അത് ഇസ്ലാമോ ഫോബിയ തന്നെ…
ആ ബസ്സില്‍ കൃപാണവും തലകെട്ടുമുള്ള സിക്കുകാരനാണ് കണ്ടക്ടറെങ്കില്‍ അവര്‍ പ്രതികരിക്കുമായിരുന്നോ? നമ്മുടെ ശബരിമല സീസണ്‍ കാലത്ത് പോലീസുകാര്‍ പോലും താടിവെച്ച് ഡ്യൂട്ടിക്ക് വരുന്നില്ലേ? പമ്പക്കുള്ള കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകളെ കയറ്റാത്ത എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ മെട്രോ റെയില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൂജകള്‍ മറക്കാറായോ? ഗുരുവായൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ഇപ്പോഴും പോലീസിന്റെ വിളക്ക് നടക്കുന്നുണ്ടല്ലോ. പോലീസിന്റെ ആചാരവെടിയോടെ ആനയെഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രങ്ങള്‍ ഇവിടെയില്ലേ?
കഴിഞ്ഞ ദിവസം, ആധുനിക ഐ ടി നഗരമായ ബാംഗ്ലൂരില്‍ നിന്നുവന്ന ഒരു വാര്‍ത്ത രാജ്യം നേരിടുന്ന സമഗ്രാധിപത്യ ഭീഷണി ഒരിക്കല്‍ കൂടി വെളിവാക്കുന്നതാണ്. ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസിലായിരുന്നു സംഭവം. ബസിലെ കണ്ടക്ടര്‍ പച്ച നിറത്തിലുള്ള ഒരു തൊപ്പി ധരിച്ചിരുന്നു. കാലങ്ങളായി അതു ധരിച്ചുതന്നെയാണ് അയാള്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു സ്ത്രീ ബസില്‍ വലിയ തോതില്‍ ലഹള വെക്കുകയായിരുന്നു. മതം വീട്ടില്‍ മതിയെന്നും സര്‍ക്കാര്‍ ജോലിയില്‍ അത് കാണിക്കാന്‍ പാടില്ലെന്നുമായിരുന്നു അവര്‍ ഉറക്കെ വിളിച്ചു പറഞ്ഞത്. സ്വാഭാവികമായും കുറെ പേര്‍ അവരെ പിന്തുണച്ചു. അവസാനം നിറകണ്ണുകളോടെ കണ്ടക്ടര്‍ തൊപ്പി അഴിച്ചുവെക്കുകയായിരുന്നു.
ഈ സംഭവത്തിനു പിറ്റേന്നു നടന്ന മറ്റൊരു സംഭവം ഇതോടുകൂടെ കൂട്ടിവായിക്കേണ്ടതാണ്. ചാന്ദ്രയാന്‍ – 3 ന്റെ വിക്ഷേപണത്തിന്റെ മുന്നോടിയായി അതിന്റെ ചെറുപതിപ്പുമായി ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞര്‍ കൂട്ടത്തോടെ തിരുപ്പതിയിലെത്തി, തികച്ചും ബ്രാഹ്മണിക ശൈലിയില്‍ പ്രാര്‍ത്ഥന നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാകട്ടെ ആ കണ്ടക്ടറെപോലെ ഒരു വ്യക്തിയുടെ നടപടിയല്ല, സര്‍ക്കാര്‍ നേരിട്ടു നടത്തിയതായിരുന്നു. എന്തിനധികം പറയുന്നു, പാര്‍ലിമെന്റിന്റെ പുതിയ മന്ദിരത്തിന്റെ ഉദാഘാടനവേളയില്‍ നടന്ന കാര്യങ്ങളൊന്നും മറക്കാറായിട്ടില്ലല്ലോ. മതേതരമെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭരണകൂടം തന്നെ ഔദ്യോഗികമായി തന്നെ സവര്‍ണ്ണ മൂല്യങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്ന രാജ്യത്താണ് ആ പാവം കണ്ടക്ടര്‍ അതിഭീകരമായി അധിക്ഷേപിക്കപ്പെട്ടത്.
ഇന്ത്യ ഒരു മതേതരരാജ്യമാണ് – നാമെല്ലാം നാഴികക്ക് നാല്‍പ്പതുവട്ടം പറയുന്ന വാചകം. അതേസമയം ഈ മതേതരത്വമെന്നത് പല യൂറോപ്യന്‍ രാജ്യങ്ങളിലും നിലനില്‍ക്കുന്നപോലെ മതവിരുദ്ധമായ ഒന്നല്ല. അത് ഭരണഘടനയില്‍ തന്നെ വിശദീകരിക്കുന്നത്. ഏതു മതത്തിലും വിശ്വസിക്കാനും ആ വിശ്വാസപ്രകാരം ജീവിക്കാനും അതെകുറിച്ച് പ്രചാരണം നടത്താനുമൊക്കെയുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ മതേതതരത്വം നല്‍കുന്നുണ്ട്. സ്വാതന്ത്ര്യമെന്നാല്‍ അടുത്തുനില്‍്ക്കുന്നയാളുടെ മൂക്കിന്‍ത്തുമ്പുവരെയെന്ന ചൊല്ല് എല്ലായിടത്തുമെന്നപോലെ ഇവിടേയും ബാധകമാണെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. വലുപ്പമോ ചെറുപ്പമോ നോക്കാതെ എല്ലാ മതത്തിനും തുല്ല്യതയുമുണ്ട്. ഒപ്പം ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് ജനാധിപത്യപരമായ തുല്ല്യതക്കായി ചില ആനുകൂല്യങ്ങളും നല്‍കുന്നുണ്ട്. അതേസമയം ഭരണകൂടം ഒരു മതത്തിന്റേയും ഭാഗമാകുകയോ പ്രചാരകരാകുകയോ അരുത് താനും. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മേന്മയെതന്നെയാണ് ഇതെല്ലാം ചൂണ്ടികാട്ടുന്നത്. എന്നാല്‍ അതിനെ തുരങ്കം വെക്കുന്ന നടപടികളാണ് തുടക്കത്തില്‍ ചൂണ്ടികാട്ടിയത്.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം തുടങ്ങി.വയൊക്കെ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിയ്ക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിയ്ക്കാനും അവകാശം ഭരണഘടന നല്‍കുന്നുണ്ട്. മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും പ്രവര്‍ത്തിപ്പിയ്ക്കാനുമുള്ള അവകാശം, മതപരമായ പ്രവര്‍ത്തനങ്ങളെ ഭരിയ്ക്കുന്നതിനുള്ള അവകാശം, movable ഓ immovable ഓ ആയ property കൈവശം വയ്ക്കുന്നതിനുള്ള അവകാശം., നിയമാനുസൃതം അത്തരം പ്രോപ്പര്ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം തുടങ്ങി ഈ പട്ടിക നീളുന്നു. അതേസമയം സര്‍ക്കാര്‍ ഫണ്ടുകൊണ്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പല നിയന്ത്രണങ്ങളുമുണ്ട്. അതോടൊപ്പം
സ്വന്തമായി ഭാഷയോ ലിപിയോ സംസ്‌കാരമോ ഉള്ള ഇന്ത്യയിലെ ഏതൊരു വിഭാഗത്തിനോ അവരുടെ ഉപവിഭാഗങ്ങള്‍ക്കോ അത് സംരക്ഷിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കും ഭാഷന്യൂനപക്ഷങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്ഥാപിയ്ക്കുവാനും ഭരിയ്ക്കുവാനും അവകാശമുണ്ട്.
വളറെ വിശദമായി തന്നെ ഇത്തരം കാര്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടന വിശദീകരിക്കുമ്പോഴും അതു മനസ്സിലാകാത്ത രണ്ടു മൂന്നു വിഭാഗങ്ങളെയാണ് നമുക്ക് ചുറ്റും കാണാനാകുക. ഒന്ന് എല്ലാ വൈജാത്യങ്ങളേയും വൈവിധ്യങ്ങളേയും ന്യൂനപക്ഷങ്ങളേയും ഇല്ലാതാക്കി ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ. രണ്ടാമതായി തങ്ങള്‍ക്ക് മതവിശ്വാസമോ ദൈവവിശ്വാസമോ ഒന്നുമില്ലെന്നു പറഞ്ഞുകൊണ്ട് മറ്റുള്ളവര്‍ക്കും അതുപാടില്ലെന്നു വാശിപിടിക്കുന്ന, ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും അര്‍ത്ഥമറിയാത്ത, കേവല യുക്തിവാദികള്‍. മൂന്നാമതായി തങ്ങള്‍ മതേതരവാദികളാണെന്നു അവകാശപ്പെടുകയും എന്നാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിന്റെ അര്‍ത്ഥം തിരി്ച്ചരിയാതിരിക്കുന്ന, ഫലത്തില്‍ മതവിരുദ്ധരായ ലിബറലുകള്‍. ഏറ്റവും ശ്രദ്ധേയമായ കാര്യം രണ്ടും മൂന്നും വിഭാഗങ്ങളുടെ മിക്ക നിലപാടുകളും ആത്യന്തികമായി ഒന്നാം വിഭാഗത്തില്‍ പെട്ടവരുടെ നിലപാടുകളുമായി യോജിച്ചുപോകുന്നതാണ് എന്നു കാണാം. അവരാണ് ഇവരുടെ ഗുണഭോക്താക്കള്‍. ഏക സിവില്‍ കോഡ് തന്നെ ഉദാഹരണം.
ആത്യന്തികമായി ഈ വിഭാഗങ്ങളെയെല്ലാം നയിക്കുന്നത് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇസ്ലാമോഫോബിയയാണ്. ആ പച്ചത്തൊപ്പിയായിരുന്നു ആ സ്ത്രീയുടെ പ്രശ്‌നം. ആ ബസ്സില്‍ കൃപാണവും തലകെട്ടുമുള്ള സിക്കുകാരനാണ് കണ്ടക്ടറെങ്കില്‍ അവര്‍ പ്രതികരിക്കുമായിരുന്നോ? നമ്മുടെ ശബരിമല സീസണ്‍ കാലത്ത് പോലീസുകാര്‍ പോലും താടിവെച്ച് ഡ്യൂട്ടിക്ക് വരുന്നില്ലേ? ഇവരെപോലുള്ളവര്‍ പ്രതികരിക്കുമോ? പമ്പക്കുള്ള കെ എസ് ആര്‍ ടി സി ബസില്‍ സ്ത്രീകളെ കയറ്റാത്ത എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നമ്മുടെ മെട്രോ റെയില്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൂജകള്‍ മറക്കാറായോ? ഗുരുവായൂര്‍ ഉത്സവത്തോട് അനുബന്ധിച്ച് ഇപ്പോഴും പോലീസിന്റെ വിളക്ക് നടക്കുന്നുണ്ടല്ലോ. പോലീസിന്റെ ആചാരവെടിയോടെ ആനയെഴുന്നള്ളിപ്പ് നടക്കുന്ന ക്ഷേത്രങ്ങള്‍ ഇവിടെയില്ലേ? നാളികേരമുടച്ചല്ലേ നാമിപ്പോഴും റോക്കറ്റ് വിടുന്നത്? ഇതിനൊന്നുമെതിരെ കാര്യമായ പ്രതിഷേധം ഉയരാത്ത നാട്ടില്‍ മുസ്ലിം വിഭാഗങ്ങളുടെ വേഷവും ആചാരങ്ങളും നിസ്‌കാരവും മറ്റും വലിയ പ്രശ്‌നമായി മാറുന്നതിന്റെ പേര് ഇസ്ലാമോഫോബിയ എന്നല്ലാതെ മറ്റെന്താണ്? ജനകീയ സമരങ്ങളില്‍ മുസ്ലിം സാന്നിധ്യമുണ്ടെങ്കില്‍ തീവ്രവാദി സമരമായി മുദ്രയടിക്കുന്നതൊക്കെ അതിന്റെ തുടര്‍ച്ച തന്നെ.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തീര്‍ച്ചയായും ഇപ്പോഴത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയമായ ഏകസിവില്‍ കോഡിനെ സ്പര്‍ശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. അതിനോടുള്ള വിവിധവിഭാഗങ്ങളില്‍ നിന്നുള്ള പ്രതികരണം നോക്കിയാല്‍ ഉന്നയിച്ച വിഷയം കൂടുതല്‍ വ്യക്തമാകും. ഒരു രാജ്യത്തെ എല്ലാ പൗരന്മാരും തുല്ല്യരാണെന്നും അതിനാല്‍ നിയമങ്ങളും ഒന്നാകണമെന്നുമാണ് മുകളില്‍ പറഞ്ഞ മൂന്നു കൂട്ടരുടേയും വാദം. ഒറ്റകേള്‍വിയില്‍ എത്രയോ ശരി. ലോകത്തെ പല രാജ്യങ്ങളിലും അതു നിലനില്‍ക്കുന്നുണ്ടാകാം, നിലനില്‍ക്കാത്ത രാജ്യങ്ങളുമുണ്ട്. നമ്മള്‍ പരിശോധിക്കേണ്ടത് ഇന്ത്യന്‍ സാഹചര്യമാണ്. ഒന്നാമതായി ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം എന്ന സങ്കല്‍പ്പത്തിന് എതിരാണ് ഈ വാദഗതി. കുറ്റകൃത്യങ്ങള്‍ക്ക് ഒരേ ശിക്ഷ നല്‍കുന്ന ക്രിമിനല്‍ നിയമം പോലെയല്ലല്ലോ സംസ്‌കാരത്തേയും വിശ്വാസത്തേയും ജീവിതരീതിയെയുമെല്ലാം ബാധിക്കുന്ന സിവില്‍ നിയമങ്ങള്‍. പോക്‌സോ നിയമം എന്ന ക്രിമിനല്‍ നിയമംപോലും ആദിവാസി വിഭാഗങ്ങളില്‍ പ്രയോഗിക്കാനാവാത്ത അവസ്ഥയാണല്ലോ നിലനില്‍ക്കുന്നത്. അനന്തമായ വൈവിധ്യങ്ങളും വൈജാത്യവും ബഹുസ്വരതയുമാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റേയും മതേതരത്വത്തിന്റേയും ശക്തി. അതു തകര്‍ക്കുന്ന ഒന്നാണ് ഏകസിവില്‍കോഡെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി പോരേ? ഹിന്ദുത്വരാഷ്ട്രം ലക്ഷ്യമാക്കിയ സംഘപരിവാറിന്റെ നിലപാട് മനസ്സിലാക്കാം. എന്നാല്‍ മറ്റുള്ളവര്‍ അതിനെ പിന്തുണക്കുന്നതിനു കാരണം എന്താണ്?
വിവിധഗോത്രവിഭാഗങ്ങളും കൃസ്ത്യന്‍ സിക്ക് പാഴ്‌സി വിഭാഗങ്ങളുമൊക്കെ ഏക സിവില്‍ കോഡിനെതിരെ രംഗത്തുവന്നു കഴിഞ്ഞു. അവരെ ഒഴിവാക്കുന്നതിനെ കുറിച്ച് ആലോചിക്കാമെന്നു പല കേന്ദ്രമന്ത്രിമാര്‍ പോലും പ്രസ്താവിച്ചതും കണ്ടു. അപ്പോള്‍ ലക്ഷ്യം വളരെ വ്യക്തം. മുകളില്‍ പറഞ്ഞപോലെ ഇവരെയെല്ലാം നയിക്കുന്നത് ബസ് കണ്ടക്ടര്‍ക്കെതിരെ തട്ടിക്കയറിയെ സ്ത്രീയെ നയിക്കുന്ന ഇസ്ലാമോഫോബിയ തന്നെ. ഹിന്ദു – കൃസത്യന്‍ വ്യക്തി നിയമങ്ങളില്‍ മാറ്റങ്ങള്‍ വേണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ആരും ഏക സിവില്‍ കോഡിനെകുറിച്ച് വാദിച്ചിരുന്നില്ലല്ലോ. ചില മാറ്റങ്ങളൊക്കെ വരികയും ചെയ്തു. തീര്‍ച്ചയായും മുസ്ലിം വ്യക്തിനിയമത്തില്‍ കുറെ മാറ്റങ്ങള്‍ അനിവാര്യമാണ്. അതിലെ സ്ത്രീവിരുദ്ധമായ പല വ്യവസ്ഥകളും ഒഴിവാക്കണം. അതിനാണ് സത്യത്തില്‍ ആവശ്യമുയരേണ്ടത്. പല മുസ്ലിം സ്ത്രീകളും സംഘടനകളും അതുന്നയിക്കുന്നുമുണ്ട്. എന്നാല്‍ ഏകസിവില്‍ കോഡിനായി നിലിനില്‍ക്കുന്നവരുടെ ആവശ്യം ലിംഗനീതിയല്ല എന്നു വ്യക്തം. ഇസ്ലാമോഫോബിയയിലൂടെ അവര്‍ പങ്കുവെക്കുന്നത് സംഘപരിവാര്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in