ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഏക ശിലാത്മകമായ ഒരു പ്രക്ഷോഭമായിരുന്നില്ല.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും അധിനിവേശ വിരുദ്ധ സമരങ്ങളുടെയും ഏത് ഘട്ടം പരിശോധിച്ചാലും ഇന്ത്യന്‍ മുസ്ലിങ്ങളുടെ പങ്ക് പളരെ വലുതാണെന്ന ബോധ്യപ്പെടും. രാജ്യത്ത് ദ്വിരാഷ്ട്ര വാദം ഉന്നയിക്കപ്പെട്ട സന്ദര്‍ഭത്തില്‍ രാജ്യത്തുള്ള മുസ്ലിം പണ്ഡിതന്‍മാരുടെ വലിയ നിര ആ നീക്കത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും ജമാഅത്തെ ഇസ്ലാമിയും അതിനെതിരെനിലകൊണ്ടിരുന്നു. ഖിലാഫത്ത് പ്രസ്ഥാനമാകട്ടെ ദേശീയ പ്രസ്ഥാനത്തോടൊപ്പം സഹകരിക്കാനാണ് തീരുമാനമെടുത്തത്. സങ്കീര്‍ണമായ സ്വാതന്ത്ര്യ സമരകാലത്ത് നേതൃപരവും നിര്‍ണായകവുമായ പങ്ക് മുസ്ലിം മത നേതാക്കളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും എക്കാലത്തും ഉണ്ടായതായി ചരിത്രം സാക്ഷിയാണ്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഏക ശിലാത്മകമായ ഒരു പ്രക്ഷോഭമായിരുന്നില്ല. ദേശീയ പ്രസ്ഥാനവും അതിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും നിരവധി സ്വത്വങ്ങളുടെയും വര്‍ഗങ്ങളുടെയും സമരങ്ങളെ ചേര്‍ത്ത് നിര്‍ത്തിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം രൂപപ്പെടുന്നത്. ദേശീയ പ്രസ്ഥാനത്തിനോട് വിയോജിപ്പോടെ വേറെയും നിരവധി സമര ധാരകള്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുണ്ടായിരുന്നു. ഭഗത്സിംഗും ചന്ദ്രശേഖര്‍ ആസാദും അടക്കമുള്ളവരുടെ പോരാട്ടങ്ങളും സുഭാഷ് ചന്ദ്രബോസിന്റെ ഐ.എന്‍.എ യും ആ കൂട്ടത്തില്‍ ഗണിക്കാവുന്നതാണ്.

സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ ആര്‍.എസ്.എസ് ഒഴികെ രാജ്യത്തെ ഏതാണ്ടെല്ലാ വിഭാഗങ്ങളും അവരവരുടെ അളവില്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കു ചേര്‍ന്നിരുന്നു. രാജ്യത്തെ പ്രബല വിഭാഗങ്ങളിലൊന്നായ മുസ്ലിങ്ങള്‍ സ്വാതന്ത്ര്യ പ്രക്ഷോഭത്തിന്റെ മുന്നണിയില്‍ തന്നെയുണ്ടായിരുന്നു. സ്വദേശികളും വിദേശികളുമായ ഒട്ടനവധി രാജവംശങ്ങളും നാടുവാഴികളും ഇന്ത്യയുടെ വിവിധ ഭാഗങ്ങള്‍ ഭരിച്ചിരുന്നുവെങ്കിലും 1498 ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌ഗോഡ ഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെയാണ് കൊളോണിയലിസത്തിന്റെ വിത്ത് രാജ്യത്ത് പാകിയത്. ഇതേ കാലഘട്ടത്തില്‍ തന്നെ ഫ്രഞ്ചുകാരുടെയും ഡച്ചുകാരുടെയും യാത്ര ഇന്ത്യയിലേക്ക് ആരംഭിക്കുകയും ചെയ്തതോടെ രാജ്യത്ത് സാമ്രാജ്വത്വ കോളനികള്‍ ആരംഭിക്കപ്പെട്ടു. . യൂറോപ്യന്‍ അധിനിവേശ ശക്തികള്‍ കച്ചവടാവശ്യാര്‍ത്ഥം എന്ന മറ പിടിച്ചാണ് വന്നതെന്നതിനാല്‍ നാട്ടുരാജക്കന്മാരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് അവര്‍ക്ക് ലഭിച്ചത്. കോളനിവത്കരണം എന്ന അവരുടെ അജണ്ട പതിയെ പുറത്തു വരികയും മെല്ലെമെല്ലെ അധിനിവേശ കോളനികള്‍ സ്ഥാപിച്ചെടുക്കുകയും ചെയ്തു. അതോടെ ചെറുത്തു നില്‍പുകളും ആരംഭിച്ചു.

കോഴിക്കോട് സാമൂതിരിയുടെ നാവിക പടനായകന്‍ കുഞ്ഞാലി മരയ്ക്കാരുടെ നേതൃത്വത്തിലെ വലിയ ചെറുത്തു നില്‍പാണ് അധിനിവേശത്തിനും കോളനി വത്കരണത്തിനുമെതിരായ രാജ്യത്തെ ആദ്യത്തെ സായുധ പോരാട്ടം. ബ്രിട്ടീഷ് സാമ്രാജ്യത്വം രാജ്യത്ത് കടന്നു വന്നതോടെ കോളനിവത്കരണത്തിന്റെയും അധിനിവേശത്തിന്റെയും പുതിയ ചരിത്രം ആരംഭിക്കുകയായി. മുസ്ലിം രാജക്കന്‍മാരെ പരാജയപ്പെടുത്തിയാണ് ബ്രിട്ടീഷുകാര്‍ രാജ്യത്ത് ആധിപത്യം ഉറപ്പിച്ചത്. സ്വാഭാവികമായും ആദ്യ ചെറുത്തു നില്‍പില്‍ മുസ്ലിങ്ങള്‍ തന്നെയായിരുന്നു മുന്നിലുണ്ടായിരുന്നത്.
ബ്രിട്ടീഷ് അധിനിവേശം സൃഷ്ടിച്ച സാസ്‌കാരികമായ പ്രതസന്ധികളെ മറികടക്കാന്‍ മുസ്ലിം സമൂഹത്തിന് പ്രചോദനമായത് പതിനെട്ടാം നൂറ്റാണ്ടില്‍ ഡല്‍ഹിയില്‍ ജീവിച്ചിരുന്ന സൂഫിവര്യനായ ഷാ വലീയുല്ലാഹി ദഹ്ലവി എന്ന പേരില്‍ പ്രശസ്തനായ ഖുതുബുദ്ദീന്‍ അഹ്മദ് ഇബ്ന്‍ അബ്ദുല്‍ റഹീം ആയിരുന്നു. പില്‍ക്കാലത്ത് ഇന്ത്യന്‍ മുസ്ലിങ്ങളിലുണ്ടായ സാസ്‌കാരിക-വിദ്യാഭ്യാസ-സാമൂഹ്യ പരിഷ്‌കരണങ്ങളിലെന്നപോലെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലും മുസ്ലിം പങ്കിന് പ്രചോദനം ഷാ വലിയുല്ലാഹിയുടെ ചിന്തകളാണ്.

ഷാ വലിയുല്ലാഹിയുടെ മരണ ശേഷം ഇമാമുല്‍ ഹിന്ദ് പദവിയിലേക്കെത്തിയ അദ്ദേഹത്തിന്റെ പുത്രന്‍ അബ്ദുല്‍ അസീസ് ദഹിലവി ബ്രിട്ടീഷ് ഇന്ത്യയെ ദാറുല്‍ ഹര്‍ബായി (യുദ്ധഭൂമി) പ്രഖ്യാപിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധ പോരാട്ടത്തിന് ആഹ്വാനം ചെയ്തു. ഷായുടെ ശിഷ്യന്‍ സയ്യിദ് അഹമ്മദ് സ്ഥാപിച്ച മുജാഹിദീന്‍ പ്രസ്ഥാനം സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ മുസ്ലിങ്ങളുടെ ആദ്യത്തെ ബഹുജന മൂവ്‌മെന്റാണ്. ബീഹാറിലെ സാദിഖ്പൂര്‍ കുടുംബത്തില്‍ പെട്ട ഇനായത്ത് അലി, വിലായത്ത് അലി എന്നീ സഹോദരന്‍മാര്‍ പിന്നീട് ഈ പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്ത് പഞ്ചാബ്, ബീഹാര്‍ പ്രദേശങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ സായുധ പോരാട്ടങ്ങളാരംഭിച്ചു. 1871 ല്‍ ബംഗാള്‍ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജോണ്‍ പാക്സ്റ്റര്‍ നോര്‍മനെ മുജാഹിദ് പ്രവര്‍ത്തകര്‍ വധിച്ചു. അതേവര്‍ഷം തന്നെ അന്തമാനില്‍ വൈസ്രോയി മേയനെയും ഈ സംഘം കൊലപ്പെടുത്തി.

പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്താര്‍ദ്ധത്തില്‍ സമാന്തരമായി ദക്ഷിണേന്ത്യയില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാട്ടങ്ങള്‍ തുടര്‍ന്നത് മൈസൂര്‍ രാജാവ് ഹൈദരലിയും മകന്‍ ടിപ്പു സുല്‍ത്താനുമാണ്. നാല് യുദ്ധങ്ങളാണ് ഈ കാലത്ത് മൈസൂരുമായി ബ്രിട്ടീല്‍് സൈന്യത്തിന് നേരിടേണ്ടി വന്നത്. ടിപ്പു സുല്‍ത്താന്‍. 1798 ല്‍ രക്തസാക്ഷിയായതോടെയാണ് ഈ മേഖലയില്‍ ബ്രിട്ടീഷ്ആധിപത്യം അരക്കിട്ടുറപ്പിച്ചത്. മലബാറിലാകട്ടെ എളം പുതുശ്ശേരി ഉണ്ണി മൂസ, ചെമ്പന്‍ പോക്കര്‍, ചെമ്പ്രശ്ശേരി തങ്ങള്‍, ഫസല്‍ പൂക്കോയ തങ്ങള്‍, വെളിയംകോട് ഉമര്‍ ഖാസി തുടങ്ങിയവര്‍ ചെറുത്തു നില്‍പുകള്‍ നടത്തിക്കൊണ്ടിരുന്നു. വെളിയംകോട് ഉണര്‍ ഖാസി നികുതി നിഷേധ പ്രസ്ഥാനവും ആരംഭിച്ചു.

1857 ലെ ഒന്നാം സ്വാതന്ത്ര്യസമരമെന്നു വിശേഷിപ്പിക്കപ്പെടുന്ന സായുധപ്രക്ഷോഭത്തില്‍ മുഖ്യ പങ്ക് വഹിച്ചത് മുസ്ലിം സമൂഹമാണ്. ഇന്ത്യയിലെ മുസ്ലിം പണ്ഡിതരും സൂഫികളും ഭരണാധികാരികളും ഒത്തു ചേര്‍ന്ന് ബ്രിട്ടീഷ് ഭരണത്തില്‍ വിശ്വാസ്യത നശിച്ച ഹിന്ദു ഹൈന്ദവ ഭരണാധികാരികളെയും ബഹുജനങ്ങളെയും ഒത്തു ചേര്‍ത്ത് നടത്തിയ വിപുലമായ പ്രക്ഷോഭമായിരുന്നു 1857 ലേത്. ഫൈസാബാദിലെ മൌലവി അഹ്മദുല്ലയും ഡല്‍ഹിയിലെ ഫസലുല്‍ ഹഖ് ഖൈറാബാദിയുടെയും ഫത്വകളാണ് ഈ പ്രക്ഷോഭത്തില്‍ മുസ്ലിം ശിപായിമാരെയും ബഹുജനങ്ങളെയും രംഗത്തിറക്കിയത്. 1857 ലെ സായുധ നീക്കങ്ങളിലെ പരാജയത്തെ തുടര്‍ന്ന് മുസ്ലിം നേതാക്കളെ മിക്കവരെയും ബ്രിട്ടീഷുകാര്‍ വധിക്കുകയും നാടുകടത്തുകയും ചെയ്തതോടെ പ്രക്ഷോഭങ്ങളില്‍ മന്ദീഭാവം രൂപപ്പെട്ടു.

തുര്‍ക്കിയെ ഓട്ടോമന്‍ ഖിലാഫത്ത് ബ്രിട്ടീഷ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ തകര്‍ക്കപ്പെട്ടത് ലോക തലത്തില്‍ തന്നെ സാമ്രാജ്യത്വ വിരുദ്ദ വികാരം മുസ്ലിങ്ങളില്‍ ഉടലെടുക്കാന്‍ കാരണമായി. 1919 ല്‍ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് എന്ന മുസ്ലിം പണ്ഡിത സംഘടന രൂപവ്തകരിക്കപ്പെട്ടതോടെ സ്വാതന്ത്ര്യപോരാട്ടങ്ങളിലേക്ക് മുസ്ലിം സമൂഹത്തെ ശക്തിയായി തിരികെ കൊണ്ടു വന്നു. “ബ്രിട്ടീഷുകാരെ രാജ്യത്തുനിന്ന് പുറത്താക്കേണ്ടത് മുസ്ലിംകളുടെ മതപരമായ ബാധ്യതയാണ്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായവുമായി സഹകരിച്ചുകൊണ്ടു മാത്രമേ ഇത് സാധ്യമാവൂ ഒരര്‍ഥത്തില്‍ അല്ലെങ്കില്‍ മറ്റൊരര്‍ഥത്തില്‍ നിങ്ങളുടെ ലക്ഷ്യം (സ്വാതന്ത്ര്യം) നേടാന്‍ നിങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളെ അല്ലാഹു സന്നദ്ധമാക്കുമെന്ന കാര്യത്തില്‍ സംശയമുണ്ടാവില്ല. ഇരു സമുദായങ്ങളും തമ്മിലുള്ള സഹകരണം പരസ്പരം പ്രയോജനകരവും നേട്ടങ്ങള്‍ നല്‍കുന്നതുമാണെന്നാണ് എന്റെ വിശ്വാസം. ഈ സഹകരണത്തിലൂടെ അസാധ്യമെന്ന് നമ്മള്‍ കരുതിയ രാജ്യസ്വാതന്ത്ര്യം നേടാന്‍ നമുക്ക് കഴിയുക തന്നെ ചെയ്യും” -1920ല്‍ ജമാഅത്തുല്‍ ഉലമ സമ്മേളനത്തിന്റെ സമാപന സെഷനില്‍ പങ്കെടുത്തുകൊണ്ട് മൌലാനാ മുഹമ്മദ് ഹസന്‍ (ശൈഖുല്‍ ഹിന്ദ്) നടത്തിയചരിത്ര പ്രാധാന്യമുള്ള പ്രഭാഷണത്തിലെ വാക്കുളാണ് ഇത്.

ഈ സമ്മേളനത്തിന്റെ ഉദ്ഘാടനത്തില്‍ മൌലാനാ ഹുസൈന്‍ മദനി നല്‍കിയ ഫത്വകള്‍ ഇതാണ്:

1. ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഏറ്റവും വലിയ ശത്രു ബ്രിട്ടീഷ് ഭരണകൂടമാണ്. അവരുടെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കേണ്ടത് നമ്മുടെ അടിസ്ഥാനപരമായ ബാധ്യതയാണ്.

2. ഇസ്ലാമിനെയും മുസ്ലിംകളെയും സംരക്ഷിക്കുന്നതിനും (മില്ലത്ത്) ഖിലാഫത്തിനും ഭൂരിപക്ഷ സമുദായത്തിന്റെ സഹകരണമുണ്ടാവും. അത് സ്വീകാര്യവും നാം അവരോട് ഇക്കാര്യത്തില്‍ കടപ്പെട്ടവരുമായിരിക്കും.

3. രാജ്യത്തിന്റെ മോചനത്തിനായി ഭൂരിപക്ഷ സമുദായവുമായി സഹകരിക്കുന്നതിന് യാതൊരു തെറ്റുമില്ല. അത് മുസ്ലിം വിശ്വാസങ്ങള്‍ക്ക് വിരുദ്ധവുമല്ല.

4. ശത്രുവിനെതിരായ പോരാട്ടത്തില്‍ തോക്കുകളും യുദ്ധവിമാനങ്ങളും ഉള്‍പെടെ ആധുനിക യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് അനുവദനീയമാണ്. (മധ്യകാല ഘട്ടത്തില്‍ മുസ്ലിം വിശ്വാസപ്രകാരം ഇത് അനുവദനീയമായിരുന്നില്ല).

ഈ മത വിധികള്‍ പ്രവൃത്തിമണ്ഡലത്തില്‍ കൊണ്ടുവരിക കൂടി ചെയ്തു ഉലമാ പ്രസ്ഥാനം. മൌലാനാ അതാഉല്ലാ ഷാ ബുഖാരിയുടെ നേതൃത്വത്തിലുള്ള അഹ്റാറും (വിദ്യാഭ്യാസപരമായി സ്വാതന്ത്ര്യം നേടിയ ജനത) ആ കാലഘട്ടത്തിലെ മുസ്ലിംലീഗിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളും ഇക്കാലത്ത് ഉന്നയിച്ചിരുന്നു. മുസ്ലിം വ്യക്തിനിയമം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയാണെങ്കില്‍, മുസ്ലിം ലീഗിനെക്കാള്‍ മുസ്ലിംകള്‍ മുന്‍ഗണന നല്കേണ്ടത് കോണ്‍ഗ്രസിനാണെന്ന് അഹ്റാര്‍ നേതാവായിരുന്ന ചൌധരി അഫ്സല്‍ ഹഖ് പ്രസ്താവിക്കുകയുണ്ടായി.

മുസ്ലിങ്ങളുടെ ആഗോള നേതൃത്വമായ തുര്‍ക്കി ഖിലാഫത്തിനെതിരായ ബ്രിട്ടന്റെ നീക്കത്തിനെതിരെ ഒരു പ്രതിഷേധം എന്ന നിലയില്‍ ഈ സന്ദര്‍ഭത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ആരംഭം കുറിക്കപ്പെട്ടു തികച്ചും മതപരമായ ഒരു ആവശ്യം എന്ന നിലയില്‍ നിന്ന് രാജ്യത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഈ മുന്നേറ്റത്തെ പരിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. മൗലാനാ മുഹമ്മദ് അലി ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഇന്ത്യയിലെ പ്രധാന നേതാക്കളില്‍ ഒരാളായിന്നു. 1932 ല്‍ ഗാന്ധിയോടൊപ്പം വട്ടമേശ സമ്മേളനത്തില്‍ ഇദ്ദേഹം പങ്കെടുത്തു. അദേദഹവും അദ്ദേഹത്തിന്റെ സഹോദരന്‍ മൌലാന ഷൌക്കത്തലിയും രാജ്യത്തെ ദേശീയ പ്രസ്ഥാനത്തിന്റെ അനിഷേധ്യ നേതാക്കളുടെ നിരയാലേക്കുയര്‍ന്നു. ഇതേ സാഹചര്യത്തില്‍ തന്നെ കേരളത്തില്‍ അലിമുസ്ലിയാരുടെ നേതൃത്വത്തിലും വാരിന്‍ കുന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ നേതൃത്വത്തിലും ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്രാപിക്കുകയും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്ന സായുധ പോരാട്ടങ്ങള്‍ രൂപപ്പെടുകയുമുണ്ടായി.

ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെയും അധിനിവേശ വിരുദ്ധ സമരങ്ങളുടെയും ഏത് ഘട്ടം പരിശോധിച്ചാലും ഇന്ത്യന്‍ മുസ്ലിങ്ങളുടെ പങ്ക് പളരെ വലുതാണെന്ന ബോധ്യപ്പെടും. രാജ്യത്ത് ദ്വിരാഷ്ട്ര വാദം ഉന്നയിക്കപ്പെട്ട സന്ദര്‍ഭത്തില്‍ രാജ്യത്തുള്ള മുസ്ലിം പണ്ഡിതന്‍മാരുടെ വലിയ നിര ആ നീക്കത്തിന് എതിര്‍പ്പ് പ്രകടിപ്പിച്ചു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും ജമാഅത്തെ ഇസ്ലാമിയും അതിനെതിരെനിലകൊണ്ടിരുന്നു. ഖിലാഫത്ത് പ്രസ്ഥാനമാകട്ടെ ദേശീയ പ്രസ്ഥാനത്തോടൊപ്പം സഹകരിക്കാനാണ് തീരുമാനമെടുത്തത്. സങ്കീര്‍ണമായ സ്വാതന്ത്ര്യ സമരകാലത്ത് നേതൃപരവും നിര്‍ണായകവുമായ പങ്ക് മുസ്ലിം മത നേതാക്കളില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും എക്കാലത്തും ഉണ്ടായതായി ചരിത്രം സാക്ഷിയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply