ജമായത്ത് – ആര്‍എസ്എസ് ചര്‍ച്ചയും രാഷ്ട്രീയ വിവാദങ്ങളും

മുസ്ലിം സംഘടനകളും ആര്‍ എസ് എസുമായി നടന്ന ചര്‍ച്ചയും അതില്‍ ജമാ അത്ത് ഇസ്ലാമി പങ്കെടുത്തതുമാണല്ലോ ഏതാനും ദിവസമായി സംസ്ഥാനത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. ജനജീവിതം ദുസ്സഹമാക്കുന്ന രീതിയില്‍ എല്ലാമേഖലയിലും നികുതിവര്‍ദ്ധനവു കൊണ്ടുവരുകയും പെട്രോള്‍, ഡീസലിനുപോലും സെസ് ഏര്‍പ്പെടുത്തുകയും ചെയ്ത ബജറ്റിനെതിരായ ജനരോഷത്തേയും സമരങ്ങളേയും അപ്രസക്തമാക്കാനാണ് ഈ കോലാഹലമെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ നേരത്തെ തന്നെ ആര്‍ എസുമായി ചര്‍ച്ച നടത്തിയിട്ടുള്ളവര്‍ക്ക്, ഏറെകാലം തെരഞ്ഞെടുപ്പുകളില്‍ ജമായത്തിന്റെ പിന്തുണ നേടിയവര്‍ക്ക് ഈ വിഷയത്തെ പര്‍വ്വതീകരിക്കേണ്ട കാര്യമില്ലല്ലോ. അതുപോലെ കേന്ദ്രനയങ്ങള്‍ക്കെതിരെ എന്നു പ്രഖ്യാപിച്ചു നടത്തുന്ന സിപിഎം ജനകീയ പ്രതിരോധയാത്രയിലെ പ്രധാന വിഷയം ഇതാകേണ്ടതില്ലല്ലോ.

തീര്‍ച്ചയായും ഇന്നത്തെ സാഹചര്യത്തില്‍ ആര്‍ എസ് എസുമായി മുസ്ലിംസംഘടനകള്‍ രഹസ്യചര്‍ച്ച നടത്തിയത് ശരിയാണോ എന്ന ചോദ്യം പ്രസക്തമാണ്. കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചര്‍ച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നാണ് ഇക്കാര്യത്തില്‍ ജമായത്ത് പറയുന്നത്. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതില്‍ യാതൊരു പ്രതിബന്ധവും ഉണ്ടാകരുതെന്ന നിലപാടുള്ളവരും ചര്‍ച്ചയില്‍ വിശ്വസിക്കുന്നവരുമാണ് തങ്ങളെന്നും അതാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും അവര്‍ പറയുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ആര്‍ എസ് എസ് പ്രധാനമായും ഉയര്‍ത്തിയത് കാശി, മഥുര മസ്ജിദ് വിഷയങ്ങളാണെന്നും അക്കാര്യത്തില്‍ ഒത്തുതീര്‍പ്പിനില്ലെന്നും പറയുന്ന ജമായത്ത് നേതൃത്വം ചര്‍ച്ചകള്‍ തുടരുമെന്നും പറയുന്നുണ്ട്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ സി പി എമ്മും ആര്‍ എസ് എസ്- ബി ജെ പി നേതാക്കളും ചര്‍ച്ച നടത്തിയതിനെ ജമാഅത്തെ ഇസ്ലാമി അതിരൂക്ഷമായി വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍, ഏതെങ്കിലും സംഘടന ആര്‍ എസ് എസുമായി ചര്‍ച്ച നടത്തി മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിലേക്കും ഭൂരിപക്ഷ പ്രീണനത്തിലേക്കും തിരിയരുത് എന്ന നിലപാടാണ് തങ്ങള്‍ക്കെന്നും അവര്‍ പറയുന്നു.

തീര്‍ച്ചയായും ഗൗരവപരമായ വിഷയമാണിത്. ഒന്നു ശരിയാണ്. ശ്രീ എം എന്ന ആത്മീയ ആചാര്യന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളായ ഗോപാലന്‍ കുട്ടിയുമായും വത്സന്‍ തില്ലങ്കേരിയുമായും മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് സിപിഎം – ആര്‍ എസ് എസ് സംഘടട്ടനങ്ങള്‍ കുറവു വന്നിരുന്നു. പിന്നീട് പല കോണ്‍ഗ്രസ്സുകാരും കൊല്ല്‌പ്പെട്ടു എന്നത് വേറെ കാര്യം. അതുപോലെ സംഘപരിവാറുകാരാല്‍ പല സിപിഎം കാരും കൊല്ലപ്പെട്ടു. സംഘപരിവാര്‍ – എസ് ഡി പി ഐ സംഘട്ടനങ്ങളും കൊലപാതകങ്ങളും നടന്നു. അതേസമയം ഒരു സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്നപോലെയാണോ സമകാലിക ഇന്ത്യന്‍ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മുസ്ലിം സംഘടനകള്‍ ആര്‍ എസ് എസുമായി ചര്‍ച്ച ചെയ്യുന്നത് എന്ന ചോദ്യം പ്രസക്തമാണ്. ചര്‍ച്ച നടന്നിട്ടും പശുവിന്റെ പേരില്‍ കൊലകള്‍ നടന്നു എന്ന വാര്‍ത്ത ഈ സംശയത്തെ ബലപ്പെടുത്തുന്നു.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഗാന്ധിജിയെ വെടിവെച്ച് കൊന്ന ശേഷം വിചാരണ കോടതിയില്‍ ഗോഡ്സെ പറഞ്ഞത് ഗാന്ധിജി മുസ്ലിങ്ങളെ തുല്യ പൗരന്മാരായി കാണുന്ന എന്നാണ്. അതൊരിക്കലും അംഗീകരിക്കാനാവില്ല എന്നുതന്നെയാണ് ഗോഡ്‌സെയുടെ പിന്‍ഗാമികളുടെ ഇപ്പോഴത്തേയും നിലപാട്. ബാബറി മസ്ജിദ് തകര്‍ത്തതും വംശീയ കൂട്ടക്കൊലകളും പൗരത്വഭേദഗതി നിയമവുമൊക്കെ അതിന്റെ പ്രഖ്യാപനങ്ങളാണ്. വേണമെങ്കില്‍ വോട്ടവകാശം പോലുമില്ലാതെ അടങ്ങിയൊതുങ്ങി ഇവിടെ കഴിയാമെന്നുപോലും അവര്‍ പ്രഖ്യാപിച്ചിരുന്നല്ലോ. ഈ നിലപാടില്‍ ഒരു മാറ്റവുമില്ലാത്തിടത്തോളം കാലം ഇത്തരം ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യം തന്നെയാണ്. അതിനെ ജനാധിപത്യത്തിലെ ചര്‍ച്ചകള്‍ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനാവുമോ എന്ന ചോദ്യം പ്രസക്തവുമാണ്. അതും അടച്ചിട്ട മുറികളില്‍ നടക്കുന്ന, സുതാര്യമ്ലലാത്ത, ജനങ്ങളില്‍ നിന്നു മറച്ചുവെക്കുന്ന ചര്‍ച്ചകള്‍. ഇത്തരം ചര്‍ച്ചകളിലൂടെ ന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് സമര്‍ത്ഥിക്കുകയാണ് ആര്‍ എസ് എസ് ലക്ഷ്യമെന്നത് പകല്‍പോലെ വ്യക്തമാണ്. ഈ ചര്‍ച്ചയാകട്ടെ ഒരിക്കലും തുല്ല്യതയില്‍ ്അദിഷ്ടിതമല്ല, ശക്തിമാനും ദുര്‍ബലനും തമ്മിലാണ് നടക്കുന്നതാണ്, അതിന്റെ നേട്ടമുണ്ടാകുക ശക്തിമാനുതന്നെയാണ് എന്നുറപ്പ്.

അതേസമയം ഇതിനൊരു മറുവശവുമുണ്ട്. ആര്‍എസ്എസിനോട് രഹസ്യചര്‍ച്ച നടത്തി സംരക്ഷണം നേടുക എന്ന ഒരു ദുരന്തത്തിലേക്ക് മുസ്ലിം സംഘടനകള്‍ എത്തപ്പെടുന്നു എന്നതാണിത്. അക്കാര്യത്തില്‍ രാജ്യത്തെ ഓരോ ജനാധിപത്യവാദിയും മതേതരവാദിയും ഉത്തരവാദിയാണ്. സംഘപരിവാറിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ഇരകള്‍ക്കൊപ്പം വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുകയും ചെയ്യാന്‍ ഇവരാരെങ്കിലും തയ്യാറുണ്ടോ? ഇല്ല എന്നതാണ് വസ്തുത. മിക്കവാറും പ്രതിപക്ഷപാര്‍ട്ടികള്‍ പോലും അതിനു തയ്യാറല്ല. ഭൂരിപക്ഷവോട്ടിലാണ് അവരുടേയും കണ്ണ്. ഈ വിഷയം ഏറ്റവും ചര്‍ച്ചയായ കേരളത്തിലാകട്ടെ ഇരയും വേട്ടക്കാരനും ഒരുപോലെ എന്ന പൊതുബോധമാണ് പൊതുവില്‍ പാര്‍ട്ടികളും മതേതര ജനാധിപത്യവാദികള്‍ എന്നവകാശപ്പെടുന്നവരും സൃഷ്ടിച്ചിരിക്കുന്നത്. ബീഫിനെ കുറിച്ചു പറയുമ്പോള്‍ ഒരു അക്രമത്തിനും കാരണമാകാത്ത പന്നിയെ കൂടി പറഞ്ഞ് ബാലന്‍സ് ചെയുന്നത് ഒരു ഉദാഹരണം. ഭാവനയിലെ ഈ സമീകരണവാദികളില്‍ നീതിയോ രാഷ്ട്രീയമായ സംരക്ഷണമോ തങ്ങള്‍ക്ക ലഭിക്കുമെന്ന് ന്യൂനപക്ഷ സംഘടനകള്‍ക്ക് കരുതാനാവുമോ? കേരളത്തിന്റെ സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷം മുന്നിലുമാണ്. അത്തരമൊരു ഗതികേടിലാണ് ഇത്തരമൊരു ചര്‍ച്ച നടന്നതെന്നുവേണം കരുതാന്‍. അതുകൂടി പരിഗണിക്കാതെയുള്ള അഭിപ്രായപ്രകടനം അപൂര്‍ണ്ണമായിരിക്കും. പല മുസ്ലിം സംഘടനകളുമായി ആര്‍എസ്എസ് നടത്തിയ ചര്‍ച്ചയെ ജമാഅത്തെ ഇസ്ലാമി ആര്‍എസ്എസ് ചര്‍ച്ച എന്ന നിലയില്‍കൊണ്ടുവരാനുള്ള വ്യാഖ്യാനവും നിഷ്‌കളങ്കമല്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ നിയമസഭാ – ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ ജമായത്തിന്റെ നിയന്ത്രണത്തിലുള്ള വെല്‍ഫെയര്‍ പാര്‍ട്ടി പൊതുവില്‍ യുഡിഎഫ് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നതും വരും തെരഞ്ഞെടുപ്പിലും അതിനു സാധ്യതയുണ്ടെന്നതുമാണ് സത്യത്തില്‍ സിപിഎമ്മിനെ പ്രകോപിപ്പി്ച്ചത് എന്നുറപ്പ്. എന്നാല്‍ ജമാഅത്ത് ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങിയ 1977 മുതല്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള 42 വര്‍ഷവും സി.പി.എമ്മിന്റെ സഹയാത്രികരായിരുന്നു എന്നതാണ് വസ്തുത. അന്നൊന്നും അവര്‍ വര്‍ഗീയ കക്ഷി ആയിരുന്നില്ല ! ദേശീയതലത്തില്‍ ഇപ്പോള്‍ സംഘപരിവാറിനെ ചെറുക്കാന്‍ എന്തെങ്കിലും സാധ്യത ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസ്സിനൊപ്പം നിന്നേ സാധ്യമാകൂ എന്നുറപ്പല്ലേ? കേരളത്തിനു പുറത്ത് സിപിഎമ്മിന്റേയും നയം അതു തന്നെയല്ലേ? എന്നിട്ടുപോലും ഇപ്പോള്‍ ആരംഭിച്ചിരിക്കുന്ന ഈ വിവാദം സത്യസന്ധമായ രാഷ്ട്രീയത്തിന്റേതാണ് എന്നു കരുതുക വയ്യ. സംസ്ഥാനത്തു നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക മാത്രമല്ല, ലോകസഭാതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുള്ള ചില നീക്കങ്ങളും ഇതിനു പുറകിലുണ്ടെന്നുവേണം കരുതാന്‍. കേന്ദ്രവിരുദ്ധം എന്നതിനേക്കാള്‍ ജമായത്ത് വിരുദ്ധം എന്ന നിലയിലേക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന സിപിഎമ്മിന്റെ ജനകീയ പ്രതിരോധ യാത്ര മാറുന്നതിനു പുറകില്‍ ബോധപൂര്‍വ്വമായ രാഷ്ട്രീയമുണ്ടെന്നുവേണം കരുതാന്‍. ജമായത്തിന്റെ സ്വന്തം മീഡിയാവണ്ണില്‍ നിന്ന് face of kerala എന്ന പുരസ്‌കാരം മുഖ്യമന്ത്രി സ്വീകരിച്ചിട്ട് അധിക ദിവസമാ.യില്ല എന്നതാണ് തമാശ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply