കെ റെയില്‍ : ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നതോ ജനാധിപത്യം?

ഗ്രാമപ്രദേശങ്ങളില്‍ നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്നു പറയുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ അതിര്‍ത്തികളില്‍ നിന്ന് 40 കി മി അകലെയുള്ള പ്രദേശങ്ങളെയാണ് ഗ്രാമമായി കണക്കാക്കുക. ഇതിലെന്തെങ്കിലും മാറ്റമുണ്ടോ എന്നറിയില്ല, ഇരുവശത്തുനിന്നും എടുത്താല്‍ അത് ഫലത്തില്‍ 80 കി മി ആകും. അത്തരമൊരു പ്രദേശം കെ റെയില്‍ കടന്നുപോകുന്ന മേഖലയില്‍ ഉണ്ടാകുമോ? ഫലത്തില്‍ കിട്ടുക നഗരങ്ങളില്‍ ലഭിക്കുന്ന രണ്ടിരട്ടിയാകും. അതു ചിലപ്പോള്‍ മാര്‍ക്കറ്റ് വിലയോളം വരില്ല. മാത്രമല്ല അതുപോലും ഗഡുക്കളാകാം, ആകില്ല എന്ന രീതിയിലുള്ള പ്രസ്താവനകളും കണ്ടു. പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും വരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സമരരംഗത്തിറങ്ങുന്നതില്‍ അത്ഭുതപ്പെടാനെന്തുണ്ട്?

കെ റെയിലിനെതിരായ ജനകീയസമരം അനുദിനം കരുത്താര്‍ജ്ജിക്കുന്ന കാഴ്ചയാണ് കേരളം കാണുന്നത്. എന്തിനെന്ന് കൃത്യമായ മറുപടി പറയാന്‍ പോലുമാവാതെ ഉദ്യോഗസ്ഥര്‍ കല്ലിടാന്‍ പോകുന്നതാണ് സമരത്തെ രൂക്ഷമാക്കുന്നത്. ഒരാളുടെ അനുമതിയില്ലാതെ മതില്‍ ചാടി പുരയിടത്തില്‍ കടന്നുപോലും കല്ലിടുകയും സ്വന്തം വീട്ടിലിരുന്ന് പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുന്നത് സ്വാഭാവികമായും പ്രശ്‌നത്തെ രൂക്ഷമാക്കുമല്ലോ. ഇതെല്ലാം നടക്കുമ്പോഴും ജനങ്ങളുടെ ആശങ്കകള്‍ക്ക് വ്യത്യസ്ഥങ്ങളായ മറുപടിയാണ് അധികാരികളില്‍ നിന്നു കേള്‍ക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ ബഫര്‍ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കെ റെയില്‍ എം ഡി തള്ളുന്നതും 10 മീറ്റര്‍ ബഫര്‍ സോണുണ്ടെന്ന് വ്യക്തമാക്കുന്നതും കേരളം കണ്ടു. ബഫര്‍ സോണില്‍ നിര്‍മ്മാണപ്രവര്‍ത്തനം പാടില്ല, വില്‍ക്കാന്‍ പാടില്ല, നഷ്ടപരിഹാരം ലഭിക്കുകയുമില്ല.

സ്ഥലമേറ്റെടുക്കലും നഷ്ടപരിഹാരം നല്‍കലുമായി ബന്ധപ്പെട്ടുമാത്രമെടുത്തു പരിശോധിച്ചാല്‍ പോലും ജനങ്ങളുടെ പല സംശയങ്ങള്‍ക്കും കൃത്യമായ മറുപടി ലഭിക്കുന്നില്ല. സാമൂഹിക ആഘാത പഠനത്തിനായി എന്തിനാണ് കല്ലിടുന്നതെന്ന ചോദ്യത്തിനുപോലും വ്യക്തമായ മറുപടിയില്ല. പകരം കല്ലിട്ടാല്‍ എന്താണ് പ്രശ്‌നമെന്ന മറുചോദ്യമാണ് കേള്‍ക്കുന്നത്. കെ റെയില്‍ വരുന്നു എന്നു കേള്‍ക്കാന്‍ തുടങ്ങിയ സമയം മുതല്‍ അതു കടന്നുപോകുമെന്നു പ്രതീക്ഷിക്കുന്ന മേഖലകളില്‍ എന്തെങ്കിലും ആവശ്യത്തിനു സ്ഥലം പണയംവെച്ചു ലോണെടുക്കാമെന്നു വെച്ചാല്‍ കിട്ടുന്നില്ല എന്നതാണ് വസ്തുത. സ്ഥലം വില്‍ക്കാന്‍ സാധിക്കില്ല. നിയമപരമായ തടസ്സമില്ലെങ്കില്‍ പോലും ആരു വാങ്ങാന്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി ലഭിക്കില്ല. ദേശീയപാത സ്ഥലമെടുക്കലുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളോളം ഈ വിഷയം നേരിട്ടവര്‍ നിരവധിയായിരുന്നു. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കണമെന്നു പറയുന്ന ആരെങ്കിലും അത്തരത്തിലുള്ള ഒരു സ്ഥലം വാങ്ങി വിട്ടുകൊടുത്ത് നഷ്ടപരിഹാരം വാങ്ങി മാതൃകയാകുമോ? പദ്ധതിക്കായി ഏറ്റവും ശക്തമായി നിലകൊള്ളുന്ന സിപിഎം പ്രവര്‍ത്തകരില്‍ സ്ഥലം പോകുന്നവരെല്ലാം പദ്ധതിക്കെതിരാണെന്നാണ് വാര്‍ത്തകള്‍. മാത്രമല്ല, സമരം നടക്കുന്ന മേഖലകളിലേക്ക് ജനങ്ങളുടെ സംശയം തീര്‍ക്കാന്‍ എല്‍ഡിഎഫിന്റെ ജനപ്രതിനിധികള്‍ പോലും എത്തുന്നില്ല. വരുന്ന ഉദ്യോഗസ്ഥര്‍ പറയുന്നതാകട്ടെ ഞങ്ങള്‍ക്കൊന്നുമറിയില്ല, ഞങ്ങളുടെ ജോലി കല്ലിടല്‍ മാത്രമാണെന്നു പറയുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

നഷ്ടപരിഹാരത്തെ കുറിച്ചുള്ള അവകാശവാദങ്ങള്‍ പലതും തട്ടിപ്പാണെന്നാണ് സമരം ചെയ്യുന്നവര്‍ ചൂണ്ടികാട്ടുന്നത്. ഗ്രാമപ്രദേശങ്ങളില്‍ നാലിരട്ടി നഷ്ടപരിഹാരം നല്‍കുമെന്നു പറയുന്നു. എന്നാല്‍ കോര്‍പ്പറേഷന്‍, മുന്‍സിപ്പല്‍ അതിര്‍ത്തികളില്‍ നിന്ന് 40 കി മി അകലെയുള്ള പ്രദേശങ്ങളെയാണ് ഗ്രാമമായി കണക്കാക്കുക. ഇതിലെന്തെങ്കിലും മാറ്റമുണ്ടോ എന്നറിയില്ല, ഇരുവശത്തുനിന്നും എടുത്താല്‍ അത് ഫലത്തില്‍ 80 കി മി ആകും. അത്തരമൊരു പ്രദേശം കെ റെയില്‍ കടന്നുപോകുന്ന മേഖലയില്‍ ഉണ്ടാകുമോ? ഫലത്തില്‍ കിട്ടുക നഗരങ്ങളില്‍ ലഭിക്കുന്ന രണ്ടിരട്ടിയാകും. അതു ചിലപ്പോള്‍ മാര്‍ക്കറ്റ് വിലയോളം വരില്ല. മാത്രമല്ല അതുപോലും ഗഡുക്കളാകാം, ആകില്ല എന്ന രീതിയിലുള്ള പ്രസ്താവനകളും കണ്ടു. പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയും വരുന്നു. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ സമരരംഗത്തിറങ്ങുന്നതില്‍ അത്ഭുതപ്പെടാനെന്തുണ്ട്? പതിവുപോല അവരെ തീവ്രവാദികളായും വിമോചന സമരക്കാരായും അധിക്ഷേപിക്കുന്നതായാണ് കാണുന്നത്. പിന്നെ എല്‍ഡിഎഫിനു ഇനിയും എല്‍ഡിഎഫിനു ഭരണതുടര്‍ച്ച കിട്ടുമെന്ന യുഡിഎഫിന്റെ ഭയമാണെന്ന നിലവാരമില്ലാത്ത ആരോപണങ്ങളും. കഴിഞ്ഞില്ല, സമരത്തില്‍ സജീവമായ സ്ത്രീകളെ ആരൊക്കെയോ പറഞ്ഞുവിടുന്നതാണത്രെ…. സ്ത്രീകള്‍ക്ക് സ്വന്തം അഭിപ്രായമില്ലെന്നും അവര്‍ സമരം ചെയ്യേണ്ടതില്ലെന്നും പറയുന്നത് പലപ്പോഴും ലിംഗനീതിയെ കുറിച്ച് വാചാലരാകുന്നവര്‍ തന്നെ.

സ്ഥലം നഷ്ടപ്പെടാത്തവര്‍ എന്തിനാണ് സമരരംഗത്തിറങ്ങുന്നതെന്ന ചോദ്യമാണ് ചാനല്‍ ചര്‍ച്ചകളിലും മറ്റും ഉയരുന്നത്. തന്റെ സ്ഥലം പോയതിനാലാണോ അമരാവതിയിലെ കര്‍ഷക സമരത്തിനു എ കെ ജി നേതൃത്വം കൊടുത്തത് തുടങ്ങി നൂറുകണക്കിനു ചോദ്യങ്ങള്‍ ഇക്കുട്ടരോട് ചോദിക്കാവുന്നതാണ്. സ്വന്തം കാര്യം മാത്രം നോക്കുന്നതാണ് രാഷ്ട്രീയപ്രവര്‍ത്തനം എന്നാണോ മാര്‍ക്‌സിന്റെ അനുയായികള്‍ പഠിച്ചുവെച്ചിരിക്കുന്നത്. സ്ഥലം പോകുന്നവര്‍ മാത്രമല്ല, ഭൂരിഭാഗം ജനങ്ങളും ഈ പദ്ധതിയെ നിരാകരിക്കുന്നു എന്നതിന്റെ പ്രത്യക്ഷമായ തെളിവാണ് കെ-റെയില്‍ കുറ്റികള്‍ പിഴുതെറിഞ്ഞു കൊണ്ട് വീട്ടമ്മമാരും, നാട്ടുകാരും കേരളത്തിലുടനീളം നടത്തുന്ന പ്രതിഷേധ സമരങ്ങള്‍. പ്രതിഷേധിക്കുന്നവര്‍ക്കെതിരേ സ്ത്രീപുരുഷഭേദമെന്യേ പോലീസ് നടത്തുന്ന ക്രൂരമായ ആക്രമണങ്ങള്‍ ഏകാധിപത്യ ഭരണകൂടങ്ങളെപ്പോലും അതിശയിപ്പിക്കുന്നു.

ഇവിടെ നിലനില്‍ക്കുന്നത് ജനാധിപത്യസംവിധാനമാണെന്നും തങ്ങള്‍ അദികാരത്തിലെത്തിയത് അതിലൂടെയാണെന്നും ജനാധിപത്യത്തില്‍ ജനങ്ങളാണ് അന്തിമവിധികര്‍ത്താക്കള്‍ എന്നും ഭരണാധികാരികള്‍ മറന്നുപോകുന്നുണ്ടോ? പദ്ധതിയുടെ രൂപരേഖ ജനങ്ങളെ കാണിക്കേണ്ടതില്ലെന്നും പക്ഷെ തങ്ങള്‍ കാണിച്ചു എന്നുമുള്ള ഇപ്പോഴും ആവര്‍ത്തിക്കുന്ന അവകാശവാദം തന്നെ നോക്കുക. സുതാര്യതയാണ് ജനാധിപത്യത്തിന്റെ അടിത്തറ എന്നാണ് ഇവര്‍ മറക്കുന്നത്. ജനങ്ങളെ നേരില്‍ ബാധിക്കുന്ന ഒരു പദ്ധതിയുടെ രൂപരേഖയെ കുറിച്ചാണിത് പറയുന്നതെന്നോര്‍ക്കണം. മാത്രമല്ല ജനാധിപത്യത്തില്‍ എല്ലാവരും തുല്ല്യരാണെന്നും എല്ലാവരും പൗരന്മാരാണെന്നും പൗരപ്രമുഖര്‍ എന്നൊരു വര്‍ഗ്ഗമില്ലെന്നും മറന്നാണ് കുറെ പൗരമുഖ്യന്മാരെ വിളിച്ച് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. രാജസദസ്സില്‍ നടന്നിരുന്നതുപോലെ പൗരമുഖ്യര്‍ രാജാവിനു കയ്യടിക്കുന്നു. ഇതെങ്ങിനെ ജനാധിപത്യമാകും? കലാകാരന്മാരും എഴുത്തുകാരും, സാംസ്‌ക്കാരിക നായകന്മാരും ആര്‍ക്കൊപ്പം എന്ന പഴയചോദ്യം തന്നെയാണ് ഇപ്പോള്‍ വീണ്ടുമുയരുന്നത്. ഒപ്പം മൊത്തം ജനങ്ങള്‍ക്കുമുന്നില്‍ കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിച്ച് അവരുടെ അനുമതി തേടാനുള്ള ജനാധിപത്യമര്യാദയാണ് സര്‍്ക്കാര്‍ ആദ്യമായി കാണിക്കേണ്ടത്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിവേഗവികസനം എന്ന വ്യാമോഹത്തിന്റെ പേരില്‍. ആയിരക്കണക്കിനു കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്ന, കേരളത്തിന്റെ ജീവാവാസവ്യവസ്ഥയെ തകര്‍ക്കുന്ന, സമ്പദ് വ്യവസ്ഥയെ ക്കടക്കെണിയില്‍ കുടുക്കുന്ന ഒരു ദുരന്തപദ്ധതിയാണിതെന്നു എത്രയോ വിദഗ്ധര്‍ ചൂണ്ടികാണിച്ചിരിക്കുന്നു. എന്തിനേറെ, സിപിഎമ്മുമായി ബന്ധമുള്ള പരിഷത്തും സിപിഐയുമാൈയി ബന്ധമുള്ള യുവകലാ സാഹിതിയും ആര്‍ വി ജി മേനോനടക്കമുള്ള .ശാസ്ത്രജ്ഞരുമെല്ലാം ആ അഭിപ്രായക്കാരാണ്. ഈ സംഘടനകളില്ലാം തീവ്രവാദികള്‍ കയറിപറ്റിയിരിക്കുന്നു എന്നാണ് അതിനുള്ള സിപിഎം നേതാക്കളുടെ മറുപടി. പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥിതികവും, സാമ്പത്തികവും, സാമൂഹികവുമായ വിപത്തിനെപ്പറ്റി, പാരിസ്ഥിതിക വിദഗ്ധരും സാമൂഹ്യ ശാസ്ത്രജ്ഞരും, എഞ്ചിനീയറിങ്ങ് വിദഗ്ധരും നല്‍കുന്ന മുന്നറിയിപ്പുകളെ അവഗണിച്ച് കൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. വെള്ളപ്പൊക്കവും മലയിടിച്ചിലും ഉരുള്‍പൊട്ടലുകളും പ്രളയവും നിത്യസംഭവമായിത്തീര്‍ന്ന കേരളം പോലുള്ള, ജനസാന്ദ്രവും, പാരിസ്ഥിതികമായി ദുര്‍ബ്ബലവുമായ, ഒരു ചെറിയ പ്രദേശത്ത് ഇത്തരമൊരു പദ്ധതി അനുയോജ്യമാകുമോ? പ്രത്യേകിച്ച് മഹാപ്രളയത്തിനുശേഷം.

തീര്‍ച്ചയായും കേരളത്തിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലാണ് റെയില്‍വേ.. അല്ലെങ്കില്‍ ആകണം. ഏതൊരു പദ്ധതി വരുമ്പോഴും സ്ഥലമൊഴിപ്പിക്കലും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ടാകുമെന്ന വാദവും ശരിതന്നെ. എന്നാല്‍ സ്വാഭാവികമായും ഗുണവും ദോഷവും തമ്മിലുള്ള അനുപാതം പരിശോധിച്ചാണല്ലോ ഒരു പദ്ധതിയെ കുറിച്ച് നി്ലപാടെടുക്കുക. നിലവിലെ റെയില്‍വേ ലൈനുമായി ഒരു ബന്ധവുമില്ലാത്ത, ഇതരസംസ്ഥാനങ്ങളിലേക്കുപോകുന്നവര്‍ക്കും വരുന്നവര്‍ക്കും ഒരുഗുണവുമില്ലാത്ത ഈ പാതക്കായുള്ള ചിലവും പാരിസ്ഥിതികപ്രശ്നങ്ങളും കുടിയൊഴിപ്പിക്കലുമെല്ലാം ഇതുമൂലമുണ്ടാകുന്ന നേട്ടങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഭീമമാണെന്നതാണ് വസ്തുത. യാത്രക്കാരുടെ എണ്ണത്തെ കുറിച്ചുള്ള അവകാശവാദമൊക്കെ പൊള്ളയാണെന്നു മനസ്സിലാക്കാന്‍ സാമാന്യബുദ്ധിപോലും വേണ്ട.. മാത്രമല്ല എത്രയോ ബദല്‍ നിര്‍ദ്ദേശങ്ങളുമുണ്ട്. നിലവിലെ പാതക്ക് സമാന്തരമായി രണ്ടുപാതകള്‍ നിര്‍മ്മിക്കുകയും അതിലൂടെ വേഗതീവണ്ടികളും ദീര്‍ഘദൂര വണ്ടികളും കടത്തിവിടുകയും പഴയ പാതയിലൂടെ കൂടുതല്‍ ലോക്കല്‍ വണ്ടികള്‍ ഓടിക്കുകയും ചെയ്താല്‍ കോട്ടങ്ങളും നേട്ടങ്ങളുമായുള്ള അനുപാതം തിരിച്ചാകുമെന്ന് കണക്കുകള്‍ നിരത്തി തന്നെ ചൂണ്ടികാട്ടുന്നവരുണ്ട്. . കെ റെയിലിനേക്കാള്‍ അല്‍പ്പം സമയം കൂടുമെന്നുമാത്രം. പക്ഷെ ചിലവും പാരിസ്ഥിതിക പ്രശ്‌നങ്ങളും എത്രയോ കുറവായിരിക്കും. കൂടുതല്‍ പേര്‍ക്ക് ഉപയോഗിക്കാനുമാകും. നിലവിലെ പാതകളിലെ സിഗ്‌നല്‍ സംവിധാനം ആധുനികരിക്കുകയും ഇരട്ടിപ്പിക്കല്‍ പൂര്‍ണ്ണമാക്കുകയും ചെയ്താല്‍ എത്രയോ കുറഞ്ഞ ചിലവിലും പാരിസ്ഥിതിക നാശത്തിലും നിര്‍ദ്ദിഷ്ഠ കെ റെയിലിനേക്കാള്‍ ജനങ്ങള്‍ക്ക് എത്രയോ നേട്ടമുണ്ടാകും. അതുമായി ബന്ധപ്പെട്ട സാങ്കേതികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കെ റെയില്‍ നടപ്പാക്കുന്നതിനു വേണ്ട ബുദ്ധിമുട്ടുവരികയുമില്ല. ജനങ്ങളുടെ ന്യായമായ പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്നതിനുപകരം ആ ദിശയില്‍ ചിന്തിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply