ചരിത്രത്തെ ഓര്‍മ്മകളില്‍നിന്ന് മാച്ചുകളയാന്‍ സാധ്യമല്ല
ഒറ്റപ്പെട്ട വാര്‍ത്തകളായി അവതരിപ്പിക്കപ്പെടുന്ന സമകാലിക റിപ്പോര്‍ട്ടുകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നവയാണ്. സന്ദര്‍ഭത്തെക്കുറിച്ചും സാമൂഹികാന്തരീക്ഷത്തെക്കുറിച്ചുമുള്ള ആഴത്തിലുളള അറിവും ചരിത്രബോധവുമുണ്ടെങ്കില്‍ മാത്രമേ ഒരാള്‍ക്ക് കഥയുടെ ഘടനയും ഗതിയും രൂപപ്പെടുത്തി സത്യബോധമുണ്ടാക്കാനാവൂ. എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളിലെ ചരിത്രത്തിന്റെ വെട്ടിമാറ്റലിനെക്കുറിച്ചുള്ള സമീപകാല ലേഖനങ്ങള്‍ ഇത് വ്യക്തമാക്കുന്നു.
മൂന്ന് പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഈ വിവാദം ആദ്യമായി ഉയര്‍ന്നത് ഓര്‍ക്കുന്നു. അന്തരീക്ഷത്തില്‍ സംവാദത്തിന്റെയും ഭിന്നതയുടെയും ഗന്ധമുണ്ടായിരുന്നു. ഇരുപക്ഷത്തിനും വീറും ഊര്‍ജസ്വലതയും ഉണ്ടായിരുന്നു, പ്രത്യേകിച്ച് ഇടതുപക്ഷത്തിന്. പാണ്ഡിത്യത്തിന്റെ സര്‍ഗ്ഗാത്മകതയും ഉത്തരവാദിത്വവുമാണ് ഇത് കാട്ടുന്നത്. ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നടന്ന ഒരു സംവാദം ഓര്‍ക്കുന്നു, അതില്‍ പങ്കെടുത്ത റൊമില ഥാപ്പര്‍, സുമിത് സര്‍ക്കാര്‍ തുടങ്ങിയ ചരിത്രകാരന്മാര്‍ ധീരരും കര്‍ക്കശക്കാരുമായിരുന്നു. ആ നിമിഷങ്ങളുടെ ചുറുചുറുക്കാണിപ്പോള്‍ നഷ്ടമാകുന്നുത്.
ഖേദകരമെന്നു പറയട്ടെ, വിവാദങ്ങള്‍ വീണ്ടും ഉയര്‍ന്നുവരുമ്പോള്‍, അവയ്ക്ക് നിസ്സാരതയുടെ സ്പര്‍ശമാണുള്ളത്. തന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ എന്‍സിഇആര്‍ടി ഡയറക്ടര്‍ ഉപയോഗിച്ച വാക്ക് ‘യുക്തിഭദ്രമാക്കല്‍’ (rationalisation)എന്നായിരുന്നു. പുതിയ വിവാദത്തിന് തുടക്കമിടുകയല്ല, മറിച്ച് ഒരു പൂര്‍ത്തീകരണമാണിത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അടിസ്ഥാന ജോലികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കുറച്ച് വെട്ടിയൊതുക്കലേ ആവശ്യമുള്ളൂ എന്നുമാണിത് അര്‍ത്ഥമാക്കുന്നത്. വാസ്തവത്തില്‍, ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ വായിക്കുമ്പോള്‍ തോന്നുന്നത് ഭൂതകാലത്തിന്റെ അനീതിയെ തിരുത്തുകയല്ല, ഭാവിയെ ഒരു പുതിയ സാധ്യതയായി പുനര്‍ക്രമീകരിക്കുകയാണ് എന്നാണ്.
2024 ല്‍ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപി ഭരണം, തങ്ങളുടെ ഭാവി പരുങ്ങലിലാവില്ലെന്ന് ഉറപ്പാക്കുകയാണ്. അവര്‍ ഓര്‍മ്മകളെ പുനര്‍ക്രമീകരിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ ഓര്‍മ്മകള്‍ അതിജീവിക്കണമെങ്കില്‍ ചരിത്രത്തെ പുനര്‍നിര്‍മ്മിക്കണമെന്ന് വ്യക്തമാണ്. ഔദ്യോഗിക ചരിത്രത്തെ വെല്ലുവിളിക്കുന്ന ഏതൊരാളും സര്‍ക്കാര്‍ വിരുദ്ധനും ദേശവിരുദ്ധനുമാണ് ഇപ്പോള്‍. ദേശസ്‌നേഹമെന്നത് ഔദേ്യാഗികമെന്ന് വിളിക്കപ്പെടുന്നവയുടെ ഒരു സംഘഗാനം മാത്രമായി തീര്‍ന്നിരിക്കുന്നു. ഭരണകൂടത്തെ സംബന്ധിച്ചിടത്തോളം, ഈ പുസ്തകങ്ങളുടെ തിരുത്തലുകള്‍ ഭാവിയെ പുനര്‍നിര്‍മ്മിക്കാനുള്ള ഉദ്യമമാണ്. പൂന്തോട്ട നിര്‍മ്മാണം പോലെയോ ചെടികള്‍ വെട്ടിയൊതുക്കുന്നതു പോലെയോ ഉള്ള ഒരു പ്രവൃത്തിയായിട്ടാണിതിനെ കാണുന്നത്. സംസ്‌കാരത്തെ വെട്ടിയൊതുക്കുന്നത്, ചെടി വെട്ടിയൊതുക്കുന്നതു പോലെ സ്വാഭാവികമാണെന്നാണിതിന്റെയര്‍ത്ഥം.
ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക
സംസ്‌കാരത്തിന്റെ തലത്തില്‍ അതിലും ആഴത്തിലുള്ള ചിലത് സംഭവിക്കുന്നുണ്ടെന്ന് തിരിച്ചറിയണം. അധികാരത്തിനായുള്ള പോരാട്ടത്തിന്റെ ലക്ഷണമായി മാത്രമല്ല, ചരിത്രത്തിന്റെ തിരുത്തലിനെ നാം കാണുന്നത്. അതിന്റെ ക്യാന്‍വാസ് കുറേക്കൂടി വിശാലമാണ്. ഓര്‍മ്മയിലൂടെ ഭരണത്തിന്റെ നിയന്ത്രണത്തിലേക്ക് നീങ്ങുകയാണ് നാം. ശക്തമായ ചട്ടക്കൂടുകള്‍ എന്ന നിലയില്‍ വാമൊഴിയുടെയും നാടോടിക്കഥകളുടെയും പ്രാധാന്യം ഭരണകൂടം തിരിച്ചറിയുന്നുണ്ട്. ഓര്‍മ്മ എന്ന നിലയില്‍ വാമൊഴിക്കും നാടോടിക്കഥകള്‍ക്കും ചിട്ടകളുടേയും അനുഷ്ഠാനങ്ങളുടെയും ഒരു ലോകം ആവശ്യമുണ്ട്. വാമൊഴികള്‍ നിരന്തരം നിര്‍മ്മിക്കപ്പെടുന്നവയാണ്. ഓര്‍മ്മകളുടെ നിയന്ത്രണം, ചരിത്രത്തിന്റെ പുനര്‍ നിര്‍മ്മിതിയേക്കാള്‍ വ്യാപ്തിയേറിയതാണ് എന്ന് ബി.ജെ.പി തിരിച്ചറിയുന്നുണ്ട്. ഭരണകൂടം ഇപ്പോള്‍ ഓര്‍മ്മകളുടെ നിരീക്ഷണത്തേക്കൂടി വിവരങ്ങളുടെ നിയന്ത്രണ (control of information)ത്തിലേക്ക് ഉള്‍ച്ചേര്‍ക്കുന്നു. അതിന്റെ ഓര്‍വ്വേലിയന്‍ ബോധം കൂടുതല്‍ ക്രമീകൃതവും വിദ്വേഷാത്മകവുമാണ്.
ജ്ഞാനികളുടേയും വിയോജിക്കുന്നവരുടേയും നിശ്ശബ്ദതയിലാണ് ഒരാള്‍ക്ക് നിഷ്ഫലമായ വീര്‍പ്പുമുട്ടനുഭവപ്പെടുക. അനുഷ്ഠാനപരമായ നിഷേധാത്മകത യാദൃച്ഛികമല്ല. ഒരുകാലത്ത് ഈ സംഭവങ്ങളെ പിന്തുടര്‍ന്നിരുന്ന സംവാദങ്ങളുടെയും ആശയങ്ങളുടെയും ഊര്‍ജ്ജസ്വലത ഇപ്പോഴില്ല. ഏറിയാല്‍, മുഗള്‍ സംസ്‌കാരത്തിന്റെ ചൈതന്യത്തെക്കുറിച്ച് സംസാരിക്കാന്‍ നമ്മള്‍ കുറച്ച് വിദേശ പണ്ഡിതന്മാരെ വിളിച്ചേക്കാം. മായ്ക്കലും തിരുത്തലും പുതിയ നാഗരിക സംസ്‌കാരത്തില്‍ പതിവായിരിക്കുന്നു. തിരുത്തല്‍ ഇപ്പോള്‍ സര്‍ക്കാര്‍ മോഡല്‍ പുരോഗതിയുടെ ഭാഗമാണ്. പുതിയ സത്യാനന്തര സമൂഹങ്ങളുടെ ഒരു ഇന്ത്യന്‍ പതിപ്പ്.
ബിജെപി വ്യാപൃതമായിരിക്കുന്ന മായ്ച്ചുകളയലുകളുടെ പട്ടിക പരിശോധിക്കുമ്പോള്‍ ഒരാള്‍ക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. ഒന്നാമതായി, ബിജെപിക്ക് ഗാന്ധിവധത്തിന്റെ കളങ്കം ഒഴിവാക്കേണ്ടതുണ്ട്. അതോടൊപ്പം ഗുജറാത്ത് കലാപത്തെ തിരുത്തിയെഴുതുകയും വംശഹത്യയുടെ സൂചികയില്‍ നിന്ന് അതിനെ മായ്ച്ചുകളയുകയും വേണം. മുഗള്‍ സഹിഷ്ണുതയുടേയും സമന്വയത്തിന്റെയും ബോധം മായ്ചുകളയേണ്ടതുണ്ട്. പരസ്പരം ബന്ധിപ്പിക്കുമ്പോള്‍ ഓരോന്നിനും വ്യത്യസ്ത രീതിയിലുള്ള ചിന്തയും നിയന്ത്രണവും ആവശ്യമാണ്. First of all, BJP needs to shed the stigma of Gandhi’s assassination. Also Gujarat riots should be rewritten and erased from the index of genocide. The sense of Mughal tolerance and integration needs to be erased.
നമുക്ക് ഗുജറാത്ത് കലാപം പരിഗണിക്കാം. 1984ലെ ഡല്‍ഹി കലാപവും 2002ലെ ഗുജറാത്ത് അക്രമവും വ്യത്യസ്തമായൊരു തരത്തിലുള്ള ഹിംസയെയാണ് പ്രതിനിധീകരിക്കുന്നത്. പക്ഷേ, ഇവ രണ്ടിനേയും യാദൃശ്ചികമായും അപൂര്‍വ്വമായും കാണാനാവില്ല. മറിച്ച്, ജനങ്ങളെ ഉന്മൂലനം ചെയ്യുന്നതിനുള്ള വ്യവസ്ഥാപിതമായ പ്രവര്‍ത്തനങ്ങളായിരുന്നു അവ. വംശഹത്യയെ പ്രവര്‍ത്തനഘടനയില്‍ ഇഴ ചേര്‍ത്തും, ബലാത്സംഗങ്ങള്‍ പരസ്യമായ പദ്ധതിയനുസരിച്ചുമായിരുന്നു. കുറ്റവാളി ഇരയായി നടിച്ച് ചരിത്രത്തിലേക്ക് സ്വയം വീണ്ടെടുക്കുന്നു. വിചിത്രമെന്നു പറയട്ടെ, ബലാത്സംഗം പോലും നീതിയുടെ പുനഃസ്ഥാപനമായി മാറുന്നു. ഉദാഹരണത്തിന്, ബലാത്സംഗം റാണി പത്മിനിയുടെ മാനം വീണ്ടെടുക്കുന്നതിനാണെന്നാണ് പല ബലാത്സംഗികളും കരുതിയത്. ക്രൂരമായ ബലാത്സംഗത്തിന്റെ ‘നിസ്സാരത’ നിര്‍ണായകമാകുന്നു. ഭൂരിപക്ഷ ഹിംസയുടെ ശക്തിയും ഭൂരിപക്ഷ ഗവണ്‍മെന്റുകളുടെ നിഷ്‌ക്കരുണമായ കാര്യപ്രാപ്തിയും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുക മാത്രമാണ് തെരഞ്ഞെടുപ്പുകള്‍ ചെയ്യുന്നത്. ഗുജറാത്ത് കലാപത്തിന്റെ ക്ഷുദ്രമായ ചരിത്രം എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ന്യൂനപക്ഷം മുസ്‌ലിം നിസ്സഹായരായി നോക്കിനില്‍ക്കുമ്പോള്‍ ഓര്‍മ്മകള്‍ മായ്ച്ചുകളയുക എന്നത് ഒരു സ്വയം നീതിമത്കരണ പ്രവൃത്തിയായി മാറുന്നു.
ആര്‍എസ്എസിനും ബിജെപിക്കും ഏറ്റവും പ്രശ്‌നമുണ്ടാക്കിയ വ്യക്തിയാണ് ഗാന്ധി. ഗാന്ധിജിയെ ഗോഡ്‌സെ കൊലപ്പെടുത്തിയത് ഭരണകൂടത്തിന് മായ്ക്കാന്‍ കഴിയാത്ത കളങ്കമാണ്. എന്നിരുന്നാലും, ഭരണകൂടത്തിന് ആന്തരികവല്‍ക്കരിക്കാനോ സ്വീകരിക്കാനോ കഴിയാത്തത്ര മൗലികതയാണ് ഗാന്ധി. അദ്ദേഹത്തിന്റെ അഹിംസ ദഹിക്കാത്തതാണ്, ബിജെപിക്ക് ദൈനം ദിനം അനുകരിക്കാനാവാത്ത വിധം അദ്ദേഹത്തിന്റെ സത്യാഗ്രഹം വളരെ നിഷ്‌ക്കളങ്കമാണ്. സവര്‍ക്കറെപ്പോലുള്ള ബിജെപി പ്രതീകങ്ങള്‍, മാതൃക എന്ന നിലയില്‍ ഗാന്ധിയുടെ മുന്നില്‍ ഒന്നും ആകുന്നില്ല. എന്നിട്ടും, അദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ ആ ശകലം ബിജെപി ഭരണത്തിന്റെ ഓര്‍വെലിയന്‍ പിടുത്തത്തില്‍ നിന്ന് വഴുതിമാറുന്നു. അടപടലം മായ്ച്ചു കളയല്‍ മാത്രമാണ് ഏക പോംവഴി എന്ന് തോന്നുന്നു. ഗാന്ധിയുടെ ധാര്‍മ്മികവും രാഷ്ട്രീയവുമായ സങ്കീര്‍ണ്ണത അവരെ വേട്ടയാടുകയാണ്. ബിജെപി അണികളുടെ പരിമിത ഭാവനയുടെ ഓര്‍മ്മപ്പെടുത്തലാണ് ഗാന്ധി. ചരിത്രം മായ്ച്ചുകളഞ്ഞ് പാഠപുസ്തകം ശൂന്യമാക്കുക എന്നതാണ് സാധ്യമായ ഒരേയൊരു പരിഹാരം. പിന്നീട് ഭരണകൂടത്തിന് ഗാന്ധിയുമായി പുതിയൊരു ബന്ധം കണ്ടുപിടിക്കാനാകും. എന്നാല്‍ ഓര്‍മ്മ സങ്കീര്‍ണ്ണവും സൃഷ്ടിപരവും വഴങ്ങാത്തതുമാണ്. ഗാന്ധി ഈ ഭരണത്തെ എക്കാലവും വേട്ടയാടും. അദ്ദേഹത്തിന്റെ ‘സത്യഗ്രഹം’,’സ്വരാജ്’ എന്നീ രണ്ട് ലോകങ്ങള്‍ അവരുടെ പിടിയില്‍നിന്ന് തെന്നിമാറിക്കൊണ്ടിരിക്കും. ‘സ്വദേശി’ എന്ന വാക്കിനെ മാത്രമാണ് അവര്‍ക്ക് അല്പമെങ്കിലും നുണഞ്ഞു നോക്കാനും ഇണക്കി നിര്‍ത്താനും കഴിയുക. ഒരു പാഠപുസ്തകഭാഗം മായ്ക്കുന്നത് സങ്കുചിതമായ പ്രവൃത്തിയാണെന്ന് തോന്നിക്കും, അതേസമയം ഗാന്ധിയന്‍ ശൈലിയിലുള്ള കുറ്റമേറ്റു പറയല്‍ കൂടുതല്‍ ശ്രദ്ധേയമാകുമായിരുന്നു. സത്യത്തെ ഈയം പൂശുന്നതിന് പകരം, സത്യാന്വേഷണ പരീക്ഷണം നടത്താനാണ് ഭരണകൂടം പഠിക്കേണ്ടത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അക്ബറിനെപ്പോലുള്ള മുഗളന്മാര്‍ക്ക് സഹിഷ്ണുതയും സമന്വയ ബോധവും നിഷേധിക്കുന്ന പഴയ ഒരു ശ്രമമാണ് മൂന്നാമത്തെ കഥ. അവര്‍ പുറത്തുനിന്ന് വന്നവരായി മാത്രം മുദ്രകുത്തപ്പെടുന്നു. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ന്യൂനപക്ഷങ്ങളെയും അവരുടെ വിയോജിപ്പിനെയും ഭൂരിപക്ഷത്തിന്റെ ഏകശിലാരൂപത്തിലുള്ള മുഖ്യധാര സങ്കല്പത്തിലേക്ക് ഇണക്കി ക്രമപ്പെടുത്താന്‍ ഭരണകൂടം ആഗ്രഹിക്കുന്നു. മാധ്യമങ്ങളുടെയും സെന്‍സര്‍ഷിപ്പിന്റെയും അധികാരത്തിനപ്പുറത്ത്, ഒരു സംസ്‌കാരമെന്ന നിലയില്‍ ഇന്ത്യ വളരെയേറെ ഭാവനാപൂര്‍ണ്ണമാണ്. ഗാന്ധിജിയെക്കുറിച്ചുള്ള ഐതിഹ്യങ്ങളെയോ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ജനസംസാരത്തെയോ പൂര്‍ണ്ണമായും അടിച്ചമര്‍ത്താന്‍ കഴിയില്ല. ഈ സംഭവങ്ങള്‍ ഓര്‍മ്മകളെ ഏറെ പ്രലോഭിപ്പിക്കും. പാഠപുസ്തകം ഹാക്ക് ചെയ്യുന്നതിനപ്പുറം ഒരു ഭരണകൂടത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല. സത്യാനന്തര ലോകം പോലെ മാരകമാണ് നിയന്ത്രിക്കാന്‍ പ്രയാസമായ ഐതിഹ്യത്തിന്റേയും നാടോടിക്കഥയുടേയും കിംവദന്തിയുടേയും ലോകമെന്ന് തിരിച്ചറിയേണ്ടതുണ്ട്. ചരിത്രം ഒരു രീതിയായും ഔേദ്യാഗിക പ്രത്യയശാസ്ത്രമെന്ന നിലയിലും അവയില്‍നിന്ന് പഠിക്കുകയും ആഖ്യാനങ്ങളുടെ ബഹുത്വത്തിലേക്ക് നീങ്ങുകയും വേണം. ബഹുത്വപൂര്‍ണ്ണമായ സ്വത്വത്തെ തുടര്‍ച്ചയായി നവീകരിക്കുകയും വീണ്ടെടുക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം ജനാധിപത്യമായി നിലനില്‍ക്കുക. ചരിത്രം രേഖപ്പെടുത്തേണ്ടത് ഇതാണ്.
(കടപ്പാട് – പാഠഭേദം)
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in