കൃത്യമായ മറുപടി പറയാതെ പ്രത്യയശാസ്ത്രം പറയുന്നതാണ് ‘ഹോമിയോപ്പതിക് ശൈലി’

പ്രശസ്ത സിനിമ സംവിധായകനും ഹോമിയോ ചികിത്സകനുമായ ശ്രീ. ബിജു, ഐഎംഎ ഭാരവാഹികള്‍ക്കെതിരേ ‘ദ ക്രിട്ടികില്‍’ ഒരു കുറിപ്പു പ്രസിദ്ധീകരിച്ചു. അതിനോടു ലേഖകന്‍ ഒരു കുറിപ്പിലൂടെ പ്രതികരിച്ചു. അതില്‍ ഹോമിയോപ്പതിയുടെ ചില മുഖ്യപ്രശ്‌നങ്ങളും ഉന്നയിച്ചു. തുടര്‍ന്നു, ഹോമിയോ ചികിത്സകന്‍ ഡോ. വടക്കേടത്ത് പത്മനാഭന്‍ ഒരു മറുപടിയും നല്കി. ഈ സംവാദത്തിലൂടെ വിഷയത്തെപ്പറ്റി കൃത്യമായ ധാരണകള്‍ സമൂഹത്തിനുണ്ടാക്കാന്‍ തയ്യാറായതില്‍ അദ്ദേഹത്തിനു നന്ദി. ആയുഷ് വകുപ്പു വഴി, രോഗികളുടെ സുരക്ഷയ്ക്കു ഭീഷണിയാകും വിധം ഹോമിയോപ്പതി പോലുള്ള സമാന്തരചികിത്സകളുടെ മരുന്നുല്‍പാദന നിയമങ്ങളില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടോ? ഹോമിയോപ്പതി ഡോക്ടര്‍മാര്‍ ആധുനിക വൈദ്യ മരുന്നുകള്‍ അനധികൃതമായി ഉപയോഗിക്കുന്നുണ്ടോ? ആധുനിക ജനാധിപത്യ രാജ്യങ്ങളില്‍ പൊതുആരോഗ്യ സംവിധാനങ്ങളില്‍ നിന്നു ഹോമിയോപ്പതിയെ ഒഴിവാക്കുന്നുണ്ടോ? എന്നു തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം മറുപടി നല്കിയിട്ടില്ല. കൃത്യമായ മറുപടിയേകാതെ പ്രത്യയശാസ്ത്രം പറയുന്ന ‘ഹോമിയോപ്പതിക് ശൈലി’ പലപ്പോഴും അദ്ദേഹവും പിന്തുടര്‍ന്നു. രാഷ്ട്രീയം, ഭീഷണിപ്പെടുത്തല്‍, അധീശത്വം തുടങ്ങിയ വാചാടോപങ്ങളിലൂടെ വിഷയത്തില്‍ നിന്നു തെന്നിമാറ്റാനും ശ്രമിച്ചു. പൊതു ചര്‍ച്ചകളില്‍ വിഷയങ്ങള്‍ക്കെല്ലാം ഉടന്‍ കൃത്യമായ മറുപടി നല്കാന്‍ സാധിക്കണമെന്നില്ല. എന്നാലും മറ്റു കാര്യങ്ങള്‍ക്കും ഭാവിയില്‍ അദ്ദേഹം ഉത്തരം നല്കുമെന്നാണു പ്രതീക്ഷ. ഡോ. പത്മനാഭന്‍ ശാസ്ത്രത്തിലുപരി ഉന്നയിച്ച രാഷ്ട്രീയ പ്രശ്‌നങ്ങളും ഈ കുറിപ്പില്‍ ശ്രദ്ധിക്കും. ആധുനിക വൈദ്യത്തിന്റെ ധാര്‍മ്മികത ചോദ്യം ചെയ്യുന്ന ‘പ്രസക്തമായ’ സാമൂഹിക പ്രശ്‌നങ്ങള്‍ അദ്ദേഹം ഉന്നയിച്ചു. അതിനാലാണ് ഈ കുറിപ്പു തയ്യാറാക്കുന്നതും.

ഹോമിയോപ്പതിയുടെ വര്‍ദ്ധിക്കുന്ന സ്വാധീനം ‘അലോപ്പതിയുടെ’ ആധിപത്യത്തെ തകര്‍ക്കുമോയെന്ന ഭയപ്പാടാണു ലേഖകനെന്നാണു ഡോ. പത്മനാഭന്റെ ആദ്യ സൂചന. ഡോ. ബിജുവിനുള്ള മറുപടിയില്‍, സുരക്ഷിതവും നവീനവും സാമ്പത്തിക മെച്ചമുള്ളതും യഥാര്‍ത്ഥ ഫലപ്രാപ്തിയുള്ളതുമായ ചികിത്സ രോഗിക്കു കിട്ടണമെന്ന ഉദ്ദേശ്യമാണെന്നു വ്യക്തമാക്കിയിരുന്നു. എന്നിട്ടും ഡോ. പത്മനാഭന്‍ ഈ ആരോപണം ഉന്നയിച്ചതു ശരിയായില്ല. ഇതു സഹസംവാദകനെ മോശമാക്കലാണ്. ആധുനിക വൈദ്യത്തിന്റെ അധീശത്വം നിലനിര്‍ത്തിയാല്‍ ലേഖകന് എന്തു മെച്ചമെന്ന് അദ്ദേഹം സൂചിപ്പിക്കുന്നില്ല. ‘ഇംഗ്‌ളീഷ്’ മരുന്നോ ആധുനിക വൈദ്യോപകരണങ്ങളോ ഉണ്ടാക്കുന്നതോ വില്ക്കുന്നതോ ആയ സ്ഥാപനങ്ങളുടെയോ ആശുപത്രിയുടമയോ ‘മുതലാൡയോ’ ആധുനിക വൈദ്യ ചികിത്സകനോ അല്ല ലേഖകന്‍. രോഗികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ‘ചികിത്സാനീതി’ എന്ന ജനാരോഗ്യ പ്രസ്ഥാനവുമായി സഹകരിക്കുന്ന വ്യക്തിയാണെന്നു മുന്‍കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. എന്നിട്ടും, ഡോ. പത്മനാഭന്‍ തെറ്റായ ആരോപണം ഉന്നയിച്ചു. ഇതു ഹോമിയോയുടെ ചൂഷണവും അശാസ്ത്രീയതയും ചൂണ്ടിക്കാട്ടുന്നവരെ സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുകയെന്ന പതിവു ‘ഹോമിയോപ്പതിക് സൂത്രപ്പണി’ മാത്രം. തുടര്‍ന്ന്, ആധുനിക വൈദ്യത്തിന്റെ അധീശത്വം കുറേക്കാലംകൂടി നിലനില്ക്കുമെന്നും ഡോക്ടര്‍ വിമര്‍ശകരെ ‘ആശ്വസിപ്പിക്കുന്നുണ്ട്. ആധുനിക വൈദ്യത്തിനു കാര്യമായ അപായമൊന്നും ഉടന്‍ വരാന്‍ ഇടയില്ലാത്തതിനാല്‍ അവര്‍ ഹോമിയോപ്പതിയെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടതുണ്ടോ എന്ന ‘ന്യായമായ സംശയമാണ്’ അദ്ദേഹം ഇവിടെ പ്രകടിപ്പിക്കുന്നത്. ജനസംഖ്യ വര്‍ദ്ധിക്കുന്നതിന് ആനുപാതികമായി സമൂഹത്തിലെ ഏതു ചികിത്സാരീതിയും വളരാം. അതില്‍ കവിഞ്ഞ വികാസം ഹോമിയോപ്പതിക്കുണ്ടായി എന്നതിനോ; അത് ആധുനിക വൈദ്യത്തിന്റെ ‘അധീശത്വത്തെ’ ഇല്ലാതാക്കും എന്നതിനോ എന്തു തെളിവാണു ഡോ. പത്മനാഭന്റെ കൈവശമുള്ളത്. ജൈവശരീരത്തില്‍ ഹോമിയോ മരുന്നിന്റെ ‘പ്രഭാവം’ സയന്‍സിനു കണ്ടെത്താന്‍ ഇന്നു ‘കഴിയാത്തപോലെ’ സാമൂഹിക ശരീരത്തില്‍ ഹോമിയോപ്പതി വ്യാപിക്കുന്നതു കണ്ടെത്താന്‍ കാര്യപ്രാപ്തി സാമൂഹിക ശാസ്ത്രജ്ഞര്‍ക്ക് ഇല്ലാത്തതിനാലാണോ ഈ സാക്ഷ്യങ്ങള്‍ പരസ്യമാക്കാത്തത്? ആരോഗ്യമേഖലയെ ശ്രദ്ധിക്കാറുള്ള ലേഖകന് അദ്ദേഹത്തെപ്പോലെ ചിന്തിക്കാനുള്ള വസ്തുതകളൊന്നും കാര്യമായി ലഭിക്കുന്നില്ല. മറിച്ച്, ഉദാര ജനാധിപത്യ വ്യവസ്ഥകള്‍ ഹോമിയോപ്പതിക്കുള്ള പിന്തുണ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതാണു കാണുന്നത്. ഇല്ലാത്ത കാര്യം ചിന്തിച്ചു എന്തിനു വല്ലാതെ ആധി പിടിക്കണം?

തുടര്‍ന്നു, ഡോ. പത്മനാഭന്‍ പറയുന്നതു സമൂഹത്തില്‍ എല്ലാ മേഖലകളിലും അധീശത്വ പ്രത്യയശാസ്ത്രമാണു നിലനില്ക്കുന്നതെന്നാണ്. അതുകൊണ്ടുതന്നെ, ഹോമിയോപ്പതി പ്രസക്തമാകുന്നതു അധീശത്വം മൂലം പാര്‍ശ്വവത്കൃതരാകുന്നവരുടെ ബദലന്വേഷണമെന്ന നിലയ്ക്കാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതായത്, ഹോമിയോപ്പതിക്കെതിരേ സംസാരിക്കുന്ന വ്യക്തികളെല്ലാം പാര്‍ശ്വവത്കൃതരുടെ ശത്രുക്കളായ മനുഷ്യത്വം ഇല്ലാത്തവരാണെന്ന രാഷ്ട്രീയ സന്ദേശമാണ് അദ്ദേഹം നല്കുന്നത്. ഇതു വസ്തുതകള്‍ക്കു വിരുദ്ധമാണ്. ആധുനിക ജനാധിപത്യ വ്യവസ്ഥ വികസിക്കുന്നതുതന്നെ അധീശത്വ സാമൂഹിക സംവിധാനങ്ങളെ നിയമത്താല്‍ നിയന്ത്രിച്ചു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനതയ്ക്കും പൗരത്വമെന്ന തുല്യപദവി ലഭ്യമാക്കാന്‍ ശ്രമിക്കുന്ന, മാനവികതയും നീതിബോധവും തുല്യതയുമൊക്കെയുള്ള സംഘാതമുന്നേറ്റമായാണ്. ഈ കുതിപ്പില്‍ ചില തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. പൊതുവേ, ലോകം പട്ടിണിയും ദാരിദ്ര്യവും മനുഷ്യാവകാശ ലംഘനങ്ങളും കുറച്ചുകൊണ്ടു വരുന്നു; വര്‍ദ്ധിച്ച സുരക്ഷയും സമാധാനവും ഓരോ മനുഷ്യനും അനുഭവവേദ്യമാകാന്‍ നിരന്തര പരിശ്രമത്തിലുമാണ്. അപ്പോഴാണ്, മാനവരാശിയില്‍ ബഹുഭൂരിപക്ഷവും പാര്‍ശ്വവത്കൃതരെ ‘ചവിട്ടി മെതിക്കുന്ന അധീശത്വ വ്യവസ്ഥയെ’ പിന്തുണയ്ക്കുന്നെന്ന ഡോ. പത്മനാഭന്റെ ആരോപണം. സര്‍വ്വ ഫാഷിസ്റ്റുകളും തങ്ങളാണു വലിയ ജനാധിപത്യവാദികളെന്നു നടിക്കാറുണ്ട്. അദ്ദേഹത്തിന്റെതും ഹോമിയോപ്പതിക്കായുള്ള ഇത്തരമൊരു കപടവാദമാണ്. ചികിത്സാശാസ്ത്രത്തില്‍ മാത്രമല്ല, സാമൂഹിക ശാസ്ത്രത്തിലും ഹാനിമാന്റെ കാലത്തെയാണോ ഇവര്‍ പിന്തുടരുന്നത്? ഹോമിയോപ്പതിക്കാര്‍ മിക്കപ്പോഴും വെറും ‘പച്ചവെള്ളമോ പഞ്ചസാര ഗുളികയോ’ കൊടുത്താണു സാമ്പത്തിക പ്രതിസന്ധിയും മറ്റും മൂലം തങ്ങളെ ആശ്രയിക്കുന്ന പാര്‍ശ്വവത്കൃതരെ ചികിത്സിക്കുക. അവരുടെ ജീവന്‍ പന്താടുന്നതിനു ശേഷമാണു മറ്റു മനുഷ്യരുടെ മാനവികതയെ ഇവര്‍ കളിയാക്കുന്നത്. ഇത്തരം കൗശലങ്ങള്‍ അംഗീകരിക്കാനാകില്ല. അതുകൊണ്ടാണു ഹോമിയോപ്പതി, യോഗ തുടങ്ങിയ കപടശാസ്ത്രങ്ങളെ വിമര്‍ശിക്കുന്നത്.

മറ്റൊരു വിഷയം, സര്‍ക്കാര്‍തലത്തില്‍ തന്നെ ആയുഷിന്റെ കീഴില്‍ ഹോമിയോയെ ഇന്ത്യയില്‍ കൂടുതലായി േ്രപാത്സാഹിപ്പിക്കുന്നു. എന്നിട്ടാണു തങ്ങളെ അടിച്ചമര്‍ത്തുന്നു എന്ന ഹോമിയോപ്പതിക്കാരുടെ ഇരവാദം. ചുരുക്കം സ്വതന്ത്ര ചിന്തകരൊഴിച്ചു ശാസ്ത്രസമൂഹമോ ആധുനിക ചികിത്സകരോ സമൂഹമോ അവര്‍ക്കെതിരേ ശക്തമായ നിലപാടെടുത്തിട്ടില്ലെന്നും ശ്രദ്ധിക്കണം. മാനവസമൂഹം മുന്നോട്ടുതന്നെ പോകും. അതുകൊണ്ടു, തെളിവുകളുടെ ബലമുള്ള ശാസ്ത്രവും ചികിത്സയുമൊക്കെ പുറകോട്ടു പോകുമെന്ന ഭയവുമില്ല. അതിനാല്‍, നിലവിലെ സിദ്ധാന്തങ്ങളും യുക്തിയും വച്ചു ഹോമിയോപ്പതി ആധുനിക വൈദ്യത്തെ ‘തകര്‍ക്കുമെന്ന’ പേടിയുമില്ല. അലോപ്പതിയെയും ആയുര്‍വ്വേദത്തെയുമൊക്കെ ആധുനിക വൈദ്യം മറികടന്നതുപോലെ ഭാവിയില്‍ നൂതന തെളിവുകളുടെ ബലത്തില്‍ നവീന സിദ്ധാന്തങ്ങള്‍ രൂപീകരിക്കുമ്പോള്‍, അതിനനുയോജ്യമായ പുതുചികിത്സാപദ്ധതി നിലവിലെ ആധുനിക വൈദ്യത്തെ ‘അട്ടിമറിച്ചാലും’ വിഷമമൊന്നുമില്ല. അവിടെയും രോഗിയുടെ ജീവസുരക്ഷയ്ക്ക് ആയിരിക്കും പ്രാമുഖ്യമെന്നതിലും സംശയമില്ല. മാത്രമല്ല, അന്നു ഹോമിയോ ചികിത്സകരും ചരിത്ര പുസ്തകങ്ങളില്‍ മാത്രമായൊതുങ്ങുമെന്ന ഉത്തമ ബോധ്യവുമുണ്ട്. ഹോമിയോപ്പതിക്കാര്‍ക്കു ബദലുകള്‍ അന്വേഷിക്കാം. അതുവഴി രോഗികളുടെ ജീവന്‍ അപകടത്തിലാക്കരുതെന്നു മാത്രം.

തുടര്‍ന്നു, ഡോ. പത്മനാഭന്‍ തന്റേതായ ‘ശാസ്ത്ര സിദ്ധാന്തം’ അവതരിപ്പിച്ചു നിലവിലുള്ള അംഗീകൃത സയന്‍സിന്റ ‘പോരായ്മകള്‍’ ചൂണ്ടിക്കാട്ടുന്നുണ്ട്. ശാസ്ത്രം നിരന്തര അന്വേഷണമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. അതായത്, തെളിവുകളെയും നിരന്തര അന്വേഷണങ്ങളെയും പരിപോഷിപ്പിക്കുകയെന്ന ശാസ്ത്രരീതി ഡോ. പത്മനാഭന്‍ ‘അംഗീകരിക്കുന്നു’. ഇന്നുള്ള വിമര്‍ശകരുടെ ആവശ്യവും മനുഷ്യ മസ്തിഷ്‌കത്തിനു വരാവുന്ന തെറ്റുകളെ മറികടക്കുന്ന തെളിവുകള്‍ ഹോമിയോപ്പതി നല്കണമെന്നതാണ്. അപ്പോഴാണ് ഡോ.പത്മനാഭന്റെ ഈ കാപട്യം. തെളിവിന് ആധുനിക ശാസ്ത്രത്തിന്റെ മരുന്നു പരീക്ഷണരീതി പറ്റില്ലെങ്കില്‍ ‘ആധികാരികമായ’ വേറൊന്നു ഹോമിയോക്കാര്‍ക്കു കണ്ടെത്താം; അതുപക്ഷേ, തങ്ങളുടെ രോഗികളുടെ അരിമ്പാറകള്‍ മാറിയെന്ന തരം അനുഭവ സാഹിത്യം ആകരുത്. തുടര്‍ന്ന്, അദ്ദേഹം വിമര്‍ശകരെപ്പറ്റി പറയുന്നതു ‘നിലവിലുള്ള ശാസ്ത്രവ്യവസ്ഥ േ്രകാഡീകരിച്ചുവെച്ചിരിക്കുന്ന ചില നിയമങ്ങളും മാനദണ്ഡങ്ങളുമാണ് അവര് ശാസ്ത്രമെന്ന വാക്കുകൊണ്ടു വിവക്ഷിക്കുന്നത്’എന്നാണ്. അതായത്, താന്‍ തെളിവുകള്‍ അംഗീകരിക്കുന്ന യഥാര്‍ത്ഥ ശാസ്ത്രസ്‌നേഹിയും വിമര്‍ശകര്‍ സിദ്ധാന്തവാശിക്കാരായ ശാസ്ത്രശത്രുക്കളുമാണെന്ന തോന്നല്‍ സൃഷ്ടിക്കാനാണ് അദ്ദേഹം കഷ്ടപ്പെടുന്നത്. ശാസ്ത്രത്തെക്കുറിച്ചു കൃത്യമായ ധാരണയില്ലാത്തവര്‍ തെറ്റായ മാനദണ്ഡങ്ങളുന്നയിച്ചു ‘നിരപരാധിയായ’ ഹോമിയോയെ വിചാരണ ചെയ്യുന്നു എന്നാണു ഡോ. പത്മനാഭന്‍ വാദിക്കുന്നത്. കൃത്യമായ തെളിവുകളുടെ ബലത്തില്‍ യുക്തിചിന്തയിലൂടെ പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കുന്നതാണു ശാസ്ത്രസിദ്ധാന്തങ്ങള്‍. ഇവിടെ തെളിവും സിദ്ധാന്തവും ഏകോദരസഹോദരങ്ങള്‍. ഇതല്ലാത്ത ഏതു സിദ്ധാന്തമാണു ഹോമിയോയുടെ മേല്‍ വിമര്‍ശകര്‍ അടിച്ചേല്പിക്കുന്നത്? ശാസ്ത്രം ഹോമിയോപ്പതിക്കെതിരായതു നിത്യജീവിതത്തിലെ സാക്ഷ്യങ്ങളെല്ലാം എതിരായതിനാലാണ്; അതിന്റെ സിദ്ധാന്തം തെറ്റാകുന്നതും അതുമൂലമാണ്. അപ്പോഴാണു ഡോ. പത്മനാഭന്റെ ഉരുണ്ടുകളി.

അതിനു ശേഷം, ഡോ. പത്മനാഭന്‍ പറയുന്നത് ഇതു ശാസ്ത്രവ്യവസ്ഥയുടെ കുഴപ്പമല്ലെന്നും സാമൂഹികവ്യവസ്ഥയുടെ പ്രശ്‌നമാണെന്നുമാണ്. അത്തരം മനുഷ്യത്വവിരുദ്ധ വ്യവസ്ഥയില്‍ ഹോമിയോപ്പതിക്കു നിലനില്‌ക്കേണ്ട യാതൊരു കാര്യവുമില്ലെന്നാണ് അദ്ദേഹത്തിന്റെ ചിന്ത. ഇവിടെ, ഹോമിയോയെ വിമര്‍ശിക്കുന്ന അധീശത്വമുള്ള ഏതാനും ‘ശാസ്ത്രമാത്രവാദികള്‍ക്ക്’ ഉപരി സര്‍വ്വ സമൂഹത്തെയും അദ്ദേഹം പ്രതിക്കൂട്ടിലാക്കുന്നു. എന്താണിതിന്റെ അടിസ്ഥാനം? രോഗിയുടെ ജീവന് ആപത്തായ ഹോമിയോപ്പതിയുടെ ‘പച്ചവെള്ള ചികിത്സയെ’ ചോദ്യം ചെയ്യുന്നതു മാത്രം. തുടര്‍ന്നു, ഹോമിയോയുടെ അനന്യതയെക്കുറിച്ചു ഡോ. പത്മനാഭന്‍ സൂചിപ്പിക്കുന്നു. ഇതെക്കുറിച്ച് ഉത്തമബോധ്യമുള്ള ഡോക്ടറുടെ സഹോദര ചികിത്സകര്‍ പിന്നെന്തിനാണ് ആധുനിക വൈദ്യത്തോടു സമന്വയിപ്പിച്ച ‘ഹോളിസ്റ്റിക് മെഡിസിന്‍’ വേണമെന്നു സംഘടിതമായി ആവശ്യപ്പെടുന്നത്? അധീശത്വസമൂഹത്തിന്റെ ഉല്‍പന്നമായ ആധുനിക വൈദ്യം പഠിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ അവര്‍ തള്ളിപ്പറയണം. അതിനു ഡോ. പത്മനാഭനെപ്പോലുള്ളവര്‍ മുന്‍കൈ എടുക്കട്ടെ ആദ്യം. ലോകത്തുള്ള ഏതു വസ്തുവിനും വ്യവസ്ഥയ്ക്കും അതിന്റേതായ അനന്യതയുണ്ടാവും. ഹോമിയോയ്ക്കും അതു തീര്‍ച്ചയായും കാണും. പക്ഷേ, അതിന്റെ ‘അനന്യത’ ഭൗതികനിയമങ്ങളെ ‘അതിലംഘിക്കുന്നു’. അതുമൂലം രോഗിയുടെ ജീവന്‍ നഷ്ടപ്പെടാം. അതിനാല്‍, ഇത്തരം ‘അനന്യതകളെ’ പിന്തുണയ്ക്കാനാകില്ല. അംഗീകൃത മരുന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഔഷധം ഹോമിയോപ്പതി മരുന്നാകില്ല, അതു ‘അലോപ്പതിയുടെ’ ഭാഗമാകുമെന്ന ലേഖകന്റെ വാദം ഡോ. പത്മനാഭന്‍ സൂചിപ്പിക്കുന്നു. ആധുനിക വൈദ്യത്തിന്റെ പുരോഗമന സ്വഭാവം സമൂഹത്തില്‍നിന്നു മറച്ചു പിടിക്കാനുള്ള ഹോമിയോക്കാരുടെ സ്ഥിരം സൂത്രമാണ് ‘അലോപ്പതി’ എന്ന പേരുവിളി. ഇന്ന് ‘അലോപ്പതി’ എങ്ങുമില്ല. ഹോമിയോ, ആയുര്‍വ്വേദം, തുടങ്ങിയ ചികിത്സകളുണ്ട്. അലോപ്പതി എന്ന പേരില്‍ ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാല ബിരുദം നല്കുന്നുണ്ടോ എന്ന് അദ്ദേഹം പറയണം. മരുന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഔഷധം ആധുനിക വൈദ്യത്തിന്റെ ഭാഗമാകുമെന്ന വാദത്തിലൂടെ അര്‍ത്ഥമാക്കുന്നതു മരുന്നു സുരക്ഷിതവും ചെലവുകുറഞ്ഞതും ആയാല്‍ രോഗികള്‍ക്കു ഗുണപ്രദമാകും വിധം ആധുനിക വൈദ്യം അതുപയോഗിക്കുമെന്ന കാര്യമാണ്. ആരു കണ്ടെത്തിയെന്നു നോക്കാതെ അതിന്റെ മൂല്യം അംഗീകരിക്കാനുള്ള ജനാധിപത്യബോധം ആധുനിക വൈദ്യത്തിനുണ്ട് എന്നാണു സൂചന. അല്ലാതെ, രഹസ്യമായി ഹോമിയോ മരുന്നില്‍ ആധുനിക ഔഷധങ്ങള്‍ പൊടിച്ചു ചേര്‍ക്കുന്ന പരിപാടി ആധുനിക ഡോക്ടര്‍മാര്‍ക്കില്ലെന്നും ഒരു കാര്യം ചെയ്താല്‍ അതു പരസ്യമായി അംഗീകരിക്കുമെന്നുമാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.

അടുത്തതായി ഡോ. പത്മനാഭന്റെ വാദം അംഗീകൃത മരുന്നു പരീക്ഷണങ്ങള്‍ ആധുനിക വൈദ്യത്തിന്റെ രീതിയാണെന്നും ഹോമിയോപ്പതിക്കതു ബാധകമല്ലെന്നുമാണ്. ഈ വാദം അവര്‍ ഉന്നയിക്കുന്നതു മരുന്നിന്റെ യഥാര്‍ത്ഥ ശക്തിയെപ്പറ്റി ‘ഉത്തമബോധ്യം’ ഉള്ളതിനാലാണ്. ഈ രീതിയിലൂടെ ഔഷധത്തിന്റെ ഫലപ്രാപ്തിയും പ്രവര്‍ത്തനവുമൊക്കെ പരിശോധിക്കും. ഈ പരീക്ഷണത്തിനു ഹോമിയോയുടെ പ്രാപ്തി അളക്കാനുള്ള കഴിവ് ഇല്ലാതാകുന്നത് എങ്ങനെയെന്നു ഭൗതികശാസ്ത്ര നിയമങ്ങളിലൂടെ വിശദീകരിക്കണം. സയന്‍സ് വികസിപ്പിച്ച ഉപകരണങ്ങളാല്‍ രോഗം കണ്ടെത്തുന്നവര്‍ ഹോമിയോ മരുന്നിന്റെ ഫലപ്രാപ്തി കണ്ടെത്താന്‍ മാത്രം അവയ്ക്കു കഴിവില്ലെന്നു പറഞ്ഞാല്‍ ആ യുക്തി മനസ്സിലാകുന്നില്ല. രോഗിക്കു നല്കുന്ന ഔഷധം ഹോമിയോയോ ആധുനികമോ എന്നു തിരിച്ചറിഞ്ഞു വിവേചനം കാണിക്കാനുള്ള സൂക്ഷ്മബുദ്ധി പാവം മരുന്നു പരീക്ഷണത്തിനില്ല. ജനനം മുതല്‍ മരണം വരെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശാസ്ത്രത്തെ അംഗീകരിക്കും അവര്‍. രോഗാവസ്ഥയില്‍ ശരീരം പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ തിരിച്ചറിയാനും ആധുനിക ശാസ്ത്രം അവര്‍ ഉപയോഗിക്കും. പക്ഷേ, ഹോമിയോക്കാരും സമാന്തര വൈദ്യന്മാരും തങ്ങളുടെ ഔഷധം ശരീരത്തില്‍ ഉണ്ടാക്കുന്ന ഗുണഫലങ്ങള്‍ മാത്രം തിരിച്ചറിയാന്‍ ശാസ്ത്രം വളര്‍ന്നിട്ടില്ല എന്നു പറയും. അതിനവര്‍ മയാസം, ജീവശക്തി മുതലായ നിഗൂഢ ശക്തികളെയും സിദ്ധാന്തങ്ങളെയും കൂട്ടുപിടിക്കും. ഇത്തരം ‘ഭാവനാസിദ്ധാന്തങ്ങള്‍’ പഠിക്കാനൊരു വഴി ലോകാവസാനം വരെ മുന്നേറിയാലും ചിന്തയില്‍പ്പോലും ആവിഷ്‌കരിക്കാന്‍ ശാസ്ത്രത്തിനു കഴിയില്ലെന്നു ഇവയെ ന്യായീകരിക്കുന്നവര്‍ക്കറിയാം. ശാസ്ത്രം ക്‌ളിനിക്കല്‍ പരിശോധനയില്‍ വിലയിരുത്തുക സമാന്തര വൈദ്യങ്ങളിലെ സിദ്ധാന്തങ്ങളെയല്ല ശാരീരിക വ്യതിയാനങ്ങളെയാണെന്ന സുപ്രധാന വസ്തുത അവര്‍ ‘ബുദ്ധിപരമായി’ മറച്ചുവയ്ക്കും. ഏതു കുഞ്ഞിനും തിരിച്ചറിയാവുന്ന ശാരീരിക ലക്ഷണങ്ങള്‍ മരുന്നു കഴിക്കുമ്പോള്‍ കാണാത്തതു കൊണ്ടാണ് അവരുടെ സിദ്ധാന്തം തെറ്റാകുന്നത്. ഇതു ശാസ്ത്രത്തെ അംഗീകരിക്കില്ലെന്ന ഡോ. പത്മനാഭനെപ്പോലുള്ള ഹോമിയോക്കാരുടെ നിലപാടുകളുടെ കാപട്യം വെളിവാക്കുന്നു.

മരുന്നു പരീക്ഷണങ്ങളില്‍ മനുഷ്യന്റെ വികാരവിചാരങ്ങള്‍ പരിഗണിക്കുന്നില്ലെന്നും ഹോമിയോ മരുന്നിന്റെ ജൈവഗുണങ്ങള്‍ ലാബോറട്ടറിയിലല്ല, ജൈവശരീരത്തിലേ വ്യക്തമാകൂ എന്നൊക്കെ ഡോ. പത്മനാഭന്‍ വാദിക്കുന്നു. കൂടാതെ, ഒരു അധീശത്വവ്യവസ്ഥയ്ക്കും അതിന്റെ ഗുണഫലങ്ങള്‍ തിരിച്ചറിയാനാക്കില്ല എന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ഈ വാദം കേട്ടാല്‍ ഏതോ റോബോട്ടില്‍ പരീക്ഷിച്ചാണു ആധുനിക മരുന്നുകള്‍ ഇറക്കുന്നതെന്നു തോന്നും. ആധുനിക വൈദ്യശാസ്ത്രം മരുന്നുകള്‍ പരീക്ഷിക്കുന്നതു ലബോറട്ടറികളില്‍ മാത്രമല്ല. അവിടെ നടക്കുന്നതു മരുന്നു ഗവേഷണത്തിന്റെ ഏറ്റവും പ്രാഥമിക ഘട്ടങ്ങള്‍ മാത്രമാണ്. മനുഷ്യരുടെ വികാരങ്ങളും വിചാരങ്ങളുമൊക്കെ മരുന്നിന്റെ ഫലപ്രാപ്തിയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കാമെന്നു അറിഞ്ഞാണ് ഈ പരീക്ഷണങ്ങളുടെ രൂപകല്പന. വ്യതിയാനങ്ങളുടെ പരിധി മനസ്സിലാക്കി ഓരോ മരുന്നിന്റെയും ഡോസു നിശ്ചയിക്കാന്‍ ഈ വ്യത്യാസങ്ങളെ മറികടക്കുന്ന മുന്‍കരുതലുകള്‍ ആധുനിക വൈദ്യം കൈക്കൊള്ളും. അതിനുള്ള വിവരശേഖരണത്തിനാണു മരുന്നിന്റെ വിപുലമായ അവസാനഘട്ട പരീക്ഷണങ്ങള്‍. ഇതാണു വസ്തുതയെന്നിരിക്കെ ആധുനിക വൈദ്യം മനുഷ്യന്റെ വികാരവിചാരങ്ങളും ശാരീരിക പ്രത്യേകതകളും നോക്കാതെ മരുന്നു പരീക്ഷിക്കുന്നുവെന്ന ഡോ. പത്മനാഭന്റെ വാദം വെറും കണ്ണടച്ചിരുട്ടാക്കലാണ്. മറ്റൊരു പ്രധാന കാര്യം മനുഷ്യന്റെ വികാരവിചാരങ്ങളെക്കുറിച്ചു പഠിക്കുന്ന സാമൂഹിക ശാസ്തജഞര്‍ ആധുനിക ശാസ്ത്രത്തിലെ ആര്‍സിടി മാതൃക തൃപ്തികരമായി പഠനത്തിന് ഉപയോഗിക്കുന്നുണ്ടെന്നതാണ്. ഹോമിയോ മരുന്നുകളുടെ ഔഷധഗുണം അതായതു ജൈവമണ്ഡലത്തിലെ പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും ലബോറട്ടറിയില്‍ പരിശോധിക്കാന്‍ പറ്റില്ലെന്ന വാദം അതൊരു ഭൗതികശാസ്ത്രമല്ലെന്നും വെറും തത്വശാസ്ത്രം മാത്രമാണെന്നും ഉള്ളതിന്റെ ക്ലാസിക് തെളിവാണ്. മനുഷ്യശരീരത്തില്‍ ഏതൊരു വസ്തു കടന്നാലും ആന്തരിക സമസ്ഥിതിയില്‍ വ്യതിയാനങ്ങള്‍ ഉണ്ടാകും. ഇവ പരിധിവിടാതെ ശരീരം നിയന്ത്രിക്കുമെന്നും ഫിസിയോളജിയും അനാട്ടമിയും പ്രാഥമികമായി പഠിച്ച ആര്‍ക്കും അറിയാനാകും. ഏതൊരു വസ്തുവും ഒരു നിശ്ചിത അളവില്‍ കൂടിയാല്‍ മനുഷ്യശരീരം ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. അവ വളരെ കൃത്യമായി ഭൗതികശാസ്ത്ര ഉപകരണങ്ങളും രീതികളും കൊണ്ട് അളക്കാം. ഹോമിയോപ്പതി ആയുര്‍വ്വേദം തുടങ്ങിയവയ്ക്കും വ്യത്യാസങ്ങളൊന്നുമില്ല. ‘അധീശത്വവ്യവസ്ഥയായ’ ആധുനിക വൈദ്യം ശരീരത്തിലെ വ്യതിയാനങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളാലും ഇതര രീതികളാലും മനസ്സിലാക്കാനാക്കാത്ത എന്തു ജൈവഗുണമാണു ഹോമിയോപ്പതി മരുന്നുകള്‍ സൃഷ്ടിക്കുന്നതെന്നു ഡോ. പത്മനാഭന്‍ വിശദമാക്കണം. മാത്രമല്ല, അവ ഹോമിയോക്കാര്‍ എങ്ങനെ തിരിച്ചറിയുമെന്നും പറയണം. ആധുനിക ഫിസിയോളജിയും അനാട്ടമിയും പഠിച്ച ഡോ. പത്മനാഭനൊകെ സമൂഹത്തിനു മുമ്പില്‍ ഇത്തരം വാദങ്ങള്‍ നിരന്തരം ഉയര്‍ത്തേണ്ടിവരുന്നതു ഹോമിയോയുടെ നിവൃത്തികേടിന്റെ തെളിവാണ്.

തുടര്‍ന്നു ഡോ. പത്മനാഭന്‍, ഹോമിയോയുടെ നേര്‍പ്പിക്കല്‍ നിയമത്തിനെതിരേ രസതന്ത്രത്തിന്റെ ഒരടിസ്ഥാനമായ അവൊഗാേ്രഡാ നിയമം ഉന്നയിച്ചുള്ള വിമര്‍ശനത്തിനു മറുപടി പറയുന്നു. ഇതില്‍ ചില കഴമ്പുകള്‍ ഉണ്ടെന്നും എന്നാലിതു ഹോമിയോപ്പതിയുടെ അടിസ്ഥാനനിയമം അല്ലെന്നും ചില ഹോമിയോ മരുന്നുകള്‍ ഈ നിയമത്തെ മറികടക്കുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ചില മരുന്നുകള്‍ അവോഗാേ്രഡാ നിയമത്തെ അതിലംഘിക്കുമെന്നു വാദിക്കുമ്പോള്‍ ആ തത്ത്വം മറികടക്കാത്ത മരുന്നുകളും ഹോമിയോപ്പതിയിലുണ്ടെന്ന സ്വയം സമ്മതമാണ്. അതായത്, അവ ഔഷധഘടക തന്മാത്രകളില്ലാത്ത വെറും പച്ചവെള്ളമാണെന്ന സാക്ഷ്യം. മറ്റൊന്ന്, ഈ നിയമത്തെ മറികടക്കുന്ന രാസസംയുക്തങ്ങള്‍ ഹോമിയോപ്പതിക്കാര്‍ നേര്‍പ്പിക്കലിലൂടെ സൃഷ്ടിക്കുമെങ്കില്‍ അതു രസതന്ത്ര ശാസ്ത്രജ്ഞരെ ബോധ്യപ്പെടുത്താത്തത് എന്തുകൊണ്ടാണ്? ശേഷം, അദ്ദേഹം പറയുന്നതു ഇതൊരു അടിസ്ഥാനനിയമം അല്ലെന്നാണ്. ഹോമിയോപ്പതിക്കാര്‍ക്ക് ആധാരമായി എന്തു നിയമവും സ്വീകരിക്കാം. അത് ആരോഗ്യപ്രവര്‍ത്തകര്‍ക്കു പ്രധാനമല്ല; അവയനുസരിച്ചു ‘പ്രവര്‍ത്തിക്കുന്ന’ മരുന്നുകള്‍ രോഗിയുടെ ജീവനു ഭീഷണിയാണോ എന്നതാണ് അവരുടെ പ്രശ്‌നം. പലതിലും ഔഷധാംശമേയില്ല എന്നു സമ്മതിക്കുന്ന ഡോ. പത്മനാഭനെ പോലുള്ളവര്‍ ഈ വസ്തുത ഉള്‍ക്കൊള്ളാത്തത് എന്തുകൊണ്ടെന്നു വ്യക്തമല്ല. നേര്‍പ്പിക്കല്‍ നിയമം വെളിപ്പിക്കാന്‍ ഹോമിയോ സൈദ്ധാന്തികര്‍ വികസിപ്പിച്ച ന്യായീകരണങ്ങളുടെ ചരിത്രം അവര്‍ നേരിടുന്ന പ്രതിസനധിയുടെ ആഴം വെളിവാക്കുന്നു. അതുകൊണ്ടാണു ഡോ. പത്മനാഭന്‍ ഈ വിശദീകരണങ്ങള്‍ പൂര്‍ണ്ണ പരിഹാരമല്ലെന്നും ഇത് അടിസ്ഥാനനിയമമല്ലെന്നും സമ്മതിച്ചത്. ജലതന്മാത്രയുടെ ഓര്‍മ്മ, കുലുക്കുമ്പോള്‍ ആര്‍ജ്ജിക്കുന്ന ജീവശക്തി പ്രഭാവം, നാനോ, ക്വാണ്ടം മെക്കാനിസം തുടങ്ങി പലതും ഹോമിയോപ്പതിക്കാര്‍ പ്രയോഗിക്കാറുണ്ട്. ഒന്നും അവരുടെ കൂട്ടരെപ്പോലും സമ്പൂര്‍ണ്ണമായി തൃപ്തിപ്പെടുത്തുന്നില്ല. ശാസ്ത്രം ഒരു സിദ്ധാന്തം അംഗീകരിച്ചാല്‍ അതനുസരിച്ചാണു തങ്ങളുടെ ഔഷധങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നു വ്യാഖ്യാനിച്ചുകൊണ്ടു ഹോമിയോയുടെ ‘നവീനത്വം’ സമൂഹത്തില്‍ നിലനിര്‍ത്തുകയെന്ന തന്ത്രമാണു അവര്‍ കാലങ്ങളായി എടുക്കുന്നതെന്ന് ഇതില്‍ നിന്നു വ്യക്തമാണ്. പരിധിയിലധികം നേര്‍പ്പിച്ച മരുന്നുകളും രോഗം ‘ഭേദമാക്കും’. പക്ഷേ, അവ ഔഷധമില്ലാതെ ശരീരത്തിനു സ്വയം മാറ്റാവുന്നവ മാത്രമാണ്. മുമ്പ്, പച്ചവെള്ളം കൊടുത്തു ആസ്ട്രിയയിലെ വിന്‍സെന്റ് പ്രിസ്‌നിറ്റ്‌സും വെറും വെള്ളവും ഗോതമ്പു ഗുളികയൂം മാത്രം നല്കി അമേരിക്കയിലെ ഐസക് ജെന്നിംഗ്‌സും ഭക്ഷണ നിയന്ത്രണത്തിലൂടെ സില്‍വെസ്റ്റര്‍ ഗ്രഹാമും രോഗികളെ ചികിത്സിച്ചിരുന്നു. പ്രകൃതിയിലെ ഊര്‍ജ്ജം അടിസ്ഥാനമായി രോഗം മാറ്റുന്ന റെയ്ക്കി പോലുള്ളവയുമുണ്ട്. ഇതൊക്കെ ‘അനുഭവവേദ്യമായ’ ആയിരങ്ങളാണ് ഇത്തരം ചികിത്സകള്‍ ഏറ്റുവാങ്ങിയത്. എന്തായാലും മറ്റു സമാന്തര വൈദ്യന്മാര്‍ക്കു ഹോമിയോക്കാരുടെയത്ര ഗതികേടില്ല. കാരണം, തങ്ങള്‍ ചികിത്സിക്കുന്നതു മരുന്നില്ലാതെയാണെന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അതിനുള്ള ബൗദ്ധിക സത്യസന്ധത അവര്‍ക്കുണ്ടായിരുന്നു. വഞ്ചനയോ അധാര്‍മ്മികതയോ മരുന്നിന്റെ കാര്യത്തിലെങ്കിലും ഇവിടെയില്ല. രോഗിക്കറിയാം ഇവിടെ ഔഷധഘടകം ഇല്ലെന്ന്. ഹോമിയോയുടെ സ്ഥിതി അതല്ല, ഇല്ലാത്ത കാര്യത്തിനു വല്ലാത്ത ന്യായവുമായി നിരന്തരം ‘നവീന’ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കേണ്ടിവരുന്ന പ്രതിസന്ധി എത്ര ഭീകരമാണ്.

ഡോ. പത്മനാഭന്‍ ആവശ്യപ്പെടുന്നതു അവഗാേ്രഡാ നിയമത്തെ മറികടക്കുന്ന ഹോമിയോ മരുന്നുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നെന്നു ശാസ്ത്രം പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നാണ്. ശാസ്ത്രം ഈ ദൗത്വം ഏറ്റെടുത്തു നിരീക്ഷണഫലങ്ങള്‍ ജനങ്ങളോടു വിശദീകരിച്ചിട്ടുണ്ട്. തങ്ങളുടെ സിദ്ധാന്തങ്ങള്‍ പരിഷ്‌കരിക്കാത്ത ഹോമിയോക്കാര്‍ അത് അംഗീകരിക്കാത്തതു മാത്രമാണ് പ്രശ്‌നം. അവോഗാേ്രഡാ നിയമത്തെ മറികടക്കുന്ന യാതൊരു മരുന്നും ഹോമിയോയില്‍ ഇല്ലെന്നു ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഒരോ ഹോമിയോ ഡോക്ടറും ഇനി സ്വയം തിരിച്ചറിയേണ്ട ചെറിയ പ്രശ്‌നം മാത്രമേ ഇതിലുള്ളൂ. അവരുടെ നേര്‍പ്പിച്ച മരുന്നു, കുപ്പിയില്‍ നിന്നു ടെസ്റ്റ്ട്യൂബിലൊഴിച്ച ശേഷം അതു വെള്ളമൊഴിച്ച കുറച്ചു ടെസ്റ്റ്ട്യൂബുകള്‍ക്ക് ഇടയില്‍ വച്ച് ഓരോന്നും രചിച്ചു നോക്കി ബോധ്യപ്പെടാവുന്ന കാര്യത്തിന് ഇനിയും ശാസ്ത്രസമൂഹത്തെ കഷ്ടപ്പെടുത്തരുത്. മറ്റൊന്നു, ഹോമിയോയുടെ രോഗമുക്തി അനുഭവത്തിന് എന്തെങ്കിലും വ്യാഖ്യാനം ശാസ്ത്രത്തിനുണ്ടോ എന്നതാണ്. അതും ശാസ്ത്രം വിശദീകരിച്ചിട്ടുണ്ട്. ഡോക്ടറും രോഗിയും തമ്മിലുള്ള ആത്മബന്ധം, ദീര്‍ഘകാല രോഗങ്ങളില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, മിഥ്യാ രോഗങ്ങള്‍, പ്‌ളാസിബോ പ്രഭാവം തുടങ്ങിയവ ‘രോഗമുക്തി’ നല്കുമെന്നു വളരെ വ്യക്തമായി ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. അപ്പോഴാണ് ഡോ. പത്മനാഭന്റെ ഈ വാദം. നിലവിലുള്ള മാനദണ്ഡങ്ങളോടു ചേരുന്നില്ല എന്നതു കൊണ്ടുമാത്രം അനുഭവം തള്ളിക്കളയരുതെന്ന വാദം ഡോ. പത്മനാഭന്‍ തുടര്‍ന്ന് ഉന്നയിക്കുന്നു. യഥാര്‍ത്ഥത്തില്‍ അനുഭവം നിലവിലെ മാനദണ്ഡങ്ങളോടു ചേരാത്തതല്ല പ്രശ്‌നം ശരീരത്തിനു സ്വയം ഭേദമാക്കാന്‍ കഴിയാത്ത രോഗങ്ങള്‍ക്കു രോഗശമനമെന്ന അനുഭവമേ ഉണ്ടാകുന്നില്ല എന്നതാണ്.

നമ്മുടെ ഭൂരിപക്ഷം രോഗങ്ങളും തനിയേ മാറുമെന്ന ലേഖകന്റെ അഭിപ്രായം ആധുനിക വൈദ്യത്തിനും ബാധകമാണെന്നു ഡോ. പത്മനാഭന്‍ ഓര്‍മ്മിപ്പിക്കുന്നു. എല്ലാവരും ഹോമിയോപ്പതികാരെപ്പോലെ ചിന്തിക്കുമെന്ന മനോഭാവത്തിന്റെ തെളിവാണു ഈ വാദം. ശാസ്ത്രം ഒരുകാര്യം തെളിയിച്ചാല്‍ പുതിയ വിവരങ്ങളുടെ വെളിച്ചത്തില്‍ അതു തെറ്റെന്നു ബോധ്യപ്പെടുന്നതു വരെ ലോകത്തിനു മുഴുവന്‍ ബാധകമാണ്. ഈ പ്രമാണം അറിയാത്ത, ഒരു ‘ഹോമിയോ മനസ്സുള്ള’ വ്യക്തിയല്ല ലേഖകന്‍. ശരീരത്തിന്റെ ഈ കഴിവ് ആധുനിക വൈദ്യന്മാരും ഉപയോഗിക്കുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ വാദം. രോഗചികിത്സയുടെ ഭാഗമായി രോഗികള്‍ വിട്ടുപോകാതിരിക്കാന്‍ എല്ലാ ചികിത്സാ വ്യവസ്ഥകളിലുമുളളവരും പ്രത്യേകിച്ചു സ്വകാര്യമേഖലയിലുളളവര്‍ ഈ ഗുണത്തെ പ്രയോജനപ്പെടുത്താറുണ്ട്. പക്ഷേ, ഹോമിയോപ്പതിക്കാര്‍ ചെയ്യുന്നപോലെ ഫലപ്രാപ്തിയുള്ള മരുന്നുപയോഗിച്ചാല്‍ മാത്രം ഭേദമാകുന്ന രോഗങ്ങള്‍ക്കു ‘പച്ചവെള്ള ചികിത്സ’ നല്കി സുരക്ഷിതമായ മറ്റു ചികിത്സകളെ തടയുകയെന്ന സാമൂഹികേ്രദാഹം ചെയ്യുന്ന എത്ര ആധുനിക വൈദ്യക്കാര്‍ ഉണ്ടെന്നു ഡോ. പത്മനാഭന് എണ്ണിനോക്കാം. ഒരു രോഗത്തിനു മരുന്നില്ലെങ്കില്‍ അതങ്ങനെതന്നെ ആധുനിക വൈദ്യ ഗ്രന്ഥങ്ങളിലുണ്ടാകും. അതവര്‍ പരസ്യമായി സമ്മതിക്കും. അല്ലെങ്കില്‍ രോഗിക്ക് ഇന്റര്‍നെറ്റുവഴി അറിയാം. ഹോമിയോയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ട്രീറ്റ്‌മെന്റും മറ്റും സംബന്ധിച്ചു രോഗിക്കു ബോധ്യപ്പെടാന്‍ പറ്റുന്ന വിശ്വസനീയമായ എന്ത് സംവിധാനമാണ് ഹോമിയോ ചികിത്സകര്‍ ചെയ്തിട്ടുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം.

ആയുഷ് മന്ത്രാലയം വഴി സമാന്തര വൈദ്യങ്ങള്‍ക്ക് ആധുനിക വൈദ്യത്തെക്കാള്‍ ഇളവുകള്‍ നല്കുന്ന കാര്യം ലേഖകന് ഉത്തമബോധ്യം ഉള്ളതാണ്. ആയുഷിന്റെ മരുന്നു നിര്‍മ്മാണ വ്യവസ്ഥകള്‍ ആധുനിക വൈദ്യത്തിന്റേതുമായി താരതമ്യം ചെയ്തു ഡോ. പത്മനാഭനിതു സ്വയം ബോധ്യപ്പെടാം. മറ്റൊരു കാര്യം പല രാജ്യങ്ങളെക്കാളും ഇന്ത്യയില്‍ പൊതുവേ ആധുനിക വൈദ്യത്തിനും നിയന്ത്രണങ്ങള്‍ കുറവാണ് എന്നതാണ്. രോഗിയുടെ സുരക്ഷ മുന്നില്‍ കണ്ടാണ് ഈ വിമര്‍ശനമുന്നയിച്ചത്. അതു ഹോമിയോയെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായി അവതരിപ്പിച്ചു ഡോ. പത്മനാഭന്‍. വിമര്‍ശനം ആയുഷിനെതിരാണെങ്കില്‍ അങ്ങനെ തന്നെ ഇരുന്നോട്ടെ എന്നു മാത്രം പറയുന്നു. ജനാധിപത്യത്തില്‍ പൗരനു വിമര്‍ശിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. സഹപൗരന്റെ ജീവന് അപകടമാകാവുന്ന കാര്യത്തിനെതിരേ നിലപാടെടുക്കും; അതു ഗവണ്‍മെന്റായാലും ചെയ്യും. സഹപൗരന്മാര്‍ തമ്മിലുള്ള സാഹോദര്യത്തിന്റെ പ്രകാശനം മാത്രമാണത്. ആ ബോധം ഹോമിയോക്കാര്‍ ഉള്‍ക്കൊള്ളാത്തതാണു തങ്ങളുടെ മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാത്തതിനുള്ള കാരണം. ആയുധമുണ്ടാക്കാന്‍ കൂടുതല്‍ പണം ചെലവഴിക്കുന്ന കാര്യം അറിയാമോയെന്നു ഡോ. പത്മനാഭന്‍ ലേഖകനോടു ചോദിക്കുന്നുണ്ട്. ഈ വാദം കേട്ടാല്‍ പണം അനുവദിക്കുന്നതു രാഷ്ട്രനേതൃത്വമല്ല ശാസ്ത്രജ്ഞരാണെന്നു തോന്നും. ഇതൊക്കെ കൃത്യമായി മനസ്സിലാക്കിത്തന്നെയാണ് ഈ പണിക്കിറങ്ങിയത്. ആയുധ ഗവേഷണത്തിനുള്ള തുക കുറയ്ക്കണമെന്ന പ്രചാരണവും നടത്താറുമുണ്ട്. തങ്ങളെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുന്നവരെ ‘കൊള്ളരുതാത്തവരാക്കുന്ന’ ഹോമിയോക്കാരുടെ മനുഷ്യത്വ വിരുദ്ധതയാണു ഇവിടെ വീണ്ടും വെളിപ്പെടുന്നത്. ആയുധ ഗവേഷണം മാത്രമല്ല അവയുടെ ദോഷഫലങ്ങളും ശാസ്ത്രമാണു പഠിക്കുക എന്നതു ഡോ. പത്മനാഭന്‍ ഓര്‍ക്കണം.

ഹോമിയോപ്പതി മരുന്നിന്റെ ശാസ്ത്രീയാടിത്തറ തെളിയിക്കണമെന്ന വാദം ഡോ. പത്മനാഭന്‍ എതിര്‍ക്കുന്നു. ശാസ്ത്രരീതിയനുസരിച്ച് ഒരു കാര്യം തെളിയിക്കണമെന്ന ആവശ്യം ആധുനിക വൈദ്യത്തിന്റെയും ലേഖകന്റെയും ദുശ്ശാഠ്യമായി അദ്ദേഹം കാണുന്നു. ഹോമിയോയുടെ കോവിഡ് രോഗചികിത്സയ്‌ക്കെതിരേ കേന്ദ്രഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്തി കല്പന ഇറക്കിക്കുന്നെന്നും ഹോമിയോ ഡോക്ടര്‍മാരുടെ കൈകാലുകള്‍ കെട്ടിയിരിക്കുന്നെന്നും അദ്ദേഹം പറയുന്നു. ഈ വാദം തന്നെ ഹോമിയോയുടെ കോവിഡ് ഇമ്മ്യൂണോ ബൂസ്റ്ററായ ആഴ്‌സെനിക് ആല്‍ബത്തിന്റെ പേരിലെ തട്ടിപ്പു പുറത്താക്കുന്നു. രോഗികളില്‍ പരീക്ഷിക്കാതെ പുതിയൊരു രോഗത്തിന് ഈ മരുന്നു ഫലപ്രദമെന്ന് അവരെങ്ങനെ ഉറപ്പിച്ചു? അവര്‍ രോഗിയുടെ സുരക്ഷയ്‌ക്കൊരു പരിഗണനയും നല്കില്ല എന്നതിന്റെ മറ്റൊരു തെളിവാണിത്. ഇന്ത്യയിലുള്ള ആധുനിക വൈദ്യം ഇതില്‍ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. കോവിഡ് രോഗം വിശ്വാസ്യതയോടെ ചികിത്സിക്കാനാകുമെന്നു ലോകത്തിലൊരു ഹോമിയോ ഡോക്ടര്‍ക്കും ഡബ്ലിയുഎച്ച്ഒയെ ബോധ്യപ്പെടുത്താന്‍ പറ്റാത്തതിന്റെ ഫലമാണിത്. ലോകത്തിലെ മനുഷ്യരെല്ലാം കുത്തക മരുന്നുകമ്പനികളുടെ പിണിയാളുകളാണ് എന്നൊക്കെ വാദിക്കാം. ഇതു വെറുമൊരു ഇരവാദമാണ്. ഹോമിയോയുടെ കൈകാലുകള്‍ ആരും കെട്ടിയിടേണ്ടതില്ല. അതു ഡോ. പത്മനാഭനെ പോലുള്ളവര്‍ ഭംഗിയായി ചെയ്യുന്നുണ്ട്. അതിനു മറ്റാര്‍ക്കും ബാധ്യതയില്ല. മുങ്ങാന്‍ തയ്യാറായി സ്വയം പുഴയിലേക്കു ചാടിയാല്‍ എന്തുചെയ്യും? ഹോമിയോപ്പതിയുടെ രക്ഷയ്ക്കുള്ള ലൈഫ് ജാക്കറ്റ് കരയിലുണ്ട്. ശാസ്ത്രത്തിന്റെ രീതി ഉപയോഗിച്ചു സ്വന്തം മരുന്നുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ആ ലൈഫ് ജാക്കറ്റിട്ടു പുഴ നീന്തിക്കടന്നാല്‍ ലേഖകനു സന്തോഷം മാത്രം. അവരതിനു തയ്യാറാകാത്തതില്‍ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യം.

മാനവരാശിയുടെയുടെ പുരോഗതി അറിയാനുള്ളൊരു വഴി നൊബേല്‍ പുരസ്‌കാരം ആണെന്ന വാദം ഡോ. പത്മനാഭനും അംഗീകരിച്ചു. പക്ഷേ, സമാധാനത്തിനും സാഹിത്യത്തിനുമൊക്കെ എത്ര ശാസ്ത്രജ്ഞന്മാര്‍ക്കു ‘നൊബേല്‍’ ലഭിച്ചു എന്നുകൂടി അദ്ദേഹം ചോദിക്കുന്നു. ശാസ്ത്രജ്ഞന്മാരുടെ പണി മഹാകാവ്യ രചനയാണോ എന്നാണു ഇവിടെ സംശയം. നൊബേല്‍ കിട്ടാത്തതിനാല്‍ മഹാത്മാഗാന്ധിയും ലിയോ ടോള്‍സ്‌റ്റോയും ലേഖകനു കപടസമാധാനവാദിയും കപട സാഹിത്യകാരനും ആയിരിക്കും എന്നും ഡോ. പത്മനാഭന്‍ പറയുന്നു. അരിയെത്ര എന്നു ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന ഉത്തരമാണിവിടെ നല്കുന്നത്. ഹോമിയോപ്പതിയെപ്പറ്റി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ അതിനു കൃത്യമായി മറുപടി നല്കാതെ തത്ത്വശാസ്ത്ര ചര്‍ച്ചകളിലേക്കു കാര്യങ്ങള്‍ മാറ്റുകയാണിവിടെ. ‘നൊബേല്‍’ കൃത്യമായി ഓരോ വിഷയത്തിനുമാണു നല്കുന്നത്. ശാസ്ത്രമേഖലയില്‍ ‘അനന്യ ഹോമിയോപ്പതി’ സി ഇ 1895 മുതല്‍ ഇന്നുവരെ ഒരിക്കല്‍പോലും മാനവരാശിക്കു നിര്‍ണ്ണായക സംഭാവനകള്‍ നല്കിയിട്ടില്ലെന്ന വസ്തുത ഇവിടെ സ്പഷ്ടമാകുന്നു. ഇതു ഡോക്ടര്‍ക്കും വ്യക്തമാണ്. അതുകൊണ്ടാണു മഹാത്മാഗാന്ധിയെയും ലിയോ ടോള്‍സ്‌റ്റോയിയെയും ചാരുന്നത്. ശാസ്ത്രജ്ഞര്‍ക്കു സമാധാനത്തിനും സാഹിത്യത്തിനും നൊബേല്‍ ലഭിച്ചിട്ടുണ്ടോ എന്ന ചോദ്യം വഴി അവരൊക്കെ സാഹിത്യാസ്വാദനം നടത്താനാകാത്ത, ദന്തഗോപുരങ്ങളിലെ വെറും കൂപമണ്ഡൂകങ്ങളായ സമാധാന ശത്രുക്കളുമാണെന്ന ധാരണ സൃഷ്ടിക്കാനാണു ശ്രമിക്കുന്നത്. എളിമയോടെ തിരിച്ചൊരു ചോദ്യം ഉന്നയിക്കാനുള്ളതു ആഗോള ഹോമിയോ കുടുംബത്തില്‍ നിന്ന് എത്രപേര്‍ക്കു സാഹിത്യത്തിനും സമാധാനത്തിനും നൊബേലോ മറ്റ് അന്താരാഷ്ട്ര പ്രാമുഖ്യമുള്ള പുരസ്‌കാരങ്ങളോ ലഭിച്ചിട്ടുണ്ട് എന്നാണ്. ഉണ്ടെങ്കില്‍ അതുകൂടി ഡോ. പത്മനാഭന്‍ ലേഖകനെ പോലുള്ള ‘സാമൂഹിക ബോധം ഇല്ലാത്തവര്‍ക്കു’ കാണിച്ചു തരണം. ഇനി, ഗാന്ധിക്കും ടോള്‍സ്‌റ്റോയ്ക്കും എന്തുകൊണ്ടു നൊബേല്‍ ലഭിച്ചില്ല എന്നതു നോക്കാം. ഇരുവര്‍ക്കും നൊബേല്‍ നാമനിര്‍ദ്ദേശം പലവട്ടം ലഭിച്ചു. ഇവര്‍ക്കു പുരസ്‌കാരം നല്കാതിരുന്നതു തെറ്റായിപ്പോയെന്നു നൊബേല്‍ സമിതി സമ്മതിച്ചിട്ടുണ്ട്. ഗാന്ധിജി കൊല്ലപ്പെട്ട വര്‍ഷവും നൊബേല്‍ നാമനിര്‍ദ്ദേശം ഉണ്ടായിരുന്നു. പക്ഷേ, പുരസ്‌കാര പ്രഖ്യാപനത്തിനു മുമ്പേ ഹിന്ദുത്വ തീവ്രവാദികള്‍ അദ്ദേഹത്തെ കൊന്നു. മരണപ്പെട്ടവര്‍ക്കു പൊതുവേ നൊബേല്‍ നല്കാറില്ല. ടോള്‍സ്‌റ്റോയുടെ അരാജകവാദത്തോടുള്ള താല്പര്യം പുരസ്‌കാര നിര്‍ണ്ണയ സമിതിയിലെ ചിലര്‍ക്ക് എതിര്‍പ്പാണ്ടാക്കിയതാണു അദ്ദേഹത്തിന്റെ പുരസ്‌കാരം തടഞ്ഞത്. വസ്തുത ഇതായിരിക്കേ ഹോമിയോപ്പതിയെ ചോദ്യം ചെയ്യുന്നവരെ തേജോവധം ചെയ്യാന്‍ ഇത്തരം വിഷയങ്ങള്‍ ഉന്നയിക്കുന്നതെത്രമാത്രം ശരിയാണെന്നു ഡോ. പത്മനാഭന്‍ ചിന്തിക്കുക.

ഇനി ലോകസമാധാനത്തിനായി ശാസ്ത്രജ്ഞന്മാര്‍ നിലപാടുകള്‍ എടുത്തിട്ടുണ്ടോ എന്ന ചോദ്യമാണ്. ഈ ലക്ഷ്യത്തിനായി മാനവരാശി ശ്രമമാരംഭിച്ച നാള്‍ മുതല്‍ അതിനോടു അനേകം ശാസ്ത്രജ്ഞന്മാര്‍ യോജിച്ചു. തന്റെ സിദ്ധാന്തം ആറ്റംബോംബ് എന്ന വിനാശകരമായ ആയുധത്തിലേക്കു നയിച്ചപ്പോള്‍ തീര്‍ത്തും ഖിന്നനായി ആണവ നിരായുധീകരണത്തിനുവേണ്ടി ഡോ. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പ്രവര്‍ത്തിച്ചു. ഹോമിയോപ്പതിയുടെ മഹത്വം തെളിയിക്കാന്‍ ഡോ.പത്മനാഭന്‍ റൈറ്റ് ലൈയ്വ്‌ലിഹുഡ് പുരസ്‌കാരം 1996 ല്‍ ഹോമിയോ ഡോക്ടറായ വിതുല്‍കോസിനു ലഭിച്ചതു സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹം ക്ലാസിക്കല്‍ ഹോമിയോപ്പതിയുടെ കടുത്ത ആരാധകനാണ്. ശാസ്ത്രം, ആധുനിക വൈദ്യം വാക്‌സിനുകള്‍ എന്നിവയോടു കാര്യമായ എതിര്‍പ്പു പുലര്‍ത്തുന്ന ഡോ. വിതുല്‍കോസിന്റെ ഒരു സിദ്ധാന്തം ആന്റിബയോട്ടിക്കുകള്‍ എയ്ഡ്‌സിനു കാരണമാകുന്നു എന്നാണ്. ഇനി പൊതുസമൂഹം തീരുമാനിക്കുക അദ്ദേഹം ചെയ്യുന്നതു മാനവരാശിക്കു ഗുണമാണോ എന്ന് (1, 2). പൊതുവേ, സുസ്ഥിരവികസനം, ആരോഗ്യം വിദ്യാഭ്യാസം പ്രകൃതിസംരക്ഷണം, മനുഷ്യാവകാശം തുടങ്ങിയ മേഖലകളിലാണു കൂടുതലും ഈ പുരസ്‌കാരം നല്കുന്നത്. ഇവിടെയും ഹോമിയോപ്പതിയെക്കാള്‍ വളരെ മുന്നില്‍ ആധുനികശാസ്ത്രം പിന്തുടരുന്നവരാണ്. എന്തായാലും ഒരു കാര്യം ഉറപ്പിക്കാം. നിലവിലുള്ള ഹോമിയോപ്പതിയെ പരിഷ്‌കരിക്കാതെ സൂക്ഷ്മമായി കാര്യങ്ങള്‍ വിലയിരുത്തുന്ന ഒരു അന്താരാഷ്ട്ര സമിതിയും അവര്‍ക്കു പുരസ്‌കാരം നല്കില്ല എന്നതാണത്. വ്യക്തിപരമായ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ലേഖകന്‍ പ്രധാനമായും സഹകരിക്കുന്നതു ശാസ്ത്രസാഹിത്യ പരിഷത്തുമായല്ല കേരള ഫ്രീ തിങ്കേഴ്‌സ് ഫോറം എന്ന ചെറിയൊരു പ്രസ്ഥാനവുമായാണ്.

മറ്റൊന്ന്, ഹോമിയോ മരുന്നുകള്‍ ഓവര്‍ ഡോസാകാത്തതു സംബന്ധിച്ചാണ്. അതൊരു വിശേഷ ഗുണമാണെന്നാണു ഡോ. പത്മനാഭന്‍ പറയുക. പ്രഭാവം കാട്ടണമെങ്കില്‍ കിഡ്‌നിക്കു പുറന്തളളാന്‍ സാധിക്കുന്നതില്‍ വളരെ കൂടിയ അളവില്‍ പച്ചവെള്ളം നിശ്ചിത സമയത്തിനുള്ളില്‍ ശരീരത്തിലെത്തണം. ഇതാണു ഹോമിയോപ്പതി മരുന്ന് ഓവര്‍ഡോസാകാതിരിക്കാന്‍ കാരണം. കിഡ്‌നിക്ക് ഒരു മണിക്കൂറില്‍ പുറന്തള്ളാവുന്ന വെള്ളത്തിന്റെ അളവ് ശരാശരി 800 എംഎല്‍ മുതല്‍ 1000 എംഎല്‍ വരെയാണ്. പച്ചവെള്ളം ഓവര്‍ഡോസാകണമെങ്കില്‍ ഒന്നര രണ്ടു ലീറ്റര്‍ ഒരു മണിക്കൂറില്‍ എന്ന തോതില്‍ കുറഞ്ഞത് ഒരു 6 ലീറ്റര്‍ വെള്ളമൊക്കെ കുടിക്കണം. ഡോക്ടര്‍ക്ക് ഒരു നാലു മണിക്കുര്‍ ഹോമിയോ മരുന്ന് മണിക്കൂറില്‍ 2 ലീറ്റര്‍ വച്ചു കുടിച്ച് അതിന്റെ ശക്തി ബോധ്യപ്പെടാവുന്നതാണ് (3). ഡോ. പത്മനാഭന്റെ അടുത്ത വാദം ഹോമിയോപ്പതി സംയുക്തങ്ങള്‍ ഔഷധശക്തി മാത്രമുള്ളതാണെന്നും മറ്റു രാസ, ഭൗതിക സ്വഭാവങ്ങളെല്ലാം ഒഴിവാക്കിയാണിതു ചെയ്യുന്നത് എന്നുമാണ്. ഇതിനവര്‍ക്കുള്ള ‘ശാസ്ത്രീയ സൂത്രം’ എന്തെന്നു കൃത്യമായി അദ്ദേഹം പറഞ്ഞിട്ടില്ല. ഒരു വസ്തുവിന്റെ രാസ, ഭൗതിക ഗുണം ഇല്ലാതായാല്‍ പിന്നെന്തു സഹജഭാവം ബാക്കിയാകുമെന്ന ലളിതമായ ചോദ്യമാണ് ഈ വാദം ഉയര്‍ത്തുക. ഇത് ഓരോ നിമിഷവും തെറ്റെന്നു തെളിയിക്കപ്പെടുന്ന കാര്യമാണ്. അതായതു, ഹോമിയോ മരുന്നുകള്‍ 12 സി ഡയല്യൂഷനുശേഷം ഔഷധസത്തിന്റെ യാതൊരംശവും ഗുണവും ഉണ്ടാകാത്ത വെറും പച്ചവെള്ളം മാത്രമായിരിക്കും എന്നു സമൂഹം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിനാലാണു തങ്ങളുടേതു പച്ചവെള്ളമല്ല; അതിന്റെ ഗുണം പരിവര്‍ത്തനം ചെയ്ത ‘ദിവ്യൗഷധ ജലമാണ്’ എന്ന സിദ്ധാന്തവുമായി ഡോ. പത്മനാഭന്‍ ഇറങ്ങുന്നത്. ശേഷമുള്ള അദ്ദേഹത്തിന്റെ വാദം ബയോളജി എന്നാല്‍ ഫിസിക്‌സും കെമിസ്ട്രിയും അല്ല എന്നാണ്. ആധുനിക വൈദ്യത്തിനു സമഗ്ര ദര്‍ശനം (Hollistic Approach) ഇല്ലെന്നു നിരന്തരം വിമര്‍ശനം ഉയര്‍ത്തുന്ന ഹോമിയോ വിഭാഗക്കാരുടെ കാപട്യമാണ് ഈ വാദത്തില്‍ തെളിയുന്നത്. ആധുനികശാസ്ത്രം, ഫിസിക്‌സും കെമിസ്ട്രിയും ബയോളജിയും ജീവിയില്‍ ഒരു സമഗ്രതയില്‍ പ്രവര്‍ത്തിക്കുമെന്നു വ്യക്തമായി തെളിയിച്ചിട്ടുണ്ട്. ഇവയുടെ സംഘാത പ്രവര്‍ത്തനത്തിന്റെ ഗുണഫലമാണു ജീവന്‍ എന്ന പ്രതിഭാസം. എല്ലാ ജൈവപ്രവര്‍ത്തനങ്ങളും ഫിസിക്‌സിന്റെയും കെമിസ്ട്രിയുടെയും അടിസ്ഥാന നിയമങ്ങള്‍ പാലിക്കുന്നു. ഈ വസ്തുത നിലനില്ക്കുമ്പോഴാണു തങ്ങളുടെ തന്നെ ഏറ്റവും മനോഹരമായ ‘ഫിലോസഫിയായ’ ഹോളിസ്റ്റിക് അേ്രപാച്ചിനെ ഒരു ശാസ്ത്രീയ ചോദ്യത്തിനു മറുപടി പറയാന്‍ മാത്രമായി ഭൗതികശാസ്ത്ര മേഖലയില്‍ നിന്നു ഡോ. പത്മനാഭന്‍ തല്ക്കാലത്തേക്കു പുറത്താക്കുന്നത്. ഹോമിയോപ്പതിയിലെ വാചാടോപൗഷധങ്ങള്‍ ജൈവശരീരത്തില്‍ ‘നടത്തുന്ന’ ആശയനടനം ഒഴിച്ചു ഏതു ഭൗതിക പ്രവര്‍ത്തനമാണു രസതന്ത്രത്തിന്റെയും ഊര്‍ജ്ജതന്ത്രത്തിന്റെയും നിയമങ്ങള്‍ പാലിക്കാത്തതെന്നു ഡോ. പത്മനാഭന്‍ വിവരിക്കണം.

തുടര്‍ന്നു, ഹോമിയോപ്പതിയെ രക്ഷിച്ചെടുക്കാന്‍ ഡോ. പത്മനാഭന്‍ പതോളജിയെന്ന ശാസ്ത്രശാഖക്കു പുതിയ നിര്‍വ്വചനം നല്കുന്നുണ്ട്. പതോളജിയെന്നാല്‍ രോഗം ശരീരഘടനയില്‍ വരുത്തുന്ന മാറ്റങ്ങള്‍ ആണെന്നാണ് അദ്ദേഹത്തിന്റെ വാദം. ലോക പ്രശസ്ത യൂണിവേഴ്‌സിറ്റിയായ മഖ്വില്‍ യൂണിവേഴ്‌സിറ്റിയുടെ പത്തോളജി ഡിപ്പാര്‍ട്ടുമെന്റ് വെബ്‌സൈറ്റിലെ നിര്‍വ്വചനമനുസരിച്ചു ഇതു കൂടാതെ പതോളജിയില്‍ വളരെ വ്യക്തമായി രോഗകാരണങ്ങളും പഠിക്കുന്നു. ഇതു പൂര്‍ണ്ണമായി രോഗം മാറ്റാനല്ലാതെ മറ്റെന്തിനാണ്? വസ്തുത ഇതായിരിക്കെ ആധുനിക വൈദ്യം രോഗം പൂര്‍ണ്ണമായി മാറ്റില്ലെന്നും അതിനു ഹോമിയോപ്പതി തന്നെ വേണമെന്നും ഡോ. പത്മനാഭന്‍ ‘പറയാതെ’ പറയുകയാണ് ഇതിലൂടെ (4).

അടുത്തതായി ആധുനിക വൈദ്യത്തിനെതിരേ ഡോ. പത്മനാഭന്‍ ഉന്നയിക്കുന്നതു ‘ഹോളിസ്റ്റിക് അേ്രപാച്ച്’ ഇല്ലെന്ന വാദമാണ്. ഒരോ ആധുനിക വൈദ്യചികിത്സകനും എംബിബിഎസ്
പഠിച്ചിറങ്ങുമ്പോള്‍ ശരീരത്തിന്റെ ആകമാന പ്രവര്‍ത്തനങ്ങളെക്കുറിച്ചും അതില്‍ ഓരോ അവയവത്തിന്റെ പങ്കിനെക്കുറിച്ചും സാമാന്യധാരണ ലഭ്യമാകും. ബിഎച്ച്എംഎസിലെ ഫിസിയോളജി അനാട്ടമി എന്നിവയെക്കാന്‍ ഒട്ടും കുറവല്ല എംബിബിഎസിലും. ഇതും, ഹോമിയോപ്പതിക്കാരുടെ ‘തത്ത്വശാസ്ത്ര വാചാടോപം’ മാത്രമാണ്. ആധുനിക വൈദ്യം ഹോളിസ്റ്റിക് എന്നതുകൊണ്ട് അര്‍ത്ഥമാക്കുക മാനസികവും ശാരീരികവുമായ സുസ്ഥിതിയെന്നാണ്; അല്ലാതെ കപടവൈദ്യങ്ങളായ ഹോമിയോ, ആയുര്‍വ്വേദം, യോഗ മുതലായവയുമൊത്തുള്ള കൂട്ടുകൃഷിയല്ല. കൃത്യമായ വ്യായാമം ചെയ്ത്, ആവശ്യത്തിനു വിശ്രമമെടുത്തു മാനസ്സിക സംഘര്‍ഷങ്ങളൊഴിവാക്കി, സമീകൃതാഹാരം കഴിച്ചു, സന്തോഷമായി ജീവിക്കണമെന്ന സമഗ്ര ജീവിത ദര്‍ശനം ആധുനിക വൈദ്യം മുന്നോട്ടു വയ്ക്കുന്നതും അതുകൊണ്ടാണ്. ചികിത്സയില്‍ മാനസിക വിദഗ്ദ്ധരുടെ സേവനം തേടുന്നതും സമഗ്രതയ്ക്കാണ്.

തുടര്‍ന്നു, ഡോ. പത്മനാഭന്‍ ‘അലോപ്പതി’ എന്നാല്‍ ജനറലൈസേഷനും ഹോമിയോപ്പതിയെന്നാല്‍ ഇന്‍ഡിവ്യുജ്വലൈസേഷനും ആണെന്നു വാദിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഈ വാദം ഉന്നയിക്കുന്നത് ആധുനിക ശാസ്ത്രം വികസിപ്പിച്ച മരുന്നു പരീക്ഷണങ്ങളില്‍ നിന്നും രക്ഷപെടാന്‍ മാത്രമാണ്. ഇത് അദ്ദേഹത്തിന്റെ തുടര്‍വാദം വ്യക്തമാക്കുന്നുണ്ട്. എന്തെന്നാല്‍, ആധുനികശാസ്ത്രം ഇന്നു രോഗികളുടെ സുരക്ഷ മുന്‍നിറുത്തി രൂപപ്പെടുത്തിയ ഡബിള്‍ ബ്‌ളൈന്റ് ടെസ്റ്റും ആര്‍സിടിയുമൊക്കെ ഉള്‍പ്പെടുന്ന മരുന്നു പരീക്ഷണ രീതിക്കു ഹോമിയോപ്പതി മരുന്നുകള്‍ ഇന്‍ഡിവ്യുജ്വലൈസേഷന്‍ മൂലം വഴങ്ങില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. പക്ഷേ, ഹോമിയോക്കാര്‍ തങ്ങളുടെ മരുന്നിന്റെ ഫലപ്രാപ്തി സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ആര്‍സിടി മുമ്പ് ചെയ്തിരുന്നു. അതില്‍ തുടര്‍ച്ചയായി അവരുടെ മരുന്നുകള്‍ പരാജയപ്പെട്ടപ്പോഴാണ് ഇതിനെതിരേ സൈദ്ധാന്തിക വ്യാഖ്യാനങ്ങള്‍ കണ്ടെത്തുന്ന ‘ഗവേഷണങ്ങള്‍’ തുടങ്ങിയത്. ഇത്തരം പഠനങ്ങളുടെ മെറ്റാ അനാലിസിസ് നടത്തിയാണു പ്രസക്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ഹോമിയോ നിഷ്ഫലമാണെന്ന പഠനം പുറത്തിറക്കിയത് (5). ആധുനിക വൈദ്യത്തില്‍ ജനറലൈസേഷനും സ്‌പെഷ്യലൈസേഷനും തുല്ല്യ പ്രാധാന്യമാണ്.. ജനറലായി ചികിത്സിക്കേണ്ട കാര്യങ്ങള്‍ അങ്ങനെയും സ്‌പെസിഫിക്കായി പരിഗണിക്കേണ്ടവ അങ്ങനെയും നോക്കും. അതുകൊണ്ടാണു ബിരുദാനന്തരബിരുദ തലത്തില്‍ ജനറല്‍ മെഡിസിന്‍ (എംഡി) ബിരുദവും തുടര്‍ന്നു സ്‌പെഷ്യലൈസേഷനായി ഡോക്ടറേറ്റ് ഓഫ് മെഡിസിന്‍ (ഡിഎം) ബിരുദവും ആധുനിക വൈദ്യത്തില്‍ നല്കുന്നത്.

തുടര്‍ന്ന്, ഡോ. പത്മനാഭന്‍ വാദിക്കുന്നതു ഹോമിയോപ്പതി, വ്യക്തിയുടെ വ്യതിരിക്തതയുടെ അടിസ്ഥാനത്തില്‍ ചികിത്സിക്കുന്നുവെന്നാണ്. ഇതുകൊണ്ടു ഡോ. പത്മനാഭന്‍ ഉദ്ദേശിക്കുന്നതു കോണ്‍സ്റ്റിറ്റിയൂഷണല്‍ മെഡിസിനാണെന്നാണു മനസ്സിലാക്കുന്നത്. ഹോമിയോയിലെ പഴമക്കാരായ ക്ലാസിക്കല്‍ ഹോമിയോപാത്തുകളും പുതുതലമുറയായ കണ്ടമ്പററി ഹോമിയോപാത്തുകളും തമ്മിലുള്ള ഒരു പ്രധാന തര്‍ക്കം കോണ്‍സ്റ്റിറ്റിയൂഷണല്‍ മെഡിസിന്റെ പ്രയോഗം സംബന്ധിച്ചാണ്. പുതുതലമുറയ്ക്കു കോണ്‍സ്റ്റിറ്റിയൂഷന്‍ പ്രധാനമല്ല. വ്യക്തിയുടെ ശരീരപ്രകൃതി, വികാരങ്ങള്‍, ഭക്ഷണം, ജീവിക്കുന്ന പരിതസ്ഥിതി തുടങ്ങിയ ഘടകങ്ങളുടെ ആധാരത്തില്‍ വ്യത്യസ്ത കോണ്‍സ്റ്റിറ്റിയൂഷനുകളുണ്ടെന്നും അതനുസരിച്ചു രോഗസ്വഭാവത്തില്‍ വ്യക്തമായ വ്യതിയാനങ്ങള്‍ കാണാമെന്നും അതിനാല്‍ ചികിത്സയും വ്യത്യാസപ്പെടണമെന്നുമുള്ള സിദ്ധാന്തമാണ് ഈ രീതിയില്‍ പ്രയോഗിക്കുക. ഒരു കോണ്‍സ്റ്റിറ്റിയൂഷന്‍ നിശ്ചയിക്കാന്‍ ഏകദേശം ഒരു മണിക്കൂറെങ്കിലും ഹോമിയോപ്പതി ഡോക്ടര്‍ക്കു വേണം. എത്ര പേര്‍ ഇതു പിന്തുടരുന്നുണ്ടെന്നു ചിന്തിച്ചാല്‍ മനസ്സിലാക്കും. മാത്രമല്ല, കൃത്യമായ കോണ്‍സ്റ്റിറ്റിയൂഷണല്‍ മരുന്നു നിശ്ചയിക്കണമെങ്കില്‍ രണ്ടോ മൂന്നോ മാസം മിക്കവാറും വേണ്ടിവരും. ഒരു കഠിനരോഗം കൃത്യമായ ചികിത്സയില്ലാതെ 3 മാസമൊക്കെ നീണ്ടാല്‍ എന്തുണ്ടാകും? മാത്രമല്ല, രോഗി പറയുന്ന വിവരണം പാളിയാല്‍ കൃത്യമായ കോണ്‍സ്റ്റിറ്റിയൂഷന്‍ കണ്ടെത്തി ‘ഫലദായകമായ’ മരുന്ന് എങ്ങനെ നല്കും? ഓരോ കോണ്‍സ്റ്റിറ്റിയൂഷനും കൊടുക്കാവുന്ന ഒരു കൂട്ടം മരുന്നുകളുമുണ്ട്. അതായത് മരുന്നു നല്കുന്നതു രോഗത്തെ ആധാരമാക്കിയല്ല, വ്യക്തിയെ നോക്കിയാണ്. ഒരു രോഗത്തിനു തന്നെ രണ്ടു ഹോമിയോ ചികിത്സകര്‍ രണ്ടു മരുന്നുകളും രണ്ടു വ്യത്യസ്ത രോഗങ്ങള്‍ക്ക് ഒരുമരുന്നുമൊക്കെ ഇവിടെ കാണാം. ആധുനിക ഫാര്‍മ്മക്കോളജി പഠനങ്ങള്‍ രോഗത്തിന്റെ കാരണങ്ങള്‍ തന്മാത്രാ തലത്തില്‍ കൃത്യമായി കണ്ടെത്തി പരിഹരിക്കുമ്പോഴാണു ഹോമിയോക്കാരുടെ ഈ കാലഹരണപ്പെട്ട രീതി. ഇതിന്റെ മറ്റൊരു പ്രതിസന്ധി ഓരോ ഹോമിയോ സൈദ്ധാന്തികനും വ്യത്യസ്ത രീതിയിലാണു കോണ്‍സ്റ്റിറ്റിയൂഷന്‍ തരംതിരിച്ചിരിക്കുന്നത് എന്നതാണ്. ബെസെന്‍ വ്യക്തികളെ സിഫിലിസ്റ്റിക്,, ഗൗട്ടി, സ്േ്രകാഫ്യുലസ് എന്നു വേര്‍തിരിച്ചു. വനീര്‍ & സിസസ് തരംതിരിച്ചതു കാര്‍ബോണിക്, ഫോസ്‌ഫോറിക്, ക്ലോറിക് എന്നിങ്ങനെയാണ്. മറ്റു പലവയും ഉണ്ട്. ഇതുതന്നെ കോണ്‍സ്റ്റിറ്റിയൂഷന്‍ മെഡിസിന്‍ വെറുമൊരു ‘തത്വശാസ്ത്ര ചിന്താപദ്ധതി’ ആണെന്നു തെളിയിക്കുന്നു. മറ്റൊരു രസകരമായ കാര്യം ഓരോ പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെടുമ്പോളും ഇമ്മ്യൂണോ ബൂസ്റ്ററുമായി പഞ്ചായത്തു തോറും മരുന്നു നല്കാന്‍ ഇറങ്ങുന്ന ഹോമിയോപ്പതി ഡോക്ടര്‍മാര്‍ എങ്ങനെ സര്‍വ്വ വ്യക്തികളുടെയും കോണ്‍സ്റ്റിറ്റിയൂഷന്‍ മൊത്തമായി പഠിക്കുമെന്നതാണ്. മാത്രമല്ല, മനുഷ്യനു രോഗം വരുമ്പോള്‍ കാലാവസ്ഥയും മറ്റു വിചാര വികാരങ്ങളും ഭക്ഷണവുമൊക്കെ കൊണ്ട് അസുഖത്തിന് ഒരു പരിധിയില്‍ കൂടുതല്‍ വ്യത്യാസം വരില്ല. ഇതു കൃത്യമായി ആധുനിക വൈദ്യം തെളിയിച്ചിട്ടുമുണ്ട്. മാത്രമല്ല വ്യക്തിയുടെ വ്യതിരിക്തത ഹോമിയോയുടെ കുത്തകയുമല്ല. ആധുനിക വൈദ്യത്തില്‍, രോഗിയെ വ്യക്തിപരമായി പഠിച്ചാണ് ഓരോ രോഗത്തിനും മരുന്നും ഡോസുമൊക്ക നിശ്ചയിക്കുക. ഇതിനുള്ള തീവ്രപരിശീലനമാണു എംബിബിഎസ് പഠനകാലത്തു പ്രത്യേകിച്ചു ഹൗസ് സര്‍ജന്‍സിയില്‍ ഡോക്ടര്‍മാര്‍ ആര്‍ജ്ജിക്കുന്നത്. ഒരു രോഗി വന്നാല്‍ പ്രായം, തൂക്കം, മുന്‍കാല രോഗചരിത്രം, കഴിക്കുന്ന മരുന്നുകള്‍ എല്ലാം ചോദിച്ചറിയും. ഇതിനനുസരിച്ചാണു മരുന്നിന്റെ തരവും അളവും നിശ്ചയിക്കുക. തന്റെ മരുന്നുവഴി രോഗം മാറ്റുന്നതിനു വേണ്ട വ്യക്തിപരമായ വിവരശേഖരണം ഓരോ ഡോക്ടറും നടത്തും. ഇതു ചെയ്തില്ലെങ്കില്‍ രോഗം വഷളാകാനുള്ള എല്ലാ സാധ്യതയുമുണ്ട്. പ്രക്ടീസും നഷടപ്പെടാം. ഇത്രയുമേ ഇന്‍ഡിവ്യുജ്വലൈസേഷനില്‍ ആവശ്യമുള്ളൂ. അതിനപ്പുറമുള്ളതെല്ലാം രോഗിയുടെയും ഡോക്ടറുടെയും വിലപ്പെട്ട സമയം നഷടപ്പെടുത്തലാണ് (6). കൂടാതെ, ആധുനിക വൈദ്യത്തില്‍ പുതുതായി വികസിക്കുന്ന, വ്യക്തിയുടെ ജനിതകഘടനയെ അടിസ്ഥാനമാക്കിയ ചികിത്സകളും ഇന്‍ഡിവിജ്വലൈസേഷനെ ആധാരമാക്കിയാണ്. ആധുനിക വൈദ്യത്തിലെയും ഹോമിയോപ്പതിയിലെയും ഇന്‍ഡിവിജ്വലൈസേഷനുകള്‍ തമ്മില്‍ സുപ്രധാന വ്യത്യാസങ്ങളുണ്ട്. ആദ്യത്തേതിന്റേതു വിപുലമായ ക്‌ളിനിക്കല്‍ പഠനങ്ങളും വ്യക്തമായ ജനിതക ഘടകങ്ങളും ആധാരമാക്കിയാണ്. രണ്ടാമത്തേതിന്റേതു ആശയപരമായ ചിന്തയെയാണ് ആശ്രയിക്കുക. ഇതാണു വസ്തുത. അപ്പോഴാണു ഡോ.പത്മനാഭന്‍ ആധുനിക വൈദ്യത്തില്‍ ഇന്‍ഡിവിജ്വലൈസേഷനില്ല എന്ന വ്യാജ ആരോപണമുന്നയിക്കുന്നത്.

ഡോ. പത്മനാഭന്റെ അടുത്ത ആരോപണം പ്ലാസിബോ മൂലം മാറുന്ന രോഗങ്ങള്‍ക്കു ലക്ഷക്കണക്കിനു രൂപയുടെ ടെസ്റ്റുകളും ശസ്ത്രക്രിയകളും ഒക്കെ നിര്‍ദ്ദേശിക്കുന്നു എന്നാണ്. അതില്‍ ലേഖകനു സംശയമൊന്നുമില്ല. പക്ഷേ, ഇത് ആധുനികര്‍ക്കുമാത്രം അവകാശപ്പെട്ട ‘പുണ്യം’ ഒന്നുമല്ല. രോഗികളെ ചൂഷണം ചെയ്തു ലക്ഷങ്ങള്‍ അടിച്ചുമാറ്റുന്ന ഹോമിയോക്കാരെയും അറിയാം. ദീര്‍ഘകാലം കൊണ്ടായതിനാലിതു പെട്ടെന്നു തിരിച്ചറിയില്ലെന്നു മാത്രം. പ്‌ളാസിബോ മൂലം മാറുന്ന രോഗങ്ങള്‍ക്കു എന്തായാലും ഓപ്പറേഷന്‍ നടത്തുന്ന ഡോക്ടര്‍മാര്‍ കാണില്ല. കൂടിയാല്‍, കമ്മീഷനുള്ള കമ്പനിയുടെ കുറച്ചു വൈറ്റമിന്‍ ഗുളികകള്‍ നല്കുമെന്നു മാത്രം. ഇതും വൈദ്യശാസ്ത്ര ധാര്‍മ്മികതയ്ക്ക് എതിരാണ്. മൃഗങ്ങള്‍ക്കും കുട്ടികള്‍ക്കും പ്‌ളാസിബോയാണെങ്കില്‍ രോഗം ശമിക്കുമോ എന്നതിനു മറ്റു സാധ്യതകളാല്‍ അസുഖം മാറാം എന്നാണുത്തരം. കേരളത്തിലെ ഒരു സര്‍ക്കാര്‍ അംഗീകൃത വെറ്റ്‌റനറി ഡോക്ടറും സ്വന്തം ലെറ്റര്‍ഹെഡില്‍ ഹോമിയോ മരുന്നു കുറിച്ചു നല്കില്ല. മനുഷ്യരെ മാത്രമല്ല കൃത്യമായ തിരിച്ചറിവില്ലാത്ത മൃഗങ്ങളെക്കൂടി പറ്റിക്കുന്ന പരിപാടിയാണു ഹോമിയോക്കാര്‍ക്ക് (7).

ഡോ. ബിജുവിനെ ഡോ. പത്മനാഭനും തള്ളിപ്പറയുന്നു. ഡോ. ബിജു ‘വരേണ്യ വൈദ്യസമൂഹത്തിന്റെ’ ഗുഡ് ലിസ്റ്റില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നു എന്നാണു പരാതി. ഹോമിയോപ്പതിയെ രക്ഷിക്കാന്‍ സമൂഹത്തെ അടിമുടി പരിഷ്‌കരിക്കണമെന്നാണു ഡോ. പത്മനാഭന്റെ അടുത്ത നിര്‍ദ്ദേശം. ഡോ. ബിജുവിനും ഡോ. പത്മനാഭനും രോഗികളുടെ സുരക്ഷയെക്കുറിച്ചു കാര്യമായ ആവലാതികളില്ല. ആ സ്ഥിതിക്കു കൂടുതല്‍ പരിഷ്‌കരണങ്ങള്‍ നടത്തി സമൂഹത്തിലെ പാവപ്പെട്ട രോഗികളെ അവതാളത്തിലാക്കരുതെന്നു മാത്രമാണ് അപേക്ഷ. അവസാനമായി ഡോ. പത്മനാഭന്‍ ആധുനിക ചികിത്സകരെ ഉപദേശിക്കുന്നത് അവര്‍, അരിസ്‌റ്റോട്ടില്‍ വായൊന്നു തുറന്നു പരിശോധിക്കാതെ സ്ത്രീകളുടെ പല്ലിന്റെ എണ്ണം കുറവാണെന്നു ധരിച്ചപോലെ ആകരുതെന്നാണ്. ആധുനിക ചികിത്സകര്‍ എന്നും വാ തുറന്നു നോക്കുന്നവരാണ്. പരിണാമസിദ്ധാന്തം പിന്‍പറ്റുന്നതുകൊണ്ടു കാലം മാറുമ്പോള്‍ ‘പല്ലിന്റെ എണ്ണം വ്യത്യസ്തമാകാന്‍’ സാധ്യതയുണ്ടെന്നും അവര്‍ക്കറിയാം. മാത്രമല്ല, ഹോമിയൊപ്പതിക്കാരുടെ വായില്‍ ഒരു വെപ്പുപല്ലുപോലും ഇല്ലെന്നും അവര്‍ക്കു ബോധ്യമുണ്ട്. ഹോമിയോ ചികിത്സകര്‍ക്കു തങ്ങളുടെ ‘അനന്യമായ ശാസ്ത്രവിശ്വാസം’ പിന്തുടരാനുള്ള സ്വാതന്ത്രം പോലെ ആധുനിക ചികിത്സകര്‍ക്കും അവരുടെ ‘മൂഢവിശ്വാസം’ പിന്‍പറ്റാനുളള അവകാശം ഉണ്ടെന്നു മാത്രമാണു പറയാനുള്ളത്.

ഡോ. പത്മനാഭന്‍ ഉന്നയിക്കാത്ത സുപ്രധാനമായൊരു സാമൂഹിക വിഷയം കൂടി സൂചിപ്പിച്ച് ഈ ചര്‍ച്ച അവസാനിപ്പിക്കുന്നു. കേരളത്തില്‍, ഹോമിയോ ആയുര്‍വ്വേദ പഠനത്തിനു മെറിറ്റു സീറ്റില്‍ ചേരുന്നതു സാമാന്യം നല്ല ബുദ്ധിവൈഭവമുള്ള, സാമൂഹിക പിന്നാക്കാവസ്ഥയുള്ള, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ലക്ഷണങ്ങള്‍ കോഴ കൊടുക്കാന്‍ ത്രാണിയില്ലാത്ത വിദ്യാര്‍ത്ഥികളാണ്. നിങ്ങളാണു യഥാര്‍ത്ഥത്തില്‍ ആ സമൂഹത്തെ നാളെ മുന്നോട്ടു നയിക്കേണ്ടത്. ഹോമിയോപ്പതിയുടെ എല്ലാ പരിമിതികളും തിരിച്ചറിഞ്ഞ് അതു തിരഞ്ഞെടുത്താല്‍ ലേഖകനൊന്നും പറയാനില്ല. പക്ഷേ, ഒരു മെഡിക്കല്‍ പ്രൊഫഷന്റെ ആകര്‍ഷണീയതയാണു നിങ്ങളെ മോഹിപ്പിക്കുന്നതെങ്കില്‍ രണ്ടാമതൊന്ന് ആലോചിക്കണം. സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ലഭിച്ചില്ലെങ്കില്‍ നിങ്ങളുടെ ജീവിതം ദുരിതമയമാകാം. നിങ്ങളെക്കാത്തു ഹോമിയോയെക്കാള്‍ ഭാവനാത്മകമായ ഒരു വിശാല ലോകം ഇവിടെയുണ്ട്. അതിന്റെ സാധ്യതകള്‍ തുറന്നെടുക്കാന്‍ പൂര്‍ണ്ണപ്രാപ്തിയുളളവരാണു നിങ്ങള്‍. ഈ സാധ്യത ഉപയോഗിച്ചു ജീവിതവിജയം നേടാന്‍ നിങ്ങള്‍ക്കാകട്ടെ എന്ന പ്രതീക്ഷയില്‍, ഹോമിയോപ്പതിക്കാര്‍ രോഗികളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കുന്ന ആധുനികവും ചെലവു കുറഞ്ഞതുമായ ചികിത്സയ്ക്കുള്ള അവകാശങ്ങളെ ബഹുമാനിക്കണമെന്നു മാത്രം ആവശ്യപ്പെട്ടുകൊണ്ടു നിറുത്തുന്നു.

റഫറന്‍സ്

1.https://en.m.wikipedia.org/wiki/George_Vithoulkas
2.http://www.quackometer.net/blog/2010/02/george-vithoulkas-makes-a-fool-of-himself.html
3.https://www.ncbi.nlm.nih.gov/pmc/articles/PMC4027093/
4.https://www.mcgill.ca/pathology/about/definition
5.https://www.thelancet.com/journals/lancet/article/PIIS0140673605678786/fulltext
6.https://www.nhp.gov.in/Constitution-and-Constitutional-approaches-in-Homeopathy_mtl
7.https://www.google.com/amp/s/www.bbc.com/news/amp/science-environment-36734179

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: analysis | Tags: , | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “കൃത്യമായ മറുപടി പറയാതെ പ്രത്യയശാസ്ത്രം പറയുന്നതാണ് ‘ഹോമിയോപ്പതിക് ശൈലി’

  1. Avatar for റെന്‍സണ്‍ വി എം

    തമ്പാൻ .

    ഹോമിയോപ്പതിയെ പറ്റി എനിക്കുണ്ടായിരുന്ന കുറെ തെറ്റിദ്ധാരണകൾ മാറാൻ ഈ ലേഖനം ഉപകരിച്ചു

Leave a Reply