ഇന്ത്യ ഏകാത്മകമല്ല, ബഹുസ്വരമാണ്.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്നാണ് 1916ല്‍ ലീഗും കോണ്‍ഗ്രസ്സുമായി ഒപ്പുവെച്ച ലക്‌നൗ പാക്ടില്‍ പറയുന്നത്. 1916ല്‍ അംബേദ്കര്‍ ബ്രിട്ടീഷുകാര്‍ക്കു കൊടുത്ത നിവേദനത്തില്‍ പറയുന്നത് ജനാധിപത്യം പൂര്‍ണ്ണമാകണമെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ഥതയുടെ പ്രതിനിധികള്‍ പാര്‍ലിമെന്റില്‍ ഉണ്ടാകണമെന്നായിരുന്നു. ദളിതരും മുസ്ലിമുകളുമൊക്കെ പ്രാതിനിധ്യത്തിനായി അന്നേ പോരാടിയിരുന്നു എന്നര്‍ത്ഥം.

ഇന്ത്യ നമ്മുടേതാണ് എന്ന മുദ്രാവാക്യം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ചര്‍ച്ച ചെയ്യേണ്ട കാലമാണിത്. ഇന്ത്യ ഞങ്ങളുടേത് മാത്രമാണെന്നു പ്രഖ്യാപിക്കുന്ന സര്‍വ്വാധികാരികളാണ് രാജ്യം ഭരിക്കുന്നത്. എല്ലാ സര്‍വ്വാധികാര രാജ്യങ്ങളേയും പോലെ ഇവിടേയും എതിര്‍ ശബ്ദങ്ങളെ ദുര്‍ബ്ബലമാക്കുന്നു, ഇല്ലാതാക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ എന്ന ബഹുസ്വര രാഷ്ട്രം എങ്ങനെ നിലവില്‍ വന്നു, എന്തുകൊണ്ടത് സംരക്ഷിക്കണമെന്ന് ഉറക്കെ പ്രഖ്യാപിക്കണം. അതിന്റെ ചരിത്രവും സാംസ്‌കാരികപരിസരവും ഉറപ്പിച്ചുനിര്‍ത്തണം.

ഇന്ത്യ ഹിന്ദുക്കളുടേതാണ്, എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണ് എന്നതാണ് വ്യാപകമായി കേള്‍ക്കുന്ന പ്രചാരണം. ഇവര്‍ പറയുന്ന ഇന്ത്യ ഏതാണ്? ആര്‍ഷഭാരതം എന്നൊക്കെ കൊട്ടിഘോഷിക്കപ്പെട്ടിരുന്ന പല പ്രദേശങ്ങളും ഇപ്പോള്‍ മറ്റു രാജ്യങ്ങളിലാണ്. നമ്മളിപ്പോള്‍ ജീവിക്കുന്നത് ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ സൃഷ്ടിച്ച ഇന്ത്യയിലാണ്. ഹിന്ദുസ്വരാജില്‍ ഗാന്ധി പറയുന്നത് സഹസ്രാബ്ദങ്ങളായി ഏകോദര സഹോദരങ്ങളെ പോലെ മനുഷ്യര്‍ ജീവിക്കുന്ന നാടാണ് ഇന്ത്യ എന്നാണ്. സത്യമന്താണ്? ജാതികളാലും ഗോത്രങ്ങളാലും കീറിമുറിഞ്ഞ നാടായിരുന്നു ഇന്ത്യ. സന്തോഷകരമായ ജീവിതത്തിനു മാതൃകയായി ഇന്ത്യന്‍ ഗ്രാമങ്ങളേയും ഗാന്ധി കണ്ടു. പരസ്യമായ അടിമചന്തകള്‍ പോലും നിലനിന്നിരുന്ന രാജ്യത്തെ കുറിച്ചാണ് ഗാന്ധി ഇതു പറഞ്ഞത്. മനുഷ്യര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ പോലും കഴിയാത്ത പ്രദേശം. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥക്ക് ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടി മാത്രമല്ല ഉത്തരവാദി എന്നര്‍ത്ഥം.

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

കൊളോണിയല്‍ ഭരണത്തിലൂടെ രൂപം കൊണ്ടതാണ് ഇന്നത്തെ ഇന്ത്യ എന്നു പറഞ്ഞല്ലോ. എന്തായിരുന്നു ആ ഇന്ത്യയെ കോര്‍ത്തിണക്കിയ ഘടകം എന്നു പരിശോധിച്ചാല്‍ ആഭ്യന്തരമായും വിദേശശക്തികള്‍ക്കെതിരേയും നടന്ന പോരാട്ടങ്ങളാണെന്നു കാണാം. അങ്ങനെയാണ് ഈ ബഹുസ്വരരാഷ്ട്രം രൂപം കൊണ്ടത്. സത്യത്തില്‍ ഇന്ത്യക്ക് ജനാധിപത്യം എന്ന പദം അപരിചിതമായിരുന്നു. അപരന്റെ അവകാശം അംഗീകരിച്ച ഇന്ത്യ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അപരന്റെ അവകാശം ഹനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നു മാത്രമല്ല, അതുണ്ടെന്ന് അവകാശം നിഷേധിക്കപ്പെടുന്നവരും വിശ്വസിക്കുന്നതായിരുന്നു ഇന്ത്യ. അപരന്റെ അവകാശത്തെ കുറിച്ചുള്ള ബോധമാണ് വാസ്തവത്തില്‍ ജനാധിപത്യത്തിന്റെ അടിത്തറ. ജനാധിപത്യമെന്നാല്‍ രാഷ്ട്രീയം മാത്രമല്ല. മനുഷ്യര്‍ തമ്മിലുള്ള ഇടപെടലിന്റെ തത്വമാണത്. രണ്ടു വ്യക്തികള്‍ക്കിടയില്‍ സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും നിലനില്‍ക്കുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്. മനുസമൃതിമൂല്യങ്ങള്‍ ഭരിച്ചിരുന്ന ഒരു പ്രദേശത്ത് അത് സാധ്യമായിരുന്നില്ല.

ഇന്ത്യന്‍ ജനാധിപത്യത്തിനു വിത്തുപാകിയത് ഗാന്ധിയും നെഹ്‌റുവുമൊക്കെയാണെന്ന് പറയാറുണ്ട്. ഇന്ത്യന്‍ രാഷ്ട്രീയ ജനാധിപത്യ രൂപീകരണത്തില്‍ ബ്രിട്ടീഷ് വിരുദ്ധ സമരത്തിനു വലിയ പങ്കുണ്ട്. സംശയമില്ല. ലോകം കണ്ട ഏറ്റവും ഉദാരനായ മനുഷ്യനായിരിക്കാം ഗാന്ധി. വര്‍ഗ്ഗീയകാലപവേളയില്‍ പോലും ഏവരേയും ചേര്‍ത്തുപിടിച്ച മനുഷ്യസ്‌നേഹി. പക്ഷെ ഗാന്ധി ജനാധിപത്യവാദിയായിരുന്നോ? സുഭാഷ് ചന്ദ്രബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗാന്ധിയുടെ ജനാധിപത്യം ലോകം കണ്ടതല്ലേ? വ്യക്തിപരമായ ജീവിതത്തില്‍ അദ്ദേഹം ഒരിക്കലും ജനാധിപത്യത്തെ അംഗീകരിച്ചിരുന്നില്ല. ആത്മാവിന്റെ വിളിയോടായിരുന്നു അദ്ദേഹത്തിനു പ്രതിബദ്ധത. വൈദേശികശക്തികള്‍ക്കെതിരായ സമരം പോലെതന്നെ പ്രധാനമാണ് ആഭ്യന്തര ജനാധിപത്യത്തിനായുള്ള സമരങ്ങള്‍. അവയാണ് സമൂഹത്തെ ജനാധിപത്യവല്‍ക്കരിക്കുക. ചരിത്രം പരിശോധിച്ചാല്‍ ഇന്ത്യയെ ജനാധിപത്യവല്‍ക്കരിച്ചത് ദളിത്, മുസ്ലിം, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ പോരാട്ടങ്ങളാണെന്നു കാണാം.

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ മുസ്ലിം വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം വേണമെന്നാണ് 1916ല്‍ ലീഗും കോണ്‍ഗ്രസ്സുമായി ഒപ്പുവെച്ച ലക്‌നൗ പാക്ടില്‍ പറയുന്നത്. 1916ല്‍ അംബേദ്കര്‍ ബ്രിട്ടീഷുകാര്‍ക്കു കൊടുത്ത നിവേദനത്തില്‍ പറയുന്നത് ജനാധിപത്യം പൂര്‍ണ്ണമാകണമെങ്കില്‍ ഇന്ത്യയിലെ വ്യത്യസ്ഥതയുടെ പ്രതിനിധികള്‍ പാര്‍ലിമെന്റില്‍ ഉണ്ടാകണമെന്നായിരുന്നു. ദളിതരും മുസ്ലിമുകളുമൊക്കെ പ്രാതിനിധ്യത്തിനായി അന്നേ പോരാടിയിരുന്നു എന്നര്‍ത്ഥം. അങ്ങനെയൊക്കെയാണ് ആധുനിക ഇന്ത്യ രൂപപ്പെട്ടത്. അതിനൊത്തെ ഭരണഘടനയും. എന്നാല്‍ കൈകാര്യം ചെയ്യുന്നവര്‍ മോശമായാല്‍ ഈ ഭരണഘടനകൊണ്ട് ഒരു ഗുണവുമുണ്ടാകില്ലെന്നാണ് അംബേദ്കര്‍ പറഞ്ഞത്. അതാണ് സത്യത്തില്‍ ഇന്നു നമ്മള്‍ നേരിടുന്ന വെല്ലുവിളി.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏകാത്മക ഇന്ത്യ എന്ന സങ്കല്‍പ്പം തന്നെ ചരിത്രനിഷേധമാണ്. അത് തകരണം. ഇന്ത്യയുടെ അടിസ്ഥാനസ്വഭാവം ബഹുസ്വരതയാണ്. അതിനെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ ശക്തമായിരിക്കുന്നത്. പൗരത്വഭേദഗതി നിയമം, കാശ്മീരിലെ ഭരണഘടനാ ഭേദഗതി എന്നിവയൊക്കെ ഉദാഹരണങ്ങള്‍. സത്യത്തില്‍ ഇന്ത്യയിലെ ഭൂരിപക്ഷം പേരും ഹിന്ദുക്കളാണെന്ന വാദം പോലും വസ്തുതാവിരുദ്ധമാണ്. 1911ല്‍ ജനസംഖ്യാകണക്കെടുക്കുമ്പോള്‍ മുസ്ലിംലീഗ് ഒരു നിവേദനം കൊടുത്തിരുന്നു. ഹിന്ദുക്കളുടെ ജനസംഖ്യ കൂടുന്നു എന്നും അങ്ങനെപോയാല്‍ തങ്ങള്‍ ന്യൂനപക്ഷമാകുമെന്നായിരുന്നു അത്. ജനസംഖ്യയില്‍ മഹാഭൂരിഭാഗം വരുന്ന ദളിതരും ആദിവാസികളും പിന്നോക്കക്കാരുമൊന്നും ഹിന്ദുക്കളായിരുന്നില്ല എന്നതാണ് വസ്തുത. പിന്നീടാണ് പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെ അവരെയെല്ലാം ഹിന്ദുക്കളാക്കിയത്. എന്നാലവര്‍ക്കൊരിക്കലും സമഭാവനയോടെയുള്ള സമീപനം ലഭിച്ചുമില്ല. ബ്രാഹ്മണരാകുന്നതാണ് മഹത്തരം എന്നു കരുതുന്ന ഒരു ലോകത്ത് അത് സാധ്യവുമല്ല. തങ്ങളുടെ ശരീരം അശുദ്ധമാണെന്ന് വിദ്യാസമ്പന്നരായ സ്ത്രീകള്‍ പോലും പറയുന്നത് ശബരിമല വിവാദകാലത്ത് നാം കണ്ടല്ലോ. വിദ്യാഭ്യാസം കൊണ്ടുപോലും കാര്യമില്ല എന്നര്‍ത്ഥം. ഒരാളുടെ അഭിപ്രായം രൂപപ്പെടുന്നത് ധാര്‍മ്മികതയില്‍ നിന്നായിരിക്കണം.

വിവേചനം എല്ലായിടത്തും ഉണ്ടാകാം. എന്നാലതിനെ ന്യായീകരിക്കുന്ന തത്വശാസ്ത്രം ഇവിടേയേ കാണൂ. ഇന്ത്യയെ വേദങ്ങളുടെ നാട് എന്നൊക്കെയാണ് ഇ എം എസ് പറഞ്ഞത്. രാമായണവും മഹാഭാരതവും വിട്ടുള്ള കളി ഒരു ബുദ്ധിജീവിക്കുമില്ല. പക്ഷെ സാംസ്‌കാരികമായ വിവേചനം ഇപ്പോഴും നിലനില്‍ക്കുന്നു. ഈ അവസ്ഥ അവസാനിപ്പിക്കണം. ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കണം. ഒരിക്കല്‍ കൂടി പറയട്ടെ, എല്ലാ വിഭാഗങ്ങളേയും തുല്ല്യതയോടെ കാണുന്ന, ബഹുസ്വരമായ ഒന്നായിരിക്കണം നമ്മുടെ ഇന്ത്യ. ഇന്ത്യന്‍ ഭരണഘടനയില്‍ അതുണ്ട്. തുല്ല്യതയെ കുറിച്ച് പറയുന്ന ആദ്യ ഇന്ത്യന്‍ പുസ്തകം തന്നെ അതായിരിക്കും. അതു സംരക്ഷിക്കുക, ഇന്ത്യ നമ്മുടേതാണെന്ന് വിളിച്ചു പറയുക എന്നതാണ് ഇപ്പോള്‍ നമ്മുടെ രാഷ്ട്രീയ ഉത്തരവാദിത്തം.

(‘ഇന്ത്യ നമ്മുടേതാണ്’ എന്ന വിഷയത്തില്‍ മുസ്ലിംലീഗ് തൃശൂര്‍ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply