രോഗപ്രതിരോധശേഷിയാണ് അതിജീവനം

കൃത്രിമ തീറ്റ നല്‍കി നിലനില്‍ക്കുന്ന വന്‍ഫാമുകള്‍ അപകടകരമാണ്. ഇത്തരം ഫാമുകള്‍ പകര്‍ച്ച രോഗങ്ങള്‍ വരുത്തുന്ന പുതിയ അണുക്കളെ സൃഷ്ടിക്കാനിടയുണ്ട്. വികേന്ദ്രീകൃതവും ചെറുകിടവുമായ നാടന്‍ കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മത്സ്യകൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി അതേകുറിച്ച് പറഞ്ഞിരുന്നു.

കേരളത്തിലെ കാര്‍ഷികമേഖലയെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കാലങ്ങളായി പലും പറയാറുണ്ടെങ്കിലും സര്‍ക്കാരും ഭൂരിപക്ഷം ജനങ്ങളും അതിന് ഒരു വിലയും കൊടുക്കാറില്ല. കൃഷിചെയ്യുന്നത് നഷ്ടമാണെന്ന ന്യായീകരണമാണ് അതിനുള്ള പ്രധാന കാരണം. കൃഷിഭൂമി നികത്തി വില്‍ക്കുകയോ മറ്റാവശ്യങ്ങല്‍ക്കുപയോഗിക്കുകയോ ചെയ്യുന്നതാകട്ടെ വലിയ ലാഭവും. ഭൂപരിഷ്‌കരണം കൊണ്ട് ഭൂമി ലഭിച്ചവരില്‍ മഹാഭൂരിപക്ഷവും കര്‍ഷകരായിരുന്നില്ല എന്നതു മുതലാണ് ഈ ദുരന്തമാരംഭിച്ചത്. മാറിമാറി ഭരിച്ച എല്ലാ സര്‍ക്കാരുകളും കൃഷി നിലനിര്‍ത്താന്‍ ഒരു നടപടിയുമെടുത്തില്ല എന്നു മാത്രമല്ല, ഭൂമി നികത്താനാവശ്യമായ നടപടികളാണ് നിരന്തരമായി സ്വീകരിച്ചത്. കേരളത്തെ ഏറ്റവും മികച്ച മാര്‍ക്കറ്റായി കണ്ട തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്ഷ്യവിഭവങ്ങള്‍ കൃത്യമായി എത്തിയിരുന്നതിനാല്‍ ഭക്ഷ്യക്ഷാമം നാം അറിഞ്ഞിരുന്നില്ല. അമിതമായ രാസവളമുപയോഗിച്ചുള്ള പച്ചക്കറികളാണ് മുഖ്യമായും എത്തിയിരുന്നതെന്നറിഞ്ഞിട്ടും അതൊന്നും നമുക്കൊരു പ്രശ്‌നമായിരുന്നില്ല.

എന്നാല്‍ കാലം മാറി. കൊവിഡാനന്തരകാലത്ത് ഭക്ഷ്യക്ഷാമത്തിന്റെ എല്ലാ സാധ്യതയും ലോകത്തിന്റെ എല്ലാ ഭാഗത്തോടൊപ്പവും കേരളവും മുന്നില്‍ കാണുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ കൃഷിയെ കുറിച്ച് സംസാരിക്കാന്‍ തുടങ്ങിയത്. വൈകിവന്ന വിവേകത്തിന് നന്ദി. അതിനായി കുറെ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. തരിശുഭൂമിയിലെല്ലാം കൃഷിയിറക്കുക, എല്ലാവരും സ്വന്തം വീടുകളില്‍ പച്ചക്കറി കൃഷിചെയ്യുക, കോഴിയും പശുവും വളര്‍ത്തുക എന്നിങ്ങനെ പോകുന്നു നിര്‍ദ്ദേശങ്ങള്‍. തീര്‍്ച്ചയായും സ്വാഗതാര്‍ഹമാണിവ. അതിന്റെ നടപടികള്‍ ആരംഭിക്കാറായി. കാരണം ഇപ്പോള്‍ ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ പലതും സ്റ്റോക്കില്‍ നിന്നെടുക്കുന്നതാണ്. അതു കഴിഞ്ഞാല്‍ പ്രശ്‌നം രൂക്ഷമാകും. അപ്പോഴേക്കും പച്ചക്കറികളും മറ്റു ഭക്ഷ്യവിഭവങ്ങളും തയ്യാറാകണം. അതു സാധ്യമാകണമെങ്കില്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങാറായി.

ഭാഗ്യവശാല്‍ ഇത്തരമൊരു സാഹചര്യത്തെ നേരിടാന്‍ ഒരു മാതൃക നമുക്ക് മുന്നിലുണ്ട്. അതാകട്ടെ പൊതുവില്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട ക്യൂബ തന്നെയാണ്. സോവിയറ്റ് യൂണിയനുമായിട്ടുള്ള വ്യാപാര ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് 1989ല്‍ ക്യൂബ വലിയൊരു ഭക്ഷ്യപ്രതിസന്ധിയെ നേരിട്ടു. അവര്‍ക്കാവശ്യമായ രാസവളങ്ങള്‍, കീടനാശിനികള്‍, പെട്രോള്‍, കാര്‍ഷിക യന്ത്രങ്ങള്‍ എന്നിവയെല്ലാം റഷ്യയില്‍ നിന്നും വരണമായിരുന്നു. പ്രതിസന്ധി രൂക്ഷമായപ്പോള്‍ മറികടക്കാന്‍ വന്‍ ആസൂത്രണ പദ്ധതികളാണ് ഫിദല്‍ കാസ്‌ട്രോയുടെ നേതൃത്വത്തില്‍ ക്യൂബ നടപ്പാക്കിയത്. പ്രാദേശികമായ അറിവുകളും വിഭവങ്ങളും ഉപയോഗിച്ചുള്ള ജൈവ ഭക്ഷ്യകൃഷിയില്‍ കേന്ദ്രീകരിക്കാനായിരുന്നു പ്രധാന തീരുമാനം. പരമ കാര്‍ഷിക സര്‍വകലാശാലയില്‍ ജൈവകൃഷി കോഴ്‌സ് ആരംഭിച്ചു. കീടരോഗ നിയന്ത്രണത്തിന് നാടന്‍ അറിവുകളെ പ്രയോജനപ്പെടുത്തി. വൈവിധ്യമുള്ള വിളകള്‍ ഒരുമിച്ച് കൃഷി ചെയ്തു. ഇത്തരത്തില്‍ വളരെ പെട്ടെന്ന് രാജ്യം ഭക്ഷ്യസുരക്ഷ തിരിച്ചെടുത്തു.

ഏറെക്കുറെ ക്യൂബയുടെ അവസ്ഥ തന്നെയാണ് കേരളത്തിന്റേതും. അതിനാല്‍ തന്നെ ആ മാതൃകയില്‍ നിന്നും പലതും സ്വീകരിക്കാമെന്ന് നിരവധി കാര്‍ഷിക വിദഗ്ധരും ചൂണ്ടികാട്ടുന്നു. നമ്മുടെ കാര്‍ഷിക യോഗ്യമായ ഭൂമിയുടെ 62.8 ശതമാനവും നാണ്യവിളകളാണ്. 7.4 ശതമാനം മാത്രമാണ് നെല്‍കൃഷി. വെറും 5 ശതമാനം മാത്രമാണ് പച്ചക്കറി കൃഷി. ഈ അവസ്ഥ ആദ്യം മാറ്റണം. മാരക രോഗങ്ങളെ ചെറുക്കുന്ന രോഗ പ്രതിരോധ ശക്തി നേടുന്ന രീതിയിലായിരിക്കണം നമ്മുടെ വരുംകാല ഭക്ഷ്യനയം. അതനുസരിച്ച് ആരോഗ്യം, ഭക്ഷ്യം, കൃഷി, തൊഴില്‍, ധനകാര്യം എന്നീ വകുപ്പുകളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണിനി ആവശ്യം. രോഗ ചികിത്സയിലെ നമ്മുടെ മികവ് രോഗപ്രതിരോധത്തില്‍ നമുക്കില്ല. അതുണ്ടാക്കലാകണം വരുംകാല ലക്ഷ്യം, അതിനായി വിഷവിമുക്തവും മായം കലരാത്തതുമായ ഭക്ഷണത്തില്‍ ഊന്നണം. മരുന്നുകളുടെയും കൃത്രിമ പാനിയങ്ങള്‍, പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടേയും അമിത ഉപയോഗം കുറക്കണം.

ജീവിതചര്യരോഗങ്ങളില്‍ വളരെ മുന്നിലാണല്ലോ കേരളം. അവയാകട്ടെ ഇത്തരം മഹാമാരികള്‍ക്ക് വളവുമാണ്. അതിനാല്‍ തന്നെ അവ നിയന്ത്രിക്കുന്നതായിരിക്കണം നമ്മുടെ ഭക്ഷ്യനയം. 50%മെങ്കിലും തവിടുള്ള അരി പ്രമേഹത്തെ കുറക്കും. പരമാവധി നാടന്‍ വിത്തുകള്‍ കൃഷി ചെയ്യണം. കിഴങ്ങുകള്‍, ചെറുധാന്യങ്ങള്‍ എന്നിവയൊക്കെ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ചെറുധാന്യങ്ങള്‍ പൊതുവിതരണ ശൃംഖലയിലൂടെ ലഭ്യമാക്കണം. ഒപ്പം മുട്ട – മീന്‍ – മത്സ്യ – മാംസ ഉപയോഗവും വേണം. പക്ഷെ കൃത്രിമ തീറ്റ നല്‍കി നിലനില്‍ക്കുന്ന വന്‍ഫാമുകള്‍ അപകടകരമാണ്. ഇത്തരം ഫാമുകള്‍ പകര്‍ച്ച രോഗങ്ങള്‍ വരുത്തുന്ന പുതിയ അണുക്കളെ സൃഷ്ടിക്കാനിടയുണ്ട്. വികേന്ദ്രീകൃതവും ചെറുകിടവുമായ നാടന്‍ കന്നുകാലി വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, മത്സ്യകൃഷി എന്നിവയെ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി അതേകുറിച്ച് പറഞ്ഞിരുന്നു. സമ്മിശ്രമായിരിക്കണം കൃഷി. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍ പച്ചക്കറി, ഭക്ഷ്യ എണ്ണകള്‍, പാല്, പാലുല്പന്നങ്ങള്‍, മുട്ട, മാംസം , പാക്കറ്റ് ഭക്ഷ്യവസ്തുക്കള്‍ എന്നിങ്ങനെ വിപണിയിലെത്തുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും കൃത്യമായ പരിശോധനക്കു വിധേയമാക്കണം. പഞ്ചായത്ത് തലത്തില്‍ പരമാവധി സ്വയംപര്യാപ്തത എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അവ പരമാവധി ജൈവ രീതിയില്‍ ഉല്പാദിപ്പിക്കണം. പഞ്ചായത്ത്തല വിപണന കേന്ദ്രങ്ങള്‍വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കണം. നമ്മുടെ നാട്ടില്‍ നശിച്ചുപോകുന്ന അമൂല്യമായ ഔഷധസസ്യ സമ്പത്ത് ഉപയോഗപ്രദമാക്കണം. അതുമിക്കവാറും ഇപ്പോള്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നശിച്ചുപോകുകയാണ്.

തുടക്കത്തില്‍ പറഞ്ഞപോലെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതു തന്നെയാവണം നമ്മുടെ വരുംകാല പ്രവര്‍ത്തനങ്ങളിലെ പ്രധാന ഉള്ളടക്കം. ആ ദിശയില്‍ ഹ്രസ്വകാല – ദീര്‍ഘകാലാധിഷ്ഠിത പദ്ധതികള്‍ ആസൂത്രണം ചെയ്യണം. അതാകട്ടെ എത്രയും വേഗം ആരംഭിക്കണം. ഇപ്പോള്‍ തന്നെ വൈകി കഴിഞ്ഞു. ഇപ്പോഴത്തെ കൊവിഡ് പോയാലും അതിനേക്കാള്‍ ഭീകരമായ കൊവിഡുകള്‍ ഇനിയും വരുമെന്ന മുന്നറിയിപ്പുകള്‍ കണക്കിലെടുത്ത് അടിമുടി മാറാന്‍ തയ്യാറാകുക മാത്രമാണ് അതിജീവനത്തിനു നമുക്കു മുന്നിലുള്ള ഏകമാര്‍ഗ്ഗം.

(കടപ്പാട് – കേരളാ ജൈവകര്‍ഷക സമിതി)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply