ആധുനികരുടെ ‘വിച്ച് ഹണ്ട്’ നിര്‍ത്തുക

ഹോമിയോപ്പതിക്കെതിരായ പ്രചാരണങ്ങള്‍ക്ക് ഡോ വടക്കേടത്ത് പത്മനാഭന്‍ മറുപടി പറയുന്നു

ഹോമിയോപ്പതി അടക്കമുള്ള സമാന്തര ചികിത്സാരീതികളുടെ പ്രസക്തി ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള എന്റെ മറുപടിലേഖനത്തിന് റെന്‍സന്‍ വി.എം. എഴുതിയ പ്രതികരണത്തില്‍ പ്രധാനമായും മൂന്ന് ചോദ്യങ്ങള്‍ എന്നോട് ചോദിക്കുന്നു. ആയുഷ് വകുപ്പ് വഴി രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുംവിധം ഹോമിയോപോലുള്ള സമാന്തരചികിത്സകളുടെ മരുന്നുല്‍പാദന നിയമങ്ങളില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ എന്നാണ് ഒന്നാമത്തെ ചോദ്യം. ഏതെങ്കിലും നിയമവിദഗ്ദ്ധരാണ് ഇതിനു മറുപടി പറയേണ്ടത്. എന്റെ അറിവില്‍പ്പെട്ടിടത്തോളം ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് 1940ഉം 1945ലെ റൂളുകളുമാണ് ഇന്ത്യയിലുള്ളത്. ഹോമിയോപ്പതി മരുന്നുല്‍പാദനത്തിന്റെ നിയമങ്ങളും ചട്ടങ്ങളും ഇതിലുണ്ട്. അതുപോലെ മറ്റു ചികിത്സാരീതികള്‍ക്കും പ്രത്യേകം റൂളുകളുണ്ട്. അതില്‍ വെള്ളമോ ആല്‍ക്കഹോളോ ചേര്‍ത്തതായി എനിക്കറിയില്ല. മരുന്നുല്‍പ്പാദനത്തിന് ഒരു സ്റ്റാന്‍ഡേര്‍ഡ് ചട്ടം ദൈവദത്തമായി നിലനില്‍ക്കുന്നുണ്ടെന്നും അതിലിളവു വരുത്തിയാണ് സമാന്തരചികിത്സക്കാര്‍ക്ക് നിയമമുണ്ടാക്കിയതെന്നുമുള്ള ധാരണയാണ് ലേഖകനുള്ളതെന്ന് തോന്നുന്നു. ഓരോ ചിക്തിത്സാരീതിക്കും അതിന്റെ പ്രമാണങ്ങള്‍ക്കനുസരിച്ച് നിയമമുണ്ടാക്കുന്നു എന്നല്ലാതെ ഒന്നില്‍ വെള്ളം ചേര്‍ത്ത് മറ്റൊന്നുണ്ടാക്കി എന്നു പറയുന്നത് അസംബന്ധമാണ്.

മറ്റൊരു ചോദ്യം, ഹോമിയോപ്പതി ഡോക്ഡര്‍മാര്‍ ആധുനിക വൈദ്യമരുന്നുകള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടോ എന്നതാണ്. ഹോമിയോപ്പതിയെ വിമര്‍ശിക്കാനിറങ്ങുന്നതിനു മുമ്പ് അടുത്തുള്ള ഒരു ഹോമിയോപ്പതി ക്ലീനിക് സന്ദര്‍ശിക്കുകയോ ഹോമിയോചികിത്സകനുമായി സംസാരിക്കുകയോ ചെയ്യാത്തതുകൊണ്ട് ഉണ്ടാകുന്ന സംശയമാണിതെന്നു തോന്നുന്നു. അനധികൃതമായി ആരെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ ക്രൈം ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെടുകയാണ് വേണ്ടത്. എന്റെ പരിമിതമായ അറിവില്‍, അങ്ങനെ ചെയ്യുന്ന ഹോമിയോപ്പതിക്കാര്‍ ഇപ്പോള്‍ കേരളത്തിലില്ല. ആര്‍ക്കും എടുത്തു പ്രയോഗിക്കാവുന്ന ആധുനിക വൈദ്യമരുന്നുകള്‍ അങ്ങാടിയില്‍ സുലഭമായിരിക്കേ, അതിനുവേണ്ടി ഹോമിയോചികിത്സകനെ സമീപിക്കുന്ന രോഗികളുണ്ടാവില്ല. മിക്കവാറും ഒന്നോ രണ്ടോ ആധുനിക വൈദ്യചികിത്സകരെ കണ്ടതിനുശേഷമാണ് അധികം രോഗികളും അവസാന ആശ്രയമെന്ന രീതിയില്‍ ഹോമിയോപ്പതിയെ സമീപിക്കുന്നത്. അവര്‍ക്ക് വീണ്ടും ആധുനികമരുന്ന് നല്‍കുന്നത് ഹോമിയോപ്പതിക്കാര്‍ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ല.

മുന്‍കാലങ്ങളില്‍ യാതൊരു ചികിത്സാസൗകര്യങ്ങളുമില്ലാതിരുന്ന ഗ്രാമങ്ങളില്‍ പലവിധ മരുന്നുകള്‍ കൂട്ടികലര്‍ത്തി ചികിത്സിക്കുന്നവരുണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്. അവര്‍ പൊതുവേ ഹോമിയോപ്പതിക്കാരായാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. കാരണം, വ്യാജഹോമിയോപ്പതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന നിരവധി സ്ഥാപനങ്ങള്‍ അന്നുണ്ടായിരുന്നു. അവയിലേതെങ്കിലും കാണിച്ച് നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാന്‍ സ്വയം ഹോമിയോപ്പതിക്കാരായി വിശേഷിപ്പിച്ചിരുന്നു അവര്‍ എന്നു മാത്രം. എന്നാല്‍ കേരളത്തിന്റെ ആരോഗ്യരംഗവും, ഹോമിയോപ്പതി വിദ്യാഭ്യാസവും രോഗികളുടെ വിദ്യാഭ്യാസ നിലവാരവുമെല്ലാം എത്രയോ മാറിക്കഴിഞ്ഞു. ഇനിയും അലോപ്പതി മരുന്ന് പൊട്ടിച്ചുചേര്‍ത്ത് ഹോമിയോപ്പതി എന്ന പേരില്‍ ചികിത്സ നടത്താന്‍ കേരളത്തിലെങ്കിലും സാധ്യതയുണ്ടെന്നു തോന്നുന്നില്ല. യഥാര്‍ത്ഥ ഹോമിയോപ്പതി ചികിത്സകരെ സംബന്ധിച്ചിടത്തോളം അതിന്റെ ആവശ്യം വരുന്നുമില്ല. ഇനിയും ഏതെങ്കിലും വിദൂരഗ്രാമങ്ങളില്‍ അത്തരക്കാരുണ്ടോ എന്നത് പോലീസ് ഡിപ്പാര്‍ട്ടമെന്റാണ് പറയേണ്ടത്. ഫലപ്രദമായി ചികിത്സ നടത്തിയിരുന്ന സ്ത്രീകളെ പിശാചു ബാധിച്ചവര്‍, യക്ഷികള്‍, മന്ത്രവാദിനികള്‍ എന്ന് ആക്ഷേപിച്ച് ചുട്ടുകൊല്ലുന്ന പതിവ് പുരാതനകാലത്ത് പാശ്ചാത്യനാടുകളിലുണ്ടായിരുന്നു. Witch hunt എന്നാണതിനെ വിളിച്ചിരുന്നത്. അതിന്റെ ആധുനികരൂപമാണ് ഫലപ്രദമായി ചികിത്സിക്കുന്ന ഹോമിയോപ്പതിക്കാരെ ‘ആധുനിക വൈദ്യബാധിത’രായി മുദ്രയടിക്കുന്ന ‘ശാസ്ത്രീയരീതി’.

ആധുനിക ജനാധിപത്യരാജ്യങ്ങളില്‍ പൊതു ആരോഗ്യസംവിധാനങ്ങളില്‍നിന്ന് ഹോമിയോപ്പതിയെ ഒഴിവാക്കുന്നുണ്ടോ എന്നതാണ് മൂന്നാമത്തെ ചോദ്യം. ലേഖകന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് കണ്ടെത്താവുന്നതിലധികം അറിവ് എനിക്കില്ലെന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. ലോകത്തെങ്ങും ഔദ്യോഗിക ചികിത്സാരീതിയായി ഹോമിയോപ്പതിയെ അംഗീകരിക്കുന്നില്ലെന്ന് മുന്‍ലേഖനത്തില്‍ ഞാന്‍ സൂചിപ്പിച്ചിരുന്നു. അതിന്റെ കാരണങ്ങളും വിശദീകരിച്ചിരുന്നു. ഹോമിയോപ്പതിയുടെ പ്രസക്തി, മുഖ്യാധാരാചികിത്സ എന്ന നിലയ്ക്കല്ല, ഒരു ബദല്‍ ചികിത്സാശാസ്ത്രമെന്ന നിലക്കാണ്. ഇത് ജനാധിപത്യരാഷ്ടങ്ങളില്‍ മാത്രമല്ല, സുല്‍ത്താന്മാരും ഷേയ്ക്ക്മാരും ഭരിക്കുന്ന ഗള്‍ഫ് രാജ്യങ്ങളിലും ഇതാണ് സ്ഥിതി. അധികാരവ്യവസ്ഥയോട് ഇടഞ്ഞുനില്‍ക്കുന്ന, അതിന്റെ താല്‍പര്യങ്ങളെ സംരക്ഷിക്കാത്ത ചികിത്സാരീതിക്ക്, കൃഷിരീതിക്ക്, വ്യവസായസംരംഭങ്ങള്‍ക്ക്, വികസനകാഴ്ചപ്പാടിന് ഔദ്യോഗികപദവി ഇച്ഛിക്കാന്‍ പാടില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്.

ഞാനെഴുതിയത് ശരിയായി മനസിലാക്കാതേയും, ചിലപ്പോള്‍ വക്രീകരിച്ചും മറ്റു ചിലപ്പോള്‍ നേര്‍വിപരീതമായി ഗ്രഹിച്ചുമാണ് ലേഖകന്‍ പ്രതികരണമെഴുതിയിരിക്കുന്നത്. ഉദാഹരണത്തിന്, ”മാനവരാശിയുടെ പുരോഗതി അറിയാനുള്ള വഴി നോബേല്‍ പുരസ്‌ക്കാരമാണെന്ന വാദം ഡോ. പത്മനാഭന്‍ അംഗീകരിച്ചു” എന്നദ്ദേഹം എഴുതുന്നു. എന്നാല്‍ ഇതിനു വിപരീതമായ നിലപാടിായിരുന്നു എന്റെ ലേഖനത്തിലുണ്ടായിരുന്നത്. ആ വാദഗതിയുടെ ദൗര്‍ബ്ബല്യം ചൂണ്ടിക്കാണിക്കാനാണ് മഹാത്മാഗാന്ധിയുടേയും ടോള്‍സ്റ്റോയിയുടേയും ഉദാഹരണം ഞാന്‍ ചൂണ്ടിക്കാണിച്ചത്. എന്റെ ലേഖനത്തിലെ ആ ഭാഗം പൂര്‍ണ്ണമായും തെറ്റായി ഗ്രഹിച്ചുകൊണ്ടാണ് റെന്‍സന്‍ മറുപടി എഴുതിയിരിക്കുന്നത് എന്നു മാത്രം പറയട്ടെ.

ഹോമിയോ മരുന്നുകളുടെ ഫലം തിരിച്ചറിയാന്‍ പറ്റില്ലെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. മറിച്ച് അത് ആര്‍ക്കും അനുഭവിച്ചറിയാന്‍ സാധ്യമാണെന്നിരിക്കേ, ശാസ്ത്രശാഠ്യംകൊണ്ട് അവയെ തമസ്‌ക്കരിക്കുന്നതിനെയാണ് അരിസ്റ്റോട്ടിലിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി വ്യക്തമാക്കിയത്. ഹോമിയോമരുന്നിന്റെ ജൈവമണ്ഡലത്തിലെ പ്രവര്‍ത്തനം ലാബോറട്ടറിയില്‍ പരിശോധിക്കാന്‍ പറ്റില്ലെന്നും ഞാന്‍ പറയുകയുണ്ടായില്ല. മരുന്നു കഴിക്കുന്നതിനു മുമ്പും ശേഷവുമുള്ള രോഗികളുടെ ലാബ് ടെസ്റ്റ് ഫലങ്ങള്‍ ആര്‍ക്കും പരിശോധിച്ച് ബോധ്യപ്പെടാവുന്നതേയുള്ളൂ. പല ഹോമിയോ ചികിത്സകരുടേയം അത്തരം ടെസ്റ്റ് റിസള്‍ട്ടുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണുതാനും. മരുന്നു കഴിക്കുമ്പോഴുള്ള ശാരീരിക വ്യതിയാനങ്ങള്‍ ആധുനികമായ ഏതുപകരണമുപയോഗിച്ചും പരിശോധിച്ചു നോക്കാവുന്നതേയുള്ളൂ. മറിച്ച് ഞാന്‍ പറഞ്ഞുവെന്ന് ലേഖകന്‍ ആരോപിക്കുന്നത് ശുദ്ധഭോഷ്‌ക്കാണ്.

മൃഗങ്ങളിലും കുട്ടികളിലും ഹോമിയോ മരുന്ന് ഫലിക്കുന്നതെങ്ങനെ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കുന്ന മറുപടി, ഒരുപക്ഷേ, അദ്ദേഹത്തിന്റെ മുഴുവന്‍ വാദഗതികളുടേയും സ്വഭാവം വ്യക്തമാക്കുന്നുണ്ട്. മറ്റു സാധ്യതകളാല്‍ അസുഖം മാറാം എന്നാണദ്ദേഹം പറയുന്നത്. ഈ മറ്റു സാധ്യതകളിലൊന്ന് ഹോമിയോചികിത്സയാണ് എന്നു മാത്രമേ ഞാന്‍ പറയുന്നുള്ളൂ. അദ്ദേഹത്തിന്റെ മറ്റൊരു വാദം, അംഗീകൃത സര്‍ക്കാര്‍ വെറ്റേര്‍നറി ഡോക്ടര്‍മാര്‍ സ്വന്തം ലെറ്റര്‍പാഡില്‍ ഹോമിയോപ്പതി മരുന്നു കുറിച്ചു നല്‍കുന്നില്ല എന്നാണ്. വെറ്റേര്‍നറി ഡോക്ടര്‍മാര്‍ ഹോമിയോമരുന്നു നല്‍കുന്നില്ല എന്നല്ല, ലെറ്റര്‍ പാഡില്‍ എഴുതുന്നില്ല എന്നാണ് ‘ഡബിള്‍ ബ്ലൈന്റ് റാന്‍സം ക്ലിനിക്കല്‍ ട്രയല്‍’ നടത്തി ‘ശാസ്ത്രീയ’മായി അദ്ദേഹം കണ്ടെത്തുന്നത്.

ആധുനികവൈദ്യത്തെ അലോപ്പതി എന്നു വിളിച്ചതില്‍ അദ്ദേഹത്തിന് പരിഭവമുണ്ട്. ഇന്ന് അലോപ്പതി എങ്ങുമില്ല എന്നദ്ദേഹം വാശിപിടിക്കുന്നു. അതിനര്‍ത്ഥം മുമ്പുണ്ടായിരുന്നു എന്നാണല്ലോ. എന്നാല്‍ അലോപ്പതി എന്ന് സ്വയം വിളിക്കുന്ന ഒരു ചികിത്സാസമ്പ്രദായം മുമ്പും ഉണ്ടായിരുന്നില്ല. ആ വാക്കിന്റെ അര്‍ത്ഥം തിരഞ്ഞാല്‍ അങ്ങനെ വിളിച്ചതിന്റെ സാഗത്യം ഗ്രഹിക്കാന്‍ കഴിയും. ഒരു ഔഷധവസ്തു മനുഷ്യശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റത്തെയാണിവിടെ സൂചിപ്പിക്കുന്നത്. രോഗത്തിന് സമാനമായ (similar) മാറ്റമാണെങ്കില്‍ ഹോമിയോപ്പതിയെന്നും രോഗലക്ഷണങ്ങളില്‍നിന്നും വ്യത്യസ്തമായ മാറ്റമാണെങ്കില്‍ അലോപ്പതിയെന്നും ഡോ. ഹനിമാന്‍ വിളിച്ചു. രോഗത്തിലുണ്ടാവുന്ന ശാരീരിക മാനസിക മാറ്റങ്ങളില്‍നിന്ന് വ്യത്യസ്തമായ മാറ്റങ്ങളുണ്ടാക്കുന്ന ഔഷധങ്ങളാണ് മോഡേണ്‍ മെഡിസിനില്‍ ഉപയോഗിക്കുന്നത് എന്നതുകൊണ്ട് അതിനെ അലോപ്പതി എന്നു വിളിക്കുന്നതില്‍ വസ്തുതാപരമായ പിശകൊന്നുമില്ല. ഇനി രോഗലക്ഷണങ്ങള്‍ക്ക് നേര്‍വിപരീതയമായ മാറ്റങ്ങളാണ് ഔഷധമുല്പാദിപ്പിക്കുന്നതെങ്കില്‍ അതിനെ ‘ആന്റിപ്പതി’ എന്നു വിളിക്കും. പേരുകള്‍ വിളിക്കുന്നത് മറ്റുള്ളവരാണല്ലോ. പിന്നെ, കുഞ്ഞിക്കൂനന്‍ പറയുന്നതുപോലെ ‘ഞാന്‍ എന്നെ വിമല്‍കുമാറെന്നാണ് വിളിക്കുന്നത്’ എന്ന് ആര്‍ക്കും അവകാശപ്പെടുകയും ചെയ്യാം.

അദ്ദേഹത്തിന്റെ പ്രതികരണം ആദ്യവസാനം വായിച്ചതില്‍നിന്ന് യുക്തിഭദ്രമെന്നു തോന്നിയ ഒരു പ്രശ്‌നത്തിന് മറുപടി പറഞ്ഞുകൊണ്ട് ഇതവസാനിപ്പിക്കാമെന്നു തോന്നുന്നു. ഹോമിയോപ്പതി ചികിത്സ ഇന്‍ഡിവിജ്വലൈസേഷനെ (Individualisatioി) അടിസ്ഥാനമാക്കിയാണെന്ന് ഞാന്‍ വാദിച്ചിരുന്നു. അങ്ങനെയാണെങ്കില്‍, പഞ്ചായത്തുതോറും ഇമ്യൂണോ ബൂസ്റ്റര്‍ നല്‍കാന്‍ തുടങ്ങുമ്പോള്‍ എങ്ങനെ സര്‍വ്വ വ്യക്തികളുടേയും കോണ്‍സ്റ്റിറ്റിയൂഷന്‍ മൊത്തമായി പഠിക്കുന്നു? ഇതാണ് ചോദ്യം.

ഹോമിയോപ്പതിചികിത്സ വ്യക്തിത്വനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍തന്നെയാണ്. ഒരൊറ്റ സന്ദര്‍ഭത്തില്‍ മാത്രമാണ് ഹോമിയോപ്പതി ഇതില്‍നിന്നും വ്യതിചലിക്കുന്നത്. അതും ചികിത്സയിലല്ല, പ്രതിരോധത്തിലാണ് ഈ വ്യത്യസ്തത. അത് പകര്‍ച്ചവ്യാധികളുടെ സന്ദര്‍ഭത്തിലാണ്. പകര്‍ച്ചവ്യാധികള്‍ ഒരു പ്രദേശത്ത് വ്യാപകമായി അതിവേഗം പടരുന്ന സന്ദര്‍ഭത്തില്‍, ഒരു പ്രദേശത്തുതന്നെ ഒരു പ്രത്യേക വ്യക്തിത്വം രൂപപ്പെടുന്നുണ്ട്. ആ പ്രദേശത്ത്, ആ കാലഘട്ടത്തില്‍, പടരുന്ന രോഗികള്‍ക്കെല്ലാം വ്യത്യസ്തതയെ അതിലംഘിക്കുന്നു. സമാനത കാണുമ്പോഴാണ് നാമതിനെ പകര്‍ച്ചവ്യാധി (Epidemic) എന്നു വിളിക്കുന്നതുതന്നെ. അത്തരം സന്ദര്‍ഭത്തില്‍ ആ പ്രദേശത്തിന്റെ, ആ സമയത്തെ, വ്യക്തിത്വത്തെ കണക്കിലെടുത്ത് ഒരു പ്രത്യേക ഔഷധം ഫലപ്രദമായി കാണാറുണ്ട്. അത്തരം ഔഷധങ്ങളെ ഹോമിയോപ്പതിയില്‍ ‘ ജീനസ് എപ്പഡമിക്കസ്’ എന്നു വിളിക്കുന്നു. ഈ മരുന്ന് മറ്റിരടത്ത്, മറ്റൊരു സന്ദര്‍ഭത്തില്‍ ഫലപ്രദമാകുമെന്ന് പറയാനാവില്ല. ഇതാണ് പകര്‍ച്ചവ്യാധികളില്‍ ഇന്റിവിജ്വലൈസേഷനില്‍ വരുന്ന വ്യതിയാനം. പല സന്ദര്‍ഭങ്ങളില്‍ ലോകത്തിന്റെ പല ഭാഗത്തുമുണ്ടായ പകര്‍ച്ചവ്യാധികളില്‍ ഈ തത്വം ഫലപ്രദമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഹോമിയോപ്പതിക്കാര്‍ പ്രതിരോധമരുന്ന് നല്‍കാന്‍ തയ്യാറാവുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “ആധുനികരുടെ ‘വിച്ച് ഹണ്ട്’ നിര്‍ത്തുക

  1. Avatar for ഡോ വടക്കേടത്ത് പത്മനാഭന്‍

    വളരെ ഭംഗിയായും, വൃക്തമായും അവതരിപ്പിച്ചിരിക്കുന്ന മൂർച്ച യുള്ള മറുപടി. അഭിനന്ദനങ്ങൾ

Leave a Reply