കോണ്‍ഗ്രസ്സിനു പ്രതീക്ഷനല്‍കുന്നോ ചിന്തന്‍ ശിബിര്‍…?

സത്യത്തില്‍ ചിന്തന്‍ ശിബിര്‍ ഗുണം ചെയ്തത് ജി 23 നേതാക്കള്‍ക്കല്ല, രാഹുല്‍ ഗാന്ധിക്കാണ്. സംഘടനയില്‍ സമ്പൂര്‍ണമായ അഴിച്ചുപണിയാണ് വിമത ഗ്രൂപ്പ് ലക്ഷ്യമിട്ടത്. എന്നാല്‍ രാഹുലിന്റെ അനുയായികള്‍ സംഘടനയില്‍ പിടി മുറുക്കുന്ന കാഴ്ചയാണ് ഉദയ്പൂരില്‍ കണ്ടത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്റെ ഏറ്റവും നിര്‍ണ്ണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഇന്ത്യ നിലനില്‍ക്കണോ അതോ അത് ഭാരതമാകണോ എന്നതാണ് കാതലായ ചോദ്യം. നാനാത്വം നിലനില്‍ക്കണോ അതോ അത് ഏകത്വമായി മാറണോ, മതേതരത്വം നിലനില്‍ക്കണോ അതോ മതരാഷ്ട്രം വേണോ, ജനാധിപത്യവും സ്വാതന്ത്ര്യവും നിലനില്‍ക്കണോ അതോ ഫാസിസം മതിയോ, സാമൂഹ്യനീതിയും ലിംഗനീതിയുമൊക്കെ വേണോ അതോ സവര്‍ണ്ണ സംസ്‌കാരം മതിയോ തുടങ്ങയി ചോദ്യങ്ങളെല്ലാം ഒപ്പമുയരുന്നു. ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ഇപ്പോഴും ശരാശരി ഇന്ത്യക്കാരന്‍ ഉറ്റുനോക്കുന്നത് ഇപ്പോഴും കോണ്‍ഗ്രസ്സിലേക്കാണ്. കോണ്‍ഗ്രസ്സ് നയങ്ങളെ രൂക്ഷമായി എതിര്‍ക്കുന്നവര്‍ പോലും. ഇപ്പോഴും ജനാധിപത്യ, മതേതര, പ്രാദേശിക പ്രസ്ഥാനങ്ങളെ കോര്‍ത്തിണക്കി പ്രതിരോധം തീര്‍ക്കാന്‍ ഏക സാധ്യതയുണ്ടെങ്കില്‍ അത് ഇന്ത്യയിലെമ്പാടും കുറച്ചൊക്കെ സ്വാധീനം ബാക്കി നില്‍ക്കുന്ന കോണ്‍ഗ്രസ്സിനല്ലാതെ മറ്റാര്‍ക്കാണ് കഴിയുക? അല്ലെന്നു പറയുന്നവര്‍ ഫലത്തില്‍ ഫാസിസത്തിന്റെ പക്ഷത്താണെന്നു മനസ്സിലാക്കാന്‍ സാമാന്യബോധം ധാരാളമാണ്.

എന്നാല്‍ ഗൗരവമായി രാഷ്ട്രീയത്തെ വീക്ഷിക്കുന്ന ആരും ചരിത്രപരമായ ഈ കടമ ഏറ്റെടുക്കാനുള്ള കരുത്ത് ഇന്ന് കോണ്‍ഗ്രസ്സിനുണ്ടോ എന്നു ചോദിച്ചാല്‍ അല്‍പ്പം വിക്കും. ചരിത്രത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ഈ സന്ദര്‍ഭത്തില്‍ ചരിത്രത്തിലെ ഏറ്റവും ദുര്‍ബ്ബലമായ അവസ്ഥയിലാണ് ഇന്നു കോണ്‍ഗ്രസ്സ്. അതേകുറിച്ചെല്ലാം ഒരു പാട് ചര്‍ച്ചകള്‍ നടന്നതാണ്. കോണ്‍ഗ്രസ്സിനകത്തും ഈ വിഷയവുമായി രൂക്ഷമായ ഭിന്നതകള്‍ ഉടലെടുക്കുകയും ചെയ്തു. മുതിര്‍ന്ന നേതാക്കളുടെ മുന്‍കൈയില്‍ ജി 23 എന്ന ഗ്രൂപ്പും ഉടലെടുത്തു. ഈ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദഫലമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെച്ച് ചിന്തന്‍ ശിബിര്‍ സംഘടിക്കപ്പെട്ടത്. വന്‍മാറ്റമൊന്നും ഉണ്ടാകാനിടയില്ലെങ്കിലും പ്രതീക്ഷ നല്‍കുന്ന ചില തീരുമാനങ്ങള്‍ അവിടെ ഉണ്ടായി എന്നത് പ്രതീക്ഷ നല്‍കുന്നതാണ്. അവയെല്ലാം നടപ്പാക്കപ്പെടുമോ എന്നു കാത്തിരുന്നു കാണാം.

സത്യത്തില്‍ ചിന്തന്‍ ശിബിര്‍ ഗുണം ചെയ്തത് ജി 23 നേതാക്കള്‍ക്കല്ല, രാഹുല്‍ ഗാന്ധിക്കാണ്. സംഘടനയില്‍ സമ്പൂര്‍ണമായ അഴിച്ചുപണിയാണ് വിമത ഗ്രൂപ്പ് ലക്ഷ്യമിട്ടത്. എന്നാല്‍ രാഹുലിന്റെ അനുയായികള്‍ സംഘടനയില്‍ പിടി മുറുക്കുന്ന കാഴ്ചയാണ് ഉദയ്പൂരില്‍ കണ്ടത്. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ മുഖ്യമായും മൂന്ന് ആവശ്യങ്ങളാണ് ജി 23 മുന്നോട്ടുവച്ചത്. സംഘടനയില്‍ അടിമുടി അഴിച്ചുപണി, പൂര്‍ണ സമയ നേതൃത്വം, പാര്‍ലമെന്ററി ബോര്‍ഡ് പുനഃസ്ഥാപനം. എന്നാല്‍ ചിന്തന്‍ ശിബിരം വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് നേതൃത്വം ജി 23 യെ വലിഞ്ഞു മുറുക്കുന്നതിനുള്ള അവസരമാക്കി മാറ്റുകയായിരുന്നു എന്നാണ് വാര്‍ത്തകള്‍. ചര്‍ച്ചയില്‍ ഉടനീളം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിന്റെ മടങ്ങി വരവ് പ്രതിനിധികള്‍ ആവശ്യപ്പെടുന്ന കാഴ്ചയാണ് കണ്ടത്. യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം, ഭാരവാഹികള്‍ക്ക് നിശ്ചിത കാലാവധി, കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം സീറ്റ് തുടങ്ങിയ നിര്‍ദേശങ്ങളും ഉയര്‍ന്നിരുന്നു. 65 വയസിനു മുകളിലുള്ളവര്‍ ഒഴിയണമെന്ന നിര്‍ദേശം കൂടി വന്നതോടെ ജി 23 നേതാക്കള്‍ അപകടം മണത്തു. വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ അത് ഒഴിവാക്കപ്പെട്ടെങ്കിലും യുവജനങ്ങള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം എന്നത് അംഗീകരിക്കപ്പെട്ടു. ഇത് രാഹുല്‍ വിഭാഗത്തിന്റെ വിജയമായി.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ഇതോടൊപ്പം തീരുമാനങ്ങളെടുക്കാനും സ്ഥാനാര്‍ഥി നിര്‍ണയത്തിനുമുള്ള ഉന്നതതല സമിതിയെന്ന നിലയില്‍ പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്ന നിര്‍ദേശം ശിബിരം തള്ളി. പാര്‍ട്ടിയധ്യക്ഷന്റെ അധികാരം കവര്‍ന്നെടുക്കപ്പെടുമെന്ന കാരണത്താലാണു കൂട്ടായ തീരുമാനങ്ങള്‍ക്കായി പാര്‍ലമെന്ററി ബോര്‍ഡ് രൂപീകരിക്കണമെന്ന ജി-23 നേതാക്കളുടെ ആവശ്യം തള്ളിക്കളഞ്ഞത്. സ്ഥാനാര്‍ഥിനിര്‍ണയം കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ ചുമതലയില്‍ തുടരും. കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രം സീറ്റ് എന്ന ആവശ്യം അംഗീകരിക്കപ്പെട്ടതാകട്ടെ, 5 വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ചവര്‍ക്ക് ഇളവുനല്‍കി. കേന്ദ്ര, സംസ്ഥാന തലങ്ങളില്‍ രാഷ്ട്രീയകാര്യ സമിതികള്‍ രൂപീകരിക്കാനും തീരുമാനമായി. അതേസമയം രാഹുല്‍ ഗാന്ധിയെ അധ്യക്ഷപദവിയിലേക്കു തിരിച്ചുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രമേയം കൊണ്ടുവരാനുള്ള യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ബി.വി. ശ്രീനിവാസിന്റെ നീക്കത്തിനു പ്രവര്‍ത്തകസമിതി അനുമതി നല്‍കിയില്ല. രാഹുലിനും തല്‍ക്കാലം അതില്‍ താല്‍പ്പര്യമില്ലെന്നാണ് വാര്‍ത്ത.

അതേസമയം സംഘടനാതലത്തില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കുന്നതിനായി ചെറു ദൗത്യസംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനമായിട്ടുണ്ട്. പബ്ലിക് ഇന്‍സൈറ്റ് ഡിപ്പാര്‍ട്ട്മെന്റ്, ദേശീയ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ട്, ഇലക്ഷന്‍ മാനേജ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങി മൂന്നു സമിതികള്‍ രൂപീകരിക്കാനാണ് പാര്‍ട്ടി തീരുമാനം. വ്യത്യസ്ത വിഷയങ്ങളില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ അറിയുന്നതിനും നയരൂപീകരണത്തിനും കോണ്‍ഗ്രസ് നേതൃത്വത്തിന് സഹായകമാകാനാണ് പബ്ലിക് ഇന്‍സൈറ്റ് ഡിപ്പാര്‍ട്ട്മെന്റ് വഴി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പാര്‍ട്ടിയുടെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സര്‍ക്കാരിന്റെ നയങ്ങള്‍, പ്രത്യയശാസ്ത്രം, ദര്‍ശനം, നിലവിലെ സമകാലീന വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്രമായ പരിശീലനം നല്‍കാനാണ് ദേശീയ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടിന് പിന്നിലെ ആശയം .ഒപ്പം ഇലക്ഷന്‍ മാനേജ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് വഴി തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കും അവ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

എന്തായാലും യുവജനങ്ങള്‍ക്ക് 50 ശതമാനം പ്രാതിനിധ്യം നടപ്പായാല്‍ പാര്‍ട്ടിക്ക് യൗവനം തിരിച്ചുകിട്ടുമെന്നുറപ്പ്. അതോടൊപ്പം 50 ശതമാനം സ്ത്രീപ്രാതിനിധ്യമെന്നതും ദളിത് – ന്യൂനപക്ഷവിഭാഗങ്ങള്‍ വന്‍ പ്രാതിനിധ്യമെന്നതും പ്രതീക്ഷ നല്‍കുന്ന തീരുമാനമാണ്. പാര്‍ട്ടിക്കകത്തുമാത്രമല്ല, ജനപ്രതിനിധികളെ തെരഞ്ഞെടുക്കുമ്പോഴും ഈ തീരുമാനം നടപ്പാക്കുമെന്നും തീരുമാനമുണ്ട്. എങ്കില്‍ നൂറ്റാണ്ടുകളായി അധികാരത്തില്‍ നിന്നു മാറ്റി നിര്‍ത്തുന്നവരെ അവിടേക്ക് ആനയിക്കുന്ന വിപ്ലവകരമായ ഒന്നായിരിക്കുമത്. കോണ്‍ഗ്രസ്സ് ഇതു നടപ്പാക്കിയാല്‍ മറ്റു പാര്‍ട്ടികള്‍ക്കും സമാനമായ തീരുമാനമെടുക്കാനുള്ള സമ്മര്‍ദ്ദമായി മാറുകയും ചെയ്യും. എങ്കിലതുണ്ടാക്കുന്ന മാറ്റങ്ങള്‍ ചെറുതായിരിക്കില്ല.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംഘടനാപരമായ ഇത്തരം തീരുമാനങ്ങള്‍ക്കൊപ്പം പാര്‍ട്ടിയെ ചലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പല കര്‍മ്മപദ്ധതികള്‍ക്കും ചിന്തന്‍ ശിബിരം രൂപം കൊടുത്തിട്ടുണ്ട്. ഗാന്ധിജയന്തി ദിവസം ‘ഭാരത് ജോഡോ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പദയാത്രയാണ് അവയില്‍ പ്രധാനം. പദയാത്ര ഓരോ ജില്ലയിലും 75 കി.മീ. കടന്നുപോകും. അതുവഴി ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിയെ ചലിപ്പിക്കാനാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ദേശീയതലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേതൃത്വ പരിശീലനം നടത്തും. രാജീവ് ഗാന്ധി സെന്ററിന്റെ മാതൃകയില്‍ ഇതിനായി രാജ്യത്തെമ്പാടും ഗവേഷണ സ്ഥാപനങ്ങള്‍ തുറക്കും.

ശിബിരത്തില്‍ അതിശക്തമായ രീതിയില്‍ തന്നെയാണ് ബിജെപിക്കെതിരെ സോണിയയും രാഹുലുമടക്കമുള്ള നേതാക്കള്‍ ആഞ്ഞടിച്ചത്. ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസ്സിനാകില്ല എന്ന രാജ്യത്തെ പല രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും നിലപാടുകള്‍ക്ക് മറുപടി പറയുക എന്നതാണ് അതിലൂടെ അവര്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തം. ഭിന്നിപ്പിന്റെ സ്വരമാണ് ബിജെപിയും ആര്‍എസ്എസും മുന്നോട്ടു വയ്ക്കുന്നത്. ഹിംസയുടെ രാഷ്ട്രീയമാണ് ബിജെപിയുടേത്. അസഹിഷ്ണുതയുടേതാണ് അവരുടെ മാര്‍ഗം. വെറുപ്പാണ് അവരുടെ മാര്‍ഗരേഖ. അവരുടെ ഭരണത്തില്‍ ദളിതര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ല. രാജ്യത്തെ പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും കോണ്‍ഗ്രസിലാണു പ്രതീക്ഷ അര്‍പ്പിക്കുന്നത്. അതു വെറുതേയാവില്ല…. എന്നിങ്ങനെ പോയി രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. മാത്രമല്ല, ബിജെപിയെ ചെറുക്കാനുള്ള ശേഷി പ്രാദേശിക കക്ഷികള്‍ക്കുമില്ല. രാജ്യത്തിന്റെ ഗ്രാമ ഗ്രാമാന്തരങ്ങളില്‍ പോലും വേരുകളുള്ള കോണ്‍ഗ്രസ് മാത്രമാണ് ദേശീയ തലത്തില്‍ ബിജെപിക്കു ബദല്‍. അതുകൊണ്ടു തന്നെ രാജ്യത്തെ മതേതര പ്രാദേശിക കക്ഷികള്‍ മുഴുവന്‍ കോണ്‍ഗ്രസിനൊപ്പം അണിചേരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. അതിലൂടെ സിപിഎമ്മും തൃണമൂലും എസ് പിയുമടക്കമുള്ള പാര്‍ട്ടികള്‍ക്കാണ് രാഹുല്‍ മറുപടി നല്‍കിയത്. 2024ലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടണമെന്ന വലിയ ലക്ഷ്യത്തോടെയുള്ള മഹായുദ്ധത്തില്‍ കോണ്‍ഗ്രസ് കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തക്കണമെന്നും അതിന്റെ മുന്‍നിരയില്‍ത്തന്നെ താനുണ്ടാവുമെന്നും വന്‍കരഘോഷങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നമ്മള്‍ അതിജീവിക്കുമെന്ന് മൂന്നു തവണ സോണിയയും പ്രഖ്യാപിച്ചു.

തുടക്കത്തില്‍ പറഞ്ഞപോലെ പ്രതീക്ഷകളുയര്‍ത്തുന്നവയാണ് ചിന്തന്‍ ശിബിരത്തിന്റെ തീരുമാനങ്ങള്‍. എന്നാല്‍ അവ കൃത്യമായി നടപ്പാക്കി മുന്നോട്ടുപോകാന്‍ പാര്‍ട്ടിക്കാകുമോ എന്നാണ് ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലും ഫെഡറലിസത്തിലും വിശ്വസിക്കുന്നവര്‍ ഉറ്റുനോക്കുന്നത്….

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply