ജയ ജയ ജയ ജയ ഹേ സ്ത്രീ വിരുദ്ധ സിനിമ

ഈ സിനിമയിലെ ഏറ്റവും പിന്തിരിപ്പനായ ആശയം കടുത്ത സ്ത്രീവിരുദ്ധ നിലപാടുകള്‍ നിര്‍മ്മിച്ച് പ്രക്ഷേപണം ചെയ്യുന്ന ജുഡീഷ്യറിയെ സ്ത്രീ നീതിയുടെ ഉയര്‍ന്ന രൂപമായി കാണിക്കാനുള്ള ശ്രമമാണ്. സ്ത്രീകളെ നല്ലനടപ്പും, നാട്ടുനടപ്പും, ആചാരമര്യാദകളും പഠിപ്പിക്കുന്ന, പീഡിപ്പിച്ചവനോട് ഇരക്ക് മധുരപലഹാരം നല്‍കിയും രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടിയും സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ പറഞ്ഞ് അവന് ജാമ്യം അനുവദിക്കുന്ന, സവര്‍ണ്ണ രക്ഷാബന്ധന്‍ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന, വിധി പറയുമ്പോള്‍ മതഗ്രന്ഥങ്ങള്‍ പോലും ഉദ്ധരിക്കുന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ കോടതികളേയും ന്യായാധിപന്മാരേയും ന്യായീകരിച്ചുകൊണ്ട് ജയ ജയ ജയ ഹേ സിനിമ ധര്‍മ്മരക്ഷയുടെ ആള്‍രൂപമാക്കി, രക്ഷകമിത്താക്കി ജുഡീഷ്യറിയെ മാറ്റുന്നത് നിലവിലുള്ള അധികാരവ്യവസ്ഥയുടെ താല്‍പര്യം സംരിക്ഷിക്കാനാണെന്ന് മനസ്സിലാകുന്നില്ലെങ്കില്‍ മലയാളി ഇനിയും വാമന ചവിട്ടുകള്‍ക്ക് തലകുനിക്കേണ്ടി വരും.

അതിദാരിദ്ര്യത്തിന്റെ കരിഞ്ഞുപുകയുന്ന അടുക്കളയില്‍ ആളിക്കത്തുന്ന ഒരു വിറകടുപ്പും തീനാളങ്ങളില്ലാതെ എരിഞ്ഞു പുകയുന്ന മറ്റൊരു വിറകടുപ്പും ആദ്യ സീനില്‍ കാണിച്ചു കൊണ്ടാണ് ‘ജയ ജയ ജയ ജയ ഹേ’ എന്ന സിനിമ ആരംഭിക്കുന്നത്. പിന്നീട് ദുര്‍ഭിക്ഷതയുടെ പൊതിച്ചോറുമായി കശുവണ്ടിക്കമ്പനിയിലേക്ക് പറ്റം പറ്റമായി എത്തിച്ചേരുന്ന ദരിദ്ര സ്ത്രീ തൊഴിലാളികളിലേക്കാണ് ക്യാമറ ചലിക്കുന്നത്. ഇത്രയും കാണുന്ന പ്രേക്ഷകരില്‍ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന ക്രൂരമായ ജീവിത സാഹചര്യവും, ഭരണകൂട അവഗണനകളുമായിരിക്കും ഈ വാണിജ്യ സിനിമയുടെ ചെറിയൊരു ഭാഗമെങ്കിലും എന്ന് കരുതിയവരുണ്ടാകാം. എങ്കില്‍ ആ പ്രേക്ഷകരുടെ നെഞ്ചിലേക്ക് സ്ത്രീപക്ഷ സിനിമ എന്ന പ്രച്ഛന്നത്തില്‍ മധ്യവര്‍ഗത്തിന്റെ സമ്പന്നതയെ കുറിച്ചുള്ള മോഹചിന്തകളെ അടയാളപ്പെടുത്തുന്ന ക്ലീഷേ ആര്‍ക്കിടൈപ്പുകളാണ് തൊടുത്തുവിടുന്നത്.

കശുവണ്ടിക്കമ്പനി മേല്‍നോട്ടക്കാരനായ കുടുംബനാഥനും തയ്യല്‍ക്കാരിയായ അമ്മയും സഹോദരനും അടങ്ങുന്ന നിമ്‌നമധ്യവര്‍ഗ്ഗ കുടുംബത്തിലെ ജയഭാരതി എന്ന പെണ്‍കുട്ടിയുടെ ബാല്യ – കൗമാര – യൗവന – വിവാഹ കാല ജീവിതവും അതിനെ കേന്ദ്രീകരിച്ചു മാത്രം നിലനില്‍ക്കുന്ന കുറേ കഥാപാത്രങ്ങളുമാണ് ഈ സിനിമയുടെ ഉള്ളടക്കം.

തന്റെ മകളെ ഇന്ദിരാഗാന്ധിയെ പോലെ അധികാര രൂപമായി വളര്‍ത്താനാണ് അച്ഛന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവാകാന്‍ കഴിയാതെ വ്യവസ്ഥിതിക്ക് കീഴ്‌പ്പെടുന്ന അച്ഛന്‍, ഗുണ്ടായിസത്തിലൂടെ കോഴിക്കച്ചവടം കൊഴുപ്പിക്കുന്ന രാജേഷ് എന്ന ആണ്‍ കോയ്മയുടെ നിഷ്ഠൂര രൂപത്തിന് മകളെ വിവാഹം കഴിച്ചു കൊടുക്കുന്നതോടെയാണ് സിനിമയുടെ ഇതിവൃത്തം പുരോഗമിക്കുന്നത്.

കശുവണ്ടിക്കമ്പനിയിലെ സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന പീഡനങ്ങളും യാതനകളും ദാരിദ്ര്യവും സ്ത്രീപക്ഷ സിനിമയുടെ ശില്പിയായി ഇപ്പോള്‍ വാഴ്ത്തപ്പെടുന്ന സംവിധായകന്‍ വിപിന്‍ദാസിനെ ആകുലപ്പെടുത്തുന്നില്ല; എന്നു മാത്രമല്ല തൊഴിലാളികളുടെ സാമൂഹ്യ സാമ്പത്തിക വിഷയങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കാതിരിക്കാന്‍ സംവിധായകന്‍ സിനിമയിലുടനീളം പ്രത്യേകം ജാഗ്രത പുലര്‍ത്തുകയും ചെയ്യുന്നുണ്ട്. സ്ത്രീ തൊഴിലാളികളെ സംശയദൃഷ്ടിയോടെ നോക്കി അവരുടെ പട്ടിണി സഞ്ചിയില്‍ കയ്യിട്ടു പരിശോധന നടത്തുന്ന നിമ്‌ന മധ്യവര്‍ഗ്ഗ മേല്‍നോട്ടക്കാരന്റെ ധനാഗമ മോഹങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കം പ്രചരിപ്പിക്കാനാണ് ഈ സിനിമ ശ്രമിക്കുന്നത്.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

പുത്തന്‍ ധനകാര്യ മുതലാളിത്തത്തിന്റെ കാലത്ത് പാരമ്പര്യമായ സന്മാര്‍ഗ്ഗ ചിന്തകളില്ലാത്ത കരാട്ടെയും അടിയും ഇടിയും മറ്റും പഠിച്ച് വയലന്‍സ് (violence) ലൂടെ സ്ത്രീപുരുഷ ഭേദമെന്യേ ആര്‍ക്കും സാമൂഹ്യ സാമ്പത്തിക അധികാരശ്രേണിയിലേക്ക് വരാന്‍ കഴിയുമെന്ന് ജയഭാരതി എന്ന കഥാപാത്രത്തിലൂടെ സംവിധായകന്‍ പറഞ്ഞുറപ്പിക്കുന്നു.

നിമ്‌നമധ്യവര്‍ഗ്ഗ നൈതിക പ്രശ്‌നങ്ങളാണ് സിനിമയില്‍ ഉടനീളം കൈകാര്യം ചെയ്യുന്നത്. ക്രൂരനായ ഭര്‍ത്താവ് രാജേഷ് വെട്ടിയ അതേ അധോലോക വഴിയിലൂടെയാണ് ( കോഴിക്കച്ചവട വിപണിയെ കീഴടക്കി) ധനകാര്യ പദവിയിലെത്താന്‍ ജയയും സഞ്ചരിക്കുന്നത്. അക്രമം ബലാത്കാരം തെരുവുതല്ല് എന്നിവയിലൂടെ ശക്തിയുടെ നായകസ്ഥാനത്തേക്ക് വരേണ്ടത് സ്ത്രീ ഉപരോധ മുന്നേറ്റത്തിന് ചരിത്രപരമായ ആവശ്യമാണെന്ന് സിനിമ പറയാന്‍ ശ്രമിക്കുന്നു.

നവ മുതലാളിത്തം രാഷ്ട്രവ്യവസ്ഥക്കും, രാഷ്ട്രീയത്തിനുമെതിരെ തുറന്നുവിട്ട ഭര്‍ത്താവ് എന്ന വൈയക്തിക അധികാര വീര നായകത്വത്തോടൊപ്പം തന്നെ അതിനു പൂരകമായി മറ്റൊരു ജെനുസ് മധ്യവര്‍ഗ്ഗ നായികാ രൂപം എന്ന നിലയിലാണ് ജയഭാരതി എന്ന കഥാപാത്രം ഈ സിനിമയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. അങ്ങനെ പുത്തന്‍ കമ്പോള ആഭാസങ്ങളെ സ്ത്രീ വിമോചനമെന്ന കപട രാഷ്ട്രീയ പ്രചാരണത്തിലൂടെ ന്യായീകരിക്കുകയും സമൂഹത്തിലേക്ക് കടത്തിവിടുകയും ചെയ്യുന്നതില്‍ ഈ വാണിജ്യ സിനിമ വിജയിക്കുന്നു.

താന്‍ മുന്നില്‍ കാണുന്ന അണ്ടിക്കമ്പനിയിലെ സ്ത്രീ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ബോണ്ടഡ് ലേബര്‍ അടിമ ദാരിദ്ര്യ ജീവിതത്തില്‍ നിന്ന് അവരെ വിമോചിപ്പിക്കാനുള്ള രാഷ്ട്രീയമോ, വീക്ഷണമോ ഉത്തരാധുനിക രൂപമായ ജയഭാരതി എന്ന കഥാപാത്രത്തില്‍ നിന്ന് ഉണ്ടാകുന്നില്ല. മുതലാളിത്തം മലയാളിയുടെ നൈതിക വ്യക്തിത്വത്തില്‍ ഏല്പിച്ച പ്രഹരത്തിന്റെ ആഴം ഈ സിനിമയുടെ വിപണി വിജയത്തില്‍ പതിഞ്ഞുകിടക്കുന്നുണ്ട്. ഉപജീവനത്തിന് തൊഴില്‍ കണ്ടെത്താന്‍ സ്ത്രീ സ്വയം ക്രിയാത്മക വഴികള്‍ സൃഷ്ടിക്കേണ്ടതില്ല; പുരുഷനില്‍ തന്നെ ഉപജീവനത്തിന്റെ മഹാസൗഭാഗ്യങ്ങളുടെ വഴികള്‍ ഒളിഞ്ഞു കിടപ്പുണ്ട്, അത് അനുകരിക്കുകയേ വേണ്ടൂ എന്നാണ് ഈ സിനിമ വെളിപ്പെടുത്തുന്ന ഗുണപാഠം.

കോഴിഫാം കമ്പോളം സ്ത്രീ രക്ഷയുടെ ഇടത്താവളമായിത്തീരുന്നു. സ്ത്രീ അവളുടെ മനസ്സ് കോഴി കച്ചവടത്തിന്റെ സുകുമാര മുതലാളിത്തത്തിന് സമര്‍പ്പിക്കുന്നു. പുരുഷന്റെ വീരാത്മകമായ അരഗന്‍സ് (arrogance)ന്റെ ഹാസ്യാനുകരണമായി ജയ എന്ന കഥാപാത്രം പരിഹാസ്യമായി മുഖമടച്ചു വീഴുന്നു. നീതി നിഷേധിക്കപ്പെടുന്ന സ്ത്രീ അവകാശ സമരങ്ങളില്‍ നിന്ന് പിന്മാറി പണവും, ഗുണ്ടായിസവും നിക്ഷേപമായ കൊച്ചുമുതലാളിത്തത്തിലേക്ക് പോകണമെന്ന് സിനിമ ആഹ്വാനം ചെയ്യുന്നു. ചുരുക്കത്തില്‍ കോര്‍പ്പറേറ്റ് മുതലാളിത്തകാലത്ത് ധനകാര്യാധികാര വ്യവസ്ഥിതിയിലേക്കുള്ള പരിണാമത്തിനൊപ്പിച്ച് സ്ത്രീ – പുരുഷബന്ധങ്ങള്‍ ചിട്ടപ്പെടുത്തേണ്ടത് എങ്ങനെയാണെന്ന് ഈ ചിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

സ്ത്രീയുടെ ഇച്ഛാശക്തിയെ സാക്ഷ്യപ്പെടുത്തുന്ന അടയാളം എന്ന നിലയില്‍ നിന്ന് വിപണനയോഗ്യമായ ഒരു ജീവിതത്തിന്റെ അടയാളമായി സ്ത്രീവിമോചന രാഷ്ട്രീയ പ്രക്രിയയെ സിനിമ മാറ്റിയെടുക്കുന്നു. ഫ്യൂഡല്‍ മുതലാളിത്ത സദാചാരത്തിന്റെ കുടുംബ വ്യാകരണ പദ്ധതികളില്‍ അമര്‍ന്നിരിക്കുന്ന കാപട്യത്തിനും ജഡതയ്ക്കും എതിരെയുള്ള പൊട്ടിത്തെറിയല്ല ജയഭാരതിയില്‍ സംഭവിക്കുന്നത്, മറിച്ച് ആ പ്രതിലോമ സദാചാരത്തിന്റെ പങ്കുപറ്റലാണ് കുടുംബ ബന്ധങ്ങളില്‍ സ്ത്രീ നിര്‍വഹിക്കേണ്ടത് എന്ന് ഈ സിനിമ ആവര്‍ത്തിച്ചു പറയുകയാണ്.

ജയക്കുചുറ്റും ഭ്രമണം ചെയ്യുന്ന സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍ ഒന്നും തന്നെ അവളുടെ നീതിക്കുവേണ്ടി സ്ത്രീ രാഷ്ട്രീയ പക്ഷത്ത് നിന്ന് സംസാരിക്കുന്നില്ല. സ്ത്രീ സംഘടനകള്‍ ഉള്‍പ്പെടെ സ്ത്രീ വിമോചനരംഗത്ത് കേരളം ചവിട്ടി നടന്ന മുന്നേറ്റ പഥങ്ങളൊക്കെയും ഊഷരമാക്കി സ്ത്രീപക്ഷ രാഷ്ട്രീയത്തില്‍ അടിയുറച്ചു നില്‍ക്കുന്ന സമൂഹത്തെ പരിഹസിക്കുകയാണ് എല്ലാ കഥാപാത്രങ്ങളേയും സ്ത്രീവിരുദ്ധമാക്കി അവതരിപ്പിക്കുന്നതിലൂടെ ഈ സിനിമ ചെയ്യുന്നത്.

ജയയെ കീഴ്‌പ്പെടുത്താനുള്ള തന്ത്രങ്ങളും ലൈംഗിക പാഠങ്ങളും രാജേഷിന് പറഞ്ഞു കൊടുക്കുന്ന ബന്ധു സഹോദരനായ അനിയണ്ണന്‍ എന്ന കഥാപാത്രം സീതയെ ചതിയില്‍ വീഴ്ത്തുന്ന രാമലക്ഷ്മണ സാഹോദര്യ ബന്ധത്തെയാണ് ഓര്‍മിപ്പിക്കുന്നത്. വ്യവസ്ഥയുടെ നിഷേധത്തിന്റെ അടയാളമായിട്ടല്ല, മറിച്ച് അനുസരണയുടെ അടയാളമാക്കി ദാമ്പത്യ സാക്ഷാത്കാരത്തെ ചിഹ്നവല്‍ക്കരിക്കണമെന്ന് എല്ലാ കഥാപാത്രങ്ങളെ കൊണ്ടും പറയിപ്പിക്കുന്നത് സന്ദേഹവും സംഘര്‍ഷവും സൃഷ്ടിച്ച് സ്ത്രീ മുന്നേറ്റങ്ങളില്‍ വിഘടനയുടെ രാഷ്ട്രീയം ഒളിച്ചു കടുത്താനുള്ള കമ്പോള മന:ശാസ്ത്രമായി വേണം കാണേണ്ടത്.

ഈ സിനിമയിലെ ഏറ്റവും പിന്തിരിപ്പനായ ആശയം കടുത്ത സ്ത്രീവിരുദ്ധ നിലപാടുകള്‍ നിര്‍മ്മിച്ച് പ്രക്ഷേപണം ചെയ്യുന്ന ജുഡീഷ്യറിയെ സ്ത്രീ നീതിയുടെ ഉയര്‍ന്ന രൂപമായി കാണിക്കാനുള്ള ശ്രമമാണ്. സ്ത്രീകളെ നല്ലനടപ്പും, നാട്ടുനടപ്പും, ആചാരമര്യാദകളും പഠിപ്പിക്കുന്ന, പീഡിപ്പിച്ചവനോട് ഇരക്ക് മധുരപലഹാരം നല്‍കിയും രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടിയും സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ പറഞ്ഞ് അവന് ജാമ്യം അനുവദിക്കുന്ന, സവര്‍ണ്ണ രക്ഷാബന്ധന്‍ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന, വിധി പറയുമ്പോള്‍ മതഗ്രന്ഥങ്ങള്‍ പോലും ഉദ്ധരിക്കുന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ കോടതികളേയും ന്യായാധിപന്മാരേയും ന്യായീകരിച്ചുകൊണ്ട് ജയ ജയ ജയ ഹേ സിനിമ ധര്‍മ്മരക്ഷയുടെ ആള്‍രൂപമാക്കി, രക്ഷകമിത്താക്കി ജുഡീഷ്യറിയെ മാറ്റുന്നത് നിലവിലുള്ള അധികാരവ്യവസ്ഥയുടെ താല്‍പര്യം സംരിക്ഷിക്കാനാണെന്ന് മനസ്സിലാകുന്നില്ലെങ്കില്‍ മലയാളി ഇനിയും വാമന ചവിട്ടുകള്‍ക്ക് തലകുനിക്കേണ്ടി വരും.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നമ്മുടെ സമൂഹം കുടുംബ കേന്ദ്രീകൃതമായ നൈതിക ഘടനയാണെന്നതിനാല്‍ സ്റ്റേറ്റിന്റെയും, നീതിന്യായ വ്യവസ്ഥയുടെയും, ജനാധിപത്യത്തിന്റെയും സാധ്യതകളെ അട്ടിമറിച്ച് കരാട്ടെയും കളരിപ്പയറ്റും ഗുസ്തിയും പഠിച്ച പെണ്‍കുട്ടികള്‍ സ്ത്രീ രക്ഷകരായിത്തീരും എന്ന കുടുംബത്തിന്റെ അടിപ്പടവുകള്‍ തകര്‍ക്കുന്ന ഇത്തരം വികല ദുര്‍ബോധന സിനിമകള്‍ വലിയ സാമൂഹ്യ ദുരന്തമായി മാറുന്നുണ്ട്. അതുകൊണ്ട് ‘ഇര’ (quarry) എന്ന സാമാന്യ വിവക്ഷ സ്ത്രീയുടെ ഭൗതിക ദുരന്തമായല്ല മറിച്ച് ഒരു ഭ്രമകല്പന മാത്രമായി ഈ സിനിമയില്‍ പ്രത്യക്ഷപ്പെടുന്നു. സ്ത്രീയെ അതിമൂലധനത്തിന്റെയും മൂലധനാധികാരത്തിന്റേയും നിര്‍വ്വഹണാധികാരികള്‍ (Executives) ആക്കി ഉയര്‍ത്തിയെടുക്കുന്ന ഇത്തരം നവകോളനീകരണ സിനിമകള്‍ സ്ത്രീ പുരുഷബന്ധങ്ങളെ സര്‍ഗ്ഗാത്മകവും വൈകാരികവുമായ, ഉള്ളടക്കം വറ്റിപ്പോയ, ബലാധിഷ്ഠിത വാണിജ്യ ബന്ധങ്ങള്‍ മാത്രമായി ചുരുക്കുന്നു.

പുരുഷാധിപത്യമെന്ന അത്യുക്തിപരമായ ആശയം പ്രചരിപ്പിച്ച് അധികാരസ്ഥാനത്തിന്റെ ദല്ലാള്‍ മാതൃകാരൂപങ്ങളെ സ്‌ത്രൈണമയമാക്കിക്കഴിഞ്ഞാല്‍ സ്ത്രീ സ്വാതന്ത്ര്യമായിയെന്ന പ്രതിലോമയുക്തിയിലൂടെ സ്ത്രീസംഘങ്ങളെ ആശ യാധിപത്യോപകരണങ്ങളാക്കി (Tools of hegemonic dogma) സാര്‍വ്വദേശീയ കോളണീകരത്തിന്റെ ചൂഷണവീര്യം വര്‍ദ്ധിപ്പിക്കുന്നു.

ചുരുക്കത്തില്‍ സ്ത്രീശാക്തീകരണ പ്രച്ഛന്നവുമായി ജനങ്ങള്‍ക്കു മുമ്പില്‍ അവതരിപ്പിക്കപ്പെടുന്ന ഈ സിനിമ സ്ത്രീ പുത്തന്‍ മൂലധനശക്തിയുടെ ഇരയും ദല്ലാളും നടത്തിപ്പുകാരിയും എന്ന തലത്തിലേക്കുള്ള ദുരന്തമായിത്തീരുന്നുണ്ട്. അതായതു് സ്ത്രീയെ കോഴിഫാം ചൂതാട്ട കച്ചവടത്തിന് മാത്രമല്ല പരസ്യത്തിനും, ചാരവൃത്തിക്കും, മനുഷ്യക്കടത്തിനും, മയക്കുമരുന്നുവിതരണത്തിന്നും, മദ്യശാല നൃത്തങ്ങള്‍ക്കും, മദ്യം വിളമ്പുന്നതിനും എന്തിന് വ്യാപാര സമുച്ചയങ്ങളില്‍ ആകര്‍ഷണവസ്തുവായി വരെ നിര്‍ത്തുന്ന വിപണിയുടെ ക്രയവസ്തുവാക്കി രൂപാന്തരപ്പെടുത്തുന്നതാണ് സ്ത്രീ സ്വാതന്ത്ര്യത്തിന്റേയും സ്ത്രീ ശാക്തീകരണത്തിന്റേയും ബഹുസ്വര സിദ്ധാന്തങ്ങള്‍ എന്ന് പറഞ്ഞുകൊണ്ടാണ് ജയ ജയ ജയഹേ എന്ന സിനിമ പരിഹാസ്യമായ കോമാളിച്ചിരിയുടെ

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Cinema | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply