സമരത്തെരുവിലെ ഇസ്ലാമും വയലന്‍സും
ഇസ്ലാമിക വിശ്വാസത്തിന്റെ അടയാളങ്ങളോട് ഒരുതരം അകല്‍ച്ചയും പേടിയും അതെല്ലാം പ്രകൃതമാണെന്ന വിചാരവുമെല്ലാം ഈ സമരത്തെ പിന്തുണയ്ക്കുന്നവരില്‍ത്തന്നെ വലിയൊരു വിഭാഗം ആളുകളും കൊണ്ടുനടക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ എത്ര കാലം നമ്മള്‍ അങ്ങനെ ഭയന്ന്, നമ്മുടെ വിശ്വാസത്തെ ‘അടക്കിവച്ച്’ സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകും എന്ന ചോദ്യവുമുണ്ട്.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന NRC / CAA വിരുദ്ധ സമരങ്ങളിലെ ‘ഇസ്ലാമിക’ ഉള്ളടക്കത്തെക്കുറിച്ചും സ്വീകരിക്കുന്ന സമരരീതികളെക്കുറിച്ചും ഒക്കെ ചൂടേറിയ പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയില്‍ സി എ എ / എന്‍ ആര്‍ സി വിരുദ്ധ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്ത ലദീദ ഫര്‍സാന ടി വി ചര്‍ച്ചയില്‍ യാക്കൂബ് മേമന്റെ മയ്യിത്ത് നിസ്‌കാരത്തെപ്പറ്റി പറഞ്ഞ കാര്യങ്ങള്‍, സമരത്തിനിറങ്ങിയത് മുസ്ലിങ്ങളെ ബാധിക്കുന്ന കാര്യമായതുകൊണ്ടാണ് എന്നു പറഞ്ഞത്, ‘ജിഹാദ്’ എന്ന പദമുപയോഗിക്കുന്ന ലദീദയുടെ എഫ് ബി പോസ്റ്റ്, ലദീദ ഷെയര്‍ ചെയ്ത ജാമിയയിലെത്തന്നെ മറ്റൊരു വിദ്യാര്‍ത്ഥിയായ ചെഖോവിന്റെ പോസ്റ്റ്, ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ റാനിയാ സുലൈഖ തന്റെ ഒരു പോസ്റ്റില്‍ സൂചിപ്പിച്ച ‘തേരാ മേരാ രിശ്താ ക്യാ.. ലാ ഇലാഹാ ഇല്ലള്ളാ’ എന്ന മുദ്രാവാക്യം, ആ മുദ്രാവാക്യം വിളിച്ചപ്പോള്‍ ‘എല്ലാവര്‍ക്കും ഏറ്റു വിളിക്കാവുന്ന മുദ്രാവാക്യങ്ങള്‍ വിളിക്കൂ’ എന്ന തരത്തിലുണ്ടായ ഇടപെടലുകള്‍.. ഇതെല്ലാം വലിയ തോതില്‍ ദേശീയ തലത്തില്‍ത്തന്നെ ചര്‍ച്ചയായി, കേരളത്തില്‍ അതിലേറെ ചര്‍ച്ചയാവുന്നു. ലദീദയുടേത് ‘ആര്‍ എസ് എസിന്റെ ഭാഷ തന്നെയാണ്’ എന്നു ചിലര്‍ എഴുതിക്കണ്ടു. ആര്‍ എസ് എസ്സിനോളമില്ലെങ്കിലും ‘വര്‍ഗീയത’ ആണ് ലദീദയും ചെഖോവും എസ് ഐ ഓ യുമെല്ലാം പറയുന്നത് എന്ന് മറ്റു ചിലരും. ‘സെക്കുലര്‍ ഭാഷ’യെ കൈവെടിഞ്ഞ് മുസ്ലിം ഭാഷ ഉപയോഗിക്കുന്ന ‘തീവ്രവാദികളെ’ ഈ സമരം ‘ഹൈജാക്ക് ചെയ്യാന്‍’ അനുവദിക്കരുത് എന്ന നിലവിളികളും ഈ സമരങ്ങള്‍ തുടങ്ങിയ അന്നുതൊട്ടേ മുഴങ്ങുന്നുണ്ട്.
എന്റെ സുഹൃത്തും ഒരു മുസ്ലിം ലീഗുകാരനുമായ മുസ്തുജാബ് ആകട്ടെ ഈ സമരങ്ങളിലെ ‘ഇസ്ലാം കണ്ടന്റിനെ’പ്പറ്റി ഒന്നിലേറെ പോസ്റ്റുകളെഴുതി, അതിലൊരെണ്ണം ഇങ്ങനെയായിരുന്നു :
~ ‘തേരാ മേരാ രിഷ്ത ക്യാ’
എന്നൊരു നബിദിന റാലിക്ക് ചോദിച്ചാല്‍
‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന് ഉറക്കെ പറയും
തേരാ മേരാ രിഷ്താ ക്യാ എന്ന് ഒരു ബഹുജന സമരത്തില്‍ വിളിച്ചാല്‍
‘കോന്‍സ്റ്റിട്യൂഷന്‍ കോന്‍സ്റ്റിട്യൂഷന്‍’ എന്നാവും എന്റെ മറുപടി.~
ഇതുമായി ബന്ധപ്പെട്ടുള്ള സംഘികളുടെ അല്ലെങ്കില്‍ കടുത്ത മുസ്ലിം വിരുദ്ധരുടെ ആശങ്കകളെ, പ്രൊപ്പഗാണ്ടകളെ ഞാന്‍ കണക്കിലെടുക്കുന്നില്ല. എന്നാല്‍ അത് മാറ്റി നിര്‍ത്തിയാല്‍ത്തന്നെ ഈ പ്രതികരണങ്ങളില്‍ പ്രധാനമായും രണ്ടു കൂട്ടരുടെ ആശങ്കകളും പ്രതിസന്ധികളും കണ്‍ഫ്യൂഷനുകളും ഉണ്ട്. ഒന്ന് മുസ്ലിങ്ങളുടെ, മറ്റേത് മുസ്ലിം അല്ലാത്ത, അതേസമയം ഈ സമരങ്ങളുടെ കൂടെ നില്‍ക്കാനാഗ്രഹിക്കുന്ന ചിലരുടെ. ഈ രണ്ടു കൂട്ടരും ‘ഏകശില’യിലുള്ളവരല്ല, രണ്ടിലും പല തരത്തില്‍ ചിന്തിക്കുന്നവരും ഇത്തരം കണ്‍ഫ്യൂഷനുകളെ വ്യത്യസ്ത തരത്തില്‍ അഡ്രസ് ചെയ്യുന്നവരും ഉണ്ട്. അതിനെപ്പറ്റിയെല്ലാമുള്ള എന്റെ ചിന്തയാണ് വാക്കുകളില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത്. ഒരൊറ്റ ഉത്തരമല്ല ഇത്, എന്നാല്‍ ഇതിനൊക്കെ ഉത്തരങ്ങള്‍ കണ്ടെത്താനുള്ള ഒറ്റയ്ക്കും കൂട്ടായുമുള്ള പലരുടെയും ശ്രമങ്ങളുടെ കൂട്ടത്തിലേക്ക് എന്റെ ചില ചിന്തകളും കൂടി ചേര്‍ത്തുവയ്ക്കുകയാണ്. ഒരു ഫെയ്സ്ബുക്ക് പോസ്റ്റിലോ കമന്റിലോ ഒതുക്കാവുന്നതല്ല എന്നതുകൊണ്ട് കുറച്ചു വിശദമായി എഴുതുന്നു. പലരും ഇതിനെപ്പറ്റിയൊക്കെ അഭിപ്രായങ്ങള്‍ പറഞ്ഞുകഴിഞ്ഞു, പലരും ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട് എന്നറിയാം. എന്നാലും.
എല്ലാ ഇടങ്ങളില്‍ നിന്നും നമ്മള്‍ പുറത്താവുമോ എന്ന പേടി
NRC / CAA പ്രധാനമായും ഒരു മുസ്ലിം പ്രശ്‌നം തന്നെയാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും സംശയമുണ്ട് എന്നു തോന്നുന്നില്ല. ഇത് രണ്ടും കൂടി വരുമ്പോള്‍ അത് തങ്ങളെ പുറത്താക്കല്‍ ലക്ഷ്യം വച്ചാണ് എന്ന് മുസ്ലിങ്ങള്‍ക്ക് തോന്നുന്നതിനു മതിയായ കാരണമുണ്ട്. അസമിലാണെങ്കില്‍ എന്‍ ആര്‍ സിയില്‍ പെടാതിരുന്ന പത്തൊമ്പത് ലക്ഷം പേരില്‍ മുസ്ലിങ്ങളെ തെരഞ്ഞുപിടിച്ച് ഡിറ്റന്‍ഷന്‍ സെന്ററുകളിലേക്കയയ്ക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു കഴിഞ്ഞു.
അങ്ങനെയിരിക്കെ, ഈ പ്രശ്‌നത്തിനെ അഡ്രസ് ചെയ്യുന്ന ഒരു ബഹുജന സമരത്തില്‍ ‘നമ്മള്‍ തമ്മിലുള്ള ബന്ധമെന്ത്’ (തേരാ മേരാ രിശ്താ ക്യാ) എന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരം ‘കോന്‍സ്റ്റിറ്റിയൂഷന്‍’ മാത്രമാവുമെന്ന്, അങ്ങനെയായിരിക്കണമെന്ന്, ഞാന്‍ കരുതുന്നില്ല. വിശേഷിച്ച് അത് ഈ രാജ്യത്തുനിന്ന് മുസ്ലിങ്ങളെ അവരുടെ വിശ്വാസത്തിന്റെ പേരില്‍ പുറത്താക്കുന്നതിനെതിരായ ഒരു സമരമാവുമ്പോള്‍. അങ്ങനെ തെരുവുകളിലേക്കിറങ്ങാന്‍ ഒരു സമുദായത്തെ നിര്‍ബ്ബന്ധിതരാക്കുന്ന ‘വിശ്വാസം’ എന്ന ബന്ധത്തെക്കുറിച്ച് സംസാരിച്ചാല്‍ ഇപ്പോള്‍ ഈ സമരത്തെ ഏറെക്കുറെ പിന്തുണയ്ക്കുന്ന ‘പൊതുസമൂഹം’ കൂടി തങ്ങളെ പുറത്താക്കുമോ എന്ന ഭീതിയാവുമോ ആ വിശ്വാസപദ്ധതിയിലുള്ളവരെ കൂട്ടിയിണക്കുന്ന ‘ലാ ഇലാഹാ ഇല്ലള്ളാ’ (ഒരു ദൈവവുമില്ല, സാക്ഷാല്‍ ദൈവമല്ലാതെ) എന്ന ബന്ധത്തെ ‘പുറത്തുകാണാത്ത’ വിധത്തില്‍ ഒതുക്കിവയ്ക്കുന്നതിനു പിന്നില്‍?
ആ പേടിയില്‍ കാര്യമില്ലെന്ന് ഞാന്‍ പറയുന്നില്ല. ഇസ്ലാമിക വിശ്വാസത്തിന്റെ അടയാളങ്ങളോട് ഒരുതരം അകല്‍ച്ചയും പേടിയും അതെല്ലാം പ്രകൃതമാണെന്ന വിചാരവുമെല്ലാം ഈ സമരത്തെ പിന്തുണയ്ക്കുന്നവരില്‍ത്തന്നെ വലിയൊരു വിഭാഗം ആളുകളും കൊണ്ടുനടക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ എത്ര കാലം നമ്മള്‍ അങ്ങനെ ഭയന്ന്, നമ്മുടെ വിശ്വാസത്തെ ‘അടക്കിവച്ച്’ സമരങ്ങളെ മുന്നോട്ടു കൊണ്ടുപോകും എന്ന ചോദ്യവുമുണ്ട്.
തല്ക്കാലത്തേക്ക് അത്തരം പേടികളെ ഉണര്‍ത്തിവിട്ട് പ്രശ്‌നമുണ്ടാക്കാതിരിക്കുക എന്ന ഒരു സ്ട്രാറ്റജിക് പൊസിഷന്‍ എടുക്കുന്നതിനോട് എനിക്ക് വിരോധമൊന്നുമില്ല, അതേ സമയം ഈ വിഷയത്തിലുള്ള സമരത്തില്‍ / സമരങ്ങളില്‍ തേരാ മേരാ രിശ്താ ക്യാ എന്ന് എന്നോട് ചോദിച്ചാല്‍ ‘ലാ ഇലാഹാ ഇല്ലള്ളാ’ എന്നതായിരിക്കും എന്റെ ഉത്തരം എന്നതിലെനിക്ക് സംശയവുമില്ല. എനിക്ക് എന്റെ ഉത്തരം, നിങ്ങള്‍ക്ക് നിങ്ങളുടെ ഉത്തരം എന്ന നിലയില്‍ അതിനെ വിടാം. വിശ്വാസത്തില്‍ ഊന്നിയതും ഭരണഘടനയില്‍ ഊന്നിയതും എല്ലാമായ നിരവധി സമരങ്ങള്‍ നടക്കട്ടെ, അങ്ങനെ നടക്കേണ്ടതുണ്ട് എന്ന് ഒരു ഒത്തുതീര്‍പ്പില്‍ പിരിയാവുന്നതേയുള്ളൂ അത്.
‘ഇസ്ലാമിക രാഷ്ട്ര നിര്‍മ്മിതി’യുമായി ബന്ധപ്പെട്ടതോ ‘ഇസ്ലാമിക’ മുദ്രാവാക്യങ്ങള്‍?
എന്നാല്‍ ശ്രീ. മുസ്തുജാബിന്റെ തന്നെ മറ്റൊരു പോസ്റ്റില്‍ ഈ ആശങ്ക കൂടുതല്‍ വിശദമായി പുറത്തുവരുന്നുണ്ട്. അവിടെ അദ്ദേഹം എടുക്കുന്ന നിലപാട്, പല മുഖ്യധാരാ പാര്‍ട്ടികളും സെക്കുലര്‍ ബുദ്ധിജീവികളും എടുക്കുന്ന നിലപാട് പോലെത്തന്നെ, മുകളില്‍ സൂചിപ്പിച്ച ഒത്തുതീര്‍പ്പ് സാധ്യതയെത്തന്നെ അട്ടിമറിക്കുന്നതാണ്. അദ്ദേഹം ഇങ്ങനെ പറയുന്നു :
‘മതപരമായ ചിഹ്നങ്ങള്‍ സമരത്തിനടക്ക് ഉപയോഗിക്കുന്നത് തെറ്റില്ല. അതു ഒരുപാട് ഉപയോഗിച്ച ചരിത്രവും സമുദായത്തിനുണ്ട്. പക്ഷേ, നിലവിലെ സാഹചര്യം അതല്ല, അവസാനത്തെ ആളെയും കൂടെ നിര്‍ത്തേണ്ടതുണ്ട്. ഒറ്റക്ക് നീന്തി കയറാന്‍ പറ്റുന്ന കടലല്ല മുമ്പിലുള്ളത് എന്ന ഓര്‍മ വേണം. ഇസ്ലാമോഫോബിയ എന്ന യാഥാര്‍ത്ഥ്യം നമ്മുടെ ചുറ്റും പരന്ന് കിടക്കാണ്.
തക്ബീറും ബദറും ഉഹ്ദും കര്‍ബലയുമൊന്നും എല്ലാര്‍ക്കും ഉള്‍കൊള്ളാന്‍ പറ്റികൊള്ളണമെന്നില്ല.
മുസ്ലിമായി ഈ നാട്ടില്‍ ജീവിച്ചു മരിക്കാനുള്ള ഭരണഘടന അവകാശം സംരക്ഷിക്കാനുള്ള പോരാട്ടമാണ്. അതു കൊണ്ട് തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാവട്ടെ നമ്മുടെ സമരങ്ങള്‍.
സമരമുഖത്തുള്ളവരോടാണ്, ഇത് ഇസ്ലാമിക രാഷ്ട്രം പണിയാനുള്ള സമരമല്ല. ഹിന്ദുരാഷ്ട്ര നിര്‍മ്മിതിക്ക് എതിരായുള്ള സമരമാണ്. ബദറും ഉഹദും കര്‍ബലയും ഒക്കെയായി ഈ മുന്നേറ്റത്തെ ഭാവനയില്‍ കാണുകയും സമൂഹത്തെ അങ്ങനെയൊരു അരക്ഷിത കാല്പനികതയിലേക്ക് തള്ളിവിടുകയും ചെയ്യുന്നവര്‍ ആ പണി നിര്‍ത്തിവെക്കണം. അങ്ങനെയൊരു അറ്റത്തേക്ക് കൂട്ടിക്കൊണ്ട് പോവാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് മനസിലാവുന്നേയില്ല. ദയവ് ചെയ്ത് ഇന്ത്യയൊന്നാകെ അലയടിക്കുന്ന ഈ മുന്നേറ്റത്തെ ഒറ്റുക്കൊടുക്കരുത്.’
ഈ പോസ്റ്റിന് സമാനമായ ഭീതി മറ്റു പല മുസ്ലിം സുഹൃത്തുക്കളും പ്രകടിപ്പിച്ചു കണ്ടു, എന്റെ പല മുസ്ലിം സുഹൃത്തുക്കളും ഈ പോസ്റ്റ് തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തു. ഇസ്ലാമികമായ ഇത്തരം പദാവലികള്‍ ഉപയോഗിക്കുന്നതിലൂടെ എസ് ഐ ഓ ബന്ധമുള്ളവരും ലദീദയുമെല്ലാം ഈ സമരത്തെയും രാജ്യത്തെ ‘പാവപ്പെട്ട’ മുസ്ലിങ്ങളെയും ഒറ്റുകൊടുക്കുകയാണ് എന്നതാണ് അവരില്‍ പലരുടെയും പ്രധാന വാദം / ആരോപണം. അത് ഗൗരവമേറിയ ഒന്നാണ്.
ഈ വാദത്തെക്കുറിച്ച് പറയുകയാണെങ്കില്‍, ഇസ്ലാമിക രാഷ്ട്രം പണിയാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് മാത്രം ബാധകമാവുന്ന കാര്യങ്ങളാണ് ഇവിടെ പരാമര്‍ശിച്ച തക്ബീറും ബദറും ഉഹ്ദും കര്‍ബലയുമെല്ലാം എന്ന് ഞാന്‍ കരുതുന്നില്ല. ജിഹാദ് എന്ന വാക്ക് തന്നെയും ഇസ്ലാമിക രാഷ്ട്രവുമായി ബന്ധപ്പെട്ട ഒന്നല്ല. ‘ഇസ്ലാമിക രാഷ്ട്ര വാദികള്‍’ എന്ന് ജമാ അത്തുകാരെ നിരന്തരം പരിഹസിക്കുന്ന സുന്നി / സൂഫി മുസ്ലിങ്ങളുടെ അടക്കം ഭാഷയില്‍ ഉള്ളടങ്ങിയതാണ് ഇസ്ലാം വിശ്വാസവുമായി ഇഴചേര്‍ന്നു കിടക്കുന്ന ഈ പദപ്രയോഗങ്ങളെല്ലാം തന്നെ. ഈ പദങ്ങള്‍ക്ക് ഓരോരുത്തരും നല്‍കുന്ന മാനങ്ങള്‍, നിര്‍വ്വചനങ്ങള്‍ വ്യത്യസ്തമാവാമെങ്കിലും ആ വാക്കുകള്‍ സമരത്തില്‍ കടന്നുവരുന്നത് വിശ്വാസത്തിന്റെ ഒരു വൊക്കാബുലറി ഈ സമരങ്ങളില്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ്, അത് സാഹചര്യത്തിന്റെ അനിവാര്യതയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. (മാത്രവുമല്ല ഈ സമരത്തിനിടയില്‍ ഇതുവരെ ആരും ഇസ്ലാമിക രാഷ്ട്രമെന്ന അജന്‍ഡ / മുദ്രാവാക്യം ഉയര്‍ത്തിയതായി കാണാന്‍ സാധിക്കുന്നുമില്ല).
ഇന്ത്യയില്‍ ഇതിനകം നടന്ന വലിയ CAA / NRC വിരുദ്ധ റാലികളും സമ്മേളനങ്ങളും പ്രതിഷേധ പരിപാടികളുമെല്ലാം ഒറ്റത്തവണ കണ്ണോടിച്ചാല്‍ത്തന്നെ മനസ്സിലാക്കാം അതില്‍ ഏറ്റവുമധികം ജനപങ്കാളിത്തമുണ്ടായ മിക്ക പരിപാടികളും പ്രധാനമായും മുസ്ലിംകള്‍ തന്നെ സംഘടിച്ചു നടത്തിയ സമരപരിപാടികളാണ്. ഡിസംബര്‍ അവസാനത്തെ ആഴ്ച ഔറംഗാബാദില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ പങ്കെടുത്ത റാലിയും മുംബൈയിലും ഉത്തര്‍ പ്രദേശിലെ പല സ്ഥലങ്ങളിലും സമരത്തിന്റെ ആദ്യഘട്ടത്തില്‍ ഡിസംബര്‍ 20ന് മുമ്പായി നടന്ന റാലികളും ഹൈദരാബാദില്‍ ഉവൈസിയുടെ നേതൃത്വത്തില്‍ നടന്ന പടുകൂറ്റന്‍ പൊതുയോഗവും നിരോധനാജ്ഞയെ അവഗണിച്ചുകൊണ്ട് ഡിസംബര്‍ 19ന് കര്‍ണ്ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നടന്ന പതിനായിരങ്ങള്‍ പങ്കെടുത്ത റാലിയും കേരളത്തില്‍ കോഴിക്കോട്, ഈരാറ്റുപേട്ട, മലപ്പുറം, പെരുമ്പാവൂര്‍, മഞ്ചേരി എന്നിങ്ങനെ പലയിടങ്ങളിലായി വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വലിയ ജനപങ്കാളിത്തത്തോടെ നടന്ന റാലികളും സമ്മേളനങ്ങളും കൊച്ചിയില്‍ വിവിധ മുസ്ലിം സംഘടനകള്‍ ഒരുമിച്ചു നടത്തിയ രണ്ടുലക്ഷത്തോളം പേരുടെ റാലിയും എല്ലാം അതില്‍ പെടും. ഹൈദരാബാദില്‍ പിന്നീട് നടന്ന പത്തുലക്ഷം പേരോളം പങ്കെടുത്ത റാലിയിലും നല്ലൊരു പങ്ക് മുസ്ലിങ്ങള്‍ തന്നെയായിരുന്നു. ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധവും ജമാ മസ്ജിദിനെ കേന്ദ്രസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടായിരുന്നു, വെള്ളിയാഴ്ചത്തെ ജുമാ പ്രാര്‍ത്ഥനയുടെ ഭാഗമായിക്കൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ ഭാഷ പോലും ഇസ്ലാമികമായ പദപ്രയോഗങ്ങള്‍ ധാരാളമായി കടമെടുത്തുകൊണ്ടായിരുന്നു. ജാമിയയ്ക്കടുത്ത് ഷഹീന്‍ ബാഗില്‍ ഇപ്പോഴും തുടരുന്ന അമ്മമാരുടെ / സ്ത്രീകളുടെ സമരം, മാലേഗാവില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പര്‍ദ്ദയണിഞ്ഞ് നിരത്തുകളിലിറങ്ങിയ സമരം, മെഴുകുതിരികള്‍ പിടിച്ച് ജാനുവരി 8ന് വൈകുന്നേരം ഓള്‍ഡ് ഡല്‍ഹിയിലെ മുസ്ലിം സ്ത്രീകള്‍ കൂട്ടത്തോടെ ഡല്‍ഹി ജമാ മസ്ജിദിലേക്ക് നടത്തിയ സി എ എ – എന്‍ ആര്‍ സി വിരുദ്ധ മാര്‍ച്ച് എന്നിവയും എടുത്തുപറയേണ്ടതാണ്.
മറ്റുള്ള സമരങ്ങള്‍ പ്രധാനമല്ല എന്നല്ല ഞാന്‍ പറയുന്നത്. വിശ്വാസത്തിലൂന്നിയ, വിശ്വാസത്തിന്റെ പുറത്ത് ഒരുമിക്കുന്ന, വിശ്വാസത്തിന്റെ പദാവലിയിലൂന്നിയ, ‘ലാ ഇലാഹാ ഇല്ലള്ളാ’ എന്ന ബന്ധത്തിലൂന്നിയ, സമരങ്ങളാണ് ഈ സാഹചര്യത്തില്‍ ഏറ്റവുമധികം ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നത് എന്നാണ്. അത് കര്‍ണ്ണാടകയിലായാലും തെലങ്കാനയിലായാലും ഡല്‍ഹിയിലായാലും മഹാരാഷ്ട്രയിലായാലും ഉത്തര്‍ പ്രദേശിലായാലും കേരളത്തിലായാലും അങ്ങനെത്തന്നെയാണ്. ആ ഒരു വിശ്വാസത്തിന്റെ ‘ബേസ്’ ഇല്ലാതെ ഇത്രയും വലിയ തോതില്‍ ഈ പ്രതിഷേധങ്ങള്‍ സാധ്യമാവുക തന്നെ ചെയ്യുമായിരുന്നില്ല.
വയലന്‍സ്
ഇതോടൊപ്പം മറ്റൊരു വിഷയം കൂടി പ്രധാനമാണ് എന്നു തോന്നുന്നു — എന്തായിരുന്നു ഇതുവരെയായി എന്‍ ആര്‍ സി / സി എ എ വിരുദ്ധ സമരങ്ങളുടെ രീതി എന്നതാണത്. അക്രമം സമരമാര്‍ഗ്ഗമായി സ്വീകരിക്കുമ്പോഴാണ് പോലീസ് സമരത്തിനു മേല്‍ അക്രമം പ്രയോഗിക്കുന്നത് എന്നതാണ് പോലീസ് നടത്തുന്ന വയലന്‍സിന് ഭരണകൂടം പൊതുവേ നല്കിപ്പോരുന്ന ന്യായീകരണം. എന്നാല്‍ ഇത് എങ്ങനെയാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് എന്ന കാര്യം നമ്മള്‍ക്ക് ഏതാണ്ടൊക്കെ അറിവുള്ളതാണ്.
മുസ്ലിങ്ങളോ ദലിതരോ നടത്തുന്ന സമരമാണ് എന്നു വരികില്‍ അത് ആ ഒരൊറ്റ കാരണം കൊണ്ടുതന്നെ ‘വയലന്റ്’ ആയിരിക്കും എന്നുറപ്പിച്ചാണ് പൊതുവേ പോലീസ് അതിനെ നേരിടാറുള്ളത്, കേരളത്തിലടക്കം അക്കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമില്ല. (സുപ്രീം കോടതി അടക്കം സമരക്കാര്‍ അക്രമം നടത്തുന്നു എന്ന മുന്‍വിധിയോടെയാണ് പല പ്രസ്താവനകളും നടത്തിയത് എന്നു കാണാം.) തമിഴ് നാട്ടില്‍ പലപ്പോഴായി ദലിത് സമരങ്ങള്‍ക്കു നേരെ നടന്നിട്ടുള്ള പോലീസ് വെടിവെപ്പുകളും കേരളത്തിലെ ബീമാപള്ളി വെടിവെപ്പും 1991ല്‍ പാലക്കാട് വച്ച് സിറാജുന്നിസ എന്ന 11 വയസ്സുകാരിയെ പോലീസ് വെടിവച്ചു കൊന്നതും എല്ലാം നമുക്കറിവുള്ളതാണ്. ഇക്കഴിഞ്ഞ പതിനേഴാം തിയ്യതിയുടെ ഹര്‍ത്താലിന്റെ പേരില്‍ത്തന്നെ പൊന്നാനിയില്‍ പോലീസിനെ ആക്രമിച്ചു എന്നു പറഞ്ഞ് ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു, അവര്‍ക്ക് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജാമ്യം ലഭിച്ചത്.
ബംഗാളിലെ മുര്‍ഷിദാബാദില്‍ ലുങ്കിയും തൊപ്പിയും ധരിച്ച ആറ് പേര്‍ ട്രെയിനിന് കല്ലെറിയുമ്പോള്‍ പോലീസ് പിടിച്ചു എന്ന് ഡിസംബറില്‍ വാര്‍ത്ത വന്നിരുന്നു. സ്ഥലത്തെ ഒരു പ്രധാന BJP പ്രവര്‍ത്തകനും സംഘവും ഫേക് വീഡിയോ റെക്കോഡ് ചെയ്യുകയായിരുന്നു എന്ന് ബംഗാള്‍ പോലീസ് കണ്ടെത്തി. ബംഗാളിലായതുകൊണ്ട് ഭാഗ്യവശാല്‍ അവര്‍ പിടിക്കപ്പെടുകയുണ്ടായി. ബി ജെ പി ഭരണത്തിലുള്ള യു പി യിലും കര്‍ണ്ണാടകയിലുമൊക്കെ അവര്‍ ഇത്തരത്തിലുള്ള തന്ത്രങ്ങള്‍ പുറത്തെടുക്കുന്ന സമയത്ത് പോലീസ് ആരുടെ കൂടെ നില്‍ക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗുജറാത്തിലും മുസാഫര്‍നഗറിലുമൊക്കെ മുമ്പ് അവര്‍ വിജയകരമായി ചെയ്തിട്ടുള്ളത് പോലെത്തന്നെ.
മംഗലാപുരം
ഡിസംബര്‍ 20 ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ശ്രീ. മുഹമ്മദലി ജൗഹര്‍ മംഗലാപുരത്തു നിന്ന് ഇങ്ങനെ എഴുതി :
‘മലയാളികളുടെ ശ്രദ്ധ പെട്ടന്ന് മംഗലാപുരത്തേക്ക് തിരിയണം.
1-ഇന്നലെ പോലീസ് രണ്ടു മുസ്ലിം ചെറുപ്പക്കാരെ വെടിവെച്ച് കൊന്നു.
2-മംഗലാപുരം മുന്‍ മേയര്‍ അഷ്റഫ് വെടി ഏറ്റ് ഹോസ്പിറ്റലില്‍ ആണ്.
3-ഒരുപാട് പേര്‍ക്ക് വെടി ഏറ്റിട്ടുണ്ട്. പോലീസ് ഐസിയുവില്‍ കേറി ടിയര്‍ ഗ്യാസ് എറിയുന്ന യുന്ന വീഡിയോ ഫുറ്റേജും, ഹോസ്പിറ്റലില്‍ തല്ലുന്നതും ഇന്നലെ കണ്ടിരുന്നു.
4-ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തത് കൊണ്ട് വാര്‍ത്ത വരുന്നില്ല.
5- ഇന്നലെ തന്നെ മുസ്ലിം പത്രമായ വാര്‍ത്താ ഭാരതിയുടെ റിപ്പോര്‍ട്ടറെ പോലീസ് ക്രൂരമായി മര്‍ദിച്ചിട്ടുണ്ട്.
6- ഇന്ത്യയിലെ ഏറ്റവും വര്‍ഗീയവാദികള്‍ ആയ പോലീസുകാര്‍ മംഗലാപുരത്താണെന് ഗൗരി ലങ്കേഷ് അടക്കം പല ആളുകളും സൂചിപ്പിച്ചതാണ്.
7- 1977 മുതല്‍ 7 ഓളം മുസ്ലിം കോണ്‍ഗ്രസ് നേതാക്കമാരെ വെട്ടി കൊന്ന നാടാണ്.
8- കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായ ബാബരി മസ്ജിദ് പൊളിക്കുന്ന വീഡിയോ ഡെമോ ആക്കി പഠിപ്പിച്ച ആ സ്‌കൂള്‍ നിലനില്‍ക്കുന്നത് മംഗലാപുരം ഭാഗത്താണ്.
9- ഏറ്റവും വര്‍ഗീയവാദികള്‍ ആയ മീഡിയ നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്ന് കര്‍ണാടക ആണ്.
10- സിവില്‍ സൊസൈറ്റി വളരെ വീക്ക് ആയ പ്രദേശം ആണ് മംഗലാപുരം. 11- നിരന്തരം കലാപം നടന്നിരുന്ന മംഗലാപുരത്ത് കുറച്ചു വര്‍ഷങ്ങളായി സമാധാനം ഉണ്ടായിരുന്നു. മുസ്ലിംകള്‍ നിരന്തമായി കൊല്ലപ്പെട്ടിരുന്നു. പശുവിന്റെ പേരിലുള്ള അക്രമം വളരെ വര്‍ഷങ്ങള്‍ മുമ്പ് തുടങ്ങിയ നാടാണ്.
12- പ്രതിഷേധം തന്നെ പറ്റില്ല എന്നാണ് പറഞ്ഞിരിക്കുന്നത്. (മലയാളികളായ ആയിരങ്ങള്‍ പഠിക്കുന്ന സ്ഥലം, നൂറുകണക്കിന്ന് കച്ചവടക്കാര്‍ ഉള്ള മംഗലാപുരം കത്താതെ നോക്കണം. മുസ്ലിംകളെ കൂട്ട കൊല ചെയ്യാന്‍ കാത്തിരിക്കുന്ന പോലീസും, സംഗപരിവാറിനും മൃഗീയ ഭൂരിഭക്ഷം ഉള്ള സ്ഥലമാണ്. യെദിയൂരപ്പ തന്നെ കലാപം നിര്‍ത്താന്‍ ശ്രമിച്ചാല്‍ മംഗലാപുരത്ത് അത് നിര്‍ത്താന്‍ സാധിക്കുകയില്ല.
മലയാളികളായ ജേണലിസ്റ്റുകള്‍ പോലീസ് കസ്റ്റഡിയിലാണ്. കര്‍ണാടക ചാനലുകള്‍ മാരക ആയുധമേന്തി വന്ന ഫേക്ക് ജേര്‍ണലിസ്റ്റുകള്‍ എന്ന വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. നാഷണല്‍, ഇന്റര്‍നാഷണല്‍ മീഡിയ പെട്ടന് ഇടപെടുന്ന രീതിയിലേക്കു മാറണം.’
ജൗഹര്‍ എന്റെ സുഹൃത്താണ്, കാന്തപുരം എ പി അബൂബക്കര്‍ മുസലിയാരുടെ അനുയായിയായ അദ്ദേഹം അദ്ദേഹം ഒരു ‘ഇസ്ലാമിസ്റ്റ്’ പോലുമല്ല. എന്നാല്‍ മുസ്ലിം സമരങ്ങളോട് പോലീസും മാധ്യമങ്ങളും എടുക്കുന്ന നിലപാട് എങ്ങനെയുള്ളതാണ് എന്ന് അദ്ദേഹമെഴുതിയ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
ഇത് കൂടാതെ ‘ഒരുപാട് തവണ വെടിവച്ചിട്ടും ഒരുത്തനും ചത്തില്ലല്ലോ’ എന്ന് കന്നടയില്‍ പറയുന്ന പോലീസ് ഓഫീസറുടെ വീഡിയോയും പോലീസുകാര്‍ ഒരു മുസ്ലിം ചെറുപ്പക്കാരനെ പിടിച്ച് നടുറോട്ടില്‍ വച്ച് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയും ഏതാണ്ട് അതേ ദിവസങ്ങളില്‍ ശ്രീ. ജൗഹര്‍ എഫ് ബിയില്‍ ഷെയര്‍ ചെയ്തിരുന്നു.
ഉത്തര്‍ പ്രദേശ്
പ്രതിഷേധക്കാരെന്ന പേരില്‍ (മുസ്ലിങ്ങളായ) കണ്ണില്‍ കണ്ടവരെയെല്ലാം അറസ്റ്റ് ചെയ്യുന്നതിന് പുറമേ മുസ്ലിം വീടുകളില്‍ കയറി സാധനങ്ങളെല്ലാം നശിപ്പിക്കുകയും വിവാഹത്തിന് സൂക്ഷിച്ചുവച്ച സ്വര്‍ണ്ണമടക്കം വിലപിടിച്ച സാധനങ്ങളും പണവും എടുത്തു കൊണ്ടു പോവുകയും ചെയ്യുന്നുണ്ട് പൊലീസ് എന്ന് യു പിയില്‍ നിന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടുകാരെ അതിക്രൂരമായി മര്‍ദ്ദിക്കുന്നതായും പള്ളികള്‍ അടിച്ചു തകര്‍ക്കുന്നതായും വീഡിയോ സഹിതം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. (മലയാളത്തില്‍ ഡിസംബര്‍ 26ന് സുപ്രഭാതം ഓണ്‍ലൈന്‍ ഈ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.) ആഴ്ചകളോളം ഉത്തര്‍ പ്രദേശിന്റെ മൂന്നിലൊന്ന് ജില്ലകളും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ട നിലയിലായിരുന്നു. ഇപ്പോഴത്തെ സ്ഥിതി എനിക്കറിയില്ല. അവിടങ്ങളിലെ പോലീസ് വയലന്‍സിന്റെ കൃത്യമായ വിവരങ്ങളൊന്നും പുറം ലോകത്തേക്ക് എത്തിയിരുന്നില്ല. ഇപ്പോഴും ജനം വലിയ ഭീതിയിലാണ്. പോലീസുകാര്‍ വീടുകളില്‍ കയറി സ്ത്രീകളെ ഉപദ്രവിക്കുകയും വീടും വീട്ടുസാധനങ്ങളും നശിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് യു പി യിലെ ബിജ്നോറില്‍ നിന്ന് മുസ്ലിം ജനത കൂട്ടത്തോടെ പലായനം ചെയ്യുകയാണ് എന്ന് ഇന്‍ഡ്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു പി യില്‍ നടക്കുന്നത് മുസ്ലിംകളുടെ കൂട്ടക്കൊലയാണ് എന്ന് പത്രപ്രവര്‍ത്തക റാണാ അയ്യൂബ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. മരിച്ചവരുടെയെല്ലാം പേരുകളും അവര്‍ തന്റെ പോസ്റ്റില്‍ പങ്കുവച്ചിരുന്നു.
കുറ്റം സമരക്കാര്‍ക്ക്?
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എന്നിരിക്കിലും മംഗലാപുരത്തും ലഖ്നൗവിലും പോലീസ് വെടിവെപ്പ് നടന്നതായും മൂന്നുപേര്‍ കൊല്ലപ്പെട്ടതായും വാര്‍ത്ത വന്നപ്പോള്‍ മുസ്ലിം പേരുള്ള ഒരാള്‍ എഫ് ബിയില്‍ പ്രതികരിച്ചത് ‘ഷായുടെ ആഗ്രഹം പോലെതന്നെയാണ് കാര്യങ്ങള്‍ പോകുന്നത്’ എന്നാണ്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്, ബി ജെ പി പ്രസിഡന്റും ഒപ്പം കേന്ദ്ര ആഭ്യന്തരമന്ത്രിയുമായിരിക്കുന്ന ഒരാളുടെ ആഗ്രഹപ്രകാരം എന്തും നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലാണ് ഇങ്ങനെയൊക്കെ നടന്നത് എന്നിരിക്കിലും ഇത് സമരക്കാരുടെ ‘രീതികള്‍’ ശരിയല്ലാത്തതുകൊണ്ടാണ് എന്ന ഒരു വിചാരം / പൊതുബോധം മുസ്ലിങ്ങളടക്കം പങ്കുവയ്ക്കുന്നുണ്ട് എന്നുവേണം മനസ്സിലാക്കാന്‍.
ഈ രണ്ടു സംസ്ഥാനങ്ങള്‍ക്ക് പുറത്ത് എവിടെയും സമരങ്ങള്‍ അക്രമാസക്തമായതായോ പോലീസ് വലിയ തോതിലുള്ള വയലന്‍സ് / വെടിവെപ്പ് നടത്തിയതായോ ഇതുവരെ റിപ്പോര്‍ട്ടുകളൊന്നുമില്ല എന്നോര്‍ക്കണം. ഡല്‍ഹി പോലീസ് ജാമിയയിലെയും അതിനുശേഷം ജെ എന്‍ യു വിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാണിച്ച വയലന്‍സാണ് പിന്നെ അതിനോട് ഏറ്റവും അടുത്തു നിന്നത്. ഡല്‍ഹിയിലെ പോലീസാവട്ടെ നേരിട്ട് കേന്ദ്രസര്‍ക്കാരിന്റെ അധികാരത്തിനുള്ളില്‍ വരുന്നതാണ്. മറ്റു സ്ഥലങ്ങളില്‍ ഉണ്ടാകുന്ന ചെറിയ അക്രമങ്ങളെ പെരുപ്പിച്ചു കാണിക്കാന്‍ മാധ്യമങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ടെങ്കില്‍ക്കൂടിയും ഇവിടങ്ങളിലെപ്പോലെ ഭീകരാന്തരീക്ഷം വേറെ എവിടെയും ഉണ്ടായില്ല. ‘ബീഹാറിലെങ്ങോ പ്രകടനക്കാര്‍ ഒരു ഓട്ടോറിക്ഷക്ക് അടിക്കുന്ന വീഡിയോ ഏഷ്യാനെറ്റിന്റെ കയ്യിലുണ്ട്… അത് അവര്‍ എല്ലാ ദിവസവും പ്രക്ഷേപിക്കും’ എന്ന് ശ്രീ. അമീര്‍ മലയാളി ഒരു പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തില്‍ ഡിസംബര്‍ 17ന് നടന്ന ഹര്‍ത്താല്‍ കേരളത്തില്‍ ഇതുവരെ നടന്നിട്ടുള്ള ഹര്‍ത്താലുകളില്‍ വച്ച് ഏറ്റവുമധികം സമാധാനപരമായ ഒന്നായിരുന്നെങ്കിലും ആ ഹര്‍ത്താലില്‍ താമരശ്ശേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഒരു ബസ്സിന് കല്ലെറിഞ്ഞു എന്നത് കേരളകൗമുദി അടക്കമുള്ള പത്രങ്ങളുടെ പോര്‍ട്ടലുകള്‍ വലിയ വാര്‍ത്തയാക്കിയിരുന്നു.
പൊലീസിന് പൂ കൊടുക്കുന്നവര്‍, അക്രമമില്ലായ്മ എന്ന നയം
‘ദില്ലി പോലീസ് ഞങ്ങളുടെ കൂടെ വരൂ, ഞങ്ങളോട് സംസാരിക്കൂ’ എന്നു പറഞ്ഞുകൊണ്ട് ഡല്‍ഹിയിലെ സമരക്കാരില്‍ ചിലര്‍ ഡല്‍ഹി പൊലീസിന് പനിനീര്‍ പൂക്കള്‍ കൊടുക്കുന്ന വീഡിയോ ഇതിനിടെ വൈറലായിരുന്നു. ആ രീതിയിലുള്ള ‘പൂ കൊടുക്കല്‍’ ഒരു പ്രിവിലേജാണ്, എന്നാലും അതിന് പറ്റുന്നവരൊക്കെ അത് ചെയ്യുക തന്നെ വേണമെന്നാണ് ഞാന്‍ കരുതുന്നത്. ശ്രീ. കുര്യാക്കോസ് മാത്യു ഒരു പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചത് പോലെ, പൊലീസിലെ അടക്കം ഒരു വിഭാഗത്തെ കൂടെ നിര്‍ത്തിക്കൊണ്ട് വേണ്ടിവരും ഏതൊരു പ്രധാനപ്പെട്ട സമരങ്ങള്‍ക്കും എന്ന പോലെ ഈ സമരത്തിനും മുന്നോട്ടു പോവാന്‍. എന്നാല്‍ അത് എല്ലാവര്‍ക്കും പറ്റുകയുമില്ല. മുന്‍വിധികളോടെ മുസ്ലിം സമരങ്ങളെ / പ്രതിഷേധങ്ങളെ അക്രമമെന്നും കലാപമെന്നും മുദ്ര കുത്തി അടിച്ചമര്‍ത്താന്‍ വരുന്ന സമയങ്ങളില്‍ പൂ കൊടുക്കല്‍ പ്രയോഗികമാവില്ല എന്നത് സത്യമാണ്. എങ്കിലും അക്രമമില്ലാത്ത സമരമെന്നതായിരിക്കണം ഈ പ്രതിഷേധങ്ങളുടെ നയം എന്ന് ശ്രീ. ഉവൈസി അടക്കമുള്ള നേതാക്കന്മാര്‍ പറഞ്ഞിട്ടുള്ളത് ഈ അവസരത്തില്‍ പ്രസക്തമാണ്. കാന്‍ഡില്‍ ലൈറ്റ് മാര്‍ച്ച് നടത്തിയതിന് അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 1200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ യു പി പോലീസ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തു എന്ന വാര്‍ത്ത വന്നിരുന്നു ടൈംസ് നൗ ന്യൂസില്‍. അതൊക്കെ നടക്കുമ്പോഴും, അക്രമങ്ങള്‍ നടത്താതെ തന്നെ അക്രമികളെന്ന് മുദ്ര കുത്തപ്പെടാമെന്നിരിക്കിലും, ഒരു നയമെന്ന നിലയില്‍ അക്രമത്തെ സ്വീകരിക്കാതിരിക്കുക എന്നത് ഇവിടെ പ്രധാനമാണ്. ‘വ്യവസ്ഥിതിയെ തകര്‍ക്കാന്‍ വേണ്ടിയുള്ള യുദ്ധത്തില്‍ വേണ്ടിവന്നാല്‍ ഞങ്ങള്‍ കൊല്ലും’ എന്നൊക്കെ വാചകമടിച്ച് കയ്യടി വാങ്ങാനുള്ള സമയമല്ല ഇത് എന്ന തിരിച്ചറിവ് നേതാക്കള്‍ക്കുണ്ട് എന്നാണ് എനിക്ക് മനസ്സിലാവുന്നത്.
ഐക്യപ്പെടലുകളിലെ മുസ്ലിം പേടി
മുസ്ലിങ്ങളല്ലാത്ത ധാരാളം പേരുടെ പങ്കാളിത്തത്തോട് കൂടെ കേരളത്തില്‍ പല പ്രതിഷേധ പരിപാടികളും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടക്കുകയുണ്ടായി. അതില്‍ എറണാകുളത്തുവച്ചു നടന്ന പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചും കോഴിക്കോട് കലാകാരന്മാരുടെ നേതൃത്വത്തില്‍ നടന്ന ‘ആര്‍ട് അറ്റാക്കും’ റിപ്പബ്ലിക് ദിനത്തില്‍ സി പി എം സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയും എടുത്തുപറയേണ്ടതാണ്. എന്നാല്‍ ചിലപ്പോള്‍ അത്തരം ഐക്യദാര്‍ഢ്യ പരിപാടികള്‍ക്കിടയില്‍പ്പോലും ചില മുന്‍വിധികള്‍ കയറിവരുന്നുണ്ട് എന്നതും കാണാതിരുന്നുകൂടാ.
‘പ്രധാനമായും ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് ഇസ്ലാമിസ്റ്റുകളായിട്ടുള്ള മുസ്ലിംകളുടെ മുന്‍കൈയില്‍ ഇവിടെ കലാപം നടക്കണമെന്നാണ്.. പക്ഷെ ഇസ്ലാമേതരരായിട്ടുള്ള ആളുകളുടെ നേതൃത്വത്തില്‍ വലിയ സമരം നടക്കണം എന്ന് ഞാന്‍ കരുതുന്നു..’ എന്നാണ് ഡോ. രേഖാ രാജ് പീപ്പിള്‍സ് ലോങ്ങ് മാര്‍ച്ചില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.
മുസ്ലിംകളുടെ മുന്‍കൈയില്‍ നടക്കുന്ന പ്രതിഷേധങ്ങളെയെല്ലാം ‘കലാപം’ ആയി കാണുന്ന, ഇസ്ലാമേതരരായിട്ടുള്ള ആളുകളുടെ നേതൃത്വത്തില്‍ നടക്കുന്നതിനെ മാത്രം ‘സമരം’ ആയി കണക്കാക്കുന്ന ഒരു ഭരണകൂട യുക്തി ആ വാക്കുകളില്‍ നിഴലിക്കുന്നുണ്ട്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ദലിത് ആക്റ്റിവിസ്റ്റ് കൂടിയായ ഡോ. രെജി ദേവ് എഫ് ബിയില്‍ ഇങ്ങനെ എഴുതി :
‘ഉത്തര്‍പ്രദേശില്‍ കലാപം നടത്തുന്നത് മുസ്ലിങ്ങളല്ല, മോദിയുടെയും, യോഗിയുടെയും സംഘ് പരിവാര്‍ പോലീസാണ്. ഉത്തര്‍ പ്രദേശില്‍ മാത്രമല്ല ഇന്ത്യ മുഴുവന്‍. അതും ഈ സമയത്ത് ഓര്‍മ്മിക്കേണ്ടതാണ്. അതുകൊണ്ട് മുസ്ലിങ്ങളും, ഇസ്ലാമിസ്റ്റുകളും കലാപം നടത്തുന്നവരാണ് എന്ന ഭീതി ഒരു ദലിത് സ്ത്രീ പറഞ്ഞാലും അതു തെറ്റു തന്നെയാണ്. അലനെയും താഹയെയും അറസ്റ്റ് ചെയ്യാനും സക്കരിയയെയും മദനി സാഹിബിനെയും ഹാദിയെയുമൊക്കെ കഷ്ടപെടുത്താനും കഴിയുന്നതിനു പിന്നില്‍ ആ ഭീതി തന്നെയാണ്. കലാപം നടത്താന്‍ സാധ്യതയുള്ള ഇസ്ലാമിസ്റ്റുകളെ പറ്റി പറയുമ്പോള്‍ സാധുത നല്‍കുന്നത് സംഘ് പരിവാറിന്റെ വാദങ്ങള്‍ക്കാണ്. കേരളം, ഉത്തര്‍പ്രദേശ്, തേലെങ്കാനാ, മധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ജയിലില്‍ കിടക്കുന്ന മുസ്ലിങ്ങളില്‍ എത്രപേര്‍ കലാപം നടത്തിയിട്ട് ജയിലില്‍ പോയവരാണ്? ഇതേ വാദമുഖങ്ങള്‍ തന്നെയല്ലേ ദലിതരും, ആദിവാസികളും ഈ രാജ്യത്ത് നേരിടേണ്ടി വരുന്നത്. ഉദാഹരണം ഡി എച് ആര്‍ എം, ദലിത് പാന്തേഴ്‌സ് പോലുള്ള സംഘടനകള്‍. അപ്പോള്‍ അതും സാധൂകരിക്കാനാകുമോ?’
കോഴിക്കോട് വച്ചു നടന്ന ‘ആര്‍ട് അറ്റാക്ക്’ റാലിയിലും അതിനുശേഷം ബീച്ചില്‍ വച്ചു നടന്ന കലാപരിപാടികളിലും വലിയ തോതില്‍ മുസ്ലിം സമുദായത്തിനു പുറത്തുള്ളവരുടെ പങ്കാളിത്തമുണ്ടായിട്ടും മുസ്ലിം സമരങ്ങളോടോ സമരങ്ങളിലെ മുസ്ലിം ഭാഷയോടോ ഒന്നും അകല്‍ച്ചയോ പേടിയോ കാണിച്ചില്ല അത് എന്നത് ശ്രദ്ധേയമാണ്. ജാമിയയില്‍ നിന്നുള്ള സമര നേതാക്കളെന്ന നിലയില്‍ ലദീദയും ആയിഷാ റെന്നയും ആ സമരത്തിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.
മനുഷ്യ മഹാ ശൃംഖലയുടെ കാര്യത്തിലാകട്ടെ, ആ പരിപാടിയുടെ നോട്ടീസുകളുടെയും മൈക്ക് അനൗണ്‍സ്‌മെന്റുകളുടെയും അതിന്റെ പ്രചാരണ പ്രസംഗങ്ങളുടെയും വലിയൊരു ഭാഗം സി എ എ യെയും എന്‍ ആര്‍ സി യെയും എതിര്‍ക്കുന്ന പോലെത്തന്നെ ‘മതരാഷ്ട്രവാദം ഉന്നയിക്കുന്ന’ ജമാ അത്തെ ഇസ്ലാമിയെയും എസ് ഡി പി ഐ യെയും എന്തുകൊണ്ട് മാറ്റിനിര്‍ത്തണമെന്ന വിശദീകരണങ്ങളായിരുന്നു. മുസ്ലിം ജനത ഇടതുപക്ഷത്തിന്റെ സംരക്ഷണത്തിലല്ലാതെ സംഘടിക്കുന്നതോ സമരം ചെയ്യുന്നതോ സഹിക്കാത്തതു കൊണ്ടായിരിക്കാം അത്.
അത്തരം പേടികളില്ലാതെ ഈ സമരത്തില്‍ മുസ്ലിം സമുദായത്തിന്റെ കൂടെ നില്‍ക്കേണ്ടതിന്റെ ആവശ്യം കൃത്യമായി തിരിച്ചറിയുന്ന ആളായതുകൊണ്ടാണ് സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ഐ എ എസില്‍ നിന്ന് രാജിവച്ച ശ്രീ. കണ്ണന്‍ ഗോപിനാഥന്‍ ഒരു ട്വീറ്റില്‍ ഇങ്ങനെ പറഞ്ഞത് : ‘അതേ.. ഈ പ്രക്ഷോഭം തൊപ്പികളുടെയും ബുര്‍ഖകളുടെയും തന്നെയാണ്.. ചോദ്യം ഇതൊന്നുമില്ലാതെ ആ കൂട്ടത്തില്‍ നിങ്ങള്‍ക്ക് നില്‍ക്കുവാന്‍ കഴിയുമോ എന്നതാണ്.. ഈ പരീക്ഷണം വലതുപക്ഷത്തിനുള്ളതല്ല.. ഇടതിനും ലിബറല്‍സിനും ഉള്ളതാണ്’ എന്ന് (കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്, 2019 ഡിസംബര്‍ 14).
അടിക്കുറിപ്പ്
~കര്‍ഫ്യൂ, സെക്ഷന്‍ 144 , ബാരിക്കേഡ്, ലാത്തിയടി, വെടിവെപ്പ്, വീടുകളില്‍ കേറി പോലീസ് അക്രമം, ഇന്റര്‍നെറ്റ് നിരോധനം, എന്നിവ ഇന്ത്യയെങ്ങും സര്‍വ്വസാധാരണമായപ്പോള്‍, ഇതെല്ലാം വര്‍ഷങ്ങളായി അനുഭവിക്കുന്ന ഒരു കശ്മീര്‍ യുവാവ് പറഞ്ഞത് : ‘അങ്ങനെ ഇന്ത്യ കശ്മീരിന്റെ അവിഭാജ്യഘടകമായിരിക്കുന്നു.’~ (രവി ശങ്കര്‍ എന്‍, കവി)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in