‘ഹൗഡി മോഡി’ – വംശീയതയുടെ പകര്‍ന്നാട്ടങ്ങള്‍

മോദി -ട്രംപ് കൂട്ടുകെട്ടിന്റെ പൊതുവായ സവിശേഷത ഇരുവരും സ്വന്തം രാജ്യങ്ങള്‍ക്കകത്ത് ഭൂരിപക്ഷ വംശീയതയുടെ വക്താക്കളാണെന്നതാണ്. ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍, ഭൂരിപക്ഷ വംശീയതയെ അടിസ്ഥാനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രത്യയശാസ്ത്രങ്ങളെ ആരാധനയോടെ നോക്കിക്കാണുന്ന രീതി ആര്‍.എസ്സ്.എസ്സ് സ്ഥാപിതമായ കാലം മുതല്‍ക്ക് തന്നെ അതിന്റെ നേതാക്കളില്‍ അന്തര്‍ലീനമാണെന്ന് കാണാവുന്നതാണ്.

”ഹൗഡി മോദി” – 2019, സെപ്റ്റംബര്‍ മാസം 22-ാം തീയതി അമേരിക്കയിലെ ഹൂസ്റ്റണിന്റല്‍ വച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയുടെ പരസ്യ വാചകമാണിത്. 17 -ാം ലോക് സഭാ തിരഞ്ഞെടുപ്പിലൂടെ കേന്ദ്ര ഗവണ്‍മെന്റില്‍ അധികാരത്തില്‍ തിരിച്ചുവന്നതിന് ശേഷമുള്ള മോദിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശനമായിരുന്നു ഹൂസ്റ്റണിലേത്. അമ്പതിനായിരത്തോളം ഇന്ത്യാക്കാര് പങ്കെടുത്ത ഈ സ്വീകരണ പരിപാടി ഫ്രാന്‍സിസ് മാര്‍പ്പാപ്പക്കുശേഷം, വിദേശത്തുനിന്നുള്ള ഒരു രാഷ്ട്രീയ നേതാവിന് അമേരിക്കയില്‍ ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമായാണ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ഭൂരിപക്ഷ വംശീയതയെ അടിസ്ഥാനപ്പെടുത്തിയുള്ള ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയത്തേയും, വന്‍കിട കോര്‍പ്പറേറ്റ് മൂലധനത്തെയും ഒരുപോലെ പിന്തുണയ്ക്കുന്ന ഇന്ത്യന്‍ – അമേരിക്കന്‍ കുടിയേറ്റ വിഭാഗങ്ങളാണ് ‘ഹൗഡി മോദി’യുടെ അണിയറ പ്രവര്‍ത്തകരെന്നത് സംഘപരിവാര്‍ ശക്തികളുടെ വിദേശ സാന്നിധ്യം വെളിവാക്കുന്നു. എന്നാല്‍ ഹൂസ്ടനില്‍ മോദിയ്ക്ക് ഇന്ത്യന്‍ വംശജര്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ ട്രംപിനെപ്പോലെ, വെള്ളക്കാരുടെ വംശശുദ്ധി വ്യാഖാനങ്ങളില്‍ വിശ്വസിക്കുന്ന ഒരു വ്യക്തി ആദ്യാവസാനം സന്നിഹിതനായി എന്നത് വിരോധാഭാസമായി തോന്നാമെങ്കിലും സംഘപരിവാറിന്റെ പ്രത്യയശാസ്ത്രം ഇത്തരം രാഷ്ട്രീയ കൂടിക്കാഴ്ചകള്‍ക്ക് ഇടം നല്‍കുന്നുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

ഹിന്ദുത്വയുടെ വിദേശ മാതൃകകള്‍

മോദി -ട്രംപ് കൂട്ടുകെട്ടിന്റെ പൊതുവായ സവിശേഷത ഇരുവരും സ്വന്തം രാജ്യങ്ങള്‍ക്കകത്ത് ഭൂരിപക്ഷ വംശീയതയുടെ വക്താക്കളാണെന്നതാണ്. ഇന്ത്യയിലെ സംഘപരിവാര്‍ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍, ഭൂരിപക്ഷ വംശീയതയെ അടിസ്ഥാനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രത്യയശാസ്ത്രങ്ങളെ ആരാധനയോടെ നോക്കിക്കാണുന്ന രീതി ആര്‍.എസ്സ്.എസ്സ് സ്ഥാപിതമായ കാലം മുതല്‍ക്ക് തന്നെ അതിന്റെ നേതാക്കളില്‍ അന്തര്‍ലീനമാണെന്ന് കാണാവുന്നതാണ്. ഇവയില്‍ ഏറ്റവും പ്രധാനം, ആര്‍.എസ്സ്. എസ്സ് -ന്റെ സ്ഥാപക നേതാക്കളായ ഹെഗ്‌ഡെവാറിനും, ഗോള്‍വാക്കര്‍ക്കും, സവര്‍ക്കറിനും, ഹെഗ്‌ഡേവറിന്റെ മാര്‍ഗ്ഗദര്‍ശിയും, ഹിന്ദുത്വവാദിയുമായിരുന്ന ബി.എസ്സ്. മൂഞ്ചേയ്ക്കും, ജര്‍മ്മനിയിലെ ഹിറ്റ്‌ലറുടെ നാസിസത്തോടും, ഇറ്റലിയിലെ മുസ്സോളിനിയുടെ ഫാഷിസത്തോടും ഉണ്ടായിരുന്ന ആരാധനാവായ്പുകളാണ്.
ഇന്ത്യയിലെ സംഘപരിവാറുകാരില്‍ മുസ്സോളിനിയുമായി ബന്ധം സ്ഥാപിക്കുന്ന ആദ്യത്തെ വ്യക്തിയാണ് മൂഞ്ചേ. വട്ടമേശ സമ്മേളനങ്ങളുടെ ഭാഗമായി തന്റെ യൂറോപ്യന്‍ പര്യടനത്തിനിടയ്ക്കാണ് 1931 മാര്‍ച്ച് മാസം 19 -ാം തീയതി മൂഞ്ചേ ഇറ്റലിയില്‍ മുസ്സോളിനിയെ സന്ദര്‍ശിക്കുന്നത്. ഇന്ത്യാക്കാരെപോലെ, സമാധാനപ്രിയരായ ഇറ്റാലിയന്‍ ജനതയെ എങ്ങനെയാണ് യുദ്ധോല്‍ത്സുകരാക്കി മാറ്റിയെടുക്കുവാന്‍ മുസ്സോളിനിക്ക് സാധിച്ചത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇറ്റലിയിലെ ഫാഷിസമെന്ന് മൂഞ്ചേ പുളകംകൊള്ളുന്നു. കൂടാതെ ഇന്ത്യയില്‍ അത്തരമൊരു സംഘടനയാണ് ആര്‍.എസ്സ്.എസ്സ്. എന്നും എപ്പോള്‍ വേണമെങ്കിലും ഫാഷിസത്തിനുവേണ്ടി ഇന്ത്യയിലും, ഇംഗ്ലണ്ടിലും ശബ്ദമുയര്‍ത്താന്‍ ഭൂരിപക്ഷ വംശീയതയുടെ വക്താവായ തനിക്ക് യാതൊരുമടിയുമില്ലെന്ന് മൂഞ്ചേ മുസ്സോളിനിക്ക് ഉറപ്പും നല്‍കുകയുണ്ടായതായി മൂഞ്ചേയുടെ ഡയറിക്കുറിപ്പുകളെ ഉദ്ധരിച്ച് എ.ജി.നൂറാനി അഭിപ്രായപ്പെടുന്നു.
സംഘപരിവാറിന്റെ ആശയാടിത്തറ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ സവര്‍ക്കറും, ആര്‍.എസ്സ്.എസ്സിന്റെ ആത്മീയാചാര്യനായിരുന്ന ഗോള്‍വാക്കറും ഹിറ്റ്‌ലര്‍ ജൂതന്മാരെ ഉന്മൂലനം ചെയ്യണം എന്ന നിലപാടുള്ളവരായിരുന്നു. എന്നുമാത്രമല്ല, ജൂതന്മാരോടുള്ള നാസികളുടെ സമീപനം ഇന്ത്യയിലെ മുസ്ലിങ്ങളോടുള്ള സംഘപരിവാര്‍ സമീപനങ്ങള്‍ക്ക് ‘ഗുണകരമാവും’ എന്ന പ്രതീക്ഷ ഗോള്‍വാക്കര്‍ വച്ചുപുലര്‍ത്തുകയും ചെയ്തിരുന്നു. ഗോള്‍വാക്കറുടെ അഭിപ്രായത്തില്‍, ‘ദേശത്തിന്റെ വംശശുദ്ധിയും, സംസ്‌ക്കാരാവും കാത്തുസൂക്ഷിക്കാന്‍ വേണ്ടി ജൂതന്മാരെ ഉന്മൂലനം ചെയ്തുകൊണ്ട് ജര്‍മ്മനി ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ദേശസ്‌നേഹം അതിന്റെ പാരമ്യത്തില്‍ നമുക്കവിടെ ദര്‍ശിക്കാന്‍ സാധിക്കും. വ്യത്യസ്തങ്ങളായ വംശങ്ങളും, സംസ്‌കാരങ്ങളും ഒരുമിച്ചുപോകുന്നത് എത്രമാത്രം അസാധ്യമായ കാര്യമാണ് എന്ന് ജര്‍മ്മനി നമുക്ക് മനസ്സിലാക്കിത്തരുന്നു.’ ഇതേ നിലപാടില്‍ ഉറച്ചുനിന്നുകൊണ്ടാണ് സവര്‍ക്കര്‍ 1938-ല്‍ നാസികളുടെ ജൂത വംശഹത്യകളെ ന്യായീകരിച്ചത്. ‘ജര്‍മ്മനിക്ക് നാസിസം പോലെതന്നെ ഇറ്റലിക്ക് ഫാസിസം സ്വീകരിക്കാനുള്ള എല്ലാ അവകാശവും ഉണ്ടെന്നും, മൂര്‍ത്തമായ സാഹചര്യങ്ങളില്‍ ഈ രണ്ട് പ്രത്യയശാസ്ത്രങ്ങളും ഇരുരാജ്യങ്ങള്‍ക്കും എത്രത്തോളം ഗുണകരമാണെന്ന് ഇരുവരുടേയും ചരിത്രം വെളിവാക്കുന്നതായി’ സവര്‍ക്കര്‍ അഭിപ്രായപ്പെട്ടു . എന്നാല്‍ ജര്‍മ്മന്‍ വംശശുദ്ധിയുടെ ഇതേ വക്താക്കള്‍ തന്നെ ജൂതന്മാര്‍ക്ക് വേണ്ടി ഇസ്രായേല്‍ എന്ന ജൂതരാജ്യം സ്ഥാപിതമായപ്പോള്‍ അതിനെ പിന്തുണക്കുകയും, ഇസ്രായേല്‍ ഭരണകൂടം പലസ്തീനികളുടെ മുകളില്‍ നടപ്പാക്കിയ വംശീയാതിക്രമണങ്ങളെ ന്യായീകരിക്കുകയും ചെയ്തു. ഇതില്‍ പലസ്തീനികള്‍ മുസ്ലിങ്ങളായിരുന്നുവെന്നതാണ്, ജൂതന്മാരോടുള്ള പഴയ നിലപാടില്‍ മലക്കംമറിഞ്ഞുകൊണ്ട്, ജൂത ഭരണകൂടത്തെ പിന്തുണയ്ക്കാന്‍ സംഘപരിവാരത്തെ പ്രേരിപ്പിച്ചത്. സംഘപരിവാറിന്റെ ഈയൊരു ചരിത്രപശ്ചാത്തലത്തില്‍ നിന്നുകൊണ്ടുവേണം ട്രംപിനെപ്പോലുള്ള വംശീയവാദികളുമായുള്ള മോദിയുടെ ചങ്ങാത്തത്തെ മനസ്സിലാക്കാന്‍.

ഇന്ത്യന്‍-അമേരിക്കന്‍ വംശജരും ഹിന്ദുത്വയും

അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ വെറും ഒരു ശതമാനം മാത്രമാണ് ഇന്ത്യന്‍ -അമേരിക്കന് വംശജരെങ്കിലും അമേരിക്കന്‍ ഭരണ സംവിധാനത്തെപ്പോലും സ്വാധീനിക്കാന്‍ ശേഷിയുള്ള പ്രബല വിഭാഗമാണിവരെന്ന് ഓസ്‌ട്രേലിയായിലെ ന്യു സൗത്ത് വെയില്‍സ് സര്‍വ്വകലാശാല പ്രൊഫസ്സറായ അശോക് ശര്‍മമ്മ നിരീക്ഷിക്കുന്നു . തന്നെയുമല്ല, അമേരിക്കയിലെ കുടിയേറ്റവംശജരില്‍ ആളോഹരി വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ധനികവിഭാഗവും ഇവരാണ്. 1990-മുതല്‍ ലോകത്തിന്റെ ശാസ്ത്ര-സാങ്കേതികവിദ്യയിലുണ്ടയിട്ടുള്ള പുരോഗതിയും, അതില്‍ തങ്ങള്‍ ഉണ്ടാക്കിയെടുത്ത മേല്‍ക്കയ്യും അമേരിക്കയുടെ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളില്‍ സജീവമാകാന്‍ ഇന്ത്യന്‍ വംശജരെ പ്രേരിപ്പിച്ചു. മാത്രമല്ല ദീര്‍ഘകാലമായി തങ്ങള്‍ ആര്‍ജ്ജിച്ചെടുത്ത ഈ സാമ്പത്തിക പുരോഗതി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് പലതരം സംഘടനാ സംവിധാനങ്ങളിലൂടെ അമേരിക്കയുടെ ഭരണ സംവിധാനത്തെ സ്വാധീനിക്കാന്‍ ഇവര്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ശീതസമര കാലഘട്ടത്തില്‍ അമേരിക്കയില്‍ പാകിസ്ഥാന്‍ വംശജര്ക്കുണ്ടായിരുന്ന സ്വാധീന ശക്തിയെ തകര്‍ത്തുകൊണ്ടാണ് ഇന്ത്യന്‍ വംശജര്‍ തങ്ങളുടെ സ്വാധീനം അമേരിക്കന്‍ ഭരണകൂടത്തില്‍ ശക്തിപ്പെടുത്തിയത് . 2010 മുതല്‍ 2017 വരെയുള്ള കാലയളവില്‍, അമേരിക്കയിലെ ഇന്ത്യന്‍ വംശജരുടെ എണ്ണം 31,83,063 -ല്‍ നിന്നും 44, 02,363 എന്നതിലേക്ക് 38. 3 ശതമാനം വര്‍ദ്ധിച്ചുവെന്നും കണക്കില്‍പെടാത്ത 6,30,000 ഇന്ത്യക്കാരുടെ എണ്ണം കൂടി കണക്കാക്കിയാല്‍ ഇത് 72 ശതമാനമാകുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്
അമേരിക്കയിലേക്ക് കുടിയേറിയിട്ടുള്ള ഇന്ത്യന്‍ -അമേരിക്കന്‍ വംശജരുടെ മറ്റൊരു പ്രത്യേകതയെന്നത് ഇവരില്‍ ഭൂരിപക്ഷംപേരും ഇന്ത്യയില്‍ നിന്നുള്ള ഉന്നതജാതി ഹിന്ദുക്കളാണെന്നതാണ് . സ്വന്തം ജാതി-മത പാരമ്പര്യങ്ങളെ ശക്തമായി നിലനിര്‍ത്താന് ശ്രമിക്കുന്ന ഇവരാണ് പതിറ്റാണ്ടുകളായി അമേരിക്കയില്‍ സംഘപരിവാറിന്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുന്നത്. ‘സാംസ്‌കാരിക ദേശീയത’യുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ പ്രത്യയശാസ്ത്ര നിലപാടുകളാണ് സംഘപരിവാറിനൊപ്പം നില്ക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നത്. ഇന്ത്യയില്‍ ‘ഹിന്ദുത്വ’യുടെ വക്താവായിരുന്ന വി.ഡി. സവര്‍ക്കറുടെ അഭിപ്രായത്തില്‍, വൈദേശിക മതങ്ങളില്‍ വിശ്വസിക്കുന്ന ഇന്ത്യക്കാരെ ഒരിക്കലും യഥാര്‍ത്ഥ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കാന്‍ സാധിക്കില്ലയെങ്കിലും, ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ പിന്തുടരുന്ന ജനങ്ങള്‍, അവര്‍ ഇന്ത്യയുടെ പരമാധികാരത്തിന് പുറത്താണെങ്കില്‍പ്പോലും, ഹിന്ദുത്വ ദര്‍ശനത്തില് ഉള്‍പ്പെടുന്നു. ആ നിലയ്ക്ക് അമേരിക്ക പോലുള്ള പാശ്ചാത്യ നാടുകളില്‍ പൗരത്വമുള്ള ഇന്ത്യാക്കാര്‍ക്ക്‌പോലും, അവര്‍ ഹിന്ദുമത പാരമ്പര്യങ്ങള്‍ അനുഷ്ടിക്കുന്നവരെങ്കില്‍, ഹിന്ദുത്വയുടെ ഭാഗവാക്കാവുന്നതാണ്.
ഇന്ത്യന്‍ -അമേരിക്കന്‍ വംശജരില്‍ കാപട്യം നിറഞ്ഞൊരു വിഭാഗമാണ് സംഘപരിവാര്‍ നിലപാടുകളെ പിന്തുണയ്ക്കുന്ന ഇക്കൂട്ടര്‍. കാരണം പാശ്ചാത്യ രാജ്യങ്ങള്‍ പൗരന്മാര്‍ക്ക് ഉറപ്പ് നല്കിയിട്ടുള്ള പൗരാവകാശങ്ങള്‍ അനുഭവിച്ചുകൊണ്ട് ഒരേ സമയം തങ്ങളുടെ ”ന്യൂനപക്ഷ” അവകാശങ്ങള്‍ക്കുവേണ്ടി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടലുകള്‍ നടത്താനും, അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷ അവകാശ ധ്വംസനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന സംഘപരിവാര്‍ ശക്തികളെ പ്രോത്സാഹിപ്പിക്കുവാനും ഇവര്‍ക്ക് യാതൊരു മടിയുമില്ല. അമേരിക്കയുടെ ജനസംഖ്യയില്‍ വളരെ ചെറുതെങ്കിലും അധികാര വ്യവസ്ഥിതിയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുവാന്‍ ശേഷിയുള്ള ഈ വിഭാഗമാണ് ഇന്ത്യയില്‍ സംഘപരിവാറിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സായി പ്രവര്ത്തിക്കുന്നത് എന്നത് പൊതുവേ മൂടിവയ്ക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. മാത്രമല്ല, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2002 -ല്‍ നടന്ന വര്‍ഗ്ഗീയ കലാപങ്ങളെ തുടര്‍ന്ന് അമേരിക്കന്‍ ഗവണ്മെന്റ് മോദി അമേരിക്കയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ആ വിലക്ക് നീക്കം ചെയ്യുന്നത്തിനായി ഗവണ്‍മെന്റില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തി വിലക്ക് പിന്വലിപ്പിക്കുന്നതില്‍ ഇവര്‍ക്ക് വ്യക്തമായ പങ്കുണ്ട്. ഇവര്‍ നിയന്ത്രിക്കുന്ന അമേരിക്കയിലെയും, ബ്രിട്ടനിലെയും പലവിധ വന്‍കിട വ്യവസായ സംരംഭങ്ങളാണ്, പരോപകാര (ചാരിറ്റി) പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകളുടെ പ്രധാന ഫണ്ടിങ് സ്രോതസ്സുകളായി പ്രവര്ത്തിക്കുന്നതെന്ന് അമേരിക്കന്‍ ഗവണ്മെന്റിന്റെ ആഭ്യന്തര റവന്യൂ വകുപ്പിനെ ഉദ്ധരിച്ച് ഫ്രണ്ട് ലൈന്‍ മാഗസീന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ഇന്ത്യയില്‍ മനുഷ്യാവകാശ-പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പല സര്‍ക്കാരിതര സംഘടനകള്‍ക്കും (NGOs) കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കേന്ദ്ര ഗവണ്മെന്റ് പക്ഷേ സംഘപരിവാര്‍ ശക്തികളുടെ വിദേശ ഫണ്ടിന്റെ സ്രോതസുകളെ കുറിച്ചോ, രാജ്യത്ത് അവയുടെ വിനിയോഗ രീതികളെക്കുറിച്ചോ യാതൊരുവിധത്തിലുള്ള അന്വേഷണങ്ങളും നടത്താറില്ല. ഹിന്ദുത്വ ആശയങ്ങളുടെ ‘പ്രചാരകനായ’ നരേന്ദ്ര മോദിക്ക് എന്തുകൊണ്ട് വലിയതോതിലുള്ള സ്വീകാര്യത അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ലഭിക്കുന്നുവെന്നത് ഇതില്‍നിന്നും മനസ്സിലാക്കാവുന്നതാണ്.

വര്‍ണ്ണവെറിയുടെ വൈരുധ്യങ്ങള്‍

യാഥാസ്ഥിതിക ചിന്താഗതിക്കാരായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി 2016 -ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച ട്രംപ്, ഭൂരിപക്ഷ വംശീയതയില്‍ ഊന്നിനിന്നുകൊണ്ടാണ് തന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത്. 2001 -ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അമേരിക്കന്‍ ജനതയുടെ ഇടയില്‍ ഉയര്‍ന്നുവന്ന ”ഇസ്ലാമോഫോബിയ” (ഇസ്ലാമിനെക്കുറിച്ചുള്ള ഭയം)യും, കുടിയേറ്റമുള്‍പ്പെടെയുള്ള വിഷയങ്ങളും കൈമുതലാക്കിക്കൊണ്ടുള്ള ട്രംപിന്റെ തിരഞ്ഞെടുപ്പ് വിജയം അക്ഷരാര്‍ത്ഥത്തില്‍ ലോകത്തെയാകെ ഞെട്ടിക്കുക്കുകയുണ്ടായി. അതേസമയം, തിരഞ്ഞെടുപ്പില്‍ ട്രംപ് ഉപയോഗിച്ച ഭൂരിപക്ഷ വംശീയതയെന്നത് വെറുമൊരു തിരഞ്ഞെടുപ്പ് തന്ത്രം മാത്രമായിരുന്നില്ല എന്നത് പിന്നീടുള്ള അദ്ദേഹത്തിന്റെ ഭരണ പ്രവര്‍ത്തനങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുത്തു. അതിന്റെ തുടര്ച്ചയെന്നോണം, കഴിഞ്ഞ നാലുവര്‍ഷക്കാലയളവിനുള്ളില്‍ വെള്ളക്കാരല്ലാത്തവരെ വംശീയമായി അധിക്ഷേപിക്കുന്ന ഒരുപാട് നടപടികള്‍ ഒരു വ്യക്തിയെന്ന നിലയിലും, ഭരണകൂട മേധാവിയെന്നനിലയിലും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ ഇരയാക്കപ്പെട്ടത് അമേരിക്കയിലെ കുടിയേറ്റ വിഭാഗങ്ങളാണ്. അമേരിക്ക-മെക്‌സിക്കോ അതിര്‍ത്തിയില്‍ മെക്‌സിക്കന്‍ കുടിയേറ്റക്കാരെ ലക്ഷ്യംവച്ചുകൊണ്ടുള്ള കൂറ്റന്‍ മതില്‍ നിര്‍മ്മാണം മുതല്‍ അടുത്തിടെ അമേരിക്കയുടെ സെനറ്റിലെ വനിതാപ്രതിനിധികള്‍ക്കെതിരെ ഉന്നയിച്ച ആക്ഷേപങ്ങള്‍വരെ ഇക്കൂട്ടത്തിലുണ്ട്.
മതിയായ രേഖകളില്ലാത്ത അമേരിക്കന്‍ കുടിയേറ്റക്കാരെ തിരഞ്ഞുപിടിച്ചു തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കുകയും, അമേരിക്കയില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്ന സമീപനം, കുടിയേറ്റക്കാരെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ട് വെള്ളക്കാരുടെ അധീനതയില്‍ മഹത്തായ ഒരു രാജ്യമാക്കി അമേരിക്കയെ മാറ്റണമെന്ന ട്രംപ് സര്ക്കാരിന്റെ ”വംശശുദ്ധി” സിദ്ധാന്തത്തിന് ഉദാഹരണമാണ്. അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം നടത്തിവരുന്ന അതിക്രമങ്ങളെ വിമര്ശിച്ച ഡെമോററ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള വനിതാ സെനറ്റ് അംഗങ്ങളോട്, ‘തന്റെ ഭരണത്തെ വിമര്‍ശിക്കാന്‍ നില്‍ക്കാതെ അവര്‍ വന്ന, അഴിമതിയും അക്രമങ്ങളും നിറഞ്ഞ, തങ്ങളുടെ സ്വന്തം രാജ്യങ്ങളിലേക്ക് ‘തിരികെ പോകാനാണ്” ട്രംപ് ആഹ്വാനം ചെയ്തത് . ലോകത്തെത്തന്നെ ഏറ്റവും ശക്തമായ രാജ്യമാണ് അമേരിക്കയെന്നും ഈ രാജ്യം എങ്ങനെ ഭരിക്കണമെന്ന് തങ്ങള്‍ക്കറിയാമെന്നുമുള്ള ട്രംപിന്റെ പ്രഖ്യാപനം വെള്ളക്കാരന്റെ ചുമതലകളെക്കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ മറ്റ് വംശങ്ങള്‍ക്ക് യോഗ്യതയില്ല എന്ന മനോഭാവത്തിനുള്ള വ്യക്തമായ ഉദാഹരണവും, കറുത്തവര്‍ഗ്ഗക്കാരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രാതിനിത്യഅധികാരത്തിനെതിരെ ഉയര്ത്തിയ വെല്ലുവിളിയുമാണ്. മാത്രവുമല്ല, തന്നെ വിമര്‍ശിക്കുന്നവരെല്ലാം രാജ്യദ്രോഹികളാണെന്ന് വരുത്തിത്തീര്ക്കുവാനുള്ള ശ്രമമാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ അമേരിക്കയിലെ ന്യൂനപക്ഷങ്ങളെ നിരന്തരം അധിക്ഷേപിക്കുന്ന വ്യക്തിയെ (അത് അമേരിക്കന്‍ പ്രസിഡന്റാണെങ്കില്‍പ്പോലും) ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍, ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദിയെ അഭിനന്ദിക്കാന്‍ നടത്തിയ സ്വീകരണ പരിപാടിയില്‍ ക്ഷണിച്ചുവരുത്തിയതിന് പിന്നിലെ ചേതോവികാരം ഇരുനേതാക്കളും ഒരേസമയം വംശീയതയില്‍ അടിസ്ഥാനപ്പെടുത്തിയുള്ള ന്യൂനപക്ഷ വിരുദ്ധതയുടെയും, വന്കിട-മുതലാളിത്തസേവയുടെയും വക്താക്കളാണ് എന്നതുതന്നെയാണ്. അമേരിക്കന്‍ ഭരണകൂടത്തിലും, വന്‍കിട-വ്യവസായ മേഖലയിലും തങ്ങളുടെ അധികാരം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുവാന്‍ സംഘപരിവാര്‍ ശക്തികള്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നു.
അമേരിക്കയിലെ ന്യൂനപക്ഷങ്ങളോട് ട്രംപിനുള്ള അതേ അസഹിഷ്ണുതാമനോഭാവമാണ് സംഘപരിവാറിന് ഇന്ത്യയിലെ ന്യൂനപക്ഷങ്ങളോട്, പ്രത്യേകിച്ചും മുസ്ലിങ്ങളോടുള്ളത്. ജനസംഖ്യയില്‍ 14 % മുസ്ലിങ്ങളുള്ള ഇന്ത്യയില്‍, ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും ഒരു മുസ്ലിം അംഗംപോലും ലോക്‌സഭയില്‍ ഇല്ലാത്തതും, തിരഞ്ഞെടുപ്പിനുശേഷം പാര്‍ലമെന്റ് അംഗമായ അസാദുദ്ദീന്‍ ഒവൈസിയുടെ സത്യപ്രതിഞ്ജാചടങ്ങിനെ അലങ്കോലപ്പെടുത്തുവാന്‍ ബി.ജെ.പി അംഗങ്ങള്‍ ശ്രമിച്ചതും മുസ്ലിംങ്ങളുടെ പ്രതിനിധാന അധികാരത്തെ അംഗീകരിക്കാന്‍, ട്രംപിനെപ്പോലെതന്നെ, സംഘപരിവാര്‍ വിസമ്മതിക്കുന്നതു കൊണ്ടാണെന്ന് മനസ്സിലാക്കാം. കൂടാതെ, ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന, രാജ്യത്തിന് സമഗ്രമായ സംഭാവനകള്‍ നല്‍കിയ വ്യക്തികളെപ്പോലും, അവര്‍ മുസ്ലിങ്ങളാണെന്ന കാരണത്താല്‍ ഇന്ത്യയില്‌നിന്നും പുറത്താക്കുന്ന ‘ഇന്ത്യന്‍ പൗരത്വ പട്ടിക’ മോദിയുടെ ‘അമേരിക്കന്‍ മോഡലി’നുദാഹരണമാണ്. നിലവില്‍ ഇന്ത്യയിലെ അസ്സാം സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതും, എന്നാല്‍ പിന്നീട് മറ്റ് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ബി.ജെ.പി.സര്‍ക്കാര്‍ പദ്ധതിയിടുന്നതുമായ ‘പൗരത്വ പട്ടിക’യുടെ ലക്ഷ്യം രാജ്യത്തുനിന്നും ന്യൂനപക്ഷങ്ങളെ കാലക്രമേണ പുറത്താക്കിക്കൊണ്ട് ഇന്ത്യയെ ഹിന്ദുമതത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ള അതിന്റെ സുവര്ണ്ണ കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുക എന്നതാണ്.
ഇവ്വിധം മോദി-ട്രംപ് ചങ്ങാത്തത്തിനുള്ളില്‍ സാദൃശ്യങ്ങള്‍ ഏറെയുണ്ടെങ്കിലും ധാരാളം വൈരുദ്ധ്യങ്ങള്‍ നിലനില്ക്കുന്നുവെന്നതും യാഥാര്‍ഥ്യമാണ്. ഉദാഹരണമായി, മോദിയ്ക്ക് ഹൂസ്റ്റണില്‍ ജയ് വിളിച്ച അതേ സംഘപരിവാര ശക്തികള്‍ 2016 -ല്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലാരി ക്ലിന്റനെ അനുകൂലിക്കുകയും ട്രംപിനെ എതിര്‍ക്കുകയും ചെയ്തിരുന്നവരാണ്. തങ്ങള്‍ അമേരിക്കയില്‍ ‘ന്യൂനപക്ഷമാണ്’ എന്ന തിരിച്ചറിവും ട്രംപിന്റെ വംശീയ രാഷ്ട്രീയവുമാണ് ഇന്ത്യന്‍ വംശജരെ ഡെമോക്രറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായ ഹിലാരി ക്ലിന്റന് വോട്ടു ചെയ്യാന്‍ നിര്‍ബന്ധിതരാക്കിയത്. അതേസമയം ഇന്ത്യയിലെ ന്യൂനപക്ഷ-കീഴാള വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന സംഘപരിവാര് അതിക്രമങ്ങളെ നിര്‍ലജ്ജം പിന്തുണക്കാന്‍ ഈ വിഭാഗത്തിന് മടിയില്ല. ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളിലും, കാശ്മീര് പോലുള്ള വിഷയങ്ങളിലും ഇടപെട്ട് സംസാരിക്കാന്‍ അമേരിക്കയില്‍ ഡെമോക്രാറ്റിക്ക് പാര്ട്ടിക്ക് പ്രതിബന്ധം സൃഷ്ടിക്കുന്നതും ഈ വിഭാഗമാണ്. ഹൂസ്റ്റണില്‍ മോദിയെ സ്വീകരിക്കാനെത്തിയവരില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളും ഉണ്ടായിരുന്നുവെന്നത് ഇന്ത്യന്‍-അമേരിക്കന്‍ വംശജര്‍ക്ക് ഈ പാര്‍ട്ടികളിലുള്ള സ്വാധീനശക്തിയുടെ തെളിവാണ്.
എന്നാല്‍ ഭൂരിപക്ഷ വംശീയതയെ അടിസ്ഥാനപ്പെടുത്തിയുള്ള ട്രംപിന്റെ 2016-ലെ തിരഞ്ഞെടുപ്പ് വിജയം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന അമേരിക്കന് തിരഞ്ഞെടുപ്പില്‍ ആവര്ത്തിക്കാന്‍ സാധ്യതയില്ലെന്ന കണക്കുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹൂസ്റ്റണിലെ മോദി സ്വീകരണ പരിപടിയെന്നതും, സംഘപരിവാറിന് (സവര്‍ണ)ഇന്ത്യന്‍്-അമേരിക്കന്‍ വിഭാഗങ്ങളില്‍ ഗണ്യമായ സ്വധീനമുണ്ടെന്നതും അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രാധാന്യമര്‍ഹിക്കുന്നു. ഒരിക്കല്‍ക്കൂടി പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിന് ഹിന്ദുത്വ വിഭാഗത്തിന്റെ വോട്ടുകളുറപ്പിക്കുന്നതിന് വേണ്ടിയാണ്, ”അടുത്ത തവണ ട്രംപ് സര്‍ക്കാര്‍” എന്ന, മറ്റൊരു രാഷ്ട്രത്തലവന് വേണ്ടി ഇന്ത്യാചരിത്രത്തില്‍ ഒരുപ്രധാന മന്ത്രിയും ചെയ്യാത്തതരത്തിലുള്ള തിരഞ്ഞെടുപ്പ് മുദ്രാവാക്യം വിളിക്കുവാന്‍ ഹൂസ്റ്റണില്‍ മോദിയെ പ്രേരിപ്പിച്ചത്.

(ലേഖകന്‍ നെടുമങ്ങാട് ഗവണ്മെന്റ് കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് അസിസ്റ്റന്റ് പ്രൊഫസറാണ്)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply