ഫാസിസത്തിലേക്കും ഉള്ള വഴിയാണ്. അങ്ങനെയല്ലാത്തവര്‍ മാധ്യമപ്രവര്‍ത്തനത്തെ ഭയപ്പെടില്ല. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനു മുന്നില്‍ മാധ്യമങ്ങളെ ഭയക്കാതെ ഉമ്മന്‍ ചാണ്ടി ഇരുന്ന ദൃശ്യം ഓര്‍മ്മയുണ്ടല്ലോ.

(എം എന്‍ വിജയന്‍ സാംസ്‌കാരിക കേന്ദ്രം കോഴിക്കോട് സംഘടിപ്പിച്ച ‘മാധ്യമവേട്ട, ഇരകള്‍ക്കും ചിലത് പറയാനുണ്ട്’ എന്ന വിഷയത്തില്‍ നടന്ന സംവാദം ഉദ്ഘാടനം ചെയ്തു സംസാരിച്ചതില്‍ നിന്ന്….)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply