കേരളം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്കോ?
പ്രവാസമാണ് ഒരുകാലത്ത് കേരളത്തെ പിടിച്ചുനിര്‍ത്തിയത് എന്നതു ശരിയാണ്. എന്നാലിപ്പോള്‍ ഗള്‍ഫിനുപകരം മലയാളിയുടെ പ്രവാസം കൂടുതലായും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ ആയതോടെ സാമ്പത്തികമായി നമുക്കത് നഷ്ടത്തിലേക്കാണ് പോകുന്നത്. മാത്രമല്ല നാട്ടില്‍ ജീവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്ന അവസ്ഥയിലേക്ക് കേരളം മാറുകയാണ്. വൃദ്ധകേരളമാണ് നമുക്കു മുന്നിലുള്ളത്.
കേരളത്തിന്റെ ഭാവിയെ കുറിച്ച് വളരെ ഗൗരവപരമായ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് ഈ വര്‍ഷത്തെ ഓണം കടന്നുപോയത്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഈ ദിനങ്ങളില്‍ നടന്നത്. അതിലേറ്റവും പ്രധാനം മാസങ്ങള്‍ക്കുമുന്നെ കര്‍ഷകരില്‍ നിന്നു സംഭരിച്ച നെല്ലിന്റെ പണം മുഴുവനായും നല്‍കാത്തതുതന്നെ. കഴിഞ്ഞ വര്‍ഷം പോലും എല്ലാവര്‍ക്കും നല്‍കിയ ഓണകിറ്റ് ഇത്തവണ വളറെ കുറച്ചുപേര്‍ക്ക് നല്‍കാനായിരുന്നു തീരുമാനം. അതുപോലും കാര്യക്ഷമമായി ചെയ്യാനായില്ല. സപ്‌ളെക്കോയില്‍ സബ്‌സിഡിയുള്ള സാധനങ്ങള്‍ പലതും കിട്ടാനുണ്ടായിരുന്നില്ല. കെ എസ് ആര്‍ ടി സിക്കാര്‍ക്കുമാത്രമല്ല നിരവധി വിഭാഗങ്ങള്‍ക്ക് ഓണമായിട്ട് അവരുടെ അവകാശങ്ങള്‍ നല്‍കാനായില്ല. പലരും തിരുവോണ ദിവസം സെക്രട്ടറിയേറ്റിനുമുന്നില്‍ പട്ടിണി സമരവുമായി എത്തുകയും ചെയ്തു.
കര്‍ഷകര്‍ക്ക് സമയത്തു പണം നല്‍കാത്തതിനെ കുറിച്ച് നടന്‍ ജയസൂര്യ മന്ത്രിമാര്‍ക്കുമുന്നില്‍ വെച്ച് വിമര്‍ശനമുന്നയിച്ചതിനെ തുടര്‍ന്ന് ആ വിഷയം വലിയ ചര്‍ച്ചയായത് നന്നായി. ഇനിമുതല്‍ നെല്ലു സംഭരിക്കുമ്പോള്‍ തന്നെ പണം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് പ്രഖ്യപിച്ചത് അതിന്റെ ഭാഗമായാണ്. അതേസമയം പണം നല്‍കാനാവാത്തതിനെ കുറിച്ചുള്ള മന്ത്രിമാരുടെ വിശദീകരണം കേരളത്തിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക കൂടുതല്‍ രൂക്ഷമാക്കുന്നതാണ്. ‘നെല്ല് സംഭരണത്തിന് കേന്ദ്രസര്‍ക്കാറിന്റെ വിഹിതം കിലോഗ്രാം ഒന്നിന് 20.40 രൂപയും സംസ്ഥാന സര്‍ക്കാരിന്റേത് 7.80 രൂപയുമാണ്. കേന്ദ്രവിഹിതം ആറു മാസം മുതല്‍ ഒരു കൊല്ലം വരെ വൈകാറുള്ള സാഹചര്യത്തില്‍ സംസ്ഥാനം വായ്പയെടുത്ത് കേന്ദ്രത്തിന്റെ പണം കൂടി കര്‍ഷകന് നല്‍കുകയും കേന്ദ്രവിഹിതം കിട്ടുമ്പോള്‍ കടം വീട്ടുകയുമാണ് ചെയ്തുവരാറുള്ളത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വായ്പ അനുവദിക്കുന്നതില്‍ സാങ്കേതികടസ്സം ഉന്നയിക്കുകയും കര്‍ഷകര്‍ക്ക് കുടിശ്ശികയുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തരാതിരിക്കുകയും ചെയ്തപ്പോള്‍ ഉണ്ടായ പ്രതിസന്ധിയാണ് നിലവിലുള്ളത്. സംസ്ഥാനത്തിന്റെ വിഹിതം ഇക്കൊല്ലവും വിതരണം ചെയ്തിട്ടുണ്ട്, അടുത്ത കൊല്ലം മുതല്‍ കേന്ദ്രം പണം നല്‍കുന്നത് കാത്തുനില്‍ക്കാതെ നെല്ല് സംഭരിക്കുമ്പോള്‍ തന്നെ മുഴുവന്‍ തുകയും കര്‍ഷകന് നല്‍കാനുള്ള നടപടികള്‍ക്കായി മന്ത്രിതല സമിതി രൂപീകരിച്ചിട്ടുണ്ട് എന്നാണ് വിശദീകരണം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
വസ്തുതാപരമായി ഈ വിശദീകരണം ശരിയായിരിക്കാം. പക്ഷെ അതിലൂടെ വളരെ ഗൗരവപരമായ വിഷയമാണ് ഉയര്‍ന്നു വരുന്നത്. കേന്ദ്രത്തിന്റെയും ബാങ്കുകളുടേയും നിസഹകരണം വന്നാല്‍ പാവപ്പെട്ട മലയാളികള്‍ പട്ടിണി കിടക്കേണ്ടിവരുമെന്നതാണത്. കടമെടുക്കാന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് കെഞ്ചേണ്ട അവസ്ഥയിലുമാണ് നാം. ഈ വിഷയമുന്നയിച്ച് മുഴുവന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളേയും ജനങ്ങളേയും സംഘടിപ്പിച്ച് കേന്ദ്രത്തിനെതിരെ ശക്തമായ പോരാട്ടത്തിന് സര്‍ക്കാരോ സര്‍ക്കാരിനെ നിയന്ത്രിക്കുന്ന പാര്‍ട്ടികളോ തയ്യാറാകുന്നില്ല. ഈ വിഷയം വരും കാലത്ത് കൂടുതല്‍ രൂക്ഷമാകുമെന്നുറപ്പ്. എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും കേന്ദ്രം സ്വീകരിക്കുന്ന സമീപനം ഇതു തന്നെയായിരിക്കും. തങ്ങള്‍ക്ക് സംസ്ഥാനത്ത് കാര്യമായ രാഷ്ട്രീയ സ്വാധീനമില്ലാത്തതും കേരളത്തിലെ ന്യൂനപക്ഷവിഭാഗങ്ങള്‍ പൊതുവില്‍ സഘടിതരാണെന്നതും കേന്ദ്രത്തിന്റേയും അതിനെ നിയന്ത്രിക്കുന്ന പ്രസ്ഥാനങ്ങളുടേയും തലവേദനയാണ്. അതിനാല്‍ തന്നെ കേരളത്തെ ഞെക്കികൊല്ലാനുള്ള നീക്കങ്ങള്‍ ശക്തമാകും. അതിനെതിരെ മലയാളികള്‍ മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് ഒന്നിക്കേണ്ടതുണ്ട്. അതേസമയം അതുവരെ കാത്തിരിക്കാന്‍ കര്‍ഷകരടക്കമുള്ളവര്‍ക്ക് കഴിയുകയുമില്ല. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. കേന്ദ്രത്തെ വിമര്‍ശിച്ച് കൈകഴുകുന്നത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടലാണ്.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പതിറ്റാണ്ടുകളുടെ ചരിത്രമുണ്ടെങ്കിലും കടം പരമാവധി വാങ്ങി മുന്നോട്ടുപോകാനുള്ള ശ്രമം ശക്തമായത് ഡോ തോമസ് ഐസക് ധനമന്ത്രിയായതിനു ശേഷമാണെന്നു കാണാം. അതുപയോഗിച്ച് പാലം, റോഡ് പോലെ വലിയ വികസനപദ്ധതികളൊക്കെ നടത്തി. വരവുമായി യാതൊരു അനുപാതവുമില്ലാത്ത രീതിയിലായിരുന്നു ചിലവ്. പക്ഷെ വികസനമെന്ന മന്ത്രമുരുവിട്ടായാലും അത്തരത്തില്‍ അധികം മുന്നോട്ടുപോകാനാവില്ലല്ലോ. ജി എസ് ടിയില്‍ നിന്ന് മന്ത്രി പ്രതീക്ഷിച്ച മെച്ചമൊന്നുമുണ്ടായില്ല. കേന്ദ്രം പിടിമുറുക്കാനുമാരംഭിച്ചു. അതിനിടയിലാണ് ലോകത്തവിടേയും ഉണ്ടാകാത്തപോലെ കൊവിഡ് കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ വേതനവും പെന്‍ഷനും വര്‍ദ്ധിപ്പിച്ച് കോടികളുടെ അധിക ചിലവ് പ്രതിമാസം വരുത്തിവെച്ചു. അതാണ് നമ്മുടെ സമകാലീന പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടികാട്ടുന്നു.
തീര്‍ച്ചയായും കേരളത്തിന്റെ അടിസ്ഥാന സാമ്പത്തിക പ്രതിസന്ധി തോമസ് ഐസക് സൃഷ്ടിച്ചതല്ല. അത് മുന്നെ ഇവിടെയുണ്ട്. രാജ്യത്ത് സാമ്പത്തികമായി മുന്നോട്ടുനില്‍ക്കുന്ന മിക്ക സസ്ഥാനങ്ങളുടേയും പ്രധാന സ്രോതസ്സ് കൃഷിയും വ്യവസായവുമാണല്ലോ. അക്കാര്യത്തില്‍ നമ്മുടെ അവസ്ഥ എന്താണ്? കൊട്ടിഘോഷിക്കപ്പെട്ട
കാര്‍ഷികപരിഷ്‌കരണം നെല്‍കൃഷിയെ മുന്നോട്ടുകൊണ്ടുപോകുകയല്ല, തകര്‍ക്കുകയാണ് ചെയ്യുന്നത്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവവികാസങ്ങളെല്ലാം. നാണ്യവിളകള്‍ക്ക് കൊടുത്ത പ്രാധാന്യം ആഗോളസംഭവങ്ങള്‍ പല കാരണങ്ങളാലും ശാശ്വതമായ ഗുണങ്ങള്‍ നല്‍കിയില്ല. അവയുമായി ബന്ധപ്പെട്ട മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഉണ്ടായില്ല. വന്‍കിടതോട്ടങ്ങളാകട്ടെ ഇപ്പോഴും നിയമവിരുദ്ധമായി കോര്‍പ്പറേറ്റുകള്‍ കൈവശം വെച്ചിരിക്കുകയാണ്. സംസ്ഥാനരൂപീകരണത്തിനുശേഷം വ്യാവസായികമായും വലിയ കുതിപ്പൊന്നും ഉണ്ടായില്ല. കേരളത്തിന്റെ പ്രകൃതിക്കും കാലാവസ്ഥക്കും ജനസാന്ദ്രക്കും അനുയോജ്യമായ വന്‍കിട വ്യവസായ സംരംഭങ്ങള്‍ ഉണ്ടായില്ല. ഐടിയിലും മറ്റും വലിയ പ്രതീക്ഷ ഉണ്ടായെങ്കിലും അതും പ്രതീക്ഷിച്ചതിന്റെ അടുത്തൊന്നും എത്തിയില്ല. പകരം ഐടിക്കാര്‍ പുറത്തുപോകുകയാണ് ഉണ്ടായത്. ഇവിടെ നിലിന്ില്‍ക്കുന്ന കപട ഇടതുബോധമാകട്ടെ സംരംഭകരെ ശത്രുക്കളായി കണ്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം അവരെ നിരാശരാക്കുകയാണ് ചെയ്യുന്നത്. മറുവശത്ത് സംരംഭകര്‍്കക് ഗുണകരമായ അന്തരീക്ഷം ഒരുക്കുന്നതിനു പകരം സര്‍ക്കാര്‍ അനാവശ്യമായി നേരിട്ട് പല സംരംഭങ്ങളും ആരംഭിച്ച് വലിയ ബാധ്യതകള്‍ വരുത്തിവെച്ചു. ഇപ്പോഴുമത് തുടരുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സത്യത്തില്‍ കേരളത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗങ്ങള്‍ പ്രവാസവും ടൂറിസവും മദ്യവും ഭാഗ്യക്കുറിയുമാണെന്ന് എല്ലാവര്‍ക്കമറിയാം. ഒരു പ്രബുദ്ധ പ്രദേശത്തിനോ വികസിതനാടിനോ ഒരിക്കലും ഭൂഷണമല്ല ഇത്. ആദ്യരണ്ടും ഒരിക്കലും ശാശ്വതമല്ല. പ്രവാസമാണ് ഒരുകാലത്ത് കേരളത്തെ പിടിച്ചുനിര്‍ത്തിയത് എന്നതു ശരിയാണ്. എന്നാലിപ്പോള്‍ ഗള്‍ഫിനുപകരം മലയാളിയുടെ പ്രവാസം കൂടുതലായും യൂറോപ്പിലേക്കും അമേരിക്കയിലേക്കുമൊക്കെ ആയതോടെ സാമ്പത്തികമായി നമുക്കത് നഷ്ടത്തിലേക്കാണ് പോകുന്നത്. മാത്രമല്ല നാട്ടില്‍ ജീവിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കുറഞ്ഞുവരുന്ന അവസ്ഥയിലേക്ക് കേരളം മാറുകയാണ്. വൃദ്ധകേരളമാണ് നമുക്കു മുന്നിലുള്ളത്. ടൂറിസത്തെ സ്ഥിരമായ, ശാശ്വതമായ ഒരു വരുമാനമാര്‍ഗ്ഗമായി കാണാനാകില്ലല്ലോ. പിന്നെയുള്ളത് മദ്യവും ഭാഗ്യക്കുറിയും. അതെകുറിച്ച് എന്തുപറയാന്‍?
നമ്മള്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി വളരെ രൂക്ഷമാണെന്നാണ് പറയാന്‍ ശ്രമിക്കുന്നത്. അടുത്ത ഓണത്തിന് അത് ഈ ഓണത്തേക്കാള്‍ രൂക്ഷമാകും. കേന്ദ്രത്തെ പ്രതീക്ഷിച്ച് അതിനെ മറികടക്കാമെന്നു കരുതുന്നത് ഏറ്റവും വലിയ രാഷ്ട്രീയ വിഡ്ഢിത്തമായിരിക്കും. സ്വന്തം കാലില്‍ നില്‍ക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തിയും മുഴുവന്‍ വിഭാഗങ്ങളേയും സംഘടിപ്പിച്ച് കേന്ദ്രത്തോട് ഫെഡറലിസത്തിനായി സന്ധിയില്ലാ സമരം പ്രഖ്യപിച്ചുമേ നമുക്ക് മുന്നോട്ടുപോകാനാവൂ. അതിനുള്ള ആര്‍ജ്ജവമാണ് ഭരണപക്ഷവും ഭാവിയില്‍ ഭരണപക്ഷമാകാനിടയുള്ള പ്രതിപക്ഷവും ഇപ്പോള്‍ പ്രകടിപ്പിക്കേണ്ടത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in