സ്ത്രീകള്‍ വീട് തലയില്‍ നിന്നിറക്കി വെക്കേണ്ട കാലം…
ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി സമൂഹത്തിന്റെ പല മേഖലകളിലും ലിംഗനീതിയെ കുറിച്ചുള്ള അവബോധം ചെറുതായിട്ടെങ്കിലും ഉണ്ടായിട്ടുണ്ട്. എന്നാലത് കാര്യമായി ബാധിക്കാത്ത മേഖലയാണ് കുടുംബം. കുടുംബത്തില്‍ പുരുഷന്‍ മുതലാളിയും സ്ത്രീ തൊഴിലാളിയുമാണെന്ന് എംഗല്‍സ് പറഞ്ഞെങ്കിലും ആ ചര്‍ച്ചകളും പിന്നീട് കാര്യമായി മുന്നോട്ടുപോയില്ല. അതിനെല്ലാം കാരണം ഒന്നേയുള്ളു. കുടുംബത്തിലും സ്ത്രീപുരുഷ ബന്ധങ്ങളിലും നിലനില്‍ക്കുന്ന വൈകാരിക വശവും കുട്ടികളുടെ സാന്നിധ്യവും. എന്നാല്‍ ഫലത്തില്‍ അതിന്റെ ഭാരം ചുമക്കേണ്ട അവസ്ഥ സ്ത്രീയുടേതുമാത്രമാണ്.
പോയവാരത്തില്‍ കേരളം ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു മന്ത്രി ആര്‍ ബിന്ദുവിന്റെ ‘Wherever I go, I take my house in my head… എന്ന വാചകം. കേരളവര്‍മ്മ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്ന ഒരാള്‍ പറയേണ്ട ഒരു വാചകമാണോ ഇത്, കേരളത്തിലെ ഉന്നത വിദ്യാഭ്യാസത്തിന്‍െര നിലവാരമാണിത് കാണിക്കുന്നത് തുടങ്ങിയ വിമര്‍ശനങ്ങളൊക്കെ ഇതുമായി ബന്ധപ്പെട്ട് ഉയരുകയുണ്ടായി. എന്നാല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഗുണകരമായ ഒരു സംവാദമായി അത് വികസിക്കുകയുണ്ടായില്ല. മറിച്ച് കേരളത്തില്‍ പതിവുള്ളതുപോലെ കക്ഷിരാഷ്ട്രീയ വിവാദമായി മാറുകയാണുണ്ടായത്. അത് പ്രബുദ്ധമാണെന്നു അഹങ്കരിക്കുന്ന കേരളീയ സമൂഹത്തിന്റെ ദുരന്തമാണ്.
അതേസമയം മന്ത്രിയെ ന്യായീകരിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കിലും വളരെ ഗൗരവമായ ചില വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഈ ചര്‍ച്ചയുടെ ഗതി മാറ്റിവിടാനുള്ള ശ്രമവും കേരളം കണ്ടു. എത്ര ഉയര്‍ന്ന പദവിയിലെത്തിയാലും ഏതൊരു സ്ത്രീയും അവരുടെ തലക്കുള്ളില്‍ വീടുമായി നടക്കേണ്ട ഗതികേടാണ് നിലനില്‍ക്കുന്നതെന്നാണ് മന്ത്രി പറയാനുദ്ദേശിച്ചത് എന്നായിരുന്നു അവരുടെ വാദം. മന്ത്രിയും പിന്നീട് അങ്ങനെ വിശദീകരിച്ചു. വളരെ പ്രസക്തമായ ഒരു വാദഗതി തന്നെയാണിത്. എന്നാല്‍ മുകളില്‍ സൂചിപ്പിച്ചപോലെ കക്ഷിരാഷ്ട്രീയത്തിനുപരിയായി ഒരു വിഷയത്തേയും കാണാത്ത കേരളം ഇതിനേയും അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണുകയുണ്ടായില്ല
മന്ത്രിയുടെ ഈ പ്രസ്താവനയെ വേണമെങ്കില്‍ തികച്ചും വ്യക്തിപരമായി കാണാം. അപ്പോഴും അതിലൂടെ പുറത്തുവരുന്ന ചില യാഥാര്‍ത്ഥ്യങ്ങളുണ്ട്. ആ യാഥാര്‍ത്ഥ്യങ്ങളിലൂടെ അത് വ്യക്തിപരമായ വിഷയമല്ലാതെ മാറുന്നു. കേരളത്തിലെ വളരെ രാഷ്ട്രീയ പ്രബുദ്ധമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന ഒരു കലാലയത്തിലെ അധ്യാപിക മാത്രമല്ല അവര്‍. എസ് എഫ് ഐ കാലം മുതല്‍ സിപിഎമ്മിന്റെ പ്രവര്‍ത്തകയായിരുന്നു. അവരുടെ വനിതാ വിഭാഗത്തിന്റെ അഖിലേന്ത്യാ നേതാവാണ്. നേരത്തെ തൃശൂര്‍ മേയറായിരു്‌നനു. ഇപ്പോള്‍ മന്ത്രിയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ടു പറയുമ്പോള്‍ വളരെ പ്രധാനപ്പെട്ട മറ്റൊന്നു കൂടിയുണ്ട്, അത് സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ വിജയരാഘവന്റെ ജീവിതപങ്കാളിയാണ് എന്നതാണ്. അത്തരത്തിലുള്ള ഒരാളാണ് എവിടെ പോയാലും വീട് തലക്കുള്ളിലാക്കിയാണ് പോകേണ്ടിവരുന്നത് എന്നു പറഞ്ഞത്. അതിനാല്‍ തന്നെ ഇതൊരു വ്യക്തിപരമായ പ്രശ്‌നത്തേക്കാള്‍ ഉപരിയായി ഒരു രഷ്ട്രീയ പ്രശ്‌നമായി മാറുന്നു, ലിംഗപരമായ പ്രശ്‌നമായി മാറുന്നു.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
മന്ത്രി ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ ആയി പറഞ്ഞതായിരിക്കാം. എന്നാല്‍ കേരളം കക്ഷിരാഷ്ട്രീയമൊക്കെ മാറ്റിവെച്ച് സജീവമായി ചര്‍ച്ച ചേയ്യേണ്ട വിഷയം തന്നെയാണിത്. എത്ര ഉന്നതമായ അവസ്ഥയിലെത്തിയാലും ഒരു സ്ത്രീയുടെ മുന്നോട്ടുള്ള പ്രയാണത്തിനു കുടുംബം സൃഷ്ടിക്കുന്ന പ്രതിബന്ധം തന്നെയാണ് വിഷയം. അതൊരു ചെറിയ വിഷയമല്ല. ഒരര്‍ത്ഥത്തിലും ഒരു വിഷയത്തിലും പുരുഷനു പുറകിലല്ല സ്ത്രീ എന്നതാണ് വസ്തുത. പുറകിലാണ് എന്നത് പൊതുബോധ നിര്‍മ്മിതിയല്ലാതെ മറ്റൊന്നല്ല. അതില്‍ പ്രധാന പങ്കുവഹിച്ചത് കുടുംബം തന്നെയാണ്. കുടുംബത്തിന്റെ കാര്യത്തിലായാലും കുട്ടികളുടെ കാര്യത്തിലായാലും പുരുഷനും സ്ത്രീകള്‍ക്കും തുല്ല്യ ഉത്തരവാദിത്തമാണെന്നിരിക്കെ സ്ത്രീക്ക് മാത്രം അമിതമായ ഉത്തരവാദിത്തം കല്‍പ്പിച്ചുകൊടുക്കുന്ന സാമൂഹ്യ സംവിധാനങ്ങളാണ് ഇന്നോളം നിലനിന്നിട്ടുള്ളത്. ഇപ്പോഴും നിലനില്‍ക്കുന്നത്. അതിന്റെ മകുടോദാഹരണമാണ് മന്ത്രിയുടെ ഈ പ്രസ്താവന.
ആദ്യകാലങ്ങളിലെ സമൂഹങ്ങളില്‍ സ്ത്രീകള്‍ക്കായിരുന്നു ആധിപത്യമെന്നാണ് ചരിത്രകാരന്മാരുടെ പൊതുനിഗമനം. മനുഷ്യസമൂഹത്തെ നിലനിര്‍ത്തുന്ന പ്രസവം എന്ന പ്രക്രിയതന്നെ അവര്‍ക്ക് മാന്യമായ സ്ഥാനം നല്‍കിയിരുന്നു. അന്നത്തെ രീതിയിനുസരിച്ച് കുഞ്ഞുിങ്ങളുടെ പിതാവ് ആരാണെന്ന് ഉറപ്പിച്ചു പറയാനും കഴിഞ്ഞിരുന്നില്ല. സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവവും അത് തന്റെ തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയണമെന്ന പുരുഷസമൂഹത്തിന്റെ താല്‍പ്പര്യമായിരുന്നു പിന്നീട് കുടുംബം എന്ന സംവിധാനത്തിന്റെ ഉത്ഭവത്തിനും അതിനെ നിലനിര്‍ത്തുന്നതില്‍ സ്ത്രീയുടെ പാതിവ്രത്യത്തിന്റെ പ്രാധാന്യത്തിനും ഇടയാക്കിയതെന്ന എംഗല്‍സിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്. കുടുംബത്തിന്റെയും കുട്ടികളുടേയും സംരക്ഷണമാണ് സ്ത്രീയുടെ പ്രാഥമികമായ ഉത്തരവാദിത്തം എന്ന അലിഖിത നിയമത്തിന്റെ ആരംഭവും ഉണ്ടായത് അതേതുടര്‍ന്നായിരിക്കണം. അങ്ങനെ സ്ത്രീ രണ്ടാം പൗരയായി. പിന്നീട് എത്രയേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടും അടിസ്ഥാനപരമായ ഈ വിഷയത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഇന്നുമുണ്ടായിട്ടില്ല എന്നതുതന്നെയാണ് മന്ത്രിയുടെ ഈ പ്രസ്താവന സൂചിപ്പിക്കുന്നത്.
ഏറെ ചര്‍ച്ച ചെയ്ത് ക്ലീഷേ ആയ വിഷയമായാലും ആവര്‍ത്തിച്ചുപറയേണ്ട കാര്യങ്ങളിലേക്കുതന്നെയാണ് ഈ പ്രസ്താവന വിരല്‍ ചൂണ്ടുന്നത്. കുടുംബം മുതല്‍ അധികാരത്തിലെ പങ്കാളിത്തം വരെയുള്ള ഏതു മേഖലയിലും സ്ത്രീ ഇന്നും രണ്ടാം പൗരയാണ്. കുടുംബത്തെ തലയിലാക്കി നടക്കുന്നവരാണെങ്കിലും അവിടെപോലും ഇപ്പോഴും അവര്‍ക്ക് നിയന്ത്രണമുണ്ടോ എന്നു ചോദിച്ചാല്‍ എന്തായിരിക്കും മറുപടി? വിവാഹശേഷം മറ്റൊരുവീടിനെ സ്വന്തം വീടായും മറ്റൊരാളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കാണുകയും ചെയ്യുക എന്നത് വിശാലമായ കാഴ്ചപ്പാടായി വ്യാഖ്യാനിക്കാനൊക്കെ കഴിയുമായിരിക്കാം. എന്നാല്‍ യാഥാര്‍ത്ഥമെന്താണെന്ന് ഇക്കാലത്തും ആവര്‍ത്തിക്കുന്ന സ്ത്രീധന പീഡനങ്ങളും ഭര്‍തൃവീടുകളിലെ ആത്മഹത്യകളും വ്യക്തമാക്കും. വിവാഹമെന്നത് ഇന്നും ഒരു കമ്പോളമല്ലാതെ മറ്റൊന്നല്ല. അവിടെ വില്‍ക്കപ്പെടുന്നവരല്ലാതെ മറ്റാരുമല്ല വധുക്കള്‍.
ഇപ്പോഴും സ്വന്തമായി വരുമാനമില്ലാത്തവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളെന്നതും വീ്ട്ടമ്മ എന്ന പദവിക്ക് സാമ്പത്തികാര്‍ത്ഥത്തില്‍ ഒരു സ്ഥാനവുമില്ലെന്നതും അഥവാ തൊഴിലുണ്ടെങ്കില്‍ തന്നെ വരുമാനത്തിന്റെ നിയന്ത്രണം മിക്കവീടുകളിലും ഭര്‍ത്താവിന്റെ കൈയിലാണെന്നതും എല്ലാവര്‍ക്കും അറിയാവുന്ന വസ്തുതകളാണെങ്കിലും ആരും ഗൗരവമായി എടുക്കാറില്ല. കുടുംബത്തെ തലക്കുള്ളില്‍ ഏറ്റേണ്ടവരാണ് സ്ത്രീകള്‍ എന്ന അലിഖിത നിയമം തന്നെയാണ് അതിനു കാരണം. ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി എന്ന മനുസ്മൃതി വചനം തന്നെയാണ് ഇപ്പോഴും അദൃശ്യമായി നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് വിവാഹമോചനങ്ങള്‍ വര്‍ദ്ധിക്കുന്നതായി നൊമ്പരപ്പെടുന്നവര്‍ നിരവധിയാണ്. മോചനത്തിനായി ആവശ്യപ്പെടുന്നവര്‍ കൂടുതലും സ്ത്രീകളാണെന്നും. വിശദമായി ആ വിഷയം പരിശോധിച്ചാല്‍ നമുക്കു കാണാന്‍ കഴിയുക ആ സ്ത്രീകള്‍ ഏറെക്കുറെ എല്ലാവരും സ്വന്തമായി മാന്യമായ വരുമാനം ഉള്ളവരാണ് എന്നാണ്. ഈ ഒറ്റ കാര്യം മതി എന്താണ് പ്രശ്‌നമെന്ന് വ്യക്തമാകാന്‍. വലിയൊരു വിഭാഗം സ്ത്രീകളും ഇന്നത്തെ കുടുംബസംവിധാനത്തിനകത്ത് ഒതുങ്ങികൂടുന്നത് ഒരു കര്‍ച്ചീഫ് വാങ്ങാനുള്ള വരുമാനം പോലും സ്വന്തമായി ഇല്ലാത്തതിനാലാണ്. അവരില്‍ വലിയൊരു വിഭാഗത്തിന്റേയും ജീവിതം കുടുംബത്തിനകത്ത് ഉരുകി തീരുകയാണ്. എവിടെപോകുമ്പോഴും അവര്‍ കുടുംബത്തെ തലയിലറ്റുകയാണ്.
വ്യക്തി കഴിഞ്ഞാല്‍ നമ്മുടെ സമൂഹത്തിന്റെ അടിസ്ഥാനയൂണിറ്റ് ഇന്നു കുടുംബമാണ്. കേരളത്തിന്റെ പശ്ചാത്തലത്തില്‍ അത് ഏറെക്കുറെ അണുകുടുംബവും. സമൂഹത്തിലെ എല്ലാ മേഖലയേയും ജനാധിപത്യവല്‍ക്കരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു കാലമാണിത്. എന്നാലത് കുടുംബത്തിനകത്തേക്ക് കടന്നുവരുന്നില്ല. ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി സമൂഹത്തിന്റെ പല മേഖലകളിലും ലിംഗനീതിയെ കുറിച്ചുള്ള അവബോധം ചെറുതായിട്ടെങ്കിലും ഉണ്ടായിട്ടുണ്ട്. എന്നാലത് കാര്യമായി ബാധിക്കാത്ത മേഖലയാണ് കുടുംബം. കുടുംബത്തില്‍ പുരുഷന്‍ മുതലാളിയും സ്ത്രീ തൊഴിലാളിയുമാണെന്ന് എംഗല്‍സ് പറഞ്ഞെങ്കിലും ആ ചര്‍ച്ചകളും പിന്നീട് കാര്യമായി മുന്നോട്ടുപോയില്ല. അതിനെല്ലാം കാരണം ഒന്നേയുള്ളു. കുടുംബത്തിലും സ്ത്രീപുരുഷ ബന്ധങ്ങളിലും നിലനില്‍ക്കുന്ന വൈകാരിക വശവും കുട്ടികളുടെ സാന്നിധ്യവും. എന്നാല്‍ ഫലത്തില്‍ അതിന്റെ ഭാരം ചുമക്കേണ്ട അവസ്ഥ സ്ത്രീയുടേതുമാത്രമാണ്. ഒരു സംസ്ഥാനത്തിലെ മന്ത്രിക്കുപോലും അതില്‍ നിന്നു മോചനമില്ല എന്ന വിഷയമാണ് ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ പലരും സൂചിപ്പിച്ചെങ്കിലും അത്തരമൊരു ചര്‍ച്ച ആ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കുടുംബത്തില്‍ മാത്രമല്ല സമൂഹത്തിലെ ഒരു മേഖലയിലും ലിംഗസമത്വം നിലവിലില്ല എന്നതു തന്നെയാണ് യാഥാര്‍ത്ഥ്യം. മന്ത്രിതന്നെയാണ് ഈ ചര്‍ച്ചക്ക് നിമിത്തമായത് എന്നതിനാല്‍ രാഷ്ട്രീയ – അധികാര മേഖല തന്നെ പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. അധികാരകേന്ദ്രങ്ങളിലും അവയെ നിയന്ത്രിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന ലിംഗവിവേചനം ആര്‍ക്കും ബോധ്യമാകുന്ന വിധം പ്രകടമാണല്ലോ. നിര്‍ഭാഗ്യവശാല്‍ അക്കാര്യത്തില്‍ ഗൗരവമായി പ്രതികരിക്കാന്‍ മന്ത്രി ബിന്ദുവടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ പോലും തയ്യാറല്ല. സമൂഹത്തിലെ സമസ്തമേഖലകളിലും സ്ത്രീകള്‍ക്കുനേരെ നിലനില്‍ക്കുന്നത് വിവേചനമാണെന്നും അതിനുള്ള കാരണങ്ങളില്‍ ഏറ്റവും പ്രധാനം കുടുംബത്തെയും അതില്‍ സ്ത്രീകളുടെ സ്ഥാനത്തേയും കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പമാണെന്നും കുടുംബബന്ധങ്ങലെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് അടിയന്തിരാവശ്യമാണെന്നുമാണ് മന്ത്രിയടക്കമുള്ള വനിതാ രാഷ്ട്രീയപ്രവര്‍ത്തകര്‍ ഉറക്കെ വിളിച്ചുപറയേണ്ടത്. അതിനുള്ള ആര്‍ജ്ജവം കാണിക്കാതെ അറിഞ്ഞോ അറിയാതേയോ പറഞ്ഞുപോയ വാചകത്തില്‍ കടിച്ചുതൂങ്ങുകയല്ല ചെയ്യേണ്ടത്. ആ വാചകത്തിന്റെ യഥാര്‍ത്ഥ അന്തസത്ത തിരിച്ചറിഞ്ഞ് സ്വന്തം തലയില്‍ നിന്ന് ആ ഭാരം ഇറക്കിവെക്കാനുള്ള ആശയപരവും പ്രായോഗികവുമായ നിലപാടുകളും നടപടികളും സ്വീകരിക്കുകയാണ്. എന്തൊക്കെ പറഞ്ഞാലും കേരളത്തില്‍ ഒരു ചെറിയവിഭാഗം സ്ത്രീകളെങ്കിലും അത് പ്രായോഗികമാക്കിയിട്ടുണ്ട് എന്നും പറയാതെ വയ്യ.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in