ഇന്ത്യന്‍ ജനാധിപത്യ – മതേതര – ഫെഡറല്‍ രാഷ്ട്രീയ ഘടന തകരില്ല
പൂര്‍ണ്ണമായും തകര്‍ന്നു എന്നു പറയുമ്പോഴും രാജ്യമാകെ വേരുകളുള്ള പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ്സ് തന്നെയാണ്. ബിജെപി വിരുദ്ധ വിശാല സഖ്യത്തിന് നേതൃത്വം നല്‍കാനുള്ള കരുത്ത് ഇപ്പോഴുമുള്ളത് കോണ്‍ഗ്രസ്സിനു തന്നെയാണ്. അത്തരമൊരു സഖ്യം നിലവില്‍ വരുമെന്നുതന്നെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം നല്‍കുന്ന സൂചന. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ ജനാധിപത്യ – മതേതര – ഫെഡറല്‍ ഘടന തകരില്ലെന്നും ഇന്ത്യ എല്ലാവരുടേയുമായി നിലകൊള്ളുമെന്നും പറയാനാകുന്നത്.
ഇന്ത്യക്കെന്തോ അപകടം പിണഞ്ഞിരിക്കുന്നു എന്ന രീതിയിലുള്ള ഉത്കണ്ഠകള്‍ കുറച്ചുകാലമായി വ്യാപകമായി കാണുന്നുണ്ട്. അടുത്തുനടന്ന നിയമസഭാതെരഞ്ഞെടുപ്പുകള്‍ക്കുശേഷം ഈ ആശങ്ക കൂടുതല്‍ ശക്തമായിട്ടുമുണ്ട്. എന്നാല്‍ ഞാന്‍ ഈ ആശങ്കകള്‍ പങ്കുവെക്കുന്ന ആളല്ല. കാരണം ഇന്ത്യയുടെ മതേതര ജനാധിപത്യ ഘടന അത്രപെട്ടന്നു തകരുന്നതല്ല എന്നതുതന്നെ. ദീര്‍ഘകാലത്തെ ചരിത്രപ്രക്രിയയിലൂടെയാണത് ഉരുത്തിരിഞ്ഞുവന്നത്. ഒന്നോ അതിലധികമോ തെരഞ്ഞെടുപ്പുകളുടെ ഫലത്തില്‍ തകരുന്ന ഒന്നല്ല അത്.
ലോകം ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ജനാധിപത്യവും തെരഞ്ഞെടുപ്പുപ്രക്രിയയും. പ്രധാനമായും രണ്ടുഭാഷകളും സംസ്‌കാരങ്ങളും മാത്രമുള്ള ശ്രീലങ്കയില്‍ എത്രയോ കാലമാണ് ആഭ്യന്തരകലാപവും കൂട്ടക്കൊലകളും നടന്നത്. ലോകത്തെ പല രാജ്യങ്ങളുടേയും അവസ്ഥ വ്യത്യസ്ഥമല്ല. എന്നാല്‍ എത്രയോ ഭാഷകളും സംസ്‌കാരങ്ങളും മതങ്ങളും ജാതികളുമെല്ലാം നിലനില്‍ക്കുന്ന, ബൃഹത്തായ, വലിയ ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ഈ സാമൂഹ്യവിഭാഗങ്ങളെല്ലാം സങ്കിര്‍ണ്ണമായി പ്രതിപ്രവര്‍ത്തിക്കുമ്പോഴും ഇവിടത്തെ ജനാധിപത്യപ്രക്രിയ സാമാന്യം ചിട്ടയായി മുന്നോട്ടുപോകുന്നു എന്നത് ചെറിയ കാര്യമല്ല. ഇത്തരമൊരു അന്തരീക്ഷം ഉണ്ടാക്കിയെടുത്തത് ഏതെങ്കിലും വ്യക്തിയോ പ്രസ്ഥാനമോ അല്ല. സൂചിപ്പി്ച്ചപോല ചരിത്രപ്രക്രിയയുടെ ഭാഗമായി ഉരുത്തിരിഞ്ഞുവന്നതാണ്. അതു തകര്‍ക്കുക അത്ര എളുപ്പമുളള കാര്യമല്ല. ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട സംസ്ഥാനങ്ങള്‍ക്ക് ഒരു പരിധിവരെ അധികാരങ്ങളുള്ള ഫെഡറല്‍ ഘടനയും നിലനില്‍ക്കുന്നുണ്ട്. ഈ മതേതര – ജനാധിപത്യ – ഫെഡറല്‍ ഘടനയെ ദുര്‍ബ്ബലമാക്കാനഉള്ള നീക്കങ്ങള്‍ നടക്കുന്നു എന്നത് നിഷേധിക്കുന്നില്ല. അതിനെതിരായ ജാഗ്രത വേണം താനും. അപ്പോഴും അതത്ര എളുപ്പമല്ല.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏറ്റവും പ്രധാന ഘടകം മതേതരത്വം തന്നെയാണ്. എല്ലാ മതവിഭാഗങ്ങള്‍ക്കും സമഭാവനയോടെ കഴിയാവുന്ന ഒന്നാണത്. തീര്‍ച്ചയായും അതിനെതിരെ നിരന്തരമായി വെല്ലുവിളികള്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ അവയെല്ലാം പൊതുഘടനക്കുള്ളില്‍ പരിഹരിക്കപ്പെടുന്നവയാണ്. വാസ്തവത്തില്‍ 1920 മുതല്‍ തന്നെ ഈ പ്രക്രിയ ആരംഭിക്കുന്നുണ്ട്. ഹിന്ദുത്വവാദിയെന്നു പറയാനാകില്ലെങ്കിലും ബാലഗംഗാധര തിലകന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിനെ ഹൈന്ദവരീതിയില്‍ കെട്ടി്പ്പടുക്കാനുള്ള നീക്കങ്ങളായിരുന്നു നടന്നിരുന്നത്. തുടര്‍ന്നാണ് ഗാന്ധിജി കോണ്‍ഗ്രസ്സ് നേതൃത്വത്തിലെത്തുന്നത്. താനൊരു സനാതനഹിന്ദുവാണെന്നു പറയുമ്പോഴും ഹിന്ദു – മുസ്ലിം – സിക് സാഹോദര്യത്തിന്റെ പ്രചാരകനായിരുന്നു അദ്ദേഹം. മതസൗഹാര്‍ദ്ദത്തില്‍ അധിഷ്ഠിതമായിരുന്നു അദ്ദേഹത്തിന്റെ ദേശീയതാസങ്കല്‍പ്പം. ഈശ്വര – അള്ളാ തേരാനാം തുടങ്ങിയ വരികള്‍ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ മുഴങ്ങികൊണ്ടിരുന്നു. അപ്പോഴും ഹെഡ്‌ഗെവാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിനെ ഹിന്ദുത്വപാര്‍ട്ടിയാക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഗാന്ധിജിയെ മറികടക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടായിരുന്നില്ല. അതിനാല്‍തന്നെ ആ വിഭാഗം പുറത്തുപോയി ആര്‍ എസ് എസിനു രൂപം കൊടുക്കുകയായിരുന്നു. എന്നാല്‍ ഗാന്ധിയുടേയും കോണ്‍ഗ്രസ്സിന്റേയും പ്രഭാവത്തില്‍ ആര്‍ എസ് എസിനു ഒന്നും ചെയ്യാനായില്ല. സ്വാതന്ത്ര്യസമരത്തിലും അവര്‍ക്ക് പങ്കുണ്ടായില്ല. ഗാന്ധിയുടെ നേതൃത്വത്തില്‍ അന്നു രൂപം കൊണ്ട ജനാധിപത്യ – മതേതര സമീപനമാണ് വാസ്തവത്തില്‍ ഇന്ത്യയുടെ രാഷ്ട്രീയ അടിത്തറ. അതിനോടുകൂടി നെഹ്‌റുവിന്റേയും അംബേദ്കറുടേയും ആധുനിക രാഷ്ട്ര – ജനാധിപത്യ സങ്കല്‍പ്പങ്ങളും ഉള്‍ച്ചേര്‍ന്നതോടെയാണ് ഈ പ്രക്രിയ ശക്തമായത്.
ഇന്ത്യയുടെ ശക്തമായ ഈ മതേതര – ജനാധിപത്യ ഘടനക്കുനേരെ വെല്ലുവിളികള്‍ ഉയരാന്‍ തുടങ്ങിയത് ബാബറി മസ്ജിദുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങളോടെയാണ്. പക്ഷെ ബാബറി മസ്ജിദിനെ മുന്‍നിര്‍ത്തി ബിജെപി വളര്‍ത്താന്‍ ശ്രമിച്ച ഹിന്ദുത്വ രാഷ്ട്രീയത്തെ മുലായംസിഗിന്റേയും കന്‍ഷിറാമിന്റേയും മറ്റും നേതൃത്വത്തില്‍ ജാതിയിലധിഷ്ഠിതമായ രാഷ്ട്രീയം കൊണ്ട് തടയുന്നതും നാം കണ്ടു. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തീരുമാനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖഛായ തന്നെ മാറ്റി. തീര്‍ച്ചയായും ജാതിയിലധിഷ്ടിതമായ രാഷ്ട്രീയം ചരിത്രപരമായി പുരോഗമനപരം തന്നെയായിരുന്നു അതിനു നേതൃത്വം കൊടുത്ത വ്യക്തികളും പ്രസ്ഥാനങ്ങളും കേവലം ജാതിരാഷ്ട്രീയവാദികളായിരുന്നില്ല. സമാജ് വാദി പാര്‍ട്ടി ലോഹ്യയുടേയും ബി എസ് പി അംബേദ്കറുടേയും ദര്‍ശനങ്ങളില്‍ അധിഷ്ടിതമായിട്ടായിരുന്നു പ്രവര്‍ത്തിച്ചത്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളല്‍ നിന്നുയര്‍ന്നുവന്ന രാഷ്ട്രീയപ്രക്രിയ തന്നെയാണത്. ഗംഗാസമതലം എന്നറിയപ്പെടുന്ന യുപി – ബീഹാര്‍ മേഖലകളില്‍ നിലനിന്നിരുന്നത് വളരെ ന്യൂനപക്ഷമായിരുന്നിട്ടും സവര്‍ണ്ണശക്തികളുടെ ആധിപത്യമായിരുന്നു. അവരായിരുന്നു ഹിന്ദുത്വരാഷ്ട്രീത്തിന്റെ വക്താക്കള്‍. പതിറ്റാണ്ടുകളായി കോണ്‍ഗ്രസ്സടക്കം അവരുടെ നിയന്ത്രണത്തിലായിരുന്നു. ഈ ആധിപത്യത്തിനെതിരായിട്ടായിരുന്നു പിന്നോക്ക – ദളിത് വിഭാഗങ്ങള്‍ രാഷ്ട്രീയമായി സംഘടിച്ചത്. അത്തരമൊരു മുന്നേറ്റത്തെ പ്രതിരോധിക്കാന്‍ അദ്വാനിയുടെ രഥയാത്ര പോലുള്ള പരിപാടികള്‍ നടന്നു. ബാബറി മസ്ജിദ് തകര്‍ക്കുകയും ചെയ്തു. എന്നിട്ടും യുപി ഭരണം പിടിച്ചെടുക്കാന്‍ ബിജെപിക്കായില്ല എന്നു മറക്കരുത്. ഇന്ത്യന്‍ ജനാധിപത്യ മതേതരഘടനയുടെ ശക്തിയെയാണ് അത് വെളിവാക്കുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2004മുതല്‍ 2014വരെ നിലനി്ന്ന യുപിഎ ഭരണം പൊതുവില്‍ മനത്തേരത്വം ഉയര്‍ത്തിപിടിച്ചായിരുന്നു. ഇക്കാലയളവിലും ഹിന്ദുത്വവികാരം ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ബിജെപിയും കൂട്ടരും ചെയ്തുകൊണ്ടിരുന്നു. പക്ഷെ പ്രധാനമായും അഴിമതി ആരോപണങ്ങളായിരുന്നു യുപിഎക്ക് വിനയായത്. തുടര്‍ന്നാണ് ബിജെപി നേതൃത്വത്തിലുള്ള മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. മോദിക്ക് പിന്നീട് ഭരണത്തുടര്‍ച്ചയും ലഭിച്ചു. അപ്പോഴും രാജ്യത്തെ ജനാധിപത്യ മതേതര ശക്തികള്‍ക്ക് വന്‍തകര്‍ച്ചയുണ്ടായി എന്നൊന്നും പറയാനാകില്ല. ഇപ്പോഴും 35 – 36 ശതമാനം വോട്ടുകളേ ബിജെപിക്കുള്ളു. ഭൂരിപക്ഷം വോട്ടുകള്‍ കിട്ടാതെ അധികാരത്തിലെത്താനാകുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ദൗര്‍ബ്ബല്ല്യമാണ്. പല യൂറോപ്യന്‍ രാജ്യങ്ങളും ഇത്തരമവസ്ഥയെ മറികടക്കാനുള്ള സംവിധാനമുണ്ടാക്കിയിട്ടുണ്ട്. ഭൂരിപക്ഷം എതിരായിട്ടും ഭരിക്കാനാവുന്ന സംവിധാനം ഇവിടേയും തിരുത്തണം.
രാജ്യത്ത് ഹിന്ദുത്വരാഷ്ട്രീയം ഉയര്‍ത്തുന്ന വെല്ലുവിളികളെ ലഘൂകരിച്ചു കാണണമെന്നല്ല പറയുന്നത്. തീര്‍ച്ചയായും അതൊരു വെല്ലുവിളി തന്നെയാണ്. തികച്ചും ആസൂത്രിതമായി തന്നെയാണ് ബിജെപി ഇന്നത്തെ വളര്‍ച്ച നേടിയത്. അതിനെ ചെറുക്കാന്‍ ശക്തമായ ബദലില്ല എന്നത് ആശങ്കപ്പെടുത്തുന്നത് തന്നെ. യുപിയില്‍ എസ് പിയും ബി എസ് പിയും ഒന്നിച്ചു നിന്നിരുന്നെങ്കില്‍ ഒരുപക്ഷെ അന്തരീക്ഷം മാറുമായിരുന്നു. എന്നാല്‍ അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ വന്‍ അഴിമതികളുടെ തുടര്‍ച്ചയായി ബി എസ് പിക്ക് ബിജെപിയുടെ മുന്നില്‍ കീഴടങ്ങേണ്ടിവരുകയാണുണ്ടായത്. എസ് പിയാകട്ടെ ഇക്കുറി വലിയ മുന്നേറ്റം തന്നെ നടത്തി. ഇത്തരമൊരു സഖ്യം ഭാവിയില്‍ വീണ്ടും രൂപം കൊണ്ടുകൂടായ്കയില്ല. ജാതിരാഷ്ട്രീയത്തിന്റെ വളര്‍ച്ച കോണ്‍ഗ്രസ്സിനേയും ക്ഷീണിപ്പിച്ചിരുന്നു. അപ്പോഴും ഈ സംഖ്യത്തില്‍ കോണ്‍ഗ്രസ്സും ഉണ്ടാകണം. പൂര്‍ണ്ണമായും തകര്‍ന്നു എന്നു പറയുമ്പോഴും രാജ്യമാകെ വേരുകളുള്ള പാര്‍ട്ടി ഇപ്പോഴും കോണ്‍ഗ്രസ്സ് തന്നെയാണ്. ബിജെപി വിരുദ്ധ വിശാല സഖ്യത്തിന് നേതൃത്വം നല്‍കാനുള്ള കരുത്ത് ഇപ്പോഴുമുള്ളത് കോണ്‍ഗ്രസ്സിനു തന്നെയാണ്. അത്തരമൊരു സഖ്യം നിലവില്‍ വരുമെന്നുതന്നെയാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം നല്‍കുന്ന സൂചന. അതുകൊണ്ടുതന്നെയാണ് ഇന്ത്യന്‍ ജനാധിപത്യ – മതേതര – ഫെഡറല്‍ ഘടന തകരില്ലെന്നും ഇന്ത്യ എല്ലാവരുടേയുമായി നിലകൊള്ളുമെന്നും പറയാനാകുന്നത്.
(‘ഇന്ത്യ നമ്മുടേതാണ്’ എന്ന വിഷയത്തില്‍ മുസ്ലിംലീഗ് തൃശൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in